മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴ മോസ്കോയിൽ പുതുമയല്ല.അങ്ങനെയൊരു മഴയിൽ റെഡ് സ്‌ക്വയറിലുള്ള GUM എന്ന അതിപുരാതനമായ വാണിജ്യ കേന്ദ്രത്തിന്റെ ഓരംപറ്റി നിൽക്കുകയാണ്.ലെസിക് സെന്യ എന്ന MA ഹിന്ദി വിദ്യാർത്ഥിനിയും കൂടെയുണ്ട്.
ആർത്തലച്ചു പെയ്യുന്ന മഴയിൽ അതിവിശാലമായ ചുവന്ന ചത്വരത്തിൽ കുറച്ച് ആളുകളേ നടക്കുന്നുള്ളൂ. അവരെല്ലാം കറുത്ത മഴക്കോട്ടോ കുടയോകൊണ്ട് മഴയെ തോല്പിക്കാൻ നോക്കുന്നവരാണ്. ഈ മഴ പോലെ, ചരിത്രവും പലതവണ ഈ ചത്വരത്തിൽ ആർത്തലച്ചിട്ടുണ്ട്. 1941ൽ ജർമൻ സേന മോസ്കോ വളഞ്ഞപ്പോൾ യുദ്ധമുന്നണിയിലേക്കുള്ള ചെമ്പടയുടെ പരേഡ്, രണ്ടാം ലോക യുദ്ധത്തിലെ അതിശയ മുഹൂർത്തങ്ങളിൽ ഒന്നായ, നാസികളെ തുരത്തിയ ശേഷമുള്ള സോവിയറ്റ് ചെമ്പടയുടെ വിക്ടറിപരേഡ്, അതിനെ അഭിവാദ്യം ചെയ്ത് സ്റ്റാലിൻ നടത്തിയ വിഖ്യാതമായ പ്രസംഗം. ഇവക്കെല്ലാം സാക്ഷിയായ, റെഡ്സ്‌ക്വയർ. സെന്യയുടെ മുത്തശ്ശൻ ചെമ്പടയിലെ അംഗമായിരുന്നു. മുത്തച്ഛനെക്കുറിച്ചവൾ അഭിമാനത്തോടെ പറഞ്ഞു തന്നു. കൂടുതൽ ചോദിച്ചപ്പോൾ അവൾ പറഞ്ഞത്, അന്നത്തെ എല്ലാ റഷ്യൻ കുടുംബങ്ങളിലും സൈനികർ ഉണ്ടായിരുന്നു. ഏറ്റവും അടുത്ത 9 ബന്ധുക്കൾ ചെമ്പട അംഗങ്ങൾ ആയിരുന്നു, അതിൽ ഒരാളെ കാണാതായി. രണ്ട് പേരെ നാസിപട തട്ടിയെടുത്തു. എങ്കിലും ഞങ്ങൾക്ക് അതിലിന്നും അഭിമാനമാണ്. ഇനിയൊരു ആവശ്യം വന്നാലും മുന്നണിയിലേക്ക് പോകാൻ തയ്യാറുമാണ്. അവൾ പറഞ്ഞു നിർത്തി. വൈകുന്നേരം 3 മണിയാണ് സമയം. മഴ നിർത്താനുള്ള ലക്ഷണവുമില്ല.സന്യയുടേതടക്കമുള്ള റഷ്യൻ കുടുംബങ്ങൾ ആക്കാലത്ത് നേരിട്ട കടുത്ത വെല്ലുവിളികളെ ഓർത്തുകൊണ്ട് അവിടെയങ്ങനെ നിന്നു..
മോസ്‌കോയിലുള്ള ദ റഷ്യൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഫോർ ഹ്യുമാനിറ്റീസ്സിലെ, വിവർത്തന പഠന വിഭാഗം നടത്തുന്ന സെമിനാറിൽ പങ്കെടുക്കാനായി 2018 സെപ്‌തംബർ 27നഎ അതിരാവിലെയാണ് മോസ്‌കോയിൽ എത്തിയത്. “ഇന്ത്യയിൽ നിന്ന് ഇത്രയും ദൂരം വന്നത് ഒരു പേപ്പർ ചെയ്യാൻ വേണ്ടി മാത്രമായിരിക്കരുത്. ഇവിടെയുള്ള ദിവസങ്ങൾ കൊണ്ട് മോസ്കോ പരമാവധി കണ്ട് തീർക്കൂ. നിങ്ങളുടെ പേപ്പർ ചെയ്യേണ്ടത് രണ്ടാം ദിവസമാണ്. അപ്പോൾ വന്ന് അത് ചെയ്താൽ മതി.’’ ഡിപ്പാർട്മെന്റ് ഓഫ് ട്രാൻസ്ലേഷൻ സ്റ്റഡീസ് മേധാവി പ്രൊഫസർ നഥാലിയ റൈൻഹോൾഡ് ഇങ്ങനെ പറഞ്ഞപ്പോൾ, അത്ഭുതമായി.എന്താണോ ഞാൻ അങ്ങോട്ടു പറയാൻ കരുതിയത്, അതവർ ഇങ്ങോട്ടു പറഞ്ഞു കളഞ്ഞു.
ഉസ്ബകിസ്ഥാനിൽ നിന്നും ഒരു പ്രൊഫസറും ബ്രസീൽ, ജർമനി എന്നിവിടങ്ങളിൽനിന്നുമുള്ള രണ്ട് ഗവേഷകരുമാണ് കോൺഫറൻസിലെ മറ്റു വിദേശ പ്രതിനിധികൾ.ബാക്കിയുള്ള എല്ലാവരും റഷ്യക്കാരാണ്.എല്ലാവരോടും പെട്ടെന്ന് പരിചയത്തിലായി. മറ്റു വിദേശ പ്രതിനിധികളേക്കാൾ ഒരു ഇന്ത്യക്കാരനായ എന്നോട് ഇവരെല്ലാം കൂടുതൽ സംസാരിക്കാനും സ്നേഹ പ്രകടനത്തിനും മുതിരുന്നുണ്ട്. എന്താകും കാരണം?
സ്വാതന്ത്ര്യം ലഭിച്ചതുമുതൽ സോവിയറ്റ് യൂണിയനുമായി ഇന്ത്യ രാഷ്ട്രീയ സൗഹൃദത്തിൽ ആയിരുന്നല്ലോ.അതാണോ കാരണം?അറിയില്ല.നമ്മുടെ രാജ്യത്തിന്റെ ആദ്യ കാലത്തെ പല മെഗാ പ്രൊജക്റ്റുകൾക്കും സോവിയറ്റ് യൂണിയൻ സാമ്പത്തിക‐സാങ്കേതിക സഹായങ്ങൾ നൽകിയത് നന്ദിയോടെ ഓർത്തു. ഏതായാലും ഉച്ച ഭക്ഷണ ശേഷം അവിടെന്ന് ഇറങ്ങി.
ഇംഗ്ലീഷ് വിഭാഗം ലക്ചർ മരിയ ഒരു പേപ്പറിൽ വിശദമായി റൂട്ട് മാപ്പൊക്കെ വരച്ചു തന്നിട്ടുണ്ടായിരുന്നു.അവർക്ക് പക്ഷെ ഈ അപ്രവചനീയ കാലാവസ്ഥ പറയാനാകില്ലല്ലോ.
പ്രസിദ്ധമായ മോസ്കോ ഭൂഗർഭ മെട്രോയിലാണ് റെഡ് സ്‌ക്വയറിൽ എത്തിയത്. യൂണിവേഴ്സിറ്റിക്ക് തൊട്ടടുത്ത നോവോസ്ലോവാക്യ സ്റ്റേഷനിൽ നിന്ന് ടെട്രാൽനയ സ്റ്റേഷനിൽ ഇറങ്ങി കുറച്ചു നടന്നാൽ റെഡ് സ്‌ക്വയർ എത്തുമെന്ന് മരിയ ടീച്ചർ പറഞ്ഞിരുന്നു.എനിക്ക് ഹിന്ദി അറിയുമെന്ന അവരുടെ അബദ്ധധാരണയിലാണ് സെന്യയെ എനിക്ക് വഴികാട്ടിയായി റൈൻഹോൾഡ് ടീച്ചർ പറഞ്ഞയച്ചത്. സെന്യയാകട്ടെ EFLU, JNU എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് ചെയ്തിട്ടുമുണ്ട്. എന്റെ ഹിന്ദിയിലെ പരിതാപകരമായ നിലവാരം ആദ്യമേ ഞാൻ പറഞ്ഞു.ഒരു ഇന്ത്യക്കാരനോട് ഹിന്ദിയിൽ സംസാരിക്കാനുള്ള അവസരം നഷ്ടമായി എന്നവൾ പറഞ്ഞു.പക്ഷെ അവൾ നന്നായി ഇംഗ്ലീഷും കൈകാര്യം ചെയ്യും. അത് മോസ്‌കോയിൽ വളരെ വലിയ സഹായമാണ്.സെമിനാർ നടത്തുന്നത് വിവർത്തന പഠന വിഭാഗം ആയതിനാൽ അവിടെ എല്ലാവർക്കും ഇംഗ്ലീഷിൽ സംസാരിക്കാൻ അറിയാം. എന്നാൽ പുറത്ത് സ്ഥിതി അതല്ല.റഷ്യക്കാർ ഇംഗ്ലീഷ് വളരെ കുറച്ചേ ഉപയോഗിക്കൂ.അറിഞ്ഞാലും പറയില്ലെന്ന് വാശിയുള്ളതുപോലെ തോന്നും ചിലപ്പോൾ. അല്ലെങ്കിൽ അവർക്ക് അതിന്റെ ആവശ്യം ഇല്ലാത്തതു കൊണ്ടുമാകാം.
ചുവന്ന ചത്വരത്തിൽ
ഇടയ്‌ക്ക് മഴ തോർന്നു.ചത്വരം ആളുകളെക്കൊണ്ട് നിറഞ്ഞു തുടങ്ങി. വലിയൊരു ഭാഗത്ത് ഹാലോവീൻ ആഘോഷങ്ങൾ നടക്കുന്നുണ്ട്. മത്തനിലും തണ്ണിമത്തനിലുമൊക്കെയായി കൗതുകവും വിചിത്രവുമായ രൂപങ്ങൾ കൊത്തിയൊരുക്കി വെച്ചിരിക്കുന്നു. തനത് റഷ്യൻ നാടോടി നൃത്തങ്ങളും മഴ മാറിയപ്പോൾ സജീവമായി.
സ്റ്റേറ്റ് ഹിസ്‌റ്റോറിക്കൽ മ്യൂസിയത്തിൽ കയറിയിറങ്ങി.മോസ്ക്കോ സ്റ്റേറ്റ് ലൈബ്രറിയിലും ഒന്ന് കറങ്ങി.ലെനിന്റെ ഭൗതിക ശരീരം പ്രദർശിപ്പിക്കുന്ന മുസോളിയത്തിൽ കയറാൻ സാധിച്ചില്ല. ഉച്ചക്ക് 1 മണിക്ക് അത് അടയ്‌ക്കുമെന്ന് സെന്യ പറഞ്ഞു. കുറച്ചു കഴിഞ്ഞു അവൾ വീട്ടിലേക്ക് മടങ്ങി. പിന്നെയും കുറേ നേരം ചത്വരത്തിലൂടെ നടന്നു. ഇടയ്‌ക്ക് ഒരു തുർക്കിഷ് കഫെയിൽ നിന്ന് ഭക്ഷണം കഴിച്ചു.റഷ്യയുടെ സാംസ്‌കാരിക പ്രതീകമായി കണക്കപ്പെടുന്ന സെന്റ് ബേസിൽ കത്തീഡ്രലാണ് ചത്വരത്തിന്റെ ഒരതിരിൽ. 1561ൽ ഇവാൻ ദി ടെറിബിൾ എന്നറിയപ്പെട്ട ഇവാൻ നാലാമന്റെ കാലത്താണ് ഈ ഓർത്തഡോക്സ് ദേവാലയം പണി കഴിപ്പിച്ചത്.നിലവിൽ അതിനെ സ്റ്റേറ്റ് ഹിസ്‌റ്റോറിക്കൽ മ്യൂസിയത്തിന്റെ നിയന്ത്രണതിൽ കൊണ്ടുവന്നിട്ടുണ്ട്, അതേസമയം വിശേഷ ദിവസങ്ങളിൽ പ്രാർത്ഥനയും നടക്കുന്നു.
റെഡ് സ്‌ക്വയറിന്റെ ഒരു ഭാഗത്തായി ഒരു ചെമ്പുതകിട് നിലത്ത് ഉറപ്പിച്ചിട്ടുണ്ട്. അതിൽ കയറിനിന്ന് എല്ലാവരും പുറകിലേക്ക് നാണയം എറിയുന്നുണ്ട്. ഞാനും കേറി നിന്നു. നാണയമെറിഞ്ഞില്ല. മോസ്കോ തുടങ്ങുന്നത് അവിടെ നിന്നാണ് എന്നതാണ് അതിന്റെ പ്രത്യേകത. ദൂരം അളക്കാനൊക്കെയുള്ള ഒരു സ്റ്റാർട്ടിങ് പോയിന്റ് പോലെ.
പിന്നെ കുറേ സമയം GUM എന്ന വാണിജ്യ കേന്ദ്രത്തിലൂടെ നടന്നു. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ എന്നതിന്റെ റഷ്യൻ ചുരുക്ക രൂപമാണ് GUM. മഴയും മഞ്ഞും ഏൽക്കാതെ ഷോപ്പിംഗ് നടത്താവുന്ന, മേൽക്കൂരയോട് കൂടിയ ഈ അതിവിശാല മാളുകൾക്ക് GUM എന്ന് പേരുവരുന്നത് സോവിയറ്റ് കാലത്താണ്. പത്തെമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇവ നിലവിൽ വന്നെങ്കിലും സോവിയറ്റ് ഭരണത്തിൽ ഇത് കൂടുതൽ പ്രാധാന്യമുള്ളതായി. സമാന GUM മാളുകൾ ഇതര സോവിയറ്റ് റിപബ്ലിക്കുകളിലും ആരംഭിച്ചു. അവ കേന്ദ്രീകരിച്ചായിരുന്നു സോവിയറ്റ് പൊതുവിതരണ സംവിധാനം പ്രവർത്തിച്ചിരുന്നത് .ഇന്ന് ലോകപ്രശസ്‌തമായ നൂറിലധികം ഔട്ട്‌ലെറ്റുകൾ മോസ്കോ GUM ൽ ഉണ്ട്.
മോസ്‌കോ മെട്രോ
സോവിയറ്റ് യൂണിയൻ ലോകത്തെ അമ്പരപ്പിച്ച പല മേഖലകളുമുണ്ട്. സോവിയറ്റ് ഭരണമവസാനിച്ച് പതിറ്റാണ്ടുകളായെന്നത് യാഥാർഥ്യമാണങ്കിലും അക്കാലത്തുണ്ടാക്കിയ അടിസ്ഥാന സൗകര്യങ്ങളിൽ ഊന്നിയാണ് സോവിയറ്റാനന്തര റഷ്യയും മുന്നോട്ടുപോകുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മോസ്കോ ഭൂഗർഭ മെട്രോ സംവിധാനമെന്ന് ഉറപ്പിച്ചു പറയാനാകും.
വൈകുന്നേരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് തിരിച്ചുപോകാനായി മെട്രോ സ്റ്റേഷനിലെത്തി. രാവിലെതന്നെ 400 റൂബിൾ കൊടുത്ത് 3 ദിവസം പരിധിയില്ലാതെ യാത്ര ചെയ്യാവുന്ന മെട്രോ കാർഡ് എടുത്തിരുന്നു. (എയർപോർട്ടിൽവെച്ച് മരിയ ടീച്ചറാണ് ഇത് എടുക്കുന്നതിലെ ഗുണങ്ങൾ പറഞ്ഞു തന്നത്). അതിനാൽ ടിക്കറ്റ് എടുക്കാൻ സമയം പോകില്ല, വലിയ സാമ്പത്തിക ലാഭവും കിട്ടുന്നു.
ഓരോ നാലു മിനുട്ടിലും നോവോസ്ലോവാക്യയിലേക്ക് വണ്ടിയുണ്ടെന്നറിഞ്ഞപ്പോൾ കുറച്ചു നേരം കൂടി മെട്രോ സ്റ്റേഷനിലൂടെ നടക്കാൻ തീരുമാനിച്ചു. ബഹുഭൂരിപക്ഷം മെട്രോ സ്റ്റേഷനുകളും ഭൂമിക്കടിയിലാണ്.ഉപരിതലത്തിൽ നിന്നും 60-70 മീറ്റർ ഒക്കെ താഴ്ച്ചയുണ്ട്, പല മെട്രോ സ്റ്റേഷനിലേക്കും. 1935 ൽ സഖാവ് ജോസഫ് സ്റ്റാലിന്റെ ഭരണ സമയത്താണ് മോസ്കോ ഭൂഗർഭ മെട്രോ ആരംഭിച്ചത്. ഭൂമിക്ക് മുകളിൽ ഓരോ സ്റ്റേഷനുമായി വേണ്ടി വരുന്നത് ഒരു ക്ലാസ് റൂമിന്റെ അത്രയും സ്ഥലം മാത്രമാണ്. അതിലൂടെ എസ്‌കേലേറ്റർവഴി താഴെ ഇറങ്ങി ട്രെയിനിൽ കയറാം.നിലവിൽ മോസ്കോ നഗരത്തൈയും ഒബ്ലാസ്റ്റിലെ നാല് സമീപ നഗരങ്ങളെയും ബന്ധിപ്പിച്ചു 466 ദൂരത്തിൽ സർവീസ് നടത്തുന്നു. 250 സ്റ്റേഷനിൽ ആകെ 17 എണ്ണമേ ഭൂമിക്ക് പുറത്ത് സ്ഥിതി ചെയ്യുന്നുള്ളൂ.പല സ്റ്റേഷൻ ചുവരിലും കനത്ത ഉരുക്കിൽ തീർത്ത ചുറ്റിക അരിവാൾ ചിഹ്നവും മുന്നോട്ട് കുതിക്കുന്ന തൊഴിലാളിയുടെയും രൂപങ്ങൾ കാണാം, കാലത്തിനും മായ്ക്കാനാകാത്ത സോവിയറ്റ് മുദ്രകളായി. 2017ൽ മാത്രം നിലവിൽവന്ന കൊച്ചി മെട്രോയുടെ നാട്ടിൽ നിന്നെത്തിയ എനിക്ക് ഇതെല്ലാം സ്വാഭാവികമായും അത്ഭുതകാഴ്ചകളാണല്ലോ. കുറച്ചു കൂടെ സമയമുണ്ട്, കയ്യിൽ യാത്രാ കാർഡും. ഏതെങ്കിലും ഒക്കെ മെട്രോ ലൈനുകൾ മാറി കേറി എങ്ങോട്ടെങ്കിലുമൊക്കെ പോകണമെന്ന് തോന്നി. പ്രോസ്‌പെക്ട് മിറ, അർബാട്സ്കയാ, പ്ലോഷചാട് രേവലുസ്റ്റി എങ്ങെനെ ഏതെല്ലാമോ സ്റ്റേഷനുകൾ കയറിയിറങ്ങി വെറുതെയങ്ങനെ നടന്നു. ലോക ലോകയുദ്ധ സമയത്തെ മെട്രോ സ്റ്റേഷനുകൾ മോസ്കോ നിവാസികൾക്ക്, നാസി ബോംബിങ്ങിൽ നിന്ന് സംരക്ഷണമേകിയ ബങ്കറുകൾ കൂടി ആയിരുന്നല്ലോ. പ്രതിദിനം 7ം ലക്ഷത്തോളം ആളുകൾ ഈ ഭൂഗർഭ മെട്രോയിൽ യാത്ര ചെയ്യുന്നുണ്ട്. അത്രമേൽ മോസ്കോയുമായി ഇഴുകി ചേർന്നിരിക്കുന്നു. രാത്രി ഏറെ വൈകിയാണ് യൂണിവേഴ്സിറ്റിയിലേക്ക് മടങ്ങിയത്. സ്വന്തം രാജ്യത്തിന് പുറത്ത് ആദ്യമായി എത്തിയ അമ്പരപ്പ് നന്നായി ഉണ്ടെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ ഇന്ന് മുഴുവൻ മോസ്ക്കോയിലൂടെ നടന്നു. ആളുകളെല്ലാം ധൃതിയിൽ ഓടുകയാണെന്ന് തോന്നും.തിരക്കില്ലാത്ത ആളുകളായി ,ഒരു ചെറിയ ബക്കറ്റിൽ ഉള്ളിയും പിടിച്ചു പ്രോസ്പേക്ട് മിറ സ്റ്റേഷന് മുന്നിൽനിന്ന് വിൽപ്പന നടത്തുന്ന ആ അമ്മൂമ്മ, ഗർഭം താങ്ങി വടിയും കുത്തി ഭിക്ഷ യാചിച്ചു മെട്രോ അണ്ടർ ഗ്രൗണ്ടിൽ കണ്ട യുവതി, പരിസരം മറന്നങ്ങനെ നിൽക്കുന്ന കുറേ കമിതാക്കൾ, പിന്നെ ഞാനും മാത്രം. കൂടുതൽ പേരും കറുത്ത വസ്ത്രങ്ങളാണ് വൈകുന്നേരങ്ങളിൽ ധരിക്കുന്നത് എന്ന് തോന്ന് .അപ്പോഴേക്കും തണുപ്പ് കൂടിയിരുന്നു. അതുമാകാം കറുത്ത വസ്ത്രങ്ങൾക്ക് പിന്നിലെ കാരണം. ഹോസ്റ്റലിൽ എത്താൻ മാത്രം ഞാനും വേഗത്തിൽ നടന്നു, കൈ രണ്ടും പോക്കറ്റിൽ തിരുകി, മിഠായി കവറിടാൻ വേസ്റ്റ് ബോക്സ് തിരഞ്ഞും സിഗ്നൽ ആയാൽ മാത്രം സീബ്ര ക്രോസ് വഴി റോഡ് മുറിച്ചുകടന്നും,ഫൂട്ട്പാത്തിലൂടെ മാത്രം നടന്നും നിരത്തിൽ തുപ്പാതെയുമൊക്കെ അവരെപോലെ പൗരബോധം അഭിനയിച്ചു കൊണ്ട്!
രാത്രിയിൽ ഏഴാം നിലയിലെ റൂമിൽ നിന്ന് താഴേക്ക് നോക്കിയിരിക്കൽ നല്ലൊരു അനുഭവമായിരുന്നു. സോവിയറ്റ് കാലത്തെ വലിയൊരു പാർപ്പിട സമുച്ചയമാണ് റോഡിനപ്പുറം. അതിഭീമമായ ഒരു മതിലിന് കുറേ ജനലുകൾ വെച്ചതുപോലെയുള്ള നിർമ്മിതികൾ; അതിലൊരു ഫ്ലാറ്റിൽ പ്രായമേറെയായ ഒരമ്മൂമ്മ എന്നും ഇങ്ങോട്ട് നോക്കിയിരിക്കുന്നത് കാണാറുണ്ട്.അവസാന 1-2 ദിവസങ്ങൾ ആയപ്പോഴേക്കും അവർ എന്നെ കയ്യുയർത്തി വെറുതെ അഭിവാദ്യം ചെയ്തു തുടങ്ങി,തിരിച്ചു ഞാനും.
രക്തസാക്ഷികളുടെ ക്യാമ്പസ്
രണ്ടാമത്തെ ദിവസം രാവിലെ പ്രസന്റേഷൻ കഴിഞ്ഞു. പകൽ മുഴുവനും യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ തന്നെയായിരുന്നു. അതിനിടയിൽ അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ ഹ്യുമാനിറ്റീസ് ഡയറക്ടർ സെർജി സെറെബ്രിയാനിയെ പരിചയപ്പെട്ടു. ഇന്ത്യയെക്കുറിച്ചും, കേരളത്തെപറ്റിപോലും ആഴത്തിൽ അറിവുള്ള മനുഷ്യൻ. പലതവണ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. 3 തവണ ആലപ്പുഴയിൽ മാത്രം വന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി തോമസ് ഐസക് എന്നിവരെ പറ്റിയെല്ലാം അറിയാം. കേരള മന്ത്രിസഭയിൽ 4 സിപിഐ അംഗങ്ങൾ ഉണ്ടെന്നതുവരെ അദ്ദേഹത്തിന്റെ അറിവിലുണ്ട്.
ഹോസ്റ്റലിൽ നിന്ന് ഡിപ്പാർട്മെന്റിലേക്കുള്ള ഇടനാഴിയിൽ ഹ്യുമാനിറ്റീസ് വകുപ്പിന്റെ ചുമരിൽ ഒരു മാർബിൾ ഫലകമുണ്ട്.ആ വഴി പോകുമ്പോൾ എപ്പോഴും അത് കണ്ണിൽപെടും, അതിന്റെ മുകളിൽ സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് ചിഹ്നവും താഴേക്ക് കുറേ റഷ്യൻ വരികളും കാണാം. ഇന്ന് സെന്യായെ കൊണ്ടുവന്ന് അത് എന്താണെന്ന് വായിപ്പിച്ചു. നാസികളോട് ഏറ്റുമുട്ടി രക്തസാക്ഷികളായ ആ ക്യാമ്പസ്സിലെ പൂർവ്വവിദ്യാർത്ഥികളായ റെഡ് ആർമി അംഗങ്ങളുടെ പേരാണത്.ഒരു സർവ്വകലാശാല അതിന്റെ ധീരരായ വിദ്യർത്ഥികളെ സ്മരിക്കുന്നു, ആദരവ് തോന്നി. വൈകുന്നേരം മോസ്കോ നദി കാണാൻ ഇറങ്ങി.നദിക്ക് കുറുകെ പല പാലങ്ങളുണ്ട്. അതിലൊന്നാണ് പട്രിയർഷി പാലം. കാൽനടക്ക് മാത്രമാണ് പാലത്തിൽ അനുവാദമുള്ളത്. നടുക്കുനിന്നാൽ ക്രംലിൻ കൊട്ടാരത്തിന്റെ നല്ലൊരു കാഴ്ച്ച കിട്ടും.പാലം ഇറങ്ങുന്നത് ചരിത്രപ്രസിദ്ധമായ ക്രൈസ്റ്റ് ദ സേവിയർ കത്തീഡ്രലിന്റെ മുറ്റത്തേക്കാണ്. 1883ൽ പൂർണതോതിൽ സജ്ജമായ ഈ ചർച്ച്,സോവിയറ്റ് കാലത്ത് വിസ്‌മൃതിയിലാണ്ടു; 1931 ൽ ഇതൊരു മ്യൂസിയമാക്കാൻ ശ്രമങ്ങൾ ആരംഭിച്ചു. എന്നാൽ രണ്ടാം ലോകയുദ്ധം ഇതിന് തടസ്സമായി. പിന്നീട് സോവിയറ്റ് സർക്കാർ അതിന് വല്ലാതെ മുതിർന്നതുമില്ല. എന്നാൽ ഈ പുരാതനമന്ദിരം 2000 ആണ്ടോടെ റഷ്യൻ ഓർത്തഡോക്സ് സഭ പുതുക്കിപണിതു. സ്വർണവർണ്ണത്തിലുള്ള ഇതിന്റെ മേൽക്കൂര മനോഹരമാണ്. അവിടെനിന്ന് പടവുകൾ ഇറങ്ങി ചെന്നാൽ മോസ്കോ നദിയിലൂടെയുള്ള ബോട്ട് യാത്രയ്‌ക്ക് പോകാം. ഇവിടെ കുറച്ചുസമയം മാത്രമുള്ളവർക്ക് ഇത് നല്ല സൗകര്യമാണ്. പരമാവധി സ്ഥലങ്ങൾ കാണിച്ചു തരും. മോസ്കോ യൂണിവേഴ്സിറ്റി, ക്രംലിൻ കൊട്ടാരത്തിന്റെ കുറേ ഭാഗങ്ങൾ തുടങ്ങിയവ ആ യാത്രയിൽ കണ്ടു.
ലെനിൻ കുടീരത്തിൽ
അടുത്ത ദിവസം അതിരാവിലെ വീണ്ടും റെഡ്സ്‌ക്വയറിൽ പോയി.രണ്ട് മണിക്കൂറോളം വരിയിൽ നിന്നാണ് ലെനിൻ മുസോളിനിയത്തിൽ കയറിയത്.
ലോകത്തിന്റെ പല ഭാഗത്തുനിന്നും വന്നവർ, വിദ്യാർത്ഥികൾ അങ്ങനെ പലവിധ ആളുകളുണ്ട് മുസോളിയം കാണാൻ. കനത്ത സുരക്ഷയാണ്. എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങളും പുറത്ത് ലോക്കറിൽ വെക്കണം.തൊപ്പി ഊരണം, കൈകൾ പോക്കറ്റിൽ ഇടരുത് തുടങ്ങിയ ചിട്ടകൾ പാലിക്കണം. അങ്ങനെ അവസാനം മഹാനായ ലെനിനെ കണ്ടു. മുഷ്ടിചുരുട്ടി ആ ചില്ലുപേടകത്തിൽ കിടക്കുന്നത് കമ്മ്യൂണിസ്റ്റ് ലോകത്തെ അത്രമേൽ സ്വാധീനിച്ച, ഇന്നും സ്വാധീനിക്കുന്ന മഹാനായ ലെനിൻ.മുഷ്ടി ചുരുട്ടി അഭിവാദ്യങ്ങളർപ്പിച്ചു.
പിന്നീട് 2018ലെ ലോകകപ്പിന്റെ ഫൈനൽ വേദിയായ ലുഷ്നിക്കി സ്റ്റേഡിയം കാണാൻ പോയി.സുരകലൊ ജീവനക്കാർക്ക് ഒട്ടും ഇംഗ്ലീഷ് അറിയില്ല, എനിക്ക് റഷ്യനും. പോരാത്തതിന് അവരുടെ കയ്യിൽ തോക്കുമുണ്ട്. അതുകൊണ്ട് ഉള്ളിലേക്ക് കയറാനുള്ള ശ്രമം ഉപേക്ഷിച്ചു മടങ്ങി. പിന്നെ സ്റ്റേഡിയത്തിന് തൊട്ടടുത്തുള്ള മോസ്‌കോ കത്തീഡ്രൽ മോസ്‌കിൽ പോയി. 1906ൽ ടാടാർ വംശം സ്ഥാപിച്ച ഈ പള്ളി, ഇന്നത്തെ രൂപത്തിൽ 10000 പേർക്ക് പ്രാർത്ഥന നടത്താവുന്നവിധം പുനരുദ്ധരിച്ചത് 2015 ലാണ്.പള്ളിയുടെ ദൈനംദിന കാര്യങ്ങൾ നോക്കിനടത്തുന്ന മുബാറക്കോവ് സദാ പുഞ്ചിരിക്കുന്ന ഒരു ചെറുപ്പക്കാരനാണ്, കൂടാതെ ഇംഗ്ലീഷിൽ സംസാരിക്കുന്നയാളുമാണ്. ഈജിപ്തിൽനിന്ന് പഠനം പൂർത്തിയാക്കിയ ഇദ്ദേഹവുമായി കുറെ നേരം സംസാരിച്ചിരുന്നു.പള്ളിയിൽ ഏത് മതസ്ഥനും അതില്ലാത്തവനും കയറാവുന്നതാണ്.പാശ്ചാത്യ രീതിയിൽ വസ്ത്രം ധരിച്ചുവരുന്ന സ്ത്രീകൾ പള്ളിയുടെ സെക്യൂരിറ്റി ഓഫീസിൽ ചെന്ന് മേൽവസ്ത്രം വാങ്ങി പള്ളിയിൽ കയറി, മ്യൂസിയമൊക്കെ കണ്ടു മടങ്ങുന്നത് കണ്ടു. അതും ഇവിടെ കാണാത്ത കാഴ്ച്ചയാണല്ലോ.
അടുത്ത ദിവസങ്ങളിലും പല സ്ഥലങ്ങൾ കറങ്ങിനടന്നു. ഇടയ്‌ക്ക് ക്രംലിൻ കൊട്ടാരത്തിന്റെ സമീപത്തുള്ള വഴിയിൽവെച്ച് പതിവിലേറെ സമയം ട്രാഫിക് പോലീസ് എല്ലാവരെയും തടഞ്ഞു നിർത്തി.എന്താണെന്ന് അറിയാതെ ഞാനുമങ്ങനെ നിന്നു. അൽപ്പം കഴിഞ്ഞപ്പോൾ ഒരു VIP കോൺവോയ് വരുന്നത് കണ്ടു. ആരാണെന്ന് ആംഗ്യഭാഷയിൽ അടുത്തുള്ളയാളോട് ചോദിച്ചു. പ്രസിഡന്റ് പുടിൻ ആണെന്ന് പറഞ്ഞു. കുറേ പൊലീസ് ബൈക്കുകൾ ആണ് ആദ്യ വരിയിൽ, പിന്നിൽ കറുത്ത സൈനിക വാഹനങ്ങൾ, അതിനും പിന്നിലായി ഒരേപോലെയുള്ള, അകത്തേക്ക് കാണാൻ പറ്റാത്തവിധം ഗ്ലാസ് മൂടിയ കുറെയേറെ കറുത്ത നീളമുള്ള കാറുകൾ. അതിൽ ഏതോ ഒന്നിൽ പുടിൻ ഉണ്ട്. കാണാൻ പറ്റിയില്ല. എന്നെ ഇങ്ങോട്ട് കണ്ടിരിക്കാമെന്ന് കരുതി സമാധാനിച്ചു. അന്ന് വൈകുന്നേരം സെമിനാർ തീരുന്ന ദിവസമാണ്. ഡിന്നറിൽ പങ്കെടുക്കാനും സർട്ടിഫിക്കറ്റ് കൈപറ്റാനുമൊക്കെയായി നേരെത്തെ ക്യാമ്പസിലേക്ക് മടങ്ങി. പലതരം മത്സ്യ വിഭവങ്ങളും വോഡ്ക്കയുമൊക്കെയായി ഒരു തനത് റഷ്യൻ ഡിന്നർ ആയിരുന്നു. നീളത്തിൽ അരിഞ്ഞുവാട്ടിയ വഴുതനയിൽ ഉപ്പും കുരുമുളകും മാത്രം ഇട്ട് വേവിച്ച സൽമൺ മത്സ്യം പൊതിഞ്ഞു വെച്ചൊരു പേരറിയാത്ത വിഭവം അതീവ രുചികരമായിരുന്നു.സെമിനാർ കഴിഞ്ഞും അവിടെ രണ്ട് ദിവസംകൂടി നിന്നു. ഹോസ്റ്റലിൽ നിൽക്കാനുള്ള അനുവാദം HOD വാങ്ങിച്ചു തന്നു. എന്റെ ഗവേഷണ വിഷയം ദസ്‌തയേവസ്കിയെ സംബന്ധിച്ചാണ്.അതിനാൽ അദ്ദേഹത്തിന്റെ മ്യൂസിയമടക്കമുള്ള പ്രധാന കാഴ്ചകൾ കാണാൻ സെന്റ് പീറ്റേഴ്‌സ്ബർഗുകൂടി സന്ദർശിക്കാൻ ആഗ്രഹമുണ്ടായിരുന്നു. ഒരു വശത്തേക്ക് 7 മണിക്കൂർ ബസ് യാത്രയുണ്ട്. സമയക്കുറവും സാമ്പത്തികമായ കാരണങ്ങളാലും അതിൽനിന്ന് പിന്മാറി. പകരം അദ്ദേഹത്തെ തീം ആക്കിയുള്ള ദസ്‌തയേവ്‌സ്ക്യ മെട്രോ സ്റ്റേഷനിൽപോയി ആഗ്രഹം തീർത്തു. ചുവരിൽ വലിയൊരു ദസ്‌തയേവസ്കി, വശങ്ങളിൽ റസ്‌കോൾ നിക്കോവും, സോണിയയും കാരമസോവ് സഹോദരന്മാരുമൊക്കെയുണ്ട്.
അവസാന ദിവസം രാവിലെ വീണ്ടും ഡിപ്പാർട്മെന്റിൽ ചെന്ന് എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി. അവിടെ നിന്നു ഡെമോടെഡോവോ എയർപോർട്ടിലേക്ക് നേരിട്ടുള്ള അതിവേഗ മെട്രോയുണ്ട്. അതിൽ കയറി ഒരു മണിക്കൂറിൽ എയർപോർട്ടിൽ എത്തി.അബുദാബി വഴിയാണ് കൊച്ചിയിലേക്ക് തിരിച്ചത്.ഇതിഹാദ് വിമാനം പറന്നുയർന്നു, താഴേക്ക് മോസ്കോ നഗരത്തെ നോക്കി പറഞ്ഞു, സ്പെസിബ മോസ്കോ. ♦