Friday, December 13, 2024

ad

Homeആമുഖംമോദാനി വാഴ്ചയുടെ 
തനിനിറം

മോദാനി വാഴ്ചയുടെ 
തനിനിറം

ദാനിയും മോദിയും രണ്ടല്ല, ഒരേ നാണയത്തിന്റെ ഇരുപുറം തന്നെ. അതുകൊണ്ടുതന്നെ മോദിയും അദാനിയും ചേർന്ന് മോദാനിയാകുന്നു. ഇതിനോട് ചേർന്നു നീങ്ങുന്നുണ്ട് അംബാനിയും. മോദിയുടെ പത്തുവർഷം അദാനിയുടെയും അംബാനിയുടെയും സുവർണ കാലം എന്ന് നിസ്സംശയം അടയാളപ്പെടുത്താവുന്നതാണ്. ഈ രണ്ട് കോർപ്പറേറ്റുകളുടെയും സ്വത്ത് കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ഇരുപത് ഇരട്ടിയിലേറെയാണ് വർധിച്ചത്. മറ്റ് കോർപ്പറേറ്റുകൾ ഇത്രയേറെ തടിച്ചുകൊഴുത്തില്ലെങ്കിലും മോദി വാഴ്ചയുടെ നയങ്ങളും നടപടികളുംകൊണ്ട് അവരുടെ സമ്പത്ത് കുന്നുകൂടുന്നുണ്ട്.

അദാനിയോ അംബാനിയോ ഒന്നും ഇങ്ങനെ തടിച്ചുകൊഴുക്കുന്നത്, പുതിയ മേഖലകളിലേക്ക് അവർ പടർന്നു കയറുന്നത്, സ്വന്തമായി പണം മുടക്കിയിട്ടല്ല; മറിച്ച് പൊതുഖജനാവിൽനിന്നും പൊതുധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമുള്ള പണം മോദി സർക്കാർ അവർക്ക് എത്തിച്ചുകൊടുത്തതിലൂടെയാണ്. അക്ഷരാർഥത്തിൽതന്നെ തീവെട്ടിക്കൊള്ളകളിലൂടെയാണ് സമ്പന്നവിഭാഗം, അതിൽ തന്നെ ചുരുക്കം ചിലർ, അതിവേഗം തടിച്ചുകൊഴുക്കുന്നത്.

നികുതി ഇളവുകൾ നൽകിയും അംഗീകരിക്കപ്പെട്ട നികുതി തന്നെ ഖജനാവിൽ എത്താതിരിക്കുമ്പോൾ എഴുതിത്തള്ളിയും കോർപ്പറേറ്റുകളെ മോദി സർക്കാർ സഹായിക്കുന്നു. അതേസമയംതന്നെ ഇതേ കോർപ്പറേറ്റുകൾ ബാങ്കുകളിൽനിന്ന് എടുക്കുന്ന സഹസ്രകോടിക്കണക്കിന് രൂപയുടെ വായ്പകൾ അവർ തിരിച്ചടയ്ക്കാതെ കുടിശ്ശികയാക്കുകയും സർക്കാർ അവ എഴുതിത്തള്ളുകയും ചെയ്യുന്നു. 15 ലക്ഷം കോടി രൂപയോളം കഴിഞ്ഞ 5 വർഷത്തിനിടയിൽ തന്നെ ഇങ്ങനെ എഴുതിത്തള്ളപ്പെട്ടിട്ടുണ്ട്. ഈ രണ്ടു വിധത്തിലും ഒപ്പം സർക്കാർ നയങ്ങളിൽ ഇവർക്കനുകൂലമായ മാറ്റങ്ങൾ വരുത്തിയും രാജ്യത്തിന്റെ സമ്പത്താകെ കൊള്ളയടിക്കാൻ കൂട്ടുനിൽക്കുകയാണ് മോദി സർക്കാർ. അങ്ങനെയാണ് അദാനിമാരും അംബാനിമാരും കണ്ണടച്ച് തുറക്കുന്ന വേഗതയിൽ ചീർത്തുവരുന്നത്. സാധാരണ ജനങ്ങളുടെ ചോരയൂറ്റിക്കുടിച്ച് തടിച്ചുകൊഴുക്കാൻ സൗകര്യമൊരുക്കുന്ന സർക്കാർ തന്നെയാണ് ജനസാമാന്യത്തെ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തൊഴിലില്ലായ്മയിലേക്കും തള്ളിവിടുന്നത്.

കോവിഡിന്റെ മറവിൽ കോർപ്പറേറ്റ് ടാക്സ് 30 ശതമാനത്തിൽനിന്ന് 22 ശതമാനത്തിലേക്കും ചില വിഭാഗങ്ങളുടേത് 15 ശതമാനത്തിലേക്കും വെട്ടിക്കുറച്ചപ്പോൾ ലക്ഷക്കണക്കിന് കോടി രൂപയാണ് ഖജനാവിന് നഷ്ടമായത്. അത് നികത്താൻ മോദി സർക്കാർ തൊഴിലുറപ്പ് പദ്ധതിയും ഭക്ഷ്യസുരക്ഷാ പദ്ധതിയും പോലെയുള്ള ക്ഷേമപ്രവർത്തനത്തിനുള്ള വകയിരുത്തലിൽ വലിയ കുറവു വരുത്തുന്നു. 2019–20ൽ മാത്രം കോർപ്പറേറ്റ് ടാക്സിനത്തിൽ 10 ശതമാനത്തിന്റെ ഇടിവുണ്ടായതുമൂലം ഈ ഇനത്തിലെ നികുതി പിരിവ് 6.63 ലക്ഷം കോടി രൂപയിൽനിന്ന് 5.57 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഇതൊരു ഉദാഹരണം മാത്രം. അതേസമയം കഴിഞ്ഞ പത്തു വർഷത്തിനിടയിൽ വ്യക്-തിഗത ആദായനികുതി വരുമാനത്തിൽ 117 ശതമാനത്തിന്റെ വർധനവാണുണ്ടായത്.

വിജയ് മല്യമാരും നീരവ് മോദിമാരും മെഹുൽ ചോക്സിമാരും സഹസ്ര കോടിക്കണക്കിന് രൂപയുടെ പണം ബാങ്കുകളിൽനിന്ന് കൊള്ളയടിച്ച് രാജ്യം വിട്ടുപോകാൻ സൗകര്യമൊരുക്കിയ അതേ സർക്കാർ തന്നെയാണ്, സാധാരണക്കാർ തങ്ങളുടെ ജീവിതാവശ്യങ്ങൾ നിറവേറ്റാനായി ബാങ്കുകളിൽനിന്നെടുത്ത വായ്പകൾ കുടിശ്ശികയായാൽ അവരുടെ ജീവിതവും ജീവനും തന്നെ തകർക്കുന്ന സർക്കാരാണ്, കോർപ്പറേറ്റു കൊള്ളയ്ക്ക് ചൂട്ടും പിടിച്ച് നിൽക്കുന്നത്. മോദിയും അദാനിമാരും ചേർന്നുനടത്തുന്ന ഈ തീവെട്ടിക്കൊള്ളയ്ക്കാണ് നാം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. അഴിമതിയുടെ, കുംഭകോണത്തിന്റെ പുതിയൊരു രൂപംതന്നെയാണ് മോദാനിയിലൂടെ ഇന്ന് നടമാടുന്നത്. ഈ കൊള്ളകൾ സംബന്ധിച്ച വസ്തുതകളാണ് ഞങ്ങൾ ഈ ലക്കത്തിൽ മുഖ്യമായും അവതരിപ്പിക്കുന്നത്.

– ചിന്ത പ്രവർത്തകർ

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × 4 =

Most Popular