Saturday, March 28, 2026

ad

Homeകവര്‍സ്റ്റോറിഅമേരിക്കയുടെ ലക്ഷ്യം ഇറാനെ കീഴ്പ്പെടുത്തൽ

അമേരിക്കയുടെ ലക്ഷ്യം ഇറാനെ കീഴ്പ്പെടുത്തൽ

വിജയ് പ്രഷാദ്

2026 ഫെബ്രുവരി 28ന് ഇസ്രയേലും അമേരിക്കയും കൂട്ടായ വ്യോമ – മിസൈൽ ആക്രമണം അഴിച്ചുവിട്ടുകൊണ്ട്, ഇറാനുമേൽ ആക്രമണ യുദ്ധം അടിച്ചേൽപ്പിച്ചിരിക്കുകയാണ്. ഇറാന്റെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമനേയി ഉൾപ്പെടെയുള്ള നിരവധി രാഷ്ട്രീയ നേതാക്കളെയും സാധാരണ പൗരരെയും അവർ കൊന്നൊടുക്കി; അടിസ്ഥാനസൗകര്യങ്ങൾ നശിപ്പിച്ചു; ഏകദേശം 10 കോടി ജനസംഖ്യയുള്ള ഒരു രാജ്യത്തെയാകെ ഉന്മൂലനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഇസ്രയേലും അമേരിക്കയും ചേർന്ന് അഴിച്ചുവിട്ടിട്ടുള്ള ഈ യുദ്ധം യു എൻ ചാർട്ടറിലെ ആർട്ടിക്കിൾ 2 ന്റെ നഗ്നമായ ലംഘനമാണ്; അതുമാത്രമല്ല, വാസ്തവത്തിൽ ഈ പ്രവൃത്തിയിലൂടെ ഈ രണ്ടു രാജ്യങ്ങളും ഒരിക്കൽകൂടി ലോകത്തിനു മുമ്പാകെ യു എൻ ചാർട്ടറിനെയും അതിന്റെ ആത്മാവിനെയും ചുട്ടെരിച്ചിരിക്കുകയാണ്. പലസ്തീൻ ജനതയ്ക്കുനേരെ നടത്തുന്ന ഇനിയും അവസാനിച്ചിട്ടില്ലാത്ത വംശഹത്യ പശ്ചിമേഷ്യയിൽ അസ്ഥിരത ഉണ്ടാക്കുന്നതിന് മതിയാകുന്നില്ല എന്നുകണ്ട അമേരിക്കയും ഇസ്രയേലും ഇപ്പോൾ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രങ്ങളിലൊന്നായ ഇറാനുനേരെ തങ്ങളുടെ വിനാശകരവും തരംതാണതുമായ സൈനികാക്രമണം ആരംഭിച്ചിരിക്കുകയാണ്.

ഇറാനുനേരെ ഇപ്പോൾ അഴിച്ചുവിട്ടിട്ടുള്ള ഈ യുദ്ധം തുടങ്ങിയത് 2026 ഫെബ്രുവരിയിൽ ടെഹ്റാനിൽ നടത്തിയ ആദ്യത്തെ ബോംബാക്രമണത്തോടുകൂടിയല്ല. മറിച്ച്, അത് ഈ ഇസ്ലാമിക് റിപ്പബ്ലിക്കിനു നേരെ അമേരിക്കയും അതിന്റെ സഖ്യകക്ഷികളും ദശകങ്ങളായി അഴിച്ചുവിട്ടിട്ടുള്ള ശത്രുതയുടെയും ഉപരോധങ്ങളുടെയും രഹസ്യനീക്കങ്ങളുടെയും സൈനിക സമ്മർദ്ദത്തിന്റെയും പര്യവസാനമാണ്. ഇപ്പോഴത്തെ ഈ സംഘർഷത്തെ കൃത്യമായി മനസ്സിലാക്കുന്നതിന്, അതിനെ പശ്ചിമേഷ്യയിലെ സാമ്രാജ്യത്വ അധികാരത്തിന്റെ നീണ്ടകാല ചരിത്രത്തോടും നിർദയമായ ഈ ബാഹ്യ സമ്മർദ്ദത്തിനു കീഴിൽ തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരം നിലനിർത്തുന്നതിന് ഇറാനെപ്പോലെയുള്ള രാഷ്ട്രങ്ങൾ നടത്തിയ പോരാട്ടത്തോടും ചേർത്തുവെച്ച് വായിക്കേണ്ടതുണ്ട്.

ദിവസങ്ങൾക്കകം സൈനികാക്രമണത്തിന്റെ തോത് നാടകീയമാംവിധം വ്യാപിച്ചു; ഇറാനിലുടനീളമുള്ള മർമ്മപ്രധാനമായ ആയിരക്കണക്കിന് കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടു; ഓപ്പറേഷൻ എപ്പിക് ഫ്യൂറി എന്നാണ് അമേരിക്ക ഈ ആക്രമണത്തിനു നൽകിയ പേര്; ഇറാന്റെ സൈനിക ശേഷിയെ ഇല്ലാതാക്കുവാനും രാഷ്ട്രീയനേതൃത്വത്തെ ദുർബലപ്പെടുത്തുവാനുംവേണ്ടി ആസൂത്രണം ചെയ്യപ്പെട്ട തന്ത്രത്തിന്റെ ഭാഗമാണത്. മിഡിൽ ഈസ്റ്റിലുടനീളം മിസൈൽ ആക്രമണങ്ങളും ഡ്രോൺ ആക്രമണങ്ങളും അങ്ങോട്ടുമിങ്ങോട്ടും തുടരെത്തുടരെ അഴിച്ചുവിട്ടപ്പോൾ ഇറാന്റെ അതിർത്തികളിലാകെ ആക്രമണം വളരെ വേഗം തന്നെ പടർന്നുപിടിച്ചു; ലബനനും ഗൾഫ് രാഷ്ട്രങ്ങളും മേഖലയിലുടനീളമുള്ള അമേരിക്കൻ സൈനിക താവളങ്ങളും അതിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു.

ഈ യുദ്ധം നടത്തുന്നതിനുള്ള ഔദ്യോഗിക ന്യായീകരണം നമുക്കെല്ലാം പരിചിതമാണ്: ഇറാനുമേൽ ആരോപിക്കപ്പെട്ടിട്ടുള്ള ആണവ ലക്ഷ്യങ്ങളും മേഖലയിലെ മിലിഷ്യകൾക്ക് അത് നൽകുന്നുവെന്ന് പറയപ്പെടുന്ന പിന്തുണയും. ഈ യുദ്ധത്തിനു പിന്നിലെ യുക്തിയെ ഈ തെറ്റായ അവകാശവാദങ്ങളിൽ മാത്രമായി കുറച്ചുകാണാൻ പാടില്ല. നേരേമറിച്ച്, ഇത് തുടങ്ങുന്നത് ശക്തമായ ഭൗമരാഷ്ട്രീയ ലക്ഷ്യങ്ങളിൽ നിന്നാണ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ ഊർജ്ജ കരുതൽശേഖരങ്ങൾ ഉള്ളതും ആഗോള വ്യാപാരപാതയിൽ നിർണായകമായ സ്ഥാനം വഹിക്കുന്നതുമായ ഒരു മേഖലയിൽ പാശ്ചാത്യ ആധിപത്യം നിലനിർത്തുന്നതിനുള്ള ലക്ഷ്യത്തിൽ നിന്നാണത് ഉടലെടുക്കുന്നത്.

1953 ന്റെ ദീർഘമായ നിഴലുകൾ
ഈ സംഘർഷത്തിന്റെ വേരുകൾ നീളുന്നത് 1953 ലേക്കാണ്. ഇറാനിലെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി മുഹമ്മദ് മൊസാദേക്കിനെതിരായി അമേരിക്കയും ബ്രിട്ടനും ചേർന്ന് അട്ടിമറി പ്രവർത്തനം ആസൂത്രണംചെയ്ത് നടപ്പിലാക്കിയത് 1953ലാണ്. മൊസാദേക്ക് ചെയ്ത കുറ്റം, സാമ്രാജ്യത്വശക്തികളുടെ കണ്ണുകളിൽ,വളരെ ലളിതമായിരുന്നു: അതായത് മൊസാദേക്ക് ഇറാനിലെ എണ്ണ വ്യവസായം ദേശസാൽക്കരിച്ചു; രാജ്യത്തെ ഏറ്റവും മൂല്യവത്തായ ആ വിഭവത്തിനുമേലുള്ള പാശ്ചാത്യ നിയന്ത്രണത്തെ വെല്ലുവിളിക്കുന്ന നീക്കമായിരുന്നു അത്. ഈ അട്ടിമറി പ്രവർത്തനം ഷായെ അധികാരത്തിൽ തിരിച്ചെത്തിക്കുകയും പാശ്ചാത്യ ഗവൺമെന്റുകളുടെ പിന്തുണയോടെ ദശകങ്ങൾനീണ്ട സ്വേച്ഛാധിപത്യ വാഴ്ച ഇറാനിൽ ഊട്ടിയുറപ്പിക്കുകയും ചെയ്തു.

1979ൽ നടന്ന ഇറാനിയൻ വിപ്ലവം ഷായെ അധികാരത്തിൽനിന്ന് താഴെയിറക്കുകയും ഇസ്ലാമിക റിപ്പബ്ലിക് സ്ഥാപിക്കുകയും ചെയ്തു. പക്ഷേ, ഇറാനുമേലുള്ള സാമ്രാജ്യത്വ സമ്മർദ്ദം അവസാനിപ്പിക്കാനായില്ല. പകരം അതോടുകൂടി ഏറ്റുമുട്ടലിന്റെ പുതിയൊരു ഘട്ടത്തിന് തുടക്കമായി. അന്നുമുതൽ വാഷിംഗ്ടൺ തുടർച്ചയായൊരു തന്ത്രം നടപ്പാക്കി: അതായത്, സാമ്പത്തികമായി ഇറാനെ ഒറ്റപ്പെടുത്തുക, ആ രാജ്യത്തിന്റെ പ്രാദേശിക സഖ്യങ്ങളെ ദുർബലപ്പെടുത്തുക, ഒപ്പം സാധ്യമാകുമെങ്കിൽ രാജ്യത്തിനകത്ത് രാഷ്ട്രീയ പരിവർത്തനം ബലമായി കൊണ്ടുവരിക. പിന്നീടങ്ങോട്ട് ഇറാനുനേരെ നടന്ന ഉപരോധങ്ങൾ, രഹസ്യ അട്ടിമറിനീക്കങ്ങൾ, ഇറാനിയൻ ശാസ്ത്രജ്ഞരുടെ കൊലപാതകങ്ങൾ, സൈനിക ഭീഷണികൾ എന്നിവയെല്ലാംതന്നെ ഈ തന്ത്രത്തിന്റെ ഭാഗമായിരുന്നു. ഇപ്പോഴത്തെ ഈ യുദ്ധം ആ നയത്തിന്റെ ഏറ്റവും നഗ്നമായ പ്രകടനത്തെയാണ് കാണിക്കുന്നത്.

ഉപരോധങ്ങളിൽനിന്ന് 
ബോംബുകളിലേക്ക്
സാമ്പത്തിക യുദ്ധങ്ങളിലൂടെ ഇറാനെ നിയന്ത്രിച്ചുനിർത്താൻ വർഷങ്ങളോളം അമേരിക്ക ശ്രമിച്ചു. ഇറാനിലെ ബാങ്കിംഗ് സംവിധാനത്തെയും എണ്ണ കയറ്റുമതിയെയും വ്യാവസായിക മേഖലകളെയും ലക്ഷ്യമിട്ടുകൊണ്ടുള്ള ഉപരോധങ്ങൾ അവിടുത്തെ ജനങ്ങൾക്ക് കഠിനമായ സാമ്പത്തിക ദുരിതങ്ങൾ ഉണ്ടാക്കി. ഈ ഉപരോധങ്ങൾ ഇറാന്റെ സാമ്പത്തിക വളർച്ചയിലും വ്യാപാര സംയോജനത്തിലും നിക്ഷേപത്തിലും സുപ്രധാനമായ തകർച്ചകൾ ഉണ്ടാക്കിയെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്; ആ തകർച്ച ആഭ്യന്തരയുദ്ധങ്ങൾ നേരിടുന്ന രാജ്യങ്ങളിൽ ഉണ്ടായ നഷ്ടങ്ങൾക്ക് സമാനമാണ് എന്നും പഠനങ്ങൾ കാണിക്കുന്നു. എന്നിട്ടും, ഈ ഉപരോധങ്ങൾ കൊണ്ടുമാത്രം വാഷിംഗ്ടൺ ആഗ്രഹിച്ച രാഷ്ട്രീയ നേട്ടങ്ങൾ സാധ്യമാക്കാനായില്ല. ഇറാൻ എന്ന രാഷ്ട്രം തകർച്ചയിലേക്ക് വീഴുന്നതിനുപകരം ചെറുത്തുനിൽപ്പ് കൂടുതൽ ഊട്ടിയുറപ്പിക്കുകയും അതേസമയംതന്നെ പാശ്ചാത്യ അധികാര കേന്ദ്രങ്ങളോടുള്ള നീരസം കടുപ്പിക്കുകയുമാണ് ചെയ്തത്.

ഇതിനോട് അമേരിക്ക പ്രതികരിച്ചത് തങ്ങളുടെ സൈനിക വിന്യാസം ക്രമേണ വിപുലീകരിച്ചുകൊണ്ടാണ്. മിഡിൽ ഈസ്റ്റിലുടനീളം വ്യോമ – നാവികസേനകളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും വൻതോതിൽ വിന്യസിച്ചു; ഒരു ഏറ്റുമുട്ടലിനുള്ള തയ്യാറെടുപ്പിന്റെ സൂചനയായിരുന്നു അത്; ഈ ദശകങ്ങളിലെ ഏറ്റവും വലിയ മേഖലാതലയുദ്ധമായി ആ ഏറ്റുമുട്ടൽ മാറുമെന്ന് വിദഗ്ധർ താക്കീത് നൽകിയിരുന്നു. ഇപ്പോൾ 2026 ഫെബ്രുവരിയിൽ ബോംബുകൾ വർഷിക്കപ്പെടുമ്പോൾ, ദീർഘനാൾ നീണ്ട ഈ വിപുലീകരണ പ്രക്രിയയുടെ പര്യവസാനമായി വേണം അതിനെ കാണാൻ.

മേഖലാതല 
ആധിപത്യത്തിനുവേണ്ടിയുള്ള യുദ്ധം
ഇറാനെതിരായ യുദ്ധത്തെ മേഖലാതല അധികാര ബലാബലത്തിന്റെ പശ്ചാത്തലത്തിനുള്ളിൽ നിന്നുകൊണ്ടും വിലയിരുത്തേണ്ടതുണ്ട്. പശ്ചിമേഷ്യയിലൂടനീളം ഇറാൻ രാഷ്ട്രീയ – സൈനിക സഖ്യങ്ങളുടെ വിപുലമായൊരു ശൃംഖലതന്നെ കെട്ടിപ്പടുത്തിട്ടുണ്ട്; പ്രതിരോധത്തിന്റെ അച്ചുതണ്ട് എന്നാണ് ഈ ശൃംഖല പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്നത്; ലെബനനിലെ ഹിസ്ബുള്ള പോലെയുള്ള ഗ്രൂപ്പുകളും ഇറാഖിലെയും സിറിയയിലെയും വിവിധ മിലിഷ്യകളും ഈ ശൃംഖലയിൽ ഉൾപ്പെടുന്നുമുണ്ട്.

ഈ സഖ്യങ്ങൾ ശീതസമരം അവസാനിച്ചതുമുതലിങ്ങോട്ട് മേഖലയിൽ അമേരിക്ക നിലനിർത്തിപ്പോരുന്ന തന്ത്രപരമായ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണ്. വാഷിംഗ്ടന്റെ സൈനികത്താവളങ്ങളുടെ ശൃംഖലകളും ഇസ്രയേൽ, സൗദി അറേബ്യ, ഗൾഫ് രാഷ്ട്രങ്ങൾ തുടങ്ങിയവയുമായുള്ള അതിന്റെ കൂട്ടുകെട്ടുമാണ് മേഖലാതല ആധിപത്യത്തിന്റെ നട്ടെല്ലായി വർത്തിക്കുന്നത്.

ഇറാന്റെ സ്വാധീനം ഈ സംവിധാനത്തെ കുഴപ്പത്തിലാക്കുന്നു. അമേരിക്കയുടെയും ഇസ്രയേലിന്റെയും ആധിപത്യത്തെ ചെറുക്കുന്ന പ്രസ്ഥാനങ്ങളെയും മുന്നേറ്റങ്ങളെയും പിന്തുണയ്ക്കുന്നതുവഴി മേഖലയിലെ രാഷ്ട്രീയ ഭൂമികയുടെ ഒരു കേന്ദ്ര ബിന്ദുവായി ഇറാൻ സ്വയം സ്ഥാനമുറപ്പിച്ചിട്ടുണ്ട്. വാഷിംഗ്ടനെ സംബന്ധിച്ചിടത്തോളം, ഈ ശൃംഖലയെ തകർക്കുക എന്നത് തന്ത്രപരമായ മുൻഗണനയാണ്. അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ ഈ യുദ്ധം കേവലം ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ടുള്ളതല്ല; മറിച്ച് അത് മിഡിൽ ഈസ്റ്റിലെ അധികാര സന്തുലനത്തെ പുനഃസംഘടിപ്പിക്കുന്നതിനുവേണ്ടിയുള്ളതാണ്.

യുദ്ധത്തിനു നൽകേണ്ടിവരുന്ന
 മാനുഷികമായ വില
എല്ലാ സാമ്രാജ്യത്വ യുദ്ധങ്ങളിലെയും പോലെതന്നെ, ഇവിടെയും ഏറ്റവും വലിയ ഭാരം ചുമക്കേണ്ടിവരുന്നത് സാധാരണ ജനങ്ങളാണ്. സംഘർഷത്തിന്റെ ആദ്യ ആഴ്ചയിൽതന്നെ, ഇറാനിലുടനീളം നടന്ന ആക്രമണത്തിൽ നൂറുകണക്കിന് സാധാരണ പൗരർ കൊല്ലപ്പെട്ടു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു; മിനാബിൽ സ്കൂളിനുനേരെ നടന്ന ആക്രമണത്തിൽ 170 പെൺകുട്ടികൾ കൊല്ലപ്പെട്ടതടക്കം ഇതിൽ ഉൾപ്പെടുന്നു. അതുകൂടാതെ, പരിക്കേൽപ്പിക്കപ്പെട്ട ആയിരക്കണക്കിന് പേരും, മേഖലയിൽ സംഘർഷം വ്യാപിക്കുന്നതിനാൽ തങ്ങളുടെ താമസ സ്ഥലത്തുനിന്നും ഒഴിപ്പിക്കപ്പെട്ട മുഴുവൻ സമൂഹവും യുദ്ധത്തിന്റെ ഭാരം പേറുന്നവരാണ്.

അതേസമയംതന്നെ, ഈ യുദ്ധം ആഗോള ഊർജ്ജ കമ്പോളങ്ങളെയും വ്യാപാരപാതകളെയും – പ്രത്യേകിച്ചും ഹോർമൂസ് കടലിടുക്കിലൂടെയുള്ള പാത – തടസ്സപ്പെടുത്തിയിരിക്കുകയാണ്; എണ്ണവിതരണം നടത്തുന്നതിനുവേണ്ടിയുള്ള ലോകത്തിലെ ആകെ യാത്രകളുടെ അഞ്ചിൽ ഒന്നും കടന്നുപോകുന്ന ഒരു പാതയാണ് ഹോർമൂസ് കടലിടുക്ക്. നീണ്ടുനിൽക്കുന്ന സംഘർഷത്തിന്റെ സാമ്പത്തികമായ പ്രത്യാഘാതങ്ങൾ ആഗോള സമ്പദ്ഘടനയിലാകെ പ്രതിഫലിക്കും; എണ്ണ വില ഉയരുകയും നാണയപ്പെരുപ്പം കൂടുതൽ ശക്തമാവുകയും ചെയ്യും.

പക്ഷേ ഏറ്റവും വിനാശകരമായ ഫലങ്ങൾ ഉണ്ടാവുക ആ മേഖലയ്ക്കകത്തു തന്നെയായിരിക്കും. ഈ യുദ്ധം ഇപ്പോൾതന്നെ ലബനനിലും സിറിയയിലും ഇറാഖിലും യമനിലും മാനുഷിക പ്രതിസന്ധികൾ കൂടുതൽ ആഴത്തിലാക്കിയിട്ടുണ്ട്. മേഖലയിലെ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്ന ഒരു സംഘർഷമായി ഇതു മാറിയാൽ അത് ഇനിയും ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്കും ആട്ടിയോടിക്കലിലേക്കും തള്ളിവിടും.

അധികാരമാറ്റം എന്ന മിഥ്യാധാരണ
സൈനിക സമ്മർദ്ദം ഇറാനിൽ ഭരണമാറ്റം കൊണ്ടുവരുമെന്നാണ് യുദ്ധത്തെ അനുകൂലിക്കുന്നവർ മിക്കപ്പോഴും പറയാറുള്ളത്. അമേരിക്കൻ വിദേശ നയത്തിന് അകത്തുതന്നെ ദീർഘനാളുകളായി നിലകൊള്ളുന്ന ഒരു അനുമാനത്തെയാണ് ഈ വിശ്വാസം പ്രതിഫലിപ്പിക്കുന്നത്: അതായത് വിപുലമായ സൈനികശക്തിക്ക് മറ്റൊരു രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥയെ പുനർനിർമ്മിക്കാനാകുമെന്ന അനുമാനം. എന്നിരുന്നാലും ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്നതിന് ചരിത്രം വളരെകുറച്ചു തെളിവുകൾമാത്രമേ നൽകുന്നുള്ളൂ. ഇറാഖിൽ തുടങ്ങി അഫ്ഗാനിസ്ഥാൻ വരെ, യുദ്ധത്തിലൂടെ രാഷ്ട്രീയ പരിവർത്തനം അടിച്ചേൽപ്പിക്കുവാനുള്ള ശ്രമങ്ങൾ സൃഷ്ടിച്ചത് അസ്ഥിരതയും ശിഥിലീകരണവും അധികഠിനമായ മാനുഷിക ദുരിതങ്ങളുമാണ്.

വളരെ വലിയ ജനസംഖ്യയും സങ്കീർണമായ രാഷ്ട്രീയ വ്യവസ്ഥയും ആഴത്തിലുള്ള ദേശീയ സ്വത്വബോധവുമുള്ള ഇറാൻ ഇതിൽനിന്നും വ്യത്യസ്തമായ ഒരു പാത പിന്തുടരാൻ സാധ്യതയില്ല. ബാഹ്യ ശക്തികൾ നടത്തുന്ന ഈ കയ്യേറ്റം രാഷ്ട്രത്തെ ദുർബലമാക്കുന്നതിനുപകരം അവിടുത്തെ ദേശാഭിമാന വികാരത്തെ ശക്തിപ്പെടുത്തുകയും രാജ്യത്തിനകത്തുള്ള രാഷ്ട്രീയ ശക്തികളെ ഒരുമിപ്പിക്കുകയും ചെയ്യും.

അപകടകരമായ വ്യാപനം
ഒരുപക്ഷേ ഈ യുദ്ധത്തിന്റെ ഏറ്റവും ഭയപ്പെടുത്തുന്ന വശം എന്നു പറയുന്നത് അതിന്റെ വ്യാപനം ഉണ്ടാക്കുന്ന അപകടമാണ്. മേഖലയിലുടനീളമുള്ള അമേരിക്കൻ സൈനിക താവളങ്ങളിലേക്കും ഇസ്രയേൽ കേന്ദ്രങ്ങളിലേക്കും ഇറാൻ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചു കഴിഞ്ഞു. സംഘർഷം കൂടുതൽ വ്യാപിക്കുംതോറും റഷ്യയും ചൈനയും അടക്കമുള്ള മറ്റു ശക്തികൾ പ്രത്യക്ഷമായോ പരോക്ഷമായോ കൂടുതൽ ആഴത്തിൽ ഇടപെട്ടേക്കാം. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ സൈനികവത്കരിക്കപ്പെട്ട മേഖലകളിലൊന്നാണ് മിഡിൽ ഈസ്റ്റ്. ഇത്തരത്തിൽ ഒരു കലുഷിതമായ ഭൂമികയിൽ മറ്റൊരു പ്രധാന യുദ്ധംകൂടി ഉണ്ടാക്കുക എന്നത് ഇറാന്റെ അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിക്കാവുന്ന സംഘർഷങ്ങളുടെ ഒരു നീണ്ട നിരതന്നെ സൃഷ്ടിച്ചേക്കാം.

വ്യത്യസ്തമായൊരു ഭാവിയിലേക്ക്
ഇപ്പോഴത്തെ ഈ നിമിഷത്തിന്റെ ഏറ്റവും പരിതാപകരമായ വസ്തുത എന്തെന്നാൽ യുദ്ധത്തിലേക്ക് പോകാതിരിക്കാനുള്ള ബദലുകൾ നിലവിലുണ്ടായിരുന്നു, ഇപ്പോഴും നിലവിലുണ്ട് എന്നതാണ്.

ഇറാന് ഒരിക്കലും ഒരു അണുവായുധ പദ്ധതി ഉണ്ടായിരുന്നില്ല. പക്ഷേ നീണ്ടുനിൽക്കുന്ന കൂടിയാലോചനകളിലേക്ക് ഇറാനെ വലിച്ചിഴയ്ക്കുന്നതിനുവേണ്ടി അമേരിക്ക ഈ കപടവാദത്തെ ഉപയോഗിച്ചു. ചർച്ചയുടെ കേന്ദ്രം എന്നത് മേഖലാതല സുരക്ഷയായിരിക്കണം; തീർച്ചയായും 2023ൽ ബെയ്ജിങ്ങിൽവച്ചും 2024ൽ റിയാദിൽവെച്ചും 2025ൽ ടെഹ്റാനിൽവെച്ചും നടന്ന ചൈന –- ഇറാൻ – – സൗദി അറേബ്യ സംഭാഷണങ്ങളിൽ ഉണ്ടായതും അതുതന്നെയാണ്.

എന്നാൽ ഇതിനുപകരം വാഷിംഗ്ടണും അതിന്റെ സഖ്യകക്ഷികളും സ്വീകരിച്ച പാത ആക്രമണത്തിന്റേതായിരുന്നു.

ഇറാനു നേരെയുള്ള ഈ യുദ്ധം കേവലമായ ഒരു പ്രാദേശിക സംഘർഷമല്ല. മറിച്ച് അത് അന്താരാഷ്ട്ര ക്രമം നേരിടുന്ന കനത്ത പ്രതിസന്ധിയുടെ പ്രതിഫലനമാണ്. ആഗോള അധികാര സന്തുലനം മാറിമറിയുകയും പുതിയ സ്വാധീന കേന്ദ്രങ്ങൾ ഉടലെടുക്കുകയും ചെയ്യുമ്പോൾ പഴയ സാമ്രാജ്യത്വ വ്യവസ്ഥ സൈനിക ശക്തിയിലൂടെ അതിന്റെ ആധിപത്യം നിലനിർത്താൻ ശ്രമിക്കുന്നു.

പക്ഷേ ചരിത്രം നമ്മളോട് പറയുന്നത് ഇത്തരം ശ്രമങ്ങളെല്ലാം ആത്യന്തികമായി വ്യർത്ഥമാണ് എന്നാണ്. സാമ്രാജ്യങ്ങൾ തങ്ങളുടെ അധികാരം നിലനിർത്തുന്നതിനുവേണ്ടി യുദ്ധങ്ങൾ അഴിച്ചുവിട്ടേക്കാം, പക്ഷേ മാറ്റത്തിന്റെ ശക്തികളെ തടഞ്ഞുനിർത്തുന്നതിൽ അവർ വിജയിക്കുക അപൂർവ്വമാണ്.

ലോകം ഇപ്പോൾ അഭിമുഖീകരിക്കുന്ന ചോദ്യം, മാനവരാശി ഈ യുദ്ധങ്ങൾ തുടരുന്നതിന് അനുവദിക്കുമോ അതോ അതിനെ ചെറുക്കാൻ ശേഷിയുള്ള ഒരു പുതിയ സാർവദേശീയത ആവിർഭവിക്കുമോ എന്നുള്ളതാണ്.

മറ്റെല്ലാ രാജ്യത്തെയും ജനങ്ങളെപ്പോലെതന്നെ ഇറാനിലെ ജനതയും ബാഹ്യസമ്മർദ്ദത്തിൽനിന്നും ബലപ്രയോഗത്തിൽനിന്നും സ്വതന്ത്രമായി തങ്ങളുടെ ഭാവി സ്വയം നിർണയിക്കുവാനുള്ള അവകാശം അർഹിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ നിരന്തരമായ സാമ്രാജ്യത്വ ഇടപെടലിന് അന്ത്യം കുറിക്കുക എന്നത് കേവലമൊരു മേഖലാതല അനിവാര്യതയല്ല; തീർച്ചയായും അതൊരു ആഗോള അനിവാര്യത തന്നെയാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × 2 =

Most Popular