Friday, November 22, 2024

ad

Homeരാജ്യങ്ങളിലൂടെആരോഗ്യരംഗത്ത് പുത്തൻ കുതിപ്പുമായി ലുല ഗവൺമെന്റ്

ആരോഗ്യരംഗത്ത് പുത്തൻ കുതിപ്പുമായി ലുല ഗവൺമെന്റ്

ജി വിജയകുമാർ

ദിൽമ റൂസെഫ്‌

മാർച്ച് 20ന് ബ്രസീലിലെ ലുല ഗവൺമെൻറ് മോർ ഹെൽത്ത് ഫോർ ബ്രസീൽ എന്ന ഒരു പരിപാടി പ്രഖ്യാപിച്ചു. ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും ക്ഷാമംനേരിടുന്ന ബ്രസീലിന്റെ ഗ്രാമീണ മേഖലയിലേക്കും ആദിവാസി മേഖലയിലേക്കും കൂടുതൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. 15,000 ഡോക്ടർമാരാണ് ഈ പരിപാടിയുടെ ഭാഗമായി ഉടൻ നിയമിക്കപ്പെടാൻ പോകുന്നത്. ഇതിനായി 13.5 കോടി ഡോളറും ഗവൺമെൻറ് നീക്കി വെച്ചു.

യഥാർത്ഥത്തിൽ, 2013 ൽ വർക്കേഴ്സ് പാർട്ടിയുടെ തന്നെ നേതാവും ആദ്യഘട്ടത്തിൽ ലുലയുടെ പിൻഗാമിയുമായിരുന്ന ദിൽമ റൂസേഫിന്റെ ഭരണകാലത്തെ “മോർ ഡോക്ടേഴ്സ്” പരിപാടിയുടെ പുനരാവിഷ്കരണം ആണ് ഇത്. ബ്രസീലുകാരായ ഡോക്ടർമാർ സേവനത്തിന് തയ്യാറാകാതിരുന്ന ബ്രസീലിൻറെ പിന്നോക്ക പ്രദേശങ്ങളിലേക്ക് അയക്കാൻ ഗവൺമെൻറ് ക്യൂബയിൽ നിന്നുള്ള ഡോക്ടർമാരെ നിയമിക്കുകയാണ് ഉണ്ടായത്. പിന്തിരിപ്പൻ ശക്തികൾ ഈ പരിപാടിയെ കമ്മ്യൂണിസം ഇറക്കുമതി ചെയ്യലാണെന്ന് വ്യാഖ്യാനിച്ച് വലിയ പ്രചരണം നടത്തിയെങ്കിലും ദരിദ്രരായ ബ്രസീലുകാർ സേവനസന്നദ്ധരായ ക്യൂബൻ ഡോക്ടർമാരെ രണ്ട് കൈയും നീട്ടി സ്വാഗതം ചെയ്യുകയാണുണ്ടായത്. ബ്രസീലുകാരായ ഡോക്ടർമാർ പൊതുവിൽ സമ്പന്നർ അധിവസിക്കുന്ന നഗരമേഖലകൾക്ക് പുറത്തു പോകാനോ ദരിദ്രരെ സർക്കാർ നൽകുന്ന ശമ്പളത്തിന്റെ ബലത്തിൽ മാത്രം ചികിത്സിക്കാനോ സേവനത്തിനോ തയ്യാറാകാത്ത സാഹചര്യത്തിലാണ് ക്യൂബൻ ഡോക്ടർമാർ ആ ദൗത്യം ഏറ്റെടുത്തത്.

ഈ അടുത്തകാലത്തായി ബ്രസീലിലെ ഫെഡറൽ കൗൺസിൽ ഓഫ് മെഡിസിൻ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ രാജ്യത്തിന്റെ നഗര കേന്ദ്രങ്ങളിലും ഗ്രാമീണമേഖലയിലും ലഭ്യമാകുന്ന ഡോക്ടർമാരുടെ സേവനത്തിലും ചികിത്സാ സൗകര്യങ്ങളിലുമുള്ള അന്തരം ചൂണ്ടിക്കാണിക്കുന്നുണ്ട്. ബ്രസീലിൽ ലഭ്യമായിട്ടുള്ള ഡോക്ടർമാരിൽ പകുതിയോളം പേരും ജോലി ചെയ്യുന്നത് ആ രാജ്യത്തുള്ള 27 സംസ്ഥാന തലസ്ഥാനങ്ങളിൽ ഒന്നിലാണ്. അവിടെ ആയിരം രോഗികൾക്ക് 6.2 1 ഡോക്ടർമാരുടെ സേവനം ലഭിക്കുമ്പോൾ രാജ്യത്തെ ഇതര പ്രദേശങ്ങളിൽ ഓരോ ആയിരം നിവാസികൾക്കും 1.72 ഡോക്ടർമാർ എന്ന നിരക്കാണ് നിലനിൽക്കുന്നത് എന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഡോക്ടർമാരുടെ സേവനം ഇത്രമാത്രം അനിവാര്യമായിരുന്നിട്ടും അവരുടെ ബിരുദത്തിന് ബ്രസീലിൽ അംഗീകാരമില്ലെന്ന് മുടന്തൻന്യായം ഉന്നയിച്ചാണ് അക്കാലത്ത് പിന്തിരിപ്പൻ ശക്തികൾ അതിനെതിരെ കോലാഹലം ഉണ്ടാക്കിയത്.

ദിൽമയുടെ ഭരണകാലത്തെ പദ്ധതി പ്രകാരം 18,200 ആരോഗ്യ പ്രവർത്തകരെയാണ് നിയമിച്ചത്; അതിൽ 8300 പേർ ക്യൂബക്കാരായിരുന്നു. ഇവരാണ് ഉൾപ്രദേശങ്ങളിൽ സേവനമനുഷ്ഠിക്കാൻ സന്നദ്ധരായത്. എന്നാൽ 2018ൽ ബോൾസനാരോ ഗവണ്മെന്റ് ആരോഗ്യപ്രവർത്തകർ ബ്രസീലിൽ പരീക്ഷ പാസാകണമെന്ന നിബന്ധന കൊണ്ടുവന്നപ്പോൾ ക്യൂബൻ ഗവൺമെൻറ് ആ രാജ്യവുമായുള്ള കരാർ അവസാനിപ്പിച്ചു. ബ്രസീലിയൻ വലതുപക്ഷക്കാരിൽ നിന്നും കോർപ്പറേറ്റ് മാധ്യമങ്ങളിൽ നിന്നുമുള്ള അപവാദ പ്രചരണങ്ങളെയും വേട്ടയാടലുകളെയും നേരിട്ടുകൊണ്ടായിരുന്നു ക്യൂബയിൽ സേവനമനുഷ്ഠിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 2023 ജനുവരിയിൽ ബ്രസീലിയൻ പരമോന്നത കോടതി ബ്രസീൽ ഗവൺമെന്റിനോട് “മോർ ഡോക്ടർസ്” പ്രോഗ്രാമിൽ പ്രവർത്തിച്ചിരുന്നവരിൽ 1700 ക്യൂബൻ ഡോക്ടർമാരെയെങ്കിലും ഉടനെ തിരിച്ചുകൊണ്ടുവരണമെന്ന് നിർദ്ദേശിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് ലുല ഗവൺമെൻറിന്റെ പുതിയ പദ്ധതിയെ കാണേണ്ടത്. ഈ പുതിയ പരിപാടിയിലൂടെ ഗവൺമെന്റ് 9.6 കോടി ബ്രസീലുകാർക്ക് അടിസ്ഥാന ആരോഗ്യസൗകര്യം ഒരുക്കാനുള്ള ബാധ്യത ഏറ്റെടുത്തിരിക്കുകയാണ്. ബ്രസീലിന്റെ പുതിയ ആരോഗ്യമന്ത്രി നിസിയ ട്രിനിഡാഡെ പ്രസ്താവിച്ചത്, “2022 അവസാനമായപ്പോൾ 4000ത്തിൽ അധികം ഫാമിലി ഹെൽത്ത് ടീമുകൾ ബ്രസീലിൽ ഡോക്ടർമാർ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്; കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും മോശപ്പെട്ട സ്ഥിതിയുമാണിത്” എന്നതാണ് വസ്‌തുത.

പുതിയ പദ്ധതിയിൽ ബ്രസീലിയൻ ഡോക്ടർമാർക്കായിരിക്കും മുൻഗണന. വിദേശത്തുനിന്നുള്ളവർ ബ്രസീലിലെ ആരോഗ്യമന്ത്രാലയത്തിൽ രജിസ്ട്രേഷൻ നടത്തണമെന്ന് വ്യവസ്ഥയുണ്ട്. കുറഞ്ഞത് ഒരു മുൻസിപ്പൽ പ്രദേശത്ത് തുടർച്ചയായി 36 മാസം സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാർക്ക് ഇൻസെന്റീവ് ആയി അധിക തുക നൽകും. പഠനത്തിന് സ്റ്റുഡൻസ് ഫൈനാൻസിംഗ് ഫണ്ടിൽനിന്ന് പണം കൈപ്പറ്റി അവർക്കും വേതനത്തിനു പുറമേ ബോണസായി ഒരു തുക കൂടി ലഭിക്കും, ഈ പദ്ധതിയിൽ പ്രവർത്തിക്കാൻ തയ്യാറായാൽ. ഇതുവരെ മുൻസിപ്പാലിറ്റി ഡോക്ടർമാരുടെ ശമ്പളം അതാത് മുനിസിപ്പാലിറ്റികൾതന്നെ നൽകണമായിരുന്നു. ഇപ്പോൾ അതുമാറി ഫെഡറൽ ഗവൺമെന്റും മുൻസിപ്പാലിറ്റികളും സംയുക്തമായി ചെലവ് പങ്കിടുന്ന പരിപാടിയാണ് ഗവൺമെൻറ് നടപ്പാക്കിയത്. ഇത് മുൻസിപ്പാലിറ്റികളുടെ ബാധ്യത ലഘൂകരിക്കും.

കഴിഞ്ഞ 100 ദിവസത്തെ ഭരണത്തിനിടയിൽ തന്റെ ഗവൺമെൻറ് പുതുതായി ഒന്നും നടപ്പാക്കുകയായിരുന്നില്ല എന്നും മുൻപ് നന്നായി പ്രവർത്തിച്ചിരുന്നതും ബോൾസനാരോ ഭരണകാലത്ത് നശിപ്പിച്ചതുമായ സംവിധാനങ്ങളെയെല്ലാം തിരികെ കൊണ്ടുവരികയായിരുന്നു എന്നുമാണ് ലുല പറയുന്നത്. ആരോഗ്യമേഖലയിലെ ഈ പരിപാടിക്കൊപ്പം വിദ്യാഭ്യാസരംഗത്തും കൂടുതൽ ഇടപെടലുകൾ നടത്തുമെന്നും വിദ്യാഭ്യാസ ആരോഗ്യ മന്ത്രാലയങ്ങൾ കൂട്ടായി ഇതിനുവേണ്ടി യത്നിക്കുമെന്നും ആരോഗ്യമന്ത്രിയും പ്രസ്താവിച്ചു. ബ്രസീലിലെ സാധാരണ ജനതയുടെ ആരോഗ്യപരിചരണത്തിനായുള്ള മുന്നേറ്റമാണ് ഈ പദ്ധതിയിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 − twelve =

Most Popular