Thursday, November 21, 2024

ad

Homeസംസ്ഥാനങ്ങളിലൂടെബംഗാളിലെ ഡോക്ടർമാരുടെ സമരം തുടരുന്നു

ബംഗാളിലെ ഡോക്ടർമാരുടെ സമരം തുടരുന്നു

ഷുവജിത്ത്‌ സർക്കാർ

മൂഹത്തിലെ വിവിധ വിഭാഗങ്ങളിൽനിന്നുള്ള ജനങ്ങൾ ഒന്നിച്ചണിനിരന്ന്‌ തുടർച്ചയായ ഒരു സമരമുന്നേറ്റമായി മാറുന്നതിന്‌ കഴിഞ്ഞ രണ്ടുമാസമായി ബംഗാൾ സാക്ഷ്യം വഹിക്കുകയാണ്‌. ബംഗാളിന്റെ ചരിത്രത്തിലിന്നുവരെ സംഭവിച്ചിട്ടില്ലാത്ത ഒന്നാണിത്‌. ആർജി കർ സംഭവം അക്ഷരാർഥത്തിൽ ബംഗാളിന്റെ സാമൂഹിക രാഷ്‌ട്രീയ സാഹചര്യത്തെയാകെ മാറ്റിമറിച്ചിരിക്കുകയാണ്‌. രോഷാകുലരായ പൊതുജനമൊന്നാകെ റോഡ്‌ ഉപരോധിക്കലും പ്രതിഷേധങ്ങളുമായി തെരുവിൽ അണിനിരന്നപ്പോൾ, ബംഗാളിന്റെ ഏറ്റവും വലിയ ആഘോഷമായ ദുർഗാപൂജ ഈവർഷം ആഘോഷിക്കപ്പെട്ടത്‌ മറ്റൊരു രീതിയിലായി. മിക്കയിടത്തും ദുർഗാപൂജ സംഘടിപ്പിക്കപ്പെട്ടത്‌ സമരപ്പന്തലുകൾക്കു മുന്നിലും അകത്തുമൊക്കെ പ്രതിഷേധ ബാനറുകൾ ഉയർത്തിപ്പിടിച്ചായിരുന്നു. ദുർഗാപൂജ ആഘോഷങ്ങളിലുടനീളം കൊൽക്കത്തയിലെയും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള ജനങ്ങൾ ഒന്നടങ്കം ‘‘ഞങ്ങൾക്ക്‌ നീതി വേണം’’, ‘‘ബലാത്സംഗം അരുത്‌’’ എന്നീ മുദ്രാവാക്യങ്ങളുയർത്തി.

പത്തുദിവസമായി നിരാഹാരസമരത്തിലായിരുന്ന ജൂനിയർ ഡോക്ടർമാരിൽ പലരും അസുഖബാധിതരായി. തുടർച്ചയായി നിരാഹാരസമരം നടത്തുന്നവരുമായി സംസാരിക്കാൻപോലും ഈ സ്വേച്ഛാധിപത്യ‐മനുഷ്യവിരുദ്ധ ഗവൺമെന്റ്‌ തയ്യാറായില്ല. അതേസമയം മുഖ്യമന്ത്രി മമത ബാനർജി ഉത്സവം ആഘോഷിക്കുന്നതിന്റെയും പൗരരുടെ ജനാധിപത്യാവകാശങ്ങളെ തടയുന്നതിന്റെയും തിരക്കിലായിരുന്നുു. പൊതുജനങ്ങളിൽ ചിലർ സമരത്തിന്‌ ഐക്യദാർഡ്യം പ്രഖ്യാപിച്ച്‌ ഒന്നും രണ്ടും ദിവസം നിരാഹാരമിരുന്നു. ജൂനിയർ ഡോക്ടർമാർ നടത്തുന്ന നിരാഹാാരസമരത്തിന്‌ സിപിഐ എമ്മും ഇടതുപക്ഷമുന്നണിയും എല്ലാ പിന്തുണയും പ്രകടിപ്പിക്കുകയും എല്ലാ പാർട്ടി അണികളും പാർട്ടിയെ അനുകൂലിക്കുന്നവരും ഈ സമരത്തിൽ അണിചേരണമെന്ന്‌ ആഹ്വാനം ചെയ്യുകയും ചെയ്‌തു. ദുർഗാപൂജ ഉത്സവവേളയിൽ നീതിക്കുവേണ്ടി മുദ്രാവാക്യമുയർത്തിയവരെ തൃണമൂലിന്റെ പൊലീസ്‌ തടയുകയും ഒമ്പതുപേരെ ജയിലഴിക്കുള്ളിലാക്കുകയും ചെയ്‌തു. രണ്ടുദിവസത്തിനുശേഷം കൊൽക്കത്ത ഹൈക്കോടതി അവർക്ക്‌ ജാമ്യം നൽകി വിട്ടയച്ചു. അറസ്റ്റിനെതിരെ കോടതി പൊലീസിനെയും ഭരണകൂടത്തെയും ശക്തമായ ഭാഷയിൽ വിമർശിച്ചു. സമാധാനപരമായി സമരം ചെയ്യാനുള്ള എല്ലാ അവകാശവും ജനങ്ങൾക്കുണ്ട്‌; അങ്ങനെ സമാധാനപരമായി സമരംചെയ്യുന്ന സാധാരണക്കാർക്കെതിരെ ഇത്തരം കടുത്ത നടപടികൾ സ്വീകരിക്കാനുള്ള അധികാരം ഒരു ഭരണകൂടത്തിനുമില്ല.

പ്രക്ഷോഭം കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്‌. ദിവസങ്ങളായി നിരാഹാരസമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാരുടെ ആരോഗ്യനില വഷളാവുകയാണ്‌. എന്നിട്ടും ആരോഗ്യമേഖല നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലും സമരം നടത്തുന്നവരുമായി ആശയവിനിമയം നടത്തുന്നതിലും തികഞ്ഞ നിശ്ശബ്ദത പുലർത്തുകയാണ്‌ മമത സർക്കാർ.

ബംഗാളിലെ ജനങ്ങളുടെ ഈ സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ സർക്കാർ ആശുപത്രികളിലെ സീനിയർ ഡോക്ടർമാർ കൂട്ടരാജി നൽകിയിരുന്നു. സമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ ചില ബുദ്ധിജീവികളും രംഗത്തെത്തിയിട്ടുണ്ട്‌. ഒരു രാഷ്‌ട്രീയപാർട്ടി എന്ന നിലയിൽ, തൃണമൂൽ കോൺഗ്രസ്‌ യുക്തിപരമായും ആശയപരമായും പരാജയപ്പെട്ടിരിക്കുന്നു. അതവരുടെ രാഷ്‌ട്രീയമായ പാപ്പരത്തമാണെന്നു തന്നെ പറയാം. അതിനാൽ ഈ സമരമുന്നേറ്റത്തെ അവർ വിമർശിക്കുകയും അതിൽനിന്ന്‌ ജനങ്ങളുടെ ശ്രദ്ധ വഴിതിരിച്ചുവിടാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ അവർ അതിൽ പരാജയപ്പെട്ടിരിക്കുകയാണ്‌. ഡോക്ടർമാർക്ക്‌ നിരാഹാരമിരിക്കേണ്ടതായി വന്ന ഈയൊരു പ്രതിസന്ധിയുടെ ഘട്ടത്തിൽ ചർച്ച വഴിതിരിച്ചുവിടാൻ മുഖ്യമന്ത്രി മമത ബാനർജിയും അവരുടെ സർക്കാരും ഫെസ്റ്റിവൽ കാർണിവലുകൾ സംഘടിപ്പിച്ചു. എന്നാൽ അതിലും അവർ പരാജയപ്പെട്ടു. മമതയുടെ കാർണിവെലുകൾക്ക്‌ ബദലായി കൊൽക്കത്തയിലെ ജനങ്ങളൊന്നാകെ പങ്കെടുത്തുകൊണ്ട്‌, സ്‌ത്രീകൾക്കെതിരെ നടക്കുന്ന ഹീനമായ കുറ്റകൃത്യങ്ങൾക്കെതിരെയും അതിൽ പ്രതിഷേധിക്കുന്ന ജനങ്ങളോടുള്ള മമത സർക്കാരിന്റെ സ്വേച്ഛാധികാര സമീപനത്തിനെതിരെയും ‘‘ദ്രോഹർ കാർണിവെൽ’’ എന്ന പേരിൽ പ്രതിഷേധ കാർണിവെൽ സംഘടിപ്പിച്ചു. സംസഥാന സർക്കാർ കാർണിവെൽ ആഘോഷം നടത്താനിരുന്ന അതേ ഒക്ടോബർ 15ന്‌ കൊൽക്കത്തിൽ നടന്ന പ്രതിഷേധ കാർണിവെലിൽ ആയിരക്കണക്കിനാളുകളാണ്‌ പങ്കെടുത്തത്‌.

പ്രതിഷേധം തടയാൻ പൊലീസ്‌ റോഡുകളിൽ തടസ്സം സൃഷ്ടിക്കുകയും ജനങ്ങളുടെ പ്രതിഷേധം തടയാൻ ബിഎൻഎസ്‌ 163 ഏർപ്പെടുത്തുകയും ചെയ്‌തിരുന്നു. എന്നാൽ ഇതിനെതിരെ സിപിഐ എം രാജ്യസഭാംഗവും അറിയപ്പെടുന്ന അഭിഭാഷകനുമായ ബികാഷ്‌ രഞ്‌ജൻ ഭട്ടാചാര്യ ഹൈക്കോടതിയിൽ പോവുകയും കോടതി പ്രതിഷേധം സംഘടിപ്പിക്കാനുള്ള അനുമതി നൽകുകയും ചെയ്‌തു. കൊൽക്കത്ത പൊലീസിന്റെ മുഖത്തേറ്റ അടിയായി ഇത്‌. പൊലീസിന്റെ സമീപനം തികച്ചും പക്ഷപാതപരമാണ്‌; അവർ തൃണമൂൽ പാർട്ടിക്കാരായിത്തന്നെ പ്രവർത്തിക്കുകയാണ്‌. വൻ വിജയമായി മാറിയ പ്രതിഷേധ കാർണിവെലിന്റെ സംഘാടകർ ഇടതുപക്ഷ നേതാക്കളും അനുഭാവികളുമാണ്‌. നീതിക്കായുള്ള പോരാട്ടം തുടരുകതന്നെ ചെയ്യും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen + 20 =

Most Popular