Sunday, November 24, 2024

ad

Homeരാജ്യങ്ങളിലൂടെകെനിയയിൽ ജനകീയ സമരം മുന്നോട്ട്

കെനിയയിൽ ജനകീയ സമരം മുന്നോട്ട്

ആര്യ ജിനദേവൻ

പ്രതിഷേധങ്ങൾ നിയമംവഴി നിരോധിച്ചിട്ടും ആഫ്രിക്കൻ രാജ്യമായ കെനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം കൂടുതൽ കൂടുതൽ ശക്തിയാർജിച്ചു വരികയാണ്. ജീവിത ചെലവ് വർദ്ധിക്കുന്നതിനും അതേസമയം അതിനോട് പുറംതിരിഞ്ഞു നിൽക്കുന്ന ഗവൺമെന്റിന്റെ ജനവിരുദ്ധമായ നയങ്ങൾക്കും എതിരായി ആയിരക്കണക്കിന് ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുകയാണ്. മാർച്ച് 27ന് നടന്ന പ്രതിഷേധ പ്രകടനത്തിൽ കെനിയൻ നഗരമായ കിസുമുവിൽ പൊലീസ് വെടിവെപ്പ് നടത്തുകയും ഒരു ചെറുപ്പക്കാരൻ കൊല്ലപ്പെടുകയും ചെയ്തു; ഈ പ്രതിഷേധം ആരംഭിച്ചിട്ട് ഇത് രണ്ടാമത്തെ വ്യക്തിയാണ് കൊല്ലപ്പെടുന്നത്; മാർച്ച് 20ന് നടന്ന പ്രകടനത്തിൽ പങ്കെടുത്ത 21 വയസ്സുള്ള ഒരു യൂണിവേഴ്സിറ്റി വിദ്യാർത്ഥിയെയാണ് പൊലീസ് ആദ്യം വെടിവെച്ചുകൊന്നത്. കെനിയയുടെ മുൻ പ്രധാനമന്ത്രി കൂടിയായിരുന്ന റൈല ഒഡിംഗയുടെ നേതൃത്വത്തിൽ ആഹ്വാനം ചെയ്തിട്ടുള്ള ദ്വൈവാര പ്രതിഷേധമാണ് നിലവിലെ ഭരണാധികാരി ആയ പ്രസിഡന്റ് റൂട്ടോയുടെ നയങ്ങൾക്കെതിരായി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. 2022ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന്റെ ഫലം അട്ടിമറിച്ചതാണ് എന്ന ആരോപണവും റൂട്ടോയ്ക്കെതിരായി ഒഡിംഗ മുന്നോട്ടുവെക്കുന്നുണ്ട്. മാർച്ച് 27ന് നടന്ന പ്രകടനത്തിൽ പന്തം കൊളുത്തിയും ടയറുകൾ കത്തിച്ചും ഉറക്കെ മുദ്രാവാക്യം വിളിച്ചും മുന്നോട്ടുനീങ്ങിയ പ്രക്ഷോഭകർക്ക് നേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും വൻതോതിൽ പ്രയോഗിച്ചിട്ടും ജനങ്ങൾ പിന്തിരിഞ്ഞില്ല. അതേസമയം ഗവണ്മെന്റും ഗവൺമെന്റിന്റെ പൊലീസും നിഷ്ഠൂരമായ ആക്രമണമാണ് പ്രക്ഷോഭകർക്ക് നേരെ നടത്തിക്കൊണ്ടിരിക്കുന്നത്. തലസ്ഥാനനഗരിയിൽ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ പത്രപ്രവർത്തകരെയുംപൊലീസ് ആക്രമിക്കുകയുണ്ടായി. പ്രതിപക്ഷ നേതാവ് കൂടിയായ ഒഡിംഗയുടെ നേതൃത്വത്തിൽ നടന്ന വാഹനജാഥയെ തടയുകയും ചിലയിടങ്ങളിൽ മറ്റുവിധത്തിലുള്ള ആക്രമണ

വില്യം റൂട്ടോ

ങ്ങൾ അഴിച്ചുവിടുകയും ചെയ്തു. ഒഡിംഗയുടേയും അദ്ദേഹത്തെ തിരഞ്ഞെടുപ്പിൽ പിന്തുണച്ച മുൻപ്രസിഡന്റ് ആയിരുന്ന ഉഹുറു കെന്യാട്ടയുടെയും കുടുംബത്തിനെതിരായ പ്രത്യേക ആക്രമണങ്ങളും സർക്കാർ നടത്തുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

റൈല ഒഡിംഗ

ഒട്ടേറെ തൊഴിലാളികളുടെ മരണത്തിലേക്ക് നയിച്ച ചെലവുചുരുക്കലും നിർബന്ധിത പിരിച്ചുവിടലും അടക്കമുള്ള 1980കൾ മുതൽ രാജ്യത്ത് ആധിപത്യം പുലർത്തുന്ന നവലിബറൽ നയങ്ങൾ നടപ്പാക്കുവാനാണ് നിലവിലെ ഗവൺമെൻറ് ശ്രമിക്കുന്നത് എന്നതുകൊണ്ടുതന്നെ ഭൂരിഭാഗം കെനിയൻ പൗരരും ഈ ഗവൺമെന്റിന്റെ നടപടികളിൽ രോഷാകുലരാണ് എന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് കെനിയയുടെ ദേശീയ ചെയർപേഴ്‌സണും സംഘടനാ സെക്രട്ടറിയുമായ ബുക്കർ എൻഗേസ പറയുന്നത്. ഭൂരിഭാഗം കെനിയൻ ജനങ്ങളുടേയും സാമ്പത്തിക സാഹചര്യങ്ങൾ കൂടുതൽ വഷളായിരിക്കുന്നു. വർഷാവർഷം ഇരട്ടിച്ച് വരുന്ന നാണയപെരുപ്പം ഫെബ്രുവരിയിൽ 9.2ശതമാനമായി കുതിച്ചുയർന്നു. ഇതുമൂലം രാജ്യത്ത് ഭക്ഷണ-‐ഗതാഗത സംവിധാനങ്ങളുടെയാകെ വില കുതിച്ചുയര്‍ന്നിരിക്കുകയാണ്. 2023 മാർച്ചിനും ജൂണിനും ഇടയിൽ 54 ലക്ഷം ജനങ്ങൾ വലിയ രീതിയിലുള്ള ഭക്ഷ്യ സുരക്ഷിതത്വമില്ലായ്മയിലേക്ക് തള്ളിവിടപ്പെടുകയാണ്‌; കാരണം അതിനിടയാക്കുന്നവിധം വളരെ രൂക്ഷമായ വരൾച്ചയും കെനിയ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം ഉയർന്ന ഇന്ധന വില വൈദ്യുതി നിരക്കടക്കം മറ്റെല്ലാ ചെലവുകളും വർധിപ്പിച്ചിരിക്കുന്നു. കെനിയൻ നാണയമായ ഷില്ലിംഗിന്റെ മൂല്യം ആണെങ്കിൽ ഗണ്യമായ തോതിൽ ഇടിഞ്ഞിരിക്കുകയുമാണ്. ഫെബ്രുവരിയിൽ രാജ്യത്തിന്റെ വിദേശ വിനിമയ കരുതൽശേഖരം 680 കോടി യുഎസ് ഡോളറായി ഇടിഞ്ഞിരിക്കുന്നു; അതായത് നാലു മാസത്തിൽ താഴെയുള്ള ഇറക്കുമതികൾക്ക് മാത്രമുള്ള തുകയേ നിലവിൽ ഗവൺമെൻറിന്റെ കൈവശമുള്ളൂ. രാജ്യം കടുത്ത കടപ്രതിസന്ധിയും നേരിട്ടുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് സമയത്ത് ദരിദ്രാനുകൂല നിലപാട് ക്യാമ്പയിനുകളിൽ സ്വീകരിച്ചിരുന്നുവെങ്കിലും അധികാരത്തിൽ എത്തിയ റൂട്ടോ നേർവിപരീതമായ നയങ്ങളാണ് നടപ്പാക്കുന്നത്. വേൾഡ് ബാങ്കിന്റെയും ഐഎംഎഫിന്റെയും തിട്ടൂരത്തിനനുസരിച്ച് രാജ്യത്തെ ഇന്ധന സബ്സിഡിയും ചോളത്തിന്റെ സബ്സിഡിയും എല്ലാംതന്നെ റൂട്ടൊ വെട്ടിക്കുറച്ചു. മാർച്ച് 21ന് ചേർന്ന കെനിയൻ മന്ത്രിസഭ രാജ്യത്ത് വ്യാപകമായ രീതിയിൽ സ്വകാര്യവൽക്കരണം നടപ്പാക്കുന്നതിന് നാഷണൽ ട്രഷറിയെ ചുമതലപ്പെടുത്തി കൊണ്ടുള്ള പ്രൈവറ്റൈസേഷൻ ബിൽ, 2023 അംഗീകരിക്കുകയുണ്ടായി. ഒരു വർഷത്തിനുള്ളിൽ 10 ഗവൺമെൻറ് സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുവാനാണ് റൂട്ടോ ശ്രമിക്കുന്നത്. പൊതു സർവ്വകലാശാലകളും ബാങ്കുകളുമടക്കം സ്വകാര്യവൽക്കരണത്തിന്റെ പട്ടികയിൽ ഉണ്ട്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും രാജ്യത്തെ ജനജീവിതം സുഖകരം ആക്കുന്നതിനുംപകരം വൻതോതിലുള്ള മുതലാളിത്ത നവലിബറൽ നയങ്ങൾ നടപ്പാക്കിക്കൊണ്ട് സമ്പന്നവർഗ്ഗത്തിന്റെ അനുയോജ്യനായ പ്രതിനിധി ആയിരിക്കുകയാണ് റൂട്ടോ. സമ്പന്നരുടെ നികുതി വർധിപ്പിക്കാതെ ഐഎംഎഫിന്റെയും വേൾഡ് ബാങ്കിന്റെയും നയങ്ങൾ കൈക്കൊണ്ട് രാജ്യത്തെ ഭൂരിപക്ഷംവരുന്ന ദരിദ്രജനങ്ങളുടെ കയ്യിൽനിന്നും കൂടുതൽ നികുതി വാങ്ങുവാനുള്ള നയമാണ് റൂട്ടോ ഗവണ്മെന്റ് നടപ്പാക്കുന്നത്. ഭൂരിപക്ഷ ജനതയ്ക്ക് ഒട്ടുംതന്നെ ഗുണകരമല്ലാത്ത റൂട്ടൊ ഭരണം നിലനിൽപ്പിനുതന്നെ ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞാണ് കെനിയൻ ജനത സമരരംഗത്ത് ഇറങ്ങിയിരിക്കുന്നത്.♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 + 9 =

Most Popular