Wednesday, December 4, 2024

ad

Homeകവര്‍സ്റ്റോറിവയനാടിനെ വീണ്ടെടുക്കാൻ

വയനാടിനെ വീണ്ടെടുക്കാൻ

പിണറായി വിജയൻ

മീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു വയനാട്ടിലെ മുണ്ടക്കൈ-–ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ. മനസ്സാക്ഷിയുള്ള ആർക്കും കണ്ടുനിൽക്കാനാവാത്ത വേദനാജനകമായ കാഴ്ചകളാണ് അതു നമുക്ക് നൽകിയത്. ഒരു ഭൂപ്രദേശമാകെ താറുമാറാവുകയും അനവധി ജീവനുകൾ നഷ്ടമാവുകയും ചെയ്തു. അതോടൊപ്പം നൂറുകണക്കിനു ജീവിതങ്ങൾ വലിയ പ്രതിസന്ധികളിലേയ്ക്ക് വലിച്ചെറിയപ്പെടുന്ന അവസ്ഥയും സംജാതമായി. അതിജീവിതർക്കൊപ്പം നിന്ന് അവരുടെ ജീവിതങ്ങൾ വീണ്ടും കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് കേരളം. ആ ലക്ഷ്യത്തിനായി സംസ്ഥാന സർക്കാരും പൊതുസമൂഹവും ഒത്തൊരുമിച്ചു നിൽക്കുകയാണ്.

എന്നാൽ നാടിനെ നടുക്കിയ ഈ ദുരന്തത്തെ അനുതാപപൂർവ്വം സമീപിക്കുന്ന നയമല്ല കേന്ദ്ര സർക്കാരിൽ നിന്നും ഇതുവരെ ഉണ്ടായിട്ടുള്ളത്. കേന്ദ്ര സഹായം അനുവദിക്കുന്നതിനായി കേരളം വിശദമായ മെമ്മോറാണ്ടം നല്‍കിയിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സംഘവും കേരളത്തിലെത്തിയിരുന്നു. എന്നാൽ ഇതുവരെ ചൂരൽമല-–മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നിന്നും സഹായങ്ങളൊന്നും ലഭിച്ചിട്ടില്ല.

സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (എസ്ഡിആര്‍എഫ്) നിന്നുള്ള കേന്ദ്ര വിഹിതമായും ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (എൻഡിആർഎഫ്) നിന്നുള്ള മുൻകൂർ തുകയായും 5,858.60 കോടി രൂപയാണ് 14 പ്രളയബാധിത സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. അതിൽ മഹാരാഷ്ട്രയ്ക്ക് 1,492 കോടി, ആന്ധ്രപ്രദേശിന് 1036 കോടി, അസമിന് 716 കോടി, ബിഹാറിന് 655.60 കോടി, ഗുജറാത്തിന് 600 കോടി, ഹിമാചൽ പ്രദേശിന് 189.20 കോടി, മണിപ്പൂരിന് 50 കോടി, മിസോറാമിന് 21.60 കോടി, നാഗാലാൻഡിന് 19.20 കോടി, സിക്കിമിന് 23.60 കോടി, തെലങ്കാനയ്ക്ക് 416.80 കോടി, ത്രിപുരയ്ക്ക് 25 കോടി, പശ്ചിമ ബംഗാളിന് 468 കോടി എന്നിങ്ങനെതുക വകയിരുത്തിയപ്പോൾ കേരളത്തിന് 145.60 കോടി രൂപയാണ് ലഭിച്ചത്.

പക്ഷേ, ഈ അവഗണനയ്ക്ക് മുന്നിലും തളർന്നു പോകാതെ ദുരന്തബാധിതരുടെ ക്ഷേമവും പുനരധിവാസവും ഉറപ്പു വരുത്താനുള്ള നടപടികളുമായി ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുകയാണ് സംസ്ഥാന സർക്കാർ.

1032 കുടുംബങ്ങൾക്ക് CMDRF ൽ നിന്നും 5000 രൂപ വീതം അടിയന്തര സഹായം നൽകുകയുണ്ടായി. ഇതിനായി 51.60 ലക്ഷം രൂപ ചെലവഴിച്ചു. ഇതിനു പുറമേ SDRF ൽ നിന്ന് വീണ്ടും 5000 രൂപ വീതം 1032 കുടുംബങ്ങൾക്ക് 51.60 ലക്ഷം രൂപ കൂടി അനുവദിച്ചു. രണ്ട് ഫണ്ടുകളിൽ നിന്നായി 1,032 കുടുംബങ്ങൾക്ക് 10,000 രൂപ വീതം 1.03 കോടി രൂപ ലഭിച്ചുകഴിഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ജീവനോപാധി നഷ്ടപ്പെട്ടവർക്കുള്ള ധനസഹായവും അനുവദിച്ചു. കിടപ്പുരോഗികൾക്ക് 300 രൂപ വീതം 30 ദിവസത്തേക്ക് സഹായം നൽകി. 33 പേർക്ക് ഇത്തരത്തിൽ സഹായം നൽകിയതിലൂടെ 2.97 ലക്ഷം രൂപ ചെലവഴിച്ചു.

ഇതിനു പുറമേ SDRFൽ നിന്ന്, ജീവനോപാധി നഷ്ടപ്പെട്ടവർക്കുള്ള ധനസഹായം 300 രൂപ വീതം 30 ദിവസത്തേക്ക് 2185 പേർക്ക് നൽകി. ഇതിനായി 1.96 കോടി രൂപയാണ് SDRF ൽ നിന്നും ചെലവഴിച്ചത്. രണ്ട് ഇനത്തിലുമായി 1.99 കോടി രൂപ ചെലവഴിച്ചു.

മരണപ്പെട്ടവരുടെ ആശ്രിതർക്ക് SDRF ൽ നിന്നും നാല് ലക്ഷം രൂപ വീതം നൽകുകയുണ്ടായി. 157 പേർക്കാണ് ഇത്തരത്തിൽ ധനസഹായം നൽകിയത്. ഇതിന് പുറമേ മരണപ്പെട്ടവരുടെ ആശ്രിതർക്ക് CMDRF ൽ നിന്നും ധനസഹായമായി 1.9 ലക്ഷം രൂപ വീതം നൽകി. രണ്ടിനത്തിലുമായി 9.3 കോടി രൂപ നൽകിക്കഴിഞ്ഞു.

ഒരാഴ്ചയിൽ താഴെ ആശുപത്രിയിൽ കഴിഞ്ഞവർക്ക് സർക്കാർ 5400 രൂപ വീതം നൽകി. എട്ടുപേർക്ക് SDRF ൽ നിന്നും 43,200 രൂപ ഇനത്തിൽ ചെലവഴിച്ചു. ഒരാഴ്ചയിൽ കൂടുതൽ ആശുപത്രിയിൽ കഴിഞ്ഞവർക്കുള്ള ചികിത്സാസഹായം പതിനാറായിരം രൂപ വീതമാണ് നൽകിയത്. 26 പേർക്ക് ഇത്തരത്തിൽ സഹായം അനുവദിച്ചു. 4.16 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്.

ഇതിനു പുറമേ ഗുരുതരമായി പരിക്കേറ്റ 34 പേർക്ക് CMDRF വഴി 17 ലക്ഷം രൂപ വേറെയും നൽകി. പരിക്കേറ്റവർക്ക് മാത്രമായി രണ്ട് ഇനങ്ങളിലുമായി 21.59 ലക്ഷം രൂപ ചെലവഴിച്ചു ഇതിനുപുറമേ ശവസംസ്കാരത്തിനുള്ള പതിനായിരം രൂപ വീതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 174 പേരുടെ ആശ്രിതർക്ക് അനുവദിച്ചു. 17.4 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്.

ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി വാടകയിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ആഗസ്റ്റ് മാസത്തിൽ 813 കുടുംബങ്ങൾക്കായി 28.57 ലക്ഷം രൂപ വിതരണം ചെയ്തു. സെപ്തംബർ മാസത്തിൽ 807 കുടുംബങ്ങൾക്ക് വാടക ഇനത്തിൽ 48.49 ലക്ഷം രൂപ നൽകി. ഒക്ടോബറിൽ 773 കുടുംബങ്ങൾക്ക് 46.19 ലക്ഷം രൂപയും വാടക ഇനത്തിൽ നൽകി.

വാടക ഇനത്തിൽ മാത്രമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി 1.23 കോടി രൂപ ചെലവഴിച്ചു. ചൂരൽമല ദുരന്തബാധിതർക്കായി 7.65 കോടി രൂപയാണ് ദുരിതാശ്വാസ നിധി വഴി ചെലവഴിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബർ 24 ന് റവന്യൂ വകുപ്പ് പുറത്തിറക്കിയ ഓർഡറിൽ നിന്ന് ഇത് വ്യക്തമാണ്. SDRF ൽ നിന്നും 13.99 കോടി രൂപയാണ് വൈത്തിരി തഹസിൽദാർക്ക് ധനസഹായത്തിനായി കൈമാറിയത്. അതിൽ 9.47 കോടി രൂപ ഇതിനോടകം ചെലവഴിച്ചു. ഇത്തരത്തിൽ സമഗ്രമായ രീതിയിൽ സഹായങ്ങൾ സംസ്ഥാന സർക്കാർ നടപ്പാക്കി വരികയാണ്. ദുരന്തബാധിതരുടെ പുനരധിവാസം ഏറ്റവും മികച്ച രീതിയിൽ നിർവ്വഹിക്കാൻ ആവശ്യമായ നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോവുകയാണ്. അതു മികച്ച രീതിയിൽ നിർവ്വഹിക്കാൻ സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × four =

Most Popular