ഈയടുത്ത കാലങ്ങളിലായി കേൾക്കുന്ന വാർത്തകളൊന്നും ആരോഗ്യപരമായ ഒരു വർത്തമാന സമൂഹത്തെയല്ല, മറിച്ച് ഭീഷണമായ ഒരു ഭാവിയെയാണ് നമുക്കു മുന്നിൽ വെളിപ്പെടുത്തുന്നത്. പുതുതലമുറയിൽ കൂടിവരുന്ന അപചയങ്ങളെ ഇഴകീറി പരിശോധിക്കുമ്പോൾ കാരണങ്ങൾ എത്തിനിൽക്കുന്നത് ഹിംസാത്മക സിനിമകളിലും ലഹരിയിലും കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങളിലും ഒക്കെയായിരിക്കാം.
വർത്തമാന കാലഘട്ടത്തെ അധികരിച്ചുവരുന്ന അക്രമാത്മക സിനിമകളും വയലന്റ് മീഡിയകളും തീർക്കുന്ന മാനസിക പ്രയാസങ്ങളെ ലഘൂകരിച്ചു കാണാനാവില്ല. സിനിമകൾ മനുഷ്യന്റെ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിനോദോപാധിയാണ്. പക്ഷേ ഇത്തരത്തിലുള്ള ഒരു മാധ്യമത്തിന് സമൂഹത്തോട് ചില കടമകൾ നിറവേറ്റാനുമുണ്ട്. അതിന്റെ വിപണന സാധ്യതയെയും ജനങ്ങളുടെ താൽപര്യങ്ങളെയും മുഖവിലയ്ക്കെടുക്കുകയും വേണം. പക്ഷേ തീർത്തും മനുഷ്യത്വരഹിതമായ വയലന്റ് സിനിമകൾ തീർക്കുന്ന പ്രത്യാഘാതങ്ങൾ ചെറുതല്ല. ‘സിനിമയല്ലേ അതിനെ അങ്ങനെ കണ്ടാൽ പോരേ’ എന്ന് ചിലർ ചോദിക്കാറുണ്ട്. സിനിമകൾ കണ്ടു കരയുകയും ചിരിക്കുകയും ദേഷ്യപ്പെടുകയും അസ്വസ്ഥരാകുകയും ചെയ്യുന്നവരാണ് നമ്മൾ. അതുകൊണ്ടുതന്നെ സിനിമ ആളുകളിൽ യാതൊരുവിധ സ്വാധീനവും ചെലുത്തുന്നില്ല എന്ന വാദം തള്ളിക്കളയേണ്ടി വരും.
ഹിംസാത്മകതയുടെ മന:ശാസ്ത്രം
കുട്ടികളിൽ കൂടിവരുന്ന അക്രമാസക്തിയ്ക്ക് കാരണം ഇത്തരത്തിൽ നിർമ്മിച്ചെടുക്കുന്ന സിനിമകൾ കൂടിയാണ്.
സിനിമ കാണുന്നവരെ സംബന്ധിച്ച് ഡിറ്റാച്ച്മെന്റ് എബിലിറ്റി(detachment ability) ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്. സിനിമയിലെ കാര്യങ്ങൾ അയഥാർത്ഥമാണെന്നും നിർമ്മിച്ചെടുക്കുന്നതാണെന്നും വേർതിരിച്ചറിയാനുള്ള കഴിവാണ് ഡിറ്റാച്ച്മെന്റ് എബിലിറ്റി. ഈ കഴിവില്ലെങ്കിൽ സിനിമയിലെ ആശയങ്ങൾ യാഥാർത്ഥ്യമാണെന്ന് ചിന്തിക്കാനും അത് ഒരുതരം അസ്വസ്ഥത സൃഷ്ടിക്കാനുമിടയുണ്ട്. വിവേചന ബുദ്ധിയും ഓരോ കാര്യങ്ങളോടുള്ള മനോഭാവവും നിലപാടുകളും ആശയങ്ങളുമെല്ലാം ക്രമേണ നമ്മളിൽ രൂപപ്പെട്ടുവരുന്നവയാണ്. അതിന് സഹായകമായി ഒരുപാട് ഘടകങ്ങളുണ്ട്.കുട്ടിക്കാലം മുതൽ തന്നെ നടക്കുന്നതാണ് ഇത്തരത്തിലുള്ള മാനസിക പ്രവർത്തനങ്ങൾ.
വയലൻസ് സിനിമകൾ ആദ്യം കാണുമ്പോൾ സ്വാഭാവികമായും ചെറിയ ഞെട്ടലും പേടിയും അസ്വസ്ഥതയും എല്ലാം അനുഭവപ്പെടാൻ സാധ്യതയുണ്ട്. പക്ഷേ വലിയ അളവിൽ ഇത്തരം ആശയങ്ങളുമായുള്ള സമ്പർക്കം ഇതിനെ നോർമലൈസ് ചെയ്യുന്ന മനോഭാവത്തിലേക്ക് നമ്മളെ എത്തിക്കുന്നു. ഡീസെൻസിറ്റൈസേഷൻ(desensitisation) എന്നാണ് ഈ അവസ്ഥയെ പറയുന്നത്.ഇത്തരത്തിൽ ഡീസെൻസിറ്റൈസ് ആയിപ്പോയ ആളുകളെ സംബന്ധിച്ചിടത്തോളം യാതൊരു വികാരപ്പതർച്ചകളുമില്ലാതെ അവരത് കണ്ടിരിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. യഥാർത്ഥ ജീവിതത്തിൽ സംഭവിക്കുന്ന അക്രമങ്ങളിൽ പോലും യാതൊരു പ്രതികരണവുമില്ലാതെ നിൽക്കാൻ ചിലർക്ക് സാധിക്കുന്നത് അതുകൊണ്ടായിരിക്കാം. ഒരു ഘട്ടത്തിൽ ഇത്തരം വയലൻസിനെ അംഗീകരിക്കുന്ന മാനസികാവസ്ഥയിലേക്കുവരെ ആളുകൾ പരിണമിക്കുന്നു.
ഈയടുത്ത കാലത്ത് വിവിധ ഭാഷകളിൽ ഇറങ്ങിയ സിനിമകളുടെ ലിസ്റ്റ് എടുത്താൽ വയലൻസ് പ്രതിനിധാനം ചെയ്യുന്ന സിനിമകളാണ് അതിൽ മുൻപന്തിയിൽ എന്നു കാണാം.ആളുകൾക്ക് ഇഷ്ടപ്പെടുന്നതും അവർ ആഘോഷിക്കുന്നതും ഇത്തരം വയലന്റ് സിനിമകളാണ്. ജോൺ വിക്ക് (John wick ) ,ആനിമൽ (Animal) ,കിൽ (kill) ,മാർക്കോ (Marco ),കെജിഎഫ് (KGF ), ആർ.ഡി.എക്സ് ( RDX), കിങ് ഓഫ് കൊത്ത (king of kotha) സ്ക്വിഡ് ഗെയിം (squid game ), ആലീസ് ഇൻ ബോർഡർലാൻഡ് (alice in borderland)സലാര്‍ ( salar), തല്ല്മാല (thallumala), ആവേശം(aavesham)തുടങ്ങി വിവിധ ഭാഷകളിൽ അവർ തിളങ്ങിനിൽക്കും.
സ്ക്വിഡ് ഗെയിം(squid game) എന്ന കൊറിയൻ സീരീസും ആലിസ് ഇൻ ബോർഡർ ലാൻഡ്(Alice in border land) എന്ന ജാപ്പനീസ് സീരീസും ഒരു ഗെയിം(game) എന്ന ആശയത്തെയാണ് ദൃശ്യവൽക്കരിക്കുന്നത്. ഒരു ഗെയിമിന്റെ ഭാഗമായി ആളുകളെ കൂട്ടമായി കൊന്നൊടുക്കുന്നതാണ് ഈ സീരീസുകളുടെ ആശയം. ഈ അടുത്തിടെ താമരശ്ശേരിയിൽ നടന്ന ദാരുണമായ സംഭവത്തിൽ പ്രതികളായ കുട്ടികളുടെ ചാറ്റിന്റെ വിശദാംശങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവരികയുണ്ടായി.ചാറ്റ് നടന്ന ആപ്പിന്റെ ബാക്ക്ഗ്രൗണ്ട് സ്ക്വിഡ് ഗെയിം എന്ന സീരീസിലെ ഒരു ഡോളിന്റേതാണ്.കുട്ടികളിൽ എത്ര വലിയ രീതിയിൽ ഇത്തരം ആശയങ്ങൾ സ്വാധീനം ചെലുത്തുന്നുണ്ട് എന്നതിന് വലിയൊരു ഉദാഹരണമാണിത്.ഇത്തരത്തിലുള്ള സീരീസുകളുടെ ആദ്യഭാഗം കണ്ടതിനേക്കാളും ആവേശത്തിലായിരിക്കും രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത്.ആദ്യം കണ്ടപ്പോൾ ഉണ്ടായ വികാരപ്പതർച്ചകളൊന്നുമില്ലാതെ, ആസ്വദിച്ചുകാണുന്ന രീതിയിലേക്ക് നമ്മുടെ മാനസികാവസ്ഥ പരിവർത്തനം ചെയ്യപ്പെടുന്നു.
ഒരു സോഷ്യൽ ഹൈറാർക്കി(social hierarchy) നിലനിർത്തുന്നതിനായി, സമൂഹത്തിനും ജനങ്ങൾക്കും ദോഷം ചെയ്യുന്ന വില്ലന്മാരെ ഏതു ക്രൂര മാർഗമുപയോഗിച്ചും കൊല്ലുന്ന നായകന്മാരുടെ ഹീറോയിസത്തെ നമ്മൾ മനസ്സുകൊണ്ട് അംഗീകരിക്കുന്നുണ്ട്.തെറ്റുകൾ ചെയ്യുന്നവർ ഇത്തരത്തിലുള്ള ക്രൂരതകൾ അർഹിക്കുന്നുണ്ട് എന്ന ഒരു പൊതുബോധം നമുക്കിടയിൽ സ്വാഭാവികമായിത്തന്നെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.അതുകൊണ്ടുതന്നെ ഏതുതരം മനുഷ്യത്വരഹിതമായ ക്രൂരതകയെയും നാം ന്യായീകരിക്കുകയും ചെയ്യും.ഈയിടെയായി ഇറങ്ങിയ സിനിമകൾ പരിശോധിച്ചാൽ അവയിലൊക്കെ നീതി നടപ്പാക്കുന്ന നായകനുണ്ടെങ്കിലും ഇല്ലെങ്കിലും നാം ക്രൂരതകളെ ആസ്വദിക്കുന്ന അവസ്ഥയിലേക്ക് പൂർണമായും എത്തിയിട്ടുണ്ട് എന്ന് മനസ്സിലാക്കാം.
2015 ൽ യൂണിവേഴ്സിറ്റി ഓഫ് ടോളേഡോ (University of Toledo)യിൽ നടന്ന ഒരു പഠനത്തിൽ അക്രമ ആശയമുള്ള ഗെയിമുകൾ കളിക്കുന്ന കുട്ടികൾ ഡീസെൻസിറ്റൈസ് ആകുന്നുവെന്നും വലിയ രീതിയിൽ അക്രമാസക്തി കാണിക്കുന്നുവെന്നും വിശദമാക്കുന്നുണ്ട്.
1982-ൽ നടന്ന ചില പഠനങ്ങളുടെ ഭാഗമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ( National Institute of Mental Health)ചില കണ്ടെത്തലുകൾ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. അക്രമാസക്തമായ രംഗങ്ങൾ കാണുന്ന യുവാക്കളിൽ മറ്റുള്ളവരുടെ വിഷമങ്ങൾ കാണാനും മനസ്സിലാക്കാനും സഹാനുഭൂതിയുള്ളവർ ആയിരിക്കാനുമുള്ള കഴിവ് കുറയുന്നുവെന്ന് ഇവർ ചൂണ്ടിക്കാണിക്കഴപ്പടുന്നു. കൂടാതെ ചുറ്റുപാടുകളോട് കൂടുതൽ പേടിയുള്ളവരായും, കൂടുതൽ വയലന്റായ കാര്യങ്ങളിൽ ഇടപെടുന്നവരായും യുവാക്കൾ മാറുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ടെടെഷി(Tedeschi) യും ഫെൽസണും(Felson) 1994 ൽ മുന്നോട്ടുവെച്ച സോഷ്യൽ ഇന്ററാക്ഷൻ തിയറി(Social interaction theory)സാമൂഹികമായ സ്വാധീനമാണ് അക്രമോത്സുക സ്വഭാവങ്ങൾക്ക് കാരണം എന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്.ഒരു സിനിമയിലെ അഭിനേതാവ് നിർബന്ധിതമായി ഒരു നീതി നടപ്പാക്കാൻ ഉപയോഗിക്കുന്ന പ്രതികാരരീതികൾ, എന്തെങ്കിലുമൊന്ന് നേടിയെടുക്കുന്നതിനു വേണ്ടിയാണെന്നും നാസിസത്തിന്റെ ഭാഗമായാണ് അക്രമോത്സുക സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നതെന്നും പറയുന്നു.പണവും പ്രശസ്തിയും പദവിയും നേടിയെടുക്കുന്നതിനായി ഇത്തരത്തിൽ എന്തും ചെയ്യാം എന്ന ചിന്താഗതിയിലേക്ക് ആളുകൾ എത്തുന്നതും ഇത്തരം സിനിമകളുടെ ഒരു അപകടസാധ്യതയെയാണ് തുറന്നുകാട്ടുന്നത്.
വയലന്റ് ആശയങ്ങൾ ഒരു കതാർസിസ്(catharsis) അനുഭവത്തിന് കാരണമാകുന്നു എന്ന് പറയുന്നുണ്ട് .മുമ്പ് തടഞ്ഞു നിർത്തിയതോ ഒഴിവാക്കുകയോ ചെയ്ത വികാരങ്ങളെ പുറത്തുവിടുന്നതാണ് കതാർസിസ് അനുഭവം കൊണ്ടുദ്ദേശിക്കുന്നത് .അത്തരം ശക്തമായ ,അടിച്ചമർത്തപ്പെട്ട വികാരങ്ങൾ പുറത്തുവരുമ്പോൾ നടക്കുന്ന കതാർസിസ് ,ഇത്തരം വയലന്റ് ആശയങ്ങൾ കാണുമ്പോൾ സംഭവിക്കാറുണ്ട്. ഇവിടെ കോപവും അക്രമാസക്തിയുമെല്ലാം വലിയ അളവിൽ പുറത്തുവരാനുള്ള സാധ്യത ഏറെയാണ്.
വയലന്റ് സിനിമ നിർമ്മിച്ചെടുക്കുന്ന
അക്രമോത്സുക
മനുഷ്യർ വില്ലനെ കൊന്ന് നീതി നടപ്പാക്കുന്ന നായകരുടെ ഹീറോയിസത്തെ പൂർണമായും സമൂഹം അംഗീകരിച്ചു കഴിഞ്ഞു.ഏത് അളവിലുള്ള വയലൻസും കാണാൻ നമ്മൾ സന്നദ്ധരാണ്. വയലൻസ് കാണുന്നവരിൽ അഗ്രസീവ് ആയ സ്വഭാവങ്ങൾക്കും പല മാനസിക പ്രയാസങ്ങൾക്കും സമൂഹ വിരുദ്ധ വ്യക്തിത്വത്തിനും (anti social personality) സാധ്യതയുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. റൊമാന്റിസൈസ് ചെയ്യപ്പെടുന്ന ഇത്തരം വയലന്റ് സിനിമകൾ കണ്ട് എതിരെ നിൽക്കുന്നവനെ കൊല്ലാമെന്നും ാഗ് ചെയ്യാമെന്നും പീഡിപ്പിക്കാമെന്നും പല കുട്ടികളും ധരിച്ചുവെച്ചിരിക്കുന്നു.ഒരുതരം അറ്റൻഷൻ സീക്കിങ് ബിഹേവിയർ (attention seeking behaviour)ആയി അത് വളരുകയും ചെയ്യുന്നു.
കമ്യൂണിക്കേഷൻ സ്കോളർ (communi–cation scholar)ആയ ജോർജ് ഗെർബ്ണർ(George Gerbner) ഇത്തരത്തിലുള്ള മീഡിയവലൻസ് എങ്ങനെയാണ് ആളുകളെ സ്വാധീനിക്കുന്നതെന്ന് പറഞ്ഞുവെക്കുന്നുണ്ട്.അദ്ദേഹം മീൻ വേൾഡ് സിൻഡ്രോം(Mean world syndrome )എന്ന ഒരു പദവും ഇതിനായി ഉപയോഗിക്കുന്നു. ഒരു വലിയ കാലയളവിൽ വയലൻസ് കണ്ടവരെ സംബന്ധിച്ചിടത്തോളം ലോകം ഹീനവും അപകടകരവും ആണെന്ന ഇമേജ് അവർക്കുള്ളിൽ രൂപപ്പെടുന്നു എന്നാണ് ഗെർബ്ണർ വിശദീകരിക്കുന്നത്.
ആൻഡേർസണും ഡില്ലും (Anderson &Dill,2000)നടത്തിയ പഠനത്തിൽ ഇത്തരത്തിലുള്ള കണ്ടന്റുകൾ അപകടകരമായ ചിന്തകളിലേക്കും അക്രമാസക്തമായ സ്വഭാവങ്ങളിലേക്കും നയിക്കുന്നുവെന്ന് തെളിയിക്കുന്നുണ്ട്.
ഹ്യൂസ്മാനും സഹായികളും (Huesman. et.al,2003) നടത്തിയ പഠനം കുട്ടിക്കാലത്ത് കാണുന്ന വയലൻസ് നിറഞ്ഞ ഉള്ളടക്കങ്ങളും കുട്ടികളിൽ ക്രിമിനൽ സ്വഭാവം വർധിപ്പിക്കുന്നുവെന്ന് പറഞ്ഞുവെക്കുന്നു.
കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ കണ്ട ഒരു പോസ്റ്റ് ഇതോടൊപ്പം ചേർത്തുവയ്ക്കട്ടെ.തീർത്തും മനുഷ്യത്വരഹിതമായ വയലൻസ് പ്രദർശിപ്പിക്കുന്ന മാർക്കോ എന്ന സിനിമ കാണുന്ന ഒരു ചെറിയ കുട്ടിയും അത് ഷെയർ ചെയ്യുന്ന നടനും ശ്രദ്ധയിൽപ്പെട്ടു. എത്ര വലിയ അപകടത്തിലേക്കാണ് ഇത്തരം കണ്ടന്റുകൾ കുട്ടികളെ തള്ളിവിടുന്നതെന്ന് നാം ശ്രദ്ധാപൂർവ്വം പരിശോധിക്കേണ്ടതുതന്നെയാണ്. ഇത്തരത്തിലുള്ള സിനിമ നിർമ്മിക്കുന്നവരുടെ മാനസികാവസ്ഥയെ സംബന്ധിച്ചും ചർച്ച ചെയ്യേണ്ടതുണ്ട്.
ഫെർഗ്യൂസൺ (Ferguson ,2015)നടത്തിയ പഠനത്തിൽ ദീർഘകാലം വയലന്റ് മീഡിയ കാണുന്നവരുടെ സ്വഭാവത്തെ നെഗറ്റീവായാണ് ഇത്തരം ആശയങ്ങൾ ബാധിക്കുന്നതെന്ന് കണ്ടെത്തി. ക്രിമിനൽ സ്വഭാവ (criminal behaviour)ത്തിനുള്ള സാധ്യതയും, ലഹരി ഉപയോഗ (substance abuse)ത്തിലുള്ള സാധ്യതയും, മറ്റ് മാനസികാരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യതയും ഈ പഠനം മുന്നോട്ടുവയ്ക്കുന്നു.
ദേഷ്യം (aggression) കൂടുതലായി കാണിക്കുന്നവരാണ് ഇത്തരത്തിലുള്ള അക്രമാസക്ത കണ്ടന്റുകൾ കൂടുതലായി കാണുന്നത് എന്നാണ് ഒരു പഠനം വെളിവാക്കുന്നത്. പക്ഷേ അതോടനുബന്ധിച്ച് നടന്ന ഒരു ഗവേഷണത്തിൽ ദേഷ്യം തീരെയില്ലാത്ത ചിലർ ഇത്തരത്തിലുള്ള മീഡിയവലൻസിന്റെ സ്വാധീനംമൂലം അഗ്രസീവായി പെരുമാറുന്നു എന്ന് അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ (APA,2005) വിശദീകരിക്കുന്നുണ്ട്.
വയലൻസ് ആശയങ്ങൾ നിറഞ്ഞ സിനിമകൾ ഒരു സമൂഹത്തെ ഒന്നാകെ ബാധിക്കുന്ന വിഷയമായി മാറുമ്പോൾ കൃത്യമായിത്തന്നെ ഇവയെ അഡ്രസ്സ് ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയായി മാറുന്നു.കുട്ടികളുടെ സ്വഭാവത്തെയും വ്യക്തിത്വത്തെയും നിലപാടുകളെയും ആശയങ്ങളെയുമെല്ലാം സ്വാധീനിക്കാൻ തക്കവണ്ണം സിനിമ പ്രാപ്തമാകുമ്പോൾ അഗ്രസീവായ നായകന്മാരും നായികമാരും നൽകുന്ന സന്ദേശത്തെ സംബന്ധിച്ച് ഒന്നിരുത്തി ചിന്തിക്കേണ്ടതുണ്ട്.ഇത്തരത്തിലുള്ള സിനിമകൾ വലിയ അളവിൽ പ്രദർശിപ്പിക്കപ്പെടുമ്പോൾ അവയെ നിരീക്ഷിക്കാനുള്ള ഒരു സംവിധാനം നടപ്പിലാക്കേണ്ടതുണ്ട്.കൃത്യമായ സെൻസറിങ് ആവശ്യമായി വരുന്നു.
ജീൻ പിയാഷെ (Jean Piaget) തന്റെ കൊഗ്നിറ്റീവ് ഡെവലപ്മെന്റ് തിയറിയിൽ(cognitive development theory) സ്കീമയെപ്പറ്റി വിശദീകരിക്കുന്നുണ്ട്.വിവരങ്ങളെയും കാര്യങ്ങളെയും അവയുടെ ബന്ധങ്ങളെയും തമ്മിൽ ബന്ധപ്പെടുത്തുന്ന ചിന്തയുടെയോ പെരുമാറ്റത്തിന്റെയോ ഒരു സംവിധാനമായി സ്കീമയെ കണക്കാക്കാം. ചില കാര്യങ്ങളുടെ മാനസികഘടന അഥവാ ചട്ടക്കൂട് എന്ന് ചുരുക്കി പറയാം. കുട്ടികളിൽ ഇത്തരം സ്കീമകളുണ്ടാകുന്നത് അവരുടെ പിന്നീടുള്ള വിവരശേഖരണത്തെയും അറിവിനെയും സ്വാധീനിക്കുന്നുണ്ട്. വയലന്റ് മീഡിയകളും ആശയങ്ങളും കാണുന്ന കുട്ടികളിൽ അത്തരത്തിൽ ഒരു ആക്രമണാത്മകസ്വാധീനം ഉണ്ടാക്കുന്ന സ്കീമ രൂപപ്പെടാനുള്ള സാധ്യത ഏറെയാണ് .ഇത് അവരുടെ സ്വഭാവരൂപീകരണത്തെ വലിയതോതിൽ സ്വാധീനിക്കാനിടയുണ്ട്.
ഡാൾ ബേം (Darl Bem) രൂപപ്പെടുത്തിയ സെൽഫ് പെർസെപ്ഷൻ തിയറി (Self Perception Theory)യിൽ മനോഭാവങ്ങൾ (attitudes) രൂപപ്പെടുന്നത് അസോസിയേറ്റീവ് ലേണിംഗ് (Associative Learning) വഴിയും സ്വന്തം സ്വഭാവങ്ങൾ നിരീക്ഷിക്കുന്നത് വഴിയുമാണെന്ന് പറയുന്നുണ്ട് .രണ്ട് കാര്യങ്ങളെ തമ്മിൽ ബന്ധപ്പെടുത്തി കാര്യങ്ങൾ മനസ്സിലാക്കുകയും പഠിക്കുകയും ചെയ്യുന്നതിനെയാണ് അസോസിയേറ്റീവ് ലേണിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.ഇവിടെയാണ് സിനിമകളിലെ അക്രേമോത്സുകരായ നായകന്മാർ നമ്മളിൽ ഉണ്ടാക്കിയെടുക്കുന്ന ആശയങ്ങളും മനോഭാവങ്ങളും എത്രത്തോളം പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ടെന്ന് ചർച്ച ചെയ്യേണ്ടത്.നമ്മൾ ഏറെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഇഷ്ട നായകൻ/നായിക നമ്മളോട് പറയുന്ന കാര്യങ്ങളും അവരുടെ പ്രവൃത്തികളും നമ്മളിൽ വലിയ സ്വാധീനം ചെലുത്താനിടയുണ്ട്.
മാനസിക സംഘർഷം
ഉണ്ടാക്കുന്ന വയലന്റ് സിനിമകൾ
എല്ലാ ആളുകൾക്കും ഓരോ ജോണറുകൾ ആയിരിക്കും ഇഷ്ടം.സിനിമയെ ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ച് പ്രദർശനത്തിന് എത്തുന്ന സിനിമകൾ പരീക്ഷിച്ചു നോക്കാൻ ആളുകൾ തയ്യാറായേക്കാം.പക്ഷേ വയലന്റ് സിനിമകൾ കണ്ടിറങ്ങിയവരിൽ ചിലർ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡർ (post traumatic stress disorder) പിന്നീട് അനുഭവിക്കുന്നതായും ഉത്കണ്ഠ രോഗങ്ങൾ (anxiety disorders), വിഷാദരോഗം (depression), അകാരണമായ പേടി (phobia) തുടങ്ങിയവ കാണിക്കുന്നതായും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ക്രൂരമായ അക്രമങ്ങൾ കുട്ടിക്കാലത്ത് കാണാനിടയാകുന്നവരിൽ മുതിരുമ്പോൾ ചില വ്യക്തിത്വ പ്രശ്നങ്ങളോ സ്വഭാവവൈകൃതങ്ങളോ കാണാനിടയുണ്ട്. സാങ്കല്പിക ലോകത്തുനിന്നും പുറത്തുകടക്കാനാകാതെ പെട്ടുപോകുന്നവരേറെയാണ്.
വികാരഭരിതമായ സിനിമകൾ കാണുമ്പോൾ ശരീരത്തിൽ ഓക്സിടോസിൻ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.അവയാണ് നമ്മുടെ വികാരങ്ങളെയും സഹാനുഭൂതിയെയും (Empathy) സ്വാധീനിക്കുന്നതെന്ന് വായിച്ചതോർക്കുന്നു.പക്ഷേ അത്തരത്തിലുള്ള സിനിമകൾ ഇന്ന് എത്രത്തോളം നിർമ്മിക്കപ്പെടുന്നു എന്നത് പരിശോധിക്കേണ്ടതാണ്. അനിയന്ത്രിതമായ അളവിൽ ഹിംസാത്മക ആശയങ്ങൾ കാണുന്നതുവഴി ശരീരത്തിലെ സമ്മർദവുമായി ബന്ധപ്പെട്ട ഹോർമോൺ (Stress Hormone) ആയ കോർട്ടിസോളും (cortisol) പേടിയുമായി ബന്ധപ്പെട്ട ഹോർമോൺ ആയ അഡ്രിനാലിനും (Adrenalin) കൂടുതൽ ഉല്പാദിപ്പിക്കപ്പെടുന്നു. ഇത് ക്രൂരമായ പ്രകടനങ്ങളിലേക്കും വൈകാരിക അസ്വസ്ഥതകളിലേക്കും സമ്മർദ്ദത്തിലേക്കും നയിക്കാനിടയുണ്ട്. ഇത്തരം ഉള്ളടക്കങ്ങൾ നിരന്തരം കാണുന്നത് വ്യക്തികളുടെ വൈകാരികാവസ്ഥകളെ സാരമായി ബാധിക്കുന്നു. യാതൊരു വൈകാരിക പിരിമുറുക്കവും ഉണ്ടാക്കാതെ ഇവ ഒരു സാധാരണ സംഭവമായി അവർക്കു തോന്നാൻ തുടങ്ങുന്നു. ഇത്തരം വയലന്റ് വാർത്തകളോടും, ആശയങ്ങളോടും ഒരു സ്വാഭാവിക പ്രതികരണം മാത്രമേ പിന്നീട് ഉണ്ടാവുകയുള്ളൂ. ഈ മനോഭാവം യഥാർത്ഥത്തിൽ നടക്കുന്ന ക്രൂരമായ സംഭവങ്ങളെ പോലും ലാഘവത്തോടെ കാണാൻ ആളുകളെ പ്രാപ്തരാക്കുന്നു. അതുകൊണ്ടുതന്നെ അക്രമാസക്തമായി പെരുമാറുന്നതിൽ യാതൊരു തെറ്റുമില്ലെന്നും, അത് കൂടുതലാകുന്നതിൽ സാമൂഹ്യമായി യാതൊരു പ്രത്യാഘാതവും വരാനില്ലെന്നും ഇക്കൂട്ടർ വിശ്വസിക്കുന്നു.
ലിയോൺ ഫെസ്റ്റിങ്കറി (Leon Festinger)ന്റെ കൊഗ്നിറ്റീവ് ഡിസൊണസ് തിയറി(Cognitive Dissonace Theory)യിൽ നമ്മുടെ വിശ്വാസങ്ങളും പ്രവൃത്തികളും തമ്മിൽ യോജിക്കാത്ത ഒരു അവസ്ഥ ഉണ്ടാകുമ്പോൾ അവിടെ ഒരു നെഗറ്റീവ് സമ്മർദ്ദം (Distress) അനുഭവപ്പെടുന്നു എന്നുള്ളതാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്.ഈ ഡിസ്ട്രസിനെ കൊഗ്നിറ്റീവ് ഡിസോണസ് (cognitive Dissonace)എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.ഇത്തരത്തിൽ നമ്മൾ വിശ്വസിച്ചു പോരുന്ന ആശയങ്ങളുമായി യാതൊരുവിധത്തിലും ബന്ധപ്പെടാത്ത സിനിമ കാണുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അയാളിൽ ഒരു കോഗ്നിറ്റീവ് ഡിസോണൻസ് രൂപപ്പെടാൻ സാധ്യതയുണ്ട് എന്നാണ് പറഞ്ഞുവന്നത്. ഇവിടെയാണ് കൃത്യമായി വിവേചന ബുദ്ധിയും ആശയങ്ങളും രൂപപ്പെടാത്ത കുട്ടികൾ ഇത്തരം സിനിമകളുമായി സമ്പർക്കത്തിൽ വരുന്നതിന്റെ അപകടം.
അത്തരത്തിൽ നോക്കുമ്പോൾ വയലന്റ്സിനിമകളിലെ ആശയങ്ങളും അഗ്രസീവ് നായകന്മാരായ മോഡലുകളും നൽകുന്ന സന്ദേശം കുട്ടികൾ എങ്ങനെ സ്വീകരിക്കുന്നു എന്നത് വലിയൊരു വിഷയമാണ്. വയലൻസിനെ പ്രോത്സാഹിപ്പിക്കുന്ന ഗെയിമുകളിൽ ജയിക്കാനും റിവാർഡുകൾ കിട്ടുന്നതിനും വേണ്ടി സാങ്കല്പിക കഥാപാത്രങ്ങളെ കൊന്നുല്ലസിക്കുന്ന കുട്ടികൾ യഥാർത്ഥ ജീവിതത്തിൽ അവർക്കെതിരെ വരുന്നവരെ ഇല്ലാതാക്കില്ലെന്ന് എന്തുറപ്പാണുള്ളത്?
ഇതു കൂടാതെ ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ ആസ്വദിക്കുകയും ആളുകൾക്ക് വലിയ രീതിയിൽ സമ്മർദ്ദം സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങൾ അയച്ചുകൊടുത്തു മാനസികോല്ലാസം കണ്ടെത്തുകയും ചെയ്യുന്ന ചിലരെയും സമൂഹത്തിൽ കാണാൻ സാധിക്കുന്നുണ്ട്.ഒരുതരം സാഡിസ്റ്റിക്കായ മനോഭാവത്തിലേക്കാണ് ഒരു വിഭാഗം പോയിക്കൊണ്ടിരിക്കുന്നത് .അവർ മറ്റുള്ളവർക്ക് ഉത്കണ്ഠ ജനിപ്പിക്കുന്ന ഉള്ളടക്കം ഷെയർ ചെയ്യുന്ന അവരുടെ പ്രവൃത്തി നിർബാധം തുടരുകയും അതിന്റെ ഭാഗമായി മറ്റൊരു വിഭാഗം വലിയ മാനസിക സംഘർഷങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു.
സോഷ്യൽ ലേണിങ് തിയറി/
ഒബ്സർവേഷണൽ ലേണിങ് തിയറി
ആൽബർട്ട് ബന്ദുര (Albert Bandura) തന്റെ ഒബ്സർവേഷണൽ ലേണിംഗ് (Observational Learning )എന്ന ആശയത്തിലെത്തിച്ചേരാൻ കാരണമായ പരീക്ഷണമാണ് ബോബോ ഡോൾ എക്സ്പിരിമെന്റ്. മറ്റുള്ളവർ ചെയ്യുന്ന കാര്യങ്ങൾ കുട്ടികൾ നിരീക്ഷിക്കുകയും അതുവഴി ആ സ്വഭാവങ്ങൾ പഠിക്കുകയും ജീവിതത്തിൽ പ്രയോഗവൽക്കരിക്കുകയും ചെയ്യുന്നു എന്നതാണ് ഒബ്സർവേഷണൽ ലേണിങ്ങിന്റെ തത്വം. ഇവിടെ മോഡലുകൾ ഉണ്ടാകുന്നു. അവ പോസിറ്റീവോ നെഗറ്റീവോ ആകാം. അമ്മ , അച്ഛൻ, സിനിമ താരങ്ങൾ, കായിക താരങ്ങൾ, യൂട്യൂബർമാർ, ഗെയിമേഴ്സ്, വ്ളോഗേഴ്സ് തുടങ്ങി കുട്ടികളുടെ താൽപര്യങ്ങൾക്കനുസരിച്ച് മോഡലുകൾ മാറുന്നു. ഇത്തരം മോഡലുകൾക്ക് കുട്ടികളുടെ വ്യക്തിത്വ വികാസത്തിൽ പലതും ചെയ്യാൻ സാധിക്കും.
ഒരുകൂട്ടം കുട്ടികൾക്ക് മുന്നിൽ ബോബോ എന്ന് പേരായ ഒരു പാവയെ ഒരാൾ ഉപദ്രവിക്കുന്നത് കാണിക്കുന്നു. ശക്തമായ രീതിയിൽ അടിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്നു. ശേഷം കുട്ടികളെ നിരീക്ഷിക്കുമ്പോൾ, അവരുടെ മുറിയിലുണ്ടായിരുന്ന പാവകളെയും അവർ സമാന രീതിയിൽ ഉപദ്രവിക്കുന്നതായി ബന്ദുര നിരീക്ഷിക്കുന്നു. ഈ നിഗമനങ്ങളിൽ നിന്നും കുട്ടികൾ ദേഷ്യവും ( aggression) അക്രമാസക്തിയും (violence) മറ്റു സാമൂഹ്യ സ്വഭാവങ്ങളു (Social Behaviours) മെല്ലാം മറ്റുള്ളവരെ നിരീക്ഷിച്ചു പഠിക്കുന്നു എന്ന് അദ്ദേഹം കണ്ടെത്തി. അക്രമാസക്തമായ സ്വഭാവങ്ങൾ, ഇത്തരത്തിൽ പഠിക്കുന്ന സാഹചര്യമുണ്ടാകുമ്പോൾ, സിനിമയിലും മറ്റു മാധ്യമങ്ങളിലും ഉൾചേർക്കുന്ന അതിക്രൂരമായ ഹിംസാത്മകത വലിയൊരു സ്വാധീനം തന്നെ സമൂഹത്തിൽ ഉണ്ടാക്കുന്നുണ്ട് .അത്തരം ഒരു അപകടസാധ്യതയെ അത്രയങ്ങ് ലഘൂകരിച്ച് കാണാനാവില്ല.ഇവിടെയാണ് കുട്ടികളുടെ തെറ്റുകളെ മഹത്വവൽക്കരിച്ചുകാണുന്ന രക്ഷിതാക്കളെയും അവരെ അവതരിപ്പിക്കുന്ന സിനിമകളെയും അവ തീർക്കുന്ന പ്രത്യാഘാതങ്ങളെയും ഊന്നിപ്പറയേണ്ടത്.
മുതലാളിത്തം
നിർമ്മിക്കുന്ന സിനിമ
ഒരു കാലഘട്ടത്തിൽ സിനിമകളും നാടകങ്ങളും നവോത്ഥാനത്തിന്റെയും ആശയ പ്രചരണത്തിന്റെയും മാധ്യമങ്ങൾ കൂടി ആയിരുന്നു.സമൂഹം പുരോഗമിക്കുന്നതിനൊപ്പം സിനിമയിലും അതിന്റെ ആശയങ്ങളിലും പ്രകടമായ മാറ്റങ്ങൾ ദൃശ്യമായിത്തുടങ്ങി.സ്നേഹം, കരുണ, അനുകമ്പ, ദയ,സഹാനുഭൂതി തുടങ്ങിയ മാനുഷിക ഗുണങ്ങളെ എടുത്തു കാണിക്കുന്നതായ സിനിമകൾ ഈയടുത്ത കാലങ്ങളിൽ വളരെയൊന്നും ഇറങ്ങിയിട്ടില്ല.പരസ്പര വൈരാഗ്യത്തിന്റെയോ കൊലവിളിയുടെയോ ഗ്രൂപ്പിസത്തിന്റെയോ കഥകളാണ് ഏതു ഭാഷാ സിനിമകൾക്കും പറയാനുള്ളത്. ട്രെൻഡുകൾ സൃഷ്ടിക്കുകയും ക്രമേണ അവ വില്പനയുടെ തന്ത്രമാക്കുകയും ചെയ്യുന്ന മുതലാളിത്തം തന്നെയാണ് ഇത്തരം സിനിമകളും നിർമ്മിക്കുന്നത്. അത്തരത്തിൽ കച്ചവടവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് പാൻ ഇന്ത്യൻ സിനിമകൾ എന്ന ടൈറ്റിലിലേക്ക് മലയാള സിനിമകൾ പോലും എത്തിനിൽക്കുന്നത്. കഥകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന സമകാലിക സിനിമകളിൽ നായകന് ഹീറോയിക് പരിവേഷം ചാർത്തിക്കൊടുക്കുന്നതിനാണ് മുൻഗണന. തിന്മയിൽ നിന്നും നന്മയുടെ വേഷത്തിലേക്ക് പരിണമിക്കപ്പെടുന്ന നായക സങ്കല്പങ്ങളിൽ നിന്നും അഗ്രസീവ് നായകന്മാരുടെ പരിവേഷത്തിനാണ് ഇന്ന് കൂടുതൽ മാർക്കറ്റ്. പ്രതീകാത്മകമായ ദൃശ്യങ്ങളിൽ നിന്നും റിയലിസ്റ്റിക് സിനിമയായത് വലിയ മാറ്റം തന്നെയാണ്. പക്ഷേ അവിടെ ദൃശ്യവൽക്കരിക്കപ്പെടുന്ന ബലാത്സംഗ സീനുകളും, കത്തിയും ചുറ്റികയും മറ്റ് ആയുധങ്ങളും വെച്ചുള്ള അക്രമങ്ങളുമെല്ലാം റിയലിസ്റ്റിക് ആകുമ്പോൾ അത് സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ചെറുതല്ല.
ജോൺ ഡൊല്ലാർഡും (John Dollard) അദ്ദേഹത്തിന്റെ സഹപ്രവർത്തകരും മുന്നോട്ടുവച്ച തിയറിയാണ് ഫ്രസ്ട്രേഷൻ -അഗ്രഷൻ ഹൈപ്പോതിസിസ്. നിരാശയാണ് (frustration) അക്രമാസക്ത പ്രവണതകളിലേക്ക് (Aggression )നയിക്കുന്നതെന്നായിരുന്നു ഇൗ തിയറിയുടെ ഉള്ളടക്കം.ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരുന്നതിനെ തടയുന്ന എന്തും ഫ്രസ്ട്രേഷൻ ഉണ്ടാക്കുന്നു. ഇവ ദേഷ്യത്തിലേക്കും അക്രമാസക്തിയിലേക്കും നയിക്കുന്നു.ഇത് സിനിമയിലും വീഡിയോ ഗെയിമുകളിലും സംഭവിക്കുന്നുണ്ട് .ലക്ഷ്യസ്ഥാനത്ത് എത്താത്ത നായകന്മാരുടെ നിരാശ അത് വലിയ ക്രൂരതകളിലേക്ക് നയിക്കുന്നത് കാണുന്ന പ്രേക്ഷകന് യഥാർത്ഥ ജീവിതത്തിൽ നിരാശകളെ ആരോഗ്യപരമായി നേരിടാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. നിരാശ വരുമ്പോൾ വ്യക്തി മാനസികമായി തളർന്നുപോകുന്നതും ചെറിയ അസ്വസ്ഥതകൾ ഉണ്ടാകുന്നതും സ്വാഭാവിക പ്രതികരണം മാത്രമാണ്. ഇത്തരം മാനസികാവസ്ഥകൾ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നവയാണ്. പക്ഷേ പലപ്പോഴും വയലന്റ് സിനിമകളിലെ പ്രതികരണങ്ങൾ തന്നെ സമാന അവസ്ഥകളിൽ ആളുകൾ സ്വീകരിക്കാൻ സാധ്യതയേറെയാണ്. അത്തരത്തിൽ നിരാശ തീർക്കാൻ മറ്റുള്ളവരുടെ നേരെ വാക്കാലും ( Verbal aggresion) ശാരീരികമായും ഉപദ്രവങ്ങൾ (Physical agression) നടത്താൻ പലരും ശ്രമിച്ചേക്കാം.
ലിയനോർഡ് ബെർക്കോവിറ്റ്സ് (Leonard Berkowitz) വികസിപ്പിച്ച തിയറിയിൽ നെഗറ്റീവ് ആയ വൈകാരികാവസ്ഥകളാണ് കോപത്തിന്റെയും അക്രമാസക്തിയുടെയും കാരണമെന്നും വയലന്റ് ചുറ്റുപാടുകൾ ഒരു വ്യക്തിയെ കൂടുതൽ ദേഷ്യമുള്ളവനും അക്രമാസക്തനുമാക്കുന്നുവെന്നും പറഞ്ഞുവെക്കുന്നു .വയലൻസ് പ്രതിനിധാനം ചെയ്യുന്ന സിനിമകളും അങ്ങനെയെങ്കിൽ, ഒരു വ്യക്തിയുടെ ഇത്തരം ഹിംസാത്മക സ്വഭാവങ്ങളെ ത്വരിതപ്പെടുത്തുന്നുണ്ടാവാം.
സ്ത്രീവിരുദ്ധത
അലങ്കാരമാക്കുന്ന സിനിമകൾ
സ്ത്രീവിരുദ്ധതയും ദളിത് വിരുദ്ധതയും LGBTQIA+ വിരുദ്ധതയുമെല്ലാം സിനിമകളിൽ കാലാകാലങ്ങളായി മാറ്റമില്ലാതെ തുടരുകയാണ് .പുതിയകാല സിനിമകളിൽ, പ്രത്യേകിച്ച് ഹിംസാത്മക സിനിമകളിൽ ഇത്തരം ഡാർക്ക് കോമഡികൾ കൂടുതലാണ് .പുരോഗമനത്തിനൊപ്പം ആണെന്ന തെറ്റിദ്ധാരണ പ്രേക്ഷകരിൽ ജനിപ്പിച്ചുകൊണ്ട് കൃത്യമായി ടാർഗറ്റിലേക്ക് അമ്പെയ്യുന്ന സിനിമകൾ ധാരാളമാണ്. മനോഭാവങ്ങളും നിലപാടുകളും ആശയങ്ങളും നിർമ്മിക്കുന്നതിന് പ്രേരക ശക്തിയാകുന്ന ഒന്നാണ് സിനിമ എന്നതുകൊണ്ടുതന്നെ ഇത്തരം വിരുദ്ധതകൾ ആളുകൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് വലിയ വിഷയമാണ്. ‘കബീർ സിങ്, അർജുൻ റെഡ്ഡി, ആനിമൽ, കെ ജി എഫ്’ തുടങ്ങിയ സിനിമകൾ കണ്ട് ടോക്സിക് മസ്കുലിനിറ്റിയെ പ്രണയിക്കുന്നവരായി മാറുന്ന കുട്ടികൾ സ്ത്രീകളെ ഏതുരീതിയിൽ കൈകാര്യം ചെയ്യുമെന്നത് ചിന്തിക്കാവുന്നതേയുള്ളൂ. സ്ത്രീപക്ഷ സിനിമകൾ എന്ന രീതിയിൽ ഇറങ്ങുന്ന സിനിമകളിൽ തന്നെ ചുരുക്കം സിനിമകളേ കൃത്യമായ ആശയങ്ങൾ മുന്നോട്ടുവയ്ക്കുന്നുള്ളൂ. ‘കാതൽ ദി കോർ’ (kathal the core) പോലെ ശക്തമായ രാഷ്ട്രീയവും ആശയവും മുന്നോട്ടുവയ്ക്കുന്ന സിനിമകൾ അവഹേളിക്കപ്പെടുമ്പോൾ LGBTQIA + കമ്യൂണിറ്റിയെ തമാശയാക്കുന്ന ‘ഒരു ജാതി ഒരു ജാതകം’ പോലുള്ള സിനിമകളിലെ തമാശകൾ ആളുകൾ ഏറ്റെടുക്കുന്നു. ഇത്തരത്തിൽ കാലാകാലങ്ങളായി കണ്ടീഷനിങ് ചെയ്യപ്പെട്ടുപോരുന്ന കാര്യങ്ങളെ നാം ഉടച്ചുവാർക്കേണ്ടതായുണ്ട്. ആരോഗ്യകരമായ പ്രണയങ്ങൾ കാണിക്കാത്ത സിനിമകളിൽ പ്രതികാര നടപടി എന്ന രീതിയിൽ ആസിഡ് ഒഴിക്കുന്നതും മറ്റു മാർഗങ്ങൾ സ്വീകരിക്കുന്നതും കാണിക്കുന്നുണ്ട്.ലൈംഗികതയെ വികൃതമായി അവതരിപ്പിക്കുന്ന സിനിമകളും പോൺ വീഡിയോകളും കുട്ടികളിൽ ഉണ്ടാക്കുന്ന തെറ്റിദ്ധാരണകളും വികലമായ കാഴ്ചപ്പാടുകളും ചെറുതൊന്നുമല്ല.ഇത് വലിയ മാനസിക രോഗങ്ങളിലേക്ക് വഴിവെക്കാൻ ഇടയുണ്ട്.അതൊരു വലിയ സാമൂഹ്യപ്രശ്നമായി മാറാൻ സാധ്യതയുണ്ട്.പ്രത്യാഘാതങ്ങളെ പറ്റി ചിന്തിക്കാതെ പ്രദർശിപ്പിക്കപ്പെടുന്ന സിനിമകൾ വലിയ സാമൂഹ്യ വെല്ലുവിളി ഉയർത്തുന്നുണ്ട്.
സമൂഹത്തെയൊന്നാകെ യുക്തിരഹിതമായി ചിന്തിക്കാൻ ചില സിനിമകൾ കാരണമാകുന്നുണ്ട്. ‘മാളികപ്പുറം’ എന്ന ഭക്തി സിനിമ കണ്ട് അതിൽ അഭിനയിച്ചവരെ ദൈവങ്ങളായി സങ്കൽപ്പിക്കുകയും അവരുടെ കാല് തൊട്ടു തൊഴുകയും പൂജിക്കുകയും ചെയ്യുന്ന യുക്തിരാഹിത്യത്തിലേക്ക് സമൂഹം മാറുമ്പോൾ വയലൻസ് സിനിമകൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെയും തള്ളിക്കളയാനാവില്ല. ദൃശ്യം, സൂക്ഷ്മദർശിനി തുടങ്ങിയ സിനിമകൾ കണ്ട് പ്രചോദനം ഉൾക്കൊണ്ട് കോപ്പി ക്യാറ്റ് ക്രൈമുകൾ(copy cat crimes) നടത്തിയ വാർത്തകൾ നാം കണ്ടിട്ടുണ്ട്. ‘ഛാവ’ എന്ന സിനിമ കണ്ട് നിധി തേടി ഭൂമി കിളച്ചു മറിക്കാനിറങ്ങിയ ഒരുകൂട്ടം ആളുകളെ മധ്യപ്രദേശിലെ പൊലീസും ഭരണകൂടവും ചേർന്ന് അവിടെ നിന്നും മാറ്റുന്ന വാർത്ത കഴിഞ്ഞ ദിവസമാണ് ശ്രദ്ധയിൽപ്പെട്ടത് .ഒരു സമൂഹത്തെ ഒന്നാകെ ബാധിക്കുന്ന മാനസിക പ്രശ്നമായി ഇത്തരം സിനിമകൾ മാറുമ്പോൾ കൃത്യമായ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തേണ്ടതുണ്ട്. ‘കോൺജറിങ് (Conjuring) ‘ എന്ന ഇംഗ്ലീഷ് പ്രേത സിനിമ കണ്ടതിനുശേഷം തങ്ങളുടെ വീടുകളിൽ പ്രേതബാധയുണ്ടെന്നു വിശ്വസിച്ച് ആളുകൾ വീട് മാറിപ്പോയതായും പ്രേതത്തെ ഒഴിപ്പിക്കാനുള്ള മാർഗങ്ങൾ തേടിയതായും വായിച്ചതോർക്കുന്നു.
1998ൽ ഹ്യൂസ്മാൻ (Huesman) നിർദ്ദേശിച്ച സ്ക്രിപ്റ്റ് തിയറി (Script Theory)യിൽ വയലൻസ് കാണാൻ ഇടയാകുന്ന കുട്ടികളിൽ അഗ്രസീവ് സ്ക്രിപ്റ്റുകൾ (aggressive scripts) രൂപപ്പെടുന്നുവെന്നും ഈ സ്ക്രിപ്റ്റുകൾ അവരുടെ സ്വഭാവത്തെ നിർണയിക്കുന്നവെന്നും പറയുന്നുണ്ട്. വലിയ രീതിയിൽ ഹിംസാത്മകത കാണാനിടയാകുന്ന കുട്ടിയിൽ ഇത്തരത്തിലുള്ള സ്ക്രിപ്റ്റുകൾ രൂപപ്പെടുന്നത് അവരുടെ സ്വഭാവത്തെയും സാമൂഹ്യബന്ധങ്ങളെയും ബാധിക്കുന്നു.
ചില പ്രത്യേക വിഭാഗത്തിനെ അക്രമത്തിന്റെ കേന്ദ്രങ്ങളായി മാറ്റുന്നതും,സ്ത്രീ വിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്നതും,എതിരു നിൽക്കുന്നവരെ കൊല്ലണം എന്ന മനോഭാവത്തിലെത്തിക്കുന്നതുമെല്ലാം ആളുകളിൽ കണ്ടീഷനിങ് എന്ന അവസ്ഥയാണ് സൃഷ്ടിക്കുന്നത്.നിരന്തരം ഇത്തരം ആശയങ്ങൾ കാണുന്നതുവഴി ഒരു പ്രത്യേക വിഭാഗം ഗുണ്ടകൾ ആണെന്നും, അക്രമമാണ് അവസാന മാർഗം എന്നും കുട്ടികൾ ചിന്തിക്കുന്നതിന് പൂർണമായും അവരെ കുറ്റം പറയാൻ സാധിക്കില്ല.ഇത്തരത്തിലുള്ള ഒരു കണ്ടീഷനിങ്ങിലേക്ക് സിനിമ ഒരുകൂട്ടം ആളുകളെ എത്തിക്കുമ്പോൾ ഇതൊരു വലിയ സാമൂഹ്യ പ്രശ്നമായി തന്നെ അടയാളപ്പെടുത്തേണ്ടതുണ്ട്.
കൊറിയൻ ട്രെൻഡിനൊപ്പം
നീങ്ങുന്ന യുവത
കൊറോണയ്ക്ക് ശേഷം വലിയ രീതിയിൽ കണ്ടുവരുന്ന ട്രെൻഡ് ആണ് കൊറിയൻ ജീവിതരീതികൾക്കൊപ്പം സഞ്ചരിക്കുക എന്നത്. നമ്മുടെയുള്ളിൽ രൂഢമൂലമായിപ്പോയ ചില വികലമായ കാഴ്ചപ്പാടുകളും സൗന്ദര്യസങ്കൽപങ്ങളുമാണ് ഇത്തരത്തിലുള്ള ഒരു ജീവിത രീതിയിലേക്ക് നമ്മെ നയിക്കുന്നത്.കൾച്ചറൽ ഡിഫ്യൂഷൻ (cultural diffusion)വലിയ രീതിയിൽ സംഭവിക്കുന്നുണ്ട്. അതിന്റെ ഭാഗമായി കൊറിയൻ കോസ്മെറ്റിക്കുകളും സീരീസുകളും പാട്ട് സംഘങ്ങളുമെ ല്ലാം ലോകത്ത് വ്യാപിക്കുന്നുണ്ട്. കൂടാതെ നമുക്ക് ആവശ്യമില്ലെങ്കിലും ഇത്തരം സംസ്കാരങ്ങളെ നമ്മുടേതായി സ്വീകരിക്കുന്ന സാംസ്കാരിക നശീകരണവും (cultural assimilation) വലിയ രീതിയിൽ നടക്കുന്നുണ്ട്.മുതലാളിത്തം ബോധപൂർവ്വം സ്വാധീനശേഷിയുള്ളവരെ ഉപയോഗിക്കുന്നുണ്ട് .സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാരും സീരിയൽ സിനിമാ നായികമാരും തീർത്ത ഒരു ആഡംബര ലോകത്തിന്റെ കുമിളകയ്ക്കകത്താണ് പുതുതലമുറയിലെ ഒരു വലിയ വിഭാഗം . അധികം പണം മുടക്കി കൊറിയൻ ഗ്ലാസ് സ്കിൻ ഉണ്ടാക്കുന്നതിനായി സ്കിൻ കെയർ ഉൽപ്പന്നങ്ങൾ വാങ്ങുകയും കൊറിയൻ സിനിമകളും സീരീസുകളും വലിയ അളവിൽ കാണുകയും അവർക്കുവേണ്ടി ആർമിയും ഫാൻസ് ഗ്രൂപ്പുകളും നിർമ്മിക്കുകയും ചെയ്യുന്ന രീതിയിലേക്ക് നാം മാറിക്കഴിഞ്ഞു.ഒരു ക്യാപ്പിറ്റലിസ്റ്റ് ഫാന്റസി നിർമ്മിച്ചെടുക്കുന്നതിൽ കോർപ്പറേറ്റുകൾ വിജയിക്കുകയും മറ്റുള്ളവരെ സ്നേഹിക്കാനും പരിഗണിക്കാനുമുള്ള മനുഷിക മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ നാം തോറ്റുപോവുകയും ചെയ്യുന്നു.ഇത്തരത്തിൽ സിനിമകളിലും സീരീസുകളിലും പ്രകടമാകുന്ന ആഡംബര ജീവിതം സാമാന്യവൽക്കരിക്കപ്പെടുകയും ഇതൊരു ആവശ്യകത (necessity) ആണെന്ന് ഒരു വിഭാഗം ജനങ്ങൾക്ക് തോന്നിത്തുടങ്ങുകയും ചെയ്യുന്നു.മുതലാളിത്ത തന്ത്രങ്ങളിൽ പ്രധാനം വലിയ രീതിയിൽ അസംതൃപ്തി സൃഷ്ടിക്കുക എന്നതാണ്. അതുമൂലം കൂടുതൽ ചെലവഴിക്കുകയും ഒരു ഉപഭോഗ സംസ്കാരം രൂപപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള വയലന്റ് സിനിമകൾ സൃഷ്ടിക്കുന്ന ഒരു അയഥാർത്ഥ ലോകത്തുനിന്നും യാഥാർത്ഥ്യം എന്തെന്ന് തിരിച്ചറിയാനാകാതെ ഒരു വിഭാഗം ബുദ്ധിമുട്ടുമ്പോൾ ഒരു സമൂഹത്തെ ഒന്നാകെ ബാധിക്കുന്ന പ്രശ്നമായി ഇത് മാറുന്നു.മാനസികമായ ഈ അടിമത്തം സൃഷ്ടിക്കുന്നതിൽ ഇത്തരം സിനിമകൾക്ക് വലിയ പങ്കുണ്ട്.
കൊറിയൻ സീരീസുകളിലെയും സിനിമകളിലെയും അതിതീവ്രമായ വയലൻസ് കണ്ട് അത്തരം ആശയങ്ങൾക്കടിമകളാകുന്നവരുമുണ്ട്.ചില സുഹൃത്തുക്കൾ പറഞ്ഞു കേൾക്കാറുണ്ട് അവർക്ക് അത്തരം സിനിമകളോടാണ് ഏറെ താൽപര്യമെന്ന്.അവിടെ നായകന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടമോ, ആശയമോ വില്ലനോ ഒന്നുമല്ല പ്രാധാന്യം.കൊറിയൻ സിനിമയും സീരീസുകളും കാണാൻ ഇവരെ പ്രേരിപ്പിക്കുന്ന പ്രധാനഘടകം പുതിയ രീതിയിൽ നിർമ്മിച്ചെടുക്കുന്ന അതിക്രൂരതയും അവയ്ക്ക് ഉപയോഗിക്കുന്ന നിഷ്ഠുര മാർഗങ്ങളുമാണ്.
സൗഹൃദ സംഘങ്ങളിൽ നിന്നും
ഗ്യാങ്ങുകളിലേക്ക്
ഈയടുത്ത കാലങ്ങളിലായി കേട്ട വാർത്തകളിലെല്ലാം കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് വഴക്കുകൾ ഉണ്ടാക്കുന്നതിന്റെയും തല്ലുന്നതിന്റെയും ഉപദ്രവിക്കുന്നതിന്റെയും വിവരങ്ങളാണുള്ളത്.സൗഹൃദ സംഘങ്ങൾ ഗ്യാങ്ങുകളായി പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന അവസ്ഥ നിലവിലുണ്ട്. ഇത്തരത്തിൽ ഒരു ഗ്രൂപ്പിന്റെ ഭാഗമായി സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ട് ഒരു വയലന്റ് ഗ്രൂപ്പിന്റെ ഐഡന്റിറ്റി സ്വീകരിക്കുന്ന കുട്ടിയെ സംബന്ധിച്ചിടത്തോളം അവനിൽ നിന്നും മനുഷ്യത്വത്തിന്റെ കണിക പോലും ഇല്ലാതാകുന്നു എന്നത് ഞെട്ടലോടെ വേണം നോക്കിക്കാണാൻ.അത്തരത്തിൽ ഒരു സാമൂഹിക അന്തരീക്ഷത്തിലേക്ക് കുട്ടികൾ മാറുമ്പോൾ ജനകീയമായ ഒരു ശ്രമം ഇതിനെതിരെ നടത്തേണ്ടതുണ്ട്.
ജോനാഥൻ ഹെയ്ഡ് (Jonathan Haidt), ക്രെയ്ഗ് ജോസഫ് (Craig Joseph), ജെസ്സി ഗ്രഹാം(Jesse Graham) എന്നിവർ മുന്നോട്ടുവെച്ച മോറൽ ഫൗണ്ടേഷൻസ് തിയറി(Moral Foundations Theory)യിൽ മൂന്ന് ധാർമികതത്വങ്ങളാണ്(Morality principles ) വിശദീകരിക്കുന്നത്.ഇതിൽ മൂന്നാമത്തെ തത്വത്തിൽ പറയുന്ന ഒരു കാര്യം ഇങ്ങനെയാണ്: ആളുകൾ ഒരു ഗ്രൂപ്പിന്റെ ഭാഗമാകുന്നതോടുകൂടി ആ ഗ്രൂപ്പിന്റെ മൂല്യത്തെയും ആശയങ്ങളെയും അംഗീകരിക്കുകയും ഗ്രൂപ്പിനുവേണ്ടി തങ്ങളുടെ മൂല്യങ്ങളെ ത്യജിക്കാൻ പോലും തയ്യാറാവുകയും ചെയ്യുന്നു.
‘ആവേശം’ എന്ന സിനിമയിൽ പഠിക്കാനായി എത്തുന്ന വിദ്യാർത്ഥികൾ അവരുടെ ഈഗോയിസ്റ്റിക്കായ ഒരു ആവശ്യത്തിനുവേണ്ടി ഗുണ്ട ഗ്യാങ്ങിനൊപ്പം ചേരുന്നതോടെ അവരുടെ വ്യക്തിപരമായ കാര്യങ്ങളെല്ലാം തകിടംമറിയുന്നു. പിന്നീട് ആ ഗ്രൂപ്പിന്റെ ഭാഗമായി അവർ മാറുകയും വലിയ രീതിയിൽ മദ്യവും ലഹരിയും ഉപയോഗിക്കുകയും ചെയ്യുന്നു. കൂടാതെ ഗ്രൂപ്പായി ആളുകളെ ആക്രമിക്കുന്നതിലേക്കും ഇത് എത്തിനിൽക്കുന്നു. ഇത്തരത്തിലുള്ള സിനിമകളും അതിലെ പാട്ടുകളും സമൂഹത്തിന് വലിയ നെഗറ്റീവ് സന്ദേശമാണ് നൽകുന്നത്.
സിമ്പാർഡോയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും (Zimbardo &his colleagues ) സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ ഒരു പരീക്ഷണം നടത്തുകയുണ്ടായി. ഒരുകൂട്ടം ആളുകളോട് ഒരു ജയിലിലെ കുറ്റവാളികളായും ഗാർഡുകൾ ആയും അഭിനയിക്കാൻ ആവശ്യപ്പെടുന്നു. പരീക്ഷണം മുന്നോട്ടു പോകുന്തോറും വളരെ റിയലിസ്റ്റിക് ആകാൻ ആവശ്യപ്പെടുന്നുണ്ട്. ഗാർഡ്സ് ആയി അഭിനയിക്കുന്നവർ ജയിലിലെ ആളുകളെ ക്രൂരമായി ഉപദ്രവിക്കുന്നുണ്ട്.കുറ്റവാളികളായി അഭിനയിച്ചവർക്ക് ഇത് വലിയൊരു മാനസികാഘാതം സൃഷ്ടിക്കുകയും ഗാർഡ്സിനെ കണ്ടയുടൻ അവർ പേടിക്കുകയും ചെയ്യുന്നു.ഈ കാരണം കൊണ്ട് പരീക്ഷണം കൃത്യമായി അവസാനിപ്പിക്കാൻ സിംബാർട്ടോക്ക് സാധിച്ചില്ല.
പക്ഷേ ഈ പരീക്ഷണത്തിന്റെ ഭാഗമായി അദ്ദേഹം എത്തിച്ചേർന്ന നിഗമനം ഇതായിരുന്നു :ഒരു ഗ്രൂപ്പിന്റെ ഭാഗമായി മാറുമ്പോൾ ഒറ്റയ്ക്ക് ചെയ്യാത്ത പല കാര്യങ്ങളും ഒരു വ്യക്തി ചെയ്യുന്നു. ഗ്രൂപ്പിന്റെ ഐഡന്റിറ്റി അവരുടേതായി മാറുന്നു എന്നും ഡി ഇൻഡിവിജ്വലെെസേഷൻ സംഭവിക്കുന്നു എന്നുമാണ് സിംബാർഡോയും സഹപ്രവർത്തകരും കണ്ടെത്തിയത്.
നല്ല വാക്കോതുന്ന
കുഞ്ഞുങ്ങൾ എവിടെ?
ഷോഡൻഫ്രോയിഡേ (schaden freude) എന്നൊരു ജർമ്മൻ പദമുണ്ട്.മറ്റുള്ളവരുടെ വിഷമങ്ങളിലും ദൗർഭാഗ്യങ്ങളിലും സന്തോഷിക്കുന്ന, അവരുടെ ദുരിതങ്ങളിൽ ആഹ്ലാദിക്കുന്ന ഒരു മനോഭാവത്തെയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. വയലന്റ് സിനിമകൾ മനുഷ്യരിലെ ഷോഡൻ ഫ്രോയിഡയെയാണ് ഉണർത്തുന്നത്.ഒരു കുറ്റബോധവുമില്ലാതെ കൂടെയുണ്ടായിരുന്ന സുഹൃത്ത് മരിച്ചുവെന്ന് സന്തോഷത്തോടെ പറയാൻ കുട്ടികൾക്ക് സാധിക്കുന്നത് കുട്ടികളിൽ എംപതിയും സിംപതിയും എന്താണെന്ന ധാരണ കൃത്യമായി ഇല്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു. ഒരു മാനസികാരോഗ്യ അവലോകനം കുട്ടികൾക്കിടയിൽ കൃത്യമായി നടക്കേണ്ടതുണ്ട്.
മറ്റുള്ളവരുടെ വിഷമങ്ങളിലോ സംഘർഷങ്ങളിലോ മനസ്സ് വേദനിക്കാതെ,തന്റെ സഹപാഠിയെ പീഡിപ്പിക്കാനും ആക്രമിക്കാനും റാഗ് ചെയ്യാനും കൊല്ലാനും വരെ മടിയില്ലാതെ, അതിൽ യാതൊരു കുറ്റബോധവും ഇല്ലാത്തവരായി പുതുതലമുറയിലെ ഒരു വിഭാഗം മാറുമ്പോൾ അതിൽ ഹിംസാത്മകത നിറയുന്ന സിനിമകൾക്കും വലിയ പങ്കുണ്ട്. ജീവിത മൂല്യങ്ങൾ കുട്ടികളെ കൃത്യമായി പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത വർദ്ധിച്ചുകൊണ്ടിരിക്കുന്നു. കുടുംബങ്ങളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും ഇതിനുള്ള പ്രവർത്തനങ്ങൾ വലിയ തോതിയിൽ തന്നെ നടക്കേണ്ടതുണ്ട്. അനുകമ്പയുള്ളവരായിക്കാൻ കുട്ടികളെ ബോധപൂർവ്വം തന്നെ പഠിപ്പിക്കേണ്ടതുണ്ട്. മുതിർന്നവരിൽനിന്നും ചുറ്റുപാടുകളിൽ നിന്നും കാര്യങ്ങൾ പഠിക്കുന്ന കുട്ടികളിലേക്ക് കൃത്യമായ ധാരണകൾ എത്തിക്കാൻ സാധിക്കേണ്ടതുണ്ട്.സ്കൂളിലെ സിലബസുകളിലും വീടുകളിലും കൃത്യമായ ജൻഡർ കാഴ്ചപ്പാടുകൾ പഠിപ്പിക്കുകയും ലൈംഗിക വിദ്യാഭ്യാസം നൽകുകയും ചെയ്യേണ്ടതുണ്ട്.ഹിംസാത് മക സിനിമകൾ പൂർണമായും ഒഴിവാക്കുകയോ കാണാതിരിക്കുകയോ ബഹിഷ്കരിക്കുകയോ ഒന്നുമല്ല പ്രായോഗികമായ മാർഗം.കൃത്യമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിക്കൊണ്ട്, കുട്ടികളിലേക്ക് കൃത്യമായ ധാരണകൾ എത്തിച്ചുകൊടുത്തുകൊണ്ട് ഇത്തരം സിനിമകളെ നേരിടുക എന്നതാണ് ചെയ്യാനാകുന്നത്.
അരാഷ്ട്രീയത നിറഞ്ഞ ഒരു സമൂഹത്തിലേക്ക് ഇത്തരം പുഴുക്കുത്തുകൾ വ്യാപിക്കാനുള്ള സാധ്യത ഏറെയാണ്.ഒരു തലമുറയൊന്നാകെ കുറ്റപ്പെടുത്താതെ അവിടെ സംഭവിക്കുന്ന അപചയങ്ങളെ കൃത്യമായി മനസ്സിലാക്കിക്കൊണ്ട് ശാസ്ത്രീയമായ മാർഗങ്ങൾ അവലംബിക്കാൻ സാധിക്കണം.വിദ്യാർത്ഥി രാഷ്ട്രീയ സംഘടനകൾക്കും ശാസ്ത്ര വിദ്യാഭ്യാസ പ്രസ്ഥാനങ്ങൾക്കും പലതും ചെയ്യാനാകും.കൃത്യമായ നിലപാടുകളും ആശയങ്ങളും അഭിപ്രായങ്ങളുമുള്ളവരായി കുട്ടികളെ വളർത്തിക്കൊണ്ടുവരുക എന്നതാണ് ഇത്തരം നിലവാരത്തകർച്ചകളെ നേരിടാനുള്ള മാർഗം. കുട്ടികളിലുണ്ടാകുന്ന മാനസിക പ്രശ്നങ്ങളെ കൃത്യമായി മനസ്സിലാക്കാനും ശാസ്ത്രീയമായ മാർഗ്ഗങ്ങളിലൂടെ അവരെ ആരോഗ്യമുള്ളവരാക്കിത്തീർക്കാനും സ്കൂളുകളിൽ ഒരു സൈക്കോളജിസ്റ്റിനെ നിർബന്ധമായും നിയമിക്കേണ്ടതുണ്ട്.
കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ സമൂഹത്തെ ഒന്നാകെ ബാധിച്ച ഇത്തരം വൈകൃതങ്ങളെ തുടച്ചുനീക്കാൻ സാധിക്കൂ. l