48 മണിക്കൂർ യുദ്ധം ആയിരിക്കും എന്നുള്ള പ്രതീക്ഷയിലാണ് അമേരിക്കയും ഇസ്രയേലും പടയ്ക്കിറങ്ങിയത്. ഇറാന്റെ നേതൃത്വത്തിനും സൈനിക പ്രഹരശേഷിക്കും കനത്ത ആഘാതം ഏൽപ്പിച്ചാൽ പിന്നെ ബാക്കി ഇറാനിലെ അസംതൃപ്തരായ ജനങ്ങൾ കൈകാര്യം ചെയ്തുകൊള്ളും എന്നാണു ട്രംപ് കരുതിയത്. ആക്രമണം കഴിഞ്ഞ് ട്രംപ് ഇങ്ങനെ വമ്പ് പറയുകയും ചെയ്തു. എന്നാൽ ഇന്ന് യുദ്ധം രണ്ടാം ആഴ്ചയിലാണ്. ഇറാൻ തിരിച്ചടിച്ചുകൊണ്ടേയിരിക്കുന്നു. ട്രംപ് ലക്ഷ്യമിട്ടതുപോലെ ഒരു സംഭവവികാസം ഉണ്ടായാൽ എന്തു ചെയ്യണം എന്നുള്ളത് സംബന്ധിച്ച് വ്യക്തത വികേന്ദ്രീകൃത കമാന്റുകൾക്ക് ഉണ്ടായിരുന്നു എന്നുവേണം മനസ്സിലാക്കാൻ. ഇറാൻ ഭരണ നേതൃത്വത്തോട് എന്തെതിർപ്പുണ്ടെങ്കിലും അമേരിക്കയുടെ കടന്നാക്രമണം ജനങ്ങളെ ചെറുത്തുനിൽപ്പിനായി ഒന്നിപ്പിച്ചു എന്നാണ് കാണുന്നത്.
ചുരുക്കത്തിൽ 48 മണിക്കൂറിൽ അവസാനിക്കേണ്ടതെന്ന് അവകാശപ്പെട്ടിരുന്ന യുദ്ധം ആഴ്ചകളോ മാസങ്ങളോ നീണ്ടേക്കാം. ഇത്തരമൊരു സംഭവവികാസം ആഗോള സമ്പദ്ഘടനയിൽ എന്തു പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും? മൂന്നു ചോദ്യങ്ങൾക്കാണ് ഇവിടെ ഉത്തരം കാണേണ്ടത്.
എണ്ണവില ഉയരുമ്പോൾ ആഗോള വിലക്കയറ്റത്തിന് എന്തു സംഭവിക്കും?
യുദ്ധത്തിന്റെ അനിശ്ചിതത്വം ആഗോള ഉൽപ്പാദന മാന്ദ്യത്തിലേക്ക് നയിക്കുമോ?
ആഗോള അസമത്വത്തെയും ക്ഷേമത്തെയും യുദ്ധം എങ്ങനെ സ്വാധീനിക്കും?
എണ്ണവിലയും വിലക്കയറ്റവും
ഈ ലേഖനം എഴുതുമ്പോൾ ആഗോള വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 100 ഡോളർ കടന്നു. ഉക്രയിൻ യുദ്ധത്തെ തുടർന്ന് 94 മുതൽ 98 ഡോളർ വരെ വില വന്ന ക്രൂഡോയിൽ 2025 ആയപ്പോഴേയ്ക്കും 65 ഡോളറിലേക്ക് താഴ്ന്നു. 2026 ൽ ബാരലിന് 58 ഡോളറിനും മുതൽ 68 ഡോളറിനുമിടയിൽ ആയിരിക്കും ക്രൂഡോയിൽ വില എന്നാണു കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ യുദ്ധം തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ ക്രൂഡോയിൽ വില 100 ഡോളർ കടന്നിരിക്കുന്നു. യുദ്ധം തുടർന്നാൽ അത് 120 മുതൽ 150 വരെ ഡോളറായി വർധിച്ചേക്കാം.
ഇവിടെ പെട്രോൾ വില 105 രൂപയല്ലേ? ക്രൂഡ് ഓയിൽ വില 65 ആയപ്പോൾ നിശ്ചയിച്ചതാണത്. ക്രൂഡോയിൽ വില 150 ആവുമ്പോൾ പെട്രോൾ വില എത്രയാവും? ഒരു ശതമാനം ക്രൂഡോയിൽ വില കൂടിയാൽ 0.5ശതമാനം പെട്രോൾ വില ഉയരണം എന്നാണ് ഒരു അനുമാനക്കണക്ക്. പെട്രോളിന്റെ വില ലിറ്ററിന് 130 മുതൽ 150 രൂപയായി വർധിച്ചാൽ ഇന്ത്യയിലെ വിലക്കയറ്റത്തിന് എന്തു സംഭവിക്കും എന്ന് ചിന്തിച്ചു നോക്കൂ. ഇതുതന്നെയാണ് ആഗോള സമ്പദ് ഘടനയിലെ പ്രശ്നം.
ആഗോള എണ്ണ ഉൽപ്പാദനത്തിൽ ഇറാന്റെ വിഹിതം 3 ശതമാനം മുതൽ 4 ശതമാനം വരെ മാത്രമേ വരൂ. പക്ഷേ മറ്റ് അറബ് രാജ്യങ്ങൾ കൂടി എടുത്താൽ ആഗോള എണ്ണ ഉൽപ്പാദനത്തിന്റെ 30 മുതൽ 35 ശതമാനം എത്തും. ഇറാന്റെ പ്രത്യാക്രമണം രണ്ടു രീതിയിലാണ് എണ്ണയെ ബാധിച്ചിട്ടുള്ളത്.
പശ്ചിമേഷ്യൻ രാജ്യങ്ങളുടെ ക്രൂഡോയിൽ ലോക കമ്പോളത്തിലേക്ക് എത്തിക്കണമെങ്കിൽ ഹോർമുസ് കടലിടുക്കിലൂടെയാണ് കൊണ്ടുപോകേണ്ടത്. ആഗോള എണ്ണ ഉൽപ്പാദനത്തിന്റെ ഏതാണ്ട് മൂന്നിലൊന്ന് ഇതുവഴിയാണ് ഒഴുകുന്നത്. ഈ കടലിടുക്കിനുമേൽ സമ്പൂർണ ആധിപത്യമാണ് ഇറാനുള്ളത്. ഇതു പൂർണമായി അടച്ചാൽ ലോക എണ്ണ കമ്പോളം തകിടംമറിയും. ഇപ്പോൾ ഭാഗികമായേ ചരക്ക് നീക്കത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളൂ.
ഇറാന്റെ രണ്ടാമത്തെ പ്രത്യാക്രമണ അടവ് അമേരിക്കൻ താവളങ്ങളുള്ള അറബ് രാജ്യങ്ങളുടെ എണ്ണശേഖരത്തെ ലക്ഷ്യമിടുകയാണ്. ഇപ്പോൾ ഭയപ്പെടുത്താനുള്ള ചില ആക്രമണങ്ങൾ മാത്രമേ ഇറാൻ നടത്തിയിട്ടുള്ളൂ. പൂർണ യുദ്ധത്തിലേക്ക് നീങ്ങിയാൽ അത് ആഗോള എണ്ണ ഉൽപ്പാദനത്തെതന്നെ ബാധിക്കും.
ആഗോള സാങ്കൽപ്പിക വില സൂചികയിൽ എണ്ണയുടെ പ്രാധാന്യം ഏതാണ്ട് 8 ശതമാനം വരും. IMF ന്റെ കണക്കുകൂട്ടലിൽ, എണ്ണ വില തുടർച്ചയായി 10 ശതമാനം ഉയർന്നു നിന്നാൽ 1 മുതൽ 3 വരെ വർഷത്തിനകം വില സൂചികയിൽ 0.4 പോയിന്റിന്റെ വർദ്ധനവ് ഉണ്ടാവും.
ഇറാൻ യുദ്ധത്തെ തുടർന്ന് എണ്ണ വിലയിലുണ്ടായ വർധന ഇതിനകംതന്നെ ആഗോള വിലക്കയറ്റത്തിൽ ശക്തമായ സമ്മർദ്ദം ചെലുത്തിത്തുടങ്ങിയിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൂട്ടൽ പ്രകാരം ക്രൂഡോയിൽ വില 100 ഡോളറിനു മുകളിൽ തുടർന്നാൽ 2026 ൽ ആഗോള വിലക്കയറ്റം 0.5 മുതൽ ഒരു ശതമാനംവരെ പോയിന്റെങ്കിലും ഉയരും.
ഇറാൻ യുദ്ധത്തിന്റെ ആദ്യത്തെ പ്രത്യാഘാതം ആഗോള വിലക്കയറ്റത്തിന്റെ രൂപത്തിലായിരിക്കും.
ആഗോള ഉൽപ്പാദനം
ആഗോള ഉൽപ്പാദനത്തെയും കോർപ്പറേറ്റ് ഉൽപ്പാദനത്തെയും ലാഭത്തെയും സംബന്ധിച്ച നിക്ഷേപകരുടെ പ്രതീക്ഷകളാണ് ഓഹരി കമ്പോളത്തിലെ വിലയിൽ പ്രതിഫലിക്കുന്നത്. ഫെബ്രുവരി 28 നു ശേഷം അമേരിക്കയിൽ ഓഹരി വിലകൾ 1 മുതൽ 1.5 ശതമാനം വരെ ഇടിഞ്ഞു. യൂറോപ്പ് എടുത്താൽ 2 മുതൽ 4 ശതമാനം വരെയാണ് ഓഹരി വിലയിലെ ഇടിവ്. ഏഷ്യൻ രാജ്യങ്ങളുടെ തകർച്ച 3 മുതൽ 12 ശതമാനം വരെയാണ്. ഇന്ത്യയും ചൈനയും അടക്കമുള്ള എമർജിങ് ഇക്കണോമിയിൽ 3 ശതമാനം മുതൽ 6 ശതമാനം വരെയാണ് തകർച്ച. ഇന്ത്യയിൽ നിഫ്റ്റി 6 ശതമാനവും സെൻസെക്സ് 8 ശതമാനവും ഇടിഞ്ഞു.
ആഗോള ഓഹരി വില താഴേയ്ക്കാണ്. പക്ഷേ തകർച്ചയിലേക്ക് കൂപ്പു കുത്തിയിട്ടില്ല. അമേരിക്കയുടെ കയ്യിൽ 1970 കളെ അപേക്ഷിച്ച് ഭീമമായ എണ്ണശേഖരമുണ്ട്. അതു തീരും മുൻപ് യുദ്ധം അവസാനിക്കും എന്ന പ്രതീക്ഷ ആണ്.
എങ്ങനെയൊക്കെയാണ് യുദ്ധം ആഗോള ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നത്?
ട്രംപിന്റെ തീരുവകൾ സൃഷ്ടിച്ച അനിശ്ചിതത്വത്തിന്റെ നടുവിലാണ് ആഗോള സമ്പദ്ഘടന. ആഗോള സാമ്പത്തിക വളർച്ച 2026 ൽ 3.2 ശതമാനം ആയിരിക്കും എന്നാണ് കണക്കുകൂട്ടൽ. യുദ്ധം പേർഷ്യൻ, ഗൾഫ് രാജ്യങ്ങളുടെ ഉൽപ്പാദനത്തിന് വലിയ തിരിച്ചടിയാവും. ആഗോള ഉൽപ്പാദനത്തിന്റെ ഏതാണ്ട് 3.5 ശതമാനം വരും ഇൗ രാജ്യങ്ങളുടെ ഉൽപ്പാദനം. യുദ്ധം മൂലം ഏറ്റവും കൂടുതൽ തിരിച്ചടി ഉണ്ടായിട്ടുള്ളത് വ്യോമയാന വ്യവസായത്തിനും, ടൂറിസം വ്യവസായത്തിനുമാണ്. ആഗോള വ്യാപാരത്തിന്റെ വളർച്ച കൂടുതൽ മന്ദീഭവിക്കും. ഇത്രയൊക്കെ സംഭവിക്കൂമെന്നത് തീർച്ചയാണ്. ഇതിന്റെ ഫലമായി ആഗോള സാമ്പത്തിക വളർച്ച 3.2 ൽ നിന്ന് താഴേയ്ക്ക് പോവുമെന്ന് തീർച്ചയായി. ഇത് തകർച്ചയിലേക്ക് നയിക്കുമോ ഇല്ലയോ എന്നത് സാമ്പത്തിക നയ സമീപനങ്ങളെ ആശ്രയിച്ചിരിക്കും.
സ്റ്റാഗ്ഫ്ലേഷൻ പ്രതിസന്ധി
നമ്മൾ മുകളിൽ വിവരിച്ചത് വിചിത്രമായ ഒരു സ്ഥിതിവിശേഷമാണ്. ഒരുവശത്ത് വിലക്കയറ്റം രൂക്ഷമാവുന്നു. മറുവശത്ത് സമ്പദ്ഘടന മാന്ദ്യത്തിലേക്ക് വഴുതിവീഴുകയാണ്. സാധാരണഗതിയിൽ രണ്ടും കൂടി ഒരേസമയം സംഭവിക്കാൻ പാടില്ലാത്തതാണ്. സാധാരണ സാമ്പത്തിക മാന്ദ്യകാലം വിലയിടിവിന്റെകൂടി കാലമാണ്. അതുപോലെ സാമ്പത്തിക അഭിവൃദ്ധിയുടെ കാലം വില വർധനവിന്റെയും കാലമായിരിക്കും. 1970 കളിലെ ഒപെക് എണ്ണ വിലവർദ്ധനവിന്റെ കാലത്താണ് ഈ പ്രതിഭാസം പ്രത്യക്ഷപ്പെട്ടത്. മാന്ദ്യവും (Stagnation) വിലക്കയറ്റവും (Inflation) ഒരുമിച്ചു പ്രത്യക്ഷപ്പെട്ടു. അതിനൊരു പുതിയ വാക്ക് കണ്ടുപിടിച്ചേ പറ്റൂ. അങ്ങനെ സ്റ്റാഗ്ഫ്ലേഷൻ (Stagnation + Inflation = Stagflation) എന്ന പ്രയോഗം നിലവിൽ വന്നു.
സാമ്പത്തിക മാന്ദ്യത്തിനുള്ള മരുന്ന് രണ്ടാണ്. ഒന്ന്, സർക്കാർ ചെലവുകൾ വർധിപ്പിക്കുക. രണ്ട്, പലിശനിരക്ക് കുറയ്ക്കുക. മാന്ദ്യം വിലയിടിവിന്റെ കൂടി കാലമാണല്ലോ. അതുകൊണ്ട് മേൽപ്പറഞ്ഞ നടപടികൾ വിപരീത ഫലങ്ങളൊന്നും ഉണ്ടാക്കില്ല. എന്നാൽ ഇങ്ങനെയല്ലല്ലോ ഇന്നത്തെ അവസ്ഥ. മാന്ദ്യത്തിനു കൊടുക്കുന്ന മരുന്നുകൾ വിലക്കയറ്റത്തിന് ഉത്തേജകമാകും. അങ്ങനെ വരുമ്പോൾ സാമ്പത്തിക മേഖലയിൽ ഇടപെടുക സർക്കാരുകൾക്ക് ദുഷ്കരമാകും. ഇത്തരമൊരു ഏടാകൂടത്തിലേക്കാണ് ആഗോള സമ്പദ്ഘടന നീങ്ങിക്കൊണ്ടിരിക്കുന്നത്.
ആഗോള അസമത്വവും ക്ഷേമവും
ആഗോള അസമത്വം ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒരു ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ഏറ്റവും സമ്പന്നരായ 10 ശതമാനം പേരാണ് ആഗോള വരുമാനത്തിന്റെ 53 ശതമാനവും കൈക്കലാക്കുന്നത്. ഏറ്റവും താഴ്ന്ന 50 ശതമാനം പേർക്ക് ആഗോള വരുമാനത്തിന്റെ 8 ശതമാനം മാത്രമേ ലഭിക്കുന്നുള്ളൂ. ഇവരുടെ വരുമാനത്തിന്റെ രണ്ടര മടങ്ങാണ് ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിന്റെ വരുമാനം.
ഏറ്റവും താഴ്ന്ന വരുമാനക്കാരായ 50 ശതമാനം പേരിൽ 85 മുതൽ 95 ശതമാനവും ഏറ്റവും താഴ്ന്ന വരുമാന രാജ്യങ്ങളിലും (സബ് സഹാറൻ ആഫ്രിക്ക തുടങ്ങിയവ) താഴ്ന്ന ഇടത്തരം വരുമാന രാജ്യങ്ങളിലും (ഇന്ത്യ, മറ്റു ദക്ഷിണേഷ്യൻ രാജ്യങ്ങൾ, ഇൻഡോനേഷ്യ തുടങ്ങിയവ) ആണ് ഉള്ളത്. എണ്ണ വില വർദ്ധനവിന്റെ ഭാരം ഇവരുടെ ചുമലിലാണ് വന്നുപതിക്കാൻ പോവുന്നത്. ഈ രാജ്യങ്ങൾക്ക് സ്വന്തമായി എണ്ണയില്ല. അതുകൊണ്ട് രൂക്ഷമായ വിലക്കയറ്റത്തെയും ഉൽപ്പാദന തകർച്ചയെയും നേരിടേണ്ടി വരും.
വിലക്കയറ്റം ഉണ്ടാകുമ്പോൾ സാധനങ്ങൾ വിൽക്കുന്നവർക്ക് നേട്ടമാണ്. സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് നഷ്ടവും. സാധാരണക്കാരന്റെ വരുമാനത്തിൽ ഒരു ഭാഗം ഉയർന്ന വിലകളിലൂടെ കോർപ്പറേറ്റുകൾക്കു കൈമാറുന്ന ഒരു സാമ്പത്തിക പ്രക്രിയയാണ് വിലക്കയറ്റം എന്നു പറയാം. അതുകൊണ്ട് വിലക്കയറ്റം മൂലം തൊഴിലെടുക്കുന്നവരുടെ യഥാർഥ വരുമാനം ഇടിയും; സാമ്പത്തിക അസമത്വം വർധിക്കും.
അസമത്വം വർധിക്കുന്നത് സാധാരണക്കാരുടെ ക്രയശേഷി കുറയ്ക്കും. ഇത് സാമ്പത്തിക മാന്ദ്യം കൂടുതൽ രൂക്ഷമാക്കും.
പ്രവാസികൾ
പശ്ചിമേഷ്യ ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസികൾ ജോലി ചെയ്യുന്ന പ്രദേശമാണ്. ഇറാനുമായിട്ടാണ് യുദ്ധമെങ്കിലും മുഴുവൻ പശ്ചിമേഷ്യയെയും യുദ്ധം ബാധിക്കുന്നു. ഇത് പ്രവാസികളുടെ ശാരീരിക സുരക്ഷിതത്വത്തെ മാത്രമല്ല, അവിടുന്നുള്ള വിദേശപണ റെമിറ്റൻസ്സിനെയും പ്രതികൂലമായി ബാധിക്കും. ഏതാണ്ട് 140 ബില്യൺ ഡോളറാണ് പശ്ചിമേഷ്യയിൽ നിന്ന് വർഷംതോറും അയയ്ക്കുന്നത്. ഇത് ആഗോള റെമിറ്റൻസിന്റെ 15 മുതൽ 18 ശതമാനം വരും. കേരളത്തിൽ നിന്നുള്ള 20 ലക്ഷം പ്രവാസികളും ഇതിൽ പെടും. ഒരു ലക്ഷം കോടിയിലേറെ രൂപയാണ് കേരളത്തിലേക്ക് അവർ അയയ്ക്കുന്നത്. യുദ്ധം ഇതിലെല്ലാം അനിശ്ചിതത്വം സൃഷ്ടിക്കുന്നു. ഇതിനൊക്കെ പുറമെ യുദ്ധം ദശലക്ഷക്കണക്കിനു ജനങ്ങളെ അഭയാർഥികളാക്കി മാറ്റിയേക്കാം.
കുവൈറ്റ് ആക്രമണ കാലത്തെ അനുഭവം നമുക്കുണ്ട്. ജിസിസി രാജ്യങ്ങൾക്ക് നേരിട്ട് യുദ്ധത്തിൽ പങ്കില്ലെങ്കിലും പശ്ചിമേഷ്യയെയാകെ ഗ്രസിക്കുന്ന രീതിയിലേക്ക് യുദ്ധഭീഷണി വളർന്നാൽ അത് പ്രവാസികളെ മാത്രമല്ല നമ്മളെയും പ്രതികൂലമായി ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ?
എന്തുചെയ്യണം?
ഒറ്റയ്‌ക്കൊറ്റയ്ക്ക് ഒരു രാജ്യത്തിനും അമേരിക്കയോട് വിലപേശാനാവില്ല. ഒരുമിച്ചു നിൽക്കണം. ഇതാണ് ബ്രസീലിന്റെ ലുല പറയുന്നത്. എന്നാൽ ഒരുകാലത്ത് ചേരിചേരാ പ്രസ്ഥാനത്തിന്റെ നായക സ്ഥാനമുണ്ടായിരുന്ന നമ്മുടെ രാജ്യത്തിന്റെ അവസ്ഥ ഇന്ന് എന്താണ്? ഇതിന് ഒറ്റ സംഭവംമാത്രം പരിശോധിച്ചാൽ മതി.
ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയ്ക്ക് സമീപം ഇറാന്റെ യുദ്ധക്കപ്പൽ ടോർപ്പിഡോ ചെയ്ത് അമേരിക്ക തകർത്തു. 87 നാവികർ കൊല്ലപ്പെട്ടതായിട്ടാണ് കണക്ക്. അന്താരാഷ്ട്ര സമുദ്രാതിർത്തിയിലാണ് സംഭവം. പക്ഷേ, നമ്മുടെ രാജ്യത്തിനു സമീപംവച്ചല്ലേ? ഒരു പ്രതിഷേധ പ്രസ്താവനയെങ്കിലും ഇന്ത്യാ സർക്കാരിന്റേതായിട്ടുണ്ടോ? മോദി എന്തെങ്കിലും അതേക്കുറിച്ച് മൊഴിഞ്ഞോ?
എന്തിന് എന്നായിരിക്കും ചിന്തിക്കുക? കാരണം ഈ കപ്പൽ ഇന്ത്യാ സർക്കാരിന്റെ ക്ഷണം സ്വീകരിച്ചിട്ട് മിലാൻ എന്നു പറയുന്ന നാവിക അഭ്യാസ പ്രകടനത്തിൽ പങ്കെടുക്കാൻ എത്തിയതാണ്. ഒരു മാസമായി വിശാഖപട്ടണത്ത് ഉണ്ടായിരുന്നു. ഇത്തരം സൈനിക അഭ്യാസങ്ങളുടെ പ്രോട്ടോക്കോൾ പ്രകാരം യുദ്ധസജ്ജീകരണത്തിനായി ആയുധ തയ്യാറെടുപ്പ് നടത്തുവാൻ പാടുള്ളതല്ല. അതുകൊണ്ട് യുദ്ധസജ്ജമല്ലാതെയായിരുന്നു മടക്കയാത്ര. ഈ യാത്രയെക്കുറിച്ച് അമേരിക്കയ്ക്ക് കൃത്യമായി അറിയാമായിരുന്നു. കാരണം, അമേരിക്കയും ഈ നാവിക അഭ്യാസത്തിൽ പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ അവസാന നിമിഷം അവർ പിന്മാറുകയാണ് ചെയ്തത്.
ആക്രമണത്തിൽ തകർന്ന യുദ്ധക്കപ്പലിൽ കുടുങ്ങിയ നാവികരെ രക്ഷിക്കുന്നതിന് അമേരിക്കൻ അന്തർവാഹിനി ഒന്നും ചെയ്തില്ല. ശ്രീലങ്കൻ നാവികരാണ് കുറച്ചുപേരെയെങ്കിലും രക്ഷപ്പെടുത്തിയത്. നാവിക മര്യാദകൾപോലും ലംഘിച്ചുകൊണ്ടുള്ള ഈ സൈനിക ആക്രമണത്തിനെതിരായി പ്രതിഷേധിച്ചില്ലെങ്കിലും ഉത്കണ്ഠയെങ്കിലും അറിയിക്കേണ്ടതല്ലേ? അതുപോലും ഇന്ത്യാ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചയ്ക്ക് മദ്ധ്യസ്ഥതവഹിച്ച ഒമാൻ പറയുന്നത് ശരിയെങ്കിൽ അണുവായുധം നിർമ്മിക്കില്ലായെന്ന് ഉറപ്പുനൽകാൻ ഇറാൻ തയ്യാറായിരുന്നു. ഇതു സംബന്ധിച്ച ചർച്ചകൾ നടക്കുന്ന വേളയിലാണ് അപ്രതീക്ഷിതമായി ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനുനേരെ ആക്രമണം അഴിച്ചുവിടുന്നത്. ആക്രമണം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഇന്ത്യൻ പ്രധാനമന്ത്രി മോദി എന്തിനാണ് ഇസ്രയേൽ സന്ദർശിച്ചത്? അമേരിക്കൻ –- ഇസ്രയേൽ കടന്നാക്രമണത്തിലെ മാപ്പുസാക്ഷിയായി ഇന്ത്യാ രാജ്യത്തെ മോദി മാറ്റിയിരിക്കുകയാണ്.
ശ്രീലങ്ക ചെയ്തതെന്ത്?
ഇന്ത്യയെ അപേക്ഷിച്ച് ശ്രീലങ്ക എത്ര ചെറിയ രാജ്യമാണ്? വെറും 2.2 കോടി ജനങ്ങൾ. അവിടുത്തെ പ്രസിഡന്റ് ചെയ്തത് എന്തെന്നോ? അമേരിക്ക മുക്കിയ യുദ്ധക്കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയ 34 പേരടക്കം 236 ഇറാനിയൻ നാവികർക്ക് താൽക്കാലിക അഭയം നൽകി. എന്നിട്ട് ശ്രീലങ്കൻ പ്രസിഡന്റ് ദിസനായകെ പറഞ്ഞു: “ഞങ്ങൾ നിഷ്പക്ഷരാണ്. എന്നാൽ മനുഷ്യത്വം ഉണ്ട്. ശ്രീലങ്ക സ്വതന്ത്ര ചേരിചേരാ രാജ്യമാണ്. ഞങ്ങൾ എല്ലാ മനുഷ്യരെയും ഇറാനിയൻ ആയാലും അമേരിക്കൻ ആയാലും ഇസ്രയേലി ആയാലും, തുല്യ മനുഷ്യരായാണ് കണക്കാക്കുന്നത്. ഞങ്ങളുടെ ചേരിചേരാ നയം ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു”.
എന്നാൽ ഇന്ത്യയുടെ സ്ഥിതിയോ? അമേരിക്കയുടെ സാമന്തരാജ്യമായി മാറിയ ഇന്ത്യ എങ്ങനെയാണ് നമ്മുടെ ക്ഷണം സ്വീകരിച്ചുവന്ന ഇറാനിയൻ കപ്പലിനെ ആക്രമിച്ചു തകർത്തതിനെതിരെ പ്രതിഷേധിക്കുക? ഇന്ത്യയുടെ ഹിന്ദുത്വ തീവ്രദേശീയത, ബ്രിട്ടീഷുകാർക്കു മുന്നിൽ മുട്ടുവിറച്ചതുപോലെ ഇന്നിപ്പോൾ അമേരിക്കയുടെ മുന്നിലും മുട്ടുവിറയ്ക്കുകയാണ്. l



