കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിൽ പത്തുവർഷം നീണ്ട ബിആർഎസ് ഭരണത്തിന് അന്ത്യം കുറിച്ച് 2023 അവസാനമാണ് കോൺഗ്രസ് തെലങ്കാനയിൽ ആദ്യമായി അധികാരത്തിലെത്തിയത്. അവിഭക്ത ആന്ധ്രപ്രദേശിനെ വിഭജിച്ച് തെലങ്കാന രൂപീകരിച്ചത് കോൺഗ്രസാണെങ്കിലും 2014ലെ പ്രഥമ നിയമസഭ തിരഞ്ഞെടുപ്പിൽ 119 സീറ്റിൽ 63ലും ബിആർഎസിനെ ജയിപ്പിച്ച് ജനം അവരെ പ്രതിപക്ഷത്ത് ഇരുത്തി.
തൊട്ടടുത്ത തിരഞ്ഞെടുപ്പിലും വിജയമാവർത്തിച്ചുവെങ്കിലും കാർഷിക പ്രതിസന്ധിയും അഴിമതിയാരോപണങ്ങളും 2023ൽ ബിആർഎസിനെ തറപറ്റിച്ചു. ഡിസംബറിൽ അധികാരമേറ്റ രേവന്ത് റെഡ്ഡിയുടെ കോൺഗ്രസ് സർക്കാർ കേവലം മൂന്നുവർഷം കൊണ്ടാണ് തെലങ്കാനയെ കാവിയുടുപ്പിച്ചത്.
ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ശക്തമാക്കിയ സംഘപരിവാരത്തെ സംരക്ഷിച്ച റെഡ്ഡി സർക്കാർ, ബിജെപി തെളിച്ച വഴിയിൽ ബുൾഡോസർ രാജും തെലങ്കാനയിൽ പ്രയോഗിക്കുന്ന തിരക്കിലാണിപ്പോൾ. പത്ത് ബിആർഎസ് എംഎൽഎമാരെ കൂറുമാറ്റി കോൺഗ്രസ് പാളയത്തിൽ എത്തിച്ച റെഡ്ഡി, ജനാധിപത്യ സംവിധാനത്തെ ബിജെപിക്കൊപ്പംനിന്ന് വെല്ലുവിളിക്കുന്നു. രാജ്യത്തിന്റെ ഉന്നത നീതിപീഠമായ സുപ്രീംകോടതിപോലും റെഡ്ഡിയെ ഒന്നിലേറെ തവണയാണ് രൂക്ഷമായി വിമർശിച്ചതും താക്കീത് നൽകിയതും. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ വിവേചനത്തിനിരയായി ജീവിതം അവസാനിപ്പിക്കേണ്ടി വന്ന ദളിത് ഗവേഷകൻ രോഹിത് വെമുല ദളിതനല്ലെന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയ റെഡ്ഡി സർക്കാർ, ജാതിവിവേചനത്തെ താലോലിക്കുന്നു. ബിജെപിക്ക് സമാനമായി ആദിവാസികളെ കുടിയിറക്കി അവരുടെ ഭൂമി വൻകിട കോർപറേറ്റുകൾക്ക് പതിച്ചുകൊടുക്കുന്നു. റെഡ്ഡിയുടെ കോൺഗ്രസ് സർക്കാർ ചുരുക്കത്തിൽ, ബിജെപിയുടെ ഉത്തരേന്ത്യൻ ഫോട്ടോകോപ്പിയായി മാറുകയാണ്.
ആർഎസ്‌എസുമായി പൊക്കിൾക്കൊടി ബന്ധം, അഴിമതിക്കേസ് പ്രതി
എബിവിപിയിലൂടെ രാഷ്ട്രീയത്തിലെത്തി, 54 വയസ്സിനിടെ പല പാർട്ടികൾ മാറിയാണ് രേവന്ത് റെഡ്ഡി തെലങ്കാനയിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രിയായത്. മൽക്കാജ്ഗിരി ലോക്‌സഭാ മണ്ഡലത്തിൽനിന്നുള്ള എംപിയായ ഇദ്ദേഹം 2021 മുതൽ 2024വരെ തെലങ്കാന പിസിസി അധ്യക്ഷനുമായി. ഹൈദരാബാദ് എവി കോളേജിലെ ബിരുദപഠനത്തിനിടയിലാണ് രേവന്ത് റെഡ്ഡി എബിവിപി നേതാവാകുന്നത്. തെലങ്കാന പ്രക്ഷോഭം 2001ൽ റെഡ്ഡിയെ കെ ചന്ദ്രശേഖര റാവുവിന്റെ ടിആർഎസിലെത്തിച്ചു (ഇന്നത്തെ ബിആർഎസ്). കൽവകുർത്തിയിൽ ടിക്കറ്റ് ലഭിക്കാത്തതിനാൽ 2006ൽ ടിആർഎസ് വിട്ട് സ്വതന്ത്രനായി ജില്ലാ പരിഷത്തിലേക്ക് മത്സരിച്ച് ജയിച്ചു. തൊട്ടടുത്ത വർഷം സ്വതന്ത്രനായി നിയമസഭാ കൗൺസിലിൽ. പിന്നീട് ചന്ദ്രബാബു നായിഡുവിന്റെ വിശ്വസ്‌തനായി ടിഡിപിയിൽ. കൊടങ്കലിൽനിന്ന് 2009ലും 2014ലും ടിഡിപി എംഎൽഎ. 2015ൽ -ടിഡിപി എംഎൽസി സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ 50 ലക്ഷം രൂപ കൈക്കൂലി വാഗ്‌ദാനം ചെയ്യുന്നതിനിടെ ഒളികാമറയിൽ കുടുങ്ങി ജയിലിലായി. ആ കേസിൽ ഇപ്പോഴും പ്രതിയാണ്. 2017ലാണ് കോൺഗ്രസിലെത്തിയത്. പ്രധാനമന്ത്രി മോദിയെ മാതൃകാപുരുഷനായും ഗുജറാത്തിനെ മാതൃകാ സംസ്ഥാനമായും വാഴ്‌ത്തുന്ന രേവന്ത് റെഡ്ഡി , ഖദറിട്ട ആർഎസ്‌എസുകാരനായി തുടരുകയാണ്.
തെലങ്കാനയുടെ ബുൾഡോസർ ബാബ
സുപ്രീംകോടതി ഉത്തരവിലൂടെ നിരോധിച്ച ബുൾഡോസർ രാജ്, തെലങ്കാനയിലെ ഖമ്മത്ത് നടപ്പാക്കിയ കോൺഗ്രസ് സർക്കാർ ഒരേസമയം 600 കുടുംബങ്ങളെ പെരുവഴിയിലേയ്‌ക്ക് ഇറക്കിവിടുകയും സുപ്രീംകോടതിയെ പരസ്യമായി വെല്ലുവിളിക്കുകയുമാണ് ചെയ്‌തത്. ഖമ്മത്തെ 30 ഏക്കർ ഭൂദാൻ ഭൂമിയിൽ ഫെബ്രുവരി 25ന് പുലർച്ചേയാണ് ബുൾഡോസർ രാജ് നടപ്പാക്കിയത്. വിനോബ ഭാവെ നയിച്ച ഭൂദാൻ പ്രസ്ഥാനത്തിലൂടെ ലഭിച്ച ഭൂമിയിൽ നിന്നാണ് കുടുംബങ്ങളെ ആട്ടിയിറക്കിയത്.
അറിയിപ്പ് നൽകാതെ എത്തിയ ബുൾഡോസറുകൾ ഉറങ്ങിക്കിടന്ന മനുഷ്യരുടെ മുകളിലുണ്ടായ മേൽക്കൂരകൾ തകർത്തെറിഞ്ഞു. 2014-ൽ നൽകിയ സാധുവായ പട്ടയങ്ങൾ കൈവശമുള്ള കുടുംബങ്ങൾക്ക് സ്വന്തമായി വീട്ടുനന്പറും സർക്കാർ നൽകിയിരിക്കേയാണ് ഇൗ മനുഷ്യത്വവിരുദ്ധ നടപടി. കോൺക്രീറ്റ് റോഡുകൾ നിർമ്മിക്കുകയും വെള്ളം, വൈദ്യുതി കണക്ഷനുകൾ നൽകുകയും ചെയ്ത മുൻ സർക്കാരുകളുടെ നടപടിയും കോൺഗ്രസ് അവഗണിച്ചു. കുട്ടികളെയും പ്രായമായവരെയും വലിച്ചിഴച്ച് പുറത്തേക്ക് തള്ളിയ പൊലീസ് വീട്ടുസാധനങ്ങളും നശിപ്പിച്ചു. അക്രമത്തിൽ പ്രതിഷേധിച്ചവരെ വീണ്ടും വീണ്ടും തല്ലിച്ചതച്ചു. കോൺഗ്രസിനെ പിന്തുണച്ചതിനുള്ള “ശിക്ഷ” എന്നാണ് കുടിയിറക്കപ്പെട്ട സാധാരണക്കാർ കണ്ണീർപൊഴിച്ച് പറഞ്ഞത്. അതേസമയം നടപടിയെ ശക്തമായി എതിർത്ത സിപിഐഎം വലിയ പ്രക്ഷോഭമാണ് ഈ വിഷയത്തിൽ സംഘടിപ്പിച്ചുവരുന്നത്. അർഹമായ നഷ്‌ടപരിഹാരം, പുനരധിവാസം എന്നിവ ഉറപ്പാക്കണമെന്ന് പാർട്ടി ആവശ്യപ്പെടുന്നു. സംസ്ഥാനസെക്രട്ടറി ജോൺ വെസ്‌ലി അടക്കമുള്ള നേതാക്കൾ കുടുംബങ്ങളെ സന്ദർശിച്ച് പിന്തുണയും സഹായവും വാഗ്‌ദാനം ചെയ്‌തു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനെക്കുറിച്ച് അതിശക്തമായ പ്രതികരണമാണ് നടത്തിയത്. കർണാടക സർക്കാരിന്റ ബുൾഡോസർ രാജ് തെലങ്കാനയിൽ വീണ്ടും തലപൊക്കിയെന്ന് വിമർശിച്ച പിണറായി, ‘മനുഷ്യത്വരഹിതമായ’ നടപടികൾ കോൺഗ്രസിന് എങ്ങനെ ചെയ്യാൻ കഴിയുന്നൂവെന്നും കുറ്റപ്പെടുത്തി. 5 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ലൈഫിലൂടെ ഭവനം നൽകിയ കേരളാ മുഖ്യമന്ത്രിയുടെ വിമർശനം ദേശീയ തലത്തിലും കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കി.
വർഗീയ അക്രമങ്ങളുടെ തെലങ്കാന
സംഘപരിവാര വർഗീയ വിഷങ്ങളുടെ സുരക്ഷിതമായ മാളമായി തെലങ്കാനയെ കോൺഗ്രസ് സർക്കാർ മാറ്റി. ഉത്തരേന്ത്യയിൽ സ്വയംതകർച്ചയിലേയ്‌ക്ക് കോൺഗ്രസിനെ നയിച്ചത് മൃദുഹിന്ദുത്വമായിരുന്നുവെങ്കിൽ തെലങ്കാനയിൽ തീവ്രഹിന്ദുത്വത്തെ കോൺഗ്രസ് ഏറ്റെടുത്തു. അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എപിസിആർ) 2026ന്റെ തുടക്കത്തിൽ പുറത്തുവിട്ട റിപ്പോർട്ടുപ്രകാരം, തെലങ്കാനയിൽ വർഗീയ അക്രമങ്ങളും സംഘർഷങ്ങളും വർധിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നു. വർഗീയ ശക്തികളെ ചെറുക്കേണ്ട സംസ്ഥാന സർക്കാരാകട്ടെ, അവർക്ക് സംരക്ഷണമൊരുക്കുന്നു. ഈദ് സമയത്ത് പൊലീസ് ന്യൂനപക്ഷ സമുദായത്തെ തെരഞ്ഞുപിടിച്ച് വേട്ടയാടിയെന്ന് റിപ്പോർട്ട് അടിവരയിട്ടു. ജാതിരഹിത വിവാഹം സംസ്ഥാനത്ത് ചോദ്യം ചെയ്യപ്പെടുന്നു. 2025 നവംബറിൽ മെഹ്ബൂബ് നഗറിൽ ദളിത് യുവാവിനെ വിവാഹം ചെയ്‌ത ഭവാനി എന്ന 18 വയസ്സുകാരിയെ കുടുംബം കൊലചെയ്‌തപ്പോൾ പൊലീസ് അക്രമകാരികൾക്കൊപ്പം നിലകൊണ്ടു.
ന്യൂനപക്ഷങ്ങളുടെ സാന്പത്തിക സ്രോതസുകൾ ഇല്ലാതാക്കുകയെന്ന സ്ഥാപനവൽക്കരിച്ച സംഘപരിവാർ പദ്ധതി യാതൊരു തടസ്സവും കൂടാതെ തെലങ്കാനയിൽ നടപ്പാക്കപ്പെടുന്നു. കച്ചവട സ്ഥാപനങ്ങൾ കൈക്കലാക്കിയും ഭൂമി ജിഹാദ്, ലൗ ജിഹാദ്, ഭക്ഷണ ജിഹാദ് ആരോപണങ്ങൾ അന്തരീക്ഷത്തിലുയർത്തി ന്യൂനപക്ഷങ്ങളെ വേട്ടയാടിയും സംഘപരിവാർ അവരുടെ പ്രവർത്തനം നിർബാധം തുടരുന്നു. വർഗീയ അക്രമങ്ങളിൽ കേസ് എടുക്കാനും അറസ്‌റ്റുകൾ രേഖപ്പെടുത്താനും റെഡ്ഡി നയിക്കുന്ന കോൺഗ്രസ് സർക്കാർ വിമുഖത കാട്ടുകയാണ്.
ആരോഗ്യമില്ലാത്ത ആരോഗ്യമേഖല
സ്ഥാപനപരമായ ദുർബലതയും അടിസ്ഥാനസൗകര്യങ്ങളുടെ ശേഷിയില്ലായ്‌മയുമാണ് തെലങ്കാനയുടെ ആരോഗ്യരംഗത്തിന്റെ മുഖമുദ്ര. നിതി ആയോഗ് റിപ്പോർട്ടുപ്രകാരം ആരോഗ്യമേഖലയ്‌ക്കായി പണം ചെലവഴിക്കുന്നതിൽ പിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് തെലങ്കാന ഉൾപ്പെടുന്നത്. സംസ്ഥാനത്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ജില്ല ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ തുടങ്ങിയവയിൽ വേണ്ടത്ര സ്‌റ്റാഫിനെ നിയമിക്കാത്തതും ഫണ്ട് വകയിരുത്താത്തതും പൊതുജനാരോഗ്യത്തെ ശിഥിലമാക്കുന്നു.
മെഡിക്കൽ കോളേജുകളിൽ മൊത്തം 1,900 അധ്യാപകരുടെ കുറവാണുള്ളതെന്ന റിപ്പോർട്ടും തെലങ്കാനയുടെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ സംശയമുനയിലാക്കി. തെലങ്കാന സീനിയർ റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷൻ (ടിഎസ്ആർഡിഎ) നടത്തിയ സർവേയിൽ 36 സർക്കാർ മെഡിക്കൽ കോളേജുകളിലെ 27 വകുപ്പുകളിൽ ഒറ്റ അധ്യാപകൻ പോലുമില്ലെന്ന ഞെട്ടിക്കുന്ന കണക്കാണ് പുറത്തുവന്നത്. 26 മെഡിക്കൽ കോളേജിലും അടിസ്ഥാനസൗകര്യങ്ങൾ, ക്ലിനിക്കൽ മെറ്റീരിയലുകൾ, അധ്യാപകർ എന്നിവരുടെ അഭാവം ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) ഒരു വർഷം മുന്പേ ചൂണ്ടിക്കാണിച്ചിട്ടും സർക്കാർ അനങ്ങിയില്ല. ഇവയ്‌ക്ക് കാരണംകാണിക്കൽ നോട്ടീസും കമീഷൻ നൽകിയിരുന്നു.
എൻഎംസി മാനദണ്ഡങ്ങൾ അനുസരിച്ച്, 100 എംബിബിഎസ് വിദ്യാർത്ഥികളുടെ ബാച്ചിന് ഒരു അധ്യാപകനാണ് വേണ്ടത്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മറ്റും എണ്ണായിരത്തോളം ഒഴിവുകൾ നികത്താനുണ്ട്. ഗ്രാമീണ മേഖലയിലെ ആരോഗ്യസേവനങ്ങൾ പരിതാപകരമാണ്. ആരോഗ്യമേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങളുടെ സമീപത്തുപോലും തെലങ്കാനയ്‌ക്ക് എത്താനായിട്ടില്ലെന്നതാണ് വാസ്‌തവം.
തകരുന്ന വിദ്യാഭ്യാസം,
സർക്കാർ സ്‌കൂളിൽ കുട്ടികളില്ല
തെലങ്കാന സർക്കാർ തന്നെ പുറത്തുവിട്ട കണക്കുകളിൽ വിദ്യഭ്യാസ രംഗം തകർച്ചയിലാണെന്ന് വ്യക്തമാക്കുന്നു. സർക്കാർ സ്‌കൂളുകളിൽ 6–14വയസുകാർ പ്രവേശനം നേടുന്നതിൽ വലിയ ഇടിവുണ്ടായെന്നാണ് ആനുവൽ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷൻ റിപ്പോർട്ടിൽ പറഞ്ഞത്. 2022 ൽ ഇത് 70.1 ശതമാനം ആയിരുന്നത് 59.8 ശതമാനത്തിലേയ്‌ക്ക് ഇടിഞ്ഞു. ദേശീയ ശരാശരിയായ 66.8 ശതമാനത്തിനും വളരെ താഴെയാണ് തെലങ്കാന. 25,13,435 വിദ്യാർഥികൾ മാത്രമാണ് 2025–26 അധ്യയന വർഷത്തിൽ എത്തിയത്. 2022–-23 നെ അപേക്ഷിച്ച് 3,67,374 കുട്ടികളുടെ കുറവുണ്ടായിരിക്കുന്നു.
സർക്കാർ സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യ പ്രശ്‌നങ്ങൾ മൂലം മാതാപിതാക്കൾ സ്വകാര്യ സ്‌കൂളുകളിലേയ്‌ക്ക് കുട്ടികളെ മാറ്റുന്നുവെന്ന് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. സർക്കാർ സ്‌കൂളുകളിലെ പന്ത്രണ്ടാം ക്ലാസുകാരിൽ തെറ്റു കൂടാതെ വായിക്കാൻ കഴിയുന്നത് 47 ശതമാനം കുട്ടികൾക്ക് മാത്രമാണെന്ന കണക്കും അധ്യാപന ഗുണമേന്മയെ ചോദ്യമുനയിലാക്കുന്നതാണ്. ഒരു വിദ്യാർഥി പോലും പ്രവേശനം നേടാത്ത തെലങ്കാനയിലെ സ്‌കൂളുകളുടെ എണ്ണം 2023–24 വർഷത്തിൽ 1,745 ആയിരുന്നു. 2024–25ൽ 1,960 ആയും 2025–26ൽ 2,245 ആയും ഇത് കുതിച്ചുകയറി. ഇതിൽ 1500 സ്‌കൂളുകൾ അടച്ചുപൂട്ടാൻ സർക്കാർ നിർദേശം നൽകി.
കോർപ്പറേറ്റുകളുടെ തോഴൻ
ആദിവാസികളുടെ വനഭൂമിയടക്കം പിടിച്ചെടുത്ത് കോർപ്പറേറ്റുകൾക്ക് കൈമാറുന്ന ബിജെപി നയം തന്നെയാണ് കോൺഗ്രസ് സർക്കാരിനും. 2025ൽ ഭീം ആസിഫാബാദ് ജില്ലയിലെ കവാൽ കടുവ സംരക്ഷണ കേന്ദ്രം വികസിപ്പിപ്പ് ജില്ലയെ മുഴുവൻ കടുവ സംരക്ഷണ കേന്ദ്രമാക്കാനുള്ള വിചിത്ര ഉത്തരവ് സർക്കാർ പുറത്തിറക്കി. ആദിവാസികളുടെയും ഇടതുപക്ഷ പാർട്ടികളുടെയും ശക്തമായ പ്രതിഷേധത്തിന് പിന്നാലെ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ചു. വനാവകാശങ്ങൾ കവർന്ന് ആദിവാസികളെ കുടിയൊഴിപ്പിക്കാനുളള കോൺഗ്രസ് സർക്കാരിന്റെ ഒരു ശ്രമമായിരുന്നു ഇത്. മഹാരാഷ്ട്രയിലെ തഡോബ–-അന്ധാരി കടുവ സംരക്ഷണ കേന്ദ്രം, കൻഹർഘട്ട് വന്യജീവി സങ്കേതം, തിപേശ്വർ വന്യജീവി സങ്കേതം, ചപ്രാല വന്യജീവി സങ്കേതം, ഛത്തീസ്ഗഢിലെ ഇന്ദ്രാവതി കടുവ സംരക്ഷണ കേന്ദ്രം എന്നിവയെ ബന്ധിപ്പിക്കുന്ന വിശാലമായ കടുവ ഇടനാഴി സൃഷ്ടിക്കലായിരുന്നു ലക്ഷ്യം. 1.49 ലക്ഷം ഹെക്ടർ (3,70,000 ഏക്കർ) വനമാണ് ഇത്തരത്തിൽ മാറ്റപ്പെടുക. കുമുരം ഭീം ആസിഫാബാദ്, അദിലാബാദ്, നിർമ്മൽ, മഞ്ചേരിയൽ എന്നീ നാല് ജില്ലകളിലെ ആദിവാസികൾ നടത്തിയ വിജയകരമായ ബന്ദിനെ തുടർന്നാണ് സർക്കാർ നീക്കം ഉപക്ഷിച്ചത്. അടിച്ചമർത്തൽ, അറസ്റ്റ്, കള്ളക്കേസുകൾ തുടങ്ങിയവ അതിജീവിച്ചായിരുന്നു ആദിവാസി പോരാട്ടം.
ഹൈദരാബാദ് സർവകലാശാലയുടെ ഭാഗമായ 400 ഏക്കർ ഭൂമി ഐടി കന്പനികൾക്ക് തീറെഴുതാനുള്ള നീക്കം എസ്‌എഫ്‌ഐ പ്രവർത്തകരാണ് ചെറുത്തത്. വിദ്യാർഥികളെ തല്ലിച്ചതച്ച് ജയിലിൽ അടച്ച റെഡ്ഡി സർക്കാർ ഒടുവിൽ വിദ്യാർഥികളുടെ മനോവീര്യത്തിന് മുന്നിൽ മുട്ടുമടക്കി. വിഷയത്തിൽ സ്വമേധയാ കേസ് എടുത്ത സുപ്രീംകോടതി റെഡ്ഡി സർക്കാരിന്റെ നടപടികൾ റദ്ദാക്കുകയും വനം പുനഃസ്ഥാപിക്കാൻ ഉത്തരവിടുകയും ചെയ്‌തു. ഏകദേശം 5 ലക്ഷം കോടി രൂപ മൂല്യമുള്ള ഹൈദരാബാദ് ഒൗട്ടർ റിങ് റോഡ് പ്രദേശത്തെ 9,292 ഏക്കർ വ്യാവസായിക ഭൂമി കോർപറേറ്റുകൾക്ക് തീറെഴുതാൻ കോൺഗ്രസ് സർക്കാർ നീക്കം നടത്തുകയാണ്.
ഖദർ ഉടുത്ത കാവിധാരികൾ തെലങ്കാനയെ ദക്ഷിണേന്ത്യയിലെ മറ്റൊരു ഉത്തർപ്രദേശോ , ഗുജറാത്തോ ആക്കി മാറ്റാനുള്ള ശ്രമത്തിലാണ്. സമൂഹ്യഘടനയെ തകർക്കുംവിധമുള്ള സംഘപരിവാർ വളർച്ചയെ ഒരിക്കലും പ്രതിരോധിക്കാൻ തയ്യാറാകാത്ത കോൺഗ്രസ് അവർക്ക് വെള്ളവും വളവും നൽകുന്നു. കോൺഗ്രസ്,ബിജെപി പാർടികൾക്കെതിരെ സംസ്ഥാനത്ത് മികച്ച സാന്നിധ്യമുള്ള സിപിഐ എം ജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭങ്ങൾക്കാണ് നേതൃത്വം വഹിക്കുന്നത്. l



