Thursday, December 5, 2024

ad

Homeകവര്‍സ്റ്റോറിവയനാട്ടിൽ മോദി നടത്തിയത് 
ക്രൂരതയുടെ കപടനാടകം

വയനാട്ടിൽ മോദി നടത്തിയത് 
ക്രൂരതയുടെ കപടനാടകം

കെ ജി ബിജു

‘‘ഗുജറാത്ത് കൂട്ടക്കൊലയിൽ ഖേദമുണ്ടോ” എന്ന ചോദ്യത്തിന്റെ മറുപടിയിൽ ലോകം കണ്ടതാണ് ദയയും കരുണയും അലിവും തൊട്ടുതീണ്ടിയിട്ടില്ലാത്ത നരേന്ദ്രമോദിയുടെ മനസ്സ്. ഓടുന്ന കാറിനടിയിൽപ്പെട്ട് പട്ടിക്കുട്ടി മരിച്ചാലും ഖേദമുണ്ടാകുമല്ലോ എന്ന മട്ടിലായിരുന്നു കുപ്രസിദ്ധമായ ആ പ്രതികരണം. ആയിരക്കണക്കിന് മനുഷ്യരെ വെട്ടിയും കുത്തിയും ചുട്ടും മാനഭംഗപ്പെടുത്തിയും കൊന്നുകളഞ്ഞ ക്രൂരതയെ, കാറിനടിയിൽപ്പെടുന്ന പട്ടിക്കുട്ടിയുടെ മരണത്തോടുപമിച്ചു രസിച്ച ഭരണാധികാരിയാണ് മോദി.

ഈ മനോഭാവത്തിൽ നിന്നാണ് വയനാട് അടക്കം കേരളം നേരിടുന്ന പ്രകൃതി ദുരന്തങ്ങളോടുള്ള കേന്ദ്രസർക്കാരിന്റെ സമീപനം വിലയിരുത്തേണ്ടത്. ഗുജറാത്തിൽ മനുഷ്യജീവൻ ഹനിച്ച മഹാദുരന്തം മനുഷ്യസൃഷ്ടിയായിരുന്നു; കേരളത്തിൽ പ്രകൃതിയുടെയും. രണ്ടിടത്തും ഇരകളായത് മോദിയുടെ പ്രത്യയശാസ്ത്രം ശത്രുപക്ഷത്തു നിർത്തിയിരിക്കുന്ന മനുഷ്യരാണ്. ഗുജറാത്ത് കൂട്ടക്കൊലയിൽ അലിയാത്ത ഹൃദയം വയനാട്ടിലെ ദുരന്തഭൂമിയിലൂടെ നടന്നപ്പോൾ ഉലഞ്ഞു കാണുമെന്ന് പ്രതീക്ഷിച്ചവരാണ് മഹാവിഡ്ഢികൾ.

ഗുജറാത്തിൽ തങ്ങൾ ചെയ്ത മനുഷ്യഹത്യ കേരളത്തിൽ പ്രകൃതി നിർവഹിക്കുന്നു എന്ന മനോഭാവം മറച്ചുവെയ്ക്കാൻ ഒരിക്കലും മടിച്ചിട്ടില്ല സംഘപരിവാർ മനസ്സ്. അല്ലെങ്കിൽത്തന്നെ കേരളത്തിൽ ഏതുകാലത്തെ പ്രകൃതിദുരന്തത്തിനാണ് കേന്ദ്രസർക്കാരിന്റെ കരുണാവായ്പോടെയുള്ള സഹായമുണ്ടായത്?

പക്ഷേ, നാടകംകളിയ്ക്ക് ഒരു കുറവുമില്ല. വയനാട് ഉരുൾപൊട്ടലുണ്ടായപ്പോൾ നരേന്ദ്രമോദി ഓടിയെത്തി. ദുരന്തഭൂമിയിൽ വ്യോമനിരീക്ഷണം, ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെയും പരിക്കേറ്റ് ആശുപത്രിയിൽ കിടക്കുന്നവരെയും നേരിൽ കാണൽ, ചൂരൽമലയിൽ കാൽനട സഞ്ചാരം, ബെയിലി പാലത്തിൽ സൈനികരുമായി സംവാദം, കളക്ടറേറ്റിൽ അവലോകന യോഗം തുടങ്ങി എന്തെല്ലാം നാടകങ്ങളായിരുന്നു. എല്ലാം കണ്ട് പഴയ കഥകളെല്ലാം മറന്ന് നാം സന്തോഷിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തു.

മേപ്പാടി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞ അന്തേവാസികൾ പൊട്ടിക്കരഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ആ ക്യാമ്പിൽ രണ്ടു കുട്ടികളുണ്ടായിരുന്നു. ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങളെയെല്ലാം നഷ്ടപ്പെട്ട രണ്ടു കുഞ്ഞുമക്കൾ. അവരുമായി പ്രധാനമന്ത്രി സംസാരിക്കുന്ന ചിത്രവും വാർത്തയും എത്ര വലിയ പ്രതീക്ഷയാണ് നാട്ടിലുണ്ടാക്കിയത്!

ഇതൊരു സാധാരണ ദുരന്തമല്ലെന്നും പുനരധിവാസത്തിനും പുനർനിർമ്മാണത്തിനും കേന്ദ്രത്തിന്റെ എല്ലാ സഹായവുമുണ്ടാകുമെന്നും മാധ്യമങ്ങളുടെ മുന്നിൽ വെച്ച് അദ്ദേഹം കേരളത്തിന് വാക്കും നൽകിയാണ് ദില്ലിയ്ക്കു മടങ്ങിയത്.

ഒക്കെ നാടകംകളിയായിരുന്നു. ഉപ്പയടക്കം അഞ്ചു കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട കുഞ്ഞു നൈസയ്ക്ക് നൽകിയ വാക്കുപോലും പാലിക്കാൻ രാജ്യത്തിന്റെ പ്രധാനമന്ത്രിയ്ക്കു കഴിഞ്ഞില്ല. “കരുതലിനെന്തു ഭാഷ, മലയാളത്തിൽ സങ്കടം, ഹിന്ദിയിൽ സാന്ത്വന”മെന്ന് തലക്കെട്ടെഴുതിയാണ് മോദിയുടെ ആശ്വസിപ്പിക്കൽ നാടകം മനോരമ ആഘോഷിച്ചത്. ദുരന്തത്തിന്റെ ഭീകരത വിവരിച്ച ചൂരൽമല സ്വദേശി അയ്യപ്പനോട് എല്ലാം ഓകെ ആക്കാമെന്നു മോദി കൈകാണിച്ചുവെന്നാണ് വാർത്തയിൽ.

ജീവിതം തിരിച്ചുപിടിക്കാൻ രാജ്യം ഒപ്പമുണ്ടാകുമെന്ന് വിശ്വസിച്ച അയ്യപ്പനടക്കം സകല മനുഷ്യരുടെയും പ്രതീക്ഷയുടെ കടയ്ക്കലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായിയുടെ കത്ത് കോടാലിയായി പതിച്ചത്. ദുരന്ത മാനേജ്മെന്റിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണു പോലും. അപ്പോൾപ്പിന്നെ പ്രധാനമന്ത്രി തന്ന വാക്കിനെന്തു വില. പ്രധാനമന്ത്രി സംസ്ഥാനത്തിനു നൽകിയ ഉറപ്പ് ആഗസ്റ്റ് 11ന്റെ മനോരമ ഒന്നാം പേജിൽ നൽകിയിട്ടുണ്ട്. അതിങ്ങനെയാണ്:

‘‘വയനാട്ടിലുണ്ടായ ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കാൻ കഴിഞ്ഞെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദുരന്തത്തിന് ഇരയായവരുടെ നഷ്ടമായ സ്വപ്നങ്ങൾ തിരിച്ചുപിടിക്കാൻ എല്ലാ സഹായവും ചെയ്യും. കേരളത്തിന് എന്താവശ്യമുണ്ടെങ്കിലും കേന്ദ്രത്തെ അറിയിക്കാം. വിശദമായ നിവേദനം സമർപ്പിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബത്തിലെ എല്ലാ അംഗങ്ങളും നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്കൊപ്പമാണ് രാജ്യം. ആരെയും കൈവിടില്ലെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.’’

ഈ ഉറപ്പാണ് കാറ്റിൽപ്പറന്നത്. പ്രത്യേകസഹായമായി ഒരു രൂപപോലും അനുവദിക്കാൻ കേന്ദ്രസർക്കാർ തയ്യാറല്ല. ദുരന്തബാധിതരുടെ മുഴുവൻ വായ്പയും എഴുതിത്തള്ളാൻ കേരള ബാങ്ക് തീരുമാനിച്ചു. എന്നാൽ ദേശസാൽ-കൃത ബാങ്കുകളിലെ വായ്പ എഴുതിത്തള്ളാൻ കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്ന് ഇത്രയും നാളായിട്ടും ഒരു ഇടപെടൽ പോലുമില്ല. 12 ബാങ്കുകളിലായി 3220 വായ്പകളിൽ 35 കോടി രൂപയാണ് ദുരന്തബാധിതരുടെ വായ്പ. ഈ തുകപോലും എഴുതിത്തള്ളാൻ കേന്ദ്രസർക്കാരിന് മനസില്ല. അർഹമായ സഹായം നിഷേധിക്കാൻ നിയമത്തിന്റെയും ചട്ടത്തിന്റെയും വാക്കും വരിയും ദുർവ്യാഖ്യാനം ചെയ്ത് രസിക്കുകയാണ് കേന്ദ്രസർക്കാരും ഉദ്യോഗസ്ഥരും. നിഷേധിക്കപ്പെടുന്ന നീതിയ്ക്കുവേണ്ടി ഓരോ തവണയും കോടതിയെ അഭയം പ്രാപിക്കേണ്ട സ്ഥിതിയാണുള്ളത്-.

ഓഖിയും പ്രളയവും കേരളത്തിൽ കെടുതിയുടെ താണ്ഡവമാടിയപ്പോഴും നാം കണ്ടതാണ് ഈ മനോഭാവം. 2018ലെ പ്രളയകാലത്തെ മോദി സർക്കാരിന്റെ സമീപനം മറക്കാറായിട്ടില്ല. രക്ഷാപ്രവർത്തനം നടത്താൻ സകലമനുഷ്യരും ദുരന്തഭൂമിയിലേയ്ക്ക് ഓടിയെത്തിയ കാലം. പ്രളയം പോലെ കണ്ണീരൊഴുകിയ മറ്റൊരു ദുരന്തകാലം. അന്ന് പ്രത്യേക സഹായമായി അനുവദിച്ച അരിയുടെ പണം വാശിയോടെയാണ് സംസ്ഥാന സർക്കാരിൽ നിന്ന് കേന്ദ്രസർക്കാർ ഈടാക്കിയത്. എഫ്‍ സി ഐയിൽ നിന്നും 89,540 മെട്രിക് ടണ്‍ അരിയാണ് അനുവദിച്ചത്. ഈ അരി സംസ്ഥാനം സൗജന്യമായി വിതരണം ചെയ്തു. ഈ അരിയ്ക്ക് സംസ്ഥാനം പണം തരണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. 201.85 കോടി രൂപ സംസ്ഥാനം കൊടുക്കണമെന്നായിരുന്നു ആവശ്യം.

പ്രളയവും ഓഖിയും കോവിഡും മൂലം നടുവൊടിഞ്ഞ ഖജനാവിന് ഈ ഭാരം താങ്ങാനാവില്ലെന്നും പ്രളയബാധിതർക്ക് സൗജന്യമായാണ് അരി വിതരണം ചെയ്തതെന്നും സംസ്ഥാനത്തോട് ദയ കാണിക്കണമെന്നും സംസ്ഥാനം തുടർച്ചയായി അഭ്യർത്ഥിച്ചു. ഈ അഭ്യർത്ഥന ഉന്നയിച്ച് മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിയ്ക്ക് പലവട്ടം കത്തെഴുതി. പക്ഷേ, കഠിനഹൃദയരുടെ കരളലിഞ്ഞതേയില്ല. പണം  അടച്ചില്ലെങ്കിൽ കേന്ദ്ര ഭക്ഷ്യ സബ്‍സിഡിയില്‍ നിന്നും തിരിച്ചുപിടിക്കുമെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ അന്ത്യശാസനം മുഴക്കിയതോടെ മുഴുവൻ തുകയും കേരളം നൽകി. ഇതിനു പുറമെ പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനെത്തിയ ഹെലിക്കോപ്റ്ററിന്റെ വാടകയായി 33.79 കോടി രൂപയും വ്യോമസേനയുടെ വിമാനങ്ങൾ ഉപയോഗിച്ചതിന് 25 കോടി രൂപയും കേരളം അടയ്ക്കേണ്ടി വന്നു.

പ്രളയകാലത്തെ നാശനഷ്ടങ്ങളെ അതിജീവിക്കാൻ കേരളത്തെ സഹായിക്കാമെന്ന ഐക്യരാഷ്ട്രസഭയുടെ വാഗ്ദാനം പോലും കേന്ദ്രസർക്കാർ നിഷേധിക്കുകയായിരുന്നു. ഇന്ത്യ നിർദ്ദേശിക്കുന്ന സഹായങ്ങൾ ചെയ്യാനാണ് യുഎൻ മുന്നോട്ടു വന്നത്. ദുരിതാശ്വാസത്തിലും പുനർനിർമ്മാണത്തിലും കേരളത്തോട് പങ്കുചേരാനുള്ള ഐക്യരാഷ്ട്രസഭയുടെ സന്നദ്ധതയെ തട്ടിത്തെറിപ്പിച്ചപ്പോഴും കേരളത്തിലെ ബിജെപി നേതാക്കൾ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു.

ദുരന്തബാധിതർക്ക് ആഹാരം കഴിക്കാൻ കൊടുത്ത അരിയുടെ വില പോലും കണക്കു പറഞ്ഞ്, അന്ത്യശാസനം മുഴക്കി ഈടാക്കിയവരാണ് കേന്ദ്രം ഭരിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽപ്പോലും കേരളത്തിന്റെ അപേക്ഷയും അഭ്യർത്ഥനയും അനുഭാവത്തോടെ പരിഗണിക്കാതെ, ധാർഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും ഭാഷയിൽ പെരുമാറുന്നവരാണവർ. ബിജെപിയുടെ വേരോട്ടം അനുവദിക്കുന്നില്ല എന്ന ഒറ്റക്കാരണത്തിന്റെ പേരിൽ ദുരന്തമുഖത്തുപോലും അനുകമ്പ നിഷേധിക്കപ്പെടുന്ന ജനത.

ഓരോ പ്രകൃതി ദുരന്തത്തിലും കേരളത്തിൽ കൂട്ടമരണമുണ്ടാകുമ്പോൾ, ആനന്ദനൃത്തം നടത്തുന്ന മനസ്സാണ് സംഘപരിവാറിന്. ദുരിതാശ്വാസത്തിന് ഒരു രൂപ പോലും കേരളത്തിന് നൽകരുത് എന്നാവശ്യപ്പെട്ട് പ്രളയകാലത്ത് നടന്ന സോഷ്യൽ മീഡിയാ കാമ്പയിൻ മറക്കാനാവില്ല. കേരളത്തിന് ഒരിറ്റ് സഹായം നൽകരുത് എന്നായിരുന്നു രാജ്യമെങ്ങുമുള്ള സംഘപരിവാറുകാർ പ്രളയകാലത്ത് ഉയർത്തിയ ആഹ്വാനം. അന്നത്തെ പ്രചാരണത്തിലെ ഒരു സാമ്പിൾ താഴെ കൊടുക്കുന്നു:

‘‘കേരളത്തില്‍ പ്രകൃതി ദുരന്തങ്ങള്‍ ബാധിച്ചിരിക്കുന്നത് ക്രിസ്ത്യന്‍, മുസ്‌ലിം ഭൂരിപക്ഷ മേഖലകളിലാണ്. ആലപ്പുഴയിലെ കുട്ടനാട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി, ഏറണാകുളം, തൃശൂര്‍, വയനാട് എന്നിവിടങ്ങളില്‍ ക്രിസ്ത്യാനികളാണ് ഭൂരിപക്ഷവും. മലപ്പുറം കോഴിക്കോട് ജില്ലകള്‍ മുസ്‌ലിം ഭൂരിപക്ഷ മേഖലകളാണ്. പാലക്കാട് കമ്യൂണിസ്റ്റുകള്‍ ധാരാളമുള്ള ഇടമാണ്. പ്രകൃതിയ്ക്കും ജീവജാലങ്ങള്‍ക്കും ഏറ്റവുമധികം ദോഷം വരുത്തിയ സംഘങ്ങളാണ് ഇവര്‍. കേരളത്തിലെ പൊട്ടന്മാര്‍ ഇത്തരം ദുരന്തങ്ങള്‍ അര്‍ഹിക്കുന്നവരാണ്, അല്ലേ?”

ദുരന്തത്തിന് ഇരയാകുന്നവരുടെ ജാതിയും മതവും ചികഞ്ഞ് ഇത്തരം അധിക്ഷേപം ചൊരിയാൻ ഒരുമാതിരിപ്പെട്ട മനുഷ്യർക്കൊന്നും കഴിയില്ല. ഇങ്ങനെയൊക്കെ ചിന്തിക്കാനും ചിത്രീകരിക്കാനും കഴിയണമെങ്കിൽ തലയോട്ടിയിൽ അത്രത്തോളം വിഷം നുരയണം.

കുതിച്ചിരമ്പി കുത്തിയൊഴുകിയ പ്രളയപ്രവാഹത്തെ ജലദേവതയോട് ഉപമിച്ച് ട്വീറ്റു ചെയ്തത് സംഘപരിവാറിന്റെ കേരളത്തിലെ ഇന്റലക്ച്വൽ സെൽ പ്രമാണിയായിരുന്നു. ജിഹാദികൾ മാത്രമാണ് ബഹളമുണ്ടാക്കുന്നത്, മറ്റുള്ളവർക്കൊന്നും ഒരു പ്രശ്നവുമില്ല എന്നായിരുന്നു അയാളുടെ കണ്ടുപിടിത്തം. ആയുസിന്റെ സമ്പാദ്യം മുഴുവൻ, ഉറ്റവരുടെ ജീവനടക്കം പ്രളയജലം ഒഴുക്കിക്കൊണ്ടു പോകുന്നതിന് സാക്ഷിയായവരുടെ നിലവിളിയെ, ജലദേവതയെ വരവേൽക്കുന്ന ആർപ്പുവിളിയായി ചിത്രീകരിക്കാൻ കൊടുംവിഷത്തിൽ കുതിർന്ന തലച്ചോറിനേ കഴിയൂ. ഒരു പഞ്ചായത്തിലെ വെറും മൂന്നു വാർഡുകളല്ലേ ഒലിച്ചുപോയിട്ടുള്ളൂ എന്ന് വയനാട് ദുരന്തത്തെ പരസ്യമായി നിസാരവത്കരിച്ചു പരിഹസിക്കാൻ ഈ നാട്ടുകാരനായ ഒരു ബിജെപി നേതാവ് തയ്യാറാകുന്നത് മേൽപ്പറഞ്ഞ മാനസികാവസ്ഥ പങ്കുവെയ്ക്കുന്നതുകൊണ്ടു മാത്രമാണ്.

വയനാട് മുണ്ടക്കൈ-–ചൂരൽമല ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ വകുപ്പില്ല എന്ന് കേരളത്തെ കത്തെഴുതി അറിയിക്കുന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായിയും പങ്കുവെയ്ക്കുന്നത് മേൽപ്പറഞ്ഞ സംഘപരിവാറുകാരന്റെ മനോഭാവമാണ്.

വയനാട്ടിലെ ദുരന്തഭൂമിയിൽ നേരിട്ടെത്തി, ഇന്ത്യയുടെ പ്രധാനമന്ത്രി ചൊരിഞ്ഞ ആശ്വാസ വാക്കുകൾ കാപട്യപ്രകടനമായിരുന്നുവെന്ന് തിരിച്ചറിയുകയാണ് കേരളം. എല്ലാം തകർന്നു തരിപ്പണമായി, ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടു നിൽക്കുന്ന പിഞ്ചു കുഞ്ഞുങ്ങൾ അടക്കമുള്ളവരുടെ മുഖത്തു നോക്കി ഇങ്ങനെ നാടകം കളിക്കാൻ ക്രൂരതയുടെ അങ്ങേയറ്റം കണ്ടവർക്കേ കഴിയൂ. ഗുജറാത്തിലെ കൂട്ടക്കുരുതിക്കാലത്തുയർന്ന അലമുറയെ ഓർത്തോർത്ത് ആനന്ദിക്കുന്ന മനസ്സിൽ നിന്ന് നമുക്ക് വേറെന്താണ് പ്രതീക്ഷിക്കാൻ കഴിയുക? l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen − three =

Most Popular