Wednesday, October 23, 2024

ad

Homeസിനിമആമേൻ: പതിവ് തെറ്റിച്ച ആണത്ത നിർമ്മിതി

ആമേൻ: പതിവ് തെറ്റിച്ച ആണത്ത നിർമ്മിതി

നക്ഷത്ര മനോജ്‌

തിവു തെറ്റിച്ച ആണത്ത നിർമ്മിതിയുടെ അടയാളപ്പെടുത്തലാണ് ആമേൻ. അതുവരെയുണ്ടായിരുന്ന മലയാളിയുടെ നായക സങ്കല്പങ്ങളിലേക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട് കസേര നീട്ടിയിരിക്കുകയാണ് ഈ ചലച്ചിത്രം. പുരുഷാഖ്യാനങ്ങളും ആണത്ത നിർമ്മിതികളും ആഘോഷിക്കപ്പെടുന്ന ഒരു സാമൂഹിക അന്തരീക്ഷത്തിൽ ആസ്വാഭാവികത നിറഞ്ഞ യാതൊരു ഗുണങ്ങളും കൈമുതലായി ഇല്ലാത്ത നായകനെയാണ് ലിജോ അവതരിപ്പിക്കുന്നത്. മലയാളിക്ക് പരിചിതമല്ലാത്തൊരു മിസ്റ്റിക് സ്വഭാവം ഇതിനുണ്ട്.

കുമരങ്കിരി എന്ന കുട്ടനാടൻ ഗ്രാമത്തിലെ പുരാതന സിറിയൻ പള്ളിക്ക് ചുറ്റുമുള്ള ഏതാനും മനുഷ്യരുടെ കഥാവിഷ്കാരമാണ് ‘ആമേൻ’ സിനിമയുടെ ഇതിവൃത്തം. മാജിക്കൽ റിയലിസത്തിന്റെ സ്വഭാവം വച്ചുപുലർത്തുന്ന കഥാന്തരീക്ഷത്തിൽ നാട്ടുമ്പുറത്തിന്റെതായൊരു പശ്ചാത്തലം ക്രിയേറ്റ് ചെയ്യുന്നതിൽ സംവിധായകൻ വിജയിക്കുന്നു.

നരബാധിക്കാത്ത ആണത്തബോധങ്ങൾക്കിടയിലേക്കാണ് സോളമൻ എന്ന കഥാപാത്രം സ്ഥിരം കണ്ടു ശീലിച്ച നായകസങ്കല്പങ്ങൾക്ക് പുറത്ത് യാഥാസ്ഥിതികമായി വന്നുനിൽക്കുന്നത്. പൗരുഷമില്ലാത്ത, നാണംകുണുങ്ങിയായ നായകൻ മലയാളിക്ക് പുതുമയായിരുന്നു. ആഖ്യാനത്തിലും അവതരണത്തിലും ഈ പുതുമ നിലനിർത്തിക്കൊണ്ടു പോകുന്നു എന്നതിനാൽ ആമേൻ മലയാളത്തിന്റെ നവയുഗസൃഷ്ടികൾക്ക് മികച്ച ഉദാഹരണമാണ്. പതിവു രീതികൾക്ക്, മീശ പിരിച്ചും നെഞ്ചുവിരിച്ചുമുള്ള ആവിഷ്കാരങ്ങൾക്കും പുറത്ത് ഒരു കുമങ്കിരിക്കാരനെ ലിജോ പ്രതിഷ്ഠിക്കുന്നു. പുതിയ കാലത്തിന്റെ സിനിമകൾ വിപ്ലവം തീർക്കുകയും റിയലിസ്റ്റിക്ക് സ്വഭാവം വച്ചുപുലർത്തുകയും ചെയ്യുന്നു എന്നതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. പള്ളിയും പള്ളിയെ ചുറ്റിപ്പറ്റി കുറേ മനുഷ്യരും പെരുന്നാളും ബാൻഡ് മത്സരങ്ങളുമാണ് സിനിമയിൽ കാണാൻ കഴിയുന്നത്. സിനിമ ആരംഭിക്കുന്നത് ഒരു പൊതിയിലൂടെയാണ്. അതിലൂടെ കഥ അതിന്റെ മുഖ്യ കേന്ദ്രത്തിലേക്ക് എത്തുന്നു. കുമരങ്കിരി പള്ളിയാണത്. പരുക്കനായ, നിലനിൽപ്പിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത പള്ളി വികാരിയായ ഫാദർ ഒറ്റപ്ലാക്കനിൽ നിന്നും കഥ അതിന്റെ മുഖ്യാശയത്തിലേക്ക് ചെന്നെത്തുന്നു. പള്ളിവക ബാന്റിൽ ക്ലാർനറ്റ് വായിക്കാൻ സോളമനെ അനുവദിക്കുന്നില്ല അയാൾ. എല്ലാ ദുഃഖങ്ങളും ഉള്ളിലൊതുക്കി കൂനിക്കൂടി ഒരു കട്ടിലിൽ കിടക്കുന്ന നായകൻ അയാൾ സ്വപ്നം കാണുന്നത് അച്ഛനെയാണ്. ക്ലാർനറ്റ് വായിക്കാൻ അച്ഛനാണ് അയാൾക്ക് ധൈര്യം നൽകുന്നത്. പക്ഷേ അത് ആൾക്കൂട്ടത്തിൽ അവതരിപ്പിക്കുന്നതിൽ, മറ്റുള്ളവർക്ക്‌ മുന്നിൽ തന്റെ കഴിവ് കാണിക്കുന്നതിൽ സോളമൻ വിജയിക്കുന്നില്ല. എന്നാൽ തന്റെ കാമുകിയായ ശോശന്നയ്ക്ക് മുൻപിൽ നായകന് മനോഹരമായി ക്ലാർനറ്റ് വായിക്കാൻ കഴിയുന്നു. ഇത് പ്രേക്ഷകനിൽ ഒരു ആകുലത സൃഷ്ടിക്കുന്നു. മുൻ മാതൃകകളിൽ നമ്മൾ കണ്ടു ശീലിച്ച നായികാവതരണങ്ങളിൽ നിന്നും കഥയിലെ ശോശന്ന മാറി നടക്കുന്നു. വലിയ കണ്ണുകളും, ആ കണ്ണുകൾ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള നിലപാടുകളും കൊണ്ട് നായികയ്ക്ക് തന്റേതായ ഒരു സ്ഥാനം കഥയിൽ കണ്ടെത്താൻ കഴിയുന്നു. നായകന്റെ എല്ലാ കുറവുകളെയും വരിഞ്ഞുകെട്ടിപ്പുഴയിലെറിയാൻ പ്രാപ്തിയുള്ളവൾ. തന്നെക്കുറിച്ച് ഇത്രയും ബോധ്യമുള്ള നായികാ കഥാപാത്രങ്ങൾ മലയാളസിനിമക്കകത്ത് ചുരുക്കമാണ്. സിനിമ തുടങ്ങി അവസാനിക്കും വരേയ്ക്കും ശോശന്ന ശോശന്ന മാത്രമാണ്. തന്റെ ഐഡന്റിറ്റി മറ്റുള്ളവർക്കു മുൻപിൽ അടിയറവ് വയ്ക്കാതെ തലയുയർത്തിപ്പിടിച്ച് തുറന്നുകാട്ടാൻ അവൾക്ക് കഴിയുന്നു. ഇവരുടെ പ്രണയത്തെ കുടുംബം എതിർക്കുന്നുണ്ട്.

‘ദേ അപ്പച്ചാ സോളമനെപ്പറ്റി അനാവശ്യം പറയരുത്, മുളക് കലക്കി ഞാൻ മുഖത്തൊഴിക്കും’ എന്ന് വിരുന്നുകാരനെയോ വീട്ടുകാരെയോ ഭയപ്പെടാതെ ശോശന്ന പറഞ്ഞു നിർത്തുന്നു. ‘സോളമൻ നിന്റെ ആരാടീ’ എന്ന ചോദ്യത്തിന് വളരെ സൗമ്യമായി ‘ഞാൻ കെട്ടാൻ പോകുന്ന എന്റെ ചെറുക്കൻ’ എന്ന് പറഞ്ഞു നിർത്തുന്ന ശോശന്നയുടെ മുഖത്തേക്ക് കറിയെടുത്ത് ഒഴിക്കുന്ന ചേട്ടനിലേക്ക് കടക്കാം. ഈ ചേട്ടൻ എല്ലാവരിലുമുണ്ട്. കുടുംബം എന്ന അധികാരസ്ഥാപനത്തിനകത്തൊക്കെയും ഇത്തരം ആധിപത്യ കേന്ദ്രങ്ങളുണ്ട്. സ്ത്രീ (പെണ്ണ് ) തീരുമാനങ്ങളെടുക്കുന്നിടത്തെല്ലാം അവനുണ്ട്. അവനെ തല്ലുന്ന ശോശന്നയെ വെറുതെ ചിരിച്ചുകൊണ്ടു മാത്രം സ്വീകരിക്കേണ്ടതല്ല. അത് വെറുമൊരു കോമഡി രംഗം മാത്രമല്ല. ഉള്ളിൽ വിറങ്ങലിച്ചുപോയ, അത്രനാൾ ഓരോ സ്ത്രീക്കുള്ളിലും കുടുങ്ങി നിന്ന്, ആണുങ്ങൾ തീർത്ത സങ്കല്പന സൃഷ്ടിക്കകത്ത് ഒളിച്ചുകടത്തിയ പെണ്ണാണ് ആ ഇറങ്ങി നടക്കുന്നത്.

‘അടയാളങ്ങളും അത്ഭുതങ്ങളും കണ്ടെങ്കിൽ മാത്രമേ നിങ്ങളെന്നെ വിശ്വസിക്കുകയുള്ളൂ’ എന്ന സുവിശേഷ വചനത്തിൽ നിന്നാണ് ‘ആമേൻ’ തുടങ്ങുന്നത്. തുടക്കം മുതൽ സോളമനെ ചിത്രീകരിക്കുന്നത് പരാജയപ്പെട്ട ഒരു ബാൻഡ് അംഗമായാണ്. പിതാവായ എസ്തപ്പാൻ ആശാന്റെ കഴിവ് ഒട്ടും ചോരാതെ ഹൃദയത്തിൽപ്പേറുന്ന സോളമൻ ഉൾവലിഞ്ഞുനിൽക്കുന്ന പ്രകൃതക്കാരനാണ്. ശോശന്നയ്ക്ക് മുമ്പിലും തനിച്ചുള്ള നേരങ്ങളിലും മാത്രം അവൻ വായിച്ചു ജയിക്കുന്നു. ആൾക്കൂട്ടത്തിൽ അവന്റെ ശബ്ദം നിലക്കുന്നു. മറ്റുള്ളവർക്ക് മുൻപിലെപ്പോഴും നാണംകെടുന്നു. അപ്രതീക്ഷിതമായി സിനിമയുടെ കഥാഗതിയിലേക്ക് അനുവാദം ചോദിക്കാതെ കടന്നുവരുന്ന ഫാദർ വിൻസന്റ് വട്ടോളി എന്ന ഇന്ദ്രജിത്ത് കഥാപാത്രം സിനിമയെ കുറച്ചുകൂടി സുന്ദരമാക്കുന്നു. പ്രണയമുള്ളിലൊളിപ്പിച്ച കണ്ണുകളുമായി മിഖായേൽ എന്ന സഞ്ചാരി പെൺകുട്ടിയുമായി നൃത്തം ചെയ്യുന്ന വട്ടോളിയെ പോലൊരു വികാരിയും മലയാളിക്ക് പുതുമയുള്ളതായിരുന്നു. ‘‘വീട്ടുകാരു പറഞ്ഞുതനുസരിച്ച് പള്ളിവികാരിയാവാൻ പുറപ്പെട്ട സോളമനു മുൻപിൽ വന്നു നിന്ന് വീട്ടുകാരു പറഞ്ഞയുടനെ നീ കെട്ടും കെടക്കയും എടുത്ത് ഇറങ്ങിയോ സെമിനാരി ചേരാൻ’’ എന്ന് നെഞ്ചുറപ്പോടെ ചോദിച്ചവൾ.

തങ്ങൾ പ്രേമിച്ച കാലത്തെക്കുറിച്ച് അവൾ ഉറക്കെ ആവർത്തിക്കുമ്പോൾ നാണം കൊണ്ട് മറുപടി നൽകുന്ന സോളമൻ.

‘‘നിക്കടാ അവിടെ എനിക്ക് നിന്റെ തീരുമാനം ഇപ്പോ അറിയണം. സെമിനാരി ചേർന്ന് പള്ളീലച്ചനാവണോ അതോ എന്നെ കെട്ടി എന്റെ പിള്ളേരുടച്ഛനാവണോ’’, ‘പട്ടം വാങ്ങി നിന്റെ പിള്ളേരുടെ അച്ഛനായാ മതി’ എന്നവൻ വിവശനായി കണ്ണുകൾ താഴ്ത്തിക്കൊണ്ട് ഉത്തരം പറയുന്നു.

പലരും ആവർത്തിച്ചു പറഞ്ഞ അതേ രീതിയിൽ ഒരു ദിവ്യഹാസ്യം എന്ന ടാഗ് ലൈനിനെ അനുസ്മൃതമാക്കി ഒരു നർമ്മ രംഗം ഇവിടെ ചിത്രീകരിക്കപ്പെടുന്നു. ക്ലാസിക്കൽ അച്ചിലെ പ്രണയകാഴ്ചയായി ഈ സിനിമയെ പല കോണുകളിലും അവതരിപ്പിക്കപ്പെടുന്നു. ഫാദർ വട്ടോളി നൽകുന്ന പരിഗണനയും പ്രോത്സാഹനവും മതിയായിരുന്നു സോളമന് ജയിക്കാൻ. പള്ളിപ്പെരുന്നാളിന് ബാൻഡ് മത്സരത്തിൽ എതിർ ടീം തങ്ങൾക്കിനി വായിക്കാൻ ഒന്നുമില്ലെന്ന് പറഞ്ഞ് നിർത്തുന്നിടത്ത് സോളമൻ ക്ലാർനറ്റ് വായിച്ചു ജയിക്കുന്നു. എന്നാൽ അവിടെയും സോളമൻ ഒരമാനുഷികനാകുന്നില്ല. ലൂയി പാപ്പന്റെ വിയോഗം അവന്റെയെല്ലാ വിജയസാധ്യതകളെയും ഉലച്ചുകളയുന്നിടത്ത് സിനിമ തീരുന്നു.
ആമേൻ ഒരു കാലത്തിന്റെയും കഥയല്ല. ഒരു കെട്ടുകഥയാണ്. ഒരു ദേശത്തിന്റെ ചിത്രമെന്ന് തോന്നിപ്പിക്കുംവിധം മനോഹരമായ ഒന്ന്. മാറ്റങ്ങളോട് സർവ്വദാ കിടപിടിക്കുന്ന നമ്മളിടങ്ങളിൽ നിന്നും മാറ്റമില്ലാതെ തുടരുന്ന പുരുഷാഖ്യാനങ്ങൾക്കു നേരെയുള്ള ചോദ്യംചെയ്യലാണ് ആമേൻ. ഇങ്ങനെ മാത്രമേ സ്ത്രീയെ ആവിഷ്കരിക്കാൻ പാടുള്ളൂ എന്ന അലിഖിത നിയമങ്ങൾ പൊളിച്ചെഴുതുന്ന ഒരു കാലത്ത്, മലയാള സിനിമയ്ക്കകത്ത് സോളമൻ കടന്നുവന്നതുപോലെ സിനിമകൾക്കകത്ത് പുതിയ കാലത്തിന്റെ അടയാളപ്പെടുത്തലുകൾ ചർച്ചയാവുകയും പുരുഷാഖ്യാനങ്ങളുടെ പുതിയ കാല തിരഞ്ഞെടുപ്പുകളെ അന്വേഷിക്കുകയും ചെയ്യുന്നിടത്തിലാണ് ആമേന്റെ പ്രസക്തി. പൂർണ്ണമായ ഒരു പെൺപക്ഷ സിനിമയോ ആഖ്യാനമോ അല്ലാഞ്ഞിട്ടുപോലും ക്ലീഷേ നായികാ സങ്കല്പത്തെ പൊളിച്ചടുക്കുന്ന രീതിയിലാണ് ആമേൻ എന്ന സിനിമ അവതരിപ്പിക്കുന്നത്. മറ്റു വ്യാഖ്യാനങ്ങളേതുമില്ലാതെ പുരുഷാഖ്യാനങ്ങൾക്ക് പുതിയ സങ്കല്പങ്ങൾ വിഭാവനം ചെയ്യാനുണ്ടെന്ന് പ്രഖ്യാപിക്കുകയും അവതരിപ്പിക്കുകയും ചെയ്തുകൊണ്ടുതന്നെ പെണ്ണിടങ്ങളെ സ്വതന്ത്രമായി സിനിമയുടെ സൗഹൃദവലയത്തിലേക്ക് വിട്ടുനൽകുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen + seventeen =

Most Popular