Thursday, November 14, 2024

ad

Homeകവര്‍സ്റ്റോറികേരളത്തിന്റെ സാമൂഹ്യ വികാസവും 
കമ്യൂണിസ്റ്റ് പ്രസ്ഥാനവും

കേരളത്തിന്റെ സാമൂഹ്യ വികാസവും 
കമ്യൂണിസ്റ്റ് പ്രസ്ഥാനവും

ഗിരീഷ് ചേനപ്പാടി

കേരളത്തിന്റെ സാമൂഹ്യ വികാസത്തിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയും പിന്നീട് സിപിഐ എമ്മും വഹിച്ച പങ്ക് അനിഷേധ്യമാണ്. വികസനം പാവപ്പെട്ട ജനവിഭാഗങ്ങളിലെത്തിച്ചേരുന്നതിൽ പാർട്ടിയും കാലാകാലങ്ങളിൽ അധികാരത്തിൽ വന്ന സർക്കാരുകളും കാണിച്ച ആത്മാർത്ഥതയും ജാഗ്രതയും അനുപമമാണ്. സാമൂഹികനീതിയിൽ അധിഷ്ഠിതമായ ഇന്നത്തെ കേരളം പല കാര്യങ്ങളിലും വികസിത ലോകരാഷ്ട്രങ്ങളോടുപോലും കിടപിടിക്കുന്നതാണ് എന്നത് തർക്കമറ്റ വസ്തുതയാണ്.

കേരളം രൂപം കൊണ്ടിട്ട് 68 വർഷം പിന്നിട്ടു. അന്നത്തെ കേരളത്തിന്റെ സാമൂഹികരംഗത്തെ വിശേഷിച്ച് പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ കേരളത്തിനുണ്ടായ കുതിപ്പ് വികസിത സമ്പന്ന രാഷ്ട്രങ്ങളെപ്പോലും അതിശയിപ്പിക്കുന്നതാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെയും പിന്നീട് സിപിഐ എമ്മിന്റെയും നേതൃത്വത്തിൽ അധികാരത്തിൽവന്ന സർക്കാരുകളുടെ പ്രവർത്തനങ്ങൾ ഈ സാമൂഹിക മാറ്റത്തിന് വലിയ തോതിൽ സഹായകമായി. അതോടൊപ്പം പ്രതിപക്ഷത്തായിരുന്നപ്പോൾ ജനങ്ങളെ അണിനിരത്തി പാർട്ടി നടത്തിയ ഐതിഹാസിക സമരങ്ങൾക്ക് ഈ മുന്നേറ്റത്തിൽ വലിയ സ്ഥാനമാണുള്ളത്. പ്രതിപക്ഷത്തിരുന്നപ്പോൾ നടത്തിയ സമരങ്ങൾമൂലം വലതുമുന്നണിക്ക് അവരുടെ ജനദ്രോഹ നയങ്ങൾ പൂർണമായും നടപ്പാക്കാൻ കഴിഞ്ഞില്ല. പല പിന്തിരിപ്പൻ നിലപാടുകളിൽനിന്നും അവർക്ക് ഭാഗികമായി പിന്മാറേണ്ടിവന്നു; അറുപിന്തിരിപ്പൻ നിലപാടുകൾ പലതും പാടേ ഉപേക്ഷിക്കേണ്ടതായും വന്നു.

കേരള രൂപീകരണത്തിനുശേഷമുള്ള ചരിത്രം പരിശോധിച്ചാൽ ഈ വസ്തുതകൾ വളരെ വേഗം വ്യക്തമാകും. അതോടൊപ്പം കാലാകാലങ്ങളിൽ കോൺഗ്രസ് സ്വീകരിച്ച പിന്തിരിപ്പൻ സമീപനങ്ങളുടെ ആഴവും വ്യക്തമാകും.

1940കളിലും 1950കളിലും കുടിയൊഴിപ്പിക്കലിനെതിരെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ചെറുത്തുനിൽപുകളും സമരങ്ങളും ഒട്ടനവധിയാണ്. കിസാൻ സഭയുടെയും പാർട്ടിയുടെയും നേതൃത്വത്തിൽ കർഷകരുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിയ സമരങ്ങളും ഇതിനോട് കണ്ണിചേർക്കപ്പെട്ടിട്ടുണ്ട്. ഭൂപരിഷ്കരണം എന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അടിയന്തിര പ്രാധാന്യമുള്ള വിഷയമായിരുന്നു. 1947ൽ സ്വാതന്ത്ര്യം കിട്ടിയിട്ടും ഭൂപരിഷ്കരണം നടത്താൻ കോൺഗ്രസ് ഗവൺമെന്റുകളോ കോൺഗ്രസ് പാർട്ടിയോ താൽപര്യം കാണിച്ചില്ല. കോൺഗ്രസ് നേതാക്കളിൽ പലരും ജന്മിമാരോ അവരുമായി ഉറ്റ ചങ്ങാത്തം പുലർത്തുന്നവരോ ആയിരുന്നു എന്നതാണതിനു കാരണം.

കമ്യൂണിസ്റ്റു പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഭൂപരിഷ്കരണം. 1957ൽ കമ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിൽ അധികാരത്തിൽ വന്നപ്പോൾ മുഖ്യമന്ത്രി ഇ എം എസ് പറഞ്ഞത്, കോൺഗ്രസിന്റെ ജനങ്ങളോടുള്ള വാഗ്ദാനമാണ് ഭൂപരിഷ്കരണം എന്നത്, അത് ഈ സർക്കാർ നടപ്പാക്കും എന്നാണ്.

1957 ഏപ്രിൽ 5നാണ് ഇ എം എസ് സർക്കാർ അധികാരത്തിൽ വന്നത്. ഏപ്രിൽ 11നു തന്നെ എല്ലാ തരത്തിലുമുള്ള കുടിയൊഴിപ്പിക്കലുകളും നിർത്തിവെച്ചുകൊണ്ടുള്ള ഓർഡിനൻസ് സർക്കാർ പുറപ്പെടുവിച്ചു. ആദ്യ നിയമസഭാ സമ്മേളനത്തിൽ തന്നെ ബിൽ സഭയിൽ സർക്കാർ അവതരിപ്പിച്ചു. കുടികിടപ്പുകാർക്ക് ഭൂമിയിൽ സ്ഥിരാവകാശം നൽകുന്നതാണ് കാർഷിക ബന്ധ ബിൽ. എല്ലാതരത്തിലുമുള്ള കുടികിടപ്പുകാരെയും ഉൾപ്പെടുത്തുന്ന തരത്തിൽ വിപുലമായതായിരുന്നു പുതിയ നിയമം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാക്ഷ്യപത്രം മതിയായിരുന്നു കുടികിടപ്പുകാരെ നിശ്ചയിക്കാൻ.

ഒരു കുടുംബത്തിന് കെെവശം വയ്ക്കാവുന്ന ഭൂമി 15 ഏക്കർ എന്ന് നിശ്ചയിക്കുകയും മിച്ച ഭൂമി ഏറ്റെടുത്ത് ഭൂരഹിതർക്കും കർഷകത്തൊഴിലാളികൾക്കും വിതരണം ചെയ്യുന്നതിനും വ്യവസ്ഥ ചെയ്യുന്നതായിരുന്നു കാർഷികബന്ധ നിയമം. തേയില, റബർ, കാപ്പി തോട്ടങ്ങളെ ഭൂപരിഷ്കരണത്തിന്റെ പരിധിയിലുൾപ്പെടുത്തരുതെന്ന് കേന്ദ്ര സർക്കാരിന്റെ ശക്തമായ മാർഗനിർദ്ദേശമുണ്ടായിരുന്നതിനാൽ തോട്ടങ്ങളെ അതിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി.

ബില്ല് നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട വേളയിൽ തന്നെ സഭയ്ക്കുള്ളിലും പുറത്തും ശക്തമായ എതിർപ്പുമായി കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം രംഗത്തുവന്നു. എന്നാൽ ഗവൺമെന്റ് വളരെ ജനാധിപത്യ സമീപനമാണ് സ്വീകരിച്ചത്. 1957 ഡിസംബറിൽ സർക്കാർ നിയമസഭയിലവതരിപ്പിച്ച ബില്ല് സഭയ്ക്കുള്ളിലും പുറത്തും വിശദമായ ചർച്ചയ്ക്ക് അവസരമൊരുക്കി. പൗര പ്രമുഖരിൽനിന്നും പൊതുജനങ്ങളിൽനിന്നും വ്യാപകമായി അഭിപ്രായം തേടി; അവരിൽനിന്ന് തെളിവെടുപ്പുകൾ നടത്തി. ഒന്നരവർഷത്തിനുശേഷം 1959 ജൂൺ 19ന് ആണ് ബില്ല് നിയമസഭ പാസാക്കിയത്.

കോൺഗ്രസിന്റെ 
അട്ടിമറി പ്രവർത്തനം
നിയമസഭ പാസാക്കിയെങ്കിലും അതു നിയമമാകണമെങ്കിൽ ഗവർണർ ഒപ്പിടണമല്ലോ. ബില്ല് ഒപ്പിടാതെ രാഷ്ട്രപതിയുടെ പരിഗണനയ്ക്കയക്കുകയായിരുന്നു അന്നത്തെ ഗവർണർ ബി രാമകൃഷ്ണ റാവു. ഗവർണറുടെ ഈ നടപടിക്കുപിന്നിൽ കോൺഗ്രസിന്റെ ശക്തമായ ഇടപെടലായിരുന്നു എന്നത് പകലുപോലെ വ്യക്തമായിരുന്നു.

കാർഷികബന്ധ ബില്ല് നിയമസഭയിൽ ചർച്ച ചെയ്തു തുടങ്ങിയപ്പോൾ തന്നെ പുറത്ത് ഹർത്താലുമായി കോൺഗ്രസ് രംഗത്തുവന്നു. ബില്ല് പാസാക്കി മൂന്നാഴ്ചയ്ക്കുള്ളിൽ തന്നെ കോൺഗ്രസിന്റെ പിന്തുണയോടെ ‘വിമോചന സമരം’ ആരംഭിച്ചു. 1959 ജൂലെെ 31ന് ഇ എം എസ് സർക്കാരിനെ കേന്ദ്ര കോൺഗ്രസ് സർക്കാർ പിരിച്ചുവിട്ടു.

1960ലെ തിരഞ്ഞെടുപ്പിൽ പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ പിഎസ്-പി – – കോൺഗ്രസ് മന്ത്രിസഭയാണ് അധികാരത്തിൽവന്നത്. രാഷ്ട്രപതിക്കയച്ച ബില്ല് കേന്ദ്ര സർക്കാർ തീരുമാനമെടുക്കാതെ അനന്തമായി വെെകിച്ചു. പട്ടം താണുപിള്ള പഞ്ചാബ് ഗവർണറായി പോയതിനെ തുടർന്ന് ആർ ശങ്കറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1962 സെപ്തംബർ 26ന് അധികാരമേറ്റു. 1963ൽ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന ഭേദഗതി നിയമം ശരിക്കും മുൻ സർക്കാരിന്റെ കാലത്ത് പാസാക്കപ്പെട്ട നിയമത്തിന്റെ സത്ത ചോർത്തിക്കളയുന്നതായിരുന്നു. പുതിയ നിയമമനുസരിച്ച് ഭൂപരിധി നിർണയം കൂടുതൽ ഉദാരമാക്കി. ജന്മിമാരെയും സമ്പന്ന വിഭാഗങ്ങളെയും പ്രീണിപ്പിക്കുക എന്നതു മാത്രമായി അതിന്റെ ലക്ഷ്യം. ഇഷ്ടദാനം വ്യാപകമാക്കി. അതിന്റെ മറവിൽ കൂടുതൽ ഭൂമിയുള്ളവർക്ക് മക്കളുടെയും മരുമക്കളുടെയും മറ്റ് ഇഷ്ടക്കാരുടെയും പേരിൽ ഭൂമി ഇഷ്ടദാനം നൽകാൻ സാധിച്ചു.

1958ൽ നടത്തപ്പെട്ട ഒരു സർവ്വേ അനുസരിച്ച് സംസ്ഥാനത്ത് 11 ലക്ഷത്തിലേറെ ഹെക്ടർ സ്ഥലം മിച്ചഭൂമിയായുണ്ടെന്നാണ് കണക്കാക്കപ്പെട്ടത്. എന്നാൽ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന ഭേദഗതിക്കുശേഷം 1966–67ൽ നടത്തപ്പെട്ട ഒരു സർവ്വേ അനുസരിച്ച് 2.45 ലക്ഷം ഹെക്ടർ ഭൂമിയേ മിച്ചഭൂമിയായുള്ളൂ എന്നാണ് കണക്കാക്കപ്പെട്ടത്. അതായത് 9 ലക്ഷത്തോളം ഹെക്ടർ ഭൂമി തിരിമറി നടത്തി സ്വന്തമാക്കാൻ ജന്മിമാർക്ക് കോൺഗ്രസ് സർക്കാർ അവസരമൊരുക്കി എന്നർഥം.

കുടിയാന്മാരോട് കോൺഗ്രസ്
ചെയ്ത കൊലച്ചതി
കോൺഗ്രസ് സർക്കാർ പാസാക്കി നിയമമാക്കിയ ഭൂപരിഷ്കരണ ഭേദഗതി നിയമമനുസരിച്ച് കുടിയാന്മാർക്ക് കെെവശാവകാശ രേഖ നിർബന്ധമാക്കി. വാക്കാലുള്ള കരാറനുസരിച്ചായിരുന്നു ജന്മിമാരുടെ ഭൂമിയിൽ പലരും കൃഷി ചെയ്തിരുന്നത്. കുടികിടപ്പുകാർക്ക് കെെവശാവകാശ രേഖ ലഭിക്കുക അന്ന് വളരെ പ്രയാസമുള്ള കാര്യമായിരുന്നു. കെെവശാവകാശ രേഖയുടെ പേരുപറഞ്ഞ് കൃഷിക്കാരും കുടികിടപ്പുകാരും ഭൂമിയിൽനിന്ന് ഒഴിപ്പിക്കപ്പെട്ടു. സംസ്ഥാന രൂപീകരണത്തിനുശേഷം കുടിയൊഴിപ്പിച്ചവരെ പുനരധിവസിപ്പിക്കാനുള്ള വ്യവസ്ഥയുൾപ്പെട്ടതായിരുന്നു കമ്യൂണിസ്റ്റ് സർക്കാർ പാസാക്കിയ നിയമം. എന്നാൽ ആ വ്യവസ്ഥയാണ് കോൺഗ്രസ് സർക്കാർ എടുത്തുകളഞ്ഞത്.

ആദിവാസികളും ദളിതരും ഉൾപ്പെടെ പാവപ്പെട്ട ജനവിഭാഗങ്ങൾക്കു ലഭിക്കേണ്ടിയിരുന്ന മിച്ചഭൂമിയാണ് കോൺഗ്രസ് സർക്കാർ അട്ടിമറിച്ചത്.

1965ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐ എം നേതാക്കളിൽ പലരും ജയിലിൽ കിടന്നുകൊണ്ടാണല്ലോ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നിട്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറാൻ പാർട്ടിക്കുകഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച സമാജികരെ ജയിലിൽനിന്നു വിടാൻപോലും അന്നത്തെ സർക്കാർ തയ്യാറല്ലായിരുന്നു. കേന്ദ്ര സർക്കാരിന്റെ നിഷേധാത്മക നയംമൂലം നിയമസഭ ചേരാൻ പോലും സാധിച്ചില്ല. രണ്ടുവർഷത്തെ രാഷ്ട്രപതി ഭരണത്തിനുശേഷം 1967ലാണ് പിന്നീട് തിരഞ്ഞെടുപ്പ് നടന്നത്. ആ തിരഞ്ഞെടുപ്പിൽ ഇ എം എസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ വൻഭൂരിപക്ഷത്തോടെ അധികാരത്തിൽവന്നു.

ഭൂപരിഷ്-കരണ നിയമം 
ഭേദഗതി ചെയ്യുന്നു
രണ്ടാം ഇ എം എസ് ഗവൺമെന്റ് അധികാരമേറ്റയുടൻ തന്നെ കുടിയൊഴിപ്പിക്കൽ പൂർണമായി തടയാനുള്ള നടപടികൾ സ്വീകരിച്ചു. ഭൂപരിഷ്കരണ ഭേദഗതി നിയമം പാസാക്കി. 1963 ൽ കോൺഗ്രസ് സർക്കാർ പാസാക്കിയ നിയമത്തിൽ ഒഴിവാക്കപ്പെട്ട കർഷകരെയും നിയമത്തിന്റെ പരിധിയിൽ വീണ്ടും കൊണ്ടുവന്നു. 1966 വരെയുള്ള കുടിയാന്മാരിൽ നിന്നും പാട്ടക്കുടിശിക സമാഹരിക്കുന്നത് സർക്കാർ നിരോധിച്ചു. ഒരു ഭൂഉടമയ്ക്ക് കെെവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി 10 ഏക്കറായി നിശ്ചയിച്ചു. മിച്ചഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യാനും എല്ലാ കുടിയാന്മാർക്കും പട്ടയം നൽകാനും തീരുമാനിച്ചു.

1969ലെ ഇ എം എസ് സർക്കാരിന്റെ ഭൂപരിഷ്കരണ ഭേദഗതി നിയമത്തിന്റെ പ്രധാന സവിശേഷത, അത് കുടികിടപ്പുകാരന് ഭൂമിക്കുമേൽ ഉടമസ്ഥാവകാശം ഉറപ്പാക്കിയെന്നതാണ്. എന്നു മാത്രമല്ല പുരയ്ക്കും അതിനോടനുബന്ധിച്ചുള്ള 10 സെന്റ് സ്ഥലത്തിന് അവകാശമുണ്ടായിരിക്കുകയും ചെയ്യും. കുടികിടപ്പുകാരന് അത് നിർബന്ധമായും ഭൂഉടമ നൽകണമെന്നും നിയമം അനുശാസിക്കുന്നു. ഭൂമിക്കുള്ള പ്രതിഫലം മാർക്കറ്റ് വിലയുടെ നാലിലൊന്നായി ക്ലിപ്തപ്പെടുത്തി. ആ തുകയുടെ പകുതി ഗവൺമെന്റ് നൽകും. ബാക്കി പകുതി 12 തവണകളായി കുടികിടപ്പുകാരൻ /കാരി നൽകിയാൽ മതി. ഭൂവുടമ 10 ഏക്കറിൽ കൂടുതൽ ഭൂമിയുള്ള വ്യക്തിയാണെങ്കിൽ പ്രതിഫലത്തുക മാർക്കറ്റ് വിലയുടെ എട്ടിലൊന്ന് മാത്രമായിരിക്കും.

ഇഷ്ടദാനം നൽകൽ, തരിശു ഭൂമികൾ പ്ലാന്റേഷൻ ഉടമകൾ കയ്യേറുന്നത്, സമ്പന്നർക്ക് ഭൂമി പതിച്ചു നൽകൽ തുടങ്ങിയ പിന്തിരിപ്പൻ നടപടികൾ നിയമംമൂലം നിയന്ത്രിക്കുന്നതാണ് രണ്ടാം ഇ എം എസ് സർക്കാരിന്റെ ഭൂപരിഷ്കരണ ഭേദഗതി നിയമം.

കർഷക – കർഷകത്തൊഴിലാളി പ്രക്ഷോഭം
നിയമം പാസാക്കപ്പെട്ടെങ്കിലും കോൺഗ്രസ് പിന്തുണയോടെ അധികാരത്തിൽവന്ന ഗവൺമെന്റ് അത് നടപ്പാക്കുമോ എന്ന കാര്യത്തിൽ തികഞ്ഞ അനിശ്ചിതത്വമാണ് നിലനിന്നത്. ഈ പശ്ചാത്തലത്തിലാണ് 1969 ഡിസംബർ 14ന് ആലപ്പുഴയിൽ ചേർന്ന കർഷക – കർഷകത്തൊഴിലാളി സമരപ്രഖ്യാപന കൺവെൻഷൻ പ്രക്ഷോഭത്തിന് രൂപം നൽകിയത്. 1970 ജനുവരി ഒന്നിന് നിയമം നിലവിൽ വന്നതായി കണക്കാക്കുമെന്നും കൺവെൻഷൻ പ്രഖ്യാപിച്ചു. അതനുസരിച്ച് കർഷകരും കർഷകത്തൊഴിലാളികളും മിച്ചഭൂമിയിൽ കയറി അവകാശം സ്ഥാപിച്ചു. സർക്കാരിന്റെ ഒരു ഭീഷണിയും സമരക്കാരുടെ മുമ്പിൽ വിലപ്പോയില്ല. ലാൻഡ് ട്രൈബ്യൂണലുകൾ സ്ഥാപിക്കാൻ സർക്കാർ നിർബന്ധിതമായി. അവയുടെ നിബന്ധനകൾക്ക് അനുസൃതമായി പട്ടയവിതരണം നടന്നു.

1977ലെ തിരഞ്ഞെടുപ്പിനുശേഷം അധികാരത്തിൽവന്ന കോൺഗ്രസ് മന്ത്രിസഭയുടെ കാലത്താണ് ഇഷ്ടദാനത്തിന് വീണ്ടും നിയമപ്രാബല്യം നൽകുന്ന ഭേദഗതി പാസാക്കിയത്. ആറുലക്ഷത്തോളം ഏക്കർ മിച്ചഭൂമി ഭൂപ്രഭുക്കൾക്ക് തട്ടിയെടുക്കാൻ അവസരമൊരുക്കുകയായിരുന്നു ഭൂപരിഷ്കരണ നിയമത്തിലെ 6 (സി) വകുപ്പ് ഭേദഗതി ചെയ്തതിലൂടെ കോൺഗ്രസ് സർക്കാർ ചെയ്തത്.

1980 ആയപ്പോഴേക്കും മുന്നണി സംവിധാനമാകെ മാറി. സിപിഐ എമ്മിന്റെ നേതൃത്വത്തിൽ എൽഡിഎഫും കോൺഗ്രസ് നേതൃത്വത്തിൽ യുഡിഎഫും നിലവിൽ വന്നു. ഇ കെ നായനാരുടെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽവന്നു. ഇഷ്ടദാനത്തിന് വ്യവസ്ഥ ചെയ്യുന്ന 6 (സി) വകുപ്പ് എടുത്തുകളയാൻ നായനാർ മന്ത്രിസഭ കേന്ദ്രത്തിനോട് ശുപാർശ ചെയ്തു. എന്നാൽ അതംഗീകരിക്കാൻ കേന്ദ്ര കോൺഗ്രസ് മന്ത്രിസഭ തയ്യാറായില്ല.

ഏതാണ്ട് 20–22 ലക്ഷം ഏക്കർ മിച്ച ഭൂമി ആദിവാസികളും ദളിതരും ഉൾപ്പെടെയുള്ള പാവപ്പെട്ട ജനവിഭാഗങ്ങൾക്കർഹതപ്പെട്ട ഭൂമി കോൺഗ്രസിന്റെ കള്ളക്കളിയിലൂടെ അവർക്ക് നഷ്ടമാകുകയായിരുന്നു. കോൺഗ്രസിന്റെ സമ്പന്നർക്കനുകൂലമായ വർഗ പക്ഷപാതിത്വം അത്ര ശക്തമായിരുന്നു. എന്നാൽ ഭൂരഹിതർക്കുവേണ്ടി മുതലക്കണ്ണീർ ഒഴുക്കുന്ന ‘ബുദ്ധിജീവികൾ’ ഈ വഞ്ചന കാണാൻ തയ്യാറല്ല.

മിച്ചഭൂമി ഭൂരഹിതർക്ക് ലഭിക്കാൻ ഇത്രയും ആത്മാർത്ഥത കാണിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും സർക്കാരുകളെയും കുറ്റപ്പെടുത്തുന്നവർ ആർക്കുവേണ്ടിയാണ് വിടുപണി ചെയ്യുന്നത് എന്ന് വ്യക്തമാണ്.

വിദ്യാഭ്യാസ രംഗം
1959ലെ ഇ എം എസ് സർക്കാർ കൊണ്ടുവന്ന വിദ്യാഭ്യാസ നിയമം ദൂരവ്യാപകമായ സാമൂഹിക മാറ്റത്തിനാണ് കളമൊരുക്കിയത്. 1957 ജൂലെെ 13ന് പ്രൊ-ഫ. ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിലെ പ്രധാനപ്പെട്ട സവിശേഷതകൾ പരിശോധിച്ചാൽ എത്രമാത്രം പുരോഗമനപരമായിരുന്നു അതെന്ന് വ്യക്തമാകും; പ്രത്യേകിച്ച് അന്നത്തെ കേരളീയ പരിസരത്തിൽ.

ബില്ലിന്റെ സവിശേഷതകൾ താഴെ പറയുന്നവയാണ്:

1. പ്രാഥമിക വിദ്യാഭ്യാസം നിർബന്ധിതവും സൗജന്യവുമാക്കി. 14 വയസ്സിൽ താഴെയുള്ള കുട്ടികളെ ജോലി ചെയ്യിക്കുന്നത് കുറ്റകരമാക്കി.

2. സർക്കാർ സ്കൂളുകളിലെ അധ്യാപകർക്കും അനധ്യാപകർക്കും നൽകുന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും എയിഡഡ് സ്കൂൾ അധ്യാപകർക്കും നൽകും. അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും ശമ്പളം മാനേജർമാരെ ഏൽപിക്കുന്നതിനുപകരം ഹെഡ്മാസ്റ്റർമാർ വഴി അധ്യാപക – അനധ്യാപകർക്ക് നേരിട്ടു വിതരണം ചെയ്യും.
(അതുവരെ മാനേജർമാർ അധ്യാപകരുടെയും അനധ്യാപകരുടെയും ശമ്പളം സർക്കാരിൽനിന്ന് വാങ്ങിയിട്ട് വളരെ ചെറിയ ഒരു തുകയായിരുന്നു അവർക്ക് നൽകിയിരുന്നത്. അത് ചോദ്യം ചെയ്യാൻ ആരെങ്കിലും തയ്യാറായാൽ അവരെ മാനേജർമാർ ഉടൻ തന്നെ പുറത്താക്കുമായിരുന്നു. അതായിരുന്നു അന്നത്തെ സ്ഥിതി).

3. വേക്കൻസിയില്ലാതെ ജോലി നഷ്ടപ്പെടുന്ന അധ്യാപകർക്ക് ഒഴിവുവരുന്ന മുറയ്ക്ക് നിയമനം നൽകണം.

4. പൊതുതാൽപര്യത്തിനെതിരായി പ്രവർത്തിക്കുന്നുവെന്ന് ബോധ്യപ്പെട്ടാൽ ഏത് എയിഡഡ് സ്കൂളും സർക്കാരിനേറ്റെടുക്കാം. ഏറ്റെടുക്കുന്ന സ്കൂളിന് വിപണി വിലയനുസരിച്ചുള്ള നഷ്ടപരിഹാരം നൽകും.

5. മാനേജർമാർക്കു തന്നെ സ്കൂളിൽ അധ്യാപകരെ നിയമിക്കാം. പക്ഷേ അത് പബ്ലിക് സർവീസ് കമ്മീഷന്റെ ലിസ്റ്റിൽ നിന്നാകണം.

6. വ്യവസ്ഥകളിൽ വീഴ്ച വരുത്തിയാൽ അഞ്ചുവർഷത്തേക്ക് സ്കൂൾ ഏറ്റെടുക്കാൻ സർക്കാരിന് അധികാരമുണ്ടാകും.

വിദ്യാഭ്യാസ ബില്ല് നിയമസഭയിൽ അവതരിപ്പിച്ചതിന്റെ പിറ്റേദിവസം ബില്ലിലെ വ്യവസ്ഥകളെ അടിമുടി എതിർത്തുകൊണ്ടുള്ള പ്രമേയം കെപിസിസി എക്സിക്യൂട്ടീവ് പാസാക്കി. മുസ്ലീംലീഗും വിദ്യാഭ്യാസ ബില്ലിനെതിരെ അതിശക്തമായി രംഗത്തുവന്നു.

വിദ്യാഭ്യാസ ബില്ല് 1957 സെപ്തംബർ രണ്ടിന് നിയമസഭ പാസ്സാക്കി. എന്നാൽ ആ ബില്ലും ഒപ്പിടാതെ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടാനാണ് ഗവർണർ തയ്യാറായത്. രാഷ്ട്രപതി അത് സുപ്രീംകോടതിയുടെ ഉപദേശത്തിനായി വിട്ടു. ആ നിയമത്തിലെ വ്യവസ്ഥകൾ പലതും സുപ്രീം കോടതി ശരിവെക്കുകയായിരുന്നു.

വിദ്യാഭ്യാസ നിയമത്തെയും കോൺഗ്രസ് അട്ടിമറിക്കുന്നു
കോൺഗ്രസിന് ആധിപത്യമുണ്ടായിരുന്ന 1960ലെ മുക്കൂട്ടുമുന്നണി മന്ത്രിസഭ വിദ്യാഭ്യാസ നിയമം അട്ടിമറിച്ചുകൊണ്ടുള്ള ഭേദഗതി നിയമം പാസാക്കി. സുപ്രീം കോടതി തന്നെ അംഗീകരിച്ച മുൻ കമ്യൂണിസ്റ്റ് മന്ത്രിസഭ പാസാക്കിയ വ്യവസ്ഥകൾ റദ്ദാക്കുകയായിരുന്നു ഈ നിയമത്തിന്റെ ഉദ്ദേശ്യം.

രണ്ടാം ഇ എം എസ് സർക്കാരും 
വിദ്യാഭ്യാസരംഗവും
1967–69ലെ സിപിഐ എമ്മിന്റെ നേതൃത്വത്തിലുള്ള ഇ എം എസ് സർക്കാരാണ് സെക്കൻഡറി തലംവരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കിയത്. പത്താം ക്ലാസുവരെയുള്ള വിദ്യാഭ്യാസം അതോടെ സാർവത്രികവും സൗജന്യവുമായി.

ഉന്നതവിദ്യാഭ്യാസരംഗത്തും വലിയ പുരോഗതി ഈ കാലയളവിലുണ്ടായി. കാലിക്കറ്റ് സർവകലാശാല സ്ഥാപിച്ചത് ഈ സർക്കാരാണ്. കേരള സർവകലാശാല നിയമം സമഗ്രമായി ഭേദഗതി ചെയ്യപ്പെട്ടു. അക്കാദമിക് കൗൺസിലും സെനറ്റും സിൻഡിക്കേറ്റും അടങ്ങിയ സർവകലാശാല ഭരണസമിതികൾ തികച്ചും ജനാധിപത്യ സംവിധാനങ്ങളായി; വിദ്യാർഥികൾക്കും അധ്യാപകർക്കും ജനാധിപത്യസ്വാതന്ത്ര്യമനുവദിച്ചു.

കോൺഗ്രസ് പിന്തുണയോടെയും നേതൃത്വത്തിലുമുള്ള മന്ത്രിസഭകളാണ് 1969 മുതൽ 1979 വരെ ഭരണം നടത്തിയത്. ഫീസ് ഏകീകരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ ഈ കാലയളവിൽ സമരം നടന്നു. അതിനെ തുടർന്നാണ് സ്വകാര്യകോളേജുകളിലും സർക്കാർ കോളേജുകളിലേതിനു തുല്യമായി ഫീസ് ഏകീകരിക്കാൻ സർക്കാർ നിർബന്ധിതമായത്.

സ്വകാര്യകോളേജ് അധ്യാപകരുടെയും അനധ്യാപകരുടെയും സേവന–വേതന വ്യവസ്ഥകൾ സർക്കാർ കോളേജുകളിലേതിനു തുല്യമാക്കണമെന്നാവശ്യപ്പെട്ട് എകെപിസിടിഎയുടെ ആഭിമുഖ്യത്തിൽ അധ്യാപകർ പണിമുടക്കി. അധ്യാപകരും മാനേജുമെന്റുകളും സർക്കാരും ഉൾപ്പെട്ട ത്രികക്ഷി കരാറിലൂടെ ആ ആവശ്യം നടപ്പിലാക്കപ്പെട്ടു.

1980ലെയും 1987ലെയും 
നായനാർ മന്ത്രിസഭയുടെ കാലം
ഈ രണ്ടു മന്ത്രിസഭകളുടെ കാലത്തും വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ പുരോഗതിക്കുള്ള നിരവധി നടപടികൾ സർക്കാർ സ്വീകരിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറി ആരംഭിച്ചത് ഈ കാലയളവിലാണ്.

അക്ഷരമറിയാത്ത എല്ലാവരെയും എഴുതാനും വായിക്കാനും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1989–90 കാലത്ത് സമ്പൂർണ സാക്ഷരതായജ്ഞത്തിന് സർക്കാർ തുടക്കമിട്ടു. അഭൂതപൂർവമായ ജനപങ്കാളിത്തത്തോടെ വിജയകരമായി അത് നടപ്പാക്കി. തുടർ സാക്ഷരതാ പരിപാടികളും സർക്കാർ ആരംഭിച്ചു. എന്നാൽ 1991ൽ അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ ഈ പരിപാടി മുന്നോട്ടുകൊണ്ടുപോകാൻ താൽപ്പര്യം കാണിച്ചില്ല.

വിദ്യാഭ്യാസരംഗത്തെ സ്വകാര്യവത്കരിക്കുക എന്നതായിരുന്നു 1982–87ലെ യുഡിഎഫ് സർക്കാരിന്റെ പ്രധാന അജൻഡ. നിരവധി അൺ എയ്ഡഡ് സ്കൂളുകൾ യാതൊരു തത്വദീക്ഷയുമില്ലാതെ ആരംഭിക്കാൻ സർക്കാർ അനുമതി നൽകി. അതിലൂടെ ഈ മേഖലയെ ശരിക്കും കച്ചവടമാക്കുകയായിരുന്നു സർക്കാർ.

അശാസ്ത്രീയമായ പ്രീഡിഗ്രി ബോർഡ് കൊണ്ടുവരാൻ സർക്കാർ ശ്രമിച്ചു. അതിനെതിരെ വിദ്യാർഥികളും അധ്യാപകരും പൊതുസമൂഹവും ശക്തമായി പോരാടിയതിനെ തുടർന്ന് ആ പദ്ധതി ഉപേക്ഷിക്കാൻ യുഡിഎഫ് സർക്കാർ നിർബന്ധിതമായി.

സ്വാശ്രയ കോളേജുകളും സിബിഎസ്ഇ കോളേജുകളും വ്യാപകമായി അനുവദിച്ചത് 1982–87 ലെയും 1991–96ലെയം യുഡിഎഫ് സർക്കാരുകളുടെ കാലത്താണ്. l
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 − one =

Most Popular