Saturday, May 4, 2024

ad

Homeകവര്‍സ്റ്റോറിഅദാനിമാരുടെ സ്വന്തം മോദി

അദാനിമാരുടെ സ്വന്തം മോദി

ഫെെനാൻഷ്യൽ അക്കൗണ്ടബിലിറ്റി നെറ്റ്‌വർക്ക് തയ്യാറാക്കിയ Revdis for Corporates-– Report Card 2014–24 നെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്

അവകാശവാദങ്ങൾ

[ കോർപറേറ്റുകൾക്ക് നികുതി ഒഴിവുകൾപോലെയുള്ള കിഴിവുകൾ നൽകുന്നത് സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കും; നിക്ഷേപം വർധിപ്പിക്കും; ഇവ തന്നെയാണ് സർക്കാരിന്റെ ലക്ഷ്യങ്ങളും.

[ വായ്പ തിരിച്ചടയ്ക്കാതെ കുടിശ്ശിക വരുത്തിയ ഒരാൾക്കും തന്റെ ഗവൺമെന്റ് ഭരണത്തിലെത്തിയ ശേഷം ഒരൊറ്റ വായ്പ പോലും നൽകിയിട്ടില്ലെന്ന് മോദി 2018ൽ വീമ്പടിച്ചു. ഇതേവരെ കൊടുത്തിട്ടുള്ള എല്ലാ വായ്പകളും ചില്ലിക്കാശു പോലും കുടിശ്ശികയാക്കാതെ തിരിച്ചുപിടിക്കുമെന്നു മോദി പറഞ്ഞു.

[ സബ്സിഡികൾ നൽകി കോർപറേറ്റ് ലാഭം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പി എൽ ഐ സ്കീം (ഉൽപ്പാദനവുമായി ബന്ധപ്പെടുത്തി ഇൻസെന്റീവുകൾ നൽകുന്ന പദ്ധതി) അവതരിപ്പിച്ചു; ഇതിന്റെ ആത്യന്തിക ലക്ഷ്യമായി പറഞ്ഞത് നികുതി വരുമാനം വർധിപ്പിക്കുകയെന്നതാണ്. ചെറുകിടക്കാരെ പിന്തുണയ്ക്കുന്നതിനുപകരം ചുരുക്കം ചില ‘‘മല്ലന്മാരെ’’ ശരിക്കുമുള്ള വൻകിടക്കാരാക്കി മാറ്റുന്നതിന് പിന്തുണ നൽകണമെന്ന വാദമാണ് അമിതാഭ് കാന്ത് അവതരിപ്പിച്ചത്. ഇങ്ങനെ ചെയ്താൽ ഈ ‘‘മല്ലന്മാർ’’ ചെറുകിട–ഇടത്തരം സൂക്ഷ്മസംരംഭങ്ങളെ കെെപിടിച്ചുയർത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

[ ‘‘ഓഹരികൾ വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് സാമൂഹിക ക്ഷേമപരിപാടികളും വികസനപ്രവർത്തനങ്ങളും നടത്തുകയാണ് ലക്ഷ്യം’’ എന്നു പറഞ്ഞാണ് സർക്കാർ ഓഹരി വിറ്റഴിക്കൽ നീക്കങ്ങളെ ന്യായീകരിക്കുന്നത്. മോണിറ്റെെസേഷൻ എന്നാൽ വിൽപ്പനയല്ലെന്നും സ്വകാര്യ ഉടമകൾക്ക് ‘‘പാട്ട’’ത്തിന് കൊടുക്കുക മാത്രമാണെന്നുമാണ് സർക്കാർ വാദം; സർക്കാരിനുള്ള അവകാശം കെെമാറി ക്കൊടുക്കുന്നില്ലെന്നും സർക്കാർ പറയുന്നു. മോണിറ്റെെസേഷനിലൂടെ ലഭിക്കുന്ന പണം കോവിഡുമായി ബന്ധപ്പെട്ട ചെലവുകൾക്കും പശ്ചാത്തല വികസനാവശ്യങ്ങൾക്കുമായാണ് ചെലവഴിക്കപ്പെടുന്നത് എന്നും സർക്കാർ വാദിച്ചു.

എന്താണ് യാഥാർഥ്യം?

നികുതി ഇളവുകൾ കോർപറേറ്റുകൾക്കുള്ള 
സമ്മാനങ്ങൾ

1. 2019ൽ സർക്കാർ കോർപറേറ്റ് നികുതി നിരക്ക് വെട്ടിക്കുറച്ചു –30 ശതമാനത്തിൽ നിന്ന്- 22 ശതമാനമായാണ് ഇത് കുറച്ചത്. സർവോപരി, പുതുതായി രൂപീകരിക്കപ്പെട്ട നാടൻ കമ്പനികൾ 15 ശതമാനത്തിലും കുറഞ്ഞ നിരക്കിൽ നൽകിയാൽ മതി. നികുതി ഇളവുകളെ തുടർന്നുള്ള ആദ്യത്തെ രണ്ട് വർഷം കൊണ്ട് രാജ്യത്തിനുണ്ടായ വരുമാന നഷ്ടം 1.84 ലക്ഷം കോടി രൂപയാണ്. 2020–21 ൽ ദേശീയ തൊഴിലുറപ്പ് പദ്ധതിക്കും ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിക്കും കൂടി ബജറ്റിൽ വകയിരുത്തിയ മൊത്തം തുകയെക്കാൾ അധികമാണിത്. ഇത് നികുതി വരുമാനത്തിൽ വർധനയ്ക്കോ കാര്യമായ സാമ്പത്തിക വളർച്ചയ്ക്കോ ഇടയാക്കുന്നില്ല.

2. 2019ൽ –20ൽ മൊത്തം കോർപറേറ്റ് നികുതി വരുമാനത്തിൽ 16 ശതമാനത്തിന്റെ ഇടിവുണ്ടായി; 6.63 ലക്ഷം കോടി രൂപയിൽനിന്ന് 5.57 ലക്ഷം കോടി രൂപയായാണ് കുറഞ്ഞത്.

3. 2020ൽ കോർപറേറ്റ് നികുതി വരുമാനം യഥാർഥത്തിൽ 5,56,876 കോടി രൂപയായിരുന്നത് 2021 ആയപ്പോൾ 4,57,719 കോടി രൂപയായി കുറയുകയാണുണ്ടായത്. ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളും ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനികളും കൂടി വൻതുക ലാഭമുണ്ടാക്കിയപ്പോഴാണ് നികുതി വരുമാനത്തിൽ ഇങ്ങനെ കുറവുണ്ടായത് എന്നും ഓർക്കണം.
4. മോദി അധികാരത്തിലിരുന്ന 10 വർഷത്തിനിടയിൽ നികുതി ഭാരമാകെ കോർപറേറ്റുകളിൽനിന്ന് സാധാരണക്കാരുടെ ചുമലിലേക്ക് മാറ്റുകയാണുണ്ടായത്. വ്യക്തിഗത ആദായനികുതി 117 ശതമാനം വർധിച്ചപ്പോൾ കോർപറേറ്റ് നികുതി പിരിവ് 28 ശതമാനം മാത്രമേ വർധിച്ചുള്ളൂ.

5. മൊത്തമുള്ള നികുതി വരുമാനത്തിൽ കോർപറേറ്റ് നികുതിയുടെ വിഹിതം 2014–15ൽ 34.5 ശതമാനമായിരുന്നത് 2024–25ൽ 27.2 ശതമാനമായി കുറഞ്ഞുവെന്നും അതേസമയം ഇതേ കാലത്ത് ആദായനികുതി വിഹിതം 20.8 ശതമാനത്തിൽനിന്ന് 30.2 ശതമാനമായി വർധിച്ചുവെന്നുമാണ് സമീപകാലത്തെ ബജറ്റ് എസ്റ്റിമേറ്റുകൾ തെളിയിക്കുന്നത്.
6. കോർപറേറ്റുകളിൽനിന്നു ശരിക്കും ഈടാക്കുന്ന നികുതി നിരക്കുകൾ 22 ശതമാനത്തിലും കുറവാണ്. 2021–22ൽ റിലയൻസ് ഇൻഡസ്ട്രീസ് ശരിക്കും നൽകിയ (effective) നികുതി നിരക്ക് 16.5 ശതമാനം മാത്രമാണ്. അതേപോലെതന്നെ, അൾട്രാടെക്-സിമെന്റ് കമ്പനി 14.8 ശതമാനം മാത്രമേ നികുതി നൽകിയുള്ളൂ.

വായ്പ എഴുതിത്തള്ളൽ ബാങ്കുകളിൽനിന്നുള്ള 
സൗജന്യങ്ങൾ

1. 2014–2023 കാലത്ത് , മോദി സർക്കാരിന്റെ കാലത്ത് ബാങ്കുകൾ 14.56 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയത്. മോദി അധികാരത്തിലെത്തിയപ്പോൾ എഴുതിത്തള്ളിയിരുന്ന തുകയുടെ മൂന്നിരട്ടിയിലേറെ തുകയാണ് മോദിയുടെ ഭരണകാലത്ത് എഴുതിത്തള്ളിയത്. 2023–24 ൽ ഉത്തർപ്രദേശ് സർക്കാരിന്റെ മൊത്തം ചെലവിനത്തിന്റെ രണ്ടര ഇരട്ടിയിലധികം വരുന്ന തുകയാണ് ഇങ്ങനെ എഴുതിത്തള്ളിയത്.

2. ഇങ്ങനെ എഴുതിത്തള്ളിയ കോർപറേറ്റ് വായ്പകൾ ഉൾപ്പെടെയുള്ള വായ്പയിൽ ബാങ്കുകൾ 2014 ഏപ്രിൽ മുതൽ 2023 മാർച്ച് വരെ തിരിച്ചുപിടിച്ചത് വെറും 2,04,668 കോടി രൂപ മാത്രമാണ്. അതായത് എഴുതിത്തള്ളിയ വായ്പകളുടെ 14.07 ശതമാനം മാത്രമാണ് ബാങ്കുകൾ തിരിച്ചുപിടിച്ചത്. റിസർവ് ബാങ്ക് ഡാറ്റ പ്രകാരം ബാങ്കുകൾ എഴുതിത്തള്ളിയ വായ്പകളുടെ 90%വും ഒരിക്കലും തിരിച്ചുപിടിക്കുകയുമില്ല.

3. മനഃപൂർവം തിരിച്ചടയ്ക്കാത്ത കേസുകളുടെ എണ്ണം 2014ൽ ഉണ്ടായിരുന്നതിന്റെ 1.6 മടങ്ങോളം വർധിച്ച്, 2,023 നവംബറായപ്പോൾ മനഃപൂർവം കുടിശ്ശിക വരുത്തിയ 9249 കേസുകൾ 25 ലക്ഷമോ അതിലധികമോ ഉള്ള അക്കൗണ്ടുകളാണ്; മൊത്തം തുക 1,96,930 കോടി രൂപയും.

4. വായ്പ തിരിച്ചുപിടിക്കുന്നതിനെ സഹായിക്കാനെന്നു കരുതപ്പെടുന്ന ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ (NCLT) പ്രക്രിയയാകട്ടെ വാസ്തവത്തിൽ കോർപറേറ്റുകൾക്ക് പണം കെെമാറാനുള്ള മറ്റൊരു മാർഗമായി മാറിയിരിക്കുകയാണ്. ഉദാഹരണത്തിന്, ഇലക്ട്രോസ്റ്റീൽ കമ്പനി വിൽപ്പന നടത്തിയത് 60% ഹെയർ കട്ട് നൽകിയ ശേഷമാണ്; അതിന്റെ വിലയുടെ 40 ശതമാനം നൽകിയാണ് വേദാന്തഗ്രൂപ്പ് അത് വാങ്ങിയത്. മറ്റൊന്ന്, അലോക് ഇൻഡസ്ട്രീസിന് 83% ഹെയർ കട്ട് നൽകി. യഥാർഥ വിലയുടെ വെറും 17% നൽകിയാണ് റിലയൻസ് അത് വാങ്ങിയത്.
മറ്റൊരുദാഹരണം, സമീപകാലത്താണ് അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള ആർ കോമിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ റിലയൻസ് കമ്യൂണിക്കേഷൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായി (RCIL) ബന്ധപ്പെട്ട് ഒരു പരിഹാര പദ്ധതി എൻസിഎൽടി അംഗീകരിച്ചു. മൊത്തം 49,668 കോടി രൂപ തിരിച്ചടകയ്ക്കാനുണ്ടെന്ന് വായ്പ നൽകിയ സ്ഥാപനം അവകാശപ്പെട്ടപ്പോൾ എൻസിഎൽടി 455.92 കോടി രൂപ നൽകി കേസ് തീർപ്പാക്കാനാണ് വിധിച്ചത്; അതായത് വായ്പാ കുടിശ്ശികയുടെ 0.92 ശതമാനം മാത്രം നൽകിയുള്ള പരിഹാരം.

5. ബാങ്ക് തട്ടിപ്പുകളിൽ ഇൗ പ്രവണത വ്യക്തമായി കാണാം. അത് 2005–14 കാലത്ത് 34,993 കോടി രൂപയായിരുന്നത് 2015–23 കാലമായപ്പോൾ 5.89 ലക്ഷം കോടി രൂപയായി ഉയർന്നു. അതായത് ഏകദേശം 17 ഇരട്ടി വർധന.

6. ഒരു കോടി രൂപയും അതിലധികവുമുള്ള വായ്പകൾ കുടിശ്ശികയാക്കിയ കക്ഷികൾക്കെതിരായി നൽകിയ മൊത്തം കേസുകളുടെ എണ്ണം 2023 മാർച്ച് 31 ആയപ്പോൾ 26,086 ആണ്. അപ്പോൾ മൊത്തം വായ്പ തുക 6,01,834 കോടി രൂപയാണ്. പൊതുമേഖലാ ബാങ്കുകൾ മൊത്തം 4,10,758 കോടി രൂപയുടെ വായ്പകൾ തിരിച്ചുപിടിക്കാനായി 16,420 കേസുകൾ ഫയൽ ചെയ്തു.

7. 2021–22ൽ ബാങ്കുകൾ മൊത്തം എഴുതിത്തള്ളിയ തുക 1,72,800 കോടി രൂപയാണ്. ഇത് പ്രധാനപ്പെട്ട ഏതു സാമൂഹിക മേഖലകൾക്കായും 2023–24 ൽ വകയിരുത്തിയ തുകയെക്കാൾ ഏറെയാണ്. നിർണായക മേഖലകൾക്കായി വകയിരുത്തപ്പെട്ട തുകയും പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ബാങ്കുകൾ എഴുതിത്തള്ളിയ തുകയും തമ്മിലുള്ള താരതമ്യം.

ഉൽപ്പാദനവുമായി 
ബന്ധിപ്പിച്ചുള്ള 
സൗജന്യങ്ങൾ

ഉൽപ്പാദനവുമായി ബന്ധിപ്പിച്ചുള്ള 
ഇൻസെന്റീവ് സ്കീം– ഭൂമി ഏറ്റെടുക്കൽ

1. കമ്പനികൾക്കായി ഗവൺമെന്റ് ഉൽപ്പാദനവുമായി ബന്ധപ്പെട്ടുള്ള ഇൻസെന്റീവുകൾ (PLI) എന്ന പേരിലും സൗജന്യങ്ങൾ വാരിക്കോരി നൽകാറുണ്ട്.

2. ഗുജറാത്തിലെ വേദാന്ത –ഫോക്സ്കോൺ സെമി കണ്ടക്ടർ ഉൽപ്പാദന ഹബ്ബായിരിക്കും. പ്രൊജക്ട് ചെലവിന്റെ 50% സബ്സിഡി വാഗ്ദാനം നൽകുന്ന ഇന്ത്യാ ഗവൺമെന്റ് നയത്തിന്റെ ആദ്യ ഗുണഭോക്താക്കളിലൊന്ന് സെമികണ്ടക്ടർ മേഖലയ്ക്കായി സബ്സിഡി നൽകാൻ മൊത്തം വകയിരുത്തിയിട്ടുള്ള 76,000 കോടി രൂപയും ഫോക്സ് കോൺ–വേദാന്ത കമ്പനിയുടെ കീശയിലെത്തും. സത്യത്തിൽ ആ കോർപറേറ്റിന് സർക്കാർ 76,000 കോടി രൂപ സൗജന്യമായി കെെമാറുകയാണ്. ഇത് ആ മേഖലയിലെ കുത്തകയാവാൻ അവരെ സഹായിക്കുന്നു.

3. 2022 മാർച്ചിൽ, ഇവി ബാറ്ററികൾ (വെെദ്യുതി വാഹനങ്ങൾക്കുള്ള ബാറ്ററികൾ) നിർമിക്കുന്നതിനായി നാല് കമ്പനികൾക്ക് കേന്ദ്ര സർക്കാർ പിഎൽഐ സ്കീം പ്രകാരം 18,000 കോടി രൂപ നൽകി; അവയിൽ ഒന്ന് ഹ്യുണ്ടായി ഗ്ലോബൽ മോട്ടോർസ് കമ്പനി ലിമിറ്റഡാണ്. പിഎൽഐ നൽകപ്പെട്ട കമ്പനിയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ഹ്യുണ്ടായി ആട്ടോ മൊബെെൽസ് പരസ്യപ്രസ്താവന ഇറക്കിയതിനെതുടർന്ന് പിന്നീട് ഇത് റദ്ദാക്കപ്പെട്ടു.

മോണിറ്റെെസേഷൻ പൊതുസ്വത്ത് സൗജന്യമായി കെെമാറൽ

♦ 2014നും 2022നും ഇടയ്ക്ക് 4.86 ലക്ഷംകോടി രൂപയുടെ പൊതുസംരംഭങ്ങളും അവയുടെ ആസ്തികളും കോർപറേറ്റുകൾക്കും സ്വകാര്യകക്ഷികൾക്കുമായി സർക്കാർ വിറ്റു.

♦ മോണിറ്റെെസേഷൻ വെറുമൊരു കബളിപ്പിക്കലാണ്. നാഷണൽ മോണിറ്റെെസേഷൻ പെെപ്പ് ലെെൻ പദ്ധതിയിലൂടെ റെയിൽവേ ലെെനുകളും റെയിൽവേ സ്റ്റേഷനുകളും ടെലികോം സംവിധാനങ്ങൾ, വെെദ്യുതി ട്രാൻസ്മിഷൻ ലെെനുകൾ, എണ്ണ–പ്രകൃതി വാതക പെെപ്പ് ലെെനുകൾ, റോഡുകൾ, പാലങ്ങൾ, തുറമുഖങ്ങൾ തുടങ്ങിയവ പോലെയുള്ള 6 ലക്ഷം കോടി രൂപ വിലയുള്ള ഭൗതിക ആസ്തികൾ സ്വകാര്യസ്ഥാപനങ്ങൾക്കായി സർക്കാർ പാട്ടത്തിന് കൊടുക്കുകയാണ്. ‘‘പാട്ടം’’ എന്ന് വിളിക്കപ്പെടുന്ന ഈ ഇടപാട് ഫലത്തിൽ 40 വർഷം വരെ തുടരും. ഇത് യഥാർഥത്തിൽ പാട്ടത്തിന്റെ മറവിൽ നടക്കുന്ന ശരിക്കുമുള്ള വിൽപ്പന തന്നെയാണ്.

♦ ഇത്തരം മോണിറ്റെെസേഷൻ സ്കീമുകളിൽ വലിയ തോതിൽ വില കുറച്ച് കാണിക്കും എന്ന അപകടമുണ്ടെന്ന് നാം കാണണം. ഉദാഹരണത്തിന് 26,700 കി.മി ദേശീയപാത (മൊത്തം ദേശീയപാതയുടെ 22 ശതമാനം) മോണിറ്റെെസ് ചെയ്യാൻ പോവുകയാണ്. അതിൽനിന്ന് 1.6 ലക്ഷം കോടി രൂപ സമാഹരിക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. 2019ൽ കേന്ദ്ര റോഡ് ഗതാഗത ഹെെവേ മന്ത്രാലയം കണക്കാക്കിയതു പ്രകാരം 26,700 കി.മി നാല് വരി ദേശീയപാതയുടെ നിർമാണച്ചെലവ് 8 ലക്ഷം കോടി രൂപയിലധികമാണ്.

 വരുമാനം ഉണ്ടാക്കുന്നതിനായി പൊതുസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഉപയോഗിക്കപ്പെടാത്ത ഭൂമി വിൽപ്പന നടത്തുന്നതിനായി 2022ൽ നാഷണൽ ലാൻഡ് മോണിറ്റെെസേഷൻ കോർപറേഷൻ രൂപീകരിച്ചു. എന്നാൽ 5–ാം പട്ടികപ്രകാരം സ്വകാര്യമേഖലയ്ക്ക് കെെമാറുന്നതിന് വിലക്കുള്ള കേന്ദ്ര പൊതുമേഖലാ സംരംഭങ്ങളുടെ കെെവശമുള്ളതാണ് ഈ ആസ്തികളുടെ ഗണ്യമായ ഭാഗം. കോർപ്പറേറ്റ് നികുതി വെട്ടിക്കുറയ്ക്കൽ, നോട്ട് നിരോധനം, ജിഎസ്ടി എന്നിവയെ പോലെയുള്ള സർക്കാർ നയങ്ങൾ തന്നെ സൃഷ്ടിച്ച ധനപ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള സർക്കാരിന്റെ കെെവിട്ടുള്ള കളിയാണ് മോണിറ്റെെസേഷൻ നീക്കങ്ങൾ. 2020 ആകുമ്പോൾ ധനക്കമ്മി ജിഡിപിയുടെ 9.4 ശതമാനമായി കുതിച്ചുയർന്നു; 2021 ഓടുകൂടി സർക്കാരിന്റെ കടബാധ്യത ജിഡിപിയുടെ 90 ശതമാനത്തിലെത്തി.

സ്വകാര്യവൽക്കരണം അതും പൊതുസ്വത്ത് 
സൗജന്യമായി കെെമാറൽ തന്നെ!

2023ൽ സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡും (CEL) പവൻ ഹാൻസ് ലിമിറ്റഡും (PHL) തുച്ഛവിലയ്ക്ക് വിൽക്കുന്നതിനുള്ള പദ്ധതിക്ക് സർക്കാർ രൂപം നൽകി. വളരെ കുറഞ്ഞ വില നിശ്ചയിച്ചതിനെതിരെ, വിൽക്കാൻ തീരുമാനിച്ച ആ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ പ്രതിഷേധിച്ചതിനെതുടർന്ന് വിൽപ്പന നീക്കത്തിൽനിന്ന് പിന്മാറാൻ സർക്കാർ നിർബന്ധിതമായി. ബിജെപി നേതാക്കളുടെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ വിൽപ്പനയും ഫർണിഷിങ്ങും ചെയ്യുന്ന ഒരു സ്ഥാപനത്തിനാണ് സിഇഎൽ വിൽപ്പന നടത്താൻ തീരുമാനിച്ചതെന്നും നികുതി നൽകേണ്ടതില്ലാത്ത ഒരു സ്ഥലത്തുള്ള (കെയ്മാൻ ഐലൻഡ്സ്) കുടിശ്ശികക്കാരായ ഒരു ധനകാര്യകമ്പനിക്കാണ് പിഎച്ച്എൽ വിൽക്കാൻ നിശ്ചയിച്ചതെന്നുമാണ് കൂടുതൽ അനേ-്വഷണത്തിൽ വെളിപ്പെട്ടത്.

തങ്ങളുടെ ആവശ്യത്തിലേക്കായി ഖനനം ചെയ്യാൻ ഒരു ഖനി അനുവദിക്കണമെന്ന് ഖനി മന്ത്രാലയത്തോട് രാഷ്ട്രീയ ഇഷ്-പാത്ത് നിഗം ലിമിറ്റഡ് നിരവധി തവണ അഭ്യർഥിച്ചിട്ടും മന്ത്രാലയം അതിനു തയ്യാറായില്ല; എന്നാൽ അതേസമയം ഇതേ മന്ത്രാലയം യാതൊരു വെെമനസ്യവും കൂടാതെ സ്വകാര്യകമ്പനികൾക്ക് കാപ്റ്റീവ് മെെനുകൾ അനുവദിക്കാനുള്ള വിശാലമനസ്കത പ്രകടമാക്കുകയും ചെയ്തു. അതിനുപകരം, കേന്ദ്ര സർക്കാർ ശ്രമിച്ചത് രാഷ്ട്രീയ ഇഷ്പാത്ത് നിഗം ലിമിറ്റഡിന്റെ വിശാഖപട്ടണത്തുള്ള സ്റ്റീൽ പ്ലാന്റിന്റെ 6.3 എംറ്റിപിഐ ശേഷി വിൽക്കാനാണ്. നവരത്ന കമ്പനികളെ തന്നെ വിറ്റുതുലയ്ക്കാനുള്ള സർക്കാരിന്റെ നഗ്നമായ നീക്കമാണ് ഇതിലൂടെ വെളിവാക്കപ്പെട്ടത്.

♦ സ്വകാര്യഇടപാടുകൾക്ക് നേട്ടമുണ്ടാക്കാനായി ഒരു സർക്കാർ സ്ഥാപനത്തിന്റെ അടിസ്ഥാന സ്വഭാവം മാറ്റുന്നതിന്റെ മറ്റൊരു ദൃഷ്ടാന്തമാണ്- ലെെഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഐപിഒ.

♦ എൽഐസിയുടെ സ്വഭാവവും ഭാഗധേയവും നിശ്ചയിക്കുന്നതിൽ സ്വകാര്യ നിക്ഷേപകരുടെ പങ്ക് ഐപിഒ വർധിപ്പിക്കും.

♦ പ്രധാനമായും ലാഭത്തിൽ മാത്രം കണ്ണുംനട്ടിരിക്കുന്നവരായിരിക്കെ, സ്വകാര്യ നിക്ഷേപകർക്ക് ഗ്രാമീണമേഖലയിലേക്കും അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കിടയിലേക്കും കടന്നുചെല്ലാൻ കഴിയണമെന്നതുൾപ്പെടെയുള്ള എൽഐസിയുടെ അടിസ്ഥാനപരമായ ലക്ഷ്യങ്ങളെ മാറ്റാൻ കഴിയും.

♦ അതുപോലെ തന്നെ ചെറിയ പോളിസി ഉടമകളുടെ സ്ഥാനത്ത് വൻകിട നിക്ഷേപകരാകുന്ന നിലയിൽ പോളിസി ഉടമകളുടെ ഘടനയിലും മാറ്റം വരും.

♦ എൽഐസിക്ക് മത്സരത്തിലുണ്ടായിരുന്ന മേൽക്കെെ ഇത് നഷ്ടപ്പെടുത്തും; എൽഐസിയുടെ സജീവ സാന്നിധ്യമുണ്ടായിരുന്നതുകൊണ്ട് ഇതേവരെ കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാൻ കഴിയാതിരുന്ന ഇൻഷുറൻസ് മേഖലയിലെ മറ്റു സ്വകാര്യഇടപാടുകാരായിരിക്കും ഇതിന്റെ നേട്ടമുണ്ടാക്കുന്നത്.

♦ ‘‘മോശപ്പെട്ട അവസ്ഥയിൽ കഴിയുന്ന ആളുകൾക്ക് സാമൂഹിക സുരക്ഷ നൽകുന്ന’’ സംവിധാനമെന്ന നിലയിൽ എൽഐസിയെ കരുതിയിരുന്നവർക്ക് ഇത് സങ്കൽപ്പിക്കാൻപോലും പറ്റാത്ത കാര്യമാണ്.

‘‘വിവിധ സാമൂഹികമേഖലകളിലെ പരിപാടികൾക്കും വികസനപരിപാടികൾക്കും ആവശ്യമായ പണം കണ്ടെത്തുന്നതിന് ഓഹരി വിറ്റുകിട്ടുന്ന വരുമാനം ഉപയോഗിക്കുക’’ എന്ന ലക്ഷ്യമാണ് തങ്ങൾക്കുള്ളത് എന്നു പറഞ്ഞാണ് സർക്കാർ ഓഹരി വിറ്റഴിക്കൽ നീക്കങ്ങളെ ന്യായീകരിക്കുന്നത്. സർക്കാരിനു അധികമായി വേണ്ടിവരുന്ന ചെലവുകൾക്ക് നേരിട്ട് ബാങ്കുകളെ സമീപിക്കുകയോ കോർപ്പറേറ്റ് മേഖലയ്ക്ക് പൊതുമേഖലാ സംരംഭങ്ങളെ വിൽക്കുന്നതിലൂടെ ധനസമാഹരണം നടത്തുകയോ ചെയ്യാവുന്നതാണ്; ഇതിൽ ഏതായാലും യഥാർഥത്തിൽ ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ല. എല്ലാത്തിനുമുപരി കോർപ്പറേറ്റുകൾ ഇത്തരം ബാങ്കിങ് സംവിധാനത്തിൽനിന്ന് വായ്പയെടുത്താണ് പൊതുമേഖലാ സ്ഥാപനങ്ങളെ കെെവശപ്പെടുത്താനുള്ള പണം കണ്ടെത്തുന്നത്.

ലിഥിയം, സ്വർണം, കൊബാൾട്ട്, വെള്ളി എന്നിങ്ങനെയുള്ള വിഭവങ്ങൾക്കായുള്ള പര്യവേക്ഷണം വേഗതയിലാക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ അത്തരം ധാതുക്കളുടെ ഖനന സാധ്യതയുള്ള സ്ഥലങ്ങൾ ബ്ലോക്കുകളായി തിരിച്ച് സ്വകാര്യഏജൻസികൾക്ക് ലേലം ചെയ്തുകൊടുക്കുകയാണ്. ഈ നീക്കത്തിന് സൗകര്യമൊരുക്കുന്നതിനായാണ് ദി മെെൻസ് ആൻഡ് മിനറൽസ് (ഡവലപ്മെന്റ് ആൻഡ് റെഗുലേഷൻ) അമെൻമെൻഡ് ആക്ട് 2023 പാസ്സാക്കിയത്; വളരെ പ്രധാനപ്പെട്ട പല ധാതുക്കളുടെയും ഖനികൾ സ്വകാര്യഏജൻസികൾക്ക് കെെമാറാൻ അനുവദിക്കുന്നതാണ് ഈ നിയമം. സാമൂഹികാവകാശങ്ങളും പരിസ്ഥിതിയുമെല്ലാം അടിയറവച്ചാണ് ചരിത്രപരമായി തന്നെ, ലാഭത്തിൽ മാത്രം നോട്ടമുള്ള സ്വകാര്യകൊള്ളക്കാർക്ക് അമൂല്യങ്ങളായ ഈ വിഭവങ്ങൾ വിട്ടുകൊടുക്കുന്നത്.

അടുത്തകാലത്ത്, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചും (ICAR) ബഹുരാഷ്ട്ര കോർപ്പറേഷനായ ബേയറും തമ്മിൽ ഒപ്പുവച്ച ധാരണാപത്രം ഇന്ത്യൻ കാർഷികരംഗത്ത് കോർപ്പറേറ്റുകളുടെ സ്വാധീനം വർധിക്കുന്നതിനെ സംബന്ധിച്ചും കോർപറേറ്റനുകൂല കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരാനുള്ള സാധ്യതയെക്കുറിച്ചും കർഷകർക്കിടയിൽ ആശങ്ക ഉയർത്തിയിരിക്കുകയാണ്. കാർഷിക ഗവേഷണ കൗൺസിൽ (ICAR) ബജറ്റ് വെട്ടിക്കുറയ്ക്കുന്നതിന് സാക്ഷ്യംവഹിക്കവെ തന്നെ, ലാഭക്കണ്ണോടുകൂടി പ്രവർത്തിക്കുന്ന ബഹുരാഷ്-ട്ര കുത്തക കോർപറേഷനെ കാർഷിക ഗവേഷണ കൗൺസിലിന്റെ പേരും പ്രശസ്തിയും വിശ്വാസ്യതയും അതിവിപുലമായ പശ്ചാത്തലസൗകര്യങ്ങളും ഉപയോഗിക്കാൻ അനുവദിക്കുകയാണ‍് ഇത്തരമൊരു കരാറിലൂടെ ചെയ്തത്; അതുപയോഗിച്ച് ആ ബഹുരാഷ്ട്ര കുത്തക രാജ്യത്ത് തങ്ങളുടെ വാണിജ്യപദ്ധതികൾ നടപ്പാക്കുന്നത് യഥാർഥത്തിൽ ഞെട്ടിപ്പിക്കുന്ന കാര്യമാണ്.

യുപിഎ ഭരണകാലത്തെ കൽക്കരി കുംഭകോണങ്ങളാണ് ആ സർക്കാരിനെതിരെ ബിജെപി പ്രചാരണായുധമാക്കിയത്. ഇപ്പോഴത്തെ സർക്കാരിന് അതിലെ തന്നെ രണ്ട് കേന്ദ്രമന്ത്രിമാരിൽനിന്ന് ഈ സർക്കാർ പിന്തുടരുന്ന കൽക്കരി നിയമം മാറ്റിയില്ലെങ്കിൽ അത് വലിയ അഴിമതി ആരോപണങ്ങൾക്കിടയാക്കുമെന്ന് തുടക്കത്തിൽ തന്നെ താക്കീത് നൽകിയിരുന്നതായി റിപ്പോർട്ടേഴ്സ് കളക്ടീവ് കണ്ടെത്തിയിരുന്നു. സ്വകാര്യകമ്പനികൾക്ക് ലേലത്തിൽ ഇടപെട്ട് അട്ടിമറി നടത്താൻ അത് അവസരമൊരുക്കുമെന്നും പൊതു ഖജനാവിന് വലിയ നഷ്ടം വരുത്തി അവ കൊള്ളലാഭമടിക്കുമെന്നും അവർ താക്കീത് ചെയ്-തു. പക്ഷേ, അതൊന്നും ആരും ചെവിക്കൊണ്ടില്ല.

കോർപ്പറേറ്റുകൾക്ക് പരിഷ്കാരങ്ങളിലൂടെയും സമ്മാനങ്ങൾ

♦ അനായാസം ബിസിനസ് നടത്താൻ സൗകര്യമൊരുക്കുന്നതിനായി രാജ്യത്തുടനീളം നിലവിലുണ്ടായിരുന്ന വ്യത്യസ്തങ്ങളായ 40,000 ത്തിലേറെ ചട്ടങ്ങളും മറ്റും ‘‘ഒഴിവാക്കുകയോ ലഘൂകരിക്കുകയോ’’ ചെയ്യണമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി അഭിപ്രായപ്രകടനം നടത്തി. ഓരോ വർഷം കഴിയുന്തോറും എണ്ണം വർധിക്കുന്നതായാണ് തോന്നുന്നത്. 2021ൽ 22,000 ചട്ടങ്ങളിലും മറ്റും മാറ്റം വരുത്തിയതായി സർക്കാർ വീമ്പടിച്ചു. 32,000 ചട്ടങ്ങൾ നീക്കം ചെയ്തതായി 2022ൽ പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇപ്പോൾ അത് 40,000 ആണ്. എന്നാൽ, പരിസ്ഥിതി പ്രവർത്തകരുടെയും പൗരാവകാശ പ്രവർത്തകരുടെയും അഭിപ്രായപ്രകാരം അടിസ്ഥാനപരമായും ഇത്തരമൊരു സമീപനത്തിന്റെ അർഥം ഭൂമി ഏറ്റെടുക്കലിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും മാനദണ്ഡങ്ങളിൽ അയവുവരുത്തുകയും തീരദേശ വികസനചട്ടങ്ങളിൽ വെള്ളം ചേർക്കുകയും ഖനനത്തിനായി സമ്പന്നമായ വനമേഖലകൾ തുറന്നുകൊടുക്കുകയും തൊഴിൽനിയമങ്ങൾ പരിഷ്കരിക്കുകയും മറ്റും ചെയ്യുകയെന്നാണ്.

♦ മോദി ഭരണകാലത്ത് 2020ൽ പാർലമെന്റിന്റെ ഇരുസഭകളും പുതിയ ലേബർ കോഡുകൾ അംഗീകരിച്ചു. തൊഴിലാളികൾക്ക് പരിമിതമായെങ്കിലും സംരക്ഷണവും അവകാശങ്ങളും അനുവദിച്ചിരുന്ന നിയമങ്ങളിലെല്ലാം ഈ പുതിയ ലേബർ കോഡുകൾ വെള്ളം ചേർത്തിരിക്കുന്നുവെന്നാണ് ട്രേഡ് യൂണിയനുകൾ പറയുന്നത്. വ്യവസായികൾക്കനുകൂലവും തൊഴിലാളി വിരുദ്ധവുമായ ലേബർ കോഡുകൾ തൊഴിലാളി യൂണിയനുകളിൽനിന്നുള്ള ചെറുത്തുനിൽപ്പിനെ തുടർന്ന് ഇതുവരെ നടപ്പാക്കാനായില്ല; മുതലാളിമാർക്ക് തൊഴിലാളികളെ യഥേഷ്ടം നിയമിക്കാനും പിരിച്ചുവിടാനും അവസരംനൽകുന്ന വ്യവസ്ഥകളെയും ഒപ്പം സംഘടനാ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിനെയുമാണ് യൂണിയനുകൾ പ്രധാനമായും എതിർത്തത്.

മോദാനി ഘടകം

 

2018ൽ ആറ് വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിന് മോദി സർക്കാർ അനുമതി നൽകിയപ്പോൾ, ഈ മേഖലയിൽ യാതൊരു മുൻപരിചയവുമില്ലാത്ത കമ്പനികൾക്കുകൂടി ലേലത്തിൽ പങ്കെടുക്കാൻ പറ്റുന്നവിധം മത്സരിക്കാൻ കഴിയുന്ന വിഭാഗങ്ങളെ സംബന്ധിച്ച ചട്ടങ്ങളിൽ അയവുവരുത്തി. അങ്ങനെയാണ് രായ്ക്കുരാമാനം ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യവിമാനത്താവളങ്ങളുടെ ഉടമയായി അദാനി മാറിയത്. വിമാനത്താവളങ്ങൾ നടത്തിയ മുൻപരിചയമൊന്നുമില്ലാത്ത അദാനി ഈ ആറു വിമാനത്താവളങ്ങളും സ്വന്തമാക്കി.

നമ്മുടെ തീരപ്രദേശത്തെ ഓരോ 500 കി.മീറ്ററിനിടയിൽ ഒരു അദാനി തുറമുഖം/ടെർമിനൽ വീതമുണ്ട്. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിലെ മൊത്തം തുറമുഖ ഗതാഗതത്തിന്റെ 10 ശതമാനത്തിൽ നിന്നും 24 ശതമാനമാണ് അദാനിയുടെ കെെവശമായത്-; ഇന്ന് ഇന്ത്യാ ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ തുറമുഖങ്ങൾക്ക് പുറത്തുള്ള 57% ചരക്കുകടത്തും നിയന്ത്രിക്കുന്നത് അദാനിയാണ്. മോദി ഭരണത്തിൽ അനുവദിച്ചുകൊണ്ടിരിക്കുന്ന ഈ കമ്പോള സാന്ദ്രീകരണത്തിന്റെ തന്ത്രപരമായ അനന്തരഫലങ്ങളെക്കുറിച്ച് സർക്കാരിന്റെ ഉന്നതതലങ്ങളിൽ തന്നെ ആശങ്ക വർധിച്ചുവരികയാണ്.

കൽക്കരി ബ്ലോക്കുകൾ സ്വകാര്യമേഖലയ്ക്ക് കെെമാറുന്നത് അനുവദിക്കുന്ന സവിശേഷമായ ഒരു നിയമം ‘അനുചിത’വും സുതാര്യതയില്ലാത്തതുമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സംശയാതീതമായി വ്യക്തമാക്കിയശേഷവും ഇതിൽ ഒരാൾക്ക് ഇളവ് നൽകിയിരിക്കുന്നതായി റിപ്പോർട്ടേഴ്സ് കളക്ടീവ് കണ്ടെത്തി. ഇന്ത്യയിലെ ഏറ്റവുമധികം സാന്ദ്രതയേറിയ വനമേഖലകളിലൊന്നിൽ 4.5 കോടി ടണ്ണിലധികം കൽക്കരിയുള്ള ഒരു ബ്ലോക്കിൽനിന്നും ഖനനം നടത്താൻ അദാനി എന്റർപ്രൈസസ് ലിമിറ്റഡിന് സർക്കാർ അനുമതി നൽകി.

ഒരുപക്ഷേ, ചരിത്രത്തിലെ തന്നെ ഏറ്റവും വൃത്തികെട്ട കോർപ്പറേറ്റ് തട്ടിപ്പുകളുടെ ദൃഷ്ടാന്തമാണ് അദാനിയുടേത്. അതിന് ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഓഹരി വിപണിയിലെ കൃത്രിമങ്ങൾ, നഗ്നമായ അക്കൗണ്ടിങ് വെട്ടിപ്പുകൾ എന്നിങ്ങനെയുള്ള കാര്യങ്ങളുടെ തെളിവുകളാണ് സ്ഫോടനാത്മകമായ ഹിൻഡെൻബെർഗ് റിപ്പോർട്ട് പുറത്തുകൊണ്ടുവന്നത്. പൊതു ഓഹരി ഉടമകളിൽ (Public share Holders) ചിലവ ശരിക്കുമുള്ള പൊതുഓഹരി ഉടമകളല്ലയെന്നും ഈ കമ്പനികളുടെ പ്രൊമോട്ടർമാർ ഇടപാടുകൾ നടത്തുന്ന ഇടം മാത്രമായിരിക്കും അതെന്നുമുള്ള സംശയം വളരെക്കാലമായി സെബിക്ക് (SEBI) ഉണ്ടായിരുന്നെങ്കിലും ആത്യന്തികമായും ഈ സ്ഥാപനങ്ങളുടെ ഉടമസ്ഥത നിർണയിക്കുന്നിൽ സെബിക്ക് വീഴ്ചപറ്റി; കാരണം 2018ൽ ഇത്തരം വെളിപ്പെടുത്തൽ നടത്തുന്നതിനുള്ള വ്യവസ്ഥ സെബി തന്നെ റദ്ദുചെയ്തു.

മോദിയുടെ ചങ്ങാതിമാരാണോ? അവർക്ക് എന്തും ചെയ്യാം

പെൽമയിലെയും ഗാരെ പെൽമയിലെയും (ഛത്തീസ്ഗഢ്) കൽക്കരി ബ്ലോക്കുകൾ; അദാനിയുടെ ഉടമസ്ഥതയിലുള്ള ഈകൽക്കരിപ്പാടം വനവാസികളുടെ ഉപജീവനമാർഗങ്ങൾ ഇല്ലാതാക്കും; പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്കിടയാക്കും.

ഹാസ്ദേവ് ആരന്ദ് വനമേഖലയിലെ പാർസാ ഈസ്റ്റ് കേത്തേ ബസാൻ കൽക്കരി ഖനി (ഛത്തീസ്ഗഢ്) മധേ-്യന്ത്യയിലെ അതിപ്രാചീനമായ ഈ വനമേഖലയിൽ അദാനി കൂടുതൽ കൽക്കരി കുഴിച്ചെടുക്കാൻ വനഭൂമിയിലെ വൃക്ഷങ്ങൾ മുറിച്ചുമാറ്റുകയും ആദിവാസികളുടെ വീടുകൾ തകർക്കുകയും ചെയ്തു.

മധ്യപ്രദേശിലെ ധിരൗലിയിലെയും കിഴക്കൻ ഉജ്ജയനിയിലെ ഗോണ്ട് ബഹേരയിലെയും ഉജ്ജയനിയിലെ ഗോണ്ട് ബഹേരയിലെയും കൽക്കരിപ്പാടങ്ങൾ: കിഴക്കൻ ഉജ്ജയനിയിലെ ഗോണ്ട് ബഹേരയിലെ കൽക്കരിപ്പാടത്തിന്റെ ഉടമസ്ഥത അദാനി ഗ്രൂപ്പിനുകിട്ടി. ‘ലേല’ത്തിൽ മത്സരിക്കാൻ വേറെ ആരും മുന്നോട്ടുവന്നില്ല. അതിവിശാലമായ വളരെയേറെ പഴക്കമുള്ള വനഭൂമിയിലെ വൃക്ഷങ്ങൾ ഇതിനകം മുറിച്ചുമാറ്റിക്കഴിഞ്ഞു. അഥവാ മുറിച്ചുമാറ്റിക്കൊണ്ടിരിക്കുകയാണ്.

അദാനി പെഞ്ച് പവർ ലിമിറ്റഡ്: അദാനി പവർ ലിമിറ്റഡിന്റെ സബ്സിഡിയറിയായ ഈ കമ്പനി മധ്യപ്രദേശിലെ ചിന്ദ്-വാര ജില്ലയിൽ 1320 മെഗാവാട്ടിന്റെ സൂപ്പർ ക്രിട്ടിക്കൽ തെർമൽ പവർ പ്ലാന്റ് സ്ഥാപിക്കുകയാണ്. ഈ പ്ലാന്റിന്റെ നിർമാണം 31 ഗ്രാമങ്ങളെ ബാധിക്കും; 5,607 ഹെക്ടർ ഭൂമിയെ ഇൗ പദ്ധതി മുക്കിക്കളയും; 6 ഗ്രാമങ്ങൾ പൂർണമായും ഇല്ലാതാകും.

മുന്ദ്ര തുറമുഖവും സ്പെഷ്യൽ ഇക്കണോമിക് സോണും (ഗുജറാത്ത്)
പാരിസ്ഥിതിക നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നതിന്റെ പേരിൽ അദാനിയുടെ ഈ കമ്പനി തുടക്കം മുതൽ വിമർശനം നേരിടുകയാണ്. ഈ പ്രത്യേക സാമ്പത്തികമേഖല 1991 ലെ കോസ്റ്റൽ റഗുലേഷൻ സോൺ നോട്ടിഫിക്കേഷനും 1980ലെ വന(സംരക്ഷണ) നിയമവും ലംഘിച്ചതായി റിപ്പോർട്ടുണ്ട്. കണ്ടൽക്കാടുകൾ നശിപ്പിക്കൽ, ദേശാടന പക്ഷികളെ ഇല്ലാതാക്കൽ ചെറിയ അരുവികളെയും മുളങ്കാടുകളെയും നശിപ്പിക്കൽ എന്നിവയെല്ലാം ഈ സ്പെഷ്യൽ ഇക്കണോമിക് സോൺ ഉണ്ടാക്കിയ പരിസ്ഥിതി നശീകരണമാണ്. ഈ പ്രവർത്തനം മൂലം ധ്രുബ് ഗ്രാമത്തിലെ കർഷകർക്ക് അവരുടെ കൃഷിഭൂമി നഷ്ടപ്പെട്ടു.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

10 + eight =

Most Popular