യുദ്ധങ്ങൾ മുതലാളിത്തത്തിന്റെ സഹജസ്വഭാവമാണ്; അതായത് മുതലാളിത്തം നിലനിൽക്കുന്നിടത്തോ ളം കാലം യുദ്ധങ്ങളും നിലനിൽക്കും. കാരണം മൂലധനത്തിന്റെ സഹജസ്വഭാവമാണ് ആർത്തി. കൊള്ളലാഭമടിക്കാനുള്ള, ലാഭം കൂടുതൽ കൂടുതൽ തട്ടിയെടുക്കാനുള്ള ആർത്തി. അതാണ് ആദ്യകാല ബ്രിട്ടീഷ് ട്രേഡ് യൂണിയൻ പ്രവർത്തകനായ ടി ജെ ഡണ്ണിങ്ങിനെ ഉദ്ധരിച്ചുകൊണ്ട് കാറൽ മാർക്സ് മൂലധനത്തിൽ ‘മുന്നൂറുശതമാനത്തിനുമേൽ ലാഭം കിട്ടുമെങ്കിൽ സ്വന്തം ഉടമയെപ്പോലും കൊന്നു കെട്ടിത്തൂക്കാൻ മൂലധനം മടിക്കില്ല’ എന്ന് വ്യക്തമാക്കിയിട്ടുള്ളത്. കമ്പോളങ്ങൾ പിടിച്ചടക്കാൻ മുതലാളിത്തം ഭൂമണ്ഡലമാകെ പരക്കം പായുമെന്ന് മാർക്സും എംഗത്സും കമ്യൂണിസ്റ്റു മാനിഫെസ്റ്റോയിൽ പറയുമ്പോഴും മുതലാളിത്തത്തിന്റെ ആക്രമണോത്സുകതയിലേക്കാണ് അത് വിരൽചൂണ്ടുന്നത്.
മുതലാളിത്തം സാമ്രാജ്യത്വമായി ഉയർന്നതോടെ ലോകത്തെ പങ്കിട്ടെടുക്കുന്നതിന് സാമ്രാജ്യത്വരാജ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടലായി, ആയുധപന്തയങ്ങളായി. അങ്ങനെയാണ് ഒന്നും രണ്ടും ലോകയുദ്ധങ്ങളുണ്ടായത്. രണ്ടാം ലോകയുദ്ധാനന്തരം കരുത്താർജിച്ച സോഷ്യലിസ്റ്റ് ചേരിയെ ഉന്മൂലനം ചെയ്യാനും അങ്ങനെ സാമ്രാജ്യത്വവിരുദ്ധ ചേരിയെ ദുർബലമാക്കാനുമുള്ള നീക്കമാണ് ആഗോള മുതലാളിത്തത്തിന്റെ, സാമ്രാജ്യത്വചേരിയുടെ നായകസ്ഥാനത്തെത്തിയ അമേരിക്ക നടത്തിവന്നത്.
അതാണ് 1950കളിൽ കൊറിയയിലും 1960 കളിൽ തുടങ്ങി 1975 വരെ വിയറ്റ്നാമിലും നാം കണ്ടത്. ശീതയുദ്ധമെന്ന പേരിൽ രണ്ടാം ലോകയുദ്ധാനന്തരം അമേരിക്കയുടെ നേതൃത്വത്തിൽ കൊണ്ടുവന്ന ആഗോളക്രമം അത്ര ശീതമായിരുന്നില്ല എന്നതിന്റെ തെളിവാണ് കൊറിയയും വിയറ്റ്നാമും. ആധിപത്യം സ്ഥാപിക്കാനുള്ള മൂലധനത്തിന്റെ ത്വര, യുദ്ധങ്ങളിൽ മാത്രമല്ല ഒളിയുദ്ധങ്ങളിലും (അതായത് ഭരണം പിടിച്ചെടുക്കാനുള്ള അട്ടിമറികളിലും) പ്രതിഫലിക്കുന്നുണ്ട്. 1950കൾ മുതൽ ഇറാനിലും ഗ്വാട്ടിമാലയിലും ഇന്തോനേഷ്യയിലും ചിലിയിലും കോംഗൊയിലും അൾജീരിയയിലും ഗ്രനഡയിലുമെല്ലാം നടന്ന അട്ടിമറികൾക്കുപിന്നിലും നാം കാണുന്നത് ആഗോളാധിപത്യം സ്ഥാപിക്കാനുള്ള മുതലാളിത്തത്തിന്റെ അധാർമികമായ നീക്കങ്ങളാണ്.
ലോകം മുതലാളിത്തചേരിയും സോഷ്യലിസ്റ്റ് ചേരിയുമായി നിൽക്കുന്നതാണ് യുദ്ധങ്ങൾക്കും കൂട്ടക്കൊലകൾക്കും രക്തച്ചൊരിച്ചിലിനും നിദാനമെന്ന ആഖ്യാനത്തിന്റെ പൊള്ളത്തരം വെളിപ്പെടുത്തുന്നതാണ് സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് ചേരിയുടെയും തകർച്ചയെ തുടർന്നും അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങൾ. യൂഗോസ്ലാവിയയിൽ, അഫ്ഗാനിസ്താനിൽ, ഇറാഖിൽ, ലിബിയയിൽ, സിറിയയിൽ, ഇപ്പോഴിതാ ഇറാനിലും. ദശകങ്ങളായി തുടരുന്ന പലസ്തീൻ പ്രശ്നത്തെയും ഇതേ പശ്ചാത്തലത്തിൽ തന്നെയാണ് കാണേണ്ടത്.
ഇറാഖിൽ എന്നപോലെ ഇറാനിലും അമേരിക്ക ആക്രമണമഴിച്ചുവിട്ടത് വ്യാജ ആരോപണങ്ങളുന്നയിച്ചാണ്. ലക്ഷ്യം ഒന്നേയുള്ളൂ. എണ്ണ ഉൾപ്പെടെയുള്ള പ്രകൃതി വിഭവങ്ങൾ കെെപ്പിടിയിലാക്കണം; ലോകത്തിനുമേൽ പരമാധികാരം അതായത് ഏകധ്രുവലോകം സ്ഥാപിക്കണം. അത് സമാധാനത്തിലൂടെയും അനുരഞ്ജനത്തിലൂടെയും കഴിയില്ലെന്ന് മൂലധനത്തിനറിയാം. അതാണ് ഒരു വശത്ത് ഇറാനുമായി അനുരഞ്ജന ചർച്ച നടത്തവെതന്നെ പൊടുന്നനെ ഇറാനിലെ പെൺകുഞ്ഞുങ്ങൾ പഠിക്കുന്ന വിദ്യാലയത്തിലേക്കും ഇറാന്റെ പരമോന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ ആസ്ഥാനത്തേക്കും ഒരേസമയം ആക്രമണം നടത്തിയത്. പെട്ടെന്നുള്ള ആക്രമണത്തിലൂടെ ഇറാൻ ജനതയുടെ ആത്മവീര്യം തകർത്ത് എല്ലാം കെെപ്പിടിയിലാക്കാമെന്നുള്ള ഇസ്രയേലിന്റെയും അമേരിക്കയുടെയും അതിമോഹത്തിനാണ് ഇപ്പോൾ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നത്. നിലവിൽ നടക്കുന്നത് ഇറാനു നേരെ മാത്രമുള്ള ആക്രമണമല്ല, മറിച്ച് ലോകത്തിനാകെ എതിരായ കടന്നാക്രമണമാണ്. അതുകൊണ്ടുതന്നെ ലോകജനതയുടെ ഒന്നിച്ചുള്ള ചെറുത്തുനിൽപ്പുകൊണ്ടേ സമാധാനം സ്ഥാപിക്കാനാവൂ. ആ അനിവാര്യതയിലേക്കാണ് ഓരോ ദിവസത്തെയും സംഭവങ്ങൾ വിരൽചൂണ്ടുന്നത്.
ഇറാനുനേരെയുള്ള, ലോകത്തിനു നേരെയുള്ള ഈ സാമ്രാജ്യത്വ കടന്നാക്രമണത്തെക്കുറിച്ചാണ് ചിന്തയുടെ ഈ ലക്കം കവർസ്റ്റോറി. ആർ അരുൺകുമാർ, ടി എം തോമസ് ഐസക്, വിജയ് പ്രഷാദ്, എ ശ്യാം, കെ ആർ ബാബുജി വെെക്കം, ജി വിജയകുമാർ, സുബിൻ ഡെന്നിസ് എന്നിവരാണ് ലേഖനങ്ങൾ എഴുതിയിട്ടുള്ളത്. l



