Tuesday, September 17, 2024

ad

Homeരാജ്യങ്ങളിലൂടെപാർപ്പിടത്തിനുവേണ്ടി പോർച്ചുഗൽ ജനത തെരുവിൽ

പാർപ്പിടത്തിനുവേണ്ടി പോർച്ചുഗൽ ജനത തെരുവിൽ

ആയിഷ

ഭീകരമായ പാർപ്പിട പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഏപ്രിൽ ഒന്നിന് ആയിരക്കണക്കിന് ജനങ്ങൾ പോർച്ചുഗലിന്റെ തെരുവുകളിൽ അണിനിരന്നു. ‘ജീവിക്കുവാൻ വീട്’ എന്ന ബാനർ ഉയർത്തിക്കൊണ്ട് നടത്തിയ റാലികളിൽ ഹാബിറ്റ, സ്റ്റോപ് എവിക്ഷൻസ് അടക്കമുള്ള വിവിധ ഗ്രൂപ്പുകളിലെ ആക്ടിവിസ്റ്റുകളും പോർച്ചുഗീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷ ബ്ലോക്കും അടക്കം നിരവധി സംഘടനകളാണ് പങ്കെടുത്തത്. പോർച്ചുഗലിലെ പ്രധാന നഗരങ്ങളായ ലിസ്‌ബൺ, പോർട്ടോ, വിസിയു, കോയിമ്ബ്ര, അവേയ്റോ, ബ്രാഗ തുടങ്ങിയ പ്രധാന നഗരങ്ങൾ ജനനിബിഡമായി. രാജ്യത്തുടനീളം റാലികളിൽ ഇരുപതിനായിരത്തിലധികം ജനങ്ങൾ അണിനിരന്നുവെന്നും ഏതാണ്ട് നൂറോളം സംഘടനകൾ പങ്കെടുത്തു എന്നുമാണ്‌ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്‌. പ്രതിഷേധക്കാർക്ക് എതിരായി നടത്തിയ പൊലീസ് ഭീകരതയെ സംഘടനകൾ കടുത്ത ഭാഷയിൽ അപലപിച്ചു.

പോർച്ചുഗലിലെ നഗരങ്ങളിലുടനീളം വലിയ തോതിലുള്ള പാർപ്പിട പ്രതിസന്ധിയാണ് ജനങ്ങൾക്ക് നേരിടേണ്ടിവരുന്നത്. ലക്ഷക്കണക്കിന് വീടുകൾ ആൾപ്പാർപ്പില്ലാതെ ഒഴിഞ്ഞു കിടക്കുമ്പോൾപോലും കുതിച്ചുയരുന്ന വാടകയും വസ്തുവിലയും ജനങ്ങൾക്ക് താങ്ങാനാവാത്തതായി മാറിയിരിക്കുന്നു.

പോർച്ചുഗീസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം രാജ്യത്ത് നിലവിൽ 723215 വീടുകളോളം ഒഴിഞ്ഞുകിടക്കുന്നുണ്ട്. പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നാണ് പോർച്ചുഗീസ്. കഴിഞ്ഞവർഷം പ്രതിമാസം 1000 യൂറോയിൽ താഴെയാണ് 50 ശതമാനത്തിലധികം തൊഴിലാളികളും സമ്പാദിച്ചത് എന്നാണ്‌ ഗവൺമെന്റെിന്റെതന്നെ കണക്കുകൾ പറയുന്നത്. അതായത് പ്രതിമാസ മിനിമം കൂലി കേവലം 760 യൂറോ മാത്രമാണ്. 2015 മുതലിങ്ങോട്ട് വിനോദസഞ്ചാര കേന്ദ്രം കൂടിയായ ലിസ്ബണിൽ വാടക 65 ശതമാനവും വില്പനവില 137 ശതമാനവും കണ്ട് ഉയർന്നി രിക്കുകയാണ്. കഴിഞ്ഞവർഷം മാത്രം 37 ശതമാനമാണ് വാടക വർദ്ധിച്ചത്. ബാഴ്സലോണയിലും പാരീസിലും ഉള്ളതിനേക്കാൾ ഇരട്ടിയാണ് ഇത് .ഒരു ഫ്ലാറ്റിന്റെ ശരാശരി വാടക 1350 യൂറോ ആണ് നിലവിൽ.


ഈയൊരു ഭീകരമായ സാഹചര്യത്തിൽ ഗവൺമെൻറ് പുലർത്തുന്ന നിസംഗതയോട് രാജ്യത്തെ ഇടതുപക്ഷ പാർട്ടികളും പാർപ്പിടാവകാശ ഗ്രൂപ്പുകളും വലിയ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്. വാടകയ്ക്ക് പരിധി നിശ്ചയിക്കുക, ആൾപ്പാർപ്പില്ലാതെ കിടക്കുന്ന വീടുകളിൽ നിർബന്ധമായും ആളുകളെ പാർപ്പിക്കുക, റിയൽ എസ്റ്റേറ്റിലെ വാടക ഭീമന്മാരെയും ഊഹക്കച്ചവടക്കാരെയും നിയന്ത്രിക്കുകയും നികുതി നിശ്ചയിക്കുകയും ചെയ്യുക, സാമൂഹിക പാർപ്പിട നിർമ്മാണ പദ്ധതിക്കുള്ള നിക്ഷേപം വർദ്ധിപ്പിക്കുക തുടങ്ങിയുള്ള ജനകീയമായ ആവശ്യങ്ങളോട് ഇതുവരെയും പ്രതികരിക്കാൻ തയ്യാറാകാതെ നിശബ്ദത പുലർത്തുകയാണ് പോർച്ചുഗീസ് ഗവൺമെൻറ്. വിവിധ സംഘടനകൾ ഏപ്രിൽ ഒന്നിന് ജനങ്ങളെ അണിനിരത്തുന്നതിന് തൊട്ടുമുമ്പ് മാർച്ച് 31ന് പോർച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ കോസ്‌ത, വാടക താങ്ങാൻ ആവുന്നതാക്കുന്നതിനും വാടക കമ്പോളത്തിൽ വിശ്വാസം ശക്തിപ്പെടുത്തുന്നതിനും പാർപ്പിട ആവശ്യങ്ങൾക്കു വേണ്ടി നിലവിലുള്ള യൂണിറ്റുകൾ ഉപയോഗപ്പെടുത്തുന്നതിനുമുള്ള ഒരു പരിപാടി മുന്നോട്ടുവെച്ചു. എന്നാൽ പോർച്ചുഗലിലെ സന്നദ്ധ സംഘടനകളും ഇടതുപക്ഷ പാർട്ടികളും ഈ പദ്ധതിയെ ജനങ്ങളുടെ കണ്ണിൽ പൊടിയിടലായി മാത്രമേ കാണുന്നുള്ളൂ. ഏപ്രിൽ ഒന്നിന് റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ഇടതുപക്ഷ ബ്ലോക്കിൽ(BE) നിന്നുള്ള കാത്തറീനാ മാർട്ടിൻസ് ഇങ്ങനെ പറയുകയുണ്ടായി, “അവസാനം നിമിഷം കൂടുതൽ ഹൗസിംഗ് പാക്കേജ് മുന്നോട്ടുവച്ചുകൊണ്ട് ഈ റാലിയെ ശൂന്യമാക്കുവാൻ ആണ് ഗവൺമെൻറ് ശ്രമിച്ചത്. എന്നാൽ അവർ മുന്നോട്ടുവച്ച പാക്കേജ് അപര്യാപ്തമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. ഞങ്ങൾക്ക് വേണ്ടത് കൂടുതൽ നികുതിയിളുകൾ അല്ല, നിലവിലുള്ള നികുതിയിൽ നിന്നുമുള്ള മോചനമാണ്. ഞങ്ങൾക്ക് ആവശ്യം വിലകൾ നിയന്ത്രിക്കുകയും വാടക കൊടുക്കുവാൻ മതിയായ വിധത്തിലുള്ള വേതനവുമാണ്; അല്ലാതെ വാടക കൊടുക്കുന്നതിന് ജനങ്ങൾക്ക് എന്തെങ്കിലും സഹായം അനുവദിച്ചു കിട്ടുകയല്ല വേണ്ടത്, കാരണം പിന്നീടൊരിക്കൽ ആ സഹായം നിർത്തലാക്കുമ്പോൾ ജനങ്ങൾക്ക് വീണ്ടും വാടക താങ്ങാനാവാതെ വരും”.

പാർപ്പിട പ്രശ്നം ഒരു കേന്ദ്ര പ്രശ്നമാണ് എന്നും എന്നാൽ ഇപ്പോൾ ഗവൺമെൻറ് നടത്തിയ ഇടപെടലുകൾക്ക് ജനജീവിതവുമായി യാതൊരു ബന്ധവുമില്ല എന്നുമാണ് പോർച്ചുഗീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായ പൗലോ റായ്മുണ്ടോ പറയുന്നത്. ഈ ദിവസങ്ങളിൽ കൂലിയിലും പെൻഷനിലും വർദ്ധനവും അതുപോലെതന്നെ തൊഴിൽ സുരക്ഷയും ആവശ്യപ്പെട്ടുകൊണ്ട് ഫെയർ ലൈഫ് എന്ന പേരിൽ പോർച്ചുഗീസ് തൊഴിലാളി വർഗ്ഗം പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നുമുണ്ട്. എന്തുതന്നെയായാലും, പോർച്ചുഗീസ് ജനതയുടെ ഈ സമരം അതിജീവനത്തിനായുള്ള പോരാട്ടം തന്നെയാണ്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 4 =

Most Popular