Tuesday, June 18, 2024

ad

Homeലേഖനങ്ങൾഇന്ദുചൂഡൻ 
കിളിമൊഴികളുടെ തോഴൻ

ഇന്ദുചൂഡൻ 
കിളിമൊഴികളുടെ തോഴൻ

സി സുശാന്ത്

പ്രകൃതിയിലെ അനന്ത വിസ്മയങ്ങൾക്ക് നേരെ കണ്ണും കാതും തുറന്നു പിടിച്ചിരുന്ന ഒരാൾ നമ്മുടെ ഇടയിൽ ജീവിച്ചിരുന്നു. കേരളീയരെ പക്ഷികളുടെ നിത്യ വിസ്മയ ലോകത്തേയ്ക്ക് കൈപിടിച്ചാനയിച്ച അപൂർവ വ്യക്തിത്വത്തിനുടമയായിരുന്നു ഇന്ദുചൂഡൻ -പ്രൊഫ.കെ.കെ.നീലകണ്ഠൻ ഈ ഏപ്രിൽ ഒൻപതിന് അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആയിരുന്നു.

ഇംഗ്ലീഷ് സാഹിത്യത്തിൽ അപാരമായ പാണ്ഡിത്യമുണ്ടായിരുന്ന പ്രഗത്ഭനായ ഈ അദ്ധ്യാപകൻ മലയാള ഭാഷ പണ്ഡിതരിൽ പോലും ആദരവ് ഉണർത്തിയ എഴുത്തുകാരനായിരുന്നു.തൂലികയിലൂടെ അടർന്നുവീണ വാക്കുകളെ പ്രാവർത്തികമാക്കിയ ഈ പരിസ്ഥിതി പ്രവർത്തകൻ പക്ഷിഗവേഷണത്തിൽ ഭാരതം കണ്ട മികച്ച ശാസ്ത്രജ്ഞനായിരുന്നു .പക്ഷി ശാസ്ത്രജ്ഞനായ ഡോ.സലിം അലി പോലും ആദരിച്ചിരുന്ന വ്യക്തിത്വമായിരുന്നു ഇന്ദുചൂഡൻ എന്ന പ്രൊഫ.കെ.കെ.നീലകണ്ഠൻ. വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഭാവസംപുഷ്ടനായിരുന്നു പ്രൊഫ.കെ.കെ.നീലകണ്ഠൻ.

തന്റെ വിദ്യാർത്ഥി ജീവിതത്തിലും ദീർഘമായ ഔദ്യോഗിക ജീവിതത്തിനിടയിലും വിശ്രമജീവിതത്തിലും പക്ഷിനിരീക്ഷണം അദ്ദേഹത്തിന്റെ ഭാഷയിൽപറഞ്ഞാൽ “പക്ഷിഭ്രാന്ത്’ ഭാഷയിൽ സപര്യയാക്കിയിരുന്നു. പ്രൊഫ.കെ.കെ.നീലകണ്ഠൻ എന്ന അദ്ധ്യാപകൻ ഇന്നും അദ്ദേഹത്തിന്റെ ശിഷ്യരുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഓർമ്മയാണ് .അദ്ധ്യാപനത്തിൽ അദ്ദേഹം അത്രമാത്രം സൂക്ഷ്മതയും അവഗാഹവും പൂർണതയും നിലനിർത്തിയിരുന്നു.

കേരളത്തിൽ കാണുന്ന പക്ഷികളുടെ ഒരു ആധികാരിക ഗ്രന്ഥമാണ് “കേരളത്തിലെ പക്ഷികൾ”.അവധാനതയും, ആർജവവും തുളുമ്പുന്ന അത്യുത്തമമായ ഒരു രചന ശൈലിയാണ് ഇന്ദുചൂഡൻ ഈ ഗ്രന്ഥത്തിലൂടനീളം പാലിച്ചിട്ടുള്ളത്. പ്രസ്തുത ഗ്രന്ഥം അതുകൊണ്ടുതന്നെ വായനക്കും പുനർവായനയ്‌ക്കും ശാസ്ത്രകുതുകികൾക്കൊപ്പം സാധാരണ അനുവാചകനേയും പ്രേരിപ്പിക്കുന്നു .കേരളത്തിലെ പക്ഷികൾ എന്ന ഗ്രന്ഥത്തിൽ ചേർത്തിരിക്കുന്ന ഓരോ പക്ഷി ചിത്രവും ഇന്ദുചൂഡൻ സ്വയം വരച്ചവയാണെന്ന് മനസിലാകുമ്പോൾ എത്ര ശ്രമകരമായ ഒരു കർത്തവ്യമാണ് അദ്ദേഹം നിറവേറ്റിയതെന്ന് മനസ്സിലാക്കാം. ഈ ഗ്രന്ഥം മലയാളത്തിലെ എക്കാലത്തെയും കിടയറ്റ ഗ്രന്ഥങ്ങളിലൊന്നാണ് .ക്ലാസിക് എന്ന വിശേഷണമർഹിക്കുന്ന ഗ്രന്ഥം. ‘പക്ഷികളും മനുഷ്യരും’, ‘പക്ഷികളുടെ അത്ഭുതപ്രപഞ്ചം’, ‘പുല്ലു തൊട്ട് പൂനാര വരെ ‘ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രമുഖ കൃതികൾ.

ഇന്ദുചൂഡന്റെ “പക്ഷികളും മനുഷ്യരും” എന്ന ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണത്തിന് ഒരു സവിശേഷതയുണ്ട്. പ്രശസ്ത പുസ്തക പ്രസാധകരായ മാക് മിലൻ കമ്പനി ഇഷ്ടമുള്ള വിഷയത്തിൽ ഇംഗ്ലീഷ് ഭാഷയിൽ ഒരു പുസ്തകം രചിക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തെ സമീപിച്ചു. ഇംഗ്ലീഷ് ഭാഷ പണ്ഡിതനായ പ്രൊഫ.കെ.കെ.നീലകണ്ഠൻ തന്റെ ഗ്രന്ഥ രചനയ്ക്കായി തിരഞ്ഞെടുത്തത് മലയാള ഭാഷയായിരുന്നു.ഒരു പക്ഷേ അന്നേവരെ ഇംഗ്ലീഷ് ഭാഷയിലെ പുസ്തകങ്ങൾ മാത്രം പ്രസിദ്ധികരിച്ചിരുന്ന മാക്മിലൻ കമ്പനിയുടെ ഇന്ത്യൻ ഇതര ഭാഷകളിൽ പ്രസിദ്ധീകരിച്ച ആദ്യ പുസ്തകമാണ് “പക്ഷികളും മനുഷ്യരും”.

കേരളത്തിലെ വനനാശനവും,
പരിസ്ഥിതി നാശനവും,
 തണ്ണീർത്തടങ്ങളുടെ ശോഷണവും
പ്രൊഫ.കെ.കെ.നീലകണ്ഠനെ ഖിന്നനാക്കിയിരുന്നു.അദ്ദേഹം അക്കാലത്തു ആനുകാലികങ്ങളിൽ പരിസ്ഥിതി സംബന്ധമായ ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു. ഇവയെല്ലാം സമാഹരിച്ചു 1986ൽ പ്രസിദ്ധികരിച്ച അമൂല്യമായ ഗ്രന്ഥമാണ് “പുല്ല് തൊട്ട് പൂനാര വരെ ” നമ്മുടെ ജൈവമണ്ഡലം നേരിടുന്ന ഭീഷണികളെക്കുറിച്ചും മായുന്ന തണ്ണീരിടങ്ങളെക്കുറിച്ചും വനനാശനത്തെക്കുറിച്ചും വംശനാശ ഭീക്ഷണി നേരിടുന്ന ജീവജാലങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന പ്രസ്തുത ഗ്രന്ഥം പ്രകൃതിയെ സ്നേഹിക്കുന്നവർക്കും പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്നവർക്കും ഒരുത്തമ വഴികാട്ടിയാണ്.
എന്റെ മതം എന്ന അധ്യായത്തിൽ ഇന്ദുചൂഡൻ തന്റെ മതത്തെക്കുറിച്ച്‌ ഇങ്ങനെ പറയുന്നു.നിങ്ങൾ ഏതു ദൈവത്തെയാണ് ആത്മാർഥതയോടെ ആരാധിക്കുന്നത്? എന്ന് ചോദിച്ചാൽ ഒട്ടും ശങ്കിക്കാതെ “പ്രകൃതിയെ” എന്നാണ് ഞാൻ പറയുക. നമ്മുടെ ജാതിയോ,മതമോ, ആചാരാദികളോ എന്തുമാകട്ടെ, പ്രകൃതിയെ മനസ്സിലാക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്നതിന് ഇതൊന്നും തടസ്സമല്ല .നാം അങ്ങനെ ചെയ്തില്ലെങ്കിലോ നമ്മുടെ വംശം പുരോഗമിക്കുന്നതിനു പകരം അതി ശീഘ്രം അധഃപതിച്ച് നമ്മെ ആദിമനുഷ്യരെക്കാൾ പ്രാകൃത ജീവികളാക്കുമെന്നതിനെക്കുറിച്ചു യാതൊരു സംശയവുമില്ല. ഇതുപോലുള്ള ജീവിതദർശനങ്ങൾ അമൂല്യരത്നങ്ങളെപ്പോലെ ശോഭിക്കുന്ന ഒരു ഗ്രന്ഥമാണ് “പുല്ല് തൊട്ട് പുനാര വരെ’.

സൈലന്റ് വാലി പ്രഷോഭത്തിന് നേതൃത്വം നൽകിയവരിൽ പ്രധാനിയായിരുന്നു പ്രൊഫ.കെ.കെ നീലകണ്ഠൻ. 1970കളിൽ അദ്ദേഹം രൂപീകരിച്ച കേരള നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി പ്രവർത്തകരും സൈലന്റ്‌വാലി സംരക്ഷണത്തിൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്നു. 1980 കളിൽ പക്ഷി നിരീക്ഷകരുടേയും, പ്രകൃതിനിരീക്ഷകരുടേയും വ്യക്തിപരമായ കണ്ടെത്തലുകളും അനുഭവങ്ങളും കൈമാറുവാനും,പങ്കിടുവാനും, പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളിൽ കൂട്ടായി ഇടപെടുവാനും കേരള നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി (Kerala Natural History Society) എന്ന ഈ സംഘടന സഹായിച്ചിരുന്നു. അതോടൊപ്പം ദീർഘനാൾ നിരീക്ഷണങ്ങളിൽനിന്നും പക്ഷികളെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും സ്വയം മനസിലാക്കുവാൻ കഴിഞ്ഞ അത്ഭുതാവഹമായ വസ്തുതകൾ ഇന്ദുചൂഡൻ വിശദമാക്കുന്നതു കേൾക്കുവാൻ അന്നത്തെ യുവതലമുറയ്ക്ക് ഒരു അവസരവുമായിരുന്നു എല്ലാ മാസത്തെയും ശനിയാഴ്ചകളിലെ തിരുവനന്തപുരം മ്യൂസിയം വളപ്പിലെ കൂടിച്ചേരലുകൾ.

പക്ഷികളുടെ കളിത്തോഴനായിരുന്ന ഇന്ദുചൂഡൻ ഗായത്രി പുഴയുടെ തീരത്തു പിച്ചവച്ച് തുടങ്ങി ഭാരതത്തിലുടനീളം പക്ഷിനിരീക്ഷണത്തിനായി കടന്നുപോയ ആ കാലടിപ്പാടുകളെ പിന്തുടർന്ന് കിളിമൊഴികളുടെ ലോകത്ത് സഞ്ചാരം തുടരുന്ന അനവധിപേരുണ്ട്. പുതുതലമുറക്ക് എന്നും പ്രചോദനമായി, മാർഗദീപമായി ശോഭ ചൊരിയുവാൻ ഇന്ദുചൂഡ സ്മരണകൾ എന്നുമുണ്ടാകും. എന്റെ ദൈവം പ്രകൃതിയാണ് എന്നുറക്കെ പ്രഖ്യാപിച്ച പ്രൊഫ.കെ.കെ.നീലകണ്ഠന്റെ (ഇന്ദുചൂഡൻ) ജീവിതചര്യയും, ജീവിതവീക്ഷണവും യുവതലമുറയ്ക്ക് പക്ഷിസ്നേഹവും സമസൃഷ്ടി സ്നേഹവും മമതയും പ്രകൃതിസ്നേഹവും ഏറ്റാൻ പ്രചോദനമായിരിക്കും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × three =

Most Popular