ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ച്, പൊതുവിൽ തീവ്രവലതുപക്ഷത്തുനിൽക്കുന്ന ബിജെപിയെ സംബന്ധിച്ച് പ്രത്യേകിച്ചും പറയാവുന്ന കാര്യം തിരഞ്ഞെടുപ്പ് പ്രചരണവേളയിൽ നൽകുന്ന വാഗ്ദാനങ്ങൾക്ക് അവർക്ക് അധികാരം ലഭിക്കുന്നതുവരെ മാത്രമേ ആയുസ്സുള്ളൂ എന്നതാണ്. ജനവിധി അനുകൂലമാക്കുന്നതിനുള്ള, തങ്ങൾക്ക് ജനങ്ങളുടെ വോട്ടു ലഭിക്കുന്നതിനുള്ള ഉപാധിക്കപ്പുറം തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയ്ക്ക് യാതൊരു മൂല്യവും ബിജെപി നൽകുന്നില്ല.
കഴിഞ്ഞ പത്തുവർഷമായി ഇന്ത്യാ രാജ്യം അടക്കിവാഴുന്ന ബിജെപി 2014ലും 2019ലും ജനങ്ങൾക്കു നൽകിയ ഏതു വാഗ്ദാനമാണ് നടപ്പാക്കിയിട്ടുള്ളത്? ജനജീവിതവുമായി ബന്ധപ്പെട്ട ഒരു കാര്യം പോലും നടപ്പാക്കിയതായി ആ പാർട്ടിക്ക് ചൂണ്ടിക്കാണിക്കാനില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിയോടും പ്രധാനമന്ത്രി മോദിയോടും ചോദിച്ചതുപോലെ മാനിഫെസ്റ്റോ എത്രത്തോളം നടപ്പാക്കിയെന്നറിയാൻ കേരളത്തിൽ എൽഡിഎഫ് സർക്കാർ ചെയ്യുന്നതുപോലെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കാൻ മോദിക്ക് ധെെര്യമുണ്ടോ? അതിനു കൃത്യമായ മറുപടിയില്ലാത്തതുകൊണ്ട് മോദിയും ബിജെപിയും ഓടിഒളിക്കുന്നതാണ് നാം കാണുന്നത്.
പ്രതിവർഷം രണ്ടുകോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ച് തൊഴിലില്ലായ്മ പരിഹരിക്കും, പെട്രോളിനും ഡീസലിനും വില 50 രൂപയിലും താഴെയാക്കും (അന്നത്തെ വില 70 രൂപ), പാചകവാതകം 400 രൂപയ്ക്ക്, ഇന്ത്യക്കാർ വിദേശബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം പിടിച്ചെടുത്ത് ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപയുടെ നിക്ഷേപം, സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടു പ്രകാരം കർഷകർക്ക് സി2+50% നിരക്കിൽ മിനിമം താങ്ങുവില, കർഷകരുടെ വരുമാനം ഇരട്ടിയാക്കൽ, അഴിമതി നിർമാർജനം അങ്ങനെ എന്തെന്ത് വാഗ്ദാനങ്ങൾ! ഇതിൽ ഒരെണ്ണംപോലും നടപ്പാക്കിയില്ലെന്നു മാത്രമല്ല, തൊഴിലില്ലായ്മയും ദാരിദ്ര്യവും വിലക്കയറ്റവും അഴിമതിയും കള്ളപ്പണവുമെല്ലാം ഈ പത്തുവർഷത്തിനുള്ളിൽ കുതിച്ചുയരുന്നതാണ് നാം കണ്ടത്. ഇന്ത്യൻ ജനതയുടെ അനുഭവം അതാണ്.
എന്നിട്ടിപ്പോൾ പ്രധാനമന്ത്രി മോദി കേരളത്തിന്റെ മണ്ണിൽ നിന്നുപറയുന്നത്, പിന്നിട്ട പത്തുവർഷം പരീക്ഷണത്തിന്റെ കാലമായിരുന്നു എന്നാണ്. ഇനി വരാൻപോകുന്നതാണ് യഥാർഥമായത് എന്നത്രെ മോദിയുടെ വചനം. ഇതിനർഥം ഇന്ത്യയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം മോദി വാഴ്ച അമ്പേ പരാജയമായിരുന്നുവെന്ന് മോദിയും ബിജെപിയും തന്നെ സമ്മതിക്കുന്നുവെന്നാണ്. മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളും ബിജെപിയുടെ മാനിഫെസ്റ്റോയും ഇതാണ് വ്യക്തമാക്കുന്നത്.
ആർഎസ്എസിന്റെ അജൻഡകൾ പൂർണമായും നടപ്പാക്കുകയെന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ മോദിക്കുള്ളൂ. അതായത് ഇന്ത്യയെ ശിഥിലീകരിച്ച് പല കഷണങ്ങളാക്കുകയെന്ന, ഇന്ത്യ എന്ന ആശയത്തെത്തന്നെ ഇല്ലാതാക്കുകയെന്ന അജൻഡയാണ് ആർഎസ്എസിന്റേത്. പ്രധാനമന്ത്രിക്കസേരയിൽ ഇരിക്കുമ്പോൾപോലും ഒരു മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രത്തിന്റെ ഭരണാധികാരി എന്നതിലുപരി ആർഎസ്എസ് പ്രചാരകനായിരിക്കുന്നതിൽ അഭിമാനം കൊള്ളുന്ന മോദി, ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുപകരം അതിനെ തകർക്കുകയാണ് ചെയ്യുന്നത്. മതനിരപേക്ഷ ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാനും മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളാകെ നിഷേധിക്കാനുമാണ് കഴിഞ്ഞ പത്തുവർഷവും മോദി ശ്രമിച്ചുകൊണ്ടിരുന്നത്.
ഇന്ത്യയിലെ ഒരേയൊരു മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമായിരുന്ന ജമ്മുകാശ്മീരിനെ മൂന്നായി വിഭജിക്കുകയും ആ സംസ്ഥാനത്തിനുണ്ടായിരുന്ന, ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരമുള്ള പ്രത്യേക പദവി എടുത്തുകളയുകയും ചെയ്ത മോദി സർക്കാർ രാജ്യത്തിന്റെ ഭരണഘടനയെത്തന്നെയാണ് അപകടത്തിലാക്കുന്നത്. സിഎഎയും എൻആർസിയും എൻപിആറും നടപ്പാക്കുന്നതിലൂടെ പൗരത്വത്തിനുള്ള അവകാശം മതാടിസ്ഥാനത്തിലാക്കുന്ന അപകടകരമായ നീക്കമാണ് നടത്തിയിരിക്കുന്നത്. രാജ്യത്തെ ഒരു ജനവിഭാഗത്തെയാകെ പൗരാവകാശങ്ങളില്ലാത്തവരാക്കാനുള്ള മോദി സർക്കാരിന്റെ അപ്പാർത്തീഡ് നയത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽതന്നെ എതിർപ്പും പ്രതിഷേധവും ഉയർന്നിട്ടും അതുമായി മുന്നോട്ടുപോകുക തന്നെചെയ്യുമെന്ന പ്രഖ്യാപനമാണ് ബിജെപി മാനിഫെസ്റ്റോ വ്യക്തമാക്കുന്നത്.
അയോധ്യയിലെ രാമക്ഷേത്ര നിർമാണവും കാശിയിലെയും മഥുരയിലെയും മുസ്ലീം ആരാധനാലയങ്ങൾ തകർത്ത് ക്ഷേത്രങ്ങൾ പണിയുന്നതും മാത്രം ലക്ഷ്യമാക്കി മുന്നോട്ടുപോകുന്ന ഒരു ഭരണസംവിധനം ഒരു ആധുനിക ജനാധിപത്യരാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം നാണക്കേടാണ്. നിരന്തരം വർഗീയ ലഹളകൾ സൃഷ്ടിച്ച് ഇന്ത്യയെ വിഭജിക്കാനും ധ്രുവീകരിക്കാനും കോപ്പു കൂട്ടിക്കൊണ്ടിരിക്കുന്ന ആർഎസ്എസിന് കുടപിടിച്ചു നിൽക്കുകയാണ് മോദി സർക്കാർ. അതോടൊപ്പം ഹിന്ദുത്വരാഷ്ട്ര സ്ഥാപനം എന്ന ആർഎസ്എസിന്റെ വർഗീയ അജൻഡ യാഥാർഥ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ഏക സിവിൽകോഡ് നടപ്പാക്കുമെന്നും മാനിഫെസ്റ്റോ പ്രഖ്യാപിക്കുന്നു.
സാമ്പത്തികരംഗത്താകട്ടെ, ജനക്ഷേമം ലാക്കാക്കിയുള്ള ഒരു പുതിയ പരിപാടിയും ഫലപ്രദമായി നടപ്പാക്കാത്ത മോദി സർക്കാർ വിലക്കയറ്റം ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികളാണ് കഴിഞ്ഞ പത്തുവർഷക്കാലവും പിന്തുടർന്നിരുന്നത്. കോർപ്പറേറ്റുകൾക്ക് നാടിനെയും ജനങ്ങളെയും കൊള്ളയടിച്ച് സമ്പത്ത് കുന്നുകൂട്ടാനുള്ള സൗകര്യമൊരുക്കലിനപ്പുറം ജനങ്ങൾക്ക് തൊഴിലവസരങ്ങൾ നൽകാനോ ദാരിദ്ര്യമകറ്റാനോ ഒന്നും ചെയ്തില്ല. അതേ നയങ്ങളും നടപടികളുമായി മുന്നോട്ടുപോകുമെന്ന പ്രഖ്യാപനമാണ് ബിജെപിയുടെ മാനിഫെസ്റ്റോയിൽ കാണുന്നത്.
രാജ്യത്തെ ജനാധിപത്യത്തിനും ഫെഡറൽ സംവിധാനത്തിനും നേരെ നിരന്തരം വെല്ലുവിളി ഉയർത്തിക്കൊണ്ടിരിക്കുന്ന മോദി സർക്കാർ അതേ നയങ്ങൾ തന്നെ തുടരുമെന്നതിന്റെ വ്യക്തമാക്കലാണ് കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചരണമെന്ന പേരിൽ മോദി നടത്തിയ വാചാടോപങ്ങൾ. രാജ്യത്തിന്റെ പ്രധാനമന്ത്രിതന്നെ സാധാരണ ആർഎസ്എസ് പ്രചാരകനെപ്പോലെ പച്ചക്കള്ളങ്ങൾ വിളിച്ചു പറയുന്നതാണ് നാം കണ്ടത്. മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ ഏതാനും വർഷങ്ങളായി ബിജെപിയും കോൺഗ്രസും ആവർത്തിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ വീണ്ടും വീണ്ടും വിളിച്ചു പറയുന്ന പ്രധാനമന്ത്രി താൻ ഇരിക്കുന്ന പദവിയെത്തന്നെ അപഹസിക്കുകയാണ്. രാജ്യത്തെ സർവ അനേ-്വഷണ ഏജൻസികളെയും നിയന്ത്രിക്കുന്ന മോദി തെളിവുകളുടെ കണികയെങ്കിലും ഏതെങ്കിലുമൊരു അനേ-്വഷണ ഏജൻസിക്ക് ലഭിച്ചിരുന്നെങ്കിൽ, കാര്യമായി ഏതെങ്കിലുമൊരു മൊഴിയെങ്കിലും ലഭിച്ചിരുന്നെങ്കിൽ ഇങ്ങനെ ഗ്വാഗ്വാ വിളിക്കാതെ കേസെടുക്കാൻ മടിക്കുമായിരുന്നില്ല എന്ന് രാജ്യത്തെ എല്ലാവർക്കും അറിയാവുന്നതാണ്.
ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭാഗവത് തന്നെ രാജ്യത്തുനിന്ന് കമ്യൂണിസത്തെ തുടച്ചുനീക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരിക്കെ അത് നടപ്പാക്കാനുള്ള യജ്ഞത്തിലാണ് ബിജെപിയും മോദിയും. അതിന്റെ ഭാഗമായാണ് മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളെ കാണേണ്ടത്. ധനമൂലധനത്തിന്റെ അജൻഡ നടപ്പാക്കി വരുന്ന ബിജെപി വാഴ്ചയിൽ അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ജനങ്ങളെ അണിനിരത്തി അതിനെ ചെറുക്കുകയും ചെയ്യുന്ന ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഐ എം, മൂലധനശക്തികളുടെയും അവരുടെ കാവലാളായി നിൽക്കുന്ന ബിജെപിയുടെയും കണ്ണിലെ കരടാകുന്നതിൽ അത്ഭുതമില്ലല്ലോ. ആ അജൻഡയ്ക്കൊപ്പം തന്നെയാണ് കേരളത്തിലെ കോൺഗ്രസും നിൽക്കുന്നത്. ഇടതുപക്ഷമില്ലാത്ത പാർലമെന്റാണ് കോർപ്പറേറ്റുകളെപ്പോലെ ബിജെപിയും കോൺഗ്രസും സ്വപ്നം കാണുന്നത്. അതാണ് ഇരുകൂട്ടരുടെയും അന്നദാതാക്കളായ കോർപ്പറേറ്റുകളുടെയും താൽപ്പര്യം. അതുകൊണ്ടുതന്നെ ഈ ജനവിരുദ്ധശക്തികളെ പാടെ പരാജയപ്പെടുത്തേണ്ടതും ഇടതുപക്ഷത്തിന് ലോക്-സഭയിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കേണ്ടതുമാണ് ഈ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ മുന്നിലുള്ള ഒരേയൊരു കടമ. ♦