1945 സെപ്‌തംബറായപ്പോൾ രണ്ടാം ലോകയുദ്ധം സമാപിച്ചുവല്ലോ. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തകർച്ച അതോടെ പൂർണമായി. ഫാസിസത്തിനുമേൽ സോവിയറ്റ് യൂണിയൻ നേടിയ വിജയം ലോക രാഷ്‌ട്രീയത്തിന്റെ ഗതിതന്നെ മാറ്റിമറിച്ചു.
ഇന്ത്യൻ ജനതയുടെ യുദ്ധാനന്തര മുന്നേറ്റത്തിന് നേതൃത്വം കൊടുക്കേണ്ടത് കമ്യൂണിസ്റ്റ് പാർട്ടിയുടെ അടിയന്തര കടമയാണെന്ന് പാർട്ടി വിലയിരുത്തി. അധികാരികളുടെ പിൻബലത്തോടെ ജന്മിമാരുടെ അടിച്ചമർത്തലുകൾക്കെിരെ കൃഷിക്കാരുടെ ഒട്ടനവധി സമരങ്ങൾക്ക് ഈ കാലയളവിൽ കിസാൻസഭയും കമ്യൂണിസ്റ്റ് പാർട്ടിയും നേതൃത്വം നൽകി.
ആന്ധ്രയിൽ നൈസാമും ഭൂപ്രഭുക്കളും കർഷകർക്കുനേരെ ക്രൂരമായ അടിച്ചമർത്തൽ നയമാണ് സ്വീകരിച്ചത്. തെലങ്കാനയിലെ കർഷകരെ സംഘടിപ്പിച്ച് സായുധപോരാട്ടം നടത്താൻ കമ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചു. അതനുസരിച്ച് പാർട്ടിയുടെ വിശാലാന്ധ്ര സംസ്ഥാന കമ്മിറ്റിയാണ് പോരാട്ടത്തിന് നേതൃത്വം നൽകിയത്. പി സുന്ദരയ്യ, എം ബസവപുന്നയ്യ, സി രാജേശ്വരറാവു, എം ഹനുമന്തറാവു എന്നിവരടങ്ങിയ പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റാണ് സമരത്തിന് കടിഞ്ഞാൺ പിടിച്ചത്. സമരക്കാർക്ക് ആയുധങ്ങൾ സംഘടിപ്പിച്ചു നൽകുന്നതിന്റെ മുഖ്യ ചുമതല എംബിക്കായിരുന്നു. ആയുധങ്ങൾ വാങ്ങുന്നതിന് ഭീമമായ തുക ചെലവഴിക്കണമായിരുന്നു. ആന്ധ്രയുടെ വിവിധ പ്രദേശങ്ങളിൽ റിക്കാർഡ് വേഗത്തിൽ സഞ്ചരിച്ച് പാർട്ടി അനുഭാവികളിൽനിന്നും അഭ്യുദയകാംക്ഷികളിൽനിന്നും പണം സ്വരൂപിച്ചു. ആ പണം നൽകി ആയുധങ്ങൾ പരമരഹസ്യമായി സ്വരൂപിച്ചു. അവ തെലങ്കാനയിലേക്ക് അതിവിദഗ്‌ധമായിതന്നെ അദ്ദേഹം എത്തിച്ചു.
1948ൽ രണ്ടാം പാർട്ടി കോൺഗ്രസ് കൽക്കട്ട തീസിന് അംഗീകരിച്ചതോടെ കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടു. അതോടെ ഇന്ത്യയൊട്ടാകെയുള്ള കമ്യൂണിസ്റ്റുകാർ കിരാതമായ വേട്ടയാടലിന് വിധേയരായി. നേതാക്കളും പ്രവർത്തകരും ഒളിവിൽ പ്രവർത്തിച്ചു. തെലങ്കാന സമരമാരംഭിച്ചപ്പോൾ മുതൽ ഒളിവിൽ പ്രവർത്തിച്ച എംബി പാർട്ടി പ്രവർത്തനം തുടർന്നു. കൽക്കട്ട തീസിസിനു പറ്റിയ പിശക് വളരെ വേഗം തിരിച്ചറിഞ്ഞ നേതാക്കളിലൊരാൾ ബസവപുന്നയ്യയാണ്.
‘ആന്ധ്രരേഖ’ എന്ന പേരിൽ പ്രശസ്‌തമായ രേഖ 1950ൽ തയ്യാറാക്കാൻ മുഖ്യ പങ്കുവഹിച്ചത് എംബിയാണ്. ഉൾപ്പാർട്ടി ആശയസമരം ശക്തമായ സമയമായിരുന്നു അത്. നെഹ്‌റു ഗവൺമെന്റിന്റെ വർഗസ്വഭാവത്തെക്കുറിച്ചും കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിക്കേണ്ട വിപ്ലവ തന്ത്രത്തെക്കുറിച്ചും പാർട്ടിക്കുള്ളിൽ ശക്തമായ അഭിപ്രായവ്യത്യാസമുണ്ടായി. അത് എത്രയും വേഗം പരിഹരിക്കാനാണ് ബസവപുന്നയ്യ ആഗ്രഹിച്ചത്. അതിനായി അദ്ദേഹവും അന്ന് പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന സി രാജേശ്വരറാവുവും ചേർന്ന് ഒരു നിർദേശം മുന്നോട്ടുവച്ചു: ആശയഭിന്നത പരിഹരിക്കാൻ സോവിയറ്റ് യൂണിയന്റെ സഹായം തേടുക.
ആ നിർദേശം പാർട്ടി നേതൃത്വത്തിനുള്ളിൽ എല്ലാവർക്കും സ്വീകാര്യമായി. അതനുസരിച്ച് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു പ്രതിനിധിസംഘം മോസ്‌കോ സന്ദർശിച്ചു. സി രാജേശ്വരറാവു, എം ബസവപുന്നയ്യ, അജയകുമാർ ഘോഷ്, എസ് എ ഡാങ്കെ എന്നിവരാണ് അതീവ രഹസ്യമായി മോസ്‌കോയിലെത്തിയ നേതാക്കൾ. തെലങ്കാന സമരത്തിന്റെ പശ്ചാത്തലത്തിൽ ഈ നേതാക്കളിൽ പലർക്കും അറസ്റ്റ് വാറണ്ടുകളുണ്ടായിരുന്നു. എംബി ഉൾപ്പെടെ ചിലരുടെ തലയ്‌ക്ക് കോൺഗ്രസ് സർക്കാർ ഇനാം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. അതാണ് സന്ദർശനം പരമരഹസ്യമാക്കി സൂക്ഷിച്ചത്.
സ്റ്റാലിൻ, മൊളോട്ടോവ്, മലങ്കോവ്, സുസ്ലോവ് എന്നീ സോവിയറ്റ് നേതാക്കൾ അടങ്ങിയ സംഘവുമായാണ് ഇന്ത്യൻ നേതാക്കൾ കൂടിക്കാഴ്‌ച നടത്തിയത്. അതേക്കുറിച്ച് ബസവപുന്നയ്യ ഇങ്ങനെ ഓർക്കുന്നു: ‘‘സോവിയറ്റ് പ്രതിനിധിസംഘത്തിൽ സഖാവ് സ്റ്റാലിനെ കണ്ടപ്പോൾ ആഹ്ലാദത്തിന്റെയും പരിഭ്രമത്തിന്റെയും മിശ്രിതമായ അനുഭൂതിയാണ് എനിക്കുണ്ടായത്. ലോക കമ്യൂണിസ്റ്റ് വിപ്ലവത്തിന്റെ നേതാവും ലോകത്തിലെ ഏറ്റവും വിഖ്യാതനും മഹാനുമായ സഖാവ് സ്റ്റാലിനുമായി കൂടിക്കാഴ്‌ച നടത്താനും ചർച്ചചെയ്യാനും കിട്ടിയ അസുലഭമായ അവസരമാണ് എന്നെ ആഹ്ലാദചിത്തനാക്കിയത്. മാർക്‌സിസം‐ലെനിനിസത്തിന്റെ ആചാര്യനായ സ്റ്റാലിന്റെ മുന്നിലിരുന്നുകൊണ്ട് മാർക്‌സിസം‐ലെനിനിസത്തിൽ വലിയ ജ്ഞാനമമൊന്നുമില്ലാത്ത എന്നെപ്പോലൊരാൾ എങ്ങനെയാണ് ചർച്ചയിൽ ഏർപ്പെടുക എന്ന കാര്യമോർത്തായിരുന്നു എനിക്കുണ്ടായ പരിഭ്രമം.
എന്നാൽ സ്റ്റാലിനെ കണ്ടതോടെ എംബിയുടെ പരിഭ്രമം അകന്നു. അതേക്കുറിച്ച് അദ്ദേഹം എഴുതുന്നു: ‘‘ചർച്ചയുടെ തുടക്കം കുറിച്ചുകൊണ്ട് സഖാവ് സ്റ്റാലിൻ അതീവ വിനയസ്വരത്തിൽ സംസാരിക്കുവാൻ തുടങ്ങി. ‘സഖാക്കളേ, നിങ്ങളുടെ പ്രതിനിധിസംഘവുമായി കൂടിക്കാഴ്‌ച നടത്തുവാൻ ഇത്രയും താമസിച്ചതിൽ എനിക്ക് മാപ്പുതരിക. രാജ്യത്തിന്റെയും ഭരണത്തിന്റെയും പാർട്ടിയുടെയും പ്രവർത്തനങ്ങളിലുള്ള തിരക്കുകൊണ്ടായിരുന്നു നിങ്ങളുമായുള്ള ഈ കൂടിക്കാഴ്‌ച ഇത്രയും നീണ്ടുപോയത്. നിങ്ങളുമായി ചർച്ചചെയ്യാൻ ഞങ്ങളൊരു പരിപാടി തയ്യാറാക്കിയിട്ടുണ്ട്. ഞങ്ങളുടെ വിഷയങ്ങളെന്താണെന്ന് നിങ്ങൾ മനസ്സിലാക്കിയിരിക്കുമെന്ന് കരുതുന്നു. നിങ്ങൾ ഞങ്ങളെ സമീപിച്ചിരിക്കുകയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ ഉത്തരവാദിത്വമാണ്. നിങ്ങളുടെ പ്രശ്‌നങ്ങൾ ഞങ്ങൾ തികച്ചും മനസ്സിലാക്കേണ്ടിയിരിക്കുന്നു’. സ്റ്റാലിന്റെ ലളിതമായ ഈ സമീപനരീതിയുടെ ഫലമായി എന്റെ ധൈര്യവും ആത്മവിശ്വാസവും തിരിച്ചുകിട്ടാൻ പത്തുമിനിട്ടിൽ കൂടുതൽ വേണ്ടിവന്നില്ല. ഞാൻ മഹാനായ സ്റ്റാലിന്റെ മുന്നിലാണ് ഇരിക്കുന്നത് എന്നതിനു പകരം നമ്മുടെ പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയിലോ കേന്ദ്ര കമ്മിറ്റിയിലെയോ സഹപ്രവർത്തകരുടെ മുന്നിലാണ് ഇരിക്കുന്നതെന്ന ബോധമാണ് എനിക്കനുഭവപ്പെട്ടത്’’. (1979ലെ ചിന്ത മെയ്‌ദിനപ്പതിപ്പിൽ എം ബസവപുന്നയ്യ എഴുതിയ ‘സ്റ്റാലിനുമായുള്ള കൂടിക്കാഴ്‌ച’ എന്ന ലേഖനത്തിൽനിന്ന്.
സോവിയറ്റ് പ്രതിനിധിസംഘവുമായി ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ നടത്തിയ ചർച്ചയെത്തുടർന്ന് സിപിഐയിൽ നിലനിന്ന തർക്കങ്ങൾക്ക് താൽക്കാലിക പരിഹാരമായി.
1951ൽ കൽക്കത്തയിൽ ചേർന്ന പ്രത്യേക സമ്മേളനം പാർട്ടി പരിപാടിയും പ്രഖ്യാപനരേഖയും അംഗീകരിച്ചു. തെലങ്കാന സമരം പിൻവലിക്കാനും തീരുമാനിക്കപ്പെട്ടു.
1952ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ തെലങ്കാനസമരം നടന്ന പ്രദേശങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടി തകർപ്പൻ വിജയമാണ് നേടിയത്. പാർട്ടിയുടെ ജനസമ്മതി വിളിച്ചോതുന്നതായിരുന്നു അത്. പക്ഷേ 1955ൽ നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.
1957 ആയപ്പോഴേക്കും പാർട്ടിയിൽ വീണ്ടും ഉൾപാർട്ടി സമരം ശക്തിപ്പെട്ടു. ഭരണകക്ഷിയായ കോൺഗ്രസുമായി യോജിക്കണമെന്നാണ് ഒരുവിഭാഗം പാർട്ടി നേതാക്കൾ നിലപാടെടുത്തത്. സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും ആ വിഭാഗത്തെയാണ് പിന്തുണച്ചത്.
എന്നാൽ ഈ സമീപനത്തോട് എംബിക്ക് തീരെ യോജിക്കാനായില്ല. ഉൾപാർട്ടി സമരത്തിന്റെ മറ്റൊരു ഘട്ടത്തിനാണ് സുന്ദരയ്യയും സുർജിത്തും എംബിയും മറ്റും ചേർന്ന് തുടക്കമിട്ടത്. കോൺഗ്രസുമായി സഹകരിക്കണമെന്ന ആശയത്തിനു ബദലായി മേൽപറഞ്ഞ മൂന്നുപേരും ചേർന്ന് 1955ൽ ഒരു രേഖ തയ്യാറാക്കി.
1957ൽ കേരളത്തിൽ ഇ എം എസ് മന്ത്രിസഭ അധികാരത്തിൽ വന്നു. തിരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിൽ വന്നതോടെ റിവിഷനിസ്റ്റുകളുടെ വ്യാമോഹം വർധിച്ചു.
1961ൽ വിജയവാഡയിൽ ചേർന്ന ആറാം പാർട്ടി കോൺഗ്രസിൽ അഭിപ്രായവ്യത്യാസം മൂലം ഒരു രാഷ്‌ട്രീയ പ്രമേയം പോലും അംഗീകരിക്കാൻ സാധിച്ചില്ല. അന്നത്തെ പാർട്ടി ജനറൽ സെക്രട്ടറി അജയഘോഷിന്റെ പ്രസംഗം രാഷ്‌ട്രീയ പ്രമേയമായി കരുതുകയായിരുന്നു. 1963 ജനുവരി 13ന് അജയഘോഷ് അന്തരിച്ചു. അതേത്തുടർന്ന് ഇ എം എസ് ജനറൽ സെക്രട്ടറിയായും എസ് എ ഡാങ്കെ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു.
വിജയവാഡ കോൺഗ്രസിനുശേഷം കമ്യൂണിസ്റ്റ് പാർട്ടിയിൽ അഭിപ്രായവ്യത്യാസം ശക്തിപ്പെട്ടു. 1964 ഏപ്രിലിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിൽ യോഗത്തിൽനിന്ന് 32 പേർ ഇറങ്ങിപ്പോയി. അതിലൊരാൾ എം ബസവപുന്നയ്യയായിരുന്നു. പാർട്ടി പുനഃസംഘടിപ്പിക്കുന്നതിനുവേണ്ടി ആന്ധ്രപ്രദേശിലെ തെനാലിയിൽ ഇവർ മുൻകൈയെടുത്ത് ഒരു കൺവെൻഷൻ സംഘടിപ്പിച്ചു. ആ കൺവെൻഷന്റെ മുഖ്യ സംഘാടകരിലൊരാൾ എംബിയായിരുന്നു. ഈ കൺവെൻഷനാണ് ഏഴാം പാർട്ടി കോൺഗ്രസ് കൊൽക്കത്തയിൽ ചേരാൻ തീരുമാനിച്ചത്. ആ കോൺഗ്രസിൽ അവതരിപ്പിക്കുന്നതിനുള്ള പാർട്ടി പരിപാടിയുടെ കരട് തയ്യാറാക്കാൻ സെൻട്രൽ ഓർഗനൈസിങ് കമ്മിറ്റി എംബിയെയാണ് ചുമതലപ്പെടുത്തിയത്. പി രാമമൂർത്തിയും ഹർകിഷൻസിങ് സുർജിത്തും പരിപാടി തയ്യാറാക്കാൻ അദ്ദേഹത്തെ സഹായിച്ചു. ഏഴാം പാർട്ടി കോൺഗ്രസ് ആ പരിപാടി അംഗീകരിച്ചു.
ഏഴാം പാർട്ടി കോൺഗ്രസ് എംബിയെ സിപിഐ എം കേന്ദ്ര കമ്മിറ്റിയിലേക്കും പൊളിറ്റ് ബ്യൂറോയിലേക്കും തിരഞ്ഞെടുത്തു.
ഏഴാം പാർട്ടി കോൺഗ്രസ് പ്രത്യയശാസ്‌ത്ര പ്രശ്‌നങ്ങൾ ചർച്ചചെയ്‌തില്ല. 1968 ഏപ്രിൽ അഞ്ചുമുതൽ 12 വരെ ചേർന്ന ബർദ്വാൻ പ്ലീനമാണ് പ്രത്യയശാസ്‌ത്ര പ്രശ്‌നങ്ങൾ വിശദമായി ചർച്ചചെയ്‌തത്. എം ബസവപുന്നയ്യയും ഹർകിഷൻസിങ് സുർജിത്തും എൽ പ്രസാദറാവുവും ഉൾപ്പെട്ട സമിതിയാണ് ആ രേഖ തയ്യാറാക്കിയത്. എംബിയാണ് മുഖ്യ ചുമതല വഹിച്ചത്.
ഏഴാം പാർട്ടി കോൺഗ്രസ് സമാപിച്ചതിനുശേഷം കേന്ദ്രകമ്മിറ്റിയുടെ ആദ്യയോഗം തൃശൂരിൽ ചേരാൻ തീരുമാനിക്കപ്പെട്ടു. ചൈന ചാരന്മാർ എന്നാരോപിച്ച് പാർട്ടി നേതാക്കളെയും പ്രവർത്തകരെയും പൊലീസ് കൂട്ടത്തോടെ അറസ്റ്റ് ചെയ്‌തു. തൃശൂരിൽവെച്ച് എംബിയും അറസ്റ്റ് ചെയ്യപ്പെട്ടു. സർക്കാർ അദ്ദേഹത്തെ പതിനാറുമാസം ജയിലിലടച്ചു. അതിനുമുമ്പ് 1962ൽ അദ്ദേഹം 20 മാസക്കാലം തടവിലാക്കപ്പെട്ടു. ആകെ മൂന്നുവർഷക്കാലം അദ്ദേഹം ജയിൽവാസമനുഭവിച്ചു.
എട്ടുവർഷക്കാലം ഒളിവിൽ കഴിഞ്ഞുകൊണ്ടാണ് ബസവപുന്നയ്യ പാർട്ടി പ്രവർത്തനങ്ങൾ ശക്തിയായി മുന്നോട്ടു കൊണ്ടുപോയത്. 1948 മുതൽ നാലുവർഷക്കാലം തുടർച്ചയായി ഒളിവിൽ പ്രവർത്തിച്ചുകൊണ്ടാണ് അദ്ദേഹം തെലുങ്കാന സമരത്തിന് നേതൃത്വം നൽകിയത്.
1952 മുതൽ 1966 വരെയുള്ള പതിനാലുവർഷക്കാലം ബസവപുന്നയ്യ രാജ്യസഭാംഗമായി പ്രവർത്തിച്ചു. മികച്ച പാർലമെന്റേറിയൻ എന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം സഭയിൽ നടന്ന പ്രധാനപ്പെട്ട ചർച്ചകളിലെല്ലാം നിറസാന്നിധ്യമായിരുന്നു.
സിപിഐ എം കേന്ദ്രകമ്മിറ്റിയുടെ മുഖപത്രമായ പീപ്പിൾസ് ഡെമോക്രസിയുടെ പത്രാധിപരായി എംബി 1972 മുതൽ 1986 വരെ പ്രവർത്തിച്ചു.
എതിരാളികളുമായി നിരന്തരം ആശയപരമായി ഏറ്റുമുട്ടുമ്പോൾ യാതൊരു വിട്ടുവീഴ്‌ചയും ചെയ്യാൻ എംബി ഒരുക്കമായിരുന്നില്ല. മൂർച്ചയേറിയ വാചകങ്ങളാൽ അദ്ദേഹം എതിരാളികളുടെ വാദമുഖങ്ങളെ പൊളിച്ചടുക്കി.
1992 ഏപ്രിൽ 14ന് എം ബസവപുന്നയ്യ അന്തരിച്ചു. l