കഥകളറിയാത്തവരോ പറയാത്തവരോ സ്വയം കഥകളോ കഥാപാത്രങ്ങളോ ആയി മാറാത്തവരോ വിരളമായിരിക്കും. ഓരോ വർഷവും പ്രസിദ്ധീകരിക്കപ്പെടുന്ന കഥകളുടെയും നോവലുകളുടെയും സംഖ്യയും ചെറുതല്ല. എന്നിട്ടും ചില കഥകൾ, ചില കഥനരീതികൾ, ചില കഥാപറച്ചിലുകാർ, എഴുത്തുകാർ മായാത്ത അടയാളങ്ങൾ തീർത്ത് ചരിത്രത്തിന്റെയും ഓർമ്മയുടേയും ഭാഗമാകുന്നു. കഥയേക്കാൾ അത് പറഞ്ഞ രീതിയാണ് പലപ്പോഴും കഥയെ കഥയാക്കുന്നതും നമ്മുടെ ആസ്വാദനത്തെതന്നെ നിർണയിക്കാൻ പോന്ന വിധത്തിൽ സാഹിത്യത്തിലെ നാഴികക്കല്ലുകളാക്കുന്നതും. ഖസാക്ക് ഇന്നും നമ്മിൽ നിറഞ്ഞുനിൽക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. അത്തരമൊരു വായനാനുഭവമാണ് ആർ രാജശ്രീ രചിച്ച ‘‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്‌ത്രീകളുടെ കത’’.
‘‘ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയ നോവൽ’’ എന്ന നിലയ്‌ക്ക് അത് എഴുതി ‘പോസ്റ്റ്’ ചെയ്‌തു തുടങ്ങിയ നാൾമുതൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് ആർ രാജശ്രീയുടെ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്‌ത്രീകളുടെ കത’ എന്ന നോവൽ. കോഴിക്കോട് മാതൃഭൂമി ബുക്‌സിലൂടെയാണ് ഫേസ്‌ബുക്ക് പോസ്റ്റിൽനിന്ന് ഈ നോവൽ പുസ്‌തകരൂപം കൈവരിക്കുന്നത്. ആദ്യ പതിപ്പിറങ്ങിയ 2019 ഒക്‌ടോബറിൽതന്നെ ഇതിന്റെ രണ്ടാം പതിപ്പും ഇറങ്ങി എന്നത് അതിശയകരമായി തോന്നാം. എന്നാൽ സാമൂഹികമാധ്യമങ്ങളിൽ ‘വൈറലായ’ ഒരു കൃതിക്ക് ലഭിക്കുന്ന സ്വാഭാവികമായ സ്വീകാര്യതയായി ഇതിനെ മനസ്സിലാക്കാം. ‘978‐81‐8268‐022‐7’ എന്നതാണ് ഈ പുസ്‌തകത്തിന്റെ IBN നമ്പർ. 300 രൂപ വിലയുള്ള ഈ പുസ്‌തകത്തിൽ ആകെ എൺപത്തിരണ്ട് അധ്യായങ്ങളിലായി 271 പുറങ്ങളാണുള്ളത്. നോവലിന്റെ യഥാർഥ സത്ത ചൂണ്ടിക്കാട്ടാവുന്ന, എൻ ശശിധരൻ എഴുതിയിരിക്കുന്ന മുൻകുറിപ്പിൽ ദേശകാലാതിർത്തികളെ ഭേദിച്ച് നിൽക്കുന്ന പെണ്ണനുഭവങ്ങളുടെ കഥയായി ഈ കൃതിയെ സൂചിപ്പിച്ചിരിക്കുന്നു.
അമ്പതിലധികം വർഷംമുമ്പ് കണ്ണൂർ ജില്ലയിലെ ഒരു ഉൾഗ്രാമത്തിൽ ജീവിച്ച കല്യാണിയുടെയും ദാക്ഷായണിയുടെയും കഥയായിട്ടാണ് ഈ നോവൽ സ്വയം അടയാളപ്പെടുത്തുന്നത്. എന്നാൽ ഇത് അവരുടെമാത്രം കഥകളിലൂടെ പാളംതെറ്റാതെ ചക്രമുരുണ്ടുപോകുന്ന ഒന്നല്ല. അവരിൽനിന്ന് അവർതന്നെ പറയുന്ന മറ്റുള്ളവരുടെയും ദേശത്തിന്റെതന്നെയും കഥകളിലേക്കും അവരുടെ കഥ പറയുന്ന ആഖ്യാതാവിലൂടെ അഖ്യാതാവിനും കല്യാണി‐ദാക്ഷായണിമാർക്കും ചുറ്റുമുള്ളവരുടെയും കഥകളിലേക്കും, മാറിമാറി സഞ്ചരിക്കുന്നു. ഉത്തമ പുരുഷനിൽനിന്ന് പ്രഥമ പുരുഷനിലേക്കും തിരിച്ചും ആഖ്യാനം കയറിയിറങ്ങുന്നുണ്ട്. കല്യാണി‐ദാക്ഷായണിമാരുടെ കഥകളുടെ തന്നെ ആഖ്യാനത്തിനിടയ്‌ക്ക് അവരുടെ പ്രതികരണങ്ങളും ആഖ്യാതാവിന്റെ വിശേഷണങ്ങളും വിശദീകരണങ്ങളും കടന്നുവരുന്നുണ്ട്. ആഖ്യാതാവുതന്നെ കഥാപാത്രമായും മാറുന്നുണ്ട്. ഇത് ഒരുപക്ഷേ നമുക്ക് അറിവുള്ള ആഖ്യാനമാതൃക തന്നെയാണ്. എഴുത്തുകാരനും ആഖ്യാതാവും കഥാപാത്രവും ഒന്നാകുന്ന കൃതികൾ പുരാണങ്ങളിലും ഇതിഹാസങ്ങളിലുമടക്കം ഉണ്ട് താനും. എന്നാൽ രാജശ്രീയുടെ നോവൽ നൽകുന്ന വായനാനുഭവം തികച്ചും നൂതനമാണ്. പുതിയകാലത്ത് എഴുതപ്പെട്ട പല നോവലുകളുടെയും ആഖ്യാനത്തിലെന്നപോലെ ഇതിലും വ്യക്തിജീവിതങ്ങളിലെ കാലം ചരിത്രത്തിലെ ചില പ്രധാന സംഭവങ്ങളുടെ കാലവുമായി ചേർത്തുവച്ചുകൊണ്ട് പരാമർശിക്കുന്നുണ്ട്. സാമൂഹിക രാഷ്‌ട്രീയ ചരിത്രങ്ങൾക്കുപുറമേ നാടിന്റെ ചരിത്രവും നാട്ടിലെ രണ്ടു സ്‌ത്രീകളുടെ ചരിത്രവും വർഷങ്ങൾക്കിപ്പുറം ആഖ്യാതാവിന്റെ ചരിത്രവും പരസ്‌പരം ഇഴചേർന്നു പുതിയ പരിസരങ്ങൾ മെനയുന്നുണ്ട്. എന്നാൽ ചരിത്രം ചരിത്രമായി പറയുകയല്ല, മറിച്ച് അനുഭവങ്ങളും ഓർമ്മകളും ഐതിഹ്യങ്ങളും ചേർന്ന് ഫിക്ഷനായി പുനരാഖ്യാനം ചെയ്യപ്പെടുന്നു.
സ്‌ത്രീയുടെ ജിവിതപരിസരത്തിലും ശരീരത്തിലും വ്യക്തിത്വത്തിലും ആധിപത്യം ഉറപ്പിക്കുന്ന വൈവാഹികബന്ധങ്ങളുടെ ഒരു ഇഴയിൽ ഇതിലെ പല പെൺജീവിതങ്ങളെയും കൊരുത്തുവയ്‌ക്കാം. അതിൽ പല കാലത്തെ, പല ദേശത്തെ, പലരായി തന്നെയിരിക്കുന്ന ഒറ്റയൊറ്റയായ പെൺജീവിതങ്ങളാണുള്ളത്. എന്നാലും ദേശകാല വ്യത്യാസങ്ങളില്ലാതെയുള്ള ആൺകോയ്‌മ ഇടങ്ങളാകുന്ന കുടുംബങ്ങളുണ്ട്. കല്യാണിയും ദാക്ഷായണിയും അതിൽനിന്ന് തെറ്റിമാറി തങ്ങളുടേതായ വേറിട്ട സ്വത്വങ്ങളെ സ്ഥാപിച്ചവരാണ്. കുടുംബത്തിന് പുറത്തായ അവർക്ക് ഒളിഞ്ഞും തെളിഞ്ഞും സമൂഹം ചാർത്തി നൽകുന്ന പരിവേഷങ്ങളും പുതുതല്ലെന്നിരിക്കിലും ആഖ്യാതാവിന്റെയും കഥാപാത്രങ്ങളുടെയും കമന്റുകൾ അടക്കമുള്ള ആഖ്യാനമാണ് ആ കഥാപാത്രങ്ങളെയും നോവലിനെതന്നെയും വ്യതിരിക്‌തമാക്കുന്നത്. പെണ്ണുങ്ങളുടെ ലൈംഗികതയും ശരീരവും സ്വപ്‌നങ്ങളും ചിന്തകളുമെല്ലാം സ്വതന്ത്രമായി ആഘോഷിക്കപ്പെടുന്നുണ്ട് ഈ നോവലിൽ.
‘കഥ’യെ ‘കത’യാക്കുന്ന നാട്ടുമൊഴിയും കരുത്തും ഊർജ്ജവുമാണ് ഒന്ന് പറഞ്ഞവരെ നാല് തിരിച്ചുപറയുന്ന കല്യാണിയുടെ നാവുപോലെ ഈ നോവലിനെ ഉശിരുള്ള പെണ്ണിനെപോലെ ആക്കുന്നത്. സോഷ്യൽ മീഡിയയും ക്രിക്കറ്റും രാഷ്‌ട്രീയവും എല്ലാം സമ്പന്നമാക്കിയ പദപ്രയോഗങ്ങൾ അവസരോചിതമായി. എന്നാൽ നൈസർഗികമായി കയറിപ്പറ്റുന്ന വാമൊഴിയുടെ അവതരണത്തിനുള്ള കരുത്ത് ഈ നോവലിന്റെ പ്രമേയത്തെയും ഭാവുകത്വത്തെയും നവ്യാനുഭവമാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഒരു നാരായണ മൂർത്തിക്കും ഇഴപിരിച്ച് വ്യാഖ്യാനിക്കാനാവാത്ത നിഗൂഢതയായി, ചെട്ട്യാരെ ദിനംപ്രതി ബലപ്പെടുത്തുന്ന തമിഴത്തിയുടെ ശരീരവും ദുഷിപ്പുകളെ ഉള്ളിൽ ചുമക്കേണ്ടിവരുന്ന അവരുടെ ഗർഭപാത്രവുംപോലെ, അനിർവചനീയമായി തുടരുന്ന സ്‌ത്രീയുടെ ശരീരവും മനസ്സുംപോലെ തന്നെയാണ് ഈ ‘കത’യും. അത് ദാക്ഷായണിയുടെയും കല്യാണിയുടെയും മാത്രമല്ല, കേരളത്തിൽ തെക്കുവടക്ക് സംഘർഷങ്ങൾക്കിടയിലും കൈകോർക്കുന്ന നിരവധി പെണ്ണനുഭവങ്ങളുടെ ഏറ്റവും നൈസർഗികവും സ്വതസിദ്ധവുമായ ആഖ്യാനമായി രാജശ്രീയുടെ ഈ നോവൽ മാറുന്നു. ♦