Friday, November 8, 2024

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍പത്രാധിപത്യത്തിൽനിന്ന് കർഷകനേതൃത്വത്തിലേക്ക്‌‐ 2

പത്രാധിപത്യത്തിൽനിന്ന് കർഷകനേതൃത്വത്തിലേക്ക്‌‐ 2

കെ ബാലകൃഷ്‌ണൻ

വിപ്ലവപാതയിൽ ആദ്യപഥികർ‐ 60

കെ.പി.സി.സി. സെക്രട്ടറിയെന്നനിലയിൽ പ്രവർത്തിക്കുകയായിരുന്ന പി.നാരായണൻനായർ സി.എസ്.പി.യെ കമ്മ്യൂണിസ്റ്റ് പാർട്ടിയായി പരിവർത്തിപ്പിക്കുന്നതിനുള്ള പ്രവർത്തനത്തിൽ നേതൃത്വപരമായ പങ്കുവഹിച്ചു. സി.എസ്.പി.യുടെ നിർണായകമായ ആറാം സംസ്ഥാന സമ്മേളനം 1939 ജൂൺ 16, 17, 18 തീയതികളിൽ തലശ്ശേരിയിൽ നടന്നു. പി.നാരായണൻനായരുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സാർവദേശീയ കാര്യങ്ങളെക്കുറിച്ച് കെ.ദാമോദരനും ദേശീയ സംഭവവികാസങ്ങളെക്കുറിച്ച് ഇ.എം.എസ്സും കാർഷികരംഗത്തെക്കുറിച്ച് കേരളീയനും ട്രേഡ് യൂനിയൻ മേഖലയെക്കുറിച്ച് എൻ.സി.ശേഖറും വളണ്ടിയർ സംഘടനയെക്കുറിച്ച് സർദാർ ചന്ദ്രോത്തും പ്രസംഗിച്ചു. ഈ റിപ്പോർട്ടുകൾ ചർച്ചചെയ്ത് അംഗീകരിച്ചു. കോൺഗ്രസിനോട് വിടപറഞ്ഞ് കമ്യൂണിസ്റ്റ് പാർട്ടി പ്രത്യക്ഷത്തിൽത്തന്നെ രൂപവൽക്കരിക്കുന്നതിനുള്ള റിഹേഴ്സലായിരുന്നു തലശ്ശേരിയിലെ സി.എസ്.പി ആറാം സമ്മേളനം. പാർട്ടി രൂപീകരണത്തിന് മുമ്പ് കേഡർമാർക്ക് പ്രത്യയശാസ്ത്രവിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെ രണ്ടാഴ്ച വീതം നീണ്ടുനിന്ന ക്യാമ്പുകൾ പല കേന്ദ്രങ്ങളിലായി നടത്തി. നാരായണൻനായരുടെ നാടായ കിളളിമംഗലത്താണ് ആദ്യ ക്യാമ്പ് നടന്നത്. കിള്ളിമംഗലത്തെ പാർട്ടി സ്കൂളിൽ ഉണ്ണിരാജ, സുബ്രഹ്മണ്യശർമ, എം.എസ്. ദേവദാസ് എന്നിവരും ക്ലാസ് കൈകാര്യംചെയ്തു.

പാറപ്രം സമ്മേളനത്തോടെ പാർട്ടി രൂപീകൃതമായെങ്കിലും പി.എൻ. കോൺഗ്രസ് സെക്രട്ടറിയെന്ന നിലയിൽ കോഴിക്കോട്ടെ കെ.പി.സി.സി. ഓഫീസിൽത്തന്നെയാണ് താമസം. നഗരസഭാംഗവും നഗരസഭയിലെ കോൺഗ്രസ് സെക്രട്ടറിയുമാണ് പി.എൻ. പ്രഭാതത്തിന്റെ പ്രവർത്തനവുമുണ്ട്. തിരക്കേറിയ പ്രവർത്തനം കാരണം അസുഖം പിടിപെട്ടു. പനിയും ശരീരവേദനയുമല്ല വസൂരിയാണെന്ന് വ്യക്തമായത് പിന്നീടാണ്. രോഗബാധയോടെ കിള്ളിമംഗലത്തെ വീട്ടിലെത്തിയ പി.എൻ. മൂന്നാഴ്ച കിടപ്പിലായി. രോഗം മാറി കുളിച്ചതിന്റെ അടുത്തദിവസം പൊലീസെത്തി വീടുവളഞ്ഞ് അറസ്റ്റ്‌ ചെയ്യുകയായിരുന്നു. യുദ്ധത്തിനെതിരെ പ്രചാരണം നടത്തി രാജ്യദ്രോഹം ചെയ്തുവെന്നതാണ് കുറ്റം. ആദ്യം തൃശൂർ സബ് ജയിലിലും പിന്നെ വിയ്യൂർ ജയിലിലും. വധശിക്ഷ കാത്തുകഴിയുന്ന തടവുകാരനോടൊപ്പമാണ് സബ്ജയിലിൽ രണ്ടുനാൾ കഴിയേണ്ടിവന്നത്. പിന്നെ വിയ്യൂർ ജയിലിലേക്ക് മാറ്റി.

വിയ്യൂർ ജയിലിൽ ഇ.ഗോപാലകൃഷ്ണമേനോൻ, വി.ടി.ഇന്ദുചൂഡൻ, കെ.കെ.വാരിയർ, സി.അച്യുതമേനോൻ തുടങ്ങിയവരെല്ലാം സഹതടവുകാർ. കെ.കെ.വാരിയരുടെ നേതൃത്വത്തിൽ ജയിലിൽ കമ്യൂണിസ്റ്റ്‌ ഗ്രൂപ്പുണ്ടാക്കി പഠനക്ലാസുകളും സാഹിത്യയോഗങ്ങളും നടത്തി. വസൂരി രോഗം ഭേദമായങ്കിലും വിശ്രമിക്കാൻ സൗകര്യം ലഭിക്കാതെ പോയതടക്കമുള്ള കാരണങ്ങളാൽ നാരായണൻനായരുടെ കണ്ണുരോഗം രൂക്ഷമായി. ഇടതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെടുകയായിരുന്നു. രണ്ടുവർഷത്തെ തടവുശിക്ഷ കഴിഞ്ഞ് ജയിൽമോചിതനായ പി.എൻ തൃശൂരിലെ പ്രജാമണ്ഡലം പ്രവർത്തകർക്കൊപ്പമാണ് കുറച്ചുനാൾ ചെലവഴിച്ചത്. ജർമനി സോവിയറ്റുയൂനിയനെ ആക്രമിച്ചതോടെ രണ്ടാം ലോകയുദ്ധം ജനകീയയുദ്ധമായി മാറിയെന്ന നിലപാടുമാറ്റത്തെക്കുറിച്ചുള്ള ചർച്ചകളാണ് പ്രജാമണ്ഡലം സദസ്സുകളിൽ മുഴങ്ങിയത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ നയംമാറ്റം ഉൾക്കൊള്ളാത്തവരും ഉൾക്കൊള്ളുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തെ അനുകൂലിക്കുന്നവരും കമ്യൂണിസ്റ്റുകാരും തമ്മിലുള്ള പോര് സോഷ്യലിസ്റ്റ്‌ പാളയത്തിൽ നടക്കുന്നു. പി.എൻ ജനകീയയുദ്ധനയം ശക്തമായി വിശദീകരിച്ചുപോന്നു. ഈ ചർച്ചകളുടെകൂടി ഫലമായാണ് പ്രജാമണ്ഡലം പ്രവർത്തകരായ ഇ.ഗോപാലകൃഷ്ണമേനോൻ, വട്ടപ്പറമ്പിൽ ശങ്കരൻകുട്ടി, വി.ടി.ഇന്ദുചൂഡൻ, അമ്പാടി ശങ്കരൻകുട്ടി, ടി.എൻ. നമ്പൂതിരി തുടങ്ങിയവർ കമ്യൂണിസ്റ്റ് പക്ഷത്തേക്ക് ആകർഷിക്കപ്പെട്ടത്. വൈകാതെ അവർ കമ്യൂണിസ്റ്റ് പ്രവർത്തകരായി. ഒളിവിൽപ്രവർത്തിക്കുന്ന പാർട്ടിനേതൃത്വം ജയിൽമോചിതനായ പി.എന്നിന് നൽകിയ ചുമതല കൊച്ചി രാജ്യത്തെ പ്രവർത്തനങ്ങളുടെ ഏകോപനവും വീട്ടുമുറ്റ ക്ലാസുകൾ നടത്തലുമാണ്. സോവിയറ്റ് സുഹൃദ്സംഘം എന്നും മറ്റുമുള്ള പേരുകളിൽ സംഘടിപ്പിച്ച ക്ലാസൂകളിൽ കമ്യൂണിസ്റ്റ് നയപരിപാടികളാണ് വിശദീകരിച്ചത്. പ്രജാമണ്ഡലത്തിൽനിന്ന് വന്ന ഇ.ഗോപാലകൃഷ്ണമേനോൻ, എൻ.വി.ശങ്കരൻകുട്ടി വാരിയർ, ജോൺവൈദ്യർ തുടങ്ങിയവരെല്ലാം മുമ്മൂന്നുദിവസം നീണ്ട ആ ക്ലാസുകളിൽ പങ്കെടുക്കുകയും പിന്നീടവർ സ്വയം അത്തരം ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു.

നിരോധനം പൂർണമായി പിൻവലിക്കപ്പെട്ടതോടെ കോഴിക്കോട്ട് പാർട്ടി ഓഫീസ് തുടങ്ങുകയും പ്രഭാതം പത്രം പുനരാരംഭിക്കാൻ ശ്രമം നടത്തുകയുംചെയ്തു. നേതാക്കൾക്ക് പാർക്കാനായി കമ്യൂൺ തുടങ്ങി. മലബാർ ക്രിസ്ത്യൻകോളേജിനടുത്ത് പ്രേതബാധയുള്ള വീടെന്ന ഭയത്തിൽ ഉടമസ്ഥർ ഒഴിഞ്ഞുപോയ വീടാണ് കമ്യൂണായത്. പി.എന്നും കുടുംബവും കൃഷ്ണപിള്ള, ഇ.എം.എസ്. എന്നിവരടക്കമുള്ളവരുടെ കുടുംബത്തോടൊപ്പം അവിടെ താമസം തുടങ്ങി. പ്രഭാതം പത്രത്തിന് രജിസ്ട്രേഷൻ കിട്ടാത്തതിനാൽ ദേശാഭിമാനിയെന്ന രജിസ്ട്രേഷൻ സംഘടിപ്പിച്ച് വാരികയായി പ്രസിദ്ധീകരണം തുടങ്ങി. മുപ്പതിനായിരം രൂപ പിരിച്ചെടുത്താണ് കല്ലായി റോഡിലെ ഒരു വീട്ടിൽ ദേശാഭിമാനി ഓഫീസ് തുറന്ന് പത്രം തുടങ്ങിയത്. പത്രത്തിന്റെ എഡിറ്റോറിയൽ മാനേജ്മെന്റ് കാര്യങ്ങളിൽ പ്രധാനപ്പെട്ട ചുമതല പി.എന്നിനായിരുന്നു. 1946‐ൽ ദേശാഭിമാനി ദിനപത്രമായി മാറിയപ്പോൾ ഇ.എം.എസ്. എഡിറ്റോറിയൽ ബോഡ് ചെയർമാനും പി.എൻ. മാനേജിങ്ങ് എഡിറ്ററുമായി.

മലബാറിൽ കേരളീയൻ സെക്രട്ടറിയും പി.എൻ. പ്രസിഡണ്ടുമായി പ്രവർത്തിക്കുകയായിരുന്നു കർഷകസംഘം പിന്നീട് അഖിലകേരളാടിസ്ഥാനത്തിൽ കിസാൻസംഘം എന്ന പേരിൽ പുനസ്സംഘടിപ്പിക്കുകയുണ്ടായി. പി.എൻ. സെക്രട്ടറിയും ഇ.കണ്ണൻ പ്രസിഡണ്ടും കേരളീയൻ ഓർഗനൈസിങ്ങ്് സെക്രട്ടറിയുമായണത് പ്രവർത്തിച്ചത്. കിസാൻസംഘത്തിന്റെ സംസ്ഥാന സമ്മേളനം പൊന്നാനിയിൽ നടത്താൻ തീരുമാനിച്ച് ഒരുക്കങ്ങളൊക്കെ പൂർത്തിയാവുമ്പോഴേക്കും അവിടെ നിരോധനമേർപ്പെടുത്തി. അതേ തുടർന്ന് സമ്മേളനം തളിക്കുളത്തേക്ക് മാറ്റി. അതാത് പ്രദേശത്തുനിന്ന് പുറപ്പെട്ട പ്രതിനിധികളെ വിവരമറിയിച്ച് തളിക്കുളത്തേക്കെത്താൻ നിർദേശിക്കുകയായിരുന്നു. എന്നാൽ ആ വിവരം കിട്ടേണ്ടതാമസം, അവിടെയും നിരോധനമേർപ്പെടുത്തി. പ്രതിനിധികളെ ഷൊർണൂരിലേക്ക് തിരിച്ചുവിട്ടു. എന്നാൽ അവിടെയും നിരോധിച്ചു. ഒടുവിൽ കോഴിക്കോട്ടാണ് സമ്മേളനം നടത്തിയത്.

സമ്മേളനത്തിന്റെ പ്രചരണാർഥം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ പി.എൻ. പര്യടനം നടത്തുകയുണ്ടായി. അന്തിക്കാട്ട് വിവിധ സംഘടനകളുടെ യോഗത്തിൽ പ്രസംഗിച്ചശേഷം ടി.ഡി.ഗോപി എന്ന സഖാവിന്റെ വീട്ടിൽ രാത്രി തങ്ങി. പുലർച്ചെ നാലുമണിയോടെ പോലീസ് ആ വീടുവളയകയും പി.എന്നിനെ അറസ്റ്റ് ചെയ്യുകയുംചെയ്തു. അന്തിക്കാട്ടെ സർക്കിൾ ഇൻസ്പക്ടറായ പാപ്പാളിയാണ് പോലീസ് നടപടി നിയന്ത്രിച്ചത്. അയാൾ പി.എന്നിനെ അന്തിക്കാട് പോലീസ് സ്റ്റേഷനിലെ ലോക്കപ്പിലാക്കി. നേരത്തെ ഒരു സഖാവിനെ പാപ്പാളി മർദിച്ചതിൽ പ്രതിഷേധിച്ച് പി.എന്നിന്റെ നേതൃത്വത്തിൽ സമരം നടക്കുകയും പാപ്പാളിക്കെതിരെ ചെറിയൊരു നടപടിയുണ്ടാവുകയും ചെയ്തിരുന്നു. അതിന്റെ പകവീട്ടലാണ് പിന്നീട് നടന്നത്. പാപ്പാളി ഇൻസ്പക്ടർ സ്റ്റേഷനിലെ എസ്.ഐ.യെയും കോൺസ്റ്റബിൾമാരെയും മാറ്റിനിർത്തി മഫ്ടിയിലുള്ള നാലു പോലീസുകാരെ പ്രത്യേകമായി ഏർപ്പെടുത്തി പി.എന്നിനെ ലോക്കപ്പിൽ തല്ലിച്ചതയ്ക്കുയായിരുന്നു. നിലത്തിരുത്തി കൈകൾ മേലോട്ടുയർത്തിപ്പിടിച്ച്, കാൽമുട്ടിൽ ചവിട്ടിപ്പിടിച്ച് ഉള്ളം കാലിൽ തല്ലുകയായിരുന്നു. കൈകൾ മേലോട്ടുയർത്തിപ്പിടിക്കാൻ ഒരു കോൺസ്റ്റബിൾ, കാൽമുട്ടിൽ ചവിട്ടിപ്പിടിക്കാൻ രണ്ട് കോൺസ്റ്റബിൾ. കാൽവെള്ളയിൽ ചൂരൽകൊണ്ടടിക്കാൻ ഒരാൾ. ഒരാൾ തളരുമ്പോൾ മറ്റൊരാൾ.

യുദ്ധത്തെ തുടർന്ന് ക്ഷാമവും പട്ടിണിയും രൂക്ഷമായപ്പോൾ കിസാൻസംഘം പ്രക്ഷോഭരംഗത്തിറങ്ങി. സമരത്തിന്റെ ഭാഗമായി ഏറനാട്ടിൽ നടന്ന സമ്മേളനത്തിൽ അധ്യക്ഷനായ പി.എൻ നടത്തിയ പ്രസംഗത്തിൽ ജന്മിമാരുടെ പത്തായങ്ങളിൽ പൂഴ്ത്തിവെച്ച നെല്ല് പുറത്തെടുത്ത്‌ വിതരണംചെയ്യണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഇത് കലാപാഹ്വാനമാണെന്ന്‌ ആരോപിച്ച് പി.എന്നിനെ പോലീസ് അറസ്റ്റ്‌ ചെയ്തു. കോടതി ജാമ്യത്തിൽ വിട്ടെങ്കിലും പോലീസിന്റെ വക തുടർ പീഡനങ്ങളായി. അതിവേഗം വിചാരണ നടത്തി കേസിൽ പി.എന്നിനെ ഒന്നരക്കൊല്ലത്തേക്ക് ശിക്ഷിച്ചു. ബല്ലാരിക്കടുത്ത് ആലിപുരം ജയിലിലാണ് പാർപ്പിച്ചത്.

ജയിലിൽനിന്ന് പുറത്തുവരുമ്പോഴേക്കും പാർട്ടിക്കകത്ത് ചില പ്രശ്നങ്ങൾ. കൃഷ്ണപിള്ള സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതായി കീഴ്ഘടകങ്ങൾക്ക്‌ സർക്കുലറയച്ചു. അതിനെ ചോദ്യംചെയ്യാൻ കമ്മിറ്റിയിലെ ആർക്കും സാധ്യമായില്ല. കേന്ദ്ര കമ്മിറ്റി ഇ.എം.എസിനെ അയച്ച് പരിഹാരത്തിന് ശ്രമിച്ചെങ്കിലും കമ്മിറ്റിയെ അതേപടി നിലനിർത്താനായില്ല. എന്നാൽ പാർട്ടിയുടെ കീഴ്ഘടകങ്ങളെയോ പ്രവർത്തനത്തെയോ അത് ബാധിച്ചില്ല. കർഷകസംഘത്തിന്റെ ചുമതല സി.എച്ചിനും ട്രേഡ് യൂനിയൻ ചുമതല കെ.കെ.വാര്യർക്കും ദേശാഭിമാനി ചുമതല പി.നാരായണൻനായർക്കുമാണ് കൃഷ്ണപിള്ള നൽകിയത്. കൂട്ടായ തീരുമാനമായല്ല ഇതൊന്നും വന്നത്.

ദേശാഭിമാനി മാനേജിങ്ങ് എഡിറ്ററും മാനേജർതന്നെയുമെന്നനിലയിൽ വലിയ ഉത്തരവാദിത്തമാണ് പി.എന്നിന് നിരവഹിക്കേണ്ടിവന്നത്. പത്രം പൂട്ടിക്കാൻ ഭരണകൂടം എല്ലാ ശ്രമങ്ങളും നടത്തിപ്പോന്നു. കയ്യൂർ സഖാക്കളെ തൂക്കിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട് തൂക്കുമരത്തിന്റെ വിളി എന്ന മുഖപ്രസംഗമെഴുതിയതിന് ആയിരം രൂപ പിഴ ചുമത്തി. ആ തുക ജനങ്ങളിൽനിന്ന് സമാഹരിച്ച് അടക്കുമ്പോഴേക്കും കേസുകൾ കൂടക്കൂടെ വന്നുകൊണ്ടിരുന്നു. ദേശാഭിമാനിക്ക് സ്ഥിരമായി സംരക്ഷണഫണ്ട് പിരിവ് സംവിധാനം പി.എന്നിന്റെ നേതൃത്വത്തിൽ ആരംഭിക്കേണ്ടിവന്നു. സുസംഘടിതമോ വിപുലമോ ആയ ഒരു സംസ്ഥാനനേതൃത്വത്തിന്റെ അഭാവം അക്കാലത്തുണ്ടായിരുന്നു. നേതാക്കളുണ്ട്, പ്രവർത്തകരും, സെക്രട്ടറിയും, പക്ഷേ സംഘടനാപരമായ അസ്വാസ്ഥ്യം പൂർണമായും പരിഹരിക്കപ്പെട്ട്, സുസംഘടിതമായ കമ്മിറ്റി സംവിധാനം യാഥാർഥ്യമാക്കാനായിരുന്നില്ല. അതിനാൽ ഓരോ മേഖലയിലും നിയുക്തരായവർ കൂടുതൽ കഷ്ടപ്പെട്ട് പണിയെടുക്കേണ്ടിവന്നു.

1938‐ൽ പ്രഭാതം രണ്ടാമത് കോഴിക്കോട്ടുനിന്ന് പ്രസിദ്ധപ്പെടുത്തുമ്പോൾ മൂലധനാവശ്യത്തിന് നെടുങ്ങാടി ബാങ്കിൽനിന്ന് ഇ.എം.എസ്സിന്റെയും നാരായണൻനായരുടെയും പേരിൽ രണ്ടായിരം രൂപ വായ്പയെടുത്തത് തിരിച്ചടച്ചത് 1943‐ൽ ഇ.എം.എസിന്റെ കുടുംബസ്വത്ത് വിറ്റുകിട്ടിയ പൈസയിൽനിന്നാണെന്ന് പി.എൻ. രേഖപ്പെടുത്തിയിട്ടുണ്ട്. ദേശാഭിമാനി ദിനപത്രമാക്കി മാറ്റുന്നതിന് വിവിധ പരിപാടികളിലൂടെ ഒന്നേകാൽ ലക്ഷം രൂപ അക്കാലത്ത് പിരിക്കാൻ സാധിച്ചു. സോവിയറ്റ് സൗഹൃദമേളകൾ, ജാപ്പ് വിരുദ്ധ മേളകൾ എന്നിവയിലൂടെയാണ് പണം സമാഹരിച്ചത്. കോഴിക്കോട്ടെ കമ്യൂണിസ്റ്റുകാരനും ബിസിനസ് വിദഗ്ധനുമായ പി.കെ.ബാലൻ എന്ന ബാലേട്ടന്റെ സേവനം ദേശാഭിമാനി ദിനപത്രമാകുന്നതിൽ പ്രത്യേകം സ്മരണീയമാണെന്ന് പി.നാരായണൻനായർ അനുസ്മരിക്കുകയുണ്ടായി.

1947 ജനുവരി ആദ്യം എഡിറ്റോറിയൽ വിഭാഗം ചെയർമാൻ ഇ.എം.എസും മാനേജിങ്ങ് എഡിറ്റർ പി.നാരായണൻനായരും ജയിലിലായി. സ്വാതന്ത്ര്യദിനത്തലേന്ന് മാത്രമാണവർ മോചിതരായത്. അപ്പോഴേക്കും പത്രത്തിനുമേൽ വലിയ നടപടികൾ തുടങ്ങിക്കഴിഞ്ഞിരുന്നു. ആദ്യം തിരുവിതാംകൂറിലും പിന്നീട് കൊച്ചയിലും ദേശാഭിമാനി നിരോധിച്ചു. മലബാറിൽ പ്രസിദ്ധീകരണം തുടർന്നുവരവേ ആഹ്വാനവും താക്കീതും എന്ന തലക്കെട്ടിൽ മലബാർ കലാപത്തെക്കുറിച്ച് ഇ.എം.എസ്. എഴുതിയ ലേഖനത്തിന്റെ പേരിൽ പത്രത്തിന് പതിനായിരം രൂപ പിഴ ചുമത്തി. ജനങ്ങൾ ആ പിഴയടക്കാനും സഹായം നൽകി. എന്നാൽ 1948 മാർച്ചിൽ കൽക്കത്താ തീസിസുമായി ബന്ധപ്പെട്ട പ്രശ്നത്താൽ പ്രസ്ഥാനവും പത്രവുമെല്ലാം പൂർണമായും നിരോധിക്കപ്പെട്ടു. ഇ.എം.എസ്. ഒളിവിലും നാരായണൻനായർ ജയിലിലുമായി.

കൽക്കത്താ തീസിസിനെ തുടർന്ന് പ്രഖ്യാപിച്ച പൊതുസുരക്ഷാ ഓഡിനൻസിനെ തുടർന്ന് നേതാക്കൾ ഒളിവിൽ പോയിരുന്നു. ഒളിവിൽപോകാതെ പുറത്തുനിന്ന് പ്രവർത്തിക്കാനാണ് പി.എന്നിനോട് പാർട്ടി നിർദേശിച്ചത്. പക്ഷേ ആദ്യദിനംതന്നെ പി.എൻ അറസ്റ്റിലായി. ആഹ്വാനവും താക്കീതും എന്ന ലേഖനത്തിന്റെ പേരിൽ വീണ്ടും പതിനായിരം രൂപ അടക്കാൻ ശിക്ഷ വന്നു. പത്രം പൂർണമായി നിലയ്ക്കുന്നതിലേക്കാണ് സംഭവങ്ങൾ നീങ്ങിയത്. ദേശാഭിമാനിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പരസ്യപ്രവർത്തനം നടത്തുകയായിരുന്ന പി.എന്നിനെ വെല്ലൂർ ജയിലിലേക്കാണ് കൊണ്ടുപോയത്. നാലുവർഷം മുഴുവനായും അവിടെത്തന്നെ. എം.ആർ.വെങ്കിട്ടരാമനും സി.എച്ച്. കണാരനും ഉണ്ണിരാജയും അടക്കം ദക്ഷിണേന്ത്യയിലെ നിരവധി നേതാക്കൾ വെല്ലൂർ ജയിലിൽ എത്തിക്കൊണ്ടിരുന്നു. ജയിലിലെ കമ്യൂണിസ്റ്റ് തടവുകാരുടെ മേയറായി ആദ്യം തിരഞ്ഞെടുക്കപ്പെട്ടത് നാരായണൻനായരാണ്. പഠനക്ലാസുകളിലും യോഗങ്ങളിലും സാഹിത്യസമാജങ്ങളിലും അധ്യക്ഷത വഹിക്കുന്നത് മേയറാണ്. ഇടക്കിടെ ഭക്ഷണം ഉപേക്ഷിക്കൽ, സത്യാഗ്രഹം എന്നീ സമരമാർഗങ്ങളൊക്കെ നടന്നുകൊണ്ടിരുന്നു. 1950 ഫെബ്രുവരി രണ്ടാം വാരത്തിന്റെ അവസാനം ജയിലിൽ എത്തിയ ഒരു വിവരം ആ ജയിലിൽ കഴിഞ്ഞിരുന്ന മുന്നൂറിൽപരം വരുന്ന കമ്യൂണിസ്റ്റ് തടവുകാരെയാകെ രോഷാകുലരാക്കി, ദുഖിതരാക്കി. ജയിലിൽ വൻ പ്രതിഷേധമുയർന്നു. കമ്യൂണിസ്റ്റ് തടവുകാർ ഒരുദിവസം അകത്തുകയറാൻ വിസമ്മതിച്ചു. കിട്ടാവുന്ന ആയുധങ്ങളെല്ലാം സമാഹരിച്ച് ജയിൽവളപ്പിൽ ഒളിച്ചുനിന്നു. പക്ഷേ ഏറ്റുമുട്ടലില്ലാതെ തൽക്കാലം ശമനമുണ്ടായി. സേലം ജയിലിലെ കൂട്ടക്കൊലയാണ് ജയിലിൽ എത്തിയ വിവരം. 22 വിപ്ലവകാരികളെ സേലം ജയിലിൽ സ്വതന്ത്ര ഇന്ത്യൻ ഭരണകൂടം കൂട്ടക്കൊലചെയ്തു. പ്രതിഷേധം രണ്ടാം ഘട്ടത്തിൽ ഉപവാസ സത്യഗ്രഹമായി. ഒരാഴ്ച, രണ്ടാഴ്ച, എന്നിങ്ങനെ നിരാഹാരം തുടർന്നുകൊണ്ടിരുന്നു. സേലം ജയിലിലെ കൂട്ടക്കൊലക്കെതിരായിരുന്നു സമരം, കൂട്ടക്കൊലയെക്കുറിച്ച് ജൂഡീഷ്യൽ അന്വേഷണം, മരിച്ചവരുട കുടുംബത്തിന് നഷ്ടാശ്വാസം, പിക്കേറ്റവർക്ക് ആശുപരത്രികളിൽ സൗജന്യമായി വിദഗ്ധ ചികിത്സ. ജയിലുകളിലെ മർദനനടപടികൾ അവസാനിപ്പിക്കുക‐ ഈ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഏറ്റവുമൊടുവിൽ ഉപവാസസമരം അവസാനിപ്പിച്ചത് പി.എൻ ആയിരുന്നു‐ 26 ദിവസമണ് ഭക്ഷണം കഴിക്കാതെ സമരം ചെയ്തത്. l

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 + sixteen =

Most Popular