സിനിമയിൽ ഹിംസയുടെ വേലിയേറ്റം എന്നതാണ് ഈ ലക്കം കവർ സ്റ്റോറിയുടെ വിഷയം. ജി പി രാമചന്ദ്രൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, ഡോ. സംഗീത ചേനംപുല്ലി, അഭിരാമി ഇ, ജിതിൻ കെ സി എന്നിവരാണ് ഈ വിഷയത്തിൽ ലേഖനങ്ങൾ എഴുതിയിട്ടുള്ളത്.
സമൂഹത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി അടിക്കടി അക്രമങ്ങളും കൊലപാതകങ്ങളും വർധിച്ചുവരികയാണ്. ഏറെയും കുടുംബങ്ങൾക്കുള്ളിൽ തന്നെയുള്ളവരാണ് ഈ അക്രമങ്ങളും കൊലപാതകങ്ങളും നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്. കുടുംബാംഗങ്ങൾ അല്ലെങ്കിൽ സുഹൃത്തുക്കളോ അയൽവാസികളോ ആയിരിക്കാം കൊലയാളികൾ. പലപ്പോഴും വ്യക്തമായ കാരണങ്ങളോ പ്രശ്നങ്ങളോ ഒന്നും ഇത്തരം കൊടുംക്രൂരതകൾക്കു പിന്നിൽ കാണാനാവില്ല.
ഏറ്റവും ശ്രദ്ധേയമായ കാര്യം സ്കൂൾ കുട്ടികൾ ഉൾപ്പെടെ കൗമാരക്കാരിൽ വർധിച്ചുവരുന്ന അക്രമപ്രവണതകളാണ്. റാഗിങ് സംഭവങ്ങളും കേരളത്തിൽ മുൻപില്ലാത്തവിധം വർധിച്ചുവരികയാണ്. സ്കൂൾ കുട്ടികൾ തന്നെ സഹപാഠികളെ അക്രമിക്കുന്നതും തല്ലിക്കൊല്ലുന്നതും പുതിയ പ്രവണതായി കാണുന്നതും ഞെട്ടിപ്പിക്കുന്നതാണ്. ആയുധങ്ങളെയും അക്രമങ്ങളെയും ആഘോഷമായി കാണുന്ന തലമുറ നമുക്കു ചുറ്റും വർധിച്ചുവരുന്നത് വലിയൊരു അപകടസൂചനയാണ് നൽകുന്നത്.
അമേരിക്കയുടെ വഴിയേ പോവുകയാണോ നമ്മുടെ പുതുതലമുറയും എന്ന ആശങ്കയോടെയുള്ള ചർച്ചകളും ഉയരുന്നുണ്ട്. അമേരിക്കയിൽ സ്കൂളുകളിൽ കുട്ടികൾ തോക്കുമായെത്തുന്നതും സഹപാഠികളെയും അധ്യാപകരെയും വെടിയുണ്ടയ്ക്കിരയാക്കുന്നതും വാർത്തയല്ലാതായി മാറുന്നു. അനിയന്ത്രിതമായി തോക്കിന്റെ ലഭ്യതയും അമേരിക്കൻ സമൂഹത്തിന്റെ സവിശേഷതയാണ്. അതിന് നിയന്ത്രണം കൊണ്ടുവരാൻ ഭരണാധികാരികൾക്കുപോലും കഴിയാത്തവിധം ആയുധക്കച്ചവടക്കാർ ഭരണകൂടത്തിൽ പിടിമുറുക്കിയിട്ടുണ്ട്. ഹോളിവുഡ് സിനിമകളിലും ഇത്തരം അക്രമരംഗങ്ങൾ സർവസാധാരണമായിരിക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് ഇന്ത്യൻ സിനിമയിലും –അത് തമിഴായാലും മലയാളമായാലും – ഹിന്ദിയായാലും മറ്റേതു ഭാഷയായാലും അക്രമരംഗങ്ങൾ അനിയന്ത്രിതമായി വർധിച്ചുവരികയാണ്. തല്ലലും കൊല്ലലും ചോരയൊഴുക്കലുമല്ലാതെ ഒരു കഥയുമില്ലാത്ത സിനിമകളുടെ എണ്ണം തന്നെ വർധിച്ചുവരികയാണ്. അത്തരം സിനിമകളുണ്ടാവുന്നുവെന്ന് മാത്രമല്ല അവ ജനപ്രിയമാകുന്നുവെന്നും കുടുംബസദസ്സുകളിൽപോലും അക്രമങ്ങൾ ആഘോഷിക്കപ്പെടുന്ന ഇത്തരം സിനിമകൾ എത്തുന്നുവെന്നും കാണേണ്ടിയിരിക്കുന്നു. സെൻസറിങ് പോലും ഈ ആക്രമണാത്മകതയെ നിയന്ത്രിക്കാൻ അപര്യാപ്തമായിരിക്കുകയാണ്. ഒടിടി പ്ലാറ്റ്ഫോമുകളിൽ സിനിമ എത്തുന്നതോടെ കൊച്ചുകുട്ടികൾ മുതൽ ഇത്തരം സിനിമകളുടെ ആസ്വാദകരായി മാറുന്നു.
ഇനി സിനിമകൾ മാത്രമാണോ അക്രമപ്രവണതകളുടെ നിദാനം എന്ന ചോദ്യം സ്വാഭാവികമായും ഉയരാം. മാത്രമല്ല, എല്ലാ വിഭാഗം പ്രേക്ഷകരും ഇത്തരം സിനിമകൾ കാണുന്നതല്ലേ വീണ്ടും വീണ്ടും ആ രീതിയിലുള്ള സിനിമകൾ വരുന്നതിന്റെ കാരണം എന്ന സംശയവും സ്വാഭാവികമാണ്.
ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യം ഫാസിസവും (അത് ക്ലാസിക്കൽ ഫാസിസമായാലും നവഫാസിസമായാലും) ഈ അക്രമവും – സിനിമയിലെയും സമൂഹത്തിലെയും – തമ്മിലുള്ള ബന്ധമാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ ഫാസിസം ഉയർന്നുവന്ന സമൂഹങ്ങളിൽ അത്തരം സിനിമകൾ ഉണ്ടായി എന്നതും അക്രമപ്രവണതകൾ വ്യാപകമായി എന്നതും നാം കാണേണ്ടതുണ്ട്. l