അധികരത്തിലേറി ഒരുമാസം പൂർത്തിയാകുമ്പോൾ അത്യന്തം ഇച്ഛാശക്തിയോടുകൂടി തന്നെ വ്യക്തമായ നവലിബറൽവിരുദ്ധ നിലപാടെടുത്ത് മെക്‌സിക്കോയുടെ പ്രസിഡന്റ് ക്ലൗദിയ ഷെയ്‌ബാം തന്റെ മുൻഗാമിയായ ലോപസ് ഒബ്രദോർ തുടങ്ങിവെച്ച ജനകിയ വിപ്ലവപാത മുന്നോട്ടുകൊണ്ടുപോകുകയാണ്. 2024 ഒക്ടോബർ ഒന്നിന് അധികാരത്തിലേറിയ ക്ലൗദിയ ഷെയ്‌ൻബാം ഒക്ടോബർ 30ന് മെക്‌സിക്കോയിലെ സുപ്രധാന ഊർജ കന്പനികളായ പെട്രോലിയസ് മെക്‌സിക്കസും (Pemex) ഫെഡറൽ ഇലക്‌ട്രിസിറ്റി കമ്മീഷനും (CFE) സ്വകാര്യമേഖലയിൽനിന്നും പൊതുമേഖലയിലേക്ക് മാറ്റിക്കൊണ്ട് ഉത്തരവിറക്കി. ഇതുവരെ സ്വകാര്യ ഉടമസ്ഥതയിലായിരുന്ന ഈ കന്പനികൾ ഇനിമേൽ പൂർണമായും രാജ്യത്തെ ഫെഡറൽ ഗവൺമെന്റിന്റെ നിയന്ത്രണത്തിലായിരിക്കും. പാസഞ്ചർ റെയിൽപാതകൾക്കുമേലുള്ള പൂർണാവകാശം തിരിച്ചുപിടിക്കുവാനുള്ള ഡിക്രിയിലും ഗവൺമെന്റ് അന്നേദിവസം ഒപ്പുവച്ചു.
ഈ രീതിയിൽ ഈ ഊർജ കന്പനികളും റെയിൽപാതയും പൊതുമേഖലവത്‌കരിക്കുന്നതിനുള്ള നിർദേശം ആഴ്‌ചകൾക്കുമുന്പ് ക്ലൗദിയയുടെ മുൻഗാമിയായ ലോപസ് ഒബ്രദോറിന്റെ ഭരണകാലത്തുതന്നെ തുടങ്ങിവെച്ചിരുന്നു. മൊറേന (MORENA) എന്ന രാഷ്‌ട്രീയപ്രസ്ഥാനത്തിനു ഭൂരിപക്ഷമുള്ള മെക്‌സിക്കൻ കോൺഗ്രസിൽ ഭരണഘടനാധിഷ്‌ഠിത പരിഷ്‌കാരം നടത്തിക്കൊണ്ടാണ് ഈ നിർണായക നടപടി ഗവൺമെന്റ് നടപ്പാക്കിയത്. 2013ൽ എൻറിക്ക് പെന നീയ്‌തോയുടെ നേതൃത്വത്തിലുള്ള അന്നത്തെ നവലിബറൽ ഗവൺമെന്റ് പെമെക്‌സിനെയും സിഎഫ്‌ഇയെയും ‘‘ഭരണകൂട ഉടമസ്ഥതയിലുള്ള ഉത്‌പാദക കന്പനികൾ’’ എന്ന നിലയിലേക്ക് മാറ്റിക്കൊണ്ട് പരിഷ്‌കാരം നടപ്പാക്കി; ഫലത്തിൽ ജനത്തിന്റെ കണ്ണിൽ പൊടിയിട്ടുകൊണ്ട് ഇത്തരം കന്പനികളെ പൊതുമേഖലയിൽ നിലനിർത്തുന്നത് അവസാനിപ്പിച്ചുകൊണ്ട് അവയെ സ്വകാര്യവൽക്കരിക്കുന്ന പരിഷ്‌കാരമായിരുന്നു അന്ന് ആ വലതുപക്ഷ ഗവൺമെന്റ് നടപ്പാക്കിയത്. ആ നവലിബറൽ പരിഷ്‌കാരത്തെയാണ് ഇപ്പോൾ മൊറേന ഗവൺമെന്റ് പൂർണമായി റദ്ദുചെയ്‌തത്‐ . ഈ കന്പനികളെ വീണ്ടും സർക്കാർ ഉടമസ്ഥതയിലേക്ക് മാറ്റിയത്. ‘‘ഈ കന്പനികൾ കാര്യക്ഷമമായി പ്രവർത്തിക്കുകയും എല്ലാവർക്കും താങ്ങാനാകുന്ന വിലയ്‌ക്ക് ഇന്ധനവും വൈദ്യുതിയും മറ്റ് സേവനങ്ങളും ലഭ്യമാക്കുകയും ചെയ്യു’’മെന്ന് പ്രസ് കോൺഫറൻസിൽ പ്രസിഡന്റ് ക്ലൗദിയ ഷെയ്‌ൻബാം പ്രതിജ്ഞ ചെയ്‌തു. l