ആണ് ശരീരത്തിന്റെ മികവും തികവും കരുത്തും രൂപഭംഗിയുമെല്ലാം ജര്‍മന്‍ നാസിസത്തിന്റെ സൗന്ദര്യമാനകങ്ങളായി മഹത്വവത്കരിക്കപ്പെട്ടിരുന്നു. ആണ്‍ശരീരത്തിന് പെണ്‍ശരീരത്തേക്കാള്‍ ശക്തി കൂടുമെന്ന് ‘മരണ’ക്കളികളിലെല്ലാം ആദ്യമേ പ്രഖ്യാപിക്കപ്പെടുന്നുണ്ട്. പിന്നീട് അത് തെളിയിച്ച് ഉറപ്പിക്കാനുള്ള ആഖ്യാനപരിശ്രമങ്ങളാണ്. ഇതിലൊഴുകുന്ന (കാഴ്ച) ചോരയുടെ ലിറ്റര്‍ കണക്കുകള്‍ മുതല്‍മുടക്കിന്റെയും ലാഭത്തിന്റെയും യുക്തികള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്നു. ഐതിഹ്യമെന്നതു പോലെ യാഥാര്‍ത്ഥ്യമായും ആണിനാണ് കരുത്തു കൂടുക എന്നതുറപ്പിക്കേണ്ട ബാധ്യത ഫ്യൂഡല്‍ എന്നതു പോലെ മുതലാളിത്താനുകൂല കലയിലും നിക്ഷിപ്തമായിട്ടുണ്ട്.
മൃഗങ്ങൾക്ക് ചീത്തപ്പേരുണ്ടാക്കുന്ന
അനിമൽ
ആല്‍ഫ പുരുഷന്റെ (ആല്‍ഫ മെയില്‍- മേലാളത്തം സദാ പ്രകടിപ്പിക്കുന്ന പുരുഷന്‍) വീരകഥയാണ് അനിമല്‍ (2023) എന്ന ഹിന്ദി സിനിമ. അനിമല്‍ അഥവാ മൃഗങ്ങള്‍ക്ക് ചീത്തപ്പേരുണ്ടാക്കുന്ന സിനിമയാണിത് എന്നാണ് ശോഭ ദേ അഭിപ്രായപ്പെട്ടത്. സിനിമകളിലെ അക്രമരംഗങ്ങള്‍ സ്ഥിരമായി കാണുന്നവരും ഇഷ്ടപ്പെടുന്നവരുമായ ആളുകള്‍, അക്രമമാണ് എല്ലാത്തിനും പരിഹാരം എന്ന് വിശ്വസിക്കാനും അത് അംഗീകരിക്കപ്പെട്ട ഒരു രീതിയാണെന്ന് കരുതാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്ഥിരമായി മാധ്യമങ്ങള്‍ (സിനിമയും ടെലിവിഷനും സാമൂഹ്യമാധ്യമങ്ങളും) കാണുന്ന ഒരാളുടെ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള സമീപനം തന്നെ, മാറിത്തീര്‍ന്നിട്ടുണ്ടാവും. അവര്‍ക്ക് സിനിമകളില്‍ ധാരാളമായുള്ള ഹിംസാത്മകത കണ്ടു കണ്ട് സമൂഹത്തിലെ സ്ഥിതിയും അതുതന്നെയാണെന്ന് തോന്നാനും സാധ്യതയുണ്ട്.
സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത അനിമലിലെ മുഖ്യ കഥാപാത്രത്തിന്റെ പേര് വിജയ് എന്നാണ്. രണ്‍ബീര്‍ കപൂര്‍ ആണ് അഭിനയിക്കുന്നത്. അയാളുടെ അച്ഛന്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് സ്ഥിരമായി ഇയാള്‍ അക്രമാസക്തനായി പെരുമാറുന്നു. ശാക്തികതയുടെയും ആണത്തത്തിന്റെയും രൂപമാണ് അക്രമം എന്ന് സ്ഥിരീകരിക്കപ്പെടുന്നു. ശാരീരികമായി മാത്രമല്ല, മാനസികമായുമുള്ള ആക്രമണങ്ങള്‍ ഈ സിനിമയില്‍ നിരവധിയാണ്. സ്ത്രീകളെ തരംതാഴ്ന്നവരും അടിമകളുമായാണ് സിനിമ കണക്കാക്കുന്നത്. വിവിധോദ്ദേശങ്ങളായ ഈ അക്രമപരമ്പരകളെ ശബ്ദായമാനമായാണ് അവതരിപ്പിക്കുന്നത്. അക്രമങ്ങളും കൊലകളും നടത്തുന്ന ആരും തന്നെ നിയമവിധേയമായി ശിക്ഷിക്കപ്പെടുന്നുമില്ല.
സാമൂഹികവിരുദ്ധതയുടെ സൂപ്പര്‍മാര്‍ക്കറ്റായ അനിമല്‍, സ്ത്രീത്വത്തെ എല്ലാ തരത്തിലും കടന്നാക്രമിക്കുന്നു. അതിരൂക്ഷമായ മുസ്ലിം വിരുദ്ധതയുമുണ്ട്. നൃശംസമായ വയലൻസാണീ സിനിമ. നിങ്ങൾ ഇതിൽ പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് അന്വേഷിക്കേണ്ടതില്ല അല്ലെങ്കിൽ അന്വേഷിക്കരുത് എന്ന മുന്നറിയിപ്പോടെയാണ് ഈ സിനിമയുടെ പിആർ പ്രവർത്തനം വ്യാപിപ്പിച്ചത്. മൂന്നർത്ഥം ഉണ്ട് ഈ ആധികാരിക പ്രസ്താവനയ്ക്ക്. ഒന്ന് ഇതിലുള്ളതെല്ലാം പൊളിറ്റിക്കലി ഇൻകറക്റ്റ് (രാഷ്ട്രീയമായി ശരിയല്ലാത്തത്) ആയ കാര്യങ്ങൾ ആണ്. രണ്ട് ഇന്നത്തെ കാലത്ത് ഏറ്റവും സജീവമായ സിനിമാ കാഴ്ച എന്നുപറയുന്നത് വ്യാപിക്കപ്പെട്ട വിമർശകരുടേതാണ്; അവരുടെ കീറിമുറിച്ചുള്ള വിചാരണകള്‍ ഓരോ സിനിമയെയും കാത്തിരിക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യത്തെയാണ് ഈ മുന്നറിയിപ്പുകൊണ്ട് മൂടിയിടാന്‍ ശ്രമിക്കുന്നത്. മൂന്നാമത്തേതാണ് പക്ഷേ ഏറ്റവും മാരകം. അത് ഈ സിനിമ എങ്ങനെയാണ് കാണേണ്ടത് എങ്ങനെയാണ് വിലയിരുത്തേണ്ടത് എന്ന് ഞങ്ങൾ സിനിമയുടെ അധികാരികൾ തീരുമാനിച്ചിട്ടുണ്ട്. നിങ്ങൾ അനുസരിക്കുക മാത്രം ചെയ്യുക. അതാണ് ആ സിനിമയുടെ ഏറ്റവും ഗുരുതരവും മാരകവുമായ വയലൻസ്. രാഷ്ട്രീയമായ ശരി പരിശോധിക്കുന്നതിനെ തടയുക എന്നത് പ്രത്യക്ഷത്തില്‍ അരാഷ്ട്രീയ പ്രവൃത്തിയായി തോന്നാമെങ്കിലും വലതുപക്ഷ ബലപ്രയോഗമാണിവിടെ നിര്‍വഹിക്കപ്പെടുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.
കില്‍ (ഹിന്ദി/2023) എന്ന സിനിമയിലും ഉടനീളം അക്രമങ്ങളാണ്. തെമ്മാടികള്‍ നിറഞ്ഞുകവിഞ്ഞ ഒരു പ്രേക്ഷകാള്‍ക്കൂട്ടവും കഠിനകഠോരമായ ശബ്ദഘോഷവും ചേര്‍ന്ന് അതിനിടയില്‍പെട്ടുപോവുന്ന കാണിയെ മദോന്മത്തനാക്കാനും സാധ്യതയുണ്ട്.
ഹിറ്റ്ലർ ചെയ്തത്
നര്‍ത്തകിയും ഫോട്ടോഗ്രാഫറും നടിയുമായിരുന്ന ലെനി റീഫണ്‍സ്റ്റാളിനെ, ഹിറ്റ്‌ലര്‍ 1934ലെ ന്യൂറം ബര്‍ഗ് നാസി യുവജന റാലിയെക്കുറിച്ച് ഡോക്കുമെന്ററി സിനിമ എടുക്കാന്‍ ഏല്പിച്ചു. സന്നദ്ധതയുടെ ജൈത്രയാത്ര (ട്രയംഫ് ഓഫ് ദ് വില്‍/1935) എന്ന ലോക പ്രസിദ്ധമായ സിനിമ, ഇതിനെ തുടര്‍ന്ന് പുറത്തുവന്നു. പിന്നീട് 1936ല്‍ നടന്ന മ്യൂണിച്ച് ഒളിമ്പിക്‌സിനെക്കുറിച്ച് അവരെടുത്ത ഒളിമ്പിയ (ഒന്നും രണ്ടും)യും പ്രശസ്തമാണ്. മറ്റേതാനും സിനിമകളും അവരെടുത്തിട്ടുണ്ടെങ്കിലും അതൊന്നും അധികം ശ്രദ്ധിക്കപ്പെട്ടില്ല. രണ്ടാം ലോകയുദ്ധം അവസാനിച്ചതിനു ശേഷം, അവര്‍ അറസ്റ്റുചെയ്യപ്പെടുകയും വിചാരണ ചെയ്യപ്പെടുകയും ചെയ്തു. പില്‍ക്കാലത്ത് അവര്‍ ആഫ്രിക്കയില്‍ അജ്ഞാതമായ രീതിയില്‍ ജീവിക്കുകയാണ് ചെയ്തത്. എന്നാല്‍, നാസി അനന്തര ജര്‍മനിയില്‍ ആരും അവരെ വിസ്മരിച്ചില്ല. ഭീതിയോടെയും വെറുപ്പോടെയും എന്നും ഓര്‍മ്മിക്കപ്പെട്ടു.
നാസി പ്രത്യയശാസ്ത്രത്തിന്റെ പ്രചരണാത്മകമായ സിനിമകള്‍ എന്നതിലുപരിയായി; മനുഷ്യവിരുദ്ധവും ദുരധികാരപരവുമായ അത്തരം ആശയങ്ങളെ വശീകരണാത്മകമായി അവതരിപ്പിക്കുന്നതില്‍ ഈ സിനിമകള്‍ വിവരണാതീതമാം വണ്ണം വിജയം കൈവരിച്ചു എന്നതാണ് നടുക്കുന്ന യാഥാര്‍ത്ഥ്യം.
യുദ്ധമുഖങ്ങളിലെന്നതു പോലെ, നാസി പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഒരുക്കങ്ങളും അത് ക്യാമറയില്‍ ചിത്രീകരിക്കുന്നതിനുള്ള ഒരുക്കങ്ങളും ഒന്നിച്ചാണ് നടന്നത് എന്ന് ലെനി റീഫണ്‍സ്റ്റാള്‍ പറയുന്നുണ്ട്. സെപ്തംബര്‍ 4 മുതല്‍ 10 വരെ നടന്ന റാലി ചിത്രീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അവര്‍ മെയ് മാസത്തില്‍ തന്നെ തുടങ്ങിയിരുന്നു. ക്യാമറകള്‍ സ്ഥാപിക്കുന്നതിനു വേണ്ടി പാലങ്ങളും ടവറുകളും ട്രാക്കുകളും മുന്‍കൂട്ടി സ്ഥാപിക്കപ്പെട്ടു. മുപ്പത്തിരണ്ട് ഛായാഗ്രാഹകരും നാസി സേനയായ എസ് എ യൂണിഫോം അണിഞ്ഞാണ് റാലി ചിത്രീകരിക്കാന്‍ എത്തിയത്. പരിശുദ്ധിയുടെയും പ്രതിബദ്ധതയുടെയും നിറവായ റാലിക്കിടയില്‍ സിവിലിയന്‍ വസ്ത്രം അണിഞ്ഞാരെയെങ്കിലും കണ്ടാല്‍ അത് അലോസരമുണ്ടാക്കുമെന്നാണ് കരുതപ്പെട്ടത്.
ട്രയംഫ് ഓഫ് ദി വില്ലില്‍ ഹിറ്റ്ലറിനുള്ളത് ഒരു മിത്തിക്കല്‍, ദൈവിക പരിവേഷമാണ്. അയാളുടെ അനുയായികളാകട്ടെ കേവലം ജ്യാമിതീയരൂപങ്ങളും. ഈ ഡോക്കുമെന്ററി ചിത്രീകരിക്കാന്‍ ഹിറ്റ്ലറും പ്രചാരണമന്ത്രി ഗീബല്‍സും നല്‍കിയ സഹായങ്ങള്‍ ഏതെങ്കിലും സര്‍ക്കാര്‍ ഒരു ഡോക്കുമെന്ററി സംവിധായികക്ക് നല്‍കിയ എക്കാലത്തേയും വലിയ സഹായമാണ്. അനന്തമായ ബ-ജറ്റും 120 പേരടങ്ങിയ സാങ്കേതിക ടീമും മുപ്പതിനും അമ്പതിനുമിടക്ക് ക്യാമറകളും അവര്‍ക്ക് ലഭിച്ചിരുന്നത്രേ.1965ല്‍ കഹേ ദു സിനിമയ്-ക്ക് നല്‍കിയ അഭിമുഖത്തില്‍, അവര്‍ പറയുന്നതിപ്രകാരമാണ്. ഒറ്റ സീന്‍ പോലും കൃത്രിമമായി നിര്‍മിച്ച് ചിത്രീകരിച്ചതല്ല. എല്ലാം യാഥാര്‍ത്ഥ്യമാണ്. പ്രത്യേക ഉദ്ദേശ്യം ഒളിപ്പിച്ചുവെച്ച പശ്ചാത്തല വിവരണങ്ങളേയില്ല, കാരണം ഈ ചിത്രത്തില്‍ കമന്ററിയേ ഇല്ല. എല്ലാം ചരിത്രം മാത്രം, ശുദ്ധമായ ചരിത്രം!
കമന്ററിയില്ല എന്നൂറ്റംകൊള്ളുന്ന മറ്റേതൊരു അരാഷ്ട്രീയ ഡോക്കുമെന്ററിയിലേതിലുമെന്നതു പോലെ, പ്രത്യേക ചുവയുള്ള തരം എഴുത്തോടെയാണ് ‘ട്രയംഫ് ഓഫ് ദി വിൽ’ തുടങ്ങുന്നതെന്ന് സൂസന്‍ സൊന്റാഗ് ചൂണ്ടിക്കാണിക്കുന്നു. യാഥാര്‍ത്ഥ്യത്തിന്റെ വിജയം കണ്ടതും വിസ്ഫോടനാത്മകവുമായ ഒരു പരിവര്‍ത്തനത്തെ ഈ ചിത്രം സൂചിപ്പിക്കുന്നു – ചരിത്രം നാടകമായി മാറുന്നു. പിന്നീട് ഇക്കാര്യം ലെനി റീഫന്‍സ്റ്റാള്‍ തന്നെ ഭംഗ്യന്തരേണ സമ്മതിക്കുന്നുമുണ്ട്. നാസി സര്‍ക്കാര്‍ കമ്മീഷന്‍ ചെയ്ത ലെനിയുടെ എല്ലാ ഡോക്കുമെന്ററികളും ശരീരത്തിന്റെയും സമുദായത്തിന്റെയും പുനര്‍ജന്മത്തെ ആഘോഷിക്കുകയാണ് ചെയ്യുന്നത്. ഇതിന് നിമിത്തമാകുന്നതാകട്ടെ, അപ്രതിരോധ്യനായ ഒരു നേതൃരൂപത്തിന്റെ ശക്തിസ്വരൂപവും. ഈ സിനിമകളിലെ സൗന്ദര്യത്തിന്റെയും രൂപഭംഗിയുടെയും പേരില്‍ പില്‍ക്കാലത്ത് അവര്‍ വന്‍തോതില്‍ പ്രകീര്‍ത്തിക്കപ്പെട്ടു. ഇത് നമ്മുടെ സൗന്ദര്യസങ്കല്‍പങ്ങളുടെയും ലാവണ്യനിയമങ്ങളുടെയും നൈതികതയെ പരിശോധിക്കുന്നതിന് പ്രേരിപ്പിക്കേണ്ടതുണ്ടെന്ന് സൂസന്‍ സൊന്റാഗ് നിരീക്ഷിക്കുന്നു.
1936ല്‍ നടന്ന ബര്‍ലിന്‍ ഒളിമ്പിക്സിനെക്കുറിച്ച് നാസി സര്‍ക്കാരിനു വേണ്ടി അവര്‍ തയ്യാറാക്കിയ ചിത്രങ്ങളാണ് ഒളിമ്പിയ ഒന്ന്, ഒളിമ്പിയ രണ്ട് എന്നിവ. 1938ലാണീ ചിത്രങ്ങളുടെ ലോക പ്രീമിയര്‍ നടന്നത്. ഫാസിസത്തെ വിലോഭനീയവല്‍ക്കരിക്കുന്ന സിനിമകളാണ് ഈ ഡോക്കുമെന്ററികളിലൂടെ ലെനി റീഫന്‍സ്റ്റാള്‍ നിര്‍വഹിച്ചതെന്ന് സൂസന്‍ സൊന്റാഗ് സിദ്ധാന്തിക്കുന്നു. ഇത് അരാഷ്ട്രീയ സൗന്ദര്യശാസ്ത്രത്തിന് ഏതു ഘട്ടത്തിലും സംഭവിക്കാവുന്ന വിപരിണാമവുമാണ്. ആ വര്‍ഷത്തെ വെനീസ് മേളയില്‍ ഈ ചിത്രങ്ങള്‍ക്ക് സ്വര്‍ണ മെഡല്‍ കിട്ടുകയും ചെയ്തു.
പെരുപ്പിച്ച മസിലുകള്‍ വീര്‍പ്പിച്ച്, ഒരാള്‍ക്കു പിന്നാലെ മറ്റൊരാളായി മല്‍പ്പിടുത്തക്കാര്‍ (റെസ്‌ലേഴ്‌സ്) മൈതാനത്തേയ്ക്ക് ചാടി വരുന്നതിന്റെ ദൃശ്യം ലെനി റീഫണ്‍സ്റ്റാള്‍ ഒളിമ്പിയയില്‍ കാണിക്കുന്നുണ്ട്. ഇവര്‍ മെഡലുകള്‍ക്കു വേണ്ടിയല്ല ചാടുന്നത്. അവരുടെ കുലമഹിമയുടെ മര്‍മ്മമായ മഹത്വത്തെ പുനരാനയിക്കുന്നതിനാണ്. ശാരീരികമായ കരുത്തും കായികശക്തിയും പ്രദര്‍ശിപ്പിക്കുകയും ആഘോഷിക്കുകയും, ദുര്‍ബലര്‍ക്കുമേല്‍ ശക്തിയുള്ളവര്‍ വിജയിക്കുകയും ചെയ്യുന്ന സമൂഹത്തിന്റെ സാമുദായിക ദൃഢതയാണ് ലെനി റീഫണ്‍സ്റ്റാള്‍ അവരുടെ നാസി അനുകൂല ഡോക്കുമെന്ററികളിലൂടെ മഹത്വവത്ക്കരിക്കുന്നത്. സ്ത്രീകള്‍ക്ക് സഹായികളുടെ ചെറുചെറു റോളുകളല്ലാതെ ആചാരങ്ങളിലോ ആഘോഷങ്ങളിലോ പങ്കില്ല. മാത്രമല്ല, അവര്‍ പുരുഷചൈതന്യത്തിനും കരുത്തിനും ഒരു ഭീഷണിയെന്നോണമാണ് വിവക്ഷിക്കപ്പെടുന്നത്. ഇരുധ്രുവങ്ങളില്‍ ഉള്ളതെന്നു തോന്നിപ്പിക്കുന്ന അമിതാത്മാരാധനയും അടിമത്തമനോഭാവവും ഒരേപോലെ ഈ സിനിമകളില്‍ വാഴ്ത്തപ്പെട്ടു.
ഇതിനു സമാനമാണ്, ഹിന്ദുത്വ ദേശീയതാപ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന് അക്രമവും ഹിംസാത്മകതയും എപ്പോഴും സഹായം ചെയ്യുന്നത്. വര്‍ഗീയ ലഹളകള്‍, വംശഹത്യ, ബാബറി മസ്ജിദ് പൊളിച്ചത്, ന്യൂനപക്ഷത്തിന്റെ ആരാധനാലയങ്ങള്‍ക്കു നേര്‍ക്കുള്ള സ്ഥിരമായ ഭീഷണി, പശുക്കടത്ത് ആരോപിച്ചുള്ള കൊലകള്‍, ലവ് ജിഹാദ് ആരോപിച്ചുള്ള കടന്നാക്രമണങ്ങള്‍ എന്നിങ്ങനെ നിരന്തരമായ അക്രമവും ഹിംസാത്മകതയും ഇന്നത്തെ ഇന്ത്യയുടെ പുതു സാധാരണത്തം (ന്യൂ നോര്‍മല്‍) ആയി മാറിയിരിക്കുന്നു. സ്ത്രീകള്‍ക്കു മേല്‍ പുരുഷന്മാര്‍ക്കുള്ള മേധാവിത്തവും ഇതിന്റെ ഭാഗമാണ്. ഈ രണ്ടു വിഷയങ്ങളും വിശദമായി ചര്‍ച്ച ചെയ്യുന്ന ഡോക്കുമെന്ററിയാണ് ആനന്ദ് പട് വര്‍ദ്ധന്റെ പിതാവും പുത്രനും പരിശുദ്ധ യുദ്ധവും (ഫാദര്‍, സണ്‍ ആന്റ് ഹോളി വാര്‍/1995). 1992 ഡിസംബറിലും തൊട്ടടുത്ത മാസങ്ങളിലും ബോംബെയിലുണ്ടായ മുസ്ലിം വിരുദ്ധ വര്‍ഗീയ കലാപത്തിന്റെ ഡോക്കുമെന്റേഷന്റെ ഭാഗമായി പട് വര്‍ദ്ധന്‍ സമീപിച്ച നിരവധി ഹിന്ദു യുവാക്കള്‍, കൊലയും കൊള്ളയും തങ്ങള്‍ ഹരംകൊണ്ടാണ് നിര്‍വഹിച്ചതെന്ന് പറയുന്നുണ്ട്. ആക്രമിക്കേണ്ട മുസ്ലീങ്ങളുടെ പട്ടിക നേരത്തെ തയ്യാറാക്കിയിരുന്നു. അധികാരികളില്‍ പലര്‍ക്കും ഇതെല്ലാം അറിയാമായിരുന്നു. ശിവാജി മുതല്‍ രാമന്‍ വരെയുള്ള ബിംബങ്ങളെ പുരുഷ നായകത്വത്തിലേയ്ക്ക് എടുത്തുയര്‍ത്തിയതും അവരെ രക്ഷക പരിവേഷം കെട്ടിച്ചതുമെല്ലാം കരുതിക്കൂട്ടി തന്നെയാണ്. അഹിംസയും സെക്കുലറിസവുമെല്ലാം ദൗര്‍ബല്യത്തിന്റെയും വന്ധ്യതയുടെയും ലക്ഷണങ്ങളാണെന്ന് ചില നേതാക്കള്‍ പ്രസംഗിക്കുന്നത് ഈ സിനിമയിലുണ്ട്. ഹോളിവുഡ് സിനിമകളിലും ഡബ്ല്യു ഡബ്ല്യു ഇ ഗുസ്തിയിലുമുള്ള രോഷാകുലവും അക്രമാസക്തവുമായ രംഗങ്ങള്‍ ഒട്ടുമിക്കപേരും രസിച്ചുല്ലസിച്ച് കാണുന്നതും ആനന്ദ് പട്-വര്‍ദ്ധന്‍ ചിത്രീകരിച്ചിട്ടുണ്ട്. അക്രമത്തെ ആദര്‍ശവത്ക്കരിക്കുന്നത് ഫാസിസത്തിന്റെ ആഹ്ലാദപ്രകടനമാണെന്ന് സാരം.
ദി ഫൈനല്‍ സൊല്യൂഷന്‍
പറയുന്നത്
2002ലെ ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള രാകേശ് ശര്‍മയുടെ ദി ഫൈനല്‍ സൊല്യൂഷന്‍(2004) എന്ന ഡോക്കുമെന്ററിയില്‍ അഹമ്മദാബാദിലെയോ ബറോഡയിലെയോ ഒരു മധ്യവര്‍ഗ ഹൗസിംഗ് കോളനിയിലെ സ്ത്രീകള്‍ പറയുന്നത് ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്:
ഞങ്ങളുടെ കോളനിയിലെ പുരുഷന്മാര്‍, ഹിന്ദു വര്‍ഗീയാക്രമികളോടൊപ്പം ചേര്‍ന്ന് മുസ്ലിം മേഖലകളില്‍ കൊലയും ബലാത്സംഗവും നടത്തി. അതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. എന്നാല്‍, ഇതേ നഗരത്തിലെ മറ്റു ചില കോളനികളിലെ പുരുഷന്മാര്‍ ഒന്നും ചെയ്യാതെ വീട്ടിലിരുന്നു. അവര്‍ ആണുങ്ങളല്ല എന്നാണ് ഞങ്ങള്‍ വിലയിരുത്തുന്നത്. അതിനാല്‍, ഞങ്ങള്‍ അവര്‍ക്ക് (പെണ്ണുങ്ങളണിയുന്ന) വളകള്‍ കൊടുത്തയച്ചു.
ആണത്തവും ഫാസിസ്റ്റ് ശാരീരികാക്രമണവും തമ്മിലുള്ള വിട്ടുപിരിയാത്ത ബാന്ധവത്തെക്കുറിച്ച് പൊതുബോധം രൂപീകരിച്ചെടുത്ത ആരാധനാത്മകമായ അവബോധമാണിവിടെ തെളിയുന്നത്.
1930കളില്‍, അക്കാലത്തെ ജര്‍മനിയില്‍, പ്രസിദ്ധ സംവിധായകനായ ഫ്രിറ്റ്സ് ലാങ് എം എന്ന ചിത്രം പുറത്തിറക്കി. കുട്ടികളെ കൊല്ലുന്ന ഒരു കുറ്റവാളിയെ രക്തദാഹികളായ ഒരു ആള്‍ക്കൂട്ടം വേട്ടയാടുന്നതാണീ ചിത്രത്തിലെ പ്രതിപാദ്യവിഷയം. വൈകാരികവും സംഘര്‍ഷഭരിതവുമായ ഈ സിനിമ, വൈയക്തികവും സംഘപരവുമായ ഭ്രാന്തിനെ സമാന്തരവല്‍ക്കരിക്കുന്ന നാസിസത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന ജര്‍മന്‍ സമൂഹത്തെ കാല്‍പനികമായി പ്രതീകവല്‍ക്കരിക്കുന്നു. ലാങ്ങിന്റെ അടുത്ത ചിത്രം, ഡോ മബൂസെയുടെ നിയമം ഒരു മനോരോഗാശുപത്രിയിലിരുന്ന് അധോലോകത്തെ നയിക്കുന്ന ഒരു കൊടും കുറ്റവാളിയുടെ കഥയാണ്. 1933ല്‍ അധികാരത്തിലെത്തിയ നാസികള്‍ ഈ ചിത്രം നിരോധിച്ചു.
സർജിക്കൽ നെെഫുകൾ
കൊലക്കത്തികളാകുമ്പോൾ
നിഥിലന്‍ സ്വാമിനാഥന്‍ സംവിധാനം ചെയ്ത മഹാരാജ(തമിഴ്/2024)യില്‍ ക്ഷുരകനായ നായകന്‍ (വിജയ് സേതുപതി) ക്ഷൗരത്തിനുപയോഗിക്കുന്ന ആയുധം കൊണ്ട് നടത്തുന്ന കൊലകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ശസ്ത്രക്രിയാ കത്തികള്‍ (സര്‍ജിക്കല്‍ നൈഫുകള്‍) കൊണ്ട് പ്രതികാരനിര്‍വഹണങ്ങള്‍ നടത്തുന്ന അബ്രഹാം ഓസ്‌ലര്‍ (2024) എന്ന മലയാള സിനിമയിലെ പ്രതിനായകനും സമൂഹത്തിലുണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല.ഒന്നിലധികം ബലാത്ക്കാര രംഗങ്ങള്‍ വിശദമായി മഹാരാജ എന്ന സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നായകന്റെ പ്രതികാരത്തെ സാധൂകരിക്കാനായി പ്രതിനായകരുടെ ബലാത്സംഗങ്ങളെ വിശദീകരിക്കുകയാണ് ചെയ്യുന്നത്. ഈ ബലാത്സംഗദൃശ്യങ്ങള്‍ കാമോത്തേജനവും അക്രമമഹത്വവത്ക്കരണവും സാധ്യമാകുന്ന തരത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. മേജര്‍ രവി സംവിധാനം ചെയ്ത കീര്‍ത്തിചക്ര(2006)യിലും ഇതുപോലുള്ള ബലാത്സംഗ ദൃശ്യമുണ്ടായിരുന്നു.
യുദ്ധം, ഭീകരത, വര്‍ഗീയാക്രമണങ്ങള്‍ എന്നീ പ്രതിഭാസങ്ങളെല്ലാം ഫാസിസത്തിന്റെ വളര്‍ച്ചയ്ക്കു വേണ്ടി കാലാകാലങ്ങളില്‍ നിര്‍മ്മിക്കപ്പെടുന്നതും പ്രയോജനപ്പെടുത്തപ്പെടുന്നവയുമാണ്. അധീശത്വ സിനിമ ഇക്കാര്യങ്ങള്‍ ദൃശ്യവത്ക്കരിക്കുമ്പോള്‍, അതിലെല്ലാം ഫാസിസ്റ്റനുകൂല സമീപനം കാണാന്‍ കഴിയും. കീര്‍ത്തിചക്രയിലെ അതേ സമീപനം തന്നെയാണ് റോജ(1992), ഉറി ദ് സര്‍ജിക്കല്‍ സ്‌ട്രൈക്ക്(2019), കശ്മീര്‍ ഫയല്‍സ്(2022) എന്നീ സിനിമകളിലുമുള്ളത്. യുദ്ധവും യുദ്ധോത്സുകതയും ആണ്‍ശരീരങ്ങളുടെ അധികാര-മഹത്വവത്ക്കരണങ്ങളായാണ് വലതുപക്ഷ സിനിമകളില്‍ അവതരിപ്പിക്കപ്പെടാറുള്ളത്.
യുദ്ധത്തിലും സിനിമയിലും വ്യത്യസ്ത അര്‍ത്ഥത്തിലാണെങ്കിലും ഉപയോഗിക്കുന്ന ഒരേ പദമാണ് ഷൂട്ട് എന്നത്. ഈ ഇംഗ്ലീഷ് പദത്തിന്റെ മലയാള പരിഭാഷയെടുക്കുമ്പോഴാണ് അര്‍ത്ഥവ്യത്യാസം പ്രകടമാകുന്നത്. യുദ്ധത്തില്‍ ഇതിന് വെടി വെക്കുക എന്നാണര്‍ത്ഥമെങ്കില്‍, സിനിമയിലത് ചിത്രീകരിക്കുക എന്നാണ്. മരണത്തെ കുറിച്ച് അലങ്കാര വര്‍ണന നടത്തുന്ന കലയാണ് യുദ്ധം എന്ന് ഒരു ജപ്പാനീസ് പഴമൊഴി പറയുന്നുണ്ട്. ഇത്തരത്തിലൊരു കലയും, കച്ചവടത്തെയും വ്യവസായത്തെയും സംസ്കാരത്തെയും പ്രകൃതിയെയും ദേശത്തെയും ദേശാന്തരങ്ങളെയും മനുഷ്യശരീരങ്ങളെയും ബന്ധങ്ങളെയും കലഹങ്ങളെയും യുദ്ധങ്ങളെത്തന്നെയും അപൂര്‍വമായി സമാധാനത്തെയും വര്‍ണിക്കുന്ന സിനിമ എന്ന കലയും തമ്മിലുള്ള ബന്ധ/ബന്ധരാഹിത്യങ്ങള്‍ അന്വേഷിക്കുകയെന്നത് അതിസങ്കീര്‍ണമായ ഒരു വ്യവഹാരമാണ്. ഇരുപതാം നൂറ്റാണ്ടിലെ ലോക/മനുഷ്യ/സംസ്കാര/രാഷ്ട്രീയ/സാമ്പത്തിക/വര്‍ഗ/വംശ/ദേശ സംഘര്‍ഷങ്ങളെ അടയാളപ്പെടുത്തുന്നതിന് സിനിമ പല തലത്തില്‍ പ്രയോജനപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അമേരിക്കന്‍ ആഭ്യന്തരയുദ്ധകാലത്തെ സൈനിക ഫോട്ടോഗ്രാഫി മുതല്‍ ഇക്കാലത്തുള്ള യുദ്ധങ്ങളിലെ സമ്പൂര്‍ണ പര്യവേക്ഷണം(സര്‍വെയ്ലന്‍സ്) വരെ; ചിത്രീകരിക്കലും രേഖപ്പെടുത്തലും കൃത്രിമവത്ക്കരിക്കലും മാറ്റിമറിക്കലും(മാനിപ്പുലേഷന്‍) പ്രചരിപ്പിക്കലും എന്നിങ്ങനെ സിനിമയുടെ ഉപയോഗം നിര്‍ണായകവും പ്രധാനവുമായിത്തീര്‍ന്നിട്ടുണ്ടെന്നു കാണാം.
ഒന്നാം ലോകയുദ്ധവും പ്രചാരണ യുദ്ധവും
1914 മുതല്‍ 1918 വരെ നീണ്ടു നിന്ന ഒന്നാം ലോകയുദ്ധം, അമേരിക്കന്‍ വരേണ്യ/വംശീയ/സാമ്രാജ്യത്വ ഭരണകൂടം ഹോളിവുഡ് സിനിമാ നിര്‍മാണ കമ്പനികളുടെ സഹായത്തോടെ നടത്തിയ ഒരു പ്രചാരണയുദ്ധം കൂടിയായിരുന്നു എന്നു പില്‍ക്കാലത്ത് വിലയിരുത്തപ്പെട്ടു. ജര്‍മനിയും ഓസ്ട്രിയ-യും ഹങ്കറിയും ഓട്ടോമന്‍ സാമ്രാജ്യവും ഒരു വശത്തും ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി, റഷ്യ തുടങ്ങിയ ശക്തികള്‍ മറുവശത്തുമായി അണിനിരന്ന യുദ്ധത്തിലേക്ക്, വൈകി 1917ലാണ് അമേരിക്ക കടന്നുചെന്നത്. പ്രസിഡണ്ട് വുഡ്രോ വില്‍സന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി, കോടിക്കണക്കിന് ഡോളറും സൈനികരുടെ ജീവനും മറ്റു വസ്തുവകകളും നശിപ്പിച്ചുകൊണ്ടുള്ള ഒരു രക്തരൂഷിത യുദ്ധത്തെ സ്വന്തം ജനതയെക്കൊണ്ട് അംഗീകരിപ്പിച്ചെടുക്കുക എന്നതായിരുന്നു. യുദ്ധത്തിനെതിരായ ജനകീയ വികാരം, സോഷ്യലിസ്റ്റുകളെയും ഇടതുപക്ഷത്തെയും മുന്നോട്ടു കൊണ്ടുവരികയും ചില മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളില്‍ ചെറിയ നേട്ടങ്ങളുണ്ടാക്കുന്നതിന് അവരെ സഹായിക്കുകയും ചെയ്തു. ജനകീയതയെ ജനപ്രിയത കൊണ്ട് മറികടക്കാനുള്ള തീരുമാനം ഈ കാലത്താണ് അമേരിക്കന്‍ ഭരണകൂടം സ്വീകരിച്ചത്. ഭരണകൂടത്തിന്റെ യുദ്ധോത്സുകതക്കും ആക്രമണാത്മകതക്കും അനുകൂലമായി സിനിമകള്‍ തുരുതുരെ പടച്ചുവിടാനും ജനമനസ്സുകളില്‍ ആഞ്ഞു തറപ്പിക്കാനും തയ്യാറാവുന്നതും കെല്‍പ്പുള്ളതുമായ ഒരു സംസ്കാര-മാധ്യമ വ്യവസായം സുശക്തമായി രംഗത്തുണ്ടായിരുന്നു. ഹോളിവുഡ് ആയിരുന്നു അത്. സിനിമകളെ മുഖ്യമായി ഉപയോഗപ്പെടുത്തിക്കൊണ്ട്, യുദ്ധത്തിനനുകൂലമായി നടത്തപ്പെട്ട ഏറ്റവും നിഷ്ഠുരമായ പ്രചാരണമാണ് അക്കാലത്തുണ്ടായത്. ഹോളിവുഡിന്റെ വ്യാവസായിക താല്‍പര്യങ്ങളും അമേരിക്കന്‍ ഭരണകൂടത്തിന്റെയും അതിനെ താങ്ങിനിര്‍ത്തുന്നവരുടെയും മുതലാളിത്ത അധിനിവേശ താല്‍പര്യങ്ങളും വന്‍ വിജയം കൊയ്ത ആ യുദ്ധത്തില്‍ മൂന്നു ലക്ഷത്തി ഇരുപതിനായിരം അമേരിക്കക്കാര്‍ മാത്രം മരണമടഞ്ഞു. ദശലക്ഷക്കണക്കിന് സാധാരണക്കാരും സൈനികരും ലോകമെമ്പാടുമായി മരണമടഞ്ഞ യുദ്ധത്തിനുള്ള അമേരിക്കന്‍ സംഭാവനയായി ഈ മൂന്നു ലക്ഷത്തി ഇരുപതിനായിരം മനുഷ്യജന്മങ്ങളെയും കണക്കാക്കാം.
യുദ്ധം കെട്ടുകാഴ്ചയായി മാറുമ്പോൾ
ബോംബിടാനോ മിസൈല്‍ വിടാനോ ആയി ഉയര്‍ന്നും താഴ്ന്നും പറക്കുന്ന യുദ്ധവിമാനങ്ങളുടെ കണ്ണുകളായി ക്യാമറകളും പ്രവര്‍ത്തിക്കുന്നുണ്ട്. അവയിലൂടെ ചിത്രീകരിക്കപ്പെടുകയും രേഖപ്പെടുത്തപ്പെടുകയും ശേഖരിക്കപ്പെടുകയും ചെയ്യുന്ന വിനാശങ്ങളുടെയും കൂട്ടക്കുരുതികളുടെയും മനുഷ്യരും നാഗരികതയും നശിക്കുന്നതിന്റെയും ചലന ചിത്രങ്ങള്‍; യുദ്ധോത്സുകരായ ഭരണാധികാരികള്‍ക്ക് ആഹ്ലാദം പകരുന്നതിനും ഭാവി യുദ്ധമുറകളും പ്രതിരോധതന്ത്രങ്ങളും വികസിപ്പിക്കുന്നതിനും ഉപയോഗിക്കപ്പെടുന്നു. മാത്രമല്ല, റിമോട്ടുകളിലൂടെ കൂട്ടവിനാശം നടത്തേണ്ട സ്ഥലങ്ങള്‍ കൃത്യമാക്കാനും സൈനിക നിയന്ത്രണ കേന്ദ്രങ്ങള്‍ക്ക് ഈ ക്യാമറകള്‍ വഴി ശേഖരിക്കപ്പെടുന്ന ദൃശ്യങ്ങള്‍ സഹായകമാകുന്നു. ഷൂട്ട് എന്ന പദത്തിന്റെ രണ്ട് അര്‍ത്ഥങ്ങളും ഇവിടെ ഒന്നാകുന്നതും കാണാം. റേഡിയോയും റഡാറും ക്യാമറയോടൊപ്പം ഇത്തരത്തില്‍ നാശങ്ങള്‍ കൃത്യമാക്കാനും കൂടുതല്‍ വിനാശകരമാക്കാനും പ്രയോജനപ്പെടുത്തപ്പെടുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ് ഉപഗ്രഹങ്ങളും കേബിള്‍ ശൃംഖലകളും ലോകത്തെയും ഭൂഗോളത്തെയും ബഹിരാകാശത്തെയും കൈപ്പിടിയിലൊതുക്കിയത്. സൈനിക സാമ്രാജ്യത്വവും അതിന്റെ കേന്ദ്രവും സ്ഥിരീകരിച്ചെടുക്കുന്നതിനും പ്രബലപ്പെടുത്തുന്നതിനും കാഴ്ചയുടെയും നോട്ടത്തിന്റെയും മേല്‍നോട്ടത്തിന്റെയും ഈ സാധ്യതകള്‍ ഉപകാരമായി. 3സി ഐ എന്നു വിളിക്കപ്പെടുന്ന കണ്‍ട്രോള്‍, കമാന്റ്, കമ്യൂണിക്കേഷന്‍, ഇന്റലിജന്‍സ് (നിയന്ത്രണം, ആജ്ഞ, വിവര വിനിമയം, രഹസ്യവിവര ശേഖരണം) എന്നീ നെടുംതൂണുകളിന്മേലാണ് ഓരോ യുദ്ധ സാമ്രാജ്യത്വ ഭരണവ്യവസ്ഥയും കെട്ടിപ്പടുക്കപ്പെടുന്നത്. ഉപഗ്രഹങ്ങള്‍ വഴിക്കുള്ളതും അല്ലാത്തതുമായി ലഭിക്കുന്നതും അപ്പപ്പോഴുള്ളതുമായ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് യുദ്ധമുറകളും തന്ത്രങ്ങളും അടവുകളും നിശ്ചയിക്കപ്പെടുന്നതും പുനര്‍നിശ്ചയിക്കപ്പെടുന്നതും. കുറച്ചുകൂടി വ്യക്തമാക്കിയാല്‍, ഓരോ യുദ്ധമുന്നണിക്കും ദൃശ്യങ്ങളുടെ രണ്ട് ഡിപ്പാര്‍ട്മെന്റുകളുണ്ടാകും. പൗരസമൂഹത്തെ യുദ്ധത്തിനനുകൂലമാക്കിയെടുക്കുന്ന പ്രചാരണജോലി ഏറ്റെടുത്തുകൊണ്ട് സിനിമാ ഡിപ്പാര്‍ട്മെന്റ് പ്രവര്‍ത്തിക്കുമ്പോള്‍, യുദ്ധം ചെയ്യുന്ന പട്ടാളക്കാരെയും അവരുടെ ആപ്പീസര്‍മാരെയും നിരന്തരം ശേഖരിക്കപ്പെടുന്ന വിവരങ്ങളിലൂടെ സഹായിക്കാനായി ഇമേജ് ഡിപ്പാര്‍ട്മെന്റും പ്രവര്‍ത്തനക്ഷമമാകുന്നു. സിനിമാ ഡിപ്പാര്‍ട്മെന്റ്, നുണകളുടെ പാരാവാരം സൃഷ്ടിച്ച് ജനങ്ങളില്‍ ഊതി വീര്‍പ്പിച്ച യുദ്ധോത്സുകതയും രാജ്യസ്നേഹവും നിര്‍മ്മിച്ചെടുക്കുമ്പോള്‍; ഇമേജ് ഡിപ്പാര്‍ട്മെന്റ് സത്യം സത്യമായി രേഖപ്പെടുത്തി സൈനികരെയും അവരെ നിയന്ത്രിക്കുന്ന ആപ്പീസര്‍മാരെയും രാഷ്ട്രീയ ഭരണകൂടത്തെയും യുദ്ധം ജയിപ്പിക്കാനായി സഹായിക്കുന്നു. നുണകളുടെ പുറം വ്യാപനവും സത്യങ്ങളുടെ അകം ചേരലും എന്നിങ്ങനെ ചലച്ചിത്രസങ്കേതം ഇവിടെ പിളരുന്നുവെന്ന് ചുരുക്കം.
യുദ്ധം ഒരു കെട്ടുകാഴ്ചയായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. തോല്‍പ്പിക്കുക എന്നതു മാത്രമല്ല പ്രധാനം. ശത്രുവിനെ അധീനത്തിലാക്കുക മാത്രമല്ല, സ്വാധീനത്തിലാക്കുക കൂടിയാണ് യുദ്ധത്തിന്റെ ലക്ഷ്യം. അതുകൊണ്ട് ശത്രു മരിക്കുന്നതിനു മുമ്പ് തോല്‍വിയുടെയും മരണത്തിന്റെയും ഭീതിയിലൂടെയും കൂടി കടന്നു പോകേണ്ടതുണ്ട്. ആയുധത്തിന്റെ ശക്തി ഹിംസാത്മകം മാത്രമല്ല, ആത്മീയവും കൂടിയാണെന്ന് യുദ്ധദാര്‍ശനികര്‍ പറയുന്നത് വെറുതെയല്ല. അതായത്, പ്രതിനിധാനങ്ങളില്ലാതെ യുദ്ധമില്ല; മാനസിക നിഗൂഢ സംഭ്രാന്തികളില്ലാതെ അത്യന്താധുനിക ആയുധ സങ്കീര്‍ണതകളുമില്ല. വിനാശത്തിനു മാത്രമല്ല; കാഴ്ചക്കും കാഴ്ചപ്പാടിനും കൂടിയാണ് ആയുധങ്ങള്‍ വിന്യസിക്കപ്പെടുന്നതും പ്രയോഗിക്കപ്പെടുന്നതും. ആയുധങ്ങള്‍ പ്രയോഗിക്കപ്പെടാതെ വെറുതെ സൂക്ഷിച്ചു വെക്കുമ്പോള്‍ പോലും പ്രത്യയശാസ്ത്രപരമായ കീഴടക്കല്‍ നടത്തിക്കൊണ്ടേയിരിക്കുന്നുണ്ട്. ഈ അര്‍ത്ഥത്തില്‍ ആലോചിക്കുമ്പോള്‍; സാങ്കേതികവും മനഃശാസ്ത്രപരവുമായ അത്ഭുതങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുന്ന യുദ്ധാനുകൂല സിനിമകള്‍, ആയുധങ്ങളായിത്തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നു മനസ്സിലാകും.
ഒന്നിനെ മറ്റൊന്നുകൊണ്ട് വശീകരിക്കുന്നതിനും അവയ്ക്ക് യോജിക്കുന്നതിനും അവയെ മിശ്രണം ചെയ്യുന്നതിനും; ഒന്നിനെ മറ്റൊന്ന് റദ്ദാക്കുകയും നിഷ്-പക്ഷവത്കരിക്കുകയും ചെയ്യുന്നതിനും അത് വഴിവെക്കുന്നു. അതിലുപരിയായി, ശരീരശാസ്ത്രപരവും രോഗലക്ഷണ-നിദാന ശാസ്ത്രപരവും സൗന്ദര്യാത്മകവുമായ പ്രകടനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് അത് തുടര്‍ച്ചയായി നിങ്ങളെ പേടിപ്പിച്ചുകൊണ്ടിരിക്കും എന്നാണ് വര്‍ണങ്ങളെക്കുറിച്ച് ഗോയ്ഥെ സിദ്ധാന്തവത്ക്കരിക്കുന്നത്.
കേരളീയ സമൂഹവും അക്രമപ്രവണതകളും
കേരള സമൂഹത്തില്‍ അക്രമപ്രവണതയും കൊലപാതകങ്ങളും കൂട്ടക്കൊലപാതകങ്ങളും പെട്ടെന്ന് വര്‍ദ്ധിച്ചിരിക്കുന്നുവെന്നും അതില്‍ മയക്കുമരുന്ന്, മാനസിക വിഭ്രാന്തികള്‍ എന്നിവയുടേതെന്നതു പോലെ സിനിമകളുടെയും സ്വാധീനം സ്പഷ്ടമാണെന്നുമുള്ള തിരിച്ചറിവ് ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും ഉദ്‌ബോധനങ്ങളുടെയും രൂപത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലെല്ലാം കുറെ വാസ്തവങ്ങളുണ്ടെന്നത് കാണാതിരിക്കേണ്ടതില്ല. എന്നാല്‍, കൊലപാതകങ്ങളും മറ്റ് മനുഷ്യത്വ വിരുദ്ധവും നിയമവിരുദ്ധവും ആയ പ്രവണതകളും പെട്ടെന്നുതന്നെ ശ്രദ്ധയില്‍ പെടുകയും തക്കതായ നടപടികള്‍ എടുക്കപ്പെടുകയും ചെയ്യുന്ന ഒരു സമൂഹമാണ് കേരളം എന്നത് ഇതിനിടയില്‍ വിസ്മരിക്കേണ്ടതുമില്ല. പര്‍വതീകരിച്ച വിധത്തില്‍ അക്രമങ്ങളെ വിവരണാത്മകമായി ആഘോഷിക്കുന്ന രീതിയാണ് പത്ര- മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. അവര്‍ക്ക് അതും മറ്റൊരു കച്ചവടതന്ത്രം മാത്രം.
സെന്‍സര്‍ഷിപ്പിന്റെ പരിമതികൾ
സെന്‍സര്‍ഷിപ്പിന് ഇത്തരം ആക്രമണോത്സുകതയില്‍ നിന്ന് സമൂഹത്തെ രക്ഷിക്കാന്‍ കഴിയും എന്ന ഒരു തെറ്റിദ്ധാരണ പലരിലും നിലനില്ക്കുന്നുണ്ട്. എന്നാല്‍, എന്താണ് വാസ്തവം? ഇന്ത്യൻ ഫിലിം സെൻസർഷിപ്പിന് ദീർഘമായ ഒരു ചരിത്രമുണ്ട്. അത് എങ്ങനെയാണ് സിനിമയെ ഒരു മാധ്യമമെന്ന നിലയിൽ, അതിലെ ദൃശ്യാവിഷ്കാര രീതികളിൽ, സംഭാഷണത്തിന്റെ കാര്യത്തിൽ ഒക്കെ നിശ്ചയിച്ചത് (എൻഗേജ് ചെയ്തത്) എന്ന് വിശദമായി പഠിക്കപ്പെട്ടിട്ടുണ്ട്. ലളിതാ ഗോപാലന്റെ ഇന്ററപ്ഷൻസ് എന്ന പുസ്തകം പ്രസിദ്ധമാണ്; ശ്രദ്ധേയമാണ്. സെൻസർഷിപ്പ് സിനിമയെ നിയന്ത്രിക്കുകയല്ല ചെയ്യുന്നത്, നിർണയിക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ ഇന്ത്യൻ സിനിമ സെൻസർഷിപ്പ് പറയുന്നത്: ഇത് വയലൻസിന്റെ കാലമാണ്, വയലന്‍സിന്റെ കൊയ്ത്തുകാരും വിളവെടുപ്പുകാരും അവരുടെ ദിവസങ്ങള്‍ ആഘോഷിക്കട്ടെ!
അസഹനീയവും ക്രൂരവുമായ അക്രമരംഗങ്ങള്‍ ശബ്ദത്തിന്റെയും വര്‍ണശബളിമയുടെയും അകമ്പടിയോടെ കാണികള്‍ക്ക് ആസ്വദിക്കാനാകുന്നതും അവരുടെ ആഹ്ലാദത്തിന് അത് കാരണവുമാകുന്നു എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. ഇതിന്റെ മനശ്ശാസ്ത്ര കാരണങ്ങളും സാമൂഹ്യ ശാസ്ത്ര കാരണങ്ങളും ആഴത്തില്‍ വിശകലനം ചെയ്യേണ്ടതുണ്ട്. ഇന്ത്യന്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്നതും സ്ഥാപനവത്ക്കരിക്കപ്പെടുന്നതുമായ അക്രമത്വരയുടെയും രക്തദാഹത്തിന്റെയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പശ്ചാത്തലവുമായി സിനിമകളില്‍ വര്‍ദ്ധിച്ചു വരുന്ന വയലന്‍സിനെ ചേര്‍ത്തു വെച്ച് ആലോചിക്കേണ്ടതാണ്. ആക്ഷന്‍ മൂവീസിൽ നിറയുന്നത് ആണത്ത ഹിന്ദുത്വത്തിന്റെ ഘോഷങ്ങളാണ്. ആണത്ത ഹിന്ദുത്വയാണ് ഇക്കാലത്തെ സൗന്ദര്യശാസ്ത്രത്തെ നിര്‍ണയിക്കുന്നത്.
ഇന്ത്യയില്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സര്‍വോപരി ഫാസിസത്തിന്റെയും അന്തരീക്ഷമാണ് നിലനില്ക്കുന്നത്. ഫാസിസം കേവലം ഒരു അധികാര പദ്ധതിയെന്ന നിലയ്ക്കല്ല, ജനപ്രിയമായ ഒരു ആഹ്ലാദ പദ്ധതി എന്ന നിലയ്ക്കാണ് ഇന്ത്യന്‍ സമൂഹത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. ഈ ആഹ്ലാദ പദ്ധതിയുടെ സാംസ്‌കാരിക- ചലച്ചിത്ര സമാന്തരമോ സാധൂകരണമോ ആണ് ഈ സിനിമകളെല്ലാം എന്നതാണ് വാസ്തവം. സൂസന്‍ സൊന്റാഗിന്റെ ഫാസിനേറ്റിംഗ് ഫാസിസം എന്ന പ്രബന്ധത്തിലെ നിരീക്ഷണങ്ങളെല്ലാം പ്രാവര്‍ത്തികമാകുന്ന സമൂഹമായി ഇന്ത്യന്‍ സമൂഹം മാറിത്തീര്‍ന്നിരിക്കുന്നു.
മസിലുകള്‍, അക്രമം, മേല്‍ക്കോയ്മ, പൊലീസ്, പട്ടാളം, അധികാര വികിരണം (റേഡിയേഷന്‍ ഓഫ് പവര്‍), എന്നിങ്ങനെ ആണ്‍ ശരീര സൗന്ദര്യം അവരുടെയും വ്യവസ്ഥയുടെയും അവകാശമാണെന്നും ശക്തമാണെന്നും സ്ഥാപിക്കപ്പെടുന്നു. പരിശുദ്ധി, വരേണ്യത, സവര്‍ണത എന്നിവയും ആണത്ത സൗന്ദര്യശാസ്ത്രത്തിന്റെ പേരില്‍ പ്രകീര്‍ത്തിക്കപ്പെടുന്നു. ആണ്‍ ശരീരങ്ങളുടെ മസിലുകളും സിക്‌സ് പാക്ക്, അമ്പത്താറിഞ്ച്, എല്ലാം ഒരേ പോലെ പ്രശംസിക്കപ്പെടുകയും ആഹ്ലാദത്തിന്റെ മാനകങ്ങളാകുകയും ചെയ്യുന്നു. ബാഹുബലി, ആര്‍ ആര്‍ ആര്‍, പുലിമുരുകന്‍, ലൂസിഫര്‍, എല്‍ ടു എമ്പുരാന്‍ എല്ലാം ഇതിന്റെ മൊത്തക്കച്ചവടങ്ങളാണ്. പഴയ ഭക്തര്‍ക്കിഷ്ടപ്പെട്ട, രാമന്റെ സഹായിയും സന്തത സഹചാരിയുമായിരുന്ന ഹനുമാനില്‍ നിന്ന് ഹുല്ലാദിയ ഹനുമാനിലേയ്ക്കുള്ള (അഗ്രസീവ് ഹനുമാന്‍) പരിണാമം ഇതിനിടയില്‍ നടന്നതും യാദൃഛികമല്ല. വടക്കേ ഇന്ത്യയിലെങ്ങും ഓട്ടോറിക്ഷകള്‍ക്കും കാറുകള്‍ക്കും ടുവീലറുകള്‍ക്കും ലോറികള്‍ക്കും പിറകില്‍ ഈ രൂപം കാണാം. ഇപ്പോള്‍ കേരളത്തിലും നിറയെ ഉണ്ട്.
പരിശുദ്ധിയെക്കുറിച്ചുള്ള വേവലാതി, മലയാള സിനിമയിലെ പുതിയ ആണ്‍കരുത്ത് പ്രകടമാകുന്ന ശരീര ഘടനയുള്ള ഉണ്ണി മുകുന്ദനെന്ന നടനെയും ഭരിക്കുന്നുണ്ടെന്നു കാണാം. അധരങ്ങള്‍ നുകര്‍ന്നു കൊണ്ടുള്ള ചുംബന ദൃശ്യങ്ങളിലും ലൈംഗികബന്ധ ദൃശ്യങ്ങളിലും താന്‍ അഭിനയിക്കില്ല എന്നാണദ്ദേഹം പറയുന്നത്. നൂറുകണക്കിന് ലിറ്റര്‍ ചോര ഒഴുക്കുകയും സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം ശരീരഭാഗങ്ങള്‍ മുറിച്ചു മാറ്റുന്ന തരത്തിലുള്ള നിഷ്ഠുര ദൃശ്യങ്ങള്‍ അതേസമയം അറപ്പില്ലാതെ അഭിനയിക്കുകയും ചെയ്യും. മനുഷ്യര്‍, സ്‌നേഹം എന്നിങ്ങനെയുള്ള കാര്യങ്ങളെ ഫാസിസ്റ്റുകള്‍ എപ്രകാരമാണ് വിഭാവനം ചെയ്യുന്നത് എന്നതിന് ഇതിലപ്പുറം മറ്റൊരു വിശദീകരണം ആവശ്യമില്ല.
മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങള്‍ മുറിച്ചും ഖണ്ഡിച്ചും എറിയുന്നതും കുട്ടികളെ കൊല്ലുന്നതും ഗര്‍ഭിണിയെ പ്രസവത്തിനിടയില്‍ കൊല്ലുന്നതുമെല്ലാമാണ് വാണിജ്യവിജയം നേടിയ മാര്‍ക്കോ (2024/ഉണ്ണി മുകുന്ദന്‍ ഈ വേഷത്തിലെത്തുന്നു) എന്ന മലയാളസിനിമയിലുള്ളത്. കഥാഗതിയില്‍ അനിവാര്യമാണോ എന്നതല്ല, കൊലയാളികളായ കഥാപാത്രങ്ങളുടെ ശാരീരിക-മനോനിലകളും ആണ്‍പോരിമയും പ്രഘോഷിക്കുന്നതിനു വേണ്ടിയാണ് ഇവ ഉള്‍പ്പെടുത്തുന്നത്. കാണികളെയും അവരിലൂടെ മുഴുവന്‍ മനുഷ്യരെയും ഞെട്ടിച്ചുകൊണ്ട്, ഇപ്പോഴുള്ളതിലും കൂടുതല്‍ അക്രമങ്ങളെ അഭിമുഖീകരിക്കാനും അവയുമായി പൊരുത്തപ്പെടാനും സമൂഹത്തെ പാകമാക്കിയെടുക്കാനും ഇത്തരം ചിത്രീകരണങ്ങളിലൂടെ സാധിക്കും. ആധുനിക സമൂഹത്തില്‍ നിലനില്ക്കുന്ന നീതിന്യായ സംവിധാനത്തെയും ക്രമസമാധാന വ്യവസ്ഥയെയും ഒട്ടും തന്നെ പരിഗണിക്കാത്ത, അല്ലെങ്കില്‍ നിഷേധിക്കുന്ന; കുടുംബങ്ങളുടെയും കാര്‍ട്ടലുകളുടെയും വ്യക്തികളുടെയും ‘നീതി’ നടപ്പാക്കലുകളാണ് ഈ അക്രമവാഴ്ചയിലൂടെ മഹത്വവത്ക്കരിക്കപ്പെടുന്നത്. ഫാസിസ്റ്റ് ഭരണക്രമവും ഇതേ വാദങ്ങളും ന്യായീകരണങ്ങളുമാണ് പ്രചാരണങ്ങളിലൂടെ സ്ഥാപിച്ചെടുക്കുന്നത്.
അടുത്ത കാലത്ത് വിജയിച്ച ആര്‍ ആര്‍ ആര്‍, കെജി എഫ് ഒന്നും രണ്ടും, പുഷ്പ ഒന്നും രണ്ടും, പത്താന്‍, ദി കില്‍, മാര്‍ക്കോ, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി തുടങ്ങിയ സിനിമകളൊക്കെ തന്നെയും അക്രമരംഗങ്ങള്‍ നിറഞ്ഞതാണ്. അതേസമയം തമിഴ് സിനിമ ഇക്കാര്യത്തില്‍ എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള അക്രമരംഗങ്ങളാല്‍ ആറാടുകയാണെന്നും പറയാം.
വിക്രം, വിടുതലൈ, ജയിലര്‍ എന്നീ സിനിമകളെയെല്ലാം കവച്ചുവെക്കുന്ന രീതിയിലാണ് വിജയ് സിനിമയായ ലിയോയില്‍ അക്രമങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. അക്രമത്തില്‍ നിന്ന് അകന്നു നിൽക്കാന്‍ ഹിമാചല്‍ പ്രദേശില്‍ പോയി കാപ്പിക്കടയിട്ട് ജീവിക്കുന്ന നായകന്‍ വീണ്ടും അക്രമത്തിലേയ്ക്ക് തിരിയുകയും എല്ലാത്തിനെയും കവച്ചു വെക്കുന്ന തരത്തില്‍ അക്രമം നടത്തി വിജയിക്കുകയും ചെയ്യുന്നതാണ് കഥ. എല്ലാം ന്യായീകരിക്കാനാണ് ഈ ഭൂതകാല കഥയൊക്കെ കെട്ടിയുണ്ടാക്കുന്നത്. കാണിക്കുകയും കൊണ്ടാടുകയും ചെയ്യുന്ന അക്രമത്തെ അവതരിപ്പിക്കുക, കാണികളെ ആഹ്ലാദിപ്പിക്കുക, ഹീറോയിസം ഉണ്ടാക്കുക എന്നതാണ് യഥാര്‍ത്ഥ ഉദ്ദേശ്യം. അക്രമങ്ങള്‍ക്ക് തുടര്‍ച്ചയായി ചെവി പൊളിക്കുന്ന ശബ്ദകോലാഹലങ്ങളോടെ പാട്ടു പാടി നൃത്തം ചെയ്യുന്ന നായകനെയും കാണാം. ധാര്‍മികതയോ നീതിന്യായ വ്യവസ്ഥകളോ ബാധകമല്ലാത്ത വിധത്തിലാണ് അക്രമത്തേര്‍വാഴ്ച നടക്കുന്നത്. തല വെട്ടുന്നത്, സ്‌ക്രൂ ഡ്രൈവര്‍ കഴുത്തില്‍ അടിച്ചു താഴ്ത്തുന്നത്, എന്നുവേണ്ട വിവരിക്കാന്‍ പോലും നമുക്കാവാത്ത തരത്തിലുള്ള ദൃശ്യങ്ങളാണ് ആഘോഷിക്കപ്പെടുന്നത്.
വിക്രത്തില്‍ കമല്‍ ഹാസനും മറ്റു കഥാപാത്രങ്ങളും തേരാപ്പാരാ വെടിവെയ്ക്കുകയാണ് ചെയ്യുന്നത്. കാണികളില്‍ തോക്കു സംസ്‌ക്കാരം ഉണ്ടാക്കുമെന്നെല്ലാം പറഞ്ഞാല്‍ നമ്മള്‍ പഴഞ്ചന്മാരോ വൃദ്ധ തലമുറക്കാരോ തന്തവൈബുകളോ ആയി മാറിയേക്കും. പക്ഷേ, എല്ലാ പ്രായക്കാരും രജനി, കമല്‍, അജിത്, വിജയ്, ധനുഷ് തുടങ്ങിയവരുടെ സിനിമകള്‍ ആസ്വദിക്കുന്നവരാണെന്നു കാണാം. ഇവരുടെയൊക്കെ സിനിമകള്‍ കാര്‍പ്പറ്റ് ബോംബിംഗ് റിലീസ് ആയാണ് വരുക. എല്ലാ തിയറ്ററിലും ഒരേ സിനിമയായിരിക്കും. തീര്‍ച്ചയായും എല്ലാവരെയും ഈ സിനിമകള്‍ സ്വാധീനിക്കുമെന്നുറപ്പ്.
ഇത്തരം സിനിമകള്‍ക്കായാണ് വ്യവസായം കാത്തിരിക്കുന്നത്. വിതരണക്കാരും പ്രദര്‍ശനശാലക്കാരും താരാരാധക സംഘങ്ങളും പത്രമാധ്യമങ്ങളും സാമൂഹ്യ മാധ്യമത്തിലെ സ്വാധീനക്കാരും എല്ലാം ഇത്തരം മാസ് സിനിമകള്‍ വരുമ്പോള്‍ അതിന്റെ പുറകെ കൂടുന്നതു കാണാം. ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്‌സ് എന്നെല്ലാമാണ് തള്ളിമറിക്കുന്നത്. നൂറുകണക്കിന് ആളുകളെ ഒന്നിച്ച് കൊന്നുതള്ളുകയും മനുഷ്യരുടെ ശരീരഭാഗങ്ങള്‍ കഷണങ്ങളായി തെറിപ്പിക്കുകയുമെല്ലാം ചെയ്യുന്നതാണ് ഈ കാഴ്ചാപ്രപഞ്ചത്തിലുള്ളത്.
തല നഷ്ടപ്പെട്ട മനുഷ്യര്‍, രക്തം ചീറ്റുന്ന ശരീരദൃശ്യങ്ങള്‍, വിരലുകളും കൈകളും കാലുകളും അറുത്തു മാറ്റല്‍ എന്നുവേണ്ട എന്തും കാണിക്കാനും ഇതെല്ലാം ഏറ്റുവാങ്ങാനും സിനിമാക്കാരും കാണികളും തയ്യാറാവുന്ന സാഹചര്യമാണ് ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്. ഒരിക്കല്‍ കാണിച്ചതിനെ എരിവും മൂര്‍ച്ചയും കൂട്ടി അടുത്തതില്‍ കാണിച്ചാലേ ഹിറ്റാവൂ എന്ന തോന്നലാണ് നിലനില്ക്കുന്നത്. ഇതൊരു തരം ലഹരിയുടെ തരംഗം പോലെ പ്രവര്‍ത്തിക്കുന്നു.
മലയാളത്തിലും ഇത്തരം സിനിമകള്‍ നിരവധിയായി ഇറങ്ങുന്നുണ്ട്. ആര്‍ഡിഎക്‌സ്, കിങ്ങ് ഓഫ് കൊത്ത പോലുള്ള സിനിമകളിലെല്ലാം വയലന്‍സ് കുത്തിനിറച്ചിരിക്കുകയാണ്. ദളിതരുടെ വാസസ്ഥലങ്ങളെ കുറ്റകൃത്യത്തിന്റെ കേന്ദ്രമാക്കി സ്ഥിരീകരിക്കുന്നതും ആര്‍ഡിഎക്‌സില്‍ കാണാം. എന്നാല്‍ എല്ലാ അതിരുകളും ലംഘിച്ചുകൊണ്ടുള്ള അക്രമോത്സവമാണ് മാര്‍ക്കോവിലുള്ളത്.
റാഗിങ്ങിന്റെയും പ്രണയനൈരാശ്യത്തിന്റെയും കുടുംബവഴക്കുകളുടെയും ജാതിപ്പോരിന്റെയും അന്ധവിശ്വാസങ്ങളുടെയും മറ്റും പ്രകടനങ്ങളായി അക്രമങ്ങള്‍ വ്യാപിക്കുന്ന ഒരു സമൂഹമായി കേരളം പരിണമിച്ചുകൊണ്ടിരിക്കുകയാണോ എന്നുപോലും സംശയിക്കാവുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രവഹിക്കുന്നതിന് സമാന്തരമായാണ് സിനിമയിലെ മനുഷ്യാക്രമാഘോഷങ്ങളും വര്‍ദ്ധിക്കുന്നത് എന്നതും രേഖപ്പെടുത്തേണ്ടതുണ്ട്.
എല്ലാവരെയും സാഡിസ്റ്റിക്കാക്കി, മറ്റൊരാളെ പീഡിപ്പിക്കുന്നതില്‍ രസം കണ്ടെത്തുന്നവരാക്കി മാറ്റുകയാണ് ഫലത്തില്‍ ഇത്തരം സിനിമകള്‍ ചെയ്യുന്നത്. ലോകമാകെ യുദ്ധങ്ങളും ആഭ്യന്തര കലഹങ്ങളും വംശഹത്യകളും രക്തച്ചൊരിച്ചിലുകളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തില്‍ ഈ അക്രമങ്ങളെയും സാധാരണമെന്നതുപോലെ സ്വീകരിക്കാന്‍ നാം തയ്യാറാവുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. നാം ജീവിക്കുന്നതും പങ്കിടുന്നതുമായ കാലത്തിന്റെ മനുഷ്യവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ ക്രൂരനീതികളെ സ്വാഭാവികമെന്നു വരുത്താനായിരിക്കണം (നോര്‍മലൈസ് ചെയ്യാന്‍) ഈ സിനിമാ- അക്രമോത്സാഹങ്ങള്‍.
സമാധാനത്തിനു പകരം അക്രമവും അനുതാപത്തിനു പകരം രക്തദാഹവുമാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നത്. ലോകത്തെല്ലാവര്‍ക്കും ക്ഷമ നശിച്ചിരിക്കുന്നതു പോലെയും അക്രമത്വര കൂടിയതു പോലെയുമാണ് അനുഭവപ്പെടുത്തുന്നത്. കല യാഥാര്‍ത്ഥ്യത്തെ അനുകരിക്കുന്നു എന്നതിലുപരി, അതിനെ അനുമാനിക്കുകയാണ് ചെയ്യുന്നത്. l
References:
1. Fascinating Fascism, – Susan Sontag (Under the sign of Saturn-Farrar, Straus, Giroux- New York)
2. Class, Power & Consciousness in Indian Cinema & Television. By Anirudh Deshpande (Primus Books, Delhi)
3. War and Cinema – The Logistics of Perception. By Paul Virilio (Verso, London-New York)
4. Cinema as an imperialist weapon: Hollywood and World War I. By Max Alvarez (World Socialist Web site 5 August 2010). .