ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ ഹീത്റോ വിമാനത്താവളത്തിൽ (Heathrow Airport) സെക്യൂരിറ്റി ജീവനക്കാരുടെ പത്തുദിന പണിമുടക്ക് നടന്നു. യുണൈറ്റ് ദി യൂണിയൻ (Unite the Union) എന്ന സംഘടനയുമായി അഫിലിയേറ്റ് ചെയ്ത ഏതാണ്ട് 1400 സെക്യൂരിറ്റി ജീവനക്കാരാണ് മാർച്ച് 31 മുതൽ ഏപ്രിൽ 9 വരെ 10 ദിവസം നീണ്ട പണിമുടക്ക് നടത്തിയത്. ശമ്പള വർദ്ധനവ് അനുവദിക്കുന്നതിനുവേണ്ടി അധികാരികളുമായി പലതവണ നടത്തിയ ചർച്ചകൾ എല്ലാംതന്നെ പരാജയപ്പെട്ടതിനാലാണ് ജീവനക്കാർ ഇത്തരത്തിൽ പത്തു നാൾ നീണ്ട പണിമുടക്കിലേക്ക് കടക്കാൻ നിർബന്ധിതരായത്. സാധാരണ തൊഴിലാളികൾക്ക് കൃത്യമായി ശമ്പള വർദ്ധനവ് അനുവദിക്കുവാൻ തയ്യാറാകാത്ത എയർപോർട്ട് അധികാരികൾ അതേസമയംതന്നെ ഹീത്റോ എയർപോർട്ട് ലിമിറ്റഡിന്റെ സി ഇ ഒ യ്ക്ക് ഭീമമായ ശമ്പളം നൽകുകയും ഓഹരി ഉടമകൾക്ക് ലക്ഷക്കണക്കിന് കോടി തുക ഓഹരി നൽകുകയും ചെയ്യുന്നു. എന്നാൽ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുവാൻ കഷ്ടപ്പെടുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് അഥവാ സാധാരണ തൊഴിലാളികൾക്ക് ചെറിയൊരു ശമ്പള വർദ്ധനവ് വരുത്തുന്നതുപോലും വിമാനത്താവള അധികാരികൾ അനാവശ്യമായി കാണുന്നു.
മാർച്ച് 29ന് ഇറക്കിയ പ്രസ്താവനയിൽ യുണൈറ്റ് ഇങ്ങനെ പ്രസ്താവിക്കുന്നു, “മഹാമാരിക്ക് മുമ്പുള്ള മൂന്നു വർഷങ്ങളിൽ സ്പെയിനിലും ഖത്തറിലും ഉള്ള തങ്ങളുടെ ഓഹരി ഉടമകൾക്ക് ഡിവിഡന്റായി വിമാനത്താവളം നൽകിയത് 260 കോടി ഡോളറാണ്. അതേസമയം, ഹീത്റോയിൽ പണിയെടുക്കുന്ന സാധാരണ തൊഴിലാളികൾക്ക് നൽകുന്ന പ്രതിഫലം 2017 മുതൽ 24% ആയി ഇടിഞ്ഞിരിക്കുന്നു”. ഈ പശ്ചാത്തലത്തിലാണ് പോരാട്ടം ശക്തമാക്കുവാൻ സംഘടന തീരുമാനിച്ചത്. ബ്രിട്ടീഷ് എയർവേ മൊത്തമായി ഉപയോഗിക്കുന്ന ടെർമിനൽ അഞ്ചിലെ സെക്യൂരിറ്റി ഓഫീസർമാരും കാർഗോകൾ പരിശോധിക്കുന്ന സെക്ഷനിലെ സെക്യൂരിറ്റി ഗാർഡുമാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ഇത് പല ഫ്ലൈറ്റുകളും വൈകിപ്പിക്കുകയും തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ട്. യുണൈറ്റിന്റെ ജനറൽ സെക്രട്ടറിയായ ഷാരോൺ ഗ്രഹാം പറയുന്നു, തങ്ങളുടെ തൊഴിലാളികൾക്ക് മാന്യമായ ഒരു ശമ്പളവർദ്ധനവ് നൽകുവാൻ ഈ വിമാനത്താവളത്തിന്റെ അധികൃതർക്ക് അനായാസം സാധിക്കും. ദിനംപ്രതി ലാഭം കുന്നുകൂട്ടുന്ന ഒരു കമ്പനിയാണ് ഇത്. എന്നിട്ടും നിലവിൽ ദാരിദ്ര്യത്തിൽ കിടക്കുന്ന സെക്യൂരിറ്റി ജീവനക്കാർക്കും താഴെത്തട്ടിൽ പണിയെടുക്കുന്ന സ്റ്റാഫുകൾക്കും ഉള്ള കൂലിയിൽ എങ്ങനെ വെട്ടിക്കുറവ് വരുത്താം എന്നാണ് വിമാനത്താവളത്തിന്റെ അധികാരികൾ ചിന്തിക്കുന്നത്. ചുരുക്കത്തിൽ, അനുദിനം ലാഭം കുന്നുകൂട്ടുമ്പോഴും സാധാരണ തൊഴിലാളികൾക്ക് നൽകുന്ന തുച്ഛമായ കൂലിയിൽ കാലാനുസൃതമായ ചെറിയൊരു മാറ്റം വരുത്താൻപോലും തയ്യാറാകാത്ത കോർപ്പറേറ്റ് മുതലാളിമാർക്കെതിരെയുള്ള ഉശിരൻ സമരമാണ് എയർപോർട്ട് ജീവനക്കാർ ബ്രിട്ടനിൽ നടത്തിയത്. ♦