Friday, November 8, 2024

ad

Homeചിത്രകലലാളിത്യമാർന്ന ചിരിവര

ലാളിത്യമാർന്ന ചിരിവര

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

ലകളിലെ ആസ്വാദ്യതലങ്ങളിൽ എല്ലാവിഭാഗം ആസ്വാദകരെയും ആകർഷിക്കുന്നതാണ്‌ കാർട്ടൂണുകൾ. ഭാഷയ്‌ക്കും ദേശത്തിനും അതീതമായി സധാരണ ജനങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന കലാവിഷ്‌കാരമാണ്‌ കാർട്ടൂൺ. കാർട്ടൂണുകളിൽ സ്വാംശീകരിക്കപ്പെടുന്ന ഹാസ്യരസപ്രദാനമായ ചലനാത്മകതയുമാണ്‌ കാർട്ടൂണുകളുടെ ആകർഷകഘടകങ്ങൾ. സമകാലിക വിഷയങ്ങളെ തികഞ്ഞ ഉൾക്കാഴ്‌ചയോടെ അവയുടെ വികാസപരിണാമ ദശകളിലൂടെ സഞ്ചരിച്ചുകൊണ്ട്‌ അവതരിപ്പിക്കുന്ന രാഷ്‌ട്രീയ കാർട്ടൂണുകൾ അന്തർദേശീയ പ്രസക്‌തിയോടെ ഇന്നും ചർച്ചചെയ്യപ്പെടുന്നു. നമ്മുടെ ചുറ്റുമുള്ള നിത്യജീവിതത്തിലെ അനീതികളെയും അസമത്വങ്ങളെയും വിഷയമാക്കിയുള്ള അത്തരം കാർട്ടൂണുകൾ നിരവധിയുണ്ട്‌. ദേശീയതലത്തിൽ രാഷ്‌ട്രീയ ഹാസ്യചിത്രകാരരെല്ലാം സാമൂഹ്യചിത്രങ്ങളും വരയ്‌ക്കാറുണ്ട്‌. ശങ്കർ, ആർ കെ ലക്ഷ്‌മൺ, മരിയോ, അബു തുടങ്ങിയ ദേശീയതലത്തിലെ പ്രമുഖരോടൊപ്പം തോമസ്‌, ടോംസ്‌, ഒ വി വിജയൻ, പി കെ മന്ത്രി തുടങ്ങിയ നിരവധിപേർ കേരളത്തിലുണ്ട്‌. ഇവരിൽ ശ്രദ്ധേയനായിരുന്നു മൂന്നുവർഷങ്ങൾക്കു മുമ്പ്‌ വിടപറഞ്ഞ യേശുദാസൻ. രാഷ്‌ട്രീയ സാമൂഹ്യ കാർട്ടൂണുകളോടൊപ്പം പോക്കറ്റ്‌ കാർട്ടൂണുകൾക്ക്‌ ദിനപത്രങ്ങളിൽ തുടക്കമിടുന്നതും യേശുദാസനാണ്‌, ജനയുഗത്തിൽ കിട്ടുമ്മാവനിലൂടെ. ഒന്നോ രണ്ടോ കഥാപാത്രങ്ങളെ ഒരു കോളത്തിനകത്ത്‌ ഉൾക്കൊള്ളിച്ചുകൊണ്ട്‌ ചുറ്റുപാടുകളെയും സമകാലീന വിഷയങ്ങളെയും സാമൂഹ്യ രാഷ്‌ട്രീയ വിമർശനങ്ങളായി അവതരിപ്പിക്കുകയാണീ പോക്കറ്റ്‌ കാർട്ടൂണുകൾ. ഇന്ന്‌ ദിനപത്രങ്ങളിലെല്ലാം പോക്കറ്റ്‌ കാർട്ടൂണുകളുണ്ട്‌.

1975ൽ കുട്ടികളുടെ മാസിക ബാലയുഗത്തിന്റെ ലോഗോയിലൂടെയാണ്‌ യേശുദാസനെ ഈ ലേഖകൻ അറിയുന്നത്‌. ആനപ്പുറത്തിരുന്ന്‌ ആഹ്ലാദിക്കുന്ന കുട്ടികളുടെ ചിത്രത്തിലൂടെ. പെട്ടെന്ന്‌ ശ്രദ്ധിക്കപ്പെടുന്ന ചിത്രം‐ പ്രത്യേകിച്ച്‌ കുട്ടികളുടെ മനസ്സ്‌ കണ്ടറിഞ്ഞ ബാലയുഗം പത്രാധിപരായിരുന്നു കാമ്പിശ്ശേരി കണ്ടെത്തിയ യേശുദാസൻ. കുട്ടികൾ എഴുതുന്ന മുഖപ്രസംഗം, യാത്രാവിവരണം, കഥകൾ, കവിതകൾ, ചിത്രങ്ങൾ, ശാസ്‌ത്രം തുടങ്ങി വൈവിധ്യമാർന്ന പംക്തികളോടെ പുറത്തിറങ്ങിയ ബാലഗുഗം മലയാളത്തിലെ എക്കാലത്തെയും മികച്ച ബാലമാസികയായി വളർത്താൻ യേശുദാസന്‌ കഴിഞ്ഞിരുന്നു. വർഷങ്ങൾക്കുശേഷമാണ്‌ അദ്ദേഹത്തെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ കാർട്ടൂണുകൾക്കൊപ്പം ചിത്രങ്ങൾക്കൊപ്പം സഞ്ചരിച്ചു തുടങ്ങുന്നതും. കാർട്ടൂൺ രംഗത്തെ സംഭാവനകൾ അദ്ദേഹത്തിന്റെ കലയുടെ അടയാളപ്പെടുത്തലുകളാകുന്നു. പത്രപ്രവർത്തനത്തിന്റെ ഭാഗമായി വളർന്നു വികസിച്ച്‌ കാർട്ടൂണുകൾക്ക്‌ പുതിയൊരു കാഴ്‌ചാനുഭവം നൽകിയ ചിത്രകാരനായിരുന്നു കാർട്ടൂണിസ്റ്റ്‌ യേശുദാസൻ. തികഞ്ഞ ഉൾക്കാഴ്‌ചയോടെ ആനുകാലികസംഭവങ്ങളെ സമീപിക്കുന്ന രചനാകൗശലമായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്‌. നമ്മെ ചിന്തിപ്പിക്കുന്ന കുറിക്കുകൊള്ളുന്ന കാർട്ടൂണുകൾ വായനക്കാരിലും അവബോധം സൃഷ്ടിക്കുന്നവയായിരുന്നു.

അഭിപ്രായസ്വാതന്ത്ര്യത്തിന്‌ നർമത്തിന്റെ പിൻബലത്തോടെ നടമാടുന്ന ‘സത്യ’ങ്ങളെ ഉൾക്കരുത്തോടെ തുറന്നുകാട്ടുന്ന കാർട്ടൂണുകൾ. ദേശീയ രാഷ്‌ട്രീയ നേതാക്കൾ, സംസ്ഥാന നേതാക്കൾ തുടങ്ങിയവരൊക്കെ അദ്ദേഹത്തിന്റെ രചനകളിൽ കഥാപാത്രങ്ങളായിട്ടുണ്ട്‌. നിരീക്ഷണപാടവത്തോടെ കഥാപാത്രസ്വഭാവത്തിന്റെ മുഖഛായ കൊണ്ടുവരുന്നതിനപ്പുറം വ്യക്തിയുടെ ശരീരഭാഷയും സ്വഭാവവും കാർട്ടൂണുകളിലേക്ക്‌ ആവാഹിക്കുവാൻ ശ്രദ്ധിച്ചിരുന്ന കലാകാരനായിരുന്നു യേശുദാസൻ. അതുപോലെ രേഖകളിലൂടെ നിഴലിന്റെയും വെളിച്ചത്തിന്റെയും സാധ്യതകൾ അവതരിപ്പിക്കുന്ന രീതി അദ്ദേഹത്തിന്റെ രചനകളിൽ/കാരിക്കേച്ചറുകളിൽ കാണാം. ഇതേക്കുറിച്ച്‌ യേശുദാസന്റെ തന്നെ വാക്കുകൾ ഇങ്ങനെ‐ ‘നാം വരയ്‌ക്കേണ്ട വ്യക്തിയെപ്പറ്റി വ്യക്തമായ ഓർമപ്പെടുത്തലുകളുണ്ടാവണം. ഓരോ വ്യക്തിയുടെയും പ്രത്യേകതകൾ സൂക്ഷ്‌മമായി മനസ്സിലാക്കി വരയ്‌ക്കുന്നതിലൂടെ മാത്രമേ നല്ല കാർട്ടൂണുകൾ ഉണ്ടാവൂ’. ഈ വരികൾ അദ്ദേഹത്തിന്റെ മനസ്സിൽ കൊത്തിവച്ചുകൊണ്ടാണ്‌ ഇ എം എസ്‌, ഇ കെ നായനാർ, കെ കരുണാകരൻ, എ കെ ആന്റണി, ഇന്ദിരാഗാന്ധി, വി പി സിങ്ങ്‌ തുടങ്ങിയ നേതാക്കളുടെ രാഷ്‌ട്രീയരംഗത്തെ ഇടപെടലുകൾ നിർണായകമാകുന്ന കാർട്ടൂണുകൾ നിരവധി അദ്ദേഹം വരച്ചിട്ടത്‌. രാഷ്‌ട്രീയനേതാക്കളെ അടുത്തുകണ്ട്‌ അവരുടെ പ്രത്യേകതകൾ മനസ്സിലാക്കി, അവരുടെ വേഷം, തൊപ്പി, ചെരുപ്പ്‌, പ്രസംഗിക്കുമ്പോഴുള്ള അംഗചലനങ്ങൾ ഇതൊക്കെ ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്യുക യേശുദാസന്റെ സവിശേഷതയായി കാണാം. കോളേജ്‌ പഠനം, ചിത്രകലാ പരിശീലനം ഇവയ്‌ക്കുശേഷമാണ്‌ ഡൽഹിയിലെത്തുന്നതും നാട്ടുകാരൻ കൂടിയായ, അക്കാലത്ത്‌ വിഖ്യാതനായ കാർട്ടൂണിസ്റ്റ്‌ ശങ്കറിന്റെ ശങ്കേഴ്‌സ്‌ വീക്കിലിയിൽ ചേരുന്നതും. റെയിൽവേ സ്‌റ്റേഷൻ, കേവ്‌മാൻ എന്നീ സ്ഥിരം പംക്തി അദ്ദേഹം വരച്ചുതുടങ്ങി. വർഷങ്ങൾക്കുശേഷം ജനയുഗത്തിലെത്തുന്നത്‌ പോക്കറ്റ്‌ കാർട്ടൂണിലൂടെ തുടക്കമിട്ടുകൊണ്ടാണ്‌. കിട്ടുമ്മാവനിലൂടെ തുടങ്ങിയ ആ പരമ്പര പിന്നീട്‌ പല ആനുകാലികങ്ങളിലും പൊന്നമ്മ സൂപ്രണ്ട്‌, ജൂബചേട്ടൻ, ചന്തു, മിസിസ്‌ നായർ തുടങ്ങിയ പുതിയ കഥാപാത്രളും അദ്ദേഹത്തിന്റെ വരയിലൂടെ ജീവൻവച്ചു.

1938 ജൂൺ 12നാണ്‌ അദ്ദേഹം മാവേലിക്കരയിൽ ജനിച്ചത്‌. ആദ്യ കാർട്ടൂൺ ശങ്കേഴ്‌സ്‌ വീക്കിലിയിൽ 1955ൽ. പത്തുവർഷത്തെ സേവനത്തിനുശേഷം ജനയുഗത്തിൽ ബാലയുഗം പത്രാധിപർ. 1995 മുതൽ 2008 വരെ മനോരമയിലും. തുടർന്ന്‌ ദേശാഭിമാനിയിലായിരുന്നു മരണംവരെ. കേരള കാർട്ടൂൺ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവിടങ്ങളിൽ ചെയർമാനായിരുന്നു. രാഷ്‌ട്രീയ കാർട്ടൂൺ രംഗത്തെ കുലപതിയായി അറിയപ്പെട്ടിരുന്ന, പത്രപ്രവർത്തനരംഗത്തെ മുതിർന്ന കാർട്ടൂണിസ്റ്റായ അദ്ദേഹത്തിന്‌ ദേശീയ, സംസ്ഥാന ബഹുമതികളും ലഭിച്ചിട്ടുണ്ട്‌. അസാധു, ടക്‌ ടക്‌, കട്ട്‌ കട്ട്‌ എന്നീ കാർട്ടൂണിന്‌ പ്രാധാന്യം നൽകിയ പ്രസിദ്ധീകരണങ്ങളുടെ സാരഥിയായും അദ്ദേഹം പ്രവർത്തിച്ചു. ‘ഒരുവട്ടംകൂടിയെൻ ഓർമകൾ മേയുന്ന’ അദ്ദേഹത്തിന്റെ കലയും ജീവിതവും ഇഴചേർന്ന അനുഭവങ്ങളും രാഷ്‌ട്രീയ സംഭവങ്ങളും അടയാളപ്പെടുത്തുന്ന ആത്മകഥാംശമുള്ള ഈ പുസ്‌തകത്തിൽ കേരളത്തിന്റെ കാർട്ടൂൺ പ്രസ്ഥാനത്തിന്റെ വളർച്ചയുടെ ചരിത്രവഴികൾ കൂടിയാണ്‌ അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത്‌. കനംകുറഞ്ഞ, ലാളിത്യമാർന്ന ചുരുക്കം വരകളിലൂടെ വിപുലമായ ആശയപ്രപഞ്ചം സമ്മാനിക്കുന്ന യേശുദാസന്റെ കാർട്ടൂണുകൾ ആസ്വാദകമനസ്സിൽ മായാതെ നിൽക്കും‐ കാലങ്ങളോളം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 + twelve =

Most Popular