Friday, October 18, 2024

ad

Homeലേഖനങ്ങൾആരോഗ്യത്തിലെ പുതിയ ആശങ്കയായി എംപോക്സ്

ആരോഗ്യത്തിലെ പുതിയ ആശങ്കയായി എംപോക്സ്

ഡോ. ജയശ്രീ എ കെ

ങ്കിപോക്സ് എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന എംപോക്സ് കേരളത്തിലും ഒരു പൊതുജനാരോഗ്യപ്രശ്നമാകുന്നു. പുതുതായി ആവിർഭവിക്കുകയും പുനരാവിർഭവിക്കുകയും ചെയ്യുന്ന പകർച്ച രോഗങ്ങൾ ആരോഗ്യമേഖലയിൽ സവിശേഷ ശ്രദ്ധ നേടുന്നു. താരതമ്യേന മെച്ചപ്പെട്ട ആരോഗ്യനിലയുള്ള കേരളത്തിലും ഇവ വെല്ലുവിളിയായിട്ടുണ്ട്. കോവിഡ് – 19, നീപ്പാ, ഡെങ്കിപ്പനി, എലിപ്പനി, H1 N 1 , വെസ്റ്റ് നൈൽ ഫീവർ, സ്ക്രബ് ടൈഫസ്, അമീബിക് മസ്തിഷ്ക ജ്വരം, തുടങ്ങിയവയെല്ലാം ഇതിൽപെടുന്നു. മനുഷ്യജീവിതത്തിലുണ്ടാകുന്ന ജനസംഖ്യാപരമായ മാറ്റങ്ങൾ, കുടിയേറ്റം, കാലാവസ്ഥാ വ്യതിയാനം എന്നിവയെല്ലാം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. വൈറസുകൾ, ബാക്ടീരിയകൾ തുടങ്ങിയ സൂക്ഷ്മാണുക്കളാണ് ഈ രോഗങ്ങൾ പടർത്തുന്നത്. മനുഷ്യർ അനേകതരം സൂക്ഷ്മജീവികളുമായി ഇണങ്ങിയാണ് ജീവിക്കുന്നത്. അങ്ങനെയല്ലാതെ മനുഷ്യജീവിതം സാദ്ധ്യമല്ല. എന്നാൽ, ചില കുഞ്ഞുജീവികൾ നമുക്ക് രോഗങ്ങളുണ്ടാക്കുകയോ ചിലപ്പോൾ മരണത്തിലേക്ക് വരെ എത്തിക്കുകയോ ചെയ്യുന്നു.

എംപോക്സ് വർഷങ്ങളായി ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കുരങ്ങുകളിലും മറ്റു ചില ജന്തുകളിലും നില നിന്ന് പോന്നതാണ്. കുരങ്ങുകളിൽ 1958ൽ തന്നെ കണ്ടെത്തിയിരുന്നെങ്കിലും, മനുഷ്യരിൽ 1970ൽ കോംഗോയിലാണ് ആദ്യമായി ഇത് നിരീക്ഷിക്കപ്പെട്ടത്. പിന്നീട് പശ്ചിമ ആഫ്രിക്കയിലും കാണുകയുണ്ടായി. എന്നാൽ ഇത് 2003ൽ അമേരിക്കയിലേക്കും പിന്നീട് യൂറോപ്പിലേക്കും പടർന്ന് കയറിയപ്പോഴാണ് ശ്രദ്ധ നേടിയത്. 2022ൽ രോഗവ്യാപനവും മരണവും കൂടിയപ്പോൾ ലോകാരോഗ്യസംഘടന ഇത് പബ്ലിക് ഹെൽത്ത് എമർജൻസിയായി പ്രഖ്യാപിച്ചു. ഈ സമയത്ത് ഇന്ത്യയിലും കേരളത്തിലും ഇത് കണ്ടിരുന്നു. കേരളത്തിൽ പതിനഞ്ചോളം കേസുകളും തൃശൂരിൽ ഒരു മരണവുമുണ്ടായി. ഡൽഹിയിലും സമാനമായ എണ്ണം കേസുകളുണ്ടായി. ഇന്ത്യയുടെ മറ്റു ചില ഭാഗങ്ങളിൽ നിന്ന് വൈറസുകളെ കണ്ടെത്തിയിട്ടുമുണ്ട്. നിസ്സാര ലക്ഷണങ്ങളോടെയോ, ലക്ഷണങ്ങളില്ലാതെയോ തന്നെ അണുക്കൾ മറ്റുള്ളവരിലേക്ക് പകരാമെന്നതിനാൽ ജാഗ്രത ആവശ്യമാണ്. ഇടക്ക് രോഗങ്ങൾ കുറഞ്ഞപ്പോൾ ലോകാരോഗ്യസംഘടന എമർജൻസി പിൻവലിച്ചെങ്കിലും, ഇപ്പോൾ വീണ്ടും അതിനുള്ള സാഹചര്യം ഉണ്ടായിരിക്കുകയാണ്. കേരളത്തിലും വീണ്ടും ഇത് പ്രത്യക്ഷപ്പെട്ടു. ഈ മാസം യു. എ. ഇയിൽ നിന്ന് വന്ന ഒരാളിലാണ് ഇത് കണ്ടത്. ഇതിപ്പോൾ കൂടുതലായി കാണുന്നത് ആഫ്രിക്ക, അമേരിക്ക, ബ്രസീൽ, ഫ്രാൻസ്, സ്പെയിൻ, കൊളംബിയ, മക്സിക്കോ, യു.കെ, പെറു, ജർമ്മനി എന്നീ രാജ്യങ്ങളിലാണ്. ഇപ്പോൾ വസൂരി തടയാനുള്ള വാക്സിൻ ഉപയോഗിക്കാത്തതിനാൽ സമാനമായ വൈറസുകളോടുള്ള പ്രതിരോധശേഷി കുറഞ്ഞത് ഇത് പടരാനുള്ള കാരണമായേക്കാം.

മങ്കിപോക്സ് എന്ന് കേൾക്കുമ്പോൾ ദശകങ്ങൾക്ക് മുൻപ് ഇവിടെയും ലോകത്തെല്ലായിടത്തും നടമാടിയിരുന്ന വസൂരിയും അതിന്റെ ഭീകരതയും ഓർമ്മ വരും. അതിനോട് സാമ്യമുള്ള ഓർത്തോ മിക്സോ വൈറസ് വിഭാഗത്തിൽപെട്ട അണുക്കൾ തന്നെയാണ് ഇതുണ്ടാക്കുന്നതെങ്കിലും അത്ര അപകടകാരിയല്ല. ചിക്കൻ പോക്സ് വൈറസും ഇതേ ഗണത്തിൽ പെടുന്നതാണ്. ഇതിൽ തന്നെ താരതമ്യേന വ്യാപനശേഷി കുറഞ്ഞ ക്ളേഡ് 2 – വർഗ്ഗമാണ് ഇന്ത്യയിൽ കണ്ടിരുന്നത്. എന്നാൽ വ്യാപനശേഷി കൂടുതലുള്ള ക്ളേഡ് 1 6 ഇപ്പോൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. അത് കൊണ്ടും കൂടുതൽ ശ്രദ്ധ വേണ്ടതുണ്ട്.

വസൂരിയുടെയും ചിക്കൻ പോക്സിന്റെയും അണുക്കളുമായി ബന്ധമുള്ളത് കൊണ്ട് രോഗലക്ഷണങ്ങളിലും സമാനതകൾ കാണാം. പനി, തലവേദന, ശരീര വേദന, ഗ്രന്ഥിവീക്കം, ക്ഷീണം എന്നിവയും തൊലിപ്പുറത്ത് കുമിളകളും (പൊക്കലുകൾ) ഉണ്ടാകും. ആദ്യം വായിലും നാക്കിലും പിന്നീട് കൈവെള്ള, പാദങ്ങൾ കൈ കാലുകൾ എന്ന ക്രമത്തിലാണ് കുമിളകൾ ഉണ്ടാവുന്നത്. അതിൽ ചലം നിറയുകയും വേദന ഉണ്ടായിരിക്കുകയും ചെയ്യും. ജനനേന്ദ്രിയത്തിലും കണ്ണിന്റെ ഉൾവശത്തെ ചർമ്മത്തിലും വ്രണങ്ങളുണ്ടാകാം. വ്രണങ്ങൾ തീരെ ചെറിയ പോളങ്ങളായി തുടങ്ങി ക്രമേണ വലുതായി പഴുപ്പ് നിറയുകയും ഉണങ്ങി പൊറ്റയായി കൊഴിഞ്ഞു പോവുകയുമാണ് ചെയ്യുന്നത്. വസൂരിയെ പോലെ വടുക്കൾ അവശേഷിക്കാം. ന്യുമോണിയ, മസ്തിഷ്കജ്വരം, അന്ധത തുടങ്ങിയ സങ്കീർണ്ണതകൾ ഉണ്ടായേക്കാം. എന്നാലിത് വസൂരിയുടെ അത്രയും മാരകമല്ല. വസൂരിയിൽ മരണനിരക്ക് 30 ശതമാനത്തോളം ഉണ്ടായിരുന്നു. കൂടാതെ അന്ധത പോലെയുള്ള സങ്കീർണ്ണതകളും കണ്ടിരുന്നു. എംപോക്സ് മാരകമാകാമെങ്കിലും മരണം മൂന്നു ശതമാനത്തിൽ താഴെ മാത്രമാണ് കണ്ടിട്ടുള്ളത്.

കുരങ്ങുകളിലും കരണ്ട് തീനികളായ ജന്തുക്കളിലും കാണുകയും മനുഷ്യരിലേക്ക് പകരുകയും ചെയ്യുന്നതു കൊണ്ട് ജന്തുജന്യരോഗങ്ങളുടെ കൂട്ടത്തിലാണ് ഇത് പെടുത്തിയിട്ടുള്ളത്. മനുഷ്യരിൽ പ്രവേശിച്ചാൽ പിന്നീട് നേരിട്ട് മറ്റു മനുഷ്യരിലേക്ക് പകരാം. ഏതൊരു പകർച്ച വ്യാധിയും നിയന്ത്രിക്കുന്നതിനും നിരോധിക്കുന്നതിനും അത് പകരുന്ന രീതി നന്നായി തിരിച്ചറിയുകയാണ് ആവശ്യം. തൊലിയിൽ ഉണ്ടാകുന്ന കുമിളകളിൽ നിന്ന് നേരിട്ടും ശ്വാസത്തിലൂടെയുമാണ് ഇത് പകരുന്നത്. ശ്വാസത്തേക്കാൾ കൂടുതൽ സ്പർശത്തിലൂടെയാണ് പകരുന്നത് എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.

തൊണ്ണൂറ് ശതമാനത്തിലധികവും ഇത് കുട്ടികളിലും യുവാക്കളായ പുരുഷന്മാരിലുമാണ് കണ്ടിട്ടുള്ളത്. ശാരീരികമായി അടുത്ത് ഇട പഴകുന്നതിലൂടെ, പ്രത്യേകിച്ച് സ്പർശനത്തിലൂടെയാണ് പകർന്ന് കാണുന്നത്. ഏത് തരം സ്പർശനത്തിലൂടെയും പകരുമെങ്കിലും ലൈംഗികബന്ധം വഴിയാണ് കൂടുതൽ പേർക്കും പകർന്നിട്ടുള്ളത്. രോഗാണു ഉള്ളിൽ കടന്നതിന് ശേഷം ഒരാഴ്ച മുതൽ രണ്ടാഴ്ച കഴിയുമ്പോൾ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. ലക്ഷണങ്ങൾ കാണുന്നതിന് രണ്ട് ദിവസം മുൻപ് തന്നെ മറ്റുള്ളവരിലേക്ക് പകരും. ഇത് വ്രണങ്ങൾ കൊഴിഞ്ഞു പോകുന്നത് വരെ തുടരും. കരണ്ട് തീനിജീവികളിലും നിന്നും പകരുന്നത് അടുത്ത് പെരുമാറുമ്പോൾ അവയുടെ വ്രണങ്ങളിൽ നിന്നോ ചലത്തിൽ നിന്നോ ആയിരിക്കും. ശരിക്ക് വേവിക്കാത്ത ഇറച്ചിയിൽ നിന്നും പകരാം.

ഇത് നമ്മുടെ നാട്ടിൽ പടർന്ന് പിടിക്കാതിരിക്കാനുള്ള മുൻ കരുതലുകൾ എടുത്തിട്ടുണ്ട്. പ്രധാനമായും ഇത് പടർന്നിട്ടുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ലക്ഷണങ്ങൾ കണ്ടാൽ മാറ്റി പാർപ്പിക്കുകയാണ് ചെയ്യുന്നത്. സമാനമായ ലക്ഷണങ്ങൾ കാണുന്നതിനാൽ ചിക്കൻ പോക്സ് ആയി വരുന്നവരെ പോലും മാറ്റി പാർപ്പിച്ച്, ലാബ് പരിശോധനയിലൂടെ രോഗനിർണ്ണയം ഉറപ്പാക്കുന്നുണ്ട്. പി.സി.ആർ പരിശോധനയാണ് ഇത് ഉറപ്പിക്കാനായി ചെയ്യുന്നത്. രോഗം കണ്ടെത്തിയാൽ 21 ദിവസം മാറ്റി പാർപ്പിക്കും. അത് ആശുപത്രിയിൽ തന്നെ വേണമെന്നില്ല. ഗുരുതരമായ പ്രശ്നങ്ങളില്ലെങ്കിൽ വീടുകളിൽ തന്നെ മാറ്റി പാർപ്പിക്കാം. വായു സഞ്ചാരമുള്ള മുറിയിൽ മൂന്നു പാളികളുള്ള മാസ്ക് ധരിച്ചും ശരീരം മൂടുന്ന വസ്ത്രം ധരിച്ചും രോഗി കഴിയുന്നത് മറ്റുള്ളവരിലേക്ക് പകരുന്നത് തടയാൻ സഹായിക്കും. ആവശ്യമുള്ളവരെ പ്രവേശിപ്പിച്ച് ചികിത്സിക്കാൻ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗികളെ ശുശ്രൂഷിക്കുന്നവർ മാസ്ക് കയ്യുറ തുടങ്ങിയ സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കണം. മറ്റു രാജ്യങ്ങളിൽ ആരോഗ്യപ്രവർത്തകരിൽ ഇതുണ്ടായി കണ്ടിട്ടുണ്ട്. രോഗിയുമായി സമ്പർക്കത്തിൽ വന്നവരുടെ പട്ടിക ഉണ്ടാക്കി അവരെ 21 ദിവസം നിരീക്ഷിക്കണം. ഒരുമിച്ച് താമസിച്ചവരോ, യാത്ര ചെയ്തവരോ, ജോലി ചെയ്തവരോ ഒക്കെ ആകാമിത്. രോഗമുണ്ടെന്ന് സംശയിക്കുന്നവർ അത് മറച്ചു വെക്കാതെ റിപ്പോർട്ട് ചെയ്യേണ്ടത് ഇതിൻറെ നിവാരണത്തിനാവശ്യമാണ്. അതിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണം. ഇതിന് പ്രത്യേകമായ മരുന്നുകളില്ല. മറ്റു വൈറൽ പനികൾക്ക് നൽകുന്ന ചില മരുന്നുകൾ ഉപയോഗിക്കുന്നു എന്ന് മാത്രം. അതെ സമയം പല മരുന്നുകളും വാക്സിനുകളും പരീക്ഷിച്ചു കൊണ്ടിരിക്കുന്നു. പാനീയങ്ങൾ, ഗുണമുള്ള ആഹാരം, വേദന സംഹാരികൾ എന്നിവയൊക്കെ നൽകി കാഠിന്യം കുറക്കുകയും ആശ്വാസം പകരുകയും ചെയ്യാം. രോഗാണുസംഹാരികൾ ഉപയോഗിച്ച് വ്രണങ്ങൾ വൃത്തിയാക്കാം. വായിൽ ഉപ്പുവെള്ളം ഉഴിയുന്നത് നല്ലതാണ്.

ശ്വാസകോശങ്ങളിൽ നിന്നുള്ള സ്രവത്തിൽ നിന്ന് പകരാൻ സാദ്ധ്യതയുള്ളത് കൊണ്ട് സമ്പർക്കത്തിൽ വരാൻ സാദ്ധ്യതയുള്ളവർ അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും സാനിറ്റൈസർ/സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുകയും (SMS) വേണം. കൈവെള്ളയിൽ കൂടുതൽ വ്രണങ്ങൾ ഉണ്ടായിരിക്കുമെന്നതിനാൽ ഹസ്തദാനം ഒഴിവാക്കണം. പുറത്ത് നിന്ന് വരുന്നവരിൽ മാത്രമല്ല, നമ്മുടെ നാട്ടിൽ തന്നെ ഉണ്ടാകാനുമുള്ള സാദ്ധ്യത ഉണ്ടെന്നതും മറക്കാൻ പാടില്ല. എന്തെങ്കിലും സംശയം തോന്നിയാൽ റിപ്പോർട്ട് ചെയ്യണം. അതെസമയം, ഭയം മൂലമോ ആശങ്ക മൂലമോ രോഗിക്ക് അയിത്തം കൽപ്പിക്കാതിരിക്കാനും നമ്മൾ ശ്രദ്ധിക്കണം. പക്വതയുള്ള, ഉത്തരവാദിത്വമുള്ള ഒരു സമൂഹം രോഗികളാകുന്നവരുടെ സുഖപ്പെടലിനും സുസ്ഥിതിക്കും ആവശ്യമാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen − eight =

Most Popular