സംസ്ഥാനത്തെ സ്‌കൂളുകളിൽ ലിംഗസമത്വം ഉറപ്പാക്കാനും ലിംഗപദവി സംബന്ധിച്ച മുൻവിധികൾ ഇല്ലാതാക്കാനും അടിയന്തര നടപടി വേണമെന്ന് സിഎസ്‌ഇഎസ് പഠനം. ഇതിനായി പാഠ്യപദ്ധതിയും പാഠപുസ്‌തകങ്ങളും പുതുക്കണം. അധ്യാപകർക്ക് പരിശീലനം നൽകണം. അടിസ്ഥാന സൗകര്യങ്ങളിലും ജൻഡർ കാഴ്‌ചപ്പാട് വേണം. യൂണിഫോമിന് നിറം മാത്രം നിശ്‌ചയിച്ച് ഏത് വസ്‌ത്രമെന്നത് കുട്ടികൾക്ക് വിട്ടുകൊടുക്കുന്ന രീതി നടപ്പാക്കണം. വിദ്യാഭ്യാസ ചട്ടങ്ങളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തണം. പാഠ്യപദ്ധതി ഉപദേശക സമിതി, കരിക്കുലം ഡ്രാഫ്റ്റിംഗ് കമ്മിറ്റി, പാഠപുസ്തക കമ്മിറ്റികൾ എന്നിവയിൽ ലിംഗ സമതുലനം ഉണ്ടായിരിക്കണമെന്നും പഠനം പറയുന്നു. കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ എക്കണോമിക് ആന്റ് എൻവയൺമെന്റൽ സ്‌റ്റഡീസിലെ (CSES) ഡോ. രാഖി തിമോത്തിയുടെ നേതൃത്വത്തിൽ നടത്തിയ പഠനം ഒട്ടേറെ നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നു.
സ്‌കൂളുകളിലെ ലിംഗവിവേചനത്തെക്കുറിച്ചുള്ള ചർച്ച മിക്കപ്പോഴും സ്കൂൾ യൂണിഫോമിന് ചുറ്റുമാണ് തിരിയുന്നതെന്ന് പഠനം പറയുന്നു. എന്നാൽ കേരളത്തിലെ സ്‌കൂൾ സംവിധാനത്തിൽ ലിംഗഭേദത്തിന്റെ മറ്റ് നിരവധി പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടേണ്ടതുണ്ട് എന്നതാണ് യാഥാർഥ്യം.
ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്ന സ്‌കൂളുകളിൽ പോലും അവർ തമ്മിലുള്ള ആശയവിനിമയം പരിമിതമാണെന്ന് പഠനം പറയുന്നു. കർശനമായ ലിംഗഭേദ മാനദണ്ഡങ്ങളാണ് വിദ്യാർത്ഥികളുടെ സൗഹൃദം നിർണ്ണയിക്കുന്നത്. സ്‌കൂളിലേക്ക് പോകുമ്പോൾ പോലും, ആൺകുട്ടികളും പെൺകുട്ടികളും വേർതിരിഞ്ഞ സംഘങ്ങളായി നീങ്ങുന്നു. സ്കൂളിനുള്ളിലെ ഇടപെടലും ഇരിപ്പിട ക്രമീകരണവും ഇടവേളകളിലേയും ഉച്ചഭക്ഷണ വേളകളിലേയും ഇടപഴകലും ഇത്തരത്തിലാണ്. ലിംഗ-മിശ്രിത ഗ്രൂപ്പുകൾ അപൂർവ്വമാണ്. ഒരു ആൺകുട്ടിയോ പെൺകുട്ടിയോ പരസ്‌പരം സൗഹാർദ്ദപരമായി പെരുമാറിയാൽ അത് തെറ്റായിക്കണ്ട് ലിംഗഭേദ മാനദണ്ഡങ്ങൾ അടിച്ചേൽപ്പിക്കപ്പെടുന്നതായി സർവേയിൽ പങ്കെടുത്ത വിദ്യാർത്ഥികൾ പറഞ്ഞു.
വിദ്യാർത്ഥികളെ അവരുടെ പരമാവധി കഴിവുകൾ പ്രയോജനപ്പെടുത്താനും വാർപ്പുമാതൃകകൾ തകർക്കാനും സ്‌കൂളുകൾ എങ്ങനെ സജ്ജമാക്കാമെന്ന് പുനരാലോചിക്കണം. ലിംഗസമ്മിശ്ര ഗ്രൂപ്പുകളിൽ വിദ്യാഭ്യാസവും പഠന പ്രവർത്തനങ്ങളും നടത്താനും വ്യത്യസ്ത ലിംഗഭേദത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കിടയിൽ കൂടുതൽ ആശയവിനിമയം പ്രോത്സാഹിപ്പിക്കാനും ശ്രമം ഉണ്ടാകണം. സാംസ്കാരിക പരിപാടികൾ, കലോൽസവം, കായികമേള, സ്കൂൾ അസംബ്ലി, ക്ലബ്ബുകളുടെ പ്രവർത്തനം തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളും അങ്ങനെ വേണം.
അദ്ധ്യാപകരുടെ വാക്കുകളും പ്രവൃത്തികളും മാർഗ്ഗനിർദ്ദേശങ്ങളും ലിംഗപരമായ വാർപ്പ് മാതൃകകൾ (stereo types) തകർക്കുവാനോ ഊട്ടയുറപ്പിക്കുവാനോ ഇടവരുത്താം. പെൺകുട്ടികളെയും ആൺകുട്ടികളെയും സ്കൂൾ പരിസരത്ത് ഇടപഴകാൻ അനുവദിക്കാത്ത അധ്യാപകരുടെ പെരുമാറ്റം വിദ്യാർത്ഥികൾ വിവരിച്ചു. അവർക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ അനുവാദമുള്ള ക്ലാസ് റൂം പ്രവർത്തനങ്ങൾ വളരെ പരിമിതമാണ്. സർക്കാർ സ്‌കൂൾ ആയാലും എയ്ഡഡ് സ്‌കൂൾ ആയാലും ഇതിൽ വ്യത്യാസമില്ല. വിവിധ പ്രവർത്തനങ്ങൾക്കായി വിദ്യാർത്ഥികളെ ടീമുകളായി തിരിക്കുമ്പോൾ പോലും ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിക്കുന്നു.
ക്ലാസിലെ പ്രവർത്തനങ്ങൾക്ക് കുട്ടികളെ നിയോഗിക്കുന്നതിലും ലിംഗഭേദ വ്യത്യാസമുണ്ട്. ബോർഡിൽ എഴുതുക,പൂർത്തിയാക്കിയ റെക്കോഡ് ബുക്കുകളും ഗൃഹപാഠവും ശേഖരിക്കുക എന്നിവയ്‌ക്കൊക്കെ പെൺകുട്ടികളെ നിയോഗിക്കാറുണ്ട്. എന്നാൽ കമ്പ്യൂട്ടർ/സയൻസ് ലാബുകളിൽ ലാപ്‌ടോപ്പ്/പ്രൊജക്‌ടർ പോലെയുള്ളവ ഒരുക്കുക, ചാർട്ടുകളും ചോക്കും വാങ്ങുക, പരിപാടികൾ നടക്കുമ്പോൾ അധ്യാപകർക്ക് ശബ്ദ സംവിധാനം അടക്കമുള്ള സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ അടിയന്തരാവശ്യങ്ങൾ വരുമ്പോൾ ആൺകുട്ടികളെയാണ് നിയോഗിക്കുക.
പല ഹൈസ്കൂളുകളിലും ഹയർസെക്കൻഡറികളിലും പഠനേതരകാര്യങ്ങളിൽ മിക്കപ്പോഴും നേതൃത്വം വഹിക്കുന്നതും ആധിപത്യംനേടുന്നതും ആൺകുട്ടികളാണ്. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മാത്രമാണ് പെൺകുട്ടികളെ ഏൽപ്പിക്കുന്നത്. പുറത്തേക്ക് പോകേണ്ട ആവശ്യങ്ങൾക്കും ആൺകുട്ടികളെ നിയോഗിക്കുകയാണ് പതിവ്.
സ്‌കൂളുകളിലെ മറ്റ് ചുമതലകൾക്ക് കുട്ടികളെ നിയോഗിക്കുന്നതിലും ലിംഗസമത്വത്തിന്റെ അഭാവം ദൃശ്യമാണ്. സ്കൂൾ അസംബ്ലിയിൽ, പ്രാർത്ഥനാ ഗാനങ്ങൾ ആലപിക്കുന്നത് പെൺകുട്ടികൾ ആയിരിക്കും; പ്രതിജ്ഞ ചൊല്ലുന്നതും ഇന്നത്തെ ചിന്ത അവതരിപ്പിക്കുന്നതും ആൺകുട്ടികളും. അത്തരം ലിംഗഭേദപരമായ റോളുകൾ ന്യായീകരിക്കപ്പെടുന്നു എന്നതാണ് കൂടുതൽ പ്രശ്‌നം. പെൺകുട്ടികൾ പ്രാർത്ഥനാ ഗാനങ്ങൾ ആലപിക്കുന്നതാണ് നല്ലത് എന്നായിരിക്കും ന്യായീകരണം.
മറ്റ് ചുമതലകളിലും സമാനമായ രീതി കാണാം. എല്ലാ വിദ്യാർത്ഥികളും ക്ലാസ് റൂം ശുചീകരണത്തിൽ ഏർപ്പെടുമെന്നാണ് കരുതപ്പെടുക. പക്ഷേ ഭൂരിപക്ഷം ഇടത്തും പെൺകുട്ടികളായിരിക്കും ചെയ്യുക. വൃത്തിയാക്കിക്കഴിഞ്ഞ് ബെഞ്ചും ഡെസ്‌ക്കും പിടിച്ചിടുന്നതിലൊതുങ്ങും ആൺകുട്ടികളുടെ പങ്ക്. ഇതൊക്കെ ഉള്ളപ്പോഴും സ്‌കൂളുകളിൽ ലിംഗപരമായ വാർപ്പ് മാതൃകകളും പക്ഷപാതവും ശക്തമായി പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ധ്യാപകർ മിക്കപ്പോഴും അംഗീകരിക്കുന്നില്ല എന്നത് കൗതുകകരമാണ്.
അധ്യാപകർ, അവർ ജീവിക്കുന്ന സമൂഹത്തിന്റെ ലിംഗ മാനദണ്ഡങ്ങളുമായാകും വരുന്നത്. ലിംഗഭേദത്തെപ്പറ്റിയുള്ള അവരുടെ അനുമാനങ്ങൾക്കും വാർപ്പ്‌മാതൃകകൾക്കും അനുസരിച്ചായിരിക്കും അവരുടെ പഠിപ്പിക്കൽ രീതി. വിദ്യാർത്ഥികളുടെ വിശ്വാസങ്ങളെയും മനോഭാവങ്ങളെയും ഇത് സ്വാധീനിക്കുന്നു. ക്ലാസ് മുറികളിലും പുറത്തും അധ്യാപകരെ കൂടുതൽ ലിംഗസമത്വബോധമുള്ളവരാക്കാൻ സർക്കാർ മുൻകയ്യെടുക്കണം. അവർക്ക് ഇക്കാര്യത്തിൽ തൊഴിൽപരമായ പരിശീലനവും പാഠ്യവിഭവങ്ങളും ലഭിക്കണം. പെൺകുട്ടികളും ട്രാൻസ്‌ജൻഡർ വിഭാഗത്തിൽ പെട്ടവരും മറ്റ് നിശ്‌ചിതമല്ലാത്ത ലിംഗഭേദവിഭാഗങ്ങളിൽ പെട്ടവരും അടക്കം എല്ലാ വിദ്യാർത്ഥികളെയും ഉൾക്കൊള്ളുന്ന ഒരു പഠനാന്തരീക്ഷം സൃഷ്‌ടിക്കാൻ അധ്യാപകരെ പ്രാപ്‌തരാക്കണം. ക്ലാസ്‌മുറിയിൽ പഠന‐പഠനേതര പ്രവർത്തനങ്ങളിലും ഇടപെടലുകളിലും ലിംഗപരമായ മുൻവിധികൾ മറികടക്കാൻ കഴിയുന്ന വിധത്തിൽ നിലവിലുള്ള അധ്യാപകർക്ക് ലിംഗസമത്വ ബോധവൽക്കരണം നൽകണം. കുട്ടികൾക്കുനേരെ ലൈംഗിക അതിക്രമങ്ങൾ ഉണ്ടാകുന്ന സാഹചര്യം തിരിച്ചറിയാനും നേരിടാനും കഴിയും വിധം അവരെ ബോധവൽക്കരിക്കണം. ലിംഗസമത്വവും വിദ്യാഭ്യാസവും എന്ന വിഷയത്തിൽ ഒരു പാഠഭാഗം ടിടിഐ, ബിഎഡ്, എംഎഡ് തുടങ്ങിയ കോഴ്‌സുകളിൽ ഉണ്ടാകണം. നിലവിലുള്ള അദ്ധ്യാപകർക്ക് ഈ വിഷയത്തിൽ പരിശീലനം നിർബ്ബന്ധിതമാക്കണം. നോൺ ടീച്ചിങ്ങ് സ്‌റ്റാഫിനും ആവശ്യമായ പരിശീലനം നൽകണം.
സ്‌കൂൾ അന്തരീക്ഷം ലിംഗഭേദമെന്യേ സൗഹാർദ്ദപരമാക്കാനും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ അടിയന്തര ശ്രദ്ധ നൽകേണ്ടതുണ്ടെന്ന് പഠനം പറയുന്നു. മിക്ക സ്‌കൂളുകളിലും ആവശ്യത്തിന് ശൗചാലയങ്ങൾ ഇല്ലാത്തതും അവയുടെ അറ്റകുറ്റപ്പണികൾ മോശമാകുന്നതും പ്രധാന പ്രശ്‌നമാണ്. ടോയ്‌ലറ്റുകൾ വൃത്തിഹീനമാകുന്നതും ഹാൻഡ്‌വാഷ്/സോപ്പ് എന്നിവ ഇല്ലാത്തതും, സാനിറ്ററി നാപ്‌കിൻ ലഭ്യമാക്കാനും അവ നശിപ്പിക്കാനുമുള്ള സൗകര്യങ്ങൾ ഇല്ലാത്തതും പ്രശ്നമാണ്. ആർത്തവസമയത്ത് പെൺകുട്ടികൾ സ്‌കൂളിൽ വരാതിരിക്കാൻ ഇതിടയാക്കുന്നു. പല സ്കൂളിലും ആൺകുട്ടികളുടെ ടോയ്‌ലറ്റുകളിലും സ്വകാര്യത ഉറപ്പാക്കുന്നില്ല. പരിസരത്തിന്റെ സുരക്ഷയും മെച്ചപ്പെടുത്തണം. അതിർത്തി ഭിത്തികളില്ലാത്ത നിരവധി സ്കൂളുകളുണ്ട്.
ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചു പഠിക്കുന്ന എല്ലാ സ്‌കൂളിലും ലിംഗസമത്വത്തിൽ അധിഷ്‌ഠിതമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് ആവശ്യമായ വ്യവസ്ഥകൾ കേരള വിദ്യാഭ്യാസ ചട്ടത്തിൽ (കെഇആർ) ഉൾപ്പെടുത്തണം. സ്‌കൂളുകളിലെ വാർഷിക പരിശോധനാ സമയത്ത് അത്തരം സൗകര്യങ്ങളുടെ ലഭ്യത വിലയിരുത്താനുള്ള വ്യവസ്ഥ കൂടി ഉണ്ടാകണം. അവയുടെ ശരിയായ പരിപാലനവും. ഉറപ്പുവരുത്തണം. യുകെയും സ്വീഡനും പോലുള്ള രാജ്യങ്ങളിൽ ഈ രീതിയുണ്ട്. കായിക വിദ്യാഭ്യാസത്തിനും കായിക പ്രവർത്തനങ്ങൾക്കുമുള്ള സൗകര്യങ്ങളുടെ അഭാവമാണ് അടിയന്തരമായി ശ്രദ്ധിക്കേണ്ട മറ്റൊരു പ്രശ്നം. പെൺകുട്ടികൾ കായിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് കുറവാണെന്നതും കാണണം.
യൂണിഫോം സംബന്ധിച്ച അസ്വസ്ഥതകളും കുട്ടികൾ പങ്കുവെച്ചു. കുർത്തയും ചുരിദാറും സ്കൂളിലെ കായിക പ്രവർത്തനങ്ങൾക്ക് വലിയ തടസ്സമാകുന്നതായി പെൺകുട്ടികൾ പരാതിപ്പെട്ടു. സംസ്ഥാനത്ത് ചില സ്‌കൂളുകൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേതരം യൂണിഫോറം (Gender Neutral Uniform) നടപ്പാക്കിയിട്ടുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ യൂണിഫോറത്തിന്റെ നിറം മാത്രം നിശ്‌ചയിക്കുകയും ഏതുതരത്തിലുള്ള വസ്‌ത്രം വേണമെന്നത് കുട്ടികൾക്ക് വിട്ടുകൊടുക്കുകയുമാകും നന്ന്. അഭിഭാഷകരുടെ യൂണിഫോറം ഇക്കാര്യത്തിൽ മാതൃകയാക്കാം. വനിതാ വക്കീലന്മാർക്ക് കോടതിയിൽ സാരിയോ ചുരിദാറോ, പാന്റും ഷർട്ടുമോ ധരിക്കാം. ഏതുവേണമെന്ന് വ്യക്തികൾക്ക് തീരുമാനിക്കാം. കർശനമായ ഒരു മാതൃക നിർബന്ധമാക്കുന്നതിനു പകരം കുട്ടികൾക്ക് വ്യത്യസ്‌ത സാധ്യതകൾ അനുവദിക്കണം. അപ്പോൾ സ്‌കൂളിൽ സ്‌പോർട്‌സും ഗെയിമും സാംസ്‌ക്കാരിക പരിപാടികളും അടക്കമുള്ളവയിലൊക്കെ പങ്കെടുക്കാൻ കഴിയുന്ന വിധം സൗകര്യപ്രദമായ യൂണിഫോറം തെരഞ്ഞെടുക്കാൻ അവർക്ക് കഴിയും.
ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിൽ വിദ്യാർത്ഥികൾക്കിടയിൽ കൗമാരക്കാരുടെ ആരോഗ്യത്തെക്കുറിച്ചും ലൈംഗികതയെ കുറിച്ചും അവബോധം സൃഷ്ടിക്കാനുള്ള വേദികളില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പ്രത്യുൽപാദനത്തെക്കുറിച്ചുള്ള അധ്യായങ്ങൾ പോലും ക്ലാസിൽ പഠിപ്പിക്കാൻ അധ്യാപകർ വിമുഖത കാട്ടുന്നതായും വിദ്യാർത്ഥികൾ പരാതിപ്പെട്ടു. ആരോഗ്യകരവും മാന്യവുമായ ബന്ധങ്ങളിൽ ബോധപൂർവ്വം ഏർപ്പെടാനും ശാരീരികമായും വൈകാരികമായും ലൈംഗികമായും ആരോഗ്യം നിലനിർത്താനും കുട്ടികളെ പ്രാപ്‌തരാക്കാൻ പ്രായത്തിനനുസരിച്ചുള്ള ലൈംഗിക വിദ്യാഭ്യാസം അവർക്ക് നൽകേണ്ടത് അടിയന്തര ആവശ്യമാണ്. ഇന്റർനാഷണൽ ടെക്‌നിക്കൽ ഗൈഡൻസ് ഓൺ സെക്ഷ്വാലിറ്റി എജ്യുക്കേഷൻ പോലെ ഐക്യരാഷ്‌ട്രസഭാ ഏജൻസികൾ രൂപപ്പെടുത്തിയ ചട്ടക്കൂടുകളും ഇന്റർനാഷണൽ പ്ലാൻഡ് പാരന്റ്‌ഹുഡ് ഫെഡറേഷന്റെ മാർഗനിർദേശങ്ങളും ഇക്കാര്യത്തിൽ ശക്തമായ അടിത്തറ നൽകും.
ആർത്തവം പോലെയും ലൈംഗിക ആഭിമുഖ്യം പോലെയുമുള്ള ശാരീരിക പ്രവർത്തനങ്ങളെപ്പറ്റിയും ലിംഗപരമായ അനുഭവങ്ങളെപ്പറ്റിയും ഏത് ലിംഗഭേദത്തിൽപെട്ട കുട്ടികളായാലും ഇന്ന് ബോധമുള്ളവരാണെന്ന കാര്യം നമ്മുടെ വിദ്യാഭ്യാസസംവിധാനം മനസ്സിലാക്കണം. കുട്ടികളെ ഇതര ലിംഗത്തിൽപെട്ടവരുടെ ശരീരങ്ങളോടും അനുഭവങ്ങളോടും സംവദിക്കാൻ കഴിയുന്നവരായി മാറ്റാൻ സഹായകമായ വിഷയങ്ങളിൽ സ്‌കൂളുകളിൽ ചർച്ചകൾ സംഘടിപ്പിക്കണം. ഇക്കാര്യത്തിൽ ബോധമുള്ള അധ്യാപകരുണ്ട്. എന്നാൽ മറ്റ് അധ്യാപകരുടെ സഹകരണമില്ലായ്‌മയും രക്ഷിതാക്കളുടെയും സ്‌കൂൾ അധികാരികളുടെയും താൽപര്യക്കുറവും മൂലം ഇത് നടക്കുന്നില്ലെന്ന് അവർ പറഞ്ഞു.
പ്രത്യുൽപ്പാദനത്തെ സംബന്ധിച്ച പാഠ്യഭാഗങ്ങളും പഠിപ്പിക്കലും തമ്മിൽ വലിയ വിടവ് നിലനിൽക്കുന്നതായി പഠനം കണ്ടെത്തി. അധ്യാപകർ പലപ്പോഴും ഈ പാഠഭാഗം വിട്ടുകളയുകയോ അവ്യക്തമായി വിശദീകരിക്കുകയോ ആണ് ചെയ്യുന്നതെന്ന് കുട്ടികൾ പറഞ്ഞു. കുട്ടികൾക്ക് കാര്യം മനസ്സിലാക്കാൻ ഇത് തടസ്സമാകുന്നു. അത്തരം ക്ലാസുകൾ കൈകാര്യം ചെയ്യാൻ തങ്ങൾ സജ്ജരല്ലെന്ന് അധ്യാപകരും സമ്മതിക്കുന്നു. ലൈംഗികതയുടെ കാര്യത്തിൽ സാംസ്‌ക്കാരികമായി തന്നെ കേരളത്തിൽ അടിച്ചേൽപ്പിക്കപ്പെട്ടിട്ടുള്ള നിശ്ശബ്ദതയും അധ്യാപകരുടെ ഈ വിമുഖതയ്‌ക്ക് കാരണമാകുന്നുണ്ടാകാം. കാരണം എന്തുതന്നെയായാലും ലൈംഗികതയെയും പ്രത്യുൽപ്പാദനത്തെപ്പറ്റിയുമുള്ള പഠനരീതി ശക്തിപ്പെടുത്തിയേ മതിയാകൂ. സ്‌റ്റേറ്റ് കൗൺസിൽ ഫോർ എഡ്യുക്കേഷണൽ റിസർച്ച് ആന്റ് ട്രയിനിങ് (SCERT) പ്രത്യുൽപ്പാദനം പഠിപ്പിക്കാനായി ഒരു പഠനസാമഗ്രി വികസിപ്പിക്കണം. അധ്യയനം ഫലപ്രദമാക്കാൻ ആവശ്യമെങ്കിൽ ദൃശ്യ‐ശ്രാവ്യ സഹായികൾ ഉപയോഗപ്പെടുത്തണം. ഇതിനൊക്കെ പുറമെ അധ്യാപകപരിശീലന പരിപാടികളിലും അധ്യാപക ഗ്രൂപ്പുകളിലും ഈ വിഷയം ചർച്ച ചെയ്യണം.
ട്രാൻസ്‌ജൻഡർ വ്യക്തികളുടെയും നിശ്‌ചിതമല്ലാത്ത ലിംഗഭേദവിഭാഗത്തിൽ പെട്ടവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് സ്‌കൂൾ മാനേജ്‌മെന്റും ഭരണസംവിധാനവും ഉറപ്പുവരുത്തണം. അവരെക്കൂടി ഉൾക്കൊള്ളുന്ന ഒരു പഠനപരിസരം സ്‌കൂളുകൾ പ്രോത്സാഹിപ്പിക്കണം. ലിംഗപദവിയുടെ പേരിലോ അതുമായി ബന്ധപ്പെട്ട പെരുമാറ്റരീതിയുടെ പേരിലോ ഇരയാക്കപ്പെടുന്ന വിദ്യാർത്ഥികൾ പഠനകാര്യങ്ങളിൽ മോശമാകാനോ പഠനം നിർത്താനോ സാധ്യതയുണ്ട്. ഇത് അവരുടെ മാനസികാരോഗ്യത്തയും ബാധിക്കാം. അതുകൊണ്ട് സ്‌കൂളുകൾ അവർക്ക് സൗഹാർദ്ദപരമാകുന്നു എന്ന് ഉറപ്പാക്കാനുള്ള മാർഗ്ഗനിർദേശങ്ങൾ സർക്കാർ ഉറപ്പുവരുത്തണം.
കൗമാരക്കാർക്കുള്ള കൗൺസിലിംഗ് മെച്ചപ്പെടുത്തേണ്ടത് അടിയന്തിരാവശ്യമാണ്. നിലവിൽ സർക്കാർ സ്കൂളുകളിൽ ലഭ്യമായിട്ടുള്ള കൗൺസിലിംഗ് സൗകര്യങ്ങളും കൗൺസിലർമാരുടെ കൌൺസിലിംഗ് വൈദഗ്ദ്ധ്യവും കൂടുതൽ മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ടെന്നും പഠനം വിലയിരുത്തുന്നു.
പാഠപുസ്‌തകങ്ങളിലും സ്‌ത്രീ കാണാമറയത്ത്: പഠനം
അധികാരത്തിന്റെ ലിംഗപദവിപരമായ പരമ്പരാഗത ശ്രേണിബന്ധങ്ങളെ വെല്ലുവിളിക്കുന്നതിൽ പാഠപുസ്തകങ്ങളിലെ പാഠങ്ങൾക്കും ദൃശ്യങ്ങൾക്കും ഒരു പങ്കുണ്ട്. 8, 9, 10 ക്ലാസുകളിലെ സാമൂഹ്യ പാഠപുസ്തകത്തിന്റെ ജെൻഡർ ഓഡിറ്റും പഠനത്തിന്റെ ഭാഗമായി നടത്തിയിരുന്നു. സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിൽ സ്ത്രീ പ്രാതിനിധ്യം വളരെ കുറവാണെന്ന് വിശകലനം സൂചിപ്പിക്കുന്നു. ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ, ക്വീർ തുടങ്ങിയ (LGBTQI) ലിംഗഭേദ ന്യൂനപക്ഷ വിഭാഗങ്ങളെ ലൈംഗികവിഭാഗങ്ങളെ ഏതാണ്ട് പൂർണ്ണമായും അവഗണിച്ചിരിക്കുന്നു. ലിംഗഭേദത്തിന്റെ പ്രാതിനിധ്യവും ലിംഗഭേദം ഉൾക്കൊള്ളുന്ന വാക്കുകളുടെയും ഭാഷയുടെയും ഉപയോഗവും സന്തുലിതമാക്കാൻ പാഠപുസ്‌തകങ്ങൾ പരിഷ്കരിക്കണമെന്നും പഠനം നിർദേശിക്കുന്നു.
8, 9, 10 ക്ലാസുകളിലെ സാമൂഹ്യശാസ്‌ത്ര പാഠപുസ്‌തകങ്ങളിലെ സ്‌ത്രീ പുരുഷ പ്രതിനിധാനങ്ങൾ പഠനം വിലയിരുത്തിയപ്പോൾ നാമങ്ങളായും സർവ്വനാമങ്ങളായും കഥാപാത്രങ്ങളായും ചിത്രങ്ങളായും സ്‌ത്രീകളെക്കാൾ വളരെ കൂടുതലാണ് പുരുഷൻമാർ എന്നാണ് കണ്ടെത്തിയത്.
ചിത്രങ്ങൾ പരിശോധിച്ചാൽ പുരുഷ– സ്‌ത്രീ അനുപാതം എട്ടാം ക്ലാസിൽ 84–53, ഒമ്പതിൽ 144– 53, പത്തിൽ 171–59 എന്നിങ്ങനെയാണ്. പാഠഭാഗങ്ങളിലെ പരാമർശങ്ങൾ പരിശോധിച്ചാൽ 175–16, 266–56, 386–66 എന്നിങ്ങനെയാണ് പുരുഷ – സ്‌ത്രീ അനുപാതം.
പ്രമുഖരും അറിയപ്പെടാത്തവരുമായ വ്യക്തികളെകുറിച്ചുള്ള കണക്ക് പരിശോധിച്ചാലും ഈ വിടവ് ദൃശ്യമാണെന്ന് പഠനം പറയുന്നു. പ്രമുഖരെ പറ്റിയുള്ള പരാമർശങ്ങളിൽ എട്ടാം ക്ലാസിൽ 14–8, ഒമ്പതിൽ 167 –14, പത്തിൽ 322–22 എന്നിങ്ങനെയാണ് പുരുഷ – സ്‌ത്രീ അനുപാതം. ‘നമ്മുടെ സർക്കാർ’ എന്ന അധ്യായത്തിൽ ഒട്ടേറെ പുരുഷ രാഷ്‌ട്രീയ നേതാക്കളെ പരാമർശിക്കുന്നുണ്ട്. എന്നാൽ ആദ്യ വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയുടെയോ വനിതാ രാഷ്‌ട്രപതിയായ പ്രതിഭാ പാട്ടീലിന്റെയോ പോലും പേരില്ല. സാമ്പത്തിക ശാസ്‌ത്ര മേഖലയിലെ സംഭാവനകൾ പരാമർശിക്കുമ്പോഴും സ്‌ത്രീ പേരുകൾ അവഗണിക്കപ്പെടുന്നു. ഇത്തരത്തിലുള്ള ചിത്രീകരണം കുട്ടികളിൽ ലിംഗപരമായ മുൻവിധികൾ ഊട്ടിയുറപ്പിക്കാൻ ഇടയാക്കുമെന്ന് പഠനം പറയുന്നു. ചരിത്രത്തിലോ രാഷ്‌ട്ര നിർമിതിയിലോ പുരുഷന്മാർക്ക് മാത്രമാണ് പങ്ക് എന്ന ധാരണ കുട്ടികളിലും ബലപ്പെടും.
ഓരോ പ്രയോഗത്തിലും ജൻഡർ ജാഗ്രത വേണം. ഇംഗ്ലീഷ് പുസ്‌തകത്തിൽ പൊതുവെ മനുഷ്യരെപ്പറ്റി പരാമർശിക്കുമ്പോഴെല്ലാം Man എന്ന പ്രയോഗം കടന്നുവരുന്നു. അതുപോലെ ചെയർമാൻ പോലെയുള്ള പ്രയോഗവും ധാരാളം. he, his എന്നല്ലാതെ she, her ഒരിടത്തും കാണുന്നില്ല. അതുപോലെ തൊഴിലുകളുടെ ചിത്രീകരണവും സ്‌ത്രീകൾക്ക് കടുത്ത ജോലിയൊന്നും പറ്റില്ല എന്ന പൊതുവായ മുൻവിധി ബലപ്പെടുത്തുന്ന വിധത്തിലാണ്. ഒരുകൂട്ടം വനിതാ ഡോക്‌ടർമാരെ ചിത്രീകരിക്കുമ്പോൾ പോലും അവർ ഒരു പുരുഷ ഡോക്‌ടർ ചികിത്സിക്കുന്നത് നോക്കിനിൽക്കുന്നതായാണ് ചിത്രീകരണം.
പൊതുസ്‌ഥിതി ഇതാണെങ്കിലും പത്താംക്ലാസിലെ പുസ്‌തകത്തിൽ ചില പരിശ്രമങ്ങൾ കാണാനുണ്ട്. പുസ്‌തകത്തിൽ ചേർത്തിരിക്കുന്ന ഗാന്ധിജിയുടെ ഉദ്ധരണിയിൽ ‘അവൻ’ വരുന്നിടത്തെല്ലാം ‘അവൾ’ കൂടി ചേർത്തു കാണുന്നു. അതുപോലെ ഒരധ്യായത്തിൽ സ്വാതന്ത്ര്യസമരസേനാനിയായ മാഡം ബിക്കാജി കാമയെപ്പറ്റി പ്രത്യേക പാഠം അധികവായനയ്‌ക്കായി ചേർത്തിട്ടുണ്ട്. ദേശീയ പ്രസ്‌ഥാനത്തിലെ സ്‌ത്രീകൾ എന്നൊരധ്യായവും ഉണ്ട് – പഠനത്തിൽ പറയുന്നു.
സംസ്‌ഥാന സർക്കാർ ഈ രംഗത്ത് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടി. അംഗൻവാടികളിലെ പാഠപുസ്‌തകങ്ങളിൽ വനിതാ ശിശുക്ഷേമ വകുപ്പ് നടത്തിയ ജൻഡർ ഓഡിറ്റ് ഏറെ ഫലപ്രദമായിരുന്നു.
ലിംഗ പക്ഷപാതം ഒഴിവാക്കാനും ലിംഗസമത്വബോധം ഉറപ്പാക്കാനും സ്കൂൾ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് അവലോകനം ചെയ്യണം. ലിംഗപദവി വെളിവാക്കാത്ത (Gender Neutral) പദങ്ങളും സർവ്വനാമങ്ങളും ഉപയോഗിക്കുന്നത് ചെറുപ്പത്തിൽ തന്നെ വിദ്യാർത്ഥികളിൽ ലിംഗപരമായ മുൻവിധികൾ ഇല്ലാതാക്കാൻ സഹായിക്കും.
ലൈബ്രറിയിലേക്ക് പുസ്‌തകം തെരഞ്ഞെടുക്കുമ്പോൾ ജൻഡർ ഒരു ഘടകമായിരിക്കണം. അറിയപ്പെടുന്ന സ്‌ത്രീ പുരുഷ എഴുത്തുകാരുടെ കൃതികളും സ്ത്രീ സമൂഹത്തിന് പ്രചോദനം നൽകുന്ന സ്‌ത്രീ സാമൂഹ്യ പ്രവർത്തകരുടെയും ശാസ്‌ത്രജ്ഞരുടെയും ജീവിതങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളും ലിംഗസംബന്ധമായ വാർപ്പുമാതൃകകളെ ധിക്കരിക്കുന്ന കൃതികളും ബോധപൂർവം ഉൾപ്പെടുത്തണം.
പെൺകുട്ടികളും ട്രാൻസ്‌ജൻഡർ വിഭാഗത്തിൽ പെട്ടവരും മറ്റ് നിശ്‌ചിതമല്ലാത്ത ലിംഗവിഭാഗങ്ങളിൽ പെട്ടവരും അടക്കം എല്ലാവിദ്യാർത്ഥികളെയും ഉൾക്കൊള്ളുന്ന വിധത്തിലാണ് പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും അധ്യാപന സാമഗ്രികളും എന്ന് ഉറപ്പുവരുത്തണം.
സമത്വകാഴ്‌ചപ്പാടുള്ള അധ്യാപകരെ ഉൾപ്പെടുത്തി ലിംഗസമത്വബോധം ഉൾക്കൊള്ളുന്ന പാഠ്യപദ്ധതിയ്‌ക്കും ക്ലാസ്‌മുറിയിൽ അതിന്റെ പഠനക്രമീകരണത്തിനുമായി എസ്‌സിഇആർടി ഒരു പൈലറ്റ് പ്രോജക്ട് ആരംഭിക്കണമെന്നും പഠനം നിർദേശിക്കുന്നു. സമത്വബോധമുള്ള അധ്യാപകരെ പദ്ധതിനടത്തിപ്പിൽ സഹകരിപ്പിക്കാം. ♦