മോദി സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്ക് ആക്കംകൂട്ടുകയാണ്. അതിനെതിരായി ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരേണ്ടതുണ്ട്. ചൂരല്‍മല ദുരന്തത്തില്‍ പോലും കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണന, മനുഷ്യത്വത്തിന്റെ കണിക അവശേഷിക്കുന്നവര്‍ക്കുപോലും അംഗീകരിക്കാന്‍ പറ്റുന്നതല്ല. ഇത്തരമൊരു അവഗണന തികച്ചും രാഷ്ട്രീയമായ കാരണങ്ങള്‍കൊണ്ടാണെന്നത് വ്യക്തമാണ്. എന്തുകൊണ്ടാണ് ഇത്തരമൊരു സ്ഥിതിവിശേഷമുണ്ടാകുന്നതെന്ന് പരിശോധിച്ചാല്‍ പ്രധാനമായും മൂന്ന് കാരണങ്ങള്‍ കാണാം:
1. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ കാഴ്ചപ്പാട് പ്രകാരം ആഭ്യന്തര ശത്രുക്കളില്‍ ഒന്നായ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.
2. കേന്ദ്രഭരണകക്ഷിയുടെ മുഖമുദ്രയായ വര്‍ഗീയതയെ മതനിരപേക്ഷതയുടെ കൊടി ഉയര്‍ത്തി പ്രതിരോധിക്കുന്ന സര്‍ക്കാരുകളില്‍ ഒന്നാണ് കേരളത്തിലേത്.
3. കോര്‍പറേറ്റ് അനുകൂല നിയോലിബറല്‍ സാമ്പത്തിക നയത്തിനെതിരെ ജനക്ഷേമത്തിലും വികസനത്തിലും ഊന്നിയ ബദല്‍ സാമ്പത്തികനയം കേരളം മുന്നോട്ടുവെക്കുന്നു.
കേരളത്തിനോടുള്ള അവഗണനയ്ക്ക് നീണ്ട ചരിത്രമുണ്ട്. എന്നാല്‍ ഇപ്പോഴത് കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. മുൻകാലത്ത് ഈ അവഗണനയുണ്ടാകുമ്പോഴും സംസ്ഥാനങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നത് വിഭവസമാഹരണത്തിനുള്ള സാധ്യതകള്‍ സംസ്ഥാന സര്‍ക്കാരിന് ഉണ്ടായിരുന്നുവെന്നതുകൊണ്ടാണ്. ജി.എസ്.ടി വന്നതോടെ ആ സാധ്യതയും അടഞ്ഞുപോയി. അത്തരമൊരു ഘട്ടത്തില്‍ കേന്ദ്രത്തിന്റെ സഹായം ന്യായമായും ലഭിക്കുകയെന്നത് പ്രധാനമാണെന്നു കാണാം. എന്നാല്‍ കേരളം തുടര്‍ച്ചയായി അവഗണിക്കപ്പെടുകയാണ്.
പന്ത്രണ്ടാം ധനകമ്മീഷന്റെ കാലത്ത് കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള വിഹിതം 4.54 ശതമാനമായിരുന്നത് പതിനഞ്ചാം ധനകമ്മീഷന്‍ ആകുമ്പോഴേക്കും 2.68 ശതമാനമായാണ് കുറഞ്ഞത്. 1.86 ശതമാനത്തിന്റെ കുറവാണുണ്ടായത്. ഏകദേശം പകുതിയായാണ് വിഹിതം വെട്ടിക്കുറച്ചത്. ബിജെപി ഭരണം നടത്തുന്ന യുപിക്ക് രണ്ടര ശതമാനത്തിലധികം വര്‍ധിപ്പിച്ച് 16.05 ശതമാനം വിഹിതം നല്‍കുമ്പോഴാണ് കേരളത്തോട് ഈ കടുത്ത വിവേചനം.
കേരളത്തോട് തുടരുന്ന അവഗണനയുടെ അപ്രതീക്ഷിതമായ പതിപ്പാണ് വയനാട് ദുരന്തത്തോട് കേന്ദ്രം കാണിച്ചത്. കേരളം ഇതുവരെ നേരിടാത്തത്ര വ്യാപ്തിയുള്ള പ്രകൃതി ദുരന്തമാണ് 2024 ജൂലെെ 30ന് വയനാട്ടിലുണ്ടായത്. രണ്ട് ഉരുള്‍പൊട്ടലുകളിലായി ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും അട്ടമലയിലെയും പുഞ്ചിരിമട്ടത്തെയും ജനവാസകേന്ദ്രങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായി. ഇവിടെയുണ്ടായ ഉരുള്‍പൊട്ടല്‍ അത്യുഗ്രമായ ബോംബ് സ്ഫോടനത്തിന് സമാനമാണെന്നാണ് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ തന്നെ അഭിപ്രായപ്പെട്ടത്. ഈ ജലബോംബില്‍ പ്രദേശത്തെ ജനവാസകേന്ദ്രങ്ങള്‍ പൂര്‍ണമായും ഒലിച്ചു പോയി. രക്ഷിതാക്കളെ നഷ്ടപ്പെട്ടവര്‍, മക്കളെ നഷ്ടപ്പെട്ടവര്‍, ഭര്‍ത്താവിനെ/ ഭാര്യയെ നഷ്ടപ്പെട്ടവര്‍, രക്ഷിതാക്കളെയും സഹോദരങ്ങളെയും നഷ്ടപ്പെട്ട് അനാഥരായ കുട്ടികള്‍, ജീവിത സമ്പാദ്യം മുഴുവന്‍ ഒരുപിടി മണ്ണായി മാറുന്ന രംഗം വേദനയോടെ കണ്ടുനില്‍ക്കേണ്ടിവന്ന ഹതഭാഗ്യര്‍. സ്ഥലം സന്ദര്‍ശിച്ച എനിക്ക് കാണാനായത് ദുരന്തഭൂമിയിലെ വേദനാജനകമായ കാഴ്ചകളായിരുന്നു. വീടുകളും കടകളും മറ്റിതരസ്ഥാപനങ്ങളും മാത്രമല്ല ചൂരല്‍മലയിലെ ശിവക്ഷേത്രവും മുണ്ടക്കൈയിലെ മുസ്ലിം പള്ളിയും ഉരുളെടുത്തു. വയനാട് അക്ഷരാര്‍ഥത്തില്‍ ഒരു കണ്ണീര്‍ച്ചാലായി മാറി.
ദുരന്തമുണ്ടായി പത്താം ദിവസം തന്നെ കേന്ദ്ര സംഘം ദുരന്തബാധിത മേഖല സന്ദര്‍ശിച്ചതാണ്. പതിനൊന്നാം ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും സംഭവസ്ഥലം സന്ദര്‍ശിച്ചു. കേരളത്തിനൊപ്പം ഉണ്ടാകും എന്ന് പ്രഖ്യാപിച്ചായിരുന്നു പ്രധാനമന്ത്രിയുടെ മടക്കം. കല്‍പറ്റയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സഹായധനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിവേദനം നല്‍കിയിരുന്നു. എന്നാല്‍ വിശദമായ നിവേദനം നല്‍കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. മുണ്ടക്കൈയില്‍ ഉണ്ടായ നഷ്ടവും ദേശീയ ദുരന്ത പ്രതികരണനിധി (എന്‍ഡിആര്‍എഫ്) യുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി കേരളത്തിന് ആവശ്യപ്പെടാവുന്ന തുകയും ഇനംതിരിച്ച് തയ്യാറാക്കി സംസ്ഥാന സര്‍ക്കാര്‍ ആഗസ്ത് 17 ന് കേന്ദ്രത്തിന് നല്‍കി.
പ്രതീക്ഷിക്കുന്ന ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും അടക്കം ഉള്‍പ്പെടുത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1202 കോടി രൂപയുടെ പ്രാഥമിക സഹായമാണ് കേരളം ആവശ്യപ്പെട്ടത്. കേന്ദ്രസഹായം വൈകരുതെന്നും വയനാടിനായി എന്തെങ്കിലും ഉടന്‍ ചെയ്യണമെന്നും കേരള ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും കേന്ദ്രം അനങ്ങിയില്ല. സഹായം വൈകുന്നത് പുനരധിവാസ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന ഹൈക്കോടതിയുടെ മുന്നറിയിപ്പു പോലും മോദി സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും കേരളത്തിന് പണം നല്‍കാമായിരുന്നിട്ടും മോദി സര്‍ക്കാര്‍ അതിന് തയ്യാറായില്ല.
ഹൈക്കോടതിയുടെ നിര്‍ദ്ദേശം പാലിക്കാത്ത മോദി സർക്കാർ കേരള നിയമസഭയുടെ, അതായത് കേരളത്തിലെ ജനങ്ങളുടെ ആവശ്യത്തെയും കേട്ടതായി നടിച്ചിട്ടില്ല. ഒക്ടോബര്‍ 14 നാണ് കേരള നിയമസഭ ഒറ്റക്കെട്ടായി മുണ്ടക്കൈ ദുരന്തബാധിതര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ദുരന്തബാധിതരുടെ വായ്പ പൂര്‍ണമായും എഴുതിത്തള്ളണമെന്നും നിയമസഭ ആവശ്യപ്പെടുകയുണ്ടായി. ഹൈക്കോടതിയും നിയമസഭയും ആവശ്യപ്പെട്ടിട്ടും മോദി സര്‍ക്കാര്‍ സഹായം നല്‍കാന്‍ തയ്യാറാകാത്തത് ദുരന്തബാധിതരെ അപമാനിക്കലല്ലാതെ മറ്റൊന്നുമല്ല.
പ്രകൃതി ദുരന്തങ്ങളുണ്ടായ മറ്റ് സംസ്ഥാനങ്ങളെ സഹായിക്കാന്‍ തയ്യാറായ കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് അവഗണനയാണ് കാണിച്ചത്. മഴക്കെടുതിയുണ്ടായ ത്രിപുരയ്ക്ക് 40 കോടി രൂപയും പ്രളയമുണ്ടായ ആന്ധ്രപ്രദേശിനും തെലങ്കാനയ്ക്കുമായി 3,448 കോടി രൂപയും നല്‍കി. ഈ സംസ്ഥാനങ്ങള്‍ ഔദ്യോഗികമായി സഹായം അഭ്യര്‍ഥിക്കാന്‍ പോലും കാത്തുനില്‍ക്കാതെയാണ് കേന്ദ്രം സഹായം അനുവദിച്ചത്. കേരളം സഹായ അഭ്യര്‍ഥന രേഖാമൂലം നല്‍കിയിട്ടും ഒരു പൈസ പോലും അനുവദിച്ചില്ല. ദുരന്തം സംഭവിക്കുന്നതിനുമുമ്പു തന്നെ മുന്‍കരുതലായി ബിഹാറിന് 11,500 കോടി രൂപ സഹായമായി പ്രഖ്യാപിച്ചു.
ദുരന്തമുണ്ടായാലും ഇല്ലെങ്കിലും സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട, ദുരന്തമുണ്ടാകുമ്പോള്‍ വേഗത്തില്‍ നല്‍കിയിരുന്ന തുകയാണ് എന്‍ഡിആര്‍എഫ് ഫണ്ട്. ഇത് പൂര്‍ണമായും കേന്ദ്രമാണ് നല്‍കുന്നത്. സാധാരണ നിലയില്‍ സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട വിഹിതമാണ് എസ്ഡിആര്‍എഫ്. എസ്ഡിആര്‍എഫില്‍ 75 ശതമാനം കേന്ദ്ര വിഹിതവും 25 ശതമാനം സംസ്ഥാന വിഹിതവുമാണ്. 2021 – 26 വര്‍ഷത്തേക്കുള്ള കേരളത്തിന്റെ എസ്ഡിആര്‍എഫ് വിഹിതം 1,852 കോടി രൂപയാണ്. എല്ലാ ജൂണ്‍ മാസവും ആ വര്‍ഷത്തേക്കുള്ള ആദ്യ വിഹിതം നല്‍കും. ഡിസംബറില്‍ രണ്ടാം ഗഡുവും നല്‍കും. ഈ കാലയളവില്‍ ആന്ധ്രപ്രദേശിന് 6,591 കോടി രൂപയും ഗുജറാത്തിന് 7,802 കോടി രൂപയും യു പിക്ക് 11,369 കോടി രൂപയുമാണ് കേന്ദ്രം നല്‍കുന്ന എസ്ഡിആര്‍എഫ് വിഹിതം. കേരളത്തിന് 2024–25 സാമ്പത്തിക വര്‍ഷത്തില്‍ ലഭിക്കേണ്ട 291 കോടി രൂപയില്‍ ആദ്യ ഗഡുവായ 145.6 കോടി രൂപ മാത്രമാണ് ഇതുവരെ നല്‍കിയത്. വയനാട് ദുരന്തമുണ്ടായിട്ടും രണ്ടാം ഗഡു പിടിച്ചുവെച്ചു.
സാമ്പത്തിക സഹായം നല്‍കിയില്ല എന്നതുപോട്ടെ, ദുരന്തത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള കൊണ്ടുപിടിച്ച ശ്രമവും നടന്നു. ദുരന്തമുണ്ടായി തൊട്ടടുത്ത ദിവസം തന്നെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ആഭ്യന്തരമന്ത്രി അമിത്ഷാ നടത്തിയ പ്രസ്താവന ഇതിന് ഉദാഹരണമാണ്. അതിശക്തമായ മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഒരാഴ്ച മുമ്പുതന്നെ നല്‍കിയിരുന്നുവെന്നും അതനുസരിച്ചുള്ള മുന്‍കരുതല്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്തില്ലെന്നുമാണ് അമിത്ഷാ പറഞ്ഞത്. ദുരന്തമുഖത്ത് നില്‍ക്കുന്ന സംസ്ഥാനത്തെ കുറ്റപ്പെടുത്തി, മനോവീര്യവും ആത്മവിശ്വാസവും കെടുത്തി രക്ഷാപ്രവര്‍ത്തനത്തെപ്പോലും അവതാളത്തിലാക്കാന്‍ ഉദ്ദേശിച്ചുള്ള മനുഷ്യത്വഹീനമായ സമീപനമാണ് അമിത് ഷായില്‍ നിന്നും ഉണ്ടായത്.
ഏതു കാര്യത്തിലും എൽഡിഎഫ് സര്‍ക്കാരിനെ കണ്ണില്‍ ചോരയില്ലാതെ വിമര്‍ശിക്കുന്ന ‘മലയാള മനോരമക്ക് ‘ പോലും അമിത്ഷായുടെ പ്രസ്താവന തെറ്റാണെന്ന് പറയേണ്ടിവന്നു. അവര്‍ ആഗസ്ത് 2 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഇങ്ങനെ ‘വയനാട്ടില്‍ ഉരുള്‍പൊട്ടിയതിന്റെ തലേന്ന് (ജൂലായ് 29) കേന്ദ്രകാലാവസ്ഥാ വകുപ്പ് (ഐ എം ഡി) നല്‍കിയ ഓറഞ്ച് അലര്‍ട്ടിന്റെ അര്‍ഥം ‘കരുതിയിരിക്കുക’ എന്നാണെന്ന് ഐ എം ഡി മേധാവി മൃത്യുഞ്ജയ് മൊഹാപാത്ര വ്യക്തമാക്കി. അതേസമയം ‘റെഡ് അലര്‍ട്ട്’ നല്‍കിയത് 30 ന് അതിരാവിലെയാണെന്നും അദ്ദേഹം വിശദീകരിച്ചു. ഉരുള്‍പൊട്ടല്‍ കഴിഞ്ഞാണ് റെഡ് അലര്‍ട്ട് ലഭിച്ചതെന്നു ചുരുക്കം. ദുരന്തത്തിന് മുന്‍പ് ഒരുതവണ പോലും റെഡ് അലര്‍ട്ട് നല്‍കിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദത്തെ ശരിവയ്ക്കുന്നതാണ് ഐ എം ഡി മേധാവിയുടെ മറുപടി. ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ മണ്ണിടിച്ചില്‍ സാധ്യതയോ കേന്ദ്ര ജല കമ്മീഷന്‍ പ്രളയമുന്നറിയിപ്പോ നല്‍കിയിരുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി. കേന്ദ്ര സ്ഥാപനങ്ങളുടെ മഴ, മണ്ണിടിച്ചല്‍ മുന്നറിയിപ്പുകളുടെ കൃത്യതയില്ലായ്മയിലേക്കാണ് മുഖ്യമന്ത്രി വിരല്‍ചൂണ്ടിയത്. തെറ്റ് സമ്മതിച്ച് കേരളത്തോട് മാപ്പുപറയുന്നതിനു പകരം കുറ്റം സംസ്ഥാന സര്‍ക്കാരിനു മാത്രമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള കുത്സിതശ്രമങ്ങളാണ് കേന്ദ്രത്തില്‍ നിന്നും തുടര്‍ന്നുണ്ടായത്.
അതിനുദാഹരണമാണ് കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാമാറ്റ വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവിന്റെ ആരോപണം. പരിസ്ഥിതിലോല പ്രദേശത്ത് കുടിയേറ്റവും അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതുമാണ് ദുരന്തത്തിന് കാരണമായതെന്ന വാദവുമായാണ് ഈ മന്ത്രി രംഗപ്രവേശം ചെയ്തത്. ആഗോളതാപനവും വര്‍ധിച്ചുവരുന്ന സമുദ്ര താപനിലയും ഉഷ്ണതരംഗവും മിന്നല്‍ പ്രളയവും മേഘവിസ്ഫോടനവും ഉള്‍പ്പെടെ പുതിയ കാലാവസ്ഥാ മാറ്റങ്ങളാണ് വന്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് വഴിവെക്കുന്നതെന്ന വസ്തുത മറച്ചുപിടിച്ച് ഒരു ക്വാറിയും ചെറിയ തുണ്ടു ഭൂമിയില്‍ ജീവിക്കുന്ന എസ്റ്റേറ്റ് തൊഴിലാളികളും സാധാരണ മനുഷ്യരുമാണ് ദുരന്തത്തിന്റെ കാരണക്കാര്‍ എന്ന് ആരോപിക്കുന്നത് ദുഷ്ടലാക്കോടെയാണ്. ഉരുള്‍പൊട്ടലിന്റെ ഉത്തരവാദിത്വം പാവപ്പെട്ട തൊഴിലാളികളുടെ തലയില്‍ കെട്ടിവെക്കുന്ന കേന്ദ്രമന്ത്രിയുടെ സമീപനത്തെ മനുഷ്യത്വമുള്ള ആര്‍ക്കും അംഗീകരിക്കാനാവില്ല.
ദുരന്തത്തിനിരയായ മനുഷ്യരെ സഹായിക്കേണ്ട കേന്ദ്രം അവരെ അപമാനിക്കുകയാണ്. കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമന്റെ തെറ്റായ പ്രസ്താവനയ്ക്ക് ന്യായീകരണം നിര്‍മിച്ചെടുക്കാനായിരിക്കണം ദുരന്തത്തിന്റെ കാരണം കേരള സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണെന്ന് സ്ഥാപിക്കുന്ന ലേഖനങ്ങളും റിപ്പോര്‍ട്ടുകളും കെട്ടിച്ചമയ്ക്കാന്‍ ഭൂപേന്ദ്രയാദവിന്റെ മന്ത്രാലയം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വഴി ശ്രമിച്ചത്. ‘ദ ന്യൂസ് മിനിറ്റ്’ എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. നിരവധി ശാസ്ത്രജ്ഞരെയും ഗവേഷകരെയും മാധ്യമ പ്രവര്‍ത്തകരെയും ഇതിനായി സമീപിച്ചെങ്കിലും വിജയിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ക്വാറികളാണ് ഉരുള്‍പൊട്ടലിന് കാരണമാകുന്നതെന്ന വീക്ഷണം ശാസ്ത്രീയമല്ലെന്നും, സര്‍ക്കാരിന്റെ കൈവശം ഇതിന് ഉപോല്‍ബലകമായ വസ്തുതകള്‍ ഉണ്ടെങ്കില്‍ അത് പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാരിനോടുള്ള നിഴല്‍ യുദ്ധം അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും പി ഐ ബി സമീപിച്ചവരില്‍ ചിലര്‍ സര്‍ക്കാരിനെ ഉപദേശിച്ചതായും ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്തു.
വയനാട് ദുരന്തത്തില്‍ എല്ലാ കുറ്റങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് മോദി സർക്കാർ ആദ്യം നോക്കിയത്. അതില്‍ തികച്ചും പരാജയപ്പെടുന്ന നിലയുണ്ടായി. പിന്നീട് സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചു. ചുരുക്കത്തില്‍ കേരളമെന്ന സംസ്ഥാനത്തെ ദുര്‍ബലപ്പെടുത്താന്‍ എങ്ങനെയൊക്കെ പറ്റുമോ അതെല്ലാം ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്. l