വയനാട്ടിലുണ്ടായ ദുരന്തം തീവ്രദുരന്തമല്ല എന്നൊരു കേസ് യൂണിയൻ സർക്കാരിനു തന്നെയുണ്ടെന്ന് തോന്നുന്നില്ല. പിന്നെന്തുകൊണ്ടാണ് ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്നും കേരളത്തിന് അധിക സഹായം നൽകാൻ മടിക്കുന്നത്? കേന്ദ്ര ഇന്റർ മിനിസ്റ്റീരിയൽ സമിതി പരിശോധനാ റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷം ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി ചേർന്ന് യൂണിയൻ ആഭ്യന്തര മന്ത്രാലയത്തിന് ശുപാർശ നൽകും. അതിന്റെ അടിസ്ഥാനത്തിൽ യൂണിയൻ ആഭ്യന്തര മന്ത്രാലയം അധിക സഹായം സംബന്ധിച്ച തീരുമാനം എടുക്കും. ഇതാണ് യൂണിയൻ സർക്കാർ അധികാരികൾ പറയുന്ന സാങ്കേതികത്വം . 2024 ആഗസ്ത് മാസം 29നു രാത്രിയിലും 30നു പുലർച്ചെയുമായിട്ടാണ് പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങളെയാകെ കശക്കിയെറിഞ്ഞ അതിതീവ്രമായ ഉരുൾപ്പൊട്ടൽ നടക്കുന്നത്.ആഗസ്ത് 7,8 തീയതികളിലായി രാജ്യത്തിന്റെ പ്രധാനമന്ത്രിയും കേന്ദ്ര ഇന്റർ മിനിസ്റ്റീരിയൽ സംഘവും സ്ഥലം സന്ദർശിച്ചു സ്ഥിതി വിലയിരുത്തി. വയനാട് സംഭവിച്ചത് അതിതീവ്ര ദുരന്തമാണ് (Disaster of a severe nature) എന്നതിൽ ആർക്കും തർക്കമുണ്ടായില്ലല്ലോ? രാജ്യത്തിന്റെ പ്രധാനമന്ത്രി ദുരിതബാധിതരോടും കേരളത്തോടുമായി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു. പണമില്ലാത്തതുമൂലം പുനർനിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടില്ല, രാജ്യം കേരളത്തോടൊപ്പമുണ്ട് എന്നാണ് ആദരണീയനായ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പിന്നെന്താണ് കേരളത്തിനു പ്രത്യേക സഹായം ലഭ്യമാക്കുന്നതിൽ തടസം?
ദുരന്ത മാനേജ്മെന്റ് – ആധുനിക സമീപനം
ഐക്യരാഷ്ട്ര സംഘടനയുടെ ഡിസാസ്റ്റർ റിസ്ക് ഓഫീസ് പുറപ്പെടുവിച്ച മാനദണ്ഡങ്ങളനുസരിച്ച് കൂടുതൽ മികവോടെ വേണം പുനർനിർമ്മാണം നടത്താൻ. Build back better എന്നതാണ് പ്രമാണം. 2015 നു ശേഷം ദുരന്ത മാനേജ്മെന്റ് സംബന്ധിച്ച് കാഴ്ചപ്പാട് ഗണ്യമായി മാറി. ആഗോളതലത്തിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ 2015 ൽ ഒപ്പുവെച്ച മൂന്നു പ്രമാണങ്ങൾ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ കാഴ്ചപ്പാട് മാറ്റുന്നതായിരുന്നു.
1. Sendai Framework for Disaster Risk Reduction (SFDRR)
2. Sustainable Development Goals (SDGs) (2015-–30)
3. Paris Agreement on Climate Change at the 21st Conference of Parties (COP 21) under the United Nations Framework Convention on Climate Change
ദുരന്ത സമയത്തെ പ്രവർത്തനങ്ങളും സഹായവും കൊണ്ട് തീരുന്നതല്ല ദുരന്ത നിവാരണ നിയമം(2005) അനുശാസിക്കുന്നതും ഈ മൂന്നു ആഗോള പ്രമാണങ്ങൾ നിഷ്കർഷിക്കുന്നതുമായ ദുരന്ത പ്രതികരണ പ്രവർത്തനങ്ങൾ. ദുരന്ത നിവാരണ നിയമത്തിന്റെ ആവിർഭാവത്തോടെ ദുരന്ത പ്രതികരണം സംബന്ധിച്ച സമീപനത്തിൽ സമൂല മാറ്റം വന്നു. ദുരന്ത ലഘൂകരണത്തിനുള്ള മുൻകരുതലുകൾ, ദുരന്തം നേരിടാനുള്ള തയ്യാറെടുപ്പുകൾ, ദുരന്ത പ്രതികരണം, രക്ഷാപ്രവർത്തനം,താൽക്കാലിക പുനരധിവാസം, വീണ്ടെടുപ്പും പുനർനിർമ്മാണവും തുടങ്ങി സുദീർഘവും സമഗ്രവുമായ ഇടപെടലാണ് ദുരന്തമാനേജ്മെന്റ്. കേരളം കണ്ട ഏറ്റവും തീവ്രമായ പ്രകൃതി ദുരന്തത്തെ അതിജീവിക്കാൻ വേണ്ട ഈവിധ സമഗ്ര പ്രവർത്തനങ്ങൾക്ക് യൂണിയൻ സർക്കാരിന്റെ ധന പിന്തുണ ലഭിക്കുന്നില്ല എന്നതാണ് നാം നേരിടുന്ന പ്രതിസന്ധി. എന്താണ് യൂണിയൻ സർക്കാരിന്റെ നയങ്ങളും രേഖകളും പറയുന്നത്?
ദേശീയ ദുരന്ത മാനേജ്മെന്റ് പ്ലാൻ 2019
യൂണിയൻ സർക്കാർ 2009ൽ പുറത്തിറക്കിയ National Policy on Disaster Management പറയുന്നത് ഉദ്ധരിക്കട്ടെ: ‘‘There will be a paradigm shift, from the erstwhile relief-centric response to a proactive prevention, mitigation and preparedness- driven approach for conserving developmental gains and to minimise loss of life, livelihood and property”. ദുരന്ത പ്രതികരണത്തെയും റിലീഫിനെയും മാത്രം കേന്ദ്രീകരിച്ചിരുന്ന ദുരന്ത മാനേജ്മെന്റ് സമീപനം മാറുകയാണ്. തയ്യാറെടുപ്പ്, ലഘൂകരണം, എന്നിവയിൽ ഊന്നി ജീവനും സ്വത്തും തൊഴിലും സംരക്ഷിക്കുന്ന രീതിയാണ് ദേശീയ നയം വിഭാവനം ചെയ്യുന്നത്. ദേശീയ ദുരന്ത നിവാരണ നിയമ പ്രകാരം യൂണിയൻ സർക്കാർ 2016 ൽ ദേശീയ ദുരന്ത മാനേജ്മെന്റ് പ്ലാൻ രൂപപ്പെടുത്തി. 2019 ൽ ഈ രേഖ പുതുക്കുകയും ചെയ്തു.ദേശീയ പ്ലാൻ( National Disaster Management Plan-NDMP) ദുരന്ത മാനേജ്മെന്റ് പ്രവർത്തനങ്ങളായി നിർവ്വചിക്കുന്നത് ഇവയെയാണ്,
1. ദുരന്ത ലഘൂകരണം (Mitigation -prevention and risk reduction)
2. തയ്യാറെടുപ്പ് ( Preparedness )
3. ദുരന്ത പ്രതികരണം, സമാശ്വാസം(Response and Relief)
4. വീണ്ടെടുപ്പും പുനർനിർമ്മാണവും( Recovery -immediate restoration and build-back better).
ഇതാണ് ദേശീയ നയം എന്നിരിക്കെ ഒരു കേന്ദ്ര സഹ മന്ത്രി എങ്ങനെയാണ് സമാശ്വാസം മാത്രമാണ് ദുരിതാശ്വാസ പ്രവർത്തനം എന്ന നിലപാട് സ്വീകരിക്കുന്നത്? കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയുടെ കത്തിന്റെ പൊള്ളത്തരങ്ങളിലേക്ക് വരാം. ദുരന്ത മാനേജ്മെന്റ് പ്രവർത്തനങ്ങളിലെ ദുരന്തപ്രതികരണം, സമാശ്വാസം, വീണ്ടെടുപ്പും പുനർനിർമ്മാണവും എന്നീ ഘടകങ്ങളെ വയനാട് ദുരന്തത്തിന്റെയും യൂണിയൻ സർക്കാർ നിലപാടിന്റെയും പശ്ചാത്തലത്തിൽ സാമാന്യമായി പരിശോധിക്കാം.
ദുരന്ത പ്രതികരണം, സമാശ്വാസം
ഈ ഘടകങ്ങൾ ഓരോന്നിന്റെയും ഭരണപരവും ധനപരവുമായ ഉത്തരവാദിത്തങ്ങൾ പദ്ധതി നിർവ്വചിച്ചിട്ടുണ്ട്. രണ്ടും മൂന്നും ഘടകങ്ങൾക്ക് പ്രധാനമായും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ(SDRF) നിന്നുമാണ് പണം ചെലവിടേണ്ടത്.എന്നാൽ യൂണിയൻ സർക്കാർ രൂപപ്പെടുത്തുന്ന SDRF മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ഈ പണം ചെലവഴിക്കാൻ കഴിയൂ.മാത്രമല്ല ധനകാര്യ കമ്മീഷൻ ശുപാർശ പ്രകാരം മുൻകൂട്ടി തീരുമാനിക്കുന്ന വാർഷിക വിഹിതമാണ് സംസ്ഥാനത്തിന് ഗഡുക്കളായി ലഭിക്കുക. ഉദാഹരണത്തിന് 2024–2025 സാമ്പത്തിക വർഷത്തെ SDRF അലൊക്കേഷൻ 388 കോടി രൂപയാണ്. അതിൽ യൂണിയൻ സർക്കാർ വിഹിതം 291.2 കോടി രൂപയും സംസ്ഥാന വിഹിതം 96.8 കോടി രൂപയുമാണ്.ധനക്കമ്മീഷൻ ശുപാർശ പ്രകാരമുള്ള യൂണിയൻ സർക്കാരിന്റെ സാധാരണ വിഹിതം 145.6 കോടി രൂപ വീതമുള്ള രണ്ടു ഗഡുക്കളായി ഈ സാമ്പത്തിക വർഷം തന്നതിനെയാണ് കേന്ദ്രം പണം കൊടുത്തു എന്ന വീരവാദത്തിന് ഉപയോഗിക്കുന്നത്. ഈ പണം SDRF മാനദണ്ഡങ്ങൾ പ്രകാരമുള്ള വിവിധ സാധാരണ ദുരന്തങ്ങൾക്ക് വിനിയോഗിക്കാനുള്ള പണമാണ് എന്നത് ഓർക്കണം. മുണ്ടക്കൈയിലും ചൂരൽമലയിലും പുഞ്ചിരിമട്ടത്തും ഉണ്ടായ അതിതീവ്ര ഉരുൾപൊട്ടലിൽ ഈ മാനദണ്ഡങ്ങൾ പ്രകാരം ചെലവു ചെയ്താൽ പോരാതെ വരുന്ന സന്ദർഭങ്ങളും സംഭവങ്ങളും ഉണ്ടാകും. പ്രത്യേകിച്ചും ആകസ്മികമായി ഉണ്ടാകുന്ന ദുരന്ത സംഭവങ്ങളോടുള്ള പ്രതികരണം,റസ്ക്യൂ,റിലീഫ്, താൽക്കാലിക റിഹാബിലിറ്റേഷൻ തുടങ്ങിയ അടിയന്തിര പ്രവർത്തനങ്ങൾക്കിതു മതിയാവില്ല. അപ്പോൾ യഥാർത്ഥ ചെലവ് ആവശ്യപ്പെടുകയാണ് സാധാരണ ചെയ്യുന്നത്.
വയനാട് ദുരന്തത്തിന് ശേഷം പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് ആഗസ്ത് 17 നു കേരളം സമർപ്പിച്ച നിവേദനം SDRF മാനദണ്ഡങ്ങൾ പ്രകാരമുള്ള റസ്ക്യൂ, റിലീഫ് ഇനങ്ങളിലെ അംഗീകൃത തുകയായി 193,84,61,000 രൂപയും റിക്കവറി, റീകൺസ്ട്രക്ഷൻ ഇനങ്ങൾക്കായി 25,38,42,250 രൂപയും ചേർത്ത് അടിയന്തിര അധിക സഹായമായി 2192303250 രൂപ ആവശ്യപ്പെട്ടു. എന്നാൽ ഈ ഇനങ്ങളിലെ യഥാർത്ഥ നഷ്ടമായി കണക്കാക്കിയത് 614,62,61,400 രൂപയാണ്. SDRF മാനദണ്ഡങ്ങൾ പ്രകാരം സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽ നിന്നും നിശ്ചിത ഇനങ്ങളിലെ തന്നെ യഥാർത്ഥ നഷ്ടത്തിന്റെ/ നാശത്തിന്റെ ഏതാണ്ട് മൂന്നിൽ ഒന്നു തുക മാത്രമേ ചെലവിടാനാകൂ എന്നു കാണാം.
ഇത്തരം അതിതീവ്ര സന്ദർഭങ്ങളിൽ അധിക പണം സംസ്ഥാനത്തിനു നൽകുന്നതിന് വേണ്ടിയിട്ടാണ് ദേശീയ ദുരന്തപ്രതികരണ നിധി രൂപപ്പെടുത്തിയിരിക്കുന്നത്. ധനകാര്യ കമ്മീഷനും ഇത് പ്രത്യേകം പറഞ്ഞിട്ടുണ്ട്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിനു പ്രത്യേക സഹായം വേണം എന്ന ആവശ്യം ഉയരുമ്പോൾ യൂണിയൻ സർക്കാരും ആർഎസ്എസുകാരും പറയുന്ന ഒരു ന്യായമുണ്ട്. കേന്ദ്രം തന്ന പണം ഉണ്ടല്ലോ? അതിന്റെ കഥയാണ് മുകളിൽ കണ്ടത്. പ്രത്യേക ധനസഹായം ആവശ്യപ്പെടുന്നതിന്റെ കാരണം ഇതാണ്. ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്നും പ്രത്യേകമായി പണം ലഭിക്കുന്നതിനുകൂടി വേണ്ടിയാണ് വയനാട് ഉരുൾ പൊട്ടലിനെ Disaster of a severe nature ആയി പ്രഖ്യാപിക്കണം എന്നു കേരളം ആവശ്യപ്പെടുന്നത്. മാനദണ്ഡ പ്രകാരം അധികമായി ആവശ്യപ്പെട്ട 219.23 കോടി രൂപയിൽ 153.46 കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചു എന്നാണ് യൂണിയൻ സർക്കാർ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. എന്നാൽ ഇവിടെയും ഒരു കുരുക്കുണ്ട് . സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിലവിലുള്ള പണത്തിന്റെ 50 ശതമാനം ഇതിന് എടുക്കണം. പോരാത്തതുമാത്രമേ തരൂ. സാധാരണ ഗതിയിൽ കേരളത്തിന് ലഭിക്കുന്ന വിഹിതത്തിൽ നിന്നും തട്ടിക്കിഴിക്കണം എന്നു സാരം. ഇപ്പോഴുള്ള തുക വെച്ചു നോക്കിയാൽ യൂണിയൻ സർക്കാർ അനുവദിക്കുന്ന ഈ അധിക വിഹിതം ഒരു കടലാസ് കണക്കായി മാത്രം ചുരുങ്ങും. അധികമായി ഒരു പൈസയും കിട്ടില്ല എന്നതാണ് സ്ഥിതി.
സാധാരണ ദുരന്ത പ്രതികരണ നിധിയാണെങ്കിലും പ്രത്യേക സഹായമാണെങ്കിലും ഈ പണം എന്തെങ്കിലും ഔദാര്യമാണോ എന്ന ചോദ്യമുണ്ട്. സംസ്ഥാനങ്ങളിൽ നിന്നും പിരിക്കുന്ന നികുതിയുടെ വിഹിതമാണ് ദുരന്ത പ്രതികരണ നിധിയടക്കം വിവിധ ഇനങ്ങളിലായി ലഭിക്കുന്ന യൂണിയൻ സർക്കാർ കൈമാറ്റം എന്നത് മനസിലാക്കണം. അതു യൂണിയൻ സർക്കാരിന്റെയോ ഭരിക്കുന്ന പാർട്ടിയുടെയോ ഔദാര്യമല്ല.
വീണ്ടെടുപ്പും പുനർനിർമ്മാണവും
“തൊഴിലും ജീവിതവും ആരോഗ്യവും മെച്ചപ്പെടുത്തി തിരിച്ചുപിടിക്കണം. ഇതിനായി ഭൗതികവും ,സാമ്പത്തികവും സാമൂഹ്യവും, സാംസ്കാരികവും, പാരിസ്ഥിതികവുമായ വ്യവസ്ഥകളേയും പ്രവർത്തനങ്ങളെയും വീണ്ടെടുക്കണം. സുസ്ഥിര വികസന ലക്ഷ്യങ്ങളും, മെച്ചപ്പെടുത്തി പുനർനിർമ്മിക്കുക (Build Back Better) എന്ന തത്വവും ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള വീണ്ടെടുപ്പും പുനർ നിർമ്മാണവും മാത്രമേ ഭാവിയിലെ ദുരന്ത ലഘൂകരണം സാധ്യമാക്കൂ”
ഐക്യ രാഷ്ട്രസഭയുടെ ദുരന്ത ലഘൂകരണത്തിനുള്ള ആഗോള തന്ത്രത്തിൽ വീണ്ടെടുപ്പിന്റെയും പുനർനിർമ്മാണത്തിന്റെയും വ്യാപ്തി വിവരിച്ചിരിക്കുന്നത് ഇങ്ങനെയാണ്.രാജ്യത്തിന്റെ ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാനിലും പോളിസിയിലും ഇന്ത്യ ഈ തത്ത്വം ഉയർത്തിപ്പിടിക്കുന്നുണ്ട്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല ഉരുൾ പൊട്ടൽ രാജ്യം കണ്ട ഏറ്റവും തീവ്രമായ ഉരുൾപൊട്ടലാണ് എന്ന കാര്യം ഏതാണ്ട് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.എന്താണ് അതിന്റെ തീവ്രത? എന്തൊക്കെയാണ് വീണ്ടെടുക്കേണ്ടതും പുനർനിർമ്മിക്കേണ്ടതും? അതിന്റെ ചെലവ് എത്രയാകും? Post Disaster Need Assessment പരിശോധിക്കുന്നത് ഇതാണ്.
Post Disaster Need Assessment Report
ദുരന്താനന്തരം ഉയർന്നു വരുന്ന ആവശ്യങ്ങൾ സംബന്ധിച്ച സമഗ്രമായ പഠനം നടത്തി റിപ്പോർട്ട് (PDNA ) സമർപ്പിക്കണം എന്നതാണ് ദേശീയ ദുരന്ത മാനേജ്മെന്റ് പ്ലാൻ നിഷ്കർഷിക്കുന്നത്. ദുരന്തം വരുത്തിയ നാശവും നഷ്ടവും (ഡാമേജ്&ലോസ്സ്) തിട്ടപ്പെടുത്തുക, വീണ്ടെടുപ്പിനും പുനർനിർമ്മാണത്തിനും ആവശ്യമുള്ള എസ്റ്റിമേറ്റ് എടുക്കുക എന്നിവയൊക്കെയാണ് PDNA ചെയ്യുന്നത്. വീണ്ടെടുപ്പിനും പുനർനിർമ്മാണത്തിനുമുള്ള ഒരു ചട്ടക്കൂട് നിർണ്ണയിക്കുക എന്നതും PDNA യുടെ ലക്ഷ്യമാണ്. വയനാട് ഉരുൾ പൊട്ടലിന്റെ Post Disaster Need Assessment Report കേരളം നവംബറിൽ യൂണിയൻ സർക്കാരിനു സമർപ്പിച്ചു . ആഗസ്ത് 17 നു കൊടുത്ത ആദ്യ മെമ്മോറാണ്ഡത്തിൽ തന്നെ പുനർനിർമ്മാണത്തിനുള്ള ചെലവിന്റെ പ്രാഥമിക കണക്കുകൾ യൂണിയൻ സർക്കാരിനു സമർപ്പിച്ചിരുന്നു . PDNA റിപ്പോർട്ടിലെ നാശ-നഷ്ട കണക്കുകൾ വയനാട് ഉരുൾ പൊട്ടലിന്റെ തീവ്രത വെളിവാക്കുന്നുണ്ട്. ദുരന്ത ബാധിത പ്രദേശത്തുണ്ടായിരുന്ന 2007 വീടുകളിൽ 1300 വീടുകൾ പൂർണ്ണമായും തകർന്നു. 104 വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. മറ്റൊരു 603 വീടുകൾക്കും കേടുപാടുകൾ വന്നു. പ്രദേശത്തെ എല്ലാ വീടുകൾക്കും നാശ നഷ്ടം വരുത്തിയ ദുരന്തമായിരുന്നു മുണ്ടക്കൈ- – ചൂരൽമല ദുരന്തം എന്നു സാരം. 658 കുട്ടികളുടെ പഠന സൗകര്യം ഇല്ലാതാക്കി രണ്ടു സ്കൂളുകൾ നിലംപൊത്തി. പതിനാലു കിലോമീറ്റർ റോഡും ഒരു നടപ്പാലമുൾപ്പടെ 4 പാലങ്ങളും തകർന്നു. വൈദ്യുതി, വെള്ളം, പൊതു സ്വകാര്യ കെട്ടിടങ്ങൾ , കമ്പോളം, ആശുപത്രികൾ, കൃഷി, ടൂറിസം എന്നിങ്ങനെ സകല മേഖലകളിലും ഉണ്ടായ നാശ-നഷ്ടങ്ങൾ ഈ റിപ്പോർട്ട് തിട്ടപ്പെടുത്തിയിട്ടുണ്ട്. ദേശീയ നയവും പദ്ധതി ചട്ടക്കൂടും അനുസരിച്ച് ഇതു പുനർ നിർമ്മിക്കുന്നതിനുള്ള ചെലവ് കണക്കാക്കിയിരിക്കുന്നത് 2221.033 കോടി രൂപയാണ്. വയനാട് ദുരന്തം സൃഷ്ടിച്ച നാശം മറികടന്ന് മെച്ചപ്പെടുത്തി തിരിച്ചുപിടിക്കുന്നതിനുള്ള ചെലവിതാണ് എന്നു സാരം. ഈ പണം ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്നും ലഭ്യമാക്കുക എന്നതാണ് നീതി. ഇതിന്റെ ഉത്തരവാദിത്തം യൂണിയൻ സർക്കാരിനാണെന്ന് ദേശീയ ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ തന്നെ വ്യക്തമാക്കുന്നുണ്ട്. ഈ രേഖയുടെ ഖണ്ഡിക 9.6.1 പുനർ നിർമ്മാണ പ്രക്രിയയിൽ യൂണിയൻ സർക്കാരിന്റെ ഉത്തരവാദിത്തം വിശദീകരിക്കുന്നുണ്ട്. ആവശ്യാനുസരണം പണം ലഭ്യമാക്കൽ യൂണിയൻ സർക്കാരിന്റെ ചുമതലയാണ് ( Provide resources on “need basis” and which are within the capabilities of Central Government, as per norms ). വയനാടിന്റെ പുനർനിർമ്മാണ ആവശ്യങ്ങളോട് അനുഭാവപൂർവം പ്രതികരിക്കാൻ യൂണിയൻ സർക്കാരിന് ഒരു തടസവുമില്ല എന്നതാണ് വസ്തുത. എന്നാൽ ഇപ്പോഴും ശത്രുതാപരമായ സമീപനമാണ് കേരളത്തോട് യൂണിയൻ സർക്കാർ പുലർത്തുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കേരളത്തിന്റെ പ്രതിനിധിക്ക് അയച്ച കത്ത് കാണിക്കുന്നത് ഇതാണ്.
നിത്യാനന്ദറായിയുടെ കത്തിന്റെ വ്യംഗ്യം
വയനാട് മുണ്ടക്കൈ–-ചൂരൽമല ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ വകുപ്പില്ല എന്നതാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായിയുടെ നിലപാട്. ദേശീയ ദുരന്തം (National Disaster ) ആയി പ്രഖ്യാപിക്കാൻ വകുപ്പില്ല എന്നു പറയുന്ന മന്ത്രി, തീവ്രദുരന്തം, മാരകമായ ദുരന്തം ( Disaster of a severe nature) എന്നതിന് വകുപ്പുണ്ട് എന്നു സമ്മതിക്കുന്നുണ്ട്. എന്നാൽ എന്തു കൊണ്ടാണ് മുണ്ടക്കൈ-–ചൂരൽമല ദുരന്തം ഇങ്ങനെ ലെവൽ 3 ദുരന്തമായി കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്യാത്തത്? ഒറ്റക്കാരണമേയുള്ളൂ. അങ്ങനെ പ്രഖ്യാപിക്കപ്പെട്ടാൽ സംസ്ഥാനത്തിന് സാധാരണ നൽകുന്ന ദുരന്ത പ്രതികരണ നിധിയ്ക്കു പുറമെ ദേശീയ നിധിയിൽ നിന്നും പ്രത്യേകം സഹായം നൽകേണ്ടി വരും. കേരളത്തിനു മറ്റു പല സ്രോതസുകളിൽ നിന്നും സഹായം തേടാൻ കഴിയും. അതു തടയുക എന്നതാണ് കേന്ദ്ര സർക്കാർ ലക്ഷ്യം എന്നു വ്യക്തം.
മാരകമായ ദുരന്തമാണോ വയനാട് സംഭവിച്ചത്?ഉരുൾപൊട്ടലിൽ കുത്തിയൊലിച്ചൊഴുകിയ മണ്ണും മരവും ചെളിയും ചേർന്ന് ഏതാണ്ട് 6 ദശലക്ഷം ക്യുബിക് മീറ്റർ വരും (debris flow) എന്നാണ് ഒരു പഠനം വ്യക്തമാക്കിയത്. ഇന്ത്യയിൽ ഇതിനുമുൻപു രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ debris flow മൂന്നു ദശലക്ഷം ക്യുബിക് മീറ്ററാണ്. ഈ പേപ്പാച്ചിലിൽ 251 മനുഷ്യരുടെ ജീവനും രണ്ടു ഗ്രാമങ്ങൾ ഏതാണ്ട് അപ്പാടെയും ഒലിച്ചു പോയി. നാൽപ്പത്തിയേഴു പേരെ ഇനിയും കണ്ടെത്താനുണ്ട്. 378 പേർക്ക് ഗുരുതരമായ പരിക്കുകൾ പറ്റി. ഏതാണ്ട് 2003 വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നടിഞ്ഞു.സ്കൂളുകളും കമ്പോളവും ആരാധനാലയങ്ങളും തുടങ്ങി സകലതും ഈ കുത്തൊഴുക്കിൽ ഇല്ലാതെയായി. സ്റ്റേറ്റ് ഹൈവേ അടക്കം 15 കിലോമീറ്ററിൽ അധികം റോഡും മൂന്നു പാലങ്ങളും ഒലിച്ചു പോയി.ഇന്ത്യ കണ്ട ഏറ്റവും തീവ്രമായ ഉരുൾ പൊട്ടലാണ് വയനാട് സംഭവിച്ചത്. എന്നിട്ടും വാക്കുകളുടെ സാങ്കേതികത്വത്തിൽ കേന്ദ്ര സർക്കാർ കടിച്ചുതൂങ്ങുന്നത് കേരളത്തെ പാഠം പഠിപ്പിക്കാൻ മാത്രമാണ്.
ദുരന്ത മാനേജ്മെന്റിൽ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ് എന്നാണ് മന്ത്രി കത്തിൽ ഓർമ്മിപ്പിക്കുന്നത്. ഇവിടെ പതിനഞ്ചാം ധനകാര്യ കമ്മീഷൻ റിപ്പോർട്ടിലെ പരാമർശം പ്രസക്തമാണ്. ദുരന്ത മാനേജ്മെന്റ് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ് എന്നതു പോലെ ദുരന്ത പ്രതികരണ നിധി ലഭ്യമാക്കേണ്ടത് യൂണിയൻ സർക്കാരുകൾ/ഫെഡറൽ സർക്കാരുകളാണ് എന്നു കമ്മീഷൻ വ്യക്തമാക്കുന്നുണ്ട് (… in all countries with a federal system, while it is the union or federal government which provides disaster assistance, the primary responsibility for disaster management rests with states – Paragraph 8.32 ,15th Finance Commission Report)
മന്ത്രിയുടെ മറ്റൊരു വാദം ദുരന്ത പ്രതികരണ നിധിയിൽ നിന്നും സഹായമാണ് നൽകുന്നത്, അല്ലാതെ നഷ്ടപരിഹാരമല്ല (only relief, not compensation) എന്നതാണ്. എന്താണ് ഇതിന്റെ വ്യംഗ്യം? പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ പ്രകാരം ദേശീയ,സംസ്ഥാന ദുരന്ത പ്രതികരണ മാനേജ്മെന്റ് നിധിയിൽ (Disaster Response and Management Fund ) 80 ശതമാനം Disaster Response Fund ഉം 20 ശതമാനം Disaster Mitigation Fund ഉം ആണ്. 80 ശതമാനം വരുന്ന Disaster Response Fund ൽ 40 ശതമാനം പണം റിലീഫിനും (response and relief) 30 ശതമാനം പുനർ നിർമ്മാണത്തിനും (Recovery and reconstruction ) 10 ശതമാനം തയ്യാറെടുപ്പ് ചെലവുകൾക്കുമാണ്(Preparedness) നീക്കിവെച്ചിരിക്കുന്നത്. പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തദുരന്ത പ്രതികരണ നിധിയുടെ വിഭജനം ഇതു കൂടുതൽ വ്യക്തമാക്കും.
സംസ്ഥാനങ്ങളുടെ ദുരന്ത പ്രതികരണ നിധിയിലേക്ക് കമ്മീഷൻ ശുപാർശചെയ്തത് 1,28,122 കോടി രൂപയാണ്. അതിൽ റിലീഫിനായി ( Response and Relief) 64,061 കോടി രൂപയും വീണ്ടെടുപ്പിനും പുനർനിർമ്മാണത്തിനുമായി(Recovery and Reconstruction) 48,046 കോടി രൂപയും തയ്യാറെടുപ്പ്ചെലവുകൾക്കായി (Preparedness and Capacity building) 16,015 കോടിരൂപയുമാണ് ധനക്കമ്മീഷൻ ശുപാർശ ചെയ്തത്. ഇതേ പോലെ കേന്ദ്രസർക്കാർ അധീനതയിലുള്ള ദേശീയ ദുരന്ത പ്രതികരണ നിധിയിലെ 54,770കോടി രൂപയിൽ റിലീഫിനായി 27,385 കോടി രൂപയും വീണ്ടെടുപ്പിനും പുനർനിർമ്മാണത്തിനുമായി 20,539 കോടി രൂപയും തയ്യാറെടുപ്പ് ചെലവുകൾക്കായി 6,846 കോടി രൂപയുമാണ് ധനക്കമ്മീഷൻ ശുപാർശചെയ്തത്. പിന്നെ റിലീഫിന് മാത്രമാണ് സഹായം ലഭിക്കുക എന്ന ഇപ്പോഴത്തെനിലപാട് എന്തുകൊണ്ടാണ്? സാധാരണ മാനദണ്ഡങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് പരിഹരിക്കാവുന്ന നാശമല്ല വയനാടിന് സംഭവിച്ചത്. വയനാട്ടിലെ മനുഷ്യരുടെയും ആ നാടിന്റെയും ജീവിതം തിരിച്ചു പിടിക്കാൻ കുറഞ്ഞത് 2,200 കോടി രൂപയെങ്കിലും വേണ്ടതുണ്ട് എന്ന കണക്കു പറഞ്ഞ കേരളത്തോട് അതു നടപ്പില്ല എന്നു പറയുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. അപ്പോൾ റിലീഫ് മാത്രമാണ് കൊടുക്കാൻ കഴിയുക എന്ന കേന്ദ്ര സർക്കാർ വാദത്തിന്റെ അർത്ഥമെന്താണ്? ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾ പ്രകാരമുള്ള റിലീഫിനു മുകളിൽ നഷ്ടം പരിഹരിക്കാൻ ബാധ്യതയില്ല എന്നതാണ് ഈ കത്തിലെ വ്യംഗ്യം. നേരത്തെ നിലവിലുണ്ടായിരുന്ന ദുരന്ത സഹായനിധി ( Calamity Relief Fund) ദുരന്ത പ്രതികരണ നിധിയായി (Disaster Response and Management Fund) മാറിയത് ദുരന്ത നിവാരണ നിയമത്തിന്റെയും അന്തർദേശീയ പ്രമാണങ്ങളുടെയും ആവിർഭാവത്തോടെ വന്ന സമീപന മാറ്റത്തിന്റെ പശ്ചാത്തലത്തിലാണ്. ഈ മാറ്റത്തെ നിരാകരിക്കുകയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ചെയ്യുന്നത്. ദേശീയ ദുരന്തം ( National Disaster ) എന്ന പദം കേരളം കണ്ടുപിടിച്ചതാണോ? പത്താം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്ത കാര്യം ഇവിടെ പ്രസക്തമാണ്.“.. Once a calamity is deemed to be of rare severity it really ought to be dealt with as a national calamity requiring assistance and support beyond what is envisaged in the CRF Scheme…” അസാധാരണ ദുരന്തം ദേശീയ ദുരന്തമായി കണക്കാക്കി അധിക സഹായം ലഭ്യമാക്കണം എന്നതായിരുന്നു ധനകാര്യ കമ്മീഷന്റെ ശുപാർശ. കേന്ദ്ര സർക്കാർ അംഗീകരിച്ച റിപ്പോർട്ടാണിത് എന്നോർക്കണം.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ പണം തന്നല്ലോ ? അതു ചെലവിടൂ, എന്നിട്ടു കാണാം എന്നതാണ് സംഘപരിവാർ കേന്ദ്രങ്ങളുടെ വ്യാഖ്യാനം. ദുരന്ത നിവാരണ നിയമം അനുസരിച്ച് രൂപീകരിക്കപ്പെട്ട കരുതൽ നിധിയാണ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയും ദേശീയ ദുരന്ത പ്രതികരണ നിധിയും. ഓരോ സംസ്ഥാനത്തിന്റെയും ദുരന്ത പ്രതികരണ നിധിയിൽ യൂണിയൻ സർക്കാർ നൽകേണ്ട സാധാരണ വിഹിതം ധനകാര്യ കമ്മീഷൻ നിശ്ചയിച്ച് ശുപാർശ ചെയ്തിട്ടുണ്ട്. നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം സാധാരണ സംഭവിക്കുന്ന നാശങ്ങൾക്ക് സഹായം നൽകുന്നത് ഈ നിധിയിൽ നിന്നാണ്. അസാധാരണമായ സാഹചര്യങ്ങളിൽ ഇതിനു മുകളിൽ കേന്ദ്ര സർക്കാർ സൂക്ഷിയ്ക്കുന്ന ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്നും അധിക സഹായം ലഭ്യമാക്കുകയാണ് ചെയ്യുന്നത്. ഇത് കേന്ദ്രമന്ത്രിയും സമ്മതിക്കുന്നുണ്ട്. പിന്നെന്താണ് കേരളത്തിനിതു നൽകാത്തത് എന്ന ചോദ്യത്തിന് ഉത്തരമില്ല. 2024 ഒക്ടോബറിൽ ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്നും മഹാരാഷ്ട്ര, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങൾക്ക് മുൻകൂറായി പണം നൽകി. അപ്പോൾ ഒരു സാങ്കേതിക തടസവുമില്ല എന്നു വ്യക്തം.
അധിക സഹായം നൽകുക, ദുരന്തബാധിതരുടെ വായ്പകൾ ദുരന്ത നിവാരണ നിയമത്തിലെ പതിമൂന്നാം വകുപ്പ് പ്രകാരം എഴുതിത്തള്ളുക , ഇതിനായി വയനാട് ദുരന്തം Disaster of a severe nature ആയി പ്രഖ്യാപിക്കുക ഇതാണ് കേരളം ആവശ്യപ്പെടുന്നത്. ഇതിനു തടസ്സം കേരളത്തോടുള്ള രാഷ്ട്രീയ ശത്രുത മാത്രമാണ്. l
• കൊച്ചി സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസിലെ സ്വതന്ത്ര ഗവേഷകൻ