Friday, April 4, 2025

ad

Homeകവര്‍സ്റ്റോറിഹിംസയുടെ ദൃശ്യപടങ്ങൾ

ഹിംസയുടെ ദൃശ്യപടങ്ങൾ

ഡോ. സംഗീത ചേനംപുല്ലി

കേരളീയ സമൂഹത്തെ പിടിച്ചുകുലുക്കിയ ഹിംസാത്മകമായ ചില കൊലപാതകങ്ങളും ക്രൂരമായ ആക്രമണങ്ങളും സമീപകാലത്ത് നടക്കുകയുണ്ടായി. സമാന്തരമായി ഏറ്റവും വയലൻസുളള സിനിമ എന്ന തലക്കെട്ടോടെ സിനിമ മാർക്കറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു. അതിനെ കടത്തിവെട്ടുന്ന വിധത്തിൽ പിന്നീടിറങ്ങുന്ന സിനിമകളും ഹിംസയുടെ ഭീതിദമായ ആവിഷ്കാരങ്ങളാകുന്നതും കാണാം. സമീപകാലത്തുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹത്തെ ഏറ്റവും എളുപ്പം സ്വാധീനിക്കാൻ കഴിയുന്ന ജനപ്രിയകല എന്ന നിലയിൽ മലയാളസിനിമയുടെ നേർക്കാണ് വിമർശനത്തിന്റെ ചൂണ്ടുവിരൽ നീളുന്നത്. സമൂഹത്തിനുമേൽ നാം കരുതുന്നത്ര സ്വാധീനം സിനിമയിലെ വയലൻസിനുണ്ടോ? ഉണ്ടെങ്കിൽ അതിന്റെ സാമൂഹ്യമായ കാരണങ്ങൾ എന്താണ് എന്നെല്ലാം ഗൗരവമായിത്തന്നെ പരിശോധിക്കപ്പെടേണ്ടതുണ്ട്.

കലയിലെ വയലൻസിനെപ്പറ്റിയുള്ള ആലോചനകൾക്ക് പൗരാണിക ഗ്രീക്ക് നാടകങ്ങളോളം പഴക്കമുണ്ട്. മനുഷ്യമനസ്സിലെ നശീകരണ പ്രവണതകളെ പുറന്തള്ളുന്ന കഥാർസിസ് ആയി ഗ്രീക്ക് നാടകങ്ങളിലെ ഹിംസാത്മകത പ്രവർത്തിക്കുന്നു എന്ന് അരിസ്റ്റോട്ടിൽ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ വയലൻസിന്റെ ദൃശ്യവത്കരണം കൂടുതൽ കടുത്ത വയലൻസിനുള്ള ദാഹമുണർത്തുന്നു എന്നാണ് പുതിയകാല മനഃശാസ്ത്ര പഠനങ്ങൾ തെളിയിക്കുന്നത്. അസ്ഥിരവും അനിശ്ചിതവുമായ സമൂഹവുമായി പൊരുത്തപ്പെടാനുള്ള പരിശീലനമായി വയലൻസിനെ കാണേണ്ടതുണ്ട് എന്നാണ് വയലൻസ് അനുകൂലികളുടെ മറ്റൊരു വാദം. ജീവിതപരിശീലനമാണ് ഇതിലൂടെ നടക്കുന്നതെന്നും അത് വ്യക്തിയെ കൂടുതൽ കരുത്തുള്ളവനാക്കി മാറ്റുമെന്നും ഇക്കൂട്ടർ അവകാശപ്പെടുന്നു. റാഗിങ്- അനുകൂലികളും പ്രതികളും വാദിക്കുന്നതും ഇതുതന്നെയാണ് എന്നോർക്കുമ്പോൾ ഈ വാദത്തിലെ പൊള്ളത്തരം മനസ്സിലാക്കാം. എതിർവശത്ത് നിൽക്കുന്നതും തന്നെപ്പോലുള്ള മനുഷ്യനാണെന്നും അയാൾക്കും ഭൂമിയിൽ ജീവിക്കാൻ തുല്യമായ ജനാധിപത്യ അവകാശമുണ്ടെന്നും മറന്നുപോവുമ്പോഴാണ് ഒരാൾ മറ്റൊരു വ്യക്തിയെ ശാരീരികമായി ആക്രമിക്കാൻ തയ്യാറാകുന്നത്. എളുപ്പം ദേഷ്യം വരുന്ന സ്വഭാവക്കാർ, സഹജീവിസ്നേഹം കുറഞ്ഞവർ അതും ഏറെയും പുരുഷന്മാരാണ് വയലൻസ് കൂടുതലുള്ള ദൃശ്യങ്ങളുടെ മുഖ്യപ്രേക്ഷകർ എന്ന് ഹോളിവുഡ് സിനിമകളെ അടിസ്ഥാനമാക്കി നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. വയലൻസ് അടങ്ങിയ ദൃശ്യങ്ങൾ കാണുമ്പോഴുണ്ടാകുന്ന അടിയന്തിര ഹോർമോണായ അഡ്രിനാലിന്റെ തള്ളിക്കയറ്റമാണ് ഒരുവിഭാഗം ആളുകളെ വയലൻസിന്റെ ആരാധകരാക്കുന്നത്. മറ്റൊരു വിഭാഗം, ആസ്വാദ്യകരമായ അനുഭവമല്ലെങ്കിലും തങ്ങൾക്ക് അതിൽ നിന്ന് ചില പാഠങ്ങൾ പഠിക്കാനാവും എന്ന ധാരണയിൽ ഹിംസാത്മക ദൃശ്യങ്ങൾ കാണുന്നുണ്ടത്രേ. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തിനൊടുവിൽ തിന്മയെ തോൽപ്പിച്ച് നന്മ വിജയം നേടും എന്ന ആശയത്തിന് ഗോത്രകാലത്തും ഇന്നുമുള്ള മതവിശ്വാസങ്ങളോടാണ് അടുത്ത ചാർച്ചയുള്ളത്. സിനിമയിൽ തിന്മയുടെ പ്രതിരൂപമായ വില്ലനുമേൽ നന്മയുടെ പ്രതിരൂപമായ നായകൻ നടപ്പാക്കുന്ന നീതി കാഴ്ചക്കാരന്റെ ഗോത്രമനസ്സിനെയാണ് ഉദ്ദീപിപ്പിക്കുന്നത്. സിനിമയിൽ മാത്രമല്ല വയലൻസിനോടുള്ള താല്പര്യത്തിന്റെ വേരുകൾ നിലനിൽക്കുന്നത് എന്നു സാരം. മാത്രമല്ല നന്മയുടെ വിജയം നമ്മുടെ തലച്ചോറിലെ ചില പ്രത്യേക ഭാഗങ്ങളെ ഉദ്ദീപിപ്പിച്ച് സംതൃപ്തിയുടേതായ തോന്നലുണ്ടാക്കുകയും ചെയ്യുന്നു.

സിനിമയുടെ ആശയത്തെയോ കലാമൂല്യത്തെയോ പൂർണ്ണമാക്കാൻ വയലൻസിന്റെ ആവശ്യമുണ്ട് എന്നാണ് മറ്റൊരു വാദം. 1993 ൽ പുറത്തിറങ്ങിയ ‘ദി ഫ്യൂജിറ്റീവ്’ എന്ന സിനിമ വയലൻസ് ഒഴിവാക്കിയും ഒഴിവാക്കാതെയും രണ്ട് വ്യത്യസ്ത സംഘം ആളുകളെ കാണിച്ചപ്പോൾ രണ്ടു കൂട്ടരും ഒരേപോലെ സിനിമ ആസ്വദിച്ചു എന്ന് ഗവേഷകർ തെളിയിച്ചിട്ടുണ്ട്. അപ്പോൾ സിനിമയെ ആസ്വാദ്യകരമോ പൂർണതോതിൽ അനുഭവവേദ്യമോ ആക്കാൻ വയലൻസിന്റെ സഹായം ആവശ്യമില്ല എന്ന് ഈ പഠനം സൂചിപ്പിക്കുന്നുണ്ട്. ഹിംസയുടെ കാഴ്ച ശരീരത്തിൽ അഡ്രിനാലിൻ റഷ് ഉണ്ടാക്കുകയും സംതൃപ്തിയുടെ അനുഭവം പ്രദാനം ചെയ്യുകയും ചെയ്യുന്നു എന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. ഇത് ശീലമായി മാറുകയും ആനന്ദത്തിനായി കൂടിയ അളവിലുള്ള വയലൻസ് കാണേണ്ടി വരികയും ചെയ്യാനിടയുണ്ട്. സിനിമയിൽ തന്നെ ഹിംസാത്മകതയുടെ തോത് ഉയർന്നുയർന്ന് പോകുന്നത് മുൻപു കാണിച്ച കാഴ്ചകൾ കൊണ്ട് പ്രേക്ഷകനെ തൃപ്തിപ്പെടുത്താൻ ആവില്ല എന്ന ബോധ്യമുള്ളതുകൊണ്ടാണ്. ഭരണകൂടത്തിന്റെ മെരുക്കൽ സംവിധാനങ്ങളോടും ഇൻസ്റ്റിറ്റ്യൂഷണൽ വയലൻസിനോടും പൊരുത്തപ്പെടാനുള്ള പരിശീലനമായിക്കൂടി കലയിലെ വയലൻസ് മാറുന്നുണ്ട്. ആരൊക്കെയാണ് ഇരയാക്കപ്പെടേണ്ടവർ എന്ന് കൃത്യമായി സൂചിപ്പിക്കാനും കലയിലെ വയലൻസിനെ പണ്ടുകാലം മുതൽക്കേ ഉപയോഗിച്ചിട്ടുണ്ട്. അമ്പത്താറിഞ്ച് നെഞ്ചളവ് പ്രധാനമന്ത്രിയുടെ വിശേഷണമാകുന്നതും സൗമ്യരായിരുന്ന രാമനും ഹനുമാനുമൊക്കെ ക്ഷുഭിത ഭീകരരൂപങ്ങളാകുന്നതും വയലൻസിന്റെ രാഷ്ട്രീയവത്കരണത്തെ വെളിവാക്കുന്നുണ്ട്. യൂറോപ്യർ കോളനികൾ സ്ഥാപിച്ച രാജ്യങ്ങളിലെ ജനങ്ങളെ അടിച്ചൊതുക്കുകയും തുടച്ചുനീക്കുകയും ചെയ്തത് കൃത്യമായി ക്രമീകരിച്ച ഹിംസയിലൂടെയാണ് എന്നുകൂടി ഇതിനോട് ചേർത്തുവായിക്കേണ്ടതുണ്ട്. ഹിറ്റ്ലറുടെ ഭരണകാലവും കോൺസൻട്രേഷൻ ക്യാമ്പുകളും മനുഷ്യന് ഭാവന ചെയ്യാൻ പോലും ആവാത്ത വയലൻസിന്റെ പ്രകടനവേദികളായിരുന്നു.

ഈ നൂറ്റാണ്ടിന്റെ തുടക്കം മുതൽ തന്നെ തമിഴിൽ മധുരൈ സിനിമകൾ എന്നറിയപ്പെട്ട സിനിമകൾ കുടിപ്പകയും പ്രതികാരവും പോരാട്ടങ്ങളുമായി ഹിംസയെ പ്രത്യക്ഷവത്കരിച്ചു. പരുത്തിവീരനിൽ നിന്നാരംഭിച്ച ഈ തരംഗം സുബ്രഹ്മണ്യപുരം പോലുള്ള സിനിമകളിലൂടെ മുന്നോട്ടുപോവുകയും ചെയ്തു. തമിഴ് സിനിമയിൽ വയലൻസിന്റെ ആദ്യ തരംഗം ജാതീയതയെ (തേവർമകൻ ഉദാഹരണം) പ്രോത്സാഹിപ്പിക്കുന്ന തരത്തിലായിരുന്നെങ്കിൽ രണ്ടാം തരംഗത്തിൽ സമവാക്യങ്ങൾ മാറിമറയുകയും അടിച്ചമർത്തപ്പെട്ടവന്റെ ചെറുത്തുനിൽപ്പിന്റെ ആവിഷ്കാരമായി ഹിംസ മാറുകയും ചെയ്യുന്നുണ്ട്. അസുരൻ, വിടുതലൈ, കർണൻ തുടങ്ങി നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനാവും. കേരളത്തിൽ പ്രത്യക്ഷമായ ജാതി സംഘട്ടനങ്ങളുടെ സാഹചര്യമല്ല നിലവിലുള്ളത്. രാഷ്ട്രീയ സംഘട്ടനങ്ങൾ തന്നെ കുറഞ്ഞിട്ടുമുണ്ട്. പക്ഷേ സ്ക്രീനിൽ ഹിംസ ആധിപത്യം നേടുന്നതാണ് കാണാനാവുക. അങ്കമാലി ഡയറീസ് പോലുള്ള സിനിമകൾ വയലൻസിന്റെ ചക്രത്തിൽ കുടുങ്ങിപ്പോകുന്നവരുടെ കഥയാണ് പറഞ്ഞത്. കോവിഡ് കാലത്താണ് മലയാള സിനിമയിൽ പതിവിനു വിരുദ്ധമായി കറുപ്പിനും വെളുപ്പിനും ഇടയ്ക്കുള്ള ഇരുണ്ട മേഖലകളിൽ നിലനിൽക്കുന്ന കഥാപാത്രങ്ങൾ കേന്ദ്രസ്ഥാനത്തേക്ക് കൂടുതലായി വന്നുതുടങ്ങിയത്. ഇതിൽ പലതിലും വയലൻസ് മിതമായാണ് അവതരിപ്പിക്കപ്പെട്ടത്, തെറ്റിനും ശരിക്കും ഇടയ്ക്ക് നിൽക്കുന്ന കാഴ്ചപ്പാടുകൾ അവതരിപ്പിച്ച ഈ സിനിമകൾ പിൽക്കാലത്തെ പ്രത്യക്ഷ വയലൻസിന് മണ്ണൊരുക്കുകയാണ് ചെയ്തത് എന്നുവേണം കരുതാൻ. ജോജി, ആർക്കറിയാം തുടങ്ങിയ സിനിമകൾ ഉദാഹരണം. ഇക്കാലത്തുതന്നെ പുറത്തിറങ്ങിയ സിനിമകളിലാണ് പ്രത്യക്ഷരൂപത്തിൽ വയലൻസ് ആവിഷ്കരിക്കപ്പെട്ടത്. ഇതിലെ സംഘട്ടനത്തിന് ജാതിവിരുദ്ധ പോരാട്ടത്തിന്റെ തമിഴ്ഛായയും ഉണ്ടായിരുന്നു. ആവേശം വയലൻസിന്റെ സ്റ്റൈലൈസ്ഡ് ആവിഷ്കാരമായിരുന്നു. സമീപകാലത്ത് പുറത്തിറങ്ങിയ രേഖ, അഞ്ചക്കള്ളകോക്കാൻ, പണി, മാർക്കോ മുതൽ ഓഫീസർ ഓൺ ഡ്യൂട്ടി വരെ വിവിധ സിനിമകൾ വയലൻസിന്റെ പല ഗ്രേഡിലുള്ള ആവിഷ്കാരങ്ങൾ കാഴ്ചവെക്കുന്നുണ്ട്.

നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുകയും, പൊലീസ് കഥാപാത്രങ്ങളെപ്പോലും അതിനുപയോഗിക്കുകയും ചെയ്യൂന്ന പ്രവണത പല സിനിമകളിലും കാണാൻ കഴിയും. സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ തുടങ്ങിയവരും ഹിംസയിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ല എന്നു മാത്രമല്ല പലപ്പോഴും നായകന്റെ വീരത്വപ്രകടനത്തിന്റെ ഇരകളായി അവർ മാറുകയും ചെയ്യുന്നു. ‘ഓഫീസർ ഓൺ ഡ്യൂട്ടി’യിൽ മാല മോഷ്ടിച്ചു എന്നാരോപിക്കപ്പെട്ട സ്ത്രീയെ മർദ്ദിക്കുന്ന രംഗം സാമൂഹ്യനീതിയെക്കുറിച്ച് നമ്മൾ ഇന്നോളം കെട്ടിപ്പടുത്ത ധാരണകൾക്കൊപ്പം ഭരണഘടനയേയും നിയമസംഹിതകളേയും വെല്ലുവിളിക്കുന്നു. കുട്ടികളോടുള്ള വയലൻസ്, ആത്മഹത്യാരംഗങ്ങൾ തുടങ്ങിയവയും വളരെ വിശദമായി ചിത്രീകരിച്ചിരിക്കുന്നു. നിയമത്തിനെക്കാൾ ഏറെ സ്വന്തമായി നിർമിച്ച നീതിയാണ് നായകനായ പൊലീസ് ഓഫീസർ നടപ്പിലാക്കുന്നത്. ഇങ്ങനെ പ്രതിലോമകരമായ സാമൂഹ്യബോധത്തെ ഈ സിനിമകൾ മുന്നോട്ടുവെക്കുന്നു.

സിനിമയും സമൂഹവും തമ്മിലുള്ള ബന്ധം ഏകദിശാത്മകമല്ല. സിനിമ സമൂഹത്തിൽ നിന്നെടുക്കുകയും ഒപ്പം പലമടങ്ങ് തിരിച്ചുനല്കുകയും ചെയ്യുന്നു. ഹിംസയ്ക്ക് വിപണിമൂല്യമുള്ള ഒരു സമൂഹം നിലനില്ക്കുന്നതുകൊണ്ടാണ് അത്തരം സിനിമകൾ നിർമ്മിക്കപ്പെടുന്നതും, അവ സ്വീകരിക്കപ്പെടുന്നതും. സാമൂഹ്യമായ അസ്ഥിരത, അവനവനിലേക്ക് ചുരുങ്ങുന്ന ലോകബോധം, മാഞ്ഞുപോകുന്ന പൊതുഇടങ്ങൾ, മത്സരാധിഷ്ഠിത ജീവിതശൈലി, ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ, പ്രതീക്ഷാനഷ്ടങ്ങൾ എന്നിവയൊക്കെ ഹിംസ സ്വീകരിക്കപ്പെടാൻ ഇടയാക്കാം. അത്തരം സാഹചര്യങ്ങൾ എന്തൊക്കെ എന്ന് തിരിച്ചറിയുകയും അവയെക്കുറിച്ച് പഠിക്കുകയും ചെയ്യേണ്ടതുണ്ട്. അതേസമയം സിനിമയിലെ വയലൻസ് കുട്ടികളേയും യുവാക്കളേയും സ്വാധീനിക്കാനിടയുണ്ട് എന്നത് പഠനങ്ങളുടെ പിന്തുണയുള്ള വസ്തുതയാണ്. കേരളത്തിലെ തിയേറ്ററുകളിൽ സിനിമയുടെ റേറ്റിംഗ് പോലും പരിഗണിക്കാതെ ഇത്തരം സിനിമകൾക്ക് കൊച്ചുകുട്ടികളെ അനുവദിക്കുന്ന പ്രവണതയാണുള്ളത്. സിനിമയുടെ അണിയറക്കാരാവട്ടെ ഉത്തരവാദിത്തം തിയേറ്റർ ഉടമകളിൽ ചുമത്തി കൈകഴുകുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ കർശനമായ നടപടികൾ ഉണ്ടാകേണ്ടതുണ്ട്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 − 9 =

Most Popular