Saturday, September 21, 2024

ad

Homeആമുഖംആമുഖം

ആമുഖം

ചിന്ത 2024 ആഗസ്ത് 15ന് 61 വയസ്സ് പൂർത്തിയാക്കി 62 ലേക്ക് കടക്കുകയാണ്. കേരളവും ഇന്ത്യയും ലോകവും ഒട്ടേറെ മാറ്റങ്ങൾക്ക് വിധേയമായ കാലമാണ് നാം പിന്നിട്ടത്. ആ മാറ്റങ്ങളുടെ ചുവടുപിടിച്ച്, അത്തരം ഓരോ മാറ്റത്തെയും വിശകലനം ചെയ്ത് ശരിയായ തൊഴിലാളിവർഗ നിലപാടിലേക്ക് വായനാ സമൂഹത്തെ കെെപിടിച്ചുയർത്താൻ പര്യാപ്തമായ ഉള്ളടക്കത്തോടുകൂടിയാണ് പിന്നിട്ട 61 വർഷക്കാലവും ചിന്ത വാരിക പുറത്തിറങ്ങിയിട്ടുള്ളത്.

സോവിയറ്റ് യൂണിയനും കിഴക്കൻ യൂറോപ്യൻ സോഷ്യലിസ്റ്റ് രാജ്യങ്ങൾക്കും നേരിട്ട തിരിച്ചടിയും സാമ്രാജ്യത്വത്തിന്റെ അതിഭീകരമായ കടന്നാക്രമണങ്ങളും കണ്ട കാലമാണ് നാം പിന്നിട്ടത്. ഇന്ത്യാ രാജ്യത്താകട്ടെ അടിയന്തരാവസ്ഥയും സ്വാതന്ത്ര്യാനന്തരം നിലനിന്നിരുന്ന കോൺഗ്രസിന്റെ ഭരണക്കുത്തകയുടെ തകർച്ചയും കണ്ട കാലം. ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസിതര ഭരണം, ജനതാ പാർട്ടിയുടെ ഭരണം, അതിലെ ആർഎസ്എസ് സാന്നിധ്യം സൃഷ്ടിച്ച പ്രശ്നങ്ങൾ കാരണം അതിനെതിരെ ഇടതുപക്ഷവും ജനതാ പാർട്ടിയിലെ മതനിരപേക്ഷ ശക്തികളും ആ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ അതിനധികാരമൊഴിയേണ്ടതായി വന്നതും നാം കണ്ടു. കോൺഗ്രസിന്റെ രണ്ടാം വരവും തകർച്ചയും വർഗീയ ശക്തികളുടെ വളർച്ചയും ഇതിനെ തുടർന്ന് സംഭവിച്ചു.

1960കളിൽ ഇന്ത്യ, പ്രത്യേകിച്ചും ഉത്തരേന്ത്യ, ഏറ്റവും ഭീകരമായ വർഗീയലഹളകൾക്ക് സാക്ഷ്യംവഹിച്ചു. ഗാന്ധി വധത്തെത്തുടർന്ന് ഉൾവലിയാൻ നിർബന്ധിതമായ ആർഎസ്എസ് ഇന്ത്യ – ചെെന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിന്റെ കൂടി പിന്തുണയോടെ പൊതുമണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് ഒരു വ്യാഴവട്ടത്തിനുശേഷം വീണ്ടും ഇന്ത്യ വർഗീയ ലഹളകൾക്കും ആർഎസ്എസ് എന്ന ഭീകരസംഘടനയുടെ താണ്ഡവമാടലിനും സാക്ഷ്യം വഹിക്കാൻ തുടങ്ങിയത്.

1980ൽ ഇന്ദിരാഗാന്ധി ഗവൺമെന്റ് ഐഎംഎഫിൽനിന്ന് വായ്പയെടുക്കാൻ അവർ മുന്നോട്ടുവച്ച വ്യവസ്ഥകളിലൂടെ നവലിബറൽ സാമ്പത്തിക നയങ്ങളിലേക്ക് ചുവടുവെച്ചതോടെ സമാന്തരമായി തന്നെ ആർഎസ്എസ്സിന്റെ, വർഗീയ ശക്തികളുടെ കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിലുള്ള വളർച്ചയാണുണ്ടായത്. ആ വളർച്ചയ്ക്കുവേണ്ട വളക്കൂറുള്ള മണ്ണൊരുക്കലിന് കോൺഗ്രസ് സർക്കാരും വേണ്ട വഴിമരുന്നിട്ടു കൊടുത്തുവെന്നതും ചരിത്രം. ഷാബാനു കേസിലെ കോടതി വിധി മറികടക്കാൻ നിയമഭേദഗതി കൊണ്ടുവന്നു. മറുവശത്ത് 1948 മുതൽ പൂട്ടിയിട്ടിരുന്ന ബാബ്റി മസ്ജിദ് ഹിന്ദുക്കൾക്ക് ആരാധന നടത്താൻ തുറന്നുകൊടുത്തും പിന്നീട് ആ സ്ഥാനത്ത് രാമക്ഷേത്രം പണിയുന്നതിന് ശിലാന്യാസത്തിന് ആർഎസ്എസ്സിനെ അനുവദിച്ചും ഒടുവിൽ ബാബ്റി മസ്ജിദ് തകർക്കാൻ മൗനം കൊണ്ട് അനുമതി നൽകിയും കോൺഗ്രസ് സർക്കാരുകൾ വർഗീയ ശക്തികൾക്ക് തഴച്ചുവളരാനുള്ള അവസരം സൃഷ്ടിച്ചുകൊടുത്തു.

തുടർന്നു നാം കണ്ടത് 1980 കളിലെയും 1990 കളിലെയും ഭീകരമായ ലഹളകളും ചോരപ്പുഴകളും വർഗീയ ധ്രുവീകരണവുമാണ്. ആ ചോരയിൽ ചവിട്ടിനിന്ന് മനുഷ്യരക്തം കുടിച്ച് ആർഎസ്എസ് എന്ന ഭീകര സത്വം ഇന്ത്യയെ തന്നെ വിഴുങ്ങുന്ന അവസ്ഥയിലാണ് എത്തിച്ചേർന്നത്. സ്വാതന്ത്ര്യസമരകാലത്തുടനീളം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഒറ്റുകാരായി നിന്ന ആർഎസ്എസ് അതിന്റെ രാഷ്ട്രീയമുഖമായ ബിജെപിയിലൂടെ അധികാരത്തിലെത്തിയതിനെ തുടർന്ന് ജനാധിപത്യവും മതനിരപേക്ഷതയുമെന്നല്ല ഇന്ത്യയെന്ന ആശയത്തെത്തന്നെ തകർക്കുകയാണ്. അമേരിക്കൻ സാമ്രാജ്യത്വത്തിനും കോർപ്പറേറ്റ് മൂലധനത്തിനും കുടപിടിച്ചു നിൽക്കുന്ന ഈ ഭീകരവാഴ്ചയ്ക്കറുതി വരുത്താൻ പുരോഗമന ജനാധിപത്യ മതനിരപേക്ഷശക്തികൾ ഒന്നിച്ചുനീങ്ങേണ്ട സന്ദർഭമാണിത്. ഈ പശ്ചാത്തലത്തിലാണ് ആർഎസ്എസ്സിനെ തുറന്നുകാണിക്കുന്ന ഒന്നായി ചിന്തയുടെ 61–ാം ജന്മദിനപ്പതിപ്പ് പുറത്തിറക്കാൻ ഞങ്ങൾ തീരുമാനിച്ചത്.

ചിന്ത പ്രവർത്തകർ

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 4 =

Most Popular