Friday, April 4, 2025

ad

Homeകവര്‍സ്റ്റോറിസിനിമ മനുഷ്യപക്ഷമാകണം

സിനിമ മനുഷ്യപക്ഷമാകണം

പ്രേംകുമാർ (ചെയർമാൻ, ചലച്ചിത്ര അക്കാദമി)

ധുനിക കാലത്തെ ഏറ്റവും സ്വാധീനമുള്ള മാധ്യമങ്ങളാണ് സിനിമയും ടെലിവിഷനും മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും. സിനിമയെന്നത് ഏറ്റവും മഹത്തായ കലയാണ് എന്ന് തിരിച്ചറിയുകയും അതിന്റെ അപാരമായ സാധ്യതകളെക്കുറിച്ചും ജനമനസ്സുകളെ അതെങ്ങനെയാണ് സ്വാധീനിക്കുന്നത് എന്നതിനെക്കുറിച്ചും ആദ്യമായി പറഞ്ഞത് മഹാനായ ലെനിൻ ആണ്. സിനിമ ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട കലയാണെന്നാണ് ലെനിൻ പറഞ്ഞത്. ജനങ്ങളിലേക്ക് അതിവേഗം കെെമാറാൻ കഴിയുന്ന ആശയസംവേദനങ്ങളേയും അതുവഴി ഒരു സമൂഹത്തെ, പ്രത്യേകിച്ചും ഒരു പുരോഗമന സമൂഹത്തെയാകെ വാർത്തെടുക്കാനും മനുഷ്യ ഹൃദയങ്ങളെ ആഴത്തിൽ സ്വാധീനിക്കാനും പരിവർത്തനപ്പെടുത്താനും കഴിയുന്ന ഒരു മാധ്യമം എന്ന നിലയിലാണ് ലെനിൻ അങ്ങനെ വിശേഷിപ്പിച്ചത്.

കലാസൃഷ്ടികളും സാഹിത്യ കൃതിയും മനുഷ്യരെ ശക്തമായി സ്വാധീനിക്കുന്നു. ഒരു വ്യക്തി ഒരു മികച്ച പുസ്തകം വായിച്ചു കഴിഞ്ഞാൽ വായിച്ചതിനുശേഷം അയാൾ എങ്ങനെയാണോ വ്യത്യാസപ്പെടുന്നത് അതാണ് കലാസൃഷ്ടികളിലൂടെയും സാധ്യമാകുന്നത്. ഈ ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ മാറ്റംവരുത്താനും അതുവരെ കണ്ട കാഴ്ചകളെല്ലാം കൂടുതൽ സുന്ദരമായ കാഴ്ചകളാണ് എന്ന് തോന്നിപ്പിക്കാനും ഇടവരുത്തും. നമുക്ക് ചുറ്റുമുള്ള മറ്റു മനുഷ്യരെ, സഹജീവികളെ കൂടുതൽ നന്നായി സ്നേഹിക്കാൻ അതു നമ്മളെ പ്രേരിപ്പിക്കും. അത് മനുഷ്യ മനസ്സുകളെ കൂടുതൽ ആർദ്രമാക്കി മാറ്റും. കലയും സാഹിത്യവുമൊക്കെ വ്യക്തികളിൽ നന്മയും കാരുണ്യവും സഹജീവി സ്നേഹവുമൊക്കെ ഉൽപ്പാദിപ്പിക്കും. മികച്ച ഒരു സിനിമയോ, നാടകമോ കാണുന്നതുവഴിയും ഒരാളിൽ ഇതേ അനുഭവങ്ങൾ തന്നെ സംഭവിക്കുന്നു. അത് മനുഷ്യ മനസ്സുകളെ അവന്റെ ചിന്തകളെ ആശയങ്ങളെ അഭിപ്രായങ്ങളെ നിലപാടുകളെ എല്ലാം മാറ്റിമറിക്കുന്നു.

കലയ്ക്കു മാത്രം പൂർണ്ണമാക്കാൻ കഴിയുന്ന ചില ദൗത്യങ്ങളുണ്ട്. കല എന്നാൽ കേവലമൊരു വിനോദോപാധി മാത്രമല്ല, അതൊരു സാമൂഹ്യ പരിവർത്തന ഉപാധി എന്ന നിലയിൽക്കൂടി മാറുമ്പോഴാണ് കലയുടെ ദൗത്യം പൂർണ്ണമാവുന്നത്. അതേ കലയുടെ നിർവചനത്തിൽപ്പെടുന്ന ദൗത്യം തന്നെയാണ് സിനിമയും നിർവഹിക്കേണ്ടത്.

ഗ്രീക്ക് ചിന്തകനും കലാദാർശനികനുമായ അരിസ്റ്റോട്ടിലിന്റെ കഥാർസിസ് എന്ന സിദ്ധാന്തം അർത്ഥമാക്കുന്നത് മനുഷ്യമനസ്സിലെ എല്ലാ ദുഷ്ടതകളും ദുർചിന്തകളും നീക്കം ചെയ്ത് മനസ്സിനെ വിമലീകരിക്കുന്ന പ്രക്രിയയാണ് കലയിലൂടെ സംഭവിക്കുന്നത് എന്നാണ്. അതായത് ഒരു വ്യക്തിയെ നല്ല മനുഷ്യനായി രൂപാന്തരപ്പെടുത്തുകയാണ് കലയുടെ ധർമ്മം എന്നുസാരം. ഇത് അർത്ഥമാക്കുന്നതും കലയും സിനിമയുമൊക്കെ മനുഷ്യനെ ഈ വിധം സ്വാധീനിക്കുമെന്നു തന്നെയാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അയിത്തവും എല്ലാം നിലനിന്നിരുന്ന ഒരു ഇരുണ്ട ഭൂതകാലത്തിൽനിന്ന് അതെല്ലാം ധീരമായ പോരാട്ടങ്ങളിലൂടെയും ചെറുത്തുനിൽപ്പുകളിലൂടെയും തകർത്തെറിഞ്ഞുകൊണ്ട് മുന്നേറിയ മനുഷ്യസമൂഹമാണ് നവോത്ഥാന കേരളം രൂപീകരിക്കപ്പെട്ടതിനു പിന്നിൽ. ഇതിൽ നവോത്ഥാന നായകർക്കൊപ്പം കലാപ്രവർത്തകരുടെ സ്വാധീനവും വളരെ വലുതാണ്. ഇത്തരത്തിലുള്ള ഒരു പ്രക്രിയയുടെ വികാസ ചരിത്രമാണ് നമുക്കുള്ളത്. ലോകത്തിനുതന്നെ അഭിമാനമായ തലങ്ങളിലേക്ക് കല – രാഷ്ട്രീയ – വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെയാണ് നമ്മളെത്തിച്ചേർന്നതെന്നു ചുരുക്കം.

സിനിമ ഏറ്റവും മികച്ച കലാസൃഷ്ടി എന്ന രീതിയിലാണ് വിലയിരുത്തപ്പെടുന്നത്. ലോകത്തിനു മുന്നിൽ മലയാള സിനിമ വളർന്നു വികാസം പ്രാപിച്ചത് ഏതൊരു മലയാളിക്കും അഭിമാനം ഉണ്ടാക്കുന്നതാണ്. ഇതിലേക്ക് നയിച്ച എത്രയോ മഹാപ്രതിഭകൾ നമ്മുടെ സിനിമാമേഖലയിലുണ്ട്. പക്ഷേ, ഇന്ന് സിനിമ, കല അല്ലെങ്കിൽ സാംസ്കാരിക പ്രവർത്തനം (Cultural Activity) എന്ന നിലയിൽ നിന്നൊക്കെ മാറി കച്ചവടം എന്ന നിലയിലേക്ക് താഴുകയാണ്. മികച്ച കലാമൂല്യമുള്ള ചില സിനിമകളും ഉണ്ടാവുന്നുണ്ട് എന്നത് വിസ്മരിക്കുന്നില്ല. എന്നാൽ ഇതിനു വിപരീതമായി വെറും കച്ചവടതാൽപര്യം മാത്രം ലക്ഷ്യംവെച്ച സിനിമകളാണ് അധികവും.

കഥ ആവശ്യപ്പെടുന്നതാണെങ്കിൽ വയലൻസ് ആകാം. പക്ഷേ, അത് കലാപരതയുള്ള ആവിഷ്കരണം ആകണം. സൗന്ദര്യാത്മകമായി അത് അവതരിപ്പിക്കാൻ കഴിയണം. പച്ചയ്ക്ക് പ്രകടമാക്കാതെ ധ്വന്യാത്മകമായി അത്തരം രംഗങ്ങൾ ദൃശ്യവൽക്കരിക്കാൻ കഴിയണം. അറപ്പുളവാക്കുന്ന തരത്തിൽ, ആളുകളെ വേട്ടയാടുന്ന തരത്തിലുള്ള ചിത്രീകരണത്തിനെതിരെയാണ് നാം നിൽക്കേണ്ടത്. മനുഷ്യമനസ്സിന്റെ ദുർബലതയെ ചൂഷണം ചെയ്ത് വിജയം കെെവരിക്കുക എന്ന നിലയിലേക്ക് പുതുസിനിമകൾ മാറുന്നതിലെ അപകടം തിരിച്ചറിയേണ്ടതുണ്ട്.

നമ്മുടെ യുവതലമുറയെ പിടിമുറുക്കിയിരിക്കുന്ന ലഹരിശീലത്തിന്റെ വാർത്തകൾ അനുദിനം കേൾക്കുന്ന വർത്തമാനകാലത്ത് ആ യുവതലമുറയെ കൂടുതൽ ആകർഷിക്കുന്ന ഒന്നാണ് സിനിമയിലെ ക്രൂരദൃശ്യങ്ങൾ. പ്രത്യേകിച്ചും നായകന്റെ സംഭാഷണങ്ങളും വേഷവിധാനങ്ങളും ചില പ്രത്യേക ചേഷ്ടകളുമൊക്കെ. സിനിമയിലെ നായകന്മാരെ, അവർ അങ്ങനെയായിത്തീർന്ന സാഹചര്യങ്ങളെ മഹത്വവൽക്കരിച്ചുകാണിക്കുന്ന ലഹരി ഉപയോഗം, കൊലപാതകങ്ങൾ, ഇവയെല്ലാം വിനോദങ്ങളെന്നപോല ആഘോഷിക്കുന്ന, സഹജീവികളായ മനുഷ്യരെ വളരെ പെെശാചികമായ രീതിയിൽ കൊന്നൊടുക്കുന്ന, ദൃശ്യങ്ങളൊക്കെ പുതിയ ആവിഷ്കാര രീതികളിൽ പരീക്ഷണാടിസ്ഥാനത്തിൽ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുകയാണ് ഒാരോ സിനിമയിലും. ഒരു കലാപരതയുമില്ലാതെ വയലൻസ് അതേപടി ചിത്രീകരിക്കുകയും ആവിഷ്കരിക്കുകയും ചെയ്യുകയാണ് സിനിമകളിൽ. ഇത്തരത്തിൽ ക്രൂരതനിറഞ്ഞ ദൃശ്യങ്ങൾ കാണിക്കാൻവേണ്ടി മാത്രം നിർമ്മിക്കപ്പെടുന്ന കുറേ സിനിമകൾ. പ്രത്യേകിച്ചും യുവതലമുറയിൽ ഇത്തരമൊരു ട്രെൻഡ് വർദ്ധിച്ചുവരുന്നു. ഇത് മനസ്സിലാക്കിയ ചില ചലച്ചിത്ര പ്രവർത്തകർ ഈ രീതിയിലുള്ള സിനിമകൾ സൃഷ്ടിക്കുന്നു. അന്യഭാഷകളിലും ധാരാളമായി ഇത്തരം സിനിമകൾ ഉണ്ടാവുന്നുണ്ട്. വിരൽത്തുമ്പിൽ ഏതു രാജ്യത്തെയോ ദേശത്തെയോ സിനിമകൾ കാണാനുള്ള സംവിധാനങ്ങൾ ഇന്നു നമുക്ക് മുൻപിലുണ്ട്. ലഹരിയുടെ വർദ്ധിച്ചുവരുന്ന ഉപയോഗവും കണ്ണിനെയും മനസ്സിനെയും നിരന്തരം സ്വാധീനിക്കുന്ന സിനിമകളും വളരെ ആവേശപൂർവം സ്വീകരിക്കുകയും അതിലെ ക്രൂരതകൾ നിറഞ്ഞ ദൃശ്യങ്ങൾ സ്വന്തം ജീവിതത്തിലും അനുകരിക്കാനും പ്രാവർത്തികമാക്കാനും ശ്രമിക്കുകയും ചെയ്യുന്ന ഔചിത്യം നഷ്ടപ്പെട്ട ഒരു തലമുറ വളർന്നുവരുന്നുണ്ട്. സ്വബോധമുള്ള മനുഷ്യനെ സംബന്ധിച്ച് സിനിമ നന്മയിലേക്കു നയിക്കുന്ന ഒന്നാണ്. പക്ഷേ സ്വബോധം നഷ്ടപ്പെട്ട് ലഹരിയ്ക്ക് അടിമകളായവരെ ഇത്തരം ദൃശ്യങ്ങൾ വളരെ നെഗറ്റീവായിത്തന്നെ സ്വാധീനിക്കുന്നു. പ്രത്യേകിച്ച് ഇത്തരം സിനിമകളിലെ നായകൻമാരെ മഹത്വവൽക്കരിച്ചുകാണിക്കുമ്പോൾ ഇതിലെ ശരിതെറ്റുകളെക്കുറിച്ച് കൃത്യമായ വിശകലനം നടത്താൻ കഴിയാതെ പോകുകയും അവ ജീവിതത്തിൽ സ്വാംശീകരിക്കുകയും പ്രാവർത്തികമാക്കുകയും അനുകരിക്കുകയും ചെയ്യുന്നു. സമാനമായ നിരവധി കേസുകൾ ഈയടുത്തിടെ റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട്. ഇതിലെല്ലാം സിനിമകളുടെ സ്വാധീനം പ്രകടമാണെന്നു പല മനഃശാസ്ത്രജ്ഞരും പറയുന്നുണ്ട്.

കലാ–സാംസ്കാരിക പ്രവർത്തനം എന്ന നിലയിൽ നിന്നു വഴിമാറിപ്പോയിക്കൊണ്ടിരിക്കുന്ന സിനിമയെ അതിന്റെ കലാപരത ചോർന്നുപോകാതെ തിരിച്ചുപിടിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഏറ്റവും വലിയ ഒരു അപകടത്തിലേക്കാണ് നാം പോകുന്നത്. കല കെെകാര്യം ചെയ്യുന്നത് ഒരു വലിയ ജനസമൂഹത്തെയാണ്. അതുകൊണ്ടുതന്നെ കല കെെകാര്യം ചെയ്യുന്നവർ തികഞ്ഞ ഉത്തരവാദിത്തത്തോടെ അത് നിർവഹിക്കേണ്ടതുണ്ട്. കലാപ്രവർത്തനവും കലാസൃഷ്ടിയും ഒന്ന് പാളിപ്പോയാൽ അത് ഒരു ജനസമൂഹത്തെ മൊത്തം അപചയത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ്, ഉത്തരവാദിത്തത്തോടെ ഇത് കെെകാര്യം ചെയ്യേണ്ടതിനെക്കുറിച്ചുള്ള ബോധ്യം എന്നിവയൊക്കെ കലാപ്രവർത്തകർക്കുണ്ടാവണം. സിനിമയിലൂടെ നല്ല ഒരു സന്ദേശം നൽകാൻ കഴിയണമെന്നൊന്നും എനിക്കഭിപ്രായമില്ല. സന്ദേശമൊന്നും നൽകിയില്ലെങ്കിലും ഒരു അപകടവുമില്ല. പക്ഷേ എന്തെങ്കിലും ഒരു സന്ദേശം സമൂഹത്തിനു നൽകുന്നുവെങ്കിൽ അത് ശരിയുടെയും നന്മയുടെയും മനുഷ്യത്വത്തിന്റെയും പക്ഷത്തുനിന്നുകൊണ്ടാവണം. അത് പുരോഗമന സമൂഹത്തെ രൂപപ്പെടുത്തുന്നതിന് ശക്തിപകരുന്നതാവണം; ഒരു സമൂഹത്തെ മുന്നോട്ടു നയിക്കാൻ കരുത്തുപകരുന്നതും, മനുഷ്യപക്ഷത്തുനിൽക്കുന്നതും മാനവികതയുടെ ചിന്ത ഉണർത്തുന്നതുമാകണം. തെറ്റായ സന്ദേശം സമൂഹത്തിനു നൽകാൻ കല ഉപയോഗിക്കരുത്.

ഫാസിസത്തിനെതിരായ ചെറുത്തുനിൽപ്പ് എന്ന നിലയിൽ നമുക്ക് ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും ശക്തമായ ആയുധമാണ് കലയും സാഹിത്യവുമൊക്കെ. പ്രത്യേകിച്ച് നമ്മുടെ വർത്തമാന– രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇതിനു വലിയ പ്രസക്തിയുണ്ട്. കലയെയും രാഷ്ട്രീയത്തെയും ഈ രീതിയിലുള്ള പ്രതിരോധത്തിനുള്ള ആയുധമാക്കി ഉപയോഗിക്കാൻ പറ്റുന്നൊരു കാലത്ത് വളരെ ക്രിയാത്മകമായി ഇതിനെ ഉപയോഗിക്കുന്നതിനുപകരം വെറും കച്ചവടവൽക്കരണത്തിന്റെ അപചയത്തിലേക്ക് അത് ഒതുങ്ങിപ്പോകരുത്. ഫാസിസ്റ്റുകൾ ഏറ്റവും കൂടുതൽ ഭയക്കുന്നത് എഴുത്തുകാരന്റെ മൂർച്ചയുള്ള വാക്കുകളെയും കലാകാരരുടെ തീവ്രമായ ആവിഷ്കാരങ്ങളെയുമാണ്. എക്കാലത്തും അവ ഫാസിസ്റ്റുകളുടെ ഉറക്കംകെടുത്തിയിരുന്നു. അതുകൊണ്ടുതന്നെയാണ് ഇത്തരം പ്രതിരോധത്തിന്റേതായ സൃഷ്ടികളെയും അതിന്റെ സ്രഷ്ടാക്കളെയും ഇല്ലായ്മ ചെയ്യാൻ ഭരണകൂടങ്ങളും ഫാസിസ്റ്റു ഭരണാധികാരികളും ശ്രമിക്കുന്നത്. ഇങ്ങനെ മാത്രം രക്തസാക്ഷികളായ എത്രയോ മഹാപ്രതിഭകൾ നമുക്കുണ്ട്. അങ്ങനെയൊരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. ഈ അർഥത്തിൽ കലയുടെ അപാരമായ ശക്തി സാധ്യതകൾ മനസ്സിലാക്കി സമൂഹത്തിന് ഏറ്റവും പ്രയോജനകരമായി, സമൂഹത്തിന്റെ പുനഃസൃഷ്ടിക്കുതകുംവിധം അതിനെ ഉപയോഗപ്പെടുത്താൻ കലയും സാഹിത്യവുമൊക്കെ കെെകാര്യം ചെയ്യുന്നവർ തയ്യാറാവേണ്ടതുണ്ട്.

ഇക്കാലത്തെ ചില സിനിമകൾ, ‘നിങ്ങളിതിൽ പൊളിറ്റിക്കൽ കറക്ടനസ്സുകളൊന്നും തിരയേണ്ടതില്ല’ എന്നുതന്നെ പ്രത്യക്ഷമായും പരോക്ഷമായും പ്രസ്താവനകളിറക്കിക്കൊണ്ടിരിക്കുന്നു. ഇതുവഴി സിനിമയിലുടനീളം സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയുമൊക്കെ ഒളിച്ചുകടത്തുന്നു. ദളിതരായ മനുഷ്യർ താമസിക്കുന്ന ഇടങ്ങളിൽനിന്നും മാത്രമാണ് ആളുകളെ കൊല്ലാൻ പ്രാപ്തിയുള്ള ഭീകര മനുഷ്യർ ഉണ്ടാവുന്നതെന്ന തെറ്റായ സന്ദേശം നൽകി കൃത്യമായ അജൻഡകളോടെ ഒരു പൊതുബോധം സൃഷ്ടിച്ചെടുക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ട്. സിനിമ എല്ലാ അർഥത്തിലും ഒരു സമൂഹത്തിന്റെ ആശയരൂപീകരണത്തിനും ചിന്തകളെ മാറ്റിമറിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഈ സാധ്യതകളെ തിരിച്ചറിഞ്ഞുകൊണ്ട് ഫാസിസ്റ്റു ഭരണകൂടങ്ങളും അധികാരികളും അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയും രാഷ‍്ട്രീയ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുവേണ്ടിയും മനുഷ്യമനസ്സിനെ നിയന്ത്രിക്കാൻ പാകത്തിലുള്ള ബുദ്ധിപൂർവമായൊരു തന്ത്രം നിറവേറ്റുന്നതായിക്കൂടിയും ഇത്തരം സിനിമകളെ കാണേണ്ടതുണ്ട്. ഇത്തരത്തിലുള്ള എല്ലാ സാംസ്കാരിക അധിനിവേശങ്ങളെയും പ്രതിരോധിക്കാനും തിരിച്ചറിയാനുമുള്ള കരുത്ത് കലാകാരർക്കുണ്ടാവണം. ഇത്തരത്തിൽ കലയുടെ പേരിൽ പുറത്തുവരുന്ന വ്യാജ നിർമിതികൾ ധാരാളമായുണ്ട്. ഇതിലൂടെ ഒരു സാംസ്കാരിക വിഷം പ്രേക്ഷകരിലേക്ക് കുത്തിവയ്ക്കപ്പെടുകയാണ്. ബോധപൂർവമായ പ്രചരണ തന്ത്രങ്ങൾ കൂടി ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ദളിത് വിരുദ്ധതയും സ്ത്രീ വിരുദ്ധതയുമൊക്കെ പ്രചരിക്കപ്പെടുന്നതും.

സമൂഹത്തിലെ പ്രശ്നങ്ങളോടൊക്കെ കലഹിച്ചും പ്രതിഷേധിച്ചുമാണ് കല വളർന്നു വികാസം പ്രാപിച്ചത്. കല കാലത്തിനോടുള്ള നിരന്തരമായ കലഹം കൂടിയാണ്. കലയുടെ സാമൂഹ്യ ഉത്തരവാദിത്തം അത് നിറവേറ്റേണ്ടതായുണ്ട്. പണാധിപത്യത്തിന്റെ മേഖലയായി കല ചുരുങ്ങുമ്പോൾ, സ്വാർഥത നിറഞ്ഞ മനുഷ്യർ കലയും സംസ്കാരവുമൊക്കെ കയ്യാളുമ്പോൾ അത് മാനവസമൂഹത്തിന്റെയാകെ അപചയത്തിനു കാരണമാകും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen + five =

Most Popular