Wednesday, December 4, 2024

ad

Homeകവര്‍സ്റ്റോറിദുരന്തത്തിൽ മുതലെടുപ്പു നടത്താൻ നോക്കുന്ന വലതുപക്ഷം

ദുരന്തത്തിൽ മുതലെടുപ്പു നടത്താൻ നോക്കുന്ന വലതുപക്ഷം

ശ്രീജിത്ത് ശിവരാമൻ

2024 ജൂലൈ 30 കേരളത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ചരിത്രത്തിലെ ഏറ്റവും ദുഃഖപൂർണമായ ദിനമാണ്. വയനാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമായ മുണ്ടക്കൈയും അടുത്തുള്ള ഗ്രാമങ്ങളായ പുഞ്ചിരിമട്ടം, ചൂരൽമല, അട്ടമല എന്നിവയും പുലർച്ചെ തുടർച്ചയായി സംഭവിച്ച മൂന്ന് മണ്ണിടിച്ചിലുകളാൽ നശിപ്പിക്കപ്പെട്ടു. കനത്ത മഴ മണ്ണിടിച്ചിലിന് കാരണമായി, പിന്നീട് അതിന്റെ ഉറവിടം പുഞ്ചിരിമട്ടത്തിലാണെന്ന് കണ്ടെത്തി. ജൂലൈ 30 ന് രാവിലെ വരെയുള്ള 48 മണിക്കൂറിനുള്ളിൽ മുണ്ടക്കൈ മേഖലയിൽ ലഭിച്ച മഴയുടെ അളവ് 572 മില്ലിമീറ്റർ ആണ് .തൽഫലമായി കുന്നുകൾ തകർന്നു, കുന്നുകളിലെ പാറകളും തകർന്നു. ഉരുൾപൊട്ടലിന്റെ ഉറവിടത്തിൽ നിന്ന് 5-6 കിലോമീറ്റർ അകലെയുള്ള ചൂരൽമല ഉൾപ്പെടെയുള്ള ദുരിതബാധിത പ്രദേശങ്ങളിലേക്ക് വലിയ പാറകളും മണ്ണും ഒഴുകി. അതിവേഗത്തിലെത്തിയ മണ്ണിടിച്ചിൽ ഒരു നാടിനെയാകെ ഇല്ലാതാക്കി. മണ്ണിടിച്ചിലിൽ നാശം വിതച്ച വയനാട്ടിലെ പുനരധിവാസ നടപടികളുടെ ചെലവുകൾക്കായി കേരളത്തിന് അധിക ഫണ്ട് കേന്ദ്ര സർക്കാർ നിഷേധിക്കുന്നത് അത്യന്തം വിവേചനപരമാണ്. കേരളീയരോടുള്ള പ്രതികാര മനോഭാവത്തിന്റെ കാരണം കേന്ദ്രം വിശദീകരിക്കേണ്ടതുണ്ട്. കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് കേന്ദ്രത്തെ അനുദിനം ഓർമ്മിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. വളരെ കുറഞ്ഞ അളവിൽ ദുരന്തങ്ങൾ നേരിട്ട സംസ്ഥാനങ്ങൾക്കായി കേന്ദ്രം വൻ തുക നീക്കിവെച്ചപ്പോൾ കേരളത്തിന് മാത്രം സഹായം നിഷേധിക്കുകയായിരുന്നു.

ആഗസ്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിൽ നടത്തിയ സന്ദർശനത്തെ തുടർന്ന് കേന്ദ്രം വയനാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷ. കേരളം പിന്നീട് കേന്ദ്രത്തിന് ഒന്നിലധികം ഓർമ്മപ്പെടുത്തലുകൾ അയച്ചിരുന്നുവെങ്കിലും, പ്രത്യേക സഹായത്തെക്കുറിച്ചോ ദുരന്തത്തെ ദേശീയ ദുരന്തമായി കണക്കാക്കുന്നതിനെക്കുറിച്ചോ ഒരു വാക്കുപോലും ഉണ്ടായില്ല. കേന്ദ്രത്തിന്റെ തീരുമാനം “രാഷ്ട്രീയപ്രേരിതമാണ്’, സാമ്പത്തിക ഫെഡറലിസത്തിനും നികുതി വരുമാനത്തിന്റെ തുല്യമായ പങ്കുവയ്ക്കലിനും എതിരായ രാഷ്ട്രീയ സമീപനത്തിന്റെ പശ്ചാത്തലത്തിൽ വേണം ഇതു കാണാൻ. ദുരന്തത്തിൽ നിന്ന് കരകയറാൻ വയനാട് നിവാസികൾക്ക് പിന്തുണ ആവശ്യമാണ്; ദുരിതാശ്വാസ ഫണ്ടുകൾ സമയബന്ധിതമായി അനുവദിക്കാത്ത കേന്ദ്ര സർക്കാരിന്റെ സമീപനം ജീവിതം പുനർനിർമ്മിക്കാൻ ശ്രമിക്കുന്ന നിരവധി കുടുംബങ്ങളെ അനിശ്ചിതത്വത്തിലാക്കി. 1,202 കോടി രൂപയുടെ പ്രാഥമിക സഹായം സർക്കാർ ആവശ്യപ്പെട്ടിട്ടും ദുരന്തം നടന്ന് 100 ദിവസത്തിനുള്ളിൽ ആവശ്യമായ ഫോർമാറ്റിൽ സമർപ്പിച്ചിട്ടും കേന്ദ്രസർക്കാരിൽ നിന്ന് ഒരു സഹായവും ലഭിച്ചില്ല. കേന്ദ്ര സർക്കാർ ഇത്തരമൊരു പ്രഖ്യാപനം നടത്താത്തത് അന്താരാഷ്ട്ര ഏജൻസികളിൽ നിന്നോ കേന്ദ്രത്തിന്റെ ദുരന്തനിവാരണ പൂളിൽ നിന്നോ സഹായം തേടുന്നതിൽ നിന്ന് സംസ്ഥാനത്തെ തടഞ്ഞു എന്ന യാഥാർഥ്യം നമുക്കുമുന്നിൽ നിൽക്കുകയാണ്. മാത്രമല്ല,കേന്ദ്ര സർക്കാർ പ്രഖ്യാപനം നടത്തിയാൽ ഉരുൾപൊട്ടലിൽ നാശം വിതച്ച ആളുകളുടെ കടങ്ങൾ എഴുതിത്തള്ളാൻ ബാങ്കുകൾക്ക് നിയമപരമായ അവകാശവും ലഭിക്കും!

നാഴികയ്ക്കു നാൽപതുവട്ടം സ്വന്തം രാജ്യത്തെ ജനങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നു എന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി കേരളത്തിലെ മൂന്നരക്കോടി ജനങ്ങളെ കണ്ടില്ല എന്നുള്ളത് അങ്ങേയറ്റം പ്രതിഷേധാർഹവും ദൗർഭാഗ്യകരവുമാണ്. ആഗസ്ത് പത്താം തീയതി മേപ്പാടിയിലെ വിംസ് ഹോസ്പിറ്റലിൽ വന്ന്, താൻ എടുത്ത് ഓമനിച്ച നൈസാ മോളെയെങ്കിലും ഓർക്കുമെന്ന് കേരളം പ്രതീക്ഷിച്ചു. ഒരു രാജ്യത്തെ ഒന്നായി കാണാൻ കഴിയാത്ത പ്രധാനമന്ത്രി ലോകത്തിനു മുന്നിൽ തലകുനിക്കേണ്ടി വരുമായിരുന്നു, ഒരുപക്ഷേ മാധ്യമങ്ങൾ വസ്തുനിഷ്ഠപരമായി ഈ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിൽ. പക്ഷേ നിർഭാഗ്യകരമെന്നു പറയട്ടെ. ഇതൊരു കേവലമായ സെൻസേഷനിലിസം എന്ന നിലയിൽ മാത്രമാണ് കേരളത്തിലെ മാധ്യമങ്ങൾ കണ്ടിട്ടുള്ളത്.

രാത്രി ഉറങ്ങാൻ കിടന്നവർ നേരം വെളുത്തപ്പോൾ അന്ത്യശ്വാസം വലിച്ച് കിലോമീറ്റർ കടന്ന് ചാലിയാർ പുഴയോരം വരെ എത്തി എന്നത് ദുരന്തത്തിന്റെ വ്യാപ്തി എത്രമാത്രമാണ് എന്ന് വ്യക്തമാക്കുന്നതാണ് . അവിടെ കണ്ട കാഴ്ചകൾ ഉൾക്കിടിലം ഉണ്ടാക്കിയില്ലെങ്കിൽ ഇന്ത്യൻ പ്രധാനമന്ത്രിക്ക് എന്തു ഹൃദയം ആണുള്ളത് എന്ന് തോന്നിപ്പോകും. എല്ലാം തകർത്തെറിയപ്പെട്ടവരുടെ കൂട്ടക്കരച്ചിൽ ചെവിയിൽ മുഴങ്ങുമ്പോൾ നിസ്സംഗത പുലർത്താൻ ആർഎസ്എസ് ബിജെപി പ്രത്യയശാസ്ത്രവും മനസ്സും ഉള്ളവർക്ക് മാത്രമേ കഴിയുകയുള്ളൂ. എസ്ഡി ആർഎഫിലെയും സിഎംഡിആർഎഫിലെയും തുക ഉപയോഗിച്ച് പുനരധിവാസം നടത്തിയാൽ മതിയെങ്കിൽ എന്തുകൊണ്ട് സാമ്പത്തിക ഫെഡറലിസം എന്ന സംവിധാനം നിലനിൽക്കുന്നു എന്ന ചോദ്യം ആണ് കേരളം ഉയർത്തുന്നത്. കയ്യിൽ കരുതിയത് എല്ലാം തന്റെ സഹജീവിക്കുകൂടി വേണ്ടിയാണ് എന്ന് കരുതി രാഷ്ട്രീയഭേദമന്യേ സിഎംഡിആർഎഫ് ലേക്ക് തുക നൽകിയ മനുഷ്യരെ പരിഹസിക്കുകയാണ് അതിൽനിന്ന് പൈസ എടുത്ത് കാര്യങ്ങൾ നടത്തിക്കൂടെ എന്ന ചോദ്യത്തിലൂടെ ആർഎസ്എസും ബിജെപിയും. കേരളമെന്ന പൊതുനന്മയെ ഇത്തരത്തിൽ അപമാനിക്കുമ്പോൾ അതിന് കൂട്ടായി നിൽക്കുകയാണ് ഇവിടുത്തെ വലതുപക്ഷ മാധ്യമങ്ങളും കോൺഗ്രസും.

കേവലമായ പുനരധിവാസമല്ല മറിച്ച് സമസ്ത മേഖലകളെയും പരിഗണിച്ചുകൊണ്ട് ഒരു സമ്പൂർണ്ണ പുനരധിവാസമാണ് ഗവൺമെന്റ് ഉദ്ദേശിക്കുന്നത് എന്നുള്ളത് മുഖ്യമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞിരുന്നു. മരിച്ച മനുഷ്യരെയൊഴിച്ച് ബാക്കിയെല്ലാം തിരിച്ചുപിടിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട് എന്ന കൃത്യമായ നിലപാടാണ് അതിൽ നിന്ന് വ്യക്തമാവുന്നത്. നോക്കൂ, എത്ര നിസ്സംഗമായാണ് വലതുപക്ഷ മാധ്യമങ്ങളും പ്രതിപക്ഷവും ഇതിനോട് പ്രതികരിച്ചിരിക്കുന്നത്? ഇനി എത്രമാത്രം പ്രതിസന്ധി ഉണ്ടായിക്കഴിഞ്ഞാലും മാതൃകാപരമായി തന്നെ പുനരധിവാസം നടത്തുമെന്ന് കേരള മുഖ്യമന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞു .രാജ്യത്തെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിനെ ഇത്രമാത്രം നിസ്സാരമായി കാണാൻ വലതുപക്ഷ പ്രത്യയശാസ്ത്രത്തിനു മാത്രമേ കഴിയുകയുള്ളൂ. അവിടെയാണ് ഇടതുപക്ഷ സർക്കാരുകളുടെ ദുരന്തമുഖങ്ങളിലെ ഏറ്റവും ശക്തമായ ഇടപെടലുകൾ നാം ശ്രദ്ധിക്കേണ്ടതും. ഈ സമീപനം ഒരു പ്രത്യയശാസ്ത്ര പ്രശ്നം കൂടിയാണ്. നിങ്ങളുടെ പ്രതിബദ്ധത അല്ലെങ്കിൽ നിങ്ങളുടെ പ്രാഥമിക പരിഗണന ആരോടാണ് എന്ന് വെളിവാക്കുന്ന ഒരു പ്രധാന പ്രത്യയശാസ്ത്ര സമീപനം ഇടതുപക്ഷ സർക്കാർ ദുരന്തബാധിതരോട് കാണിക്കുന്നു എന്നാൽ, ദുരന്തത്തിൽ കിറ്റ് കൊടുക്കുന്നതിനെപ്പോലും പരിഹാസപാത്രമാക്കുന്ന സമീപനം സ്വീകരിക്കുകയാണ് മാധ്യമങ്ങളും വലതുപക്ഷ -ആർഎസ്എസ് മനസ്സുള്ളവരും.

റവന്യൂ വകുപ്പ് നൽകിയ ഭക്ഷണ കിറ്റുകൾ പോലും കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയാത്ത കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രാദേശിക ഭരണകൂടത്തെ ഏതർത്ഥത്തിലാണ് നാം വിമർശിച്ചത്, അത്തരം വിമർശനങ്ങൾ ഉയർന്നു വന്നപ്പോൾ എങ്ങനെയാണ് വലതുപക്ഷ പ്രത്യയശാസ്ത്രങ്ങൾ ഒന്നാകെ അവരെ പൊതിഞ്ഞുപിടിച്ചത് എന്ന് നാം കാണേണ്ടതുണ്ട് .ബിജെപി സർക്കാരിന്റെ പ്രതിനിധി ആയിരുന്ന വി മുരളീധരൻ എത്രമാത്രം പരിഹാസപൂർണമായാണ് 400 പേരുടെ ജീവിതത്തെ കണ്ടത് എന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയിലൂടെ വെളിവായി. ഇവിടെയെല്ലാം നാം മനസ്സിലാക്കേണ്ടത് ഇടതുപക്ഷവും വലതു പ്രത്യയശാസ്ത്രവും തമ്മിലുള്ള വലിയ പോരാട്ടം തന്നെയാണ് ദുരന്തമുഖങ്ങളിൽ പോലും ഉള്ളത് എന്നതാണ്. കേവലം മൂന്നു വാർഡുകളിൽ മാത്രമാണ് ഇത് സംഭവിച്ചത് എന്ന അങ്ങേയറ്റം പരിഹാസപൂർണ്ണവും അനാർദ്രചിത്തവുമായ പദപ്രയോഗത്തെ ഇടതുപക്ഷ വിമർശനം നടത്തുന്ന വാർത്താ സമയത്തിന്റെ പത്തിലൊന്നും പോലും ഉപയോഗിച്ച് റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾ ശ്രമിച്ചില്ല. കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് ആകട്ടെ വി മുരളീധരനെ വിമർശിക്കുന്നതിന് പകരം അവരുടെ സമയം കേരള ഗവൺമെന്റിനെ വിമർശിക്കുന്നതിനുവേണ്ടിയാണ് ഉപയോഗിച്ചത്. ഇവയെല്ലാം രോഗാതുരമായ വലതുപക്ഷ പൊതുമണ്ഡലത്തെ അടയാളപ്പെടുത്തുന്നു.

രാഷ്ട്രീയ പ്രവർത്തകരും പ്രസ്ഥാനങ്ങളും വിചാരണ നേരിടുന്നതുപോലെതന്നെ മാധ്യമ സ്ഥാപനങ്ങളും പ്രവർത്തകരും വാർത്തകളും ഒക്കെ വിചാരണ നേരിടേണ്ടിവരും. തീക്ഷ്ണമായ വിമർശനങ്ങൾ നേരിടാനുള്ള ചങ്കുറപ്പ് അവർക്കുണ്ടാകണം . മനുഷ്യസഹജമായ അബദ്ധങ്ങളെ ആ നിലയിൽ കാണുമ്പോൾ തന്നെ കൺമുന്നിലുള്ള വസ്തുതകൾ വളച്ചൊടിച്ചും , ദുർവ്യാഖ്യാനം ചെയ്തം വാർത്ത നിർമ്മിക്കാൻ മാധ്യമപ്രവർത്തകർ കാണിക്കുന്ന ഇടപെടൽ മാധ്യമ സ്വാതന്ത്ര്യത്തിന്റെ കണക്കിൽ പെടുത്താനാവില്ല. അത് രാഷ്ട്രീയ വലതുപക്ഷത്തിനു വേണ്ടിയുള്ള പ്രചാരവേലയാണ്, അപ്പോൾ അതിനെ ആ നിലയിൽ തന്നെ നേരിടുകയും ചെയ്യും. ചൂരൽമലയിലും പുഞ്ചിരിമട്ടത്തും വെള്ളരിമലയിലും എല്ലാം ഉണ്ടായ ദുരന്തം സൃഷ്‌ടിച്ച നികത്താനാകാത്ത നഷ്ടങ്ങൾ ഏറെ ഉണ്ടെങ്കിലും ജീവിതം കൂടുതൽ കരുത്തോടെ ദുരിതബാധിതർക്ക് തിരികെ നൽകാനുള്ള ശ്രമമാണ് ഇടതുപക്ഷ സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്നത്. അത് മികച്ച രീതിയിൽ നടപ്പാക്കും എന്നത് ഈ നാടിന്റെ ആകെ ഉത്തരവാദിത്വമായി ഏറ്റെടുക്കാൻ നമുക്ക് കഴിയണം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen + ten =

Most Popular