Sunday, May 26, 2024

ad

Homeകവര്‍സ്റ്റോറിഹെയർ കട്ടുകളുടെ കാലം മറ്റൊരു കോർപ്പറേറ്റ് കൊള്ള

ഹെയർ കട്ടുകളുടെ കാലം മറ്റൊരു കോർപ്പറേറ്റ് കൊള്ള

ഫെെനാൻഷ്യൽ അക്കൗണ്ടബിലിറ്റി 
നെറ്റ്-വർക്ക് 
തയ്യാറാക്കിയ IBC Haircuts– 
Report Card 2014-–24 നെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്

അവകാശവാദങ്ങൾ

1. കോർപ്പറേറ്റ് മേഖലയിൽ നിന്ന് ബാങ്കുകൾക്കുള്ള കിട്ടാക്കടം തിരികെ പിടിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് 2016 മെയ് മാസത്തിൽ ഇൻസോൾവെൻസി ആൻഡ് ബാങ്കറപ്-സി കോഡ് (2016 –IB‍) പാർലമെന്റ് പാസാക്കിയത്.

2. കോർപ്പറേറ്റുകളിൽനിന്ന് കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുന്ന കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിന് ഈ നിയമം വളരെയേറെ ഫലപ്രദമായിരിക്കുമെന്നാണ് സർക്കാർ അവകാശപ്പെട്ടത്; ഇങ്ങനെ ചെയ്തില്ലെങ്കിൽ ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത ഈ കോർപ്പറേറ്റുകൾ കുത്തുപാളയെടുക്കുമത്രേ!

3. 2020 ജൂണിൽ റോസ്ഗാർ മേളയെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പ്രസ്താവിച്ചത്. ബാങ്കുകളിലുള്ള പൊതുജനത്തിന്റെ നിക്ഷേപങ്ങളുടെ 99 ശതമാനവും ഇപ്പോൾ ഭദ്രമാണെന്നാണ്. ബാങ്കുകൾ കൊള്ളയടിച്ചവരുടെ സ്വത്തെല്ലാം പിടിച്ചെടുക്കുമെന്നും മോദി കൂട്ടിച്ചേർത്തു.

അവകാശവാദങ്ങൾ അങ്ങനെയിരിക്കട്ടെ 
യഥാർഥത്തിൽ സംഭവിച്ചതെന്തെന്ന് 
നമുക്കു നോക്കാം

1. ഐബിസി പ്രകാരം 2016 മുതൽ 2023 വരെ കുടിശ്ശികക്കാരുടെ 7,325 കേസുകളാണ് വന്നത്. 2023 ഡിസംബർ വരെ 23.19 ലക്ഷംകോടി രൂപയാണ് ഇങ്ങനെ തിരിച്ചുകിട്ടാനുണ്ടായിരുന്നത്. ഇതിൽ 3.867 ലക്ഷം കോടി രൂപ മാത്രമാണ് തിരികെ പിടിക്കാൻ സാധ്യതയുള്ളത്.

2. പരിഹാര നടപടികൾക്ക് വിധേയമായ കേസുകളിലെ തിരിച്ചുപിടിക്കൽ (റിക്കവറി) നിരക്ക് 32 ശതമാനം മാത്രമാണ്. ലിക്വിഡേഷനിൽ അവസാനിച്ച കേസുകളിൽ റിക്കവറി നിരക്ക് തുച്ഛമായ 5 ശതമാനം മാത്രമാണ്.

3. കെയർ എഡ്ജ് എന്ന ക്രെഡിറ്റ് റേറ്റിങ് ഏജൻസിയുടെ ഒരു റിപ്പോർട്ടു പ്രകാരം കഴിഞ്ഞ കുറെ വർഷങ്ങളായി മൊത്തത്തിലുള്ള റിക്കവറി നിരക്ക് ഇടിഞ്ഞു വരികയാണ്. എന്നാൽ സഞ്ചിത (Cumulative) റിക്കവറി നിരക്ക് കുറയുന്ന പ്രവണതയാണ് കാണുന്നത്; 2020ലെ ഒന്നാം പാദത്തിൽ 43 ശതമാനമായിരുന്നത് 2022ലെ നാലാം പാദമായപ്പോൾ 32.9 ശതമാനമായും 2024ലെ ഒന്നാം പാദത്തിലെത്തിയപ്പോൾ 32 ശതമാനമായും കുറയുകയാണ് ചെയ്തത്.

4. 2016ൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ച ആരംഭകാലത്തെ 12 ബിഗ് ടിക്കറ്റ് അക്കൗണ്ടുകൾ ഒഴിവാക്കപ്പെടുകയാണെങ്കിൽ ചിത്രം വ്യത്യസ്തമായിരിക്കും. അപ്പോൾ പരിഹാരത്തിൽ അവസാനിക്കുന്ന കേസുകളെ സംബന്ധിച്ചിടത്തോളം റിക്കവറി നിരക്ക് ശരാശരി 31.9%ത്തിൽനിന്നും 24.4 ശതമാനമായി കുറയുന്നു.

ഐബിസിയിലെ 
ബാങ്ക് റപ്സി കേസുകൾ 
സംബന്ധിച്ച യാഥാർഥ്യം 
ഒറ്റനോട്ടത്തിൽ

ബാങ്ക്: എക്സ് എന്ന കമ്പനി ഞങ്ങൾക്ക് 100 രൂപ നൽകാനുണ്ട്. ഇപ്പോൾ അവർ പറയുന്നത് വായ്പ തിരിച്ചടയ്ക്കാൻ അവർക്ക് കഴിയില്ല എന്നാണ്. ഐബിസിയിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ഞങ്ങൾക്കുണ്ട്.

കമ്പനി എക്സ്: എന്റെ കെെവശം ഒരു പെെസയുമില്ല. കൂടിയാലോചനകൾക്ക് സമയം കൂടുതൽ എടുക്കുന്തോറും എന്റെ ആസ്തികളുടെ മൂല്യം കുറഞ്ഞുകൊണ്ടിരിക്കും.

കമ്പനി വെെ: കമ്പനി എക്സിനെ ഞാൻ വാങ്ങാം. പക്ഷേ, ഇപ്പോഴതാകെ പൊളിഞ്ഞ അവസ്ഥയിലാണ്. എന്നാൽ അവരുടെ കടം വീട്ടാൻ 20 രൂപയിലധികം ഒരു ചില്ലിക്കാശും ഞാൻ തരില്ല.

ബാങ്ക്: നാശം, എന്തെങ്കിലുമായിക്കോട്ടെ! 
അതാണ് 80 ശതമാനത്തിന്റെ ഹെയർ കട്ട് !

ഈ ഹെയർകട്ടുകൾ (മുടി വെട്ട്) മൂലം ബാങ്കുകൾക്ക് പ്രത്യേ-കിച്ച് പൊതുമേഖലാ ബാങ്കുകൾക്ക്, ഭീമമായ നഷ്ടമുണ്ടായിക്കൊണ്ടിരിക്കുന്നു. ഐബിസി പ്രകാരം സമ്മതിച്ച ഓരോ 
100 രൂപയുടെ ക്ലെയ്-മുകളിലും ബാങ്കുകൾക്ക് ശരാശരി 83 രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്.


മാന്ത്രിക സലൂണുകൾ: സൗകര്യാനുസൃതമായ 
മുടിവെട്ടുകൾ

ദേവൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡിന് 91,000 കോടി രൂപ കിട്ടാക്കടമുണ്ടായിരുന്നു. അത് 60% ഹെയർ കട്ട് (ആസ്തി മൂല്യത്തിൽ കുറവു വരുത്തൽ) കണക്കാക്കി പിരമൽ ഗ്രൂപ്പ് ഓഫ് കമ്പനീസിന് 37,250 രൂപയ്ക്ക് വിൽപ്പന നടത്തി.

വീഡിയോകോൺ ഇൻഡസ്ട്രീസ് ഉടമസ്ഥതയിലുള്ള 13 കമ്പനികൾക്ക് 71,433 കോടി രൂപയുടെ കിട്ടാക്കടമാണുണ്ടായിരുന്നത്; ഇത് വേദാന്ത ഗ്രൂപ്പിന് (നിരന്തരം പരിസ്ഥിതി നിയമങ്ങൾ ലംഘിക്കുകയും ആദിവാസി ജനവിഭാഗത്തിന്റെ ഭൂമി തട്ടിയെടുക്കുകയും ചെയ്യുന്ന മെെനിങ് ഭീമൻ) വിറ്റു ; വിൽപ്പന നടത്തിയത് തുച്ഛമായ തുകയ്ക്കാണ്–വെറും 2,962 കോടി രൂപയ്ക്ക്. 95.85 ശതമാനമാണ് ഹെയർകട്ട് കണക്കാക്കിയത്; അത്രയും തുക നഷ്ടപ്പെട്ടത് ബാങ്കുകൾക്ക്. ഭീമമായ തോതിൽ ഹെയർ കട്ട് കണക്കാക്കിയതുമൂലം വീഡിയോകോണിനെ അതിന്റെ യഥാർഥ വിലയിൽ 5 ശതമാനത്തിലും കുറഞ്ഞ തുകയ്ക്ക് വേദാന്ത ഗ്രൂപ്പിന് വാങ്ങാൻ കഴിഞ്ഞു.

4,863 കോടി രൂപയുടെ കിട്ടാക്കടം നിലവിലുണ്ടായിരുന്ന ശിവ ഇൻഡസ്ട്രീസിന് ഒറ്റത്തവണ തീർപ്പാക്കലിലൂടെ 318 കോടി രൂപ മാത്രം നൽകി പരിഹരിക്കാൻ അനുവദിച്ചു–93.5%ത്തിന്റെ ഹെയർകട്ട്! ഈ തുക നൽകുന്നതോടെ ശിവ ഇൻഡസ്ട്രീസിന്റെ 4.545 കോടി രൂപയും എഴുതിത്തള്ളി; എന്നിട്ട് അതിന്റെ പ്രധാന ഉടമസ്ഥനായ ശിവശങ്കരനുതന്നെ കെെമാറി. വീണ്ടും പൊതുമേഖലാ ബാങ്കുകളിൽനിന്ന് വായ്പയെടുക്കാൻ അനുവദിക്കുകയും ചെയ്തു; അതിനകംതന്നെ ബാങ്കുകൾക്ക് ഭീമമായ നഷ്ടമുണ്ടാക്കിയതാണ് ഈ സ്ഥാപനം എന്ന വസ്തുതയ്ക്കുനേരെ കണ്ണടയ്ക്കുകയും ചെയ്തു.

JSW & AION ഇൻവെസ്റ്റ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കൺസോർഷ്യം 2,892 കോടി രൂപ നൽകിയാണ് മോണെറ്റ് ഇസ്-പാറ്റ് & എനർജി ലിമിറ്റഡ് വാങ്ങിയത്– 74%ത്തിന്റെ വമ്പിച്ച ഹെയർകട്ട്.

29,592 രൂപ കിട്ടാക്കടം ഉണ്ടായിരുന്ന അലോക് ഇൻഡസ്ട്രീസ് 5,052 കോടി രൂപ മാത്രം നൽകിയാണ് കേസ് തീർപ്പാക്കിയത്. 83 ശതമാനത്തിന്റെ ഹെയർകട്ടോടെയാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് അത് വാങ്ങിയത്. തന്മൂലം ബാങ്കുകൾക്ക് നഷ്ടം 24,471 കോടി രൂപ!

ജെറ്റ് എയർവെയ്സിന്റെ കിട്ടാക്കടം ഏകദേശം 7,807 കോടി രൂപ, ജലാൻ ഫ്രിറ്റ്ചിന് ഏകദേശം 82 ശതമാനം ഹെയർ കട്ട് നൽകി വെറും 1,375 കോടി രൂപയ്ക്കാണ് നൽകിയത്. ജെറ്റ് എയർവെയ്‌സ് വായ്പ നൽകിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഈ കിട്ടാക്കട കേസ് തീർപ്പാക്കിയതിന്റെ ഭാഗമായി നഷ്ടപ്പെട്ടത് 6,432 കോടി രൂപ!

എസ് ആർ സ്റ്റീൽ 41,000 കോടി രൂപ നൽകി അൻസെലർ മിത്തൽ കൈവശപ്പെടുത്തിയത് 17% ഹെയർ കട്ട് അനുവദിച്ചതിനെ തുടർന്നാണ്. ഈ കേസിൽ എസ്ബിഐയ്ക്ക് നഷ്ടപ്പെട്ടത് 8,455 കോടി രൂപയാണ്. ലാഭം വായ്പയെടുത്ത എസ് ആർ സ്റ്റീൽ ഉടമയ്ക്കും ഒരു സർക്കാർ സംവിധാനം ആസ്തി മൂല്യം കുറച്ചു കാണിച്ചതിനെത്തുടർന്ന് (ഹെയർ കട്ട്) ആ കമ്പനി ചുളുവിൽ കൈക്കലാക്കിയ ആർസെലർ മിത്തലിനുമാണ്.

കഴിഞ്ഞ നാലുവർഷമായി പാപ്പരീകരണ (Insolvency) പ്രക്രിയ നേരിട്ടുകൊണ്ടിരുന്ന മുകേഷ് അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസിനെ യു വി അസറ്റ് റീ കൺസ്ട്രക്ഷൻ ലിമിറ്റഡ് ഏറ്റെടുത്തത് വെറും 4,400 കോടി രൂപ നൽകിയാണ് ഈ കേസിൽ 91 ശതമാനമാണ് ഹെയർ കട്ട് നൽകിയത്. തന്മൂലം ബാങ്കുകൾക്കുണ്ടായ നഷ്ടം 44,600 കോടി രൂപയാണ്. ആസ്തി വിറ്റവർക്കോ അഥവാ അതിന്റെ ഇരട്ടി വായ്പ വാങ്ങിയവർക്കോ ( മുകേഷ് അംബാനി) ആ ആസ്തിയുടെ മൂല്യം 91 ശതമാനം കുറവിൽ വാങ്ങിയവർക്കോ ഒരു നഷ്ടവുമില്ല.

ടാറ്റ സ്റ്റീലിന്റെ സബ്സിഡിയറി സ്ഥാപനമായ ബാമ്നിപൽ സ്റ്റീലാണ് ഭൂഷൻ സ്റ്റീൽ ഏറ്റെടുത്തത്; 35,571 കോടി രൂപയ്ക്ക് ടാറ്റ ഗ്രൂപ്പ് ഈ കമ്പനി ഏറ്റെടുത്തപ്പോൾ 36% ത്തിന്റെ ഹെയർകട്ടാണ് നല്കപ്പെട്ടത്. ഈ കിട്ടാക്കടത്തിന്റെ കേസ് പരിഗണിക്കപ്പെട്ടപ്പോൾ എസ്ബിഐക്ക് നഷ്ടപ്പെട്ടത് 20,431 കോടി രൂപയും!

ആംടെക്ക് ഓട്ടോ ലിമിറ്റഡ് ഡെക്കാൻ വാല്യൂ ഇൻവെസ്റ്റേഴ്സ് & ഡിവിപിഇ ( മൗറീഷ്യസ്) ഏറ്റെടുത്തത് വെറും 2,615 കോടി രൂപ നൽകിയാണ്. 36% ത്തിന്റെ ഹെയർ കട്ടോടെയാണ് ഈ കേസും പരിഹരിക്കപ്പെട്ടത്. അപ്പോൾ ബാങ്കുകൾക്ക് നഷ്ടപ്പെട്ടത് 10,026 കോടി രൂപയാണ്.

ഇലക്ട്രോ സ്റ്റീൽ ലിമിറ്റഡിനെ വേദാന്ത ഗ്രൂപ്പ് കൈവശപ്പെടുത്തിയത് 5,320 കോടി രൂപയ്ക്കാണ്; ഈ കേസിലും ഹെയർ കട്ട് 60%.

ഐബിസി പ്രകാരം ഈ 12 വൻകിട കോർപ്പറേറ്റ് അക്കൗണ്ടുകൾക്കുമായി വാഗ്ദാനം ചെയ്യപ്പെട്ട മൊത്തം വകയിരുത്തിയിട്ടുള്ള ഹെയർ കട്ട് പോയിന്റ് 2.84 ലക്ഷം കോടി രൂപയാണ്. ഇത് കൃഷിയ്ക്കും കർഷക ക്ഷേമത്തിനും തൊഴിലുറപ്പ് പദ്ധതിക്കും 2024–25 ബജറ്റ് എസ്റ്റിമേറ്റിൽ മൊത്തം 2.13 ലക്ഷം കോടി രൂപയേക്കാൾ വളരെയധികമാണ്. ഇങ്ങനെ എഴുതിത്തള്ളപ്പെട്ട തുക മുഴുവൻ റിക്കവറി ചെയ്തിരുന്നെങ്കിൽ ഈ ഇനങ്ങൾക്കുള്ള ബജറ്റ് വകയിരുത്തൽ ഇരട്ടിയാക്കാമായിരുന്നു.

തീർപ്പാക്കപ്പെട്ട സി ഐ ആർ പി കളുടെ 
(കോർപ്പറേറ്റ് ഇൻസോൾവെൻസി റസല്യൂഷൻ പ്രോസസ്) കോർപ്പറേറ്റ് പാപ്പരീകരണ 
പരിഹാര പ്രക്രിയകൾ: അനന്തരഫലം

 ♦ മൊത്തം കേസുകളുടെ 19 ശതമാനത്തോളം ആണ് 12(A) സെക്ഷൻ അനുസരിച്ച് പിൻവലിച്ചുകൊണ്ട് പ്രശ്നം പരിഹരിച്ചത്. ഗണ്യമായത്ര ഹെയർകട്ട് അനുവദിച്ചുകൊണ്ട് ഒറ്റത്തവണ സെറ്റിൽമെന്റ് ആയി വിലപേശുന്നതിന് പലപ്പോഴും സെക്ഷൻ 12 ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. യഥാക്രമം 21 ശതമാനവും16 ശതമാനവുമാണ് അപ്പീലിലും തീർപ്പാക്കലിലുമായി ക്ലോസ് ചെയ്യപ്പെട്ടത്.

പരിഹാര പ്രക്രിയയിലെ കാലതാമസം

നിലവിലുള്ള സിഐആർപിഎസുകളുടെ നാൾവഴികൾ

ഐബിസി കേസുകൾ അതിവേഗം പരിഹരിക്കുന്നതിനിടയാകും എന്ന സർക്കാർ അവകാശവാദം സത്യമല്ല.

ഐബിസി പ്രകാരം പരമാവധി 330 ദിവസത്തിനുള്ളിൽ പരിഹാരമുണ്ടാകണമെന്നുണ്ടെങ്കിലും ശരാശരി 590 ദിവസം വരെ പരിഹാരം കാണാൻ വേണ്ടിവരുന്നു.

നിലവിൽ അംഗീകരിക്കപ്പെട്ട കേസുകളിൽ 1295 കേസുകൾ (മൊത്തം 1,899 എണ്ണം, അതായത് 68%) 270 ദിവസത്തിലേറെയായി നടപ്പാക്കിക്കൊണ്ടിരിക്കുന്നവയാണ്.

ജുഡീഷ്യൽ ഓഫീസർമാരുടെ കുറവിനൊപ്പം ട്രിബ്യൂണൽ ബെഞ്ചിലേക്ക് പുതിയ അംഗങ്ങളെ നിയമിക്കുന്നതിലുള്ള കാലതാമസവും ബാങ്ക്റപ്-സി കേസുകൾക്ക് പരിഹാരം കാണുന്നതിലെ കാലതാമസത്തിന് ഇടയാക്കുന്നുണ്ട്.

ലോക്സഭയിൽ എഴുതി നൽകപ്പെട്ട മറുപടിയിൽ വെളിവാക്കപ്പെട്ട വിവരമനുസരിച്ച് നാഷണൽ കമ്പനി ലാ ട്രിബ്യൂണൽ ബെഞ്ചിന്റെ പരിധിക്കുള്ളിൽ ഐബിസി (ഇൻസോൾവെൻസി ആൻഡ് ബാങ്ക്റപ്-സി കോഡ്) പ്രകാരം തീർപ്പാക്കാൻ അവശേഷിക്കുന്ന കേസുകളുടെ എണ്ണം 12,863 ആണ്.

മനഃപൂർവം കുടിശ്ശിക വരുത്തുന്നവരെയും തട്ടിപ്പുകാരെയുമൊന്നും സർക്കാർ അവകാശപ്പെടുന്നതുപോലെ ഐബിസി പിന്തിരിപ്പിക്കുന്നില്ല. 2018 മുതൽ 2022 വരെയുള്ള കണക്കുപ്രകാരം മനഃപൂർവം കുടിശ്ശിക വരുത്തുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്; ഒരു കോടി രൂപയിലധികം വായ്പാ കുടിശ്ശികയുള്ള അക്കൗണ്ടുകളുടെ 65 ശതമാനമാണ് മനഃപൂർവം കുടിശ്ശിക വരുത്തുന്നവർ.

വൻതോതിലുള്ള ഹെയർകട്ടുകൾ ബാങ്കുകളെ മാത്രമല്ല ബാധിക്കുന്നത്, മറിച്ച് ഓപ്പറേഷണൽ ക്രെഡിറ്റർമാരെയും ബാധിക്കുന്നു (വൻകിട കോർപ്പറേറ്റുകൾക്കായി സ്പെയർപാർട്ടുകൾ നിർമിക്കുന്ന ഇടത്തരം ചെറുകിട –സൂക്ഷ്മ സംരംഭങ്ങളെ -– എംഎസ്എംഇകൾ – പോലുള്ളവ). ഇത് ഒട്ടേറെ ചെറുകിട ബിസിനസ്സുകാരെയും എംഎസ്എംഇകളെയും നഷ്ട സാധ്യതയിലും പാപ്പരീകരണത്തിൽപോലും അകപ്പെടുത്തും.

കോർപ്പറേറ്റുകൾക്കായി കോടിക്കണക്കിന് രൂപ എഴുതിത്തള്ളുന്നിടത്ത്, കർഷകരുടെ വായ്പകൾ, വിദ്യാഭ്യാസ വായ്പകൾ, എംഎസ്എംഇകളുടെ വായ്പകൾ എന്നിവയുടെ കാര്യം വരുമ്പോൾ റിക്കവറി നടപടികൾ കർക്കശമാണ്.

ഹെെലെെറ്റുകൾ
ഐബിസി കാരണം ബാങ്കുകൾക്കുണ്ടാകുന്ന നഷ്ടങ്ങളുടെ ഭാരം ആരുടെ മേലാണ് പതിക്കുന്നത്?

ബാങ്കുകളിൽ പണം നിക്ഷേപിച്ചിട്ടുള്ളവർക്കുമേലും ബാങ്കുകളുടെ പ്രവർത്തനത്തിനായി സ്വന്തം നികുതിപ്പണം ചെലവഴിക്കേണ്ടിവരുന്നവർക്കുംമേലാണ് ഈ ഭാരമാകെ വന്നു പതിക്കുന്നത്.

ഐബിസിയും മറ്റു ഘടകങ്ങളും പ്രകാരം ബാങ്കുകളുടെ നഷ്ടം വർധിക്കുന്നതുമൂലം 2010–2015നും 2017 –2022നും ഇടയ്ക്ക് കിട്ടാക്കടം പരിഹരിക്കുന്നതിനായി ബാങ്കുകൾക്ക് വകയിരുത്തേണ്ടിവന്നിട്ടുള്ള തുക ഏറെക്കുറെ 10 ഇരട്ടിയാണ് വർധിച്ചത്. ഐബിസി ഹെയർ കട്ടുകൾ മൂലമുണ്ടാകുന്ന നഷ്ടം നികത്തുന്നതിനാണ് പൊതുമേഖലാ ബാങ്കുകളുടെ ലാഭം വിനിയോഗിക്കുന്നത്.

 ധനവകുപ്പിന്റെ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ ഐബിസിയെ സംബന്ധിച്ച റിപ്പോർട്ട്, ഫെെനാൻഷ്യൽ ക്രെഡിറ്റർമാർക്ക് ആനുപാതികമല്ലാത്തത്ര വലുതും സുസ്ഥിരമല്ലാത്തതുമായ ഹെയർ കട്ടുകൾ നൽകുന്ന യൂണിയൻ ഗവൺമെന്റിനെ രൂക്ഷമായി വിമർശിക്കുന്നുണ്ട്.

പാർലമെന്റ് മുന്നോട്ടുവെച്ച യഥാർഥ ലക്ഷ്യത്തിൽനിന്നും ഐബിസി ‘വ്യതിചലിച്ചിരിക്കുക’യാണെന്നും വൻതോതിലുള്ള ഹെയർകട്ടുകളും അനാവശ്യ കാലതാമസങ്ങളും റിക്കവറി കുറവുമാണെന്നിരിക്കെ ഐബിസിയുടെ രൂപരേഖയും നിർവഹണ രീതിയും മാറ്റേണ്ടത് അനിവാര്യമാണെന്നും റിപ്പോർട്ട് പറയുന്നുണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen − nine =

Most Popular