Saturday, March 28, 2026

ad

Homeകവര്‍സ്റ്റോറിഎണ്ണ, അധികാരം, അധിനിവേശം ഇറാൻ യുദ്ധം നൽകുന്ന പാഠങ്ങൾ

എണ്ണ, അധികാരം, അധിനിവേശം ഇറാൻ യുദ്ധം നൽകുന്ന പാഠങ്ങൾ

ബാബുജി കെ ആർ വെെക്കം

മകാലിക ലോകചരിത്രത്തിലെ ഏറ്റവും നിർണായകമായ ഒരു വഴിത്തിരിവായി 2026 ഫെബ്രുവരി 28-ലെ സംഭവവികാസങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു. അമേരിക്ക-–ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിലൂടെ സുപ്രീം ലീഡർ ആയത്തൊള്ള അലി ഖമനേയിയുടെയും 180 ലേറെ സ്‌കൂൾ കുട്ടികളുടെയും കൊലപാതകത്തോടെ യുദ്ധം തുടങ്ങി, ഇപ്പോഴും (ഇതെഴുതുന്നത് മാർച്ച് 10നാണ്) തുടരുന്നു. ഇറാനിലെ ടെഹ്‌റാനിലുൾപ്പെടെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണങ്ങളെ കേവലമൊരു പ്രാദേശിക സംഘർഷമായോ, തീവ്രവാദത്തിനെതിരായ പ്രതിരോധമായോ ചുരുക്കിക്കാണുന്നത് ചരിത്രപരമായ അന്ധതയാണ്.

അപരനെ അല്ലെങ്കിൽ ശത്രുക്കളെ സൃഷ്ടിക്കുക എന്നത് മുതലാളിത്തത്തിന്റെയും മുതലാളിത്ത ദേശീയതയുടെയും അടിസ്ഥാന സ്വഭാവങ്ങളിൽ ഒന്നാണെന്ന് അതുണ്ടായിവന്ന കാലം മുതൽതന്നെ കാണാവുന്നതാണ്. അതിന്റെ ഏറ്റവും പുതിയ ഒരു ഉദാഹരണം മാത്രമാണ് ഇറാൻ. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നിരത്തുന്ന ഔദ്യോഗിക കാരണങ്ങൾ: ആണവപദ്ധതികൾ, ബാലിസ്റ്റിക് മിസൈലുകൾ, പ്രോക്സി ഗ്രൂപ്പുകൾക്കുള്ള പിന്തുണ എന്നീ ശത്രുനിർമ്മിതിയുടെ വ്യവഹാരങ്ങളാണ്.

വൈരുധ്യമെന്തെന്നാൽ, ലോകത്തിലെ ഏറ്റവും വലിയ ആണവായുധ ശേഖരമുള്ള അമേരിക്കയും, മിഡിൽ ഈസ്റ്റിലെ ഒരേയൊരു ആണവശക്തിയായ ഇസ്രയേലും ചേർന്നാണ് മറ്റൊരു രാജ്യത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ ‘ആഗോള ഭീഷണി’യായി ചിത്രീകരിക്കുന്നത്.

ഈ യുദ്ധം പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ സാമ്പത്തിക മേധാവിത്വത്തിനും മുതലാളിത്ത താല്പര്യങ്ങൾക്കുംമേൽ വീണുകൊണ്ടിരിക്കുന്ന വിള്ളലുകളുടെ ബാക്കിപത്രമാണെന്ന് വ്യക്തമാകും. എണ്ണ, പെട്രോഡോളർ, ആഗോള അധികാരം എന്നീ മൂന്നു ഘടകങ്ങളെ ചുറ്റിപ്പറ്റി നിർമ്മിക്കപ്പെട്ട അമേരിക്കൻ ഏകധ്രുവ ലോകക്രമം (Unipolar World Order) ഏറ്റവും വലിയ പ്രതിസന്ധി നേരിടുമ്പോൾ പ്രയോഗിക്കുന്ന അവസാനത്തെ ആയുധമാണ് ഈ നഗ്നമായ സൈനികാക്രമണം.

അമേരിക്കയുടെ എണ്ണ- പെട്രോഡോളർ 
അധിനിവേശങ്ങളുടെ ചരിത്രം
1970-കളിൽ രൂപപ്പെട്ട പെട്രോഡോളർ വ്യവസ്ഥയാണ് കഴിഞ്ഞ അര നൂറ്റാണ്ടായി അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്നത്. ലോകത്തെവിടെ എണ്ണ വിൽക്കണമെങ്കിലും അമേരിക്കൻ ഡോളർ ഉപയോഗിക്കണം എന്ന അലിഖിത നിയമം അമേരിക്കയ്ക്ക് നൽകിയ സാമ്പത്തിക, രാഷ്ട്രീയ മേധാവിത്വം ചെറുതല്ല.

അർത്ഥശാസ്ത്രത്തിന്റെ (Political Economy) ക്രൂരമായ അധ്യായങ്ങളിലൊന്നാണ് അമേരിക്കൻ സാമ്രാജ്യത്വം എണ്ണയുടെയും പെട്രോഡോളറിന്റെയും പേരിൽ നടത്തിയ യുദ്ധങ്ങളും അധിനിവേശങ്ങളും. 20–-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ, അമേരിക്കൻ മൂലധനത്തിന്റെ ആഗോള മേധാവിത്വം നിലനിർത്താൻവേണ്ടി നടത്തിയ ഈ ഇടപെടലുകൾ, കേവലം സൈനിക ക്രൂരതകളല്ല, മറിച്ച് ആഗോള വികസ്വര–അവികസിത രാജ്യങ്ങളിലെ (Global South) ജനങ്ങളുടെ സ്വയംനിർണയാവകാശത്തിനെതിരെയുള്ള ഘടനാപരമായ ആക്രമണങ്ങളാണ്. കാറൽ മാർക്സിന്റെ പ്രാകൃത മൂലധന സഞ്ചയം എന്ന സിദ്ധാന്തത്തിന്റെ പ്രായോഗിക ഉദാഹരണമായി ഈ യുദ്ധങ്ങളെ കാണാം. എണ്ണയുടെ നിയന്ത്രണം സമ്പദ്‌വ്യവസ്ഥയുടെ ഹൃദയമായി മാറുമ്പോൾ, അതിനെ ചോദ്യംചെയ്യുന്ന ഏതൊരു രാജ്യത്തെയും ‘ഭീകരവാദി’യോ ‘ആണവ ഭീഷണി’യോ ആക്കി മാറ്റി സൈനികമായി തകർക്കുക എന്നതാണ് സാമ്രാജ്യത്വത്തിന്റെ തന്ത്രം. ഇതിന്- ഒന്നല്ല ഒട്ടേറെ ഉദാഹരണങ്ങൾ കാണാൻ കഴിയും.

ഇറാഖ് അധിനിവേശം (2003): 
പെട്രോഡോളറിന്റെ ഭീഷണി
2003-ലെ ഇറാഖ് യുദ്ധം അമേരിക്കൻ എണ്ണ-സാമ്രാജ്യത്വത്തിന്റെ ക്ലാസിക് ഉദാഹരണമാണ്. സദ്ദാം ഹുസൈൻ 2000-ത്തിൽ തന്റെ എണ്ണ വ്യാപാരം യൂറോയിലേക്ക് മാറ്റാൻ തീരുമാനിച്ചത് പെട്രോഡോളർ സംവിധാനത്തിന്റെ അടിത്തറയെ തകർക്കുന്നതായിരുന്നു. ‘വൻതോതിലുള്ള കൂട്ടനശീകരണ ആയുധങ്ങൾ’ (Weapons of Mass Destruction) എന്ന വ്യാജ ആരോപണമുയർത്തി അമേരിക്ക ഇറാഖിനെ ആക്രമിച്ചു, ബാഗ്ദാദ് പിടിച്ചടക്കി, സദ്ദാമിനെ തൂക്കിലേറ്റി. ഫലമോ? ExxonMobil, Chevron പോലുള്ള അമേരിക്കൻ കോർപ്പറേഷനുകളുടെ നിയന്ത്രണത്തിലായി ഇറാഖിന്റെ എണ്ണ ശേഖരങ്ങൾ. ഈ യുദ്ധത്തിൽ ഏകദേശം 4.5 ലക്ഷം മുതൽ 10 ലക്ഷം വരെ ഇറാഖുകാർ മരിച്ചു എന്നാണ് കണക്ക്. തുടർന്ന് രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിട്ടു. പെട്രോഡോളർ സുരക്ഷിതമായി. നരവംശശാസ്ത്രപരമായി ഇത് ‘സാംസ്കാരികമായ ഉന്മൂലനം’
(Cultural Genocide) ആണ്. ഇറാഖിന്റെ പുരാതന സംസ്കാരത്തെ മുതലാളിത്ത താല്പര്യങ്ങൾക്കു വേണ്ടി തകർത്തു.

ലിബിയൻ ഇടപെടൽ (2011): ഗദ്ദാഫിയുടെ ‘ഗോൾഡൻ ദിനാർ’ സ്വപ്നം
ആഫ്രിക്കൻ യൂണിയന്റെ നേതൃത്വത്തിൽ മുഅമ്മർ ഗദ്ദാഫി ലിബിയയെ ഒരു സ്വർണ്ണാധിഷ്ഠിത കറൻസി (Golden Dinar) ഉപയോഗിച്ച് എണ്ണ വ്യാപാരത്തിന്റെ പുതിയ കേന്ദ്രമാക്കാൻ ശ്രമിച്ചത് പെട്രോഡോളറിന് മറ്റൊരു ഭീഷണിയായി. 2011-ൽ നാറ്റോ-യുടെ വ്യോമാക്രമണങ്ങൾ ഗദ്ദാഫി ഭരണകൂടത്തെ തകർത്തു. ലിബിയയെ അടിമവ്യാപാരവും അരാജകത്വവും നിറഞ്ഞ ഒരു ‘പരാജിത രാഷ്ട്ര’മാക്കി (Failed State)മാറ്റി. ‘മനുഷ്യാവകാശ ലംഘനങ്ങൾ’ എന്നതിന്റെ മറവിൽ നടത്തിയ ഈ അധിനിവേശം, ലിബിയയുടെ എണ്ണശേഖരങ്ങൾ യൂറോപ്യൻ- അമേരിക്കൻ കമ്പനികൾക്ക് തുറന്നുകൊടുത്തു. ഫൂക്കോയുടെ ജൈവരാഷ്ട്രീയ (Biopolitics) ലെൻസിലൂടെ കാണുമ്പോൾ, ഈ യുദ്ധം ഒരു ജനതയുടെ ജീവനെയാകെ നിയന്ത്രിക്കാനുള്ള സാമ്രാജ്യത്വ തന്ത്രമാണ്. എണ്ണയുടെ നിയന്ത്രണത്തിനുവേണ്ടി ലക്ഷക്കണക്കിന് മനുഷ്യരെയാണ് ബലികൊടുത്തത്.

വെനസ്വേലൻ പ്രതിസന്ധി (2010 മുതൽ): 
മദുറോയും പെട്രോക്രിപ്‌റ്റോയും
വെനസ്വേലയിലെ നിക്കോളസ് മദുറോ ഭരണകൂടം ‘പെട്രോ’ (Petro) എന്ന ക്രിപ്‌റ്റോകറൻസി അവതരിപ്പിച്ച് പെട്രോഡോളറിനെ ചോദ്യംചെയ്തത് അമേരിക്കയെ ചൊടിപ്പിച്ചു. 2017 മുതൽ വെനസേ-്വലയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തി, വെനസ്വേലയുടെ എണ്ണ വ്യവസായത്തെ തകർത്തു. ‘ജനാധിപത്യ സംരക്ഷണം’ എന്ന പേരിൽ ഗ്വൈദോയെ (Juan Guaid) പിന്തുണച്ചു, പക്ഷേ അത് പരാജയപ്പെട്ടു. തൽഫലമായി, വെനസ്വേലയിൽ പട്ടിണിയും പലായനവും വർദ്ധിച്ചു. ഇത് ഘടനാപരമായ അക്രമത്തിന്റെ (Structural Violence) മറ്റൊരു ഉദാഹരണമാണ്. അമേരിക്കൻ കോർപ്പറേഷനുകൾ വെനസ്വേലൻ എണ്ണയുടെ നിയന്ത്രണം ലക്ഷ്യമാക്കിയെങ്കിലും, റഷ്യയുടെയും -ചൈനയുടെയും പിന്തുണയോടെ മദുറോ നിലനിന്നു.

ഇറാൻ -സിറിയൻ ഇടപെടലുകൾ: 
തുടർച്ചയായ ഉപരോധങ്ങൾ
2026 ലെ ഇറാൻ ആക്രമണം ഈ ചരിത്രത്തിന്റെ തുടർച്ചയാണ്. ഈ ആക്രമണത്തിൽ 1300 ലധികം ആളുകളെയാണ് ഇതുവരെ സാമ്രാജ്യത്വം കൊലപ്പെടുത്തിയത്. ഇതിൽ വലിയൊരു എണ്ണം കുട്ടികളുാണ്. 1979 മുതൽ ഉപരോധങ്ങൾ, സിറിയയിലെ (2011 മുതൽ) പ്രോക്സി യുദ്ധങ്ങൾ എല്ലാം എണ്ണ പൈപ്പ്ലൈനുകളുടെയും പെട്രോഡോളറിന്റെയും നിയന്ത്രണത്തിനു വേണ്ടിയായിരുന്നു. സിറിയയിൽ അസാദിനെതിരെ ISIS-നെ അവരോധിച്ചത് (പിന്നീട് ISIS-നെതിരെ യുദ്ധം ചെയ്തത്) അമേരിക്കൻ ഇരട്ടത്താപ്പിന്റെ ഉദാഹരണമാണ്. എണ്ണവില ഉയർത്തി, Military-Industrial Complex ലാഭമുണ്ടാക്കി. ഈ യുദ്ധങ്ങളെല്ലാംതന്നെ മുതലാളിത്തത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന പ്രതിസന്ധിയെ മറികടക്കുന്നതിന് സാമ്രാജ്യത്വം സ്വീകരിക്കുന്ന മാർഗമാണെന്ന മാർക്സിയൻ നിരീക്ഷണം ഇവിടെ പ്രസക്തമാണ്.

ഉപരോധങ്ങളും ഘടനാപരമായ 
അക്രമങ്ങളും
ഇത്തരത്തിലുള്ള യുദ്ധങ്ങളും ഉപരോധങ്ങളും ഒരു ജനതയുടെ ദൈനംദിന ജീവിതത്തെ എങ്ങനെ തകർക്കുന്നു എന്നത് നരവംശശാസ്ത്രപരമായ ഒരു അന്വേഷണമാണ്. സാമ്പത്തിക ഉപരോധങ്ങളെ ഒരു രക്തരഹിത യുദ്ധമായാണ് പാശ്ചാത്യ മാധ്യമങ്ങൾ പലപ്പോഴും അവതരിപ്പിക്കാറുള്ളത്. എന്നാൽ വാസ്തവത്തിൽ അതൊരു ‘ഘടനാപരമായ അക്രമം’ (Structural Violence) ആണ്. മിഷേൽ ഫൂക്കോയെപ്പോലുള്ള ചിന്തകർ മുന്നോട്ടുവെച്ച ‘ജൈവരാഷ്ട്രീയം’ (Biopolitics) എന്ന ആശയത്തിലൂടെ വേണം ഇതിനെ വായിക്കാൻ.

ഒരു ജനതയുടെ ജീവൻ നിലനിർത്താനുള്ള അടിസ്ഥാന അവകാശങ്ങളായ ഭക്ഷണം, മരുന്ന്, കുടിവെള്ളം മുതലായവ തടഞ്ഞുകൊണ്ട് അവരെ രാഷ്ട്രീയമായി കീഴടക്കാൻ ശ്രമിക്കുന്ന ക്രൂരമായ തന്ത്രമാണിത്. നാണയപ്പെരുപ്പം 70 ശതമാനത്തോളം കുതിച്ചുയർന്ന്, കറൻസിയുടെ മൂല്യം കൂപ്പുകുത്തിയ ഇറാനിലെ സാധാരണ മനുഷ്യരാണ് ഈ ഉപരോധങ്ങളുടെ യഥാർത്ഥ ഇരകൾ. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരു പറഞ്ഞ് ഇറാനെ ആക്രമിക്കുന്ന അമേരിക്കൻ ഭരണകൂടം, അതേ ഇറാനിയൻ ജനതയുടെ ജീവിതത്തെ സാമ്പത്തിക ഉപരോധങ്ങളിലൂടെ പട്ടിണിയിലേക്കും മരണത്തിലേക്കും തള്ളിവിടുന്നു എന്ന വൈരുദ്ധ്യം സാമ്രാജ്യത്വത്തിന്റെ തനിനിറമാണ് കാണിക്കുന്നത്.

ഷാഡോ ഫ്ലീറ്റും സാമ്രാജ്യത്വവിരുദ്ധ 
ചെറുത്തുനിൽപ്പും
‘ഷാഡോ ഫ്ലീറ്റ്’ (Shadow Fleet) അഥവാ ഇരുണ്ട കപ്പൽവ്യൂഹങ്ങൾ എന്നറിയപ്പെടുന്ന സമാന്തര ഗതാഗത സംവിധാനങ്ങളിലൂടെ, അമേരിക്കൻ നിരീക്ഷണ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് ഇറാനും റഷ്യയും വെനസ്വേലയും നടത്തുന്ന ഈ എണ്ണവ്യാപാരം കേവലമൊരു സാമ്പത്തിക ഇടപാട് മാത്രമല്ല. സാമ്രാജ്യത്വത്തിന്റെ സാമ്പത്തിക ഉപരോധങ്ങൾക്കെതിരെ ആഗോള വികസ്വര–അവികസിത രാജ്യങ്ങൾ (Global South) നടത്തുന്ന ഒരു ഘടനാപരമായ ചെറുത്തുനിൽപ്പാണത്. ഫെബ്രുവരി 6-ന് US സാങ്ഷനുകൾ 14 ‘ഷാഡോ’ കപ്പലുകളെയും 15 എന്റിറ്റികളെയും ലക്ഷ്യം വെച്ചെങ്കിലും, ഇറാൻ–-ചൈന എണ്ണ വ്യാപാരം തുടരുന്നു. ഇതിനെ തകർക്കുക, ആഗോള എണ്ണവ്യാപാരത്തെ വീണ്ടും ഡോളറിന്റെ കാൽക്കീഴിൽ കൊണ്ടുവരിക എന്നതാണ് ഈ യുദ്ധത്തിന്റെ പ്രഥമ ലക്ഷ്യം. മുകളിൽ സൂചിപ്പിച്ചതുപോലെ ഡോളറിന്റെ ആധിപത്യം ചോദ്യംചെയ്യപ്പെട്ടപ്പോഴൊക്കെ അമേരിക്ക സൈനികമായി പ്രതികരിച്ചിട്ടുണ്ട്. ഇറാഖിലെ സദ്ദാം ഹുസൈനും ലിബിയയിലെ മുഅമ്മർ ഗദ്ദാഫിയും, ഏറ്റവും ഒടുവിൽ വെനസ്വേലയിൽ നിക്കോളസ് മദുറോയും നേരിട്ട സാമ്രാജ്യത്വ ആക്രമണങ്ങളുടെ തുടർച്ച മാത്രമാണ് ഇന്ന് ടെഹ്‌റാനിൽ പതിക്കുന്ന ബോംബുകൾ.

ഗൾഫ് രാജ്യങ്ങളുടെ പങ്കും 
പുതിയ ലോകക്രമവും
മധ്യപൂർവ്വദേശത്തെ ഭൂമിശാസ്ത്രപരമായ രാഷ്ട്രീയത്തിൽ ഗൾഫ് രാജ്യങ്ങൾ വഹിക്കുന്ന പങ്ക് ഈ യുദ്ധത്തിൽ വളരെ നിർണായകമാണ്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഏറ്റവും വലിയ സൈനിക താവളങ്ങൾക്ക് ആതിഥ്യമരുളുന്ന ഗൾഫ് രാജ്യങ്ങൾ, തങ്ങളുടെ സുരക്ഷയ്ക്കും മൂലധന സംരക്ഷണത്തിനുമായി അമേരിക്കയെ അമിതമായി ആശ്രയിക്കുന്നു. ഇറാൻ ഭീഷണിയെന്ന വാദം മുൻനിർത്തി അമേരിക്ക നടത്തുന്ന ആയുധക്കച്ചവടത്തിന്റെ ഏറ്റവും വലിയ വിപണി കൂടിയാണിത്. തങ്ങളുടെ രാജ്യത്ത് അമേരിക്കൻ താവളങ്ങൾ അനുവദിക്കുന്നതിലൂടെ, പ്രാദേശികമായ മേധാവിത്വം നിലനിർത്താനും തങ്ങളുടെ എണ്ണ വ്യാപാരം സുരക്ഷിതമാക്കാനും ഗൾഫ് ഭരണാധികാരികൾക്ക് കഴിയുന്നു.

എന്നാൽ, ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങൾ ഗൾഫിലെ അമേരിക്കൻ താവളങ്ങളെ ലക്ഷ്യംവെച്ചതോടെ, ഈ സുരക്ഷാ വലയം എത്രത്തോളം ദുർബലമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അറബ് ജനതയുടെ സാമ്രാജ്യത്വവിരുദ്ധ വികാരങ്ങളെ അടിച്ചമർത്തിക്കൊണ്ട്, അമേരിക്കയുമായി കൂട്ടുകച്ചവടം നടത്തുന്ന ഗൾഫിലെ ഭരണവർഗം ഇപ്പോൾ ഇറാനുമായി നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിന്റെ വക്കിലാണ് നിൽക്കുന്നത്. ആത്യന്തികമായി ഇത് മുതലാളിത്തവും പ്രാദേശിക ഭരണകൂടങ്ങളും തമ്മിലുള്ള ഒരു വർഗ്ഗസഖ്യത്തിന്റെ (Class Alliance) പ്രതിസന്ധിയാണ് തുറന്നുകാട്ടുന്നത്.

ഈ സംഘർഷത്തെ റഷ്യ-–ഉക്രെയ്ൻ യുദ്ധവുമായി ചേർത്തുവായിക്കുമ്പോൾ പുതിയ ലോകക്രമത്തിന്റെ ചിത്രം കൂടുതൽ വ്യക്തമാകും. ഉക്രെയ്നിൽ നാറ്റോയുടെ (NATO) കിഴക്കോട്ടുള്ള വികാസത്തെയാണ് റഷ്യ ചെറുക്കുന്നതെങ്കിൽ, മധ്യപൂർവ്വ ദേശത്ത് അമേരിക്കയുടെയും ഇസ്രയേലിന്റെയും അധിനിവേശ താല്പര്യങ്ങളെയാണ് ഇറാൻ ചെറുക്കുന്നത്. ഈ രണ്ട് യുദ്ധങ്ങളും, അമേരിക്ക–കേന്ദ്രീകൃത ആഗോള ക്രമത്തിനെതിരെയാണ്.

ചൈന, റഷ്യ, ഇറാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ബ്രിക്സ് (BRICS) കൂട്ടായ്മയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ വളർച്ച അമേരിക്കയെ ഭയപ്പെടുത്തുന്നുണ്ട്. മൾട്ടിപോളാർ (Multipolar) അഥവാ ബഹുധ്രുവ ലോകം എന്ന യാഥാർത്ഥ്യത്തിലേക്ക് ലോകം നടന്നടുക്കുമ്പോൾ, തങ്ങളുടെ നഷ്ടപ്പെടുന്ന സാമ്രാജ്യം തിരിച്ചുപിടിക്കാൻ അമേരിക്ക നടത്തുന്ന നിരാശാജനകമായ ശ്രമങ്ങളാണ് ഈ സൈനിക അധിനിവേശങ്ങൾ.

യുദ്ധ സാമ്പത്തികശാസ്ത്രവും 
അതിന്റെ പ്രത്യാഘാതങ്ങളും
യുദ്ധങ്ങൾ ആരൊക്കെ തമ്മിലായാലും, അതിന്റെ അനന്തരഫലങ്ങൾ സർവവ്യാപിയാണ്. യുദ്ധ സാമ്പത്തികശാസ്ത്രം ആഗോളതലത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഭയാനകമാണ്. മാർച്ച് 10 വരെ, ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതോടെ എണ്ണവില 100 ഡോളറിനു മുകളിലെത്തി, 2022-നു ശേഷമുള്ള ഏറ്റവും ഉയർന്ന വില; ഗ്യാസ് വില 17% ഉയർന്നു, G7 റിസർവ് റിലീസ് ചർച്ച ചെയ്യുന്നു എന്നെല്ലാമാണ് പാശ്ചാത്യമാധ്യമങ്ങൾ നൽകുന്ന വിവരങ്ങൾ. അമേരിക്ക ദിവസേന 890 മില്യൺ ഡോളറാണ് ഈ യുദ്ധത്തിനായി ചെലവഴിക്കുന്നത്.

ഹോർമുസ് കടലിടുക്കുവഴിയുള്ള എണ്ണ ഗതാഗതം തടസ്സപ്പെടുന്നത് ലോകത്തെയാകെ വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കും. എണ്ണവില കുതിച്ചുയരുമ്പോൾ അതിന്റെ ഭാരം പേറേണ്ടിവരുന്നത് മൂന്നാം ലോക രാജ്യങ്ങളിലെ സാധാരണക്കാരായ തൊഴിലാളികളാണ്. കോർപ്പറേറ്റ് എണ്ണക്കമ്പനികളും ആയുധ നിർമ്മാതാക്കളും യുദ്ധത്തിലൂടെ കോടികൾ കൊയ്യുമ്പോൾ, പട്ടിണിയും പലായനവും മനുഷ്യരാശിയുടെമേൽ അടിച്ചേൽപ്പിക്കപ്പെടുന്നു. മുതലാളിത്ത വ്യവസ്ഥിതി പ്രതിസന്ധി നേരിടുമ്പോഴെല്ലാം യുദ്ധങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് അവയെ അതിജീവിക്കാൻ ശ്രമിക്കാറുള്ളത് എന്ന മാർക്സിയൻ നിരീക്ഷണം ഇവിടെ കൂടുതൽ പ്രസക്തമാകുന്നു.

ഒരു രാജ്യത്തു നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ ഒരു ഭരണമാറ്റത്തിനായുള്ള (Regime Change) തങ്ങളുടെ സാമ്രാജ്യത്വ അജൻഡ നടപ്പിലാക്കാനുള്ള മറയായി അമേരിക്ക ഉപയോഗിക്കുന്നത് തിരിച്ചറിയേണ്ടതുണ്ട്. പാശ്ചാത്യ രാജ്യങ്ങൾ വിഭാവനം ചെയ്യുന്ന ‘ജനാധിപത്യ സംരക്ഷണം’ എന്നത് ‘പലപ്പോഴും തങ്ങളുടെ മൂലധനത്തിന് നിർബാധം കടന്നുചെല്ലാനുള്ള ഒരു സ്വതന്ത്ര കമ്പോളം സൃഷ്ടിച്ചെടുക്കുക’ എന്നതു മാത്രമാണ്. അവിടെ മനുഷ്യനോ, അവരുടെ സംസ്കാരത്തിനോ യാതൊരു വിലയുമില്ല.

സ്വന്തം അധീശത്വം നിലനിർത്താൻ നടത്തുന്ന സൈനിക ഇടപെടലുകളെ ‘സ്വയരക്ഷ’ എന്നും, അതിനെതിരെയുള്ള ചെറുത്തുനിൽപ്പുകളെ ‘ഭീകരവാദം’ എന്നും നാമകരണം ചെയ്യാൻ സാമ്രാജ്യത്വത്തിന് മാത്രമേ കഴിയൂ. സിറിയയിലെ കുർദ് ഗ്രൂപ്പുകൾ മുതൽ ഉക്രെയ്ൻ സൈന്യത്തിനു വരെ അമേരിക്ക നൽകുന്ന പിന്തുണ ‘ജനാധിപത്യ സംരക്ഷണമാകുമ്പോൾ’, ഇറാൻ നടത്തുന്ന പ്രാദേശിക ഇടപെടലുകൾ മാത്രം ഭീകരവാദമാകുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നിഷ്പക്ഷതയിലല്ല, മറിച്ച് അത് നിർവ്വചിക്കുന്നയാളിന്റെ അധികാരത്തിലാണ് കുടികൊള്ളുന്നത്.

ചുരുക്കത്തിൽ, 2026-ലെ ഈ യുദ്ധം അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ അവസാനത്തെ യുദ്ധങ്ങളിലൊന്നായി ചരിത്രം രേഖപ്പെടുത്താൻ സാധ്യതയുണ്ട്. സൈനിക ശക്തികൊണ്ടോ സാമ്പത്തിക ഉപരോധങ്ങൾകൊണ്ടോ ഇനി ലോകത്തെ വരുതിയിലാക്കാൻ അമേരിക്കയ്ക്ക് കഴിയില്ല എന്നതിന്റെ വ്യക്തമായ സൂചനയാണിത്. ഈ സംഘർഷം മുന്നോട്ടു വയ്ക്കുന്ന ഏറ്റവും വലിയ പാഠം, സാമ്രാജ്യത്വത്തിനും ആഗോള മൂലധനത്തിനുമെതിരെ അന്താരാഷ്ട്ര തലത്തിൽ തൊഴിലാളി വർഗത്തിന്റെയും പീഡിത ജനവിഭാഗങ്ങളുടെയും ഐക്യദാർഢ്യം ഉയർന്നുവരേണ്ടതുണ്ട് എന്നതാണ്. ബോംബുകൾക്കും ഉപരോധങ്ങൾക്കും നടുവിൽ ജീവിക്കാൻ വിധിക്കപ്പെട്ട, അധികാരത്തിന്റെ പകിടകളായി മാറ്റപ്പെട്ട ഒരു ജനതയുടെ അതിജീവന പോരാട്ടങ്ങളെ ചരിത്രപരമായി മനസ്സിലാക്കാൻ തയ്യാറാകുമ്പോൾ മാത്രമേ ഈ യുദ്ധത്തിന്റെ യഥാർത്ഥ രാഷ്ട്രീയം നമുക്ക് ബോധ്യപ്പെടുകയുള്ളൂ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × 5 =

Most Popular