Thursday, November 21, 2024

ad

Homeആമുഖംആമുഖം

ആമുഖം

ക്യകേരളം നിലവിൽ വന്നിട്ട് 2024 നവംബർ ഒന്നിന് 68 വർഷം പൂർത്തിയായി. ഒരു ദശകത്തിലേറെക്കാലം നീണ്ട പോരാട്ടത്തിലൂടെയാണ് ഐക്യകേരളമെന്ന മലയാളികളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്. പുന്നപ്ര – വയലാറിലെ ഉൾപ്പെടെ തൊഴിലാളികളുടെയും കർഷകരുടെയും ചോരയുടെയും കണ്ണീരിന്റെയും വിയർപ്പിന്റെയും നനവ് പറ്റിയാണ് 1956 നവംബർ ഒന്നിന് ഐക്യ കേരളം പിറന്നത്.

കമ്യൂണിസ്റ്റു പാർട്ടിയുടെ 1940 കൾ മുതലുള്ള പോരാട്ടങ്ങൾ ഐക്യകേരള രൂപീകരണത്തിനു പിന്നിൽ കാണാം. സ്വാതന്ത്ര്യ സമരകാലത്തു തന്നെ, അന്ന് നിലവിൽ ഇല്ലാതിരുന്ന ‘‘കേരളം’’ എന്ന ആശയം ഉയർത്തപ്പെട്ടിരുന്നതാണ്. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ് ഭാഷാ സംസ്ഥാനങ്ങൾക്കായുള്ള പോരാട്ടവും. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ പുനഃസംഘടന നടക്കണമെന്ന് ഉറച്ച നിലപാടെടുത്തതും അതിനായി കാംപെയ്ൻ ചെയ്തതും സമരങ്ങൾ നടത്തിയതും കമ്യൂണിസ്റ്റു പാർട്ടിയാണ്.

ഐക്യകേരളം നിലവിൽ വന്ന 1956ൽ തന്നെയാണ് കമ്യൂണിസ്റ്റു പാർട്ടിയുടെ കേരള സംസ്ഥാന സമ്മേളനം ചേർന്ന് ഭാവി കേരളത്തിന്റെ വികസനം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചു ചർച്ച ചെയ്ത് സമഗ്രമായ ഒരു പ്രമേയം അംഗീകരിച്ചത്-. കാർഷിക, വ്യാവസായിക, സേവന, ക്ഷേമ മേഖലകളിൽ വരുത്തേണ്ട പരിഷ്കരണങ്ങൾ എന്തായിരിക്കണം, മൂലധന സമാഹരണം എങ്ങനെയായിരിക്കണം എന്നിങ്ങനെയുള്ള വിഷയങ്ങളെ സംബന്ധിച്ച നിലപാടുകൾ സമഗ്രമായി അവതരിപ്പിച്ച ആ രേഖയാണ് ഭാവി കേരള വികസനത്തിന്റെ വഴികാട്ടിയായി മാറിയത്. 1957 മുതൽ കേരളത്തിൽ നിലവിൽ വന്നിട്ടുള്ള ഇടതുപക്ഷ ഗവൺമെന്റുകളുടെ ദിശ നിർണയിച്ചത് ആ പ്രമേയത്തിലെ മൗലികമായ നിലപാടുകളാണ്.

1980കളുടെ ഒടുവിൽ കേരള വികസന മാതൃകയിൽ പുനഃപരിശോധന വേണമെന്ന ചർച്ചകൾ ഉയർന്നുവന്ന പശ്ചാത്തലത്തിലാണ് അത് സംബന്ധിച്ച വിശദമായ പഠനത്തിനും ചർച്ചകൾക്കുമായി, എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 1994ൽ ലോക കേരള പഠന കോൺഗ്രസ് ചേർന്നത്. പിന്നീട് 2005ലും 2011ലും 2016ലുമായി രണ്ടും മൂന്നും നാലും പഠന കോൺഗ്രസുകൾ നടത്തി. 2025ൽ അഞ്ചാം കേരള പഠന കോൺഗ്രസിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഇപ്പോൾ ജില്ലാ സെമിനാറുകൾ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് നടന്നുവരുകയുമാണ്.

1956ലെ രേഖയിൽ കാലോചിതമായ മാറ്റം ആവശ്യമായ പശ്ചാത്തലത്തിൽ, പ്രത്യേകിച്ചും നിർമിത ബുദ്ധിയുടെയും നാലാം വ്യവസായ വിപ്ലവത്തിന്റെയും ഈ കാലത്ത്, പുതിയ സമീപനം ഉൾക്കൊള്ളുന്ന രേഖ അനിവാര്യമായി. അതാണ് 2022ൽ 24–ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി നടന്ന സംസ്ഥാന സമ്മേളനത്തിൽ അത്തരമൊരു പ്രമേയം അംഗീകരിച്ചത്.

കേരളത്തെ സംബന്ധിച്ചിടത്തോളം, വികസന –ക്ഷേമ പദ്ധതികളിലൂടെ ഇന്നത്തെ നിലയിൽ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നെല്ലാം വേറിട്ടതാക്കിയതിനുപിന്നിൽ കമ്യൂണിസ്റ്റു പാർട്ടിയുടെ, പൊതുവെ ഇടതുപക്ഷത്തിന്റെ നിരന്തരമുള്ള ഇടപെടൽ കാണാൻ കഴിയും. അത് മൂലധനശക്തികളെയും വലതുപക്ഷ വർഗീയ പിന്തിരിപ്പൻ ശക്തികളെയും അങ്കലാപ്പിലാക്കുന്നതാണ്. 1957ലെ ഇ എം എസ് സർക്കാരിനെ അട്ടിമറിക്കാൻ വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജാതിമത സംഘടനകളും വലതുമാധ്യമങ്ങളും ഒത്തുചേർന്നത് നാം കണ്ടതാണ്. ആ ഒത്തുചേരലിന്റെ ഭീഷണമായ തുടർച്ചയാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തിൽ ഇടതുപക്ഷം നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബദൽ നയങ്ങൾമൂലം നഷ്ടമുണ്ടാകുന്ന മൂലധനശക്തികളും അവരുടെ പിണിയാളുകളും ഇടതുപക്ഷത്തെയെന്നു മാത്രമല്ല, ഇടതുപക്ഷ മനസ്സിനെത്തന്നെ തുടച്ചുനീക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം നടത്തിക്കൊണ്ടിരിക്കവെയാണ് കേരളപ്പിറവിയുടെ 68–ാം വാർഷികം കടന്നുപോകുന്നത്. നവകേരള നിർമിതിയെ തടസ്സപ്പെടുത്താനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ നിതാന്ത ജാഗ്രത പുലർത്തുകയും പ്രതിരോധം സൃഷ്ടിക്കുകയുമാണ് ഇന്ന് കേരള ജനതയുടെ മുന്നിലുള്ള കടമ.

ചിന്ത പ്രവർത്തകർ

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × 3 =

Most Popular