ഇസ്രയേലുമായി ചേർന്ന് അമേരിക്ക, ഇറാനെ കടന്നാക്രമിക്കുകയും ആയിരത്തിലേറെപ്പേരെ വധിക്കുകയും ചെയ്തിരിക്കുന്നു. യുഎൻ ചാർട്ടറും അന്താരാഷ്ട്ര നിയമവും പൂർണമായും ലംഘിച്ചുകൊണ്ടാണ് ഈ കടന്നാക്രമണം ആരംഭിച്ചത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം അവരുടെ സൈന്യത്തെ അണിനിരത്താനും ആസൂത്രണം ചെയ്യാനും ഒടുവിൽ ഇറാനെ ആക്രമിക്കാനുമുള്ള ഒരു മറ മാത്രമായിരുന്നു ഇറാനുമായുള്ള ചർച്ചകൾ എന്ന് ഇപ്പോൾ വ്യക്തമായി. ഇറാൻ, ആണവായുധങ്ങൾ വികസിപ്പിക്കുന്നു എന്ന ന്യായമാണ് ഇറാനെ ആക്രമിക്കാൻ അമേരിക്കയും ഇസ്രയേലും പറഞ്ഞത്. എന്നാൽ ഈ ആരോപണം ഒരു പുകമറ മാത്രമാണെന്ന് വ്യക്തമാണ്. രണ്ടു പതിറ്റാണ്ടിനുമുൻപ് ഇറാഖിൽ അധിനിവേശം നടത്തുന്നതിന് അമേരിക്ക പറഞ്ഞതും ഇതേ ന്യായമാണ്. ലോകസമാധാനത്തിന്റെ കാര്യത്തിൽ അമേരിക്കയെയോ പ്രസിഡന്റ് ട്രംപിനെയോ വിശ്വസിക്കാൻ കഴിയില്ല എന്നാണ് ഈ ആക്രമണം ഒരിക്കൽ കൂടി തെളിയിക്കുന്നത്. ലോകമെമ്പാടും വിശേഷിച്ച് പശ്ചിമേഷ്യ, ലാറ്റിനമേരിക്ക തുടങ്ങിയ വിഭവസമൃദ്ധമായ പ്രദേശങ്ങളിൽ അമേരിക്കൻ ആധിപത്യം സ്ഥാപിക്കാനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമാണ് ഇറാനെതിരായ ഈ കടന്നാക്രമണം. അമേരിക്ക ദീർഘകാലമായി ഒരു ന്യായീകരണം തേടുകയായിരുന്നു; ‘‘ലോകത്തെ ആണവ അപകടത്തിൽ നിന്നു സംരക്ഷിക്കേണ്ടതിന്റെ’’ ആവശ്യകതയെക്കുറിച്ച് പറഞ്ഞാണ് ആ ന്യായീകരണം അമേരിക്ക ചമച്ചത്. സമാധാനപരമായ ആവശ്യങ്ങൾക്കുവേണ്ടിപ്പോലും ആണവ ഇന്ധനം സമ്പുഷ്ടമാക്കാൻ ഇറാനെ അനുവദിക്കരുതെന്ന് അങ്ങനെ അമേരിക്ക വാദിച്ചു. പശ്ചിമേഷ്യയിലെ ഒരേയൊരു ആണവായുധ രാഷ്ട്രം ഇസ്രയേൽ ആണെന്നത് പരക്കെ അറിയാവുന്ന വസ്തുതയാണ്. ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളെയും അന്താരാഷ്ട്രതലത്തിലുള്ള പൊതുജനാഭിപ്രായങ്ങളെയും ഇസ്രയേൽ ആവർത്തിച്ച് അവഗണിക്കുകയാണ്. ലോകമെമ്പാടുനിന്നും കടുത്ത വിമർശനങ്ങൾ ഉയർന്നിട്ടും പലസ്തീനെ ലോകഭൂപടത്തിൽനിന്ന് തുടച്ചുനീക്കുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ, അവർ ഗാസയ്ക്കെതിരെയുള്ള കടന്നാക്രമണങ്ങളും വെസ്റ്റ് ബാങ്കിലെ അധിനിവേശവും തുടരുന്നു. ഇസ്രയേലിന് ഇത്രയും യുദ്ധവെറിയോടെ പ്രവർത്തിക്കാൻ കഴിയുന്നതിന്റെ ഏകകാരണം അമേരിക്ക നൽകുന്ന ശക്തമായ പിന്തുണയാണ്. തങ്ങളുടെ പ്രധാന എതിരാളിയായി ഇസ്രയേൽ കണക്കാക്കുന്ന ഇറാന്റെ സാന്നിധ്യം ഒരു ‘വിശാല ഇസ്രയേൽ’ സ്ഥാപിക്കാനുള്ള ഇസ്രയേലിന്റെ ആഗ്രഹങ്ങൾക്കുള്ള പ്രധാന തടസ്സങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ തങ്ങൾക്ക് ആഗോള അധീശത്വം ഉറപ്പാക്കുന്നതിന്, ഇറാനെ നിർവീര്യമാക്കുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യേണ്ടത് അമേരിക്കയുടെയും ഇസ്രയേലിന്റെയും താൽപര്യമാണ്. അതാണ് അവരിപ്പോൾ കൃത്യമായി നടപ്പാക്കാൻ ശ്രമിക്കുന്നത്.
ആഗോള മുൻഗണനകൾ വിവരിക്കുന്ന രണ്ടു പ്രധാന രേഖകൾ അമേരിക്ക പുറത്തിറക്കിയിട്ടുണ്ട്. നാഷണൽ സെക്യൂരിറ്റി സ്ട്രാറ്റജി 2025, നാഷണൽ ഡിഫൻസ് സ്ട്രാറ്റജി 2026 എന്നിവയാണവ. അമേരിക്ക പ്രഖ്യാപിച്ച നാഷണൽ സെക്യൂരിറ്റി സ്ട്രാറ്റജി 2025, വിദേശനയത്തിലെ പ്രത്യയശാസ്ത്രപരവും സാരവത്തുമായ മാറ്റത്തെ അടയാളപ്പെടുത്തുന്നതായി ചില നിരീക്ഷകർ വിശേഷിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇക്കഴിഞ്ഞ ജനുവരിയിൽ വെനസേ-്വലയ്ക്കെതിരെ നടത്തിയ കടന്നാക്രമണവും ഇറാനെതിരെ ഇപ്പോൾ നടത്തുന്ന കടന്നാക്രമണവും ഉൾപ്പെടെയുള്ള സമീപകാല സൈനിക നടപടികൾ അമേരിക്കയുടെ സമീപനത്തിൽ കാര്യമായ മാറ്റമൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് തെളിയിക്കുന്നു. നേരെമറിച്ച്, അന്താരാഷ്ട്ര വിഷയങ്ങളിൽ അമേരിക്ക കൂടുതൽ ആക്രമണാത്മകമായ നിലപാട് സ്വീകരിക്കുന്നതായാണ് വ്യക്തമാകുന്നത്.
തന്ത്രത്തെക്കുറിച്ചുള്ള സെഷനിൽ, ‘‘ഒരു രാഷ്ട്രവും നമ്മുടെ താൽപര്യങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിൽ ആധിപത്യം സ്ഥാപിക്കുന്നത് അനുവദിക്കാൻ അമേരിക്കയ്ക്കാ വില്ല. പ്രബലമായ എതിരാളികളുടെ ആവിർഭാവം തടയുന്നതിന്, ആഗോള – മേഖലാതല അധികാരസന്തുലിതാവസ്ഥ നിലനിർത്തുന്നതിനുവേണ്ടി ഞങ്ങൾ സഖ്യകക്ഷികളുമായും പങ്കാളികളുമായും ചേർന്ന് പ്രവർത്തിക്കും’’ എന്ന് നാഷണൽ സെക്യൂരിറ്റി സ്ട്രാറ്റജി (എൻഎസ്എസ്) വ്യക്തമാക്കുന്നു. പശ്ചിമേഷ്യയിലും തങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ ഇസ്രയേലുമായി ചേർന്ന് അമേരിക്ക ചെയ്യുന്നത് അതുതന്നെയാണ്. അമേരിക്കയും ഇസ്രയേലും ഇറാനെ ഭയപ്പെടുകയും പശ്ചിമേഷ്യൻ മേഖലയിലെ തങ്ങളുടെ താൽപര്യങ്ങൾക്ക് ഭീഷണിയായി ആ രാജ്യത്തെ കണക്കാക്കുകയും ചെയ്യുന്നു. ഇസ്രയേലിന്റെ ആധിപത്യത്തെയും ആ രാജ്യത്തിന്റെ അധിനിവേശ വിപുലീകരണ നയങ്ങളെയും നിരന്തരം ഇറാൻ എതിർത്തുവരുന്നുവെന്നതാണ് അതിനു കാരണം. പല അറബ് രാജ്യങ്ങളും ഏറെക്കുറെ വിട്ടുവീഴ്ച ചെയ്യുകയും പലസ്തീൻ രാഷ്ട്രത്തിനുവേണ്ടി നിലകൊള്ളുന്നതിൽ പരാജയപ്പെടുകയും ചെയ്തപ്പോഴും, സ്വന്തം നിലപാടിൽ ഉറച്ചുനിന്ന രാഷ്ട്രമാണ് ഇറാൻ.
റഷ്യ, ചൈന, വെനസേ-്വല തുടങ്ങിയ അമേരിക്കയെ നിരന്തരം എതിർക്കുന്ന രാഷ്ട്രങ്ങളുമായി ഇറാൻ ബന്ധം സ്ഥാപിക്കുകയും ചെയ്തു. അമേരിക്ക ഇറാനെ ലക്ഷ്യംവെക്കുന്നതിനുള്ള മറ്റൊരു കാരണം ഇതാണ്. തങ്ങളുടെ അധീശത്വത്തെ ദുർബലപ്പെടുത്തുന്ന ബഹുധ്രുവ ലോകക്രമത്തിന്റെ ആവിർഭാവം തകർക്കാൻ അഥവാ തടയാൻ അമേരിക്ക ആഗ്രഹിക്കുന്നു. നാഷണൽ സെക്യൂരിറ്റി സ്ട്രാറ്റജി (എൻഎസ്എസ്), ഈ ഉദ്ദേശ്യം അസന്ദിഗ്ധമായി വ്യക്തമാക്കുന്നു: ‘‘നമ്മുടേതുപോലെ അളവറ്റതും വൈവിധ്യപൂർണവുമായ താല്പര്യങ്ങളുള്ള ഒരു രാജ്യത്തിന് മറ്റു രാജ്യങ്ങളുടെമേൽ കെെകടത്താതിരിക്കുക എന്ന കർശനമായ നിലപാട് സ്വീകരിക്കാൻ സാധ്യമല്ല’’. തങ്ങളുടെ ‘‘താൽപര്യങ്ങൾ’’ സംരക്ഷിക്കുന്നതിന്റെ മറവിൽ അമേരിക്ക മറ്റു രാജ്യങ്ങളുടെ പരമാധികാരത്തിൽ ഇടപെടുന്നത് തുടരുമെന്നു തന്നെയാണ് ഈ പ്രസ്താവന വ്യക്തമാക്കുന്നത്. എൻഎസ്എസ് വ്യക്തമായും കർശനമായും പ്രഖ്യാപിക്കുന്നു: ‘‘അമേരിക്കയുടെ നേതൃത്വത്തിലുള്ള പരമാധികാര രാജ്യങ്ങളുടെയും സ്വതന്ത്ര സമ്പദ്-ഘടനകളുടെയും ഒരു ലോകത്ത് ജീവിക്കണോ അതല്ല ലോകത്തിന്റെ മറുവശത്തുള്ള രാജ്യങ്ങളുടെ സ്വാധീനമുള്ള ഒരു സമാന്തരലോകത്ത് ജീവിക്കണോ എന്നത് എല്ലാ രാജ്യങ്ങളും നിർബന്ധമായും തിരഞ്ഞെടുക്കേണ്ട ഒരു കാര്യമാണ്.’’
‘‘അമേരിക്ക ആദ്യം’’ എന്ന തത്ത്വം ഉയർത്തിപ്പിടിക്കുന്നുവെന്നാണ് എൻഎസ്എസ് അവകാശപ്പെടുന്നത്. അമേരിക്കയുടെ അധീശത്വവും അപ്രമാദിത്വവും ലോകമെമ്പാടും അടിച്ചേൽപ്പിക്കാനാണ് അവർ വാസ്തവത്തിൽ ശ്രമിക്കുന്നത്. വിയോജിപ്പിന്റെ ശബ്ദങ്ങളോടും ബദൽ മാതൃകളോടും അവർ സഹിഷ്ണുത കാണിക്കില്ല. സമാധാനത്തിനു വേണ്ടി വാചകമടിച്ചുകൊണ്ടുതന്നെ അവർ ആഗോള സംഘർഷങ്ങളെ ശക്തമായി പ്രോത്സാഹിപ്പിക്കുന്നു. സാമ്രാജ്യത്വ മേധാവിത്വം സ്ഥാപിക്കുക എന്നതാണ് എൻഎസ്എസിന്റെ പ്രാഥമിക ലക്ഷ്യം. അതിന്റെ പ്രധാന ഗുണഭോക്താവ് അമേരിക്കൻ സെെനിക– വ്യാവസായിക ലോബിയാണ്. സർവ്വോപരി, സാമ്രാജ്യത്വത്തെ എതിർക്കുന്ന രാജ്യങ്ങളെ ഏകോപിപ്പിക്കുന്ന കേന്ദ്രമായി ഏതെങ്കിലും രാജ്യം ഉയർന്നുവരുന്നത് അമേരിക്കയെ ആഴത്തിൽ അസ്വസ്ഥമാക്കുന്നു. അമേരിക്കയുടെ അധീശത്വം നിലനിർത്തുന്നതിലുള്ള വെല്ലുവിളി നേരിടാനുള്ള ശ്രമമാണ് എൻഎസ്എസ് മുന്നോട്ടുവെക്കുന്നത്.
ഇറാനെതിരായ എല്ലാ കടന്നാക്രമണങ്ങളിലും ബിജെപി നേതൃത്വത്തിലുള്ള ഇന്ത്യ സർക്കാർ സ്വീകരിച്ച നിലപാട് അങ്ങേയറ്റം നിരാശാജനകമാണ്. ഇന്ത്യയ്ക്ക് ദീർഘകാലമായി സുഹൃദ്ബന്ധമുള്ള –നൂറ്റാണ്ടുകളായി ഇന്ത്യയുമായി സാംസ്കാരികമായി ബന്ധമുള്ള – ഒരു രാഷ്ട്രത്തിന്റെ സംരക്ഷണത്തിനുവേണ്ടി നിലകൊള്ളുന്ന കാര്യത്തിൽ മോദി ഗവൺമെന്റ് പരാജയപ്പെട്ടു. രണ്ടു സംഭവങ്ങൾ അമേരിക്കയോടുള്ള ബിജെപി ഗവൺമെന്റിന്റെ അടിമത്തത്തെ തുറന്നുകാട്ടുന്നതാണ്.
ഒന്നാമതായി, പശ്ചിമേഷ്യയിൽ വളർന്നുവരുന്ന സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേൽ സന്ദർശനം നടത്തരുതെന്ന ആവശ്യം ശക്തമായി ഉയർന്നിട്ടും അദ്ദേഹം ഇസ്രയേൽ സന്ദർശിച്ചു. അമേരിക്കയും ഇസ്രയേലും തങ്ങളുടെ സെെന്യത്തെ സജ്ജമാക്കുകയും ഇറാനെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമായിരുന്നു. എന്നിട്ടുും അദ്ദേഹം ഇസ്രയേലിലേക്കുള്ള യാത്ര ഒഴിവാക്കിയില്ല. മോദി അതുകൊണ്ടും അവസാനിപ്പിച്ചില്ല. ഇസ്രയേൽ പാർലമെന്റായ നെസറ്റിൽ അദ്ദേഹം നടത്തിയ പ്രസംഗം, ഒരു പരിപൂർണമായ വിട്ടുകൊടുക്കൽ തന്നെയായിരുന്നു. മോദി ഇസ്രയേലിന് നിരുപാധികമായ പിന്തുണ നൽകുകയും ആ രാജ്യവുമായി സാമ്പത്തികവും സെെനികവും തന്ത്രപരവുമായ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. പലസ്തീനെതിരെ ഇസ്രയേൽ നടത്തുന്ന വംശഹത്യയെ ലോകമെങ്ങുമുള്ള നീതിബോധമുള്ള മനുഷ്യരാകെ വിമർശിക്കുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ ഈ നടപടി. ഇത് പലസ്തീൻ രാഷ്ട്രം എന്ന ആവശ്യത്തോട് വലിയ അസഹിഷ്ണുത പ്രകടിപ്പിക്കുക മാത്രമല്ല ഇറാനെ അസ്ഥിരപ്പെടുത്താനുള്ള സാമ്രാജ്യത്വ പദ്ധതികളെ സൗകര്യപൂർവം മറന്നുകളയുക കൂടിയാണ്.
രണ്ടാമതായി, ഇന്ത്യാ ഗവൺമെന്റിന്റെ ക്ഷണമനുസരിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വിശാഖപട്ടണത്ത് നടത്തപ്പെട്ട ബഹുരാഷ്ട്ര നാവികാഭ്യാസമായ മിലാനിൽ പങ്കെടുക്കാൻ ഇറാൻ തങ്ങളുടെ നാവിക പ്രതിനിധികളെ കപ്പലുകൾക്കൊപ്പം അയച്ചു. ഈ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോൾ, ശ്രീലങ്കൻ തീരത്തുനിന്ന് ഏകദേശം 50 കിലോമീറ്റർ അകലെ വച്ച് അതിലൊരു ഇറാനിയൻ നാവികകപ്പലിനെ അമേരിക്ക ആക്രമിച്ചു. അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ അമേരിക്കൻ അന്തർവാഹിനി നടത്തിയ ടോർപ്പിഡോ ആക്രമണത്തിൽ നൂറിലധികം നാവിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഇന്ത്യ ക്ഷണിച്ചുവരുത്തിയ അതിഥികൾക്കു നേരെയുള്ള ഈ ആക്രമണത്തെ അപലപിക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടു. മറുവശത്ത് ശ്രീലങ്ക പോലൊരു ചെറിയ രാജ്യം അവസരത്തിനൊത്ത് ഉയർന്നു; പരിക്കേറ്റവരെ ചികിത്സിക്കുക മാത്രമല്ല, ഇന്ത്യയിൽ ഇതേ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയ മറ്റൊരു ഇറാനിയൻ നാവിക കപ്പലിന് ആതിഥ്യമരുളുകയും ചെയ്തു.
അമേരിക്കയ്ക്കു മുന്നിൽ നട്ടെല്ലില്ലാതെ കീഴടങ്ങിയ ബിജെപി ഗവൺമെന്റിന്റെ നടപടി ശ്രദ്ധിക്കപ്പെടാതെ പോകില്ല. ഒരുകാലത്ത്, ആഗോള വികസ്വര രാജ്യങ്ങൾ തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ശക്തിയുള്ള രാജ്യമെന്ന നിലയിൽ ഇന്ത്യയെ ഉറ്റുനോക്കിയിരുന്നു. എന്നാൽ ആ സ്ഥിതി ഇപ്പോഴില്ല. വിശ്വഗുരു എന്ന അവകാശവാദം പൊള്ളയായി മാറിയിരിക്കുകയാണ്, വിശേഷിച്ച് ഇന്ത്യാ ഗവൺമെന്റിന്റെ നിലപാട് തുറന്നുകാട്ടപ്പെടുന്ന ഈ സാഹചര്യത്തിൽ. അമേരിക്കയുടെ ഒരു ജൂനിയർ പങ്കാളിയെപ്പോലെയുള്ള ഈ പെരുമാറ്റം മോദി സർക്കാർ അവസാനിപ്പിച്ചേ മതിയാകൂ. അമേരിക്കയുടെ ജൂനിയർ പങ്കാളി എന്ന തരത്തിലുള്ള ബിജെപി ഗവൺമെന്റിന്റെ നിലപാട് നമ്മുടെ രാജ്യത്തിന് ഗുണം ചെയ്യുകയോ മറ്റു രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധത്തിന് മൂല്യം വർധിപ്പിക്കുകയോ ചെയ്യില്ല. എന്തായാലും ഈ അമേരിക്കൻ വിധേയത്വം നമുക്ക് വലിയ ഒരു ഭാരമായി മാറുന്നു, നമ്മുടെ കഴുത്തിൽ തൂങ്ങിക്കിടക്കുന്ന ഒരു കടൽപക്ഷിയെപ്പോലെ.
ലോകമെമ്പാടുമുള്ള അധ്വാനിക്കുന്ന ജനങ്ങളുടെ താൽപ്പര്യങ്ങളോട് ഐക്യപ്പെടുന്ന നമ്മുടെ രാജ്യത്തെ ജനങ്ങളുടെ നേട്ടത്തിനായി പ്രവർത്തിക്കാൻ നാം ഇന്ത്യാ ഗവൺമെന്റിനെ നിർബന്ധിതമാക്കേണ്ടതുണ്ട്. ഈ പോരാട്ടത്തിലൂടെ, ബഹുധ്രുവത ശക്തിപ്പെടുത്താനും അമേരിക്കയുടെ അധീശത്വ രീതികളെ എതിർക്കാനും ബിജെപി സർക്കാരിനെ നിർബന്ധിക്കാൻ നമുക്ക് സാധിക്കണം. ബ്രിക്സ് പ്ലസിന്റെ അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുത്തതോടെ നിരവധി കണ്ണുകൾ നമ്മെ ഉറ്റുനോക്കുന്നുണ്ട്. അവരുടെ ദൃഷ്ടിയിൽ നാം കുറവുള്ളവരാകാൻ പാടില്ല. l



