യഥാർഥ നിയന്ത്രണരേഖയിൽ (എൽഎസി) പട്രോളിങ് നടത്തുന്നതുസംബന്ധിച്ച് ഇന്ത്യയും ചെെനയും തമ്മിൽ കരാറിലെത്തിച്ചേർന്നതായി ഒക്ടോബർ 21ന് ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിച്ചു. ഈ രണ്ട് അയൽരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ സാധാരണനിലയിലാക്കുന്നതിനിടയാക്കുമെന്ന പ്രതീക്ഷ നൽകുന്നതാണ് സ്വാഗതാർഹമായ ഈ സംഭവവികാസങ്ങൾ.
2020ൽ ഗാൽവർ താഴ്-വരയിൽ അതിർത്തി സംഘട്ടനങ്ങൾ ഉണ്ടായതിനെത്തുടർന്ന് ഇന്ത്യയും ചെെനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ തകരാറിലായിരുന്നു. ഈ സംഘട്ടനങ്ങൾ പൂർണയുദ്ധമായി വളരാതിരിക്കുമെന്ന് ഉറപ്പുവരുത്താൻ ഇരുരാജ്യങ്ങളും പ്രവർത്തിച്ചു. 2020 മുതൽ സെെനിക തലത്തിലും നയതന്ത്ര തലത്തിലും 31 വട്ടം ചർച്ചകൾ നടത്തിയിരുന്നു. ഇരുവശത്തുനിന്നുമുള്ള സെെനികതല സംഭാഷണങ്ങൾ നടത്തിയത് പട്ടാള കമാൻഡർമാരായിരുന്നു. അതേസമയം നയതന്ത്രപരമായ സംഭാഷണങ്ങൾ നടത്തിയതാകട്ടെ ഇന്ത്യ–ചെെന അതിർത്തിപ്രശ്നങ്ങൾക്കായുള്ള കൂടിയാലോചനകൾക്കും ഏകോപനത്തിനും വേണ്ടിയുള്ള സംയുക്ത സംവിധാനത്തിന്റെ (ഡബ്ല്യുഎംസിസി) ആഭിമുഖ്യത്തിലായിരുന്നു.
സാധാരണ ബന്ധങ്ങൾ പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ട രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലോടുകൂടിയാണ് സംഭാഷണങ്ങൾ നിർണായകമായ ഘട്ടത്തിലേക്ക് നീങ്ങിയത്. ‘‘ഇന്ത്യയും ചെെനയും തമ്മിൽ സുസ്ഥിരവും സമാധാനപരവുമായ ബന്ധങ്ങൾ ഉണ്ടായിരിക്കുന്നത് വളരെ പ്രധാനപ്പെട്ടതായിരിക്കും. അത് നമ്മുടെ രണ്ട് രാജ്യങ്ങൾക്കു മാത്രമല്ല മറിച്ച് ഈ മേഖലയ്ക്കാകെയും ലോകത്തിനുതന്നെയാകെയും വളരെ പ്രാധാന്യമുള്ളതാണ്’’ എന്ന് ഏപ്രിൽ മാസത്തിൽ പ്രസ്താവിച്ച പ്രധാനമന്ത്രി മോദി ഈ നിലപാട് പ്രതിഫലിപ്പിക്കുകയായിരുന്നു.
രണ്ടുമാസത്തിനിടയിൽ, ജൂലെെയിലും ആഗസ്തിലും ഇന്ത്യൻ വിദേശകാര്യമന്ത്രി ചെെനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിയാലോചന നടത്തി. സെപ്തംബറിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ ചേർന്ന ബ്രിക്സ് നേതാക്കളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെയും യോഗത്തിനിടെ വാങ്- യിയുമായി കൂടിക്കാഴ്ച നടത്തി. ഇതിനെത്തുടർന്ന് ഡബ്ല്യുഎംസിസിയുടെ രണ്ട് യോഗങ്ങളും ചേർന്നു. അതിനാൽ ജയശങ്കർ പ്രഖ്യാപിച്ചതുപോലെ ഇപ്പോഴത്തെ കരാർ ക്ഷമയോടുകൂടിയതും നിഷ്ഠയോടുകൂടിയതും നിരന്തരവുമുള്ള നയതന്ത്രത്തിന്റെ ഉൽപ്പന്നമാണ്; രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന് ഇതാണ് ശരിയായ മാർഗം.
നയതന്ത്രപരമായ ഈ നീക്കങ്ങളെല്ലാം തന്നെ റഷ്യയിലെ ഹസാനിൽ ചേർന്ന ബ്രിക്സ് ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി മോദിയും ചെെനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും തമ്മിലുള്ള ഉഭയകക്ഷി കൂടിയാലോചനയ്ക്ക് വഴിയൊരുക്കി. 2020ൽ അതിർത്തിപ്രശ്നങ്ങളിൽ സ്തംഭനാവസ്ഥ ഉണ്ടായതിനുശേഷം ഇതാദ്യമായാണ് ഇരുനേതാക്കളും ഉഭയകക്ഷി ചർച്ച നടത്തിയത് എന്നതാണ് ഈ യോഗത്തിന്റെ പ്രാധാന്യം. ഇരുവിഭാഗങ്ങളും ഉഭയകക്ഷി ബന്ധങ്ങൾ സുസ്ഥിരമാക്കുന്നതിനും വീണ്ടും കെട്ടിപ്പടുക്കുന്നതിനുമുള്ള നടപടികൾ കെെക്കൊള്ളണമെന്ന് അംഗീകരിച്ചു.
ഇന്ത്യൻ ബൂർഷ്വാസി നേരിടുന്ന സാമ്പത്തികപ്രശ്നങ്ങൾ ചെെനയുമായി ബിസിനസ് നടത്തുന്നതിനുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ലോബിയിങ് നടത്താൻ അവരെ നിർബന്ധിതരാക്കി. വാണിജ്യമന്ത്രാലയത്തിലെ ഡാറ്റ പ്രകാരം ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ ഇറക്കുമതി സ്രോതസ് ചെെനയായിരിക്കുന്നു എന്നാണ് വ്യക്തമാകുന്നത്; ചെെനയിൽനിന്ന് ഈ ധനകാര്യവർഷം ഏപ്രിൽ–സെപ്തംബർ കാലത്തുമാത്രം 56.29 ബില്യൺ ഡോളർ വിലയുള്ള ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ട്. ആഗോളവൽക്കൃതമായ ലോക സാമ്പത്തികക്രമത്തിൽ സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നത് ഇരുരാജ്യങ്ങൾക്കും നേട്ടമുണ്ടാക്കുമെന്നത് വലിയതോതിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ, സ്മാർട്ട് ഫോണുകൾ, സോളാർ പാനലുകൾ, ഔഷധങ്ങൾ എന്നിവപോലെയുള്ള ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനത്തിനായുള്ള ചില വ്യവസായങ്ങളുടെ മാനുഫാക്ചറിങ് ഹബ്ബായി ഇന്ത്യയെ പരിവർത്തനപ്പെടുത്തേണ്ടതുണ്ട് എന്നാണ് ഇന്ത്യാ ഗവൺമെന്റ് കണ്ടെത്തിയിരിക്കുന്നത്. ചെെനയുമായുള്ള സാമ്പത്തികബന്ധങ്ങൾ പുനഃസ്ഥാപിക്കേണ്ടത് ഈ വ്യവസായങ്ങളിൽ മിക്കവാറും എല്ലാംതന്നെ അനിവാര്യമാക്കിത്തീർക്കുന്നു.
സംയുക്ത സംരംഭങ്ങളിലൂടെ മാനുഫാക്ചറിങ് മേഖലയിലെ ചെെനീസ് നിക്ഷേപങ്ങളോടുള്ള ഇപ്പോഴത്തെ നിഷേധാത്മക നിലപാട് മാറ്റണം. ഭീമൻ ചെെനീസ് കമ്പനിയായ വിവെെഡിയുടെ നൂറ് കോടി ഡോളറിന്റെ നിക്ഷേപം നടത്താനുള്ള സന്നദ്ധതയെ നിരാകരിച്ച നടപടി ദീർഘവീക്ഷണമില്ലാത്തതായിപ്പോയി. വെെദ്യുതി വാഹനങ്ങൾ ലോകത്ത് ഏറ്റവുമധികം ഉൽപ്പാദിപ്പിക്കുന്ന കമ്പനിയാണ് വിവെെഡി. ഒരു ഇന്ത്യൻ കമ്പനിയുമായി സംയുക്ത സംരംഭത്തിനാണ് 2023ൽ ഡിവെെഡി മുന്നോട്ടുവന്നത്. വെെദ്യുതി വാഹനങ്ങളും ബാറ്ററികളും ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഒരു പ്ലാന്റ് സ്ഥാപിക്കുന്നത് ഇന്ത്യയ്ക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യയും ഉൽപ്പാദനപ്രക്രിയകളും ലഭ്യമാക്കാൻ സഹായകമാകുന്നതാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ സാധാരണനിലയിലാക്കേണ്ടത് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോഴും അനിവാര്യമാണ്. ഉക്രെയ്ൻ യുദ്ധവും ഗാസയ്ക്കുമേലും പശ്ചിമേഷ്യയിലുമുള്ള ഇസ്രയേലി ആക്രമണവും വിഭവങ്ങളുടെയും വ്യാപാരമാർഗങ്ങളുടെയും രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളുടെയും സ്ഥിതിയിൽ കടുത്ത പ്രത്യാഘാതമുണ്ടാക്കുന്നതാണ്. എല്ലാത്തിനും ‘‘ഒരു രാജ്യത്തെ തന്നെ’’–അമേരിക്കയെത്തന്നെ – ആശ്രയിക്കുന്നത് ശരിയല്ലെന്ന യാഥാർഥ്യബോധത്തിലേക്ക് മിക്കവാറും എല്ലാ രാജ്യങ്ങളും എത്തിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ബ്രിക്സിനെപ്പോലെയുള്ള കൂട്ടായ്മകൾക്ക് പ്രാധാന്യം കെെവരുന്നതും പല രാജ്യങ്ങളും ഇത്തരം കൂട്ടായ്മകളിൽ ചേരുന്നതിനുള്ള തങ്ങളുടെ താൽപ്പര്യം പരസ്യമായി പ്രകടിപ്പിക്കുന്നതും സമീപകാലത്താണ് പശ്ചിമേഷ്യയിലെ പ്രാദേശിക ശക്തികേന്ദ്രങ്ങളായ സൗദി അറേബ്യയും ഇറാനും ഈ കൂട്ടായ്മയിൽ അംഗങ്ങളായത്. ഇന്ത്യയ്ക്കുചുറ്റും ഇങ്ങനെയുള്ള ഭൗമ രാഷ്ട്രീയമാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കെ ഇന്ത്യയ്ക്ക് ഈ കൂട്ടായ്മയിൽ കാഴ്ചക്കാരനായി മാറിനിൽക്കാൻ കഴിയില്ല. അതിനാൽ ഈ കൂട്ടായ്മയുടെ സ്ഥാപകാംഗങ്ങൾ തമ്മിൽ നല്ല ബന്ധങ്ങൾ നിലനിർത്തുന്നത് ശത്രുതാപരമായ ബന്ധങ്ങൾക്കുപരി സ്വാഭാവികമാണ്.
2020ൽ അതിർത്തി സംഘർഷങ്ങൾ ഉണ്ടായതിനെത്തുടർന്ന് ഇന്ത്യാ ഗവൺമെന്റ് അമേരിക്കയുമായുള്ള ബന്ധം പിന്നെയും ശക്തമാക്കി. ഇന്ത്യ–ചെെന തർക്കമുള്ള അതിർത്തിയുമായി ബന്ധപ്പെട്ട തൽസമയ ഇന്റലിജൻസ് വിവരങ്ങൾ പങ്കിടുന്നതുൾപ്പെടെയുള്ള നിരവധി പ്രതിരോധ–സഹകരണ കരാറുകളിൽ ഒപ്പുവിച്ചിട്ടുമുണ്ട്. മുന്നൂറ് കോടി ഡോളറിന്റെ നമ്മുടെ ഹിമാലയൻ അതിർത്തിയിലെ സെെനികനീക്കങ്ങൾ രേഖപ്പെടുത്തുന്നതിനായി 31 സായുധ ഗാർഡിയൻ ഡ്രോണുകൾ ഇന്ത്യ വാങ്ങുന്നതും ഈ കരാറുകളിൽ ഉൾപ്പെടുന്നുണ്ട്. അമേരിക്കൻ നേതൃത്വത്തിലുള്ള ക്വാഡ് കൂട്ടായ്മയിൽ ഇന്ത്യ അംഗമാണ്. ആസ്ട്രേലിയയും ജപ്പാനും ഇതിലുൾപ്പെടുന്നുണ്ട്. അഫ്ഗാനിസ്ഥാനിൽനിന്നുള്ള അമേരിക്കയുടെ പിൻവാങ്ങലിന്റെ പശ്ചാത്തലത്തിലും അമേരിക്കയുടെ നയപരമായ നിലപാടുകൾ വിശ്വസിക്കാനാകാത്തതാണ് എന്നതിന്റെയും പ്രതേ-്യകിച്ചും ഡൊണാൾഡ് ട്രംപ് വീണ്ടും പ്രസിഡന്റാവുകയാണെങ്കിൽ–പശ്ചാത്തലത്തിൽ ചെെനയുമായുള്ള ബന്ധം സാധാരണനിലയിലാക്കുന്നത് ഗവൺമെന്റിനെ സംബന്ധിച്ചിടത്തോളം ഒരു മുൻ കരുതലായിരിക്കും എന്ന് ആർഎസ്എസ് മുഖപത്രം ‘ദി ഒാർഗനെെസർ’ (2024 സെപ്തംബർ 22) പോലും അഭിപ്രായപ്പെട്ടിട്ടുണ്ട്.
3400 കി.മീറ്ററിലധികം വരുന്ന നീണ്ട അതിർത്തിയാണ് ഇന്ത്യയും ചെെനയും തമ്മിലുള്ളത്. ഈ അതിർത്തിയുടെ വലിയൊരു ഭാഗവും കൃത്യമായി അടയാളപ്പെടുത്തപ്പെട്ടിട്ടില്ല; അതാണ് ഇരുരാജ്യങ്ങളും തമ്മിൽ ദീർഘകാലമായി തുടരുന്ന തർക്കങ്ങളുടെ കാരണം. ഇപ്പോൾ നാം ചെയ്യേണ്ടത് ഇന്ത്യ–ചെെന അതിർത്തിയുമായി ബന്ധപ്പെട്ട തർക്കപ്രശ്നങ്ങളാകെ പരിഹരിക്കുന്നതിനുള്ള സംവിധാനത്തെ പുനരുജ്ജീവിപ്പിക്കുകയാണ്. അതിർത്തിയിൽ ശാന്തിയും സമാധാനവും സ്ഥാപിക്കുന്നതിനുള്ള 1993ലെ കരാറും 2013ലെ അതിർത്തി പ്രതിരോധ സഹകരണകരാറും ശക്തിപ്പെടുത്തണം. അതേസമയം തന്നെ സാമ്പത്തിക ബന്ധങ്ങളും ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ ആശയവിനിമയങ്ങളും വിപുലപ്പെടുത്തുന്നതിനുള്ള നടപടികളും മോദി ഗവൺമെന്റ് കെെക്കൊള്ളണം. മാനുഫാക്ചറിങ് മേഖലയിൽ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിന് പ്രത്യേക ശ്രദ്ധചെലുത്തേണ്ടതുമുണ്ട്; നമ്മുടെ സാങ്കേതികവിദ്യയും ഉൽപ്പാദനശേഷിയും അത് മെച്ചപ്പെടുത്തും. l