Wednesday, October 9, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്മുതലാളിത്തത്തെ മരണവക്രത്തിൽ നിന്നും കരകയറ്റിയ കെയ്‌നീഷ്യൻ വിപ്ലവം

മുതലാളിത്തത്തെ മരണവക്രത്തിൽ നിന്നും കരകയറ്റിയ കെയ്‌നീഷ്യൻ വിപ്ലവം

കെ എസ് രഞ്ജിത്ത്

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 57

മുതലാളിത്തം വളരെ ഉറപ്പും ദൃഢതയുമാർന്ന ഒരു സാമ്പത്തിക വ്യവസ്ഥയും ഉല്പാദനക്രമവുമാണെന്ന ആഖ്യാനം 1980കൾക്ക് ശേഷമാണ് ഏറ്റവും ശക്തമായത്. നിയോലിബറൽ നയങ്ങൾ സത്യവേദപുസ്തകത്തിലെ പ്രമാണങ്ങൾ കണക്കെ വിശ്വാസയോഗ്യത നേടിയ ഏതാനും ദശകങ്ങളായിരുന്നു അതിനുശേഷം കടന്നുപോയത്. എന്നാൽ 2008ലെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെയും അതിനുശേഷമുള്ള ദീർഘകാലമാന്ദ്യത്തോടെയും ഈ അവകാശവാദങ്ങൾ വീണ്ടും സംശയത്തിന്റെ നിഴലിലായി. സമ്പദ്‌വ്യവസ്ഥയിൽ ഭരണകൂടം ഇടപെടണമെന്നും കമ്പോളത്തെ ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കണമെന്നുമുള്ള ചിന്ത വീണ്ടും ശക്തമായി. കോവിഡ് കാലത്ത് തകർന്ന സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കാൻ സർക്കാർ പണമിറക്കിയേ തീരൂ എന്ന വാദഗതി പാശ്ചാത്യമുതലാളിത്ത രാജ്യങ്ങളിൽ തന്നെ പ്രബലമായി. നിയോലിബറൽ വ്യവഹാരത്തിനകത്തു നിലകൊണ്ടിരുന്ന സാമ്പത്തിക ചിന്തകൾക്ക് ഇളക്കം തട്ടി.

30കളിലെ മഹാമാന്ദ്യത്തിൽ നിന്നും മുതലാളിത്തലോകത്തിന് രക്ഷകനായെത്തിയ കെയ്ൻസിന്റെ ചിന്തകൾ വീണ്ടും സജീവമായി . ഇടതുപക്ഷ സാമ്പത്തിക ചിന്തകരിൽ തന്നെ പലരും കെയ്ൻസ് മുന്നോട്ടുവെച്ച പരിഹാരക്രിയകളിൽ കഴമ്പുണ്ടെന്ന് ചെറുതായെങ്കിലും ചിന്തിച്ചു പോയി .ഈയൊരു പശ്ചാത്തലത്തിലാണ് കെയ്‌നീഷ്യൻവിപ്ലവത്തിന്റെ ചരിത്രപശ്ചാത്തലവും, കെയ്ൻസ് പ്രഭുവിന്റെ ചിന്തകളുടെ പരിമിതികളും ഇവിടെ വീണ്ടും ചർച്ച ചെയുന്നത്.

ഇടക്കിടെയുണ്ടാകുന്ന സാമ്പത്തികമാന്ദ്യങ്ങൾ മുതലാളിത്തത്തിൽ എല്ലാക്കാലത്തും ഒരു തുടർക്കഥയായിരുന്നുവെങ്കിലും 1930 കളിലെ മഹാമാന്ദ്യം അതിൽനിന്നെല്ലാം അളവിലും ഗുണത്തിലും തികച്ചും വ്യത്യസ്‍തമായിരുന്നു. കമ്പോളം നിയന്ത്രിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥ, സർക്കാർ ഇടപെടൽ പോലെ പുറമെ നിന്നുള്ള യാതൊരു തരത്തിലുള്ള സഹായവും കൂടാതെ തന്നെ അത് നേരിടുന്ന പ്രതിസന്ധികളെ മറികടക്കുമെന്ന വിശ്വാസമായിരുന്നു പൊതുവെ നിലനിന്നിരുന്നത്. തൊഴിൽതേടി രാജ്യമെമ്പാടും അലയുന്നവർക്കായി അമേരിക്കയിലെമ്പാടും ഉണ്ടായ താത്കാലിക താമസസ്ഥലങ്ങൾ, ഹൂവെർവില്ലെകൾ, (അമേരിക്കൻ പ്രസിഡന്റായ ഹെർബെർട് ഹൂവറിനെ അനുസ്മരിപ്പിക്കുന്നത്) അമേരിക്ക നേരിട്ട പ്രതിസന്ധിയുടെ അഗാധത വെളിപ്പെടുത്തുന്ന ഒന്നായിരുന്നു. ഈ ആഴമേറിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പരിഹാര മാർഗമായിട്ടായിരുന്നു കെയ്ൻസ് രംഗപ്രവേശം ചെയ്യുന്നത്.

19‐ാം നൂറ്റാണ്ടിന്റെ അവസാന നാളുകളിൽ രൂപപ്പെട്ട നിയോ ക്ലാസിക്കൽ സമ്പദ്ശാസ്ത്രത്തിന്റെ വളർച്ചയുടെ കാലഘട്ടത്തിലാണ് കെയ്ൻസിന്റെ ജനനം. ഈ സാമ്പത്തികരീതിശാസ്ത്രത്തോട് മൗലികമായി വിയോജിക്കുന്ന സാമ്പത്തികശാസ്‌ത്രജ്ഞനായിട്ടാണ് കെയ്ൻസും അദ്ദേഹത്തിന്റെ ചിന്തകളുടെ പേരിൽ അറിയപ്പെടുന്ന കെയ്‌നീഷ്യനിസവും കരുതപ്പെടുന്നത് .രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഏതാണ്ട് 1970കൾ വരെ കെയ്‌നീഷ്യൻ ചിന്തകൾ പാശ്ചാത്യമുതലാളിത്തരാജ്യങ്ങളുടെ സാമ്പത്തികപ്രായോഗങ്ങളിൽ സ്വാധീനം ചെലുത്തിയിരുന്നു. എങ്കിൽപ്പോലും മുഖ്യധാരാ അക്കാഡമിക് ചിന്തയിൽ മേൽകൈ നേടാൻ ഒരിക്കലും കെനീഷ്യനിസത്തിന് കഴിഞ്ഞിരുന്നില്ല. മാർജിനലിസ്റ്റ് സിദ്ധാന്തങ്ങളായിരുന്നു മുഖ്യധാരാസാമ്പത്തികശാസ്ത്രചിന്തകൾക്ക് പ്രിയം (മാർജിനലിസ്റ്റ് സിദ്ധാന്തങ്ങളെക്കുറിച്ചുള്ള വിശദമായ ലേഖനം മുൻ ലക്കങ്ങളിൽ കൊടുത്തിട്ടുണ്ട്). മൂലധന നിക്ഷേപം നടക്കേണ്ടത് ഒരു ചരക്കിന്റെ അവസാന യൂണിറ്റിന് മേലുള്ള ഡിമാന്റിന് അനുസൃതമായിട്ടാവണം എന്നതാണ് മാർജിനലിസ്റ്റ് സിദ്ധാന്തത്തിന്റെ പ്രയോക്താക്കൾ ആവശ്യപ്പെട്ടത്. വിശാലമായ പരിപ്രേക്ഷ്യങ്ങളെ അവഗണിച്ചുകൊണ്ട് സമ്പദ്ശാസ്ത്രത്തെ സൂക്ഷ്‌മതല യുക്തികളിലും ശാക്തികമായ മാതൃകകളിലും തളച്ചിടുന്നതിലേക്ക് ഇത് നയിച്ചു. കാടു കാണാതെ മരത്തെ മാത്രം കാണുന്ന അവസ്ഥയിലായി മുഖ്യധാരാ അർത്ഥശാസ്ത്രം. സ്ഥൂലതലത്തിലുള്ള കാഴ്ചയെ അവഗണിക്കുന്ന ഈ സമീപനത്തിന്റെ ഏറ്റവും വലിയ ദുരന്തം, സമ്പദ്‌വ്യവസ്ഥ എന്തെങ്കിലും കുഴപ്പങ്ങളിൽ അകപ്പെട്ടാൽ പോലും ഉയർന്നുനിന്ന്, വിശാലമായ ഒരു പരിപ്രേക്ഷ്യത്തിൽ അതിനെ കാണാനും വിലയിരുത്താനും കഴിയാതെ വരുക എന്നതാണ്. എന്ന് മാത്രമല്ല കമ്പോളത്തിന്റെ ദിവ്യശക്തിയാൽ സാമ്പത്തികമേഖലയെ ബാധിച്ചിരിക്കുന്ന ഈ രോഗം തനിയെ മാറുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുക എന്നതുമാണ്. കർത്താവിൽ മാത്രം വിശ്വസിച്ച് രോഗശുശ്രൂഷ നടത്തുന്ന വിശ്വാസിയുടെ അവസ്ഥയിലായി മുഖ്യധാരാ സാമ്പത്തികശാസ്ത്രജ്ഞർ. മുതലാളിത്തത്തിന്റെ അപരിഹാര്യമായ വൈരുദ്ധ്യങ്ങളെ മറച്ചുവെക്കാനും മാർക്സിസ്റ്റ് സാമ്പത്തിക ചിന്തകളെ കലഹരണപ്പെട്ടവയായി ചിത്രീകരിക്കാനും നടത്തിയ ഗൂഢശ്രമങ്ങളും ഇതിനു പിന്നിലുണ്ടായിരുന്നു എന്നു വേണം കരുതാൻ.

എന്നാൽ ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ഉരുത്തിരിഞ്ഞു വന്ന ലോകസ്ഥിതിഗതികൾ ഈ കാഴ്ചപ്പാടുകളെ കാര്യമായി വെല്ലുവിളിച്ചു. ഒരു ഭാഗത്ത് വളർന്നുവന്ന രൂക്ഷമായ സാമ്പത്തികക്കുഴപ്പങ്ങൾ, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ആഗോള അധികാര മണ്ഢലത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരുന്ന കരുത്ത്, ലോക രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ സൃഷ്ടിച്ചുകൊണ്ട് സോവിയറ്റ് യൂണിയന്റെ ഉദയവും കരുത്താർന്ന വളർച്ചയും എന്നിങ്ങനെ പരമ്പരാഗത യാഥാസ്ഥികചിന്തകൾക്ക് പിടിച്ചു നിൽക്കാനാവാത്ത സ്ഥിതി സൃഷ്ടിക്കപ്പെട്ടു.

ഈ കാലത്താണ് കെയ്ൻസ് രംഗപ്രവേശം ചെയ്യുന്നത് . “General Theory of Employment, Interest and Money“ എന്ന കെയ്ൻസിന്റെ പുസ്തകം, ആശയതലത്തിലും പ്രായോഗികതലത്തിലും കുഴപ്പങ്ങളുടെ നടുക്കടലിൽ അകപ്പെട്ടിരുന്ന മുതലാളിത്ത ലോകത്തിന് പുതിയ വഴികാട്ടിയായി . അന്ന് നിലനിന്നിരുന്ന യാഥാസ്ഥിക സാമ്പത്തികചിന്തകളുമായി കെയ്‌നീഷ്യൻ ചിന്തകൾക്കുള്ള പൊരുത്തവും പൊരുത്തക്കേടും ഇന്നും സംവാദങ്ങൾക്ക് ഇട നൽകുന്ന ഒന്നാണ്. പക്ഷെ കമ്പോളത്തിന് അതുവരെ കൽപ്പിച്ചു നൽകിയിരുന്ന ദിവ്യപരിവേഷത്തിനും ഏതു കുഴപ്പത്തിൽ നിന്നും അത് സ്വയം പുറത്തുകടക്കുമെന്നും സമ്പദ് വ്യവസ്ഥയെ സന്തുലിതാവസ്ഥയിൽ എത്തിക്കുമെന്നും മുഴുവൻ പേർക്കും തൊഴിൽ ഉറപ്പുവരുത്തുമെന്നുള്ള വിശ്വാസങ്ങൾക്കും അത് കാര്യമായ പരിക്കേൽപ്പിച്ചു.

എന്നുമാത്രമല്ല വ്യക്തികേന്ദ്രിതമായി പടുത്തുയർത്തപ്പെട്ടിരുന്ന സാമ്പത്തികചിന്തകളുടെ മർമ്മത്തിലും അത് സാരമായ പരിക്കേൽപ്പിച്ചു. സ്വത്തു സ്വരുക്കൂട്ടാനുള്ള വ്യക്തികളുടെ വ്യഗ്രത എങ്ങിനെയാണ് നിക്ഷേപങ്ങളുടെ ചുരുക്കത്തിലേക്കും ഉപഭോഗക്കുറവിലേക്കും ഡിമാന്റിന്റെ ഇടിവിലേക്കും അതുവഴി സാമ്പത്തിക മുരടിപ്പിലേക്കും നയിക്കുകയെന്നും എന്തുകൊണ്ട് അത് സാമൂഹിക താല്പര്യങ്ങൾക്ക് എതിരായി മാറുന്നുവെന്നും കെയ്‌നീഷ്യൻ ചിന്തകൾ ചൂണ്ടിക്കാട്ടി. മാന്ദ്യകാലം നൽകിയ പാഠങ്ങളായിരുന്നു കെയ്ൻസിനെ ഈ വഴിക്ക് നയിച്ചത്. കൂലി കുറച്ചാൽ അധ്വാനശക്തിയുടെ ചിലവ് (marginal cost of labour) കുറയുമെന്നും അത് കൂടുതൽ അധ്വാനശക്തിയുടെ ഡിമാൻഡിലേക്ക് നയിക്കുമെന്നുമായിരുന്നു അതുവരെയും യാഥാസ്ഥികസാമ്പത്തിക ചിന്തകർ പറഞ്ഞുകൊണ്ടിരുന്നത്. ഉദാഹരണത്തിന് ഒരു ഫാക്ടറിയിൽ തൊഴിലാളികളുടെ കൂലി കുറയ്ക്കുകയാണെങ്കിൽ അത് അവിടെ നിർമിക്കുന്ന ഉല്പന്നത്തിന്റെ വിലക്കുറവിലേക്ക് നയിക്കുകയും അതുവഴി ആ ഉല്പന്നത്തിന്റെ വില്പന കൂടുകയും അത് കൂടുതൽ ഉല്പാദനവർധനവിലേക്കും തൊഴിൽസാധ്യതകളിലേക്കും നയിക്കുകയും ചെയ്യുമെന്നായിരുന്നു യാഥാസ്ഥിതിക മതം. എന്നാൽ ഇത് നേർവിപരീത ഫലമാണ് സൃഷ്ടിക്കുക എന്ന് കെയ്ൻസ് വാദിച്ചു . വസ്തുതകൾ ഇതിനു നിരക്കുന്നതല്ല എന്ന് കെയ്ൻസ് കാട്ടിത്തന്നു . കൂലിക്കുറവ് ഡിമാന്റിന്റെ ഇടിവിലേക്കും അതുവഴി തൊഴിൽനഷ്ടത്തിലേക്കും നയിക്കുക മാത്രമേയുള്ളൂവെന്നാണ് കെയ്ൻസ് സിദ്ധാന്തിച്ചത്.

സൂക്ഷ്മതലത്തിൽ മാത്രം ഊന്നുന്ന സാമ്പത്തികചിന്തയുടെ കുഴപ്പമാണിത്. ഏതെങ്കിലും ഒരു മുതലാളിയെയും അയാളുടെ ഫാക്ടറിയെയും അവിടുത്തെ തൊഴിലാളികളുടെ വേതനത്തെയും മാത്രം കണക്കിലെടുത്ത് ചിന്തിക്കുന്നതിന്റെ പ്രശ്നമാണിത്. കാടുകാണാതെ മരത്തെ മാത്രം കാണുന്നതുകൊണ്ടുള്ള കുഴപ്പമാണിത്. കമ്പോള നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയിൽ ഒരു മുതലാളിക്ക് മാത്രമായി കൂലി കുറക്കാനാവില്ല. അയാളുടെ കട പൂട്ടിപോകാനേ അത് വഴി വെക്കൂ. ഇനി എല്ലാ മുതലാളിമാരും ചേർന്ന് കൂലികുറച്ചാലോ, സമൂഹത്തിലാകെ ഡിമാന്റിന്റെ ഇടിവിന്‌ അത് ഇടയാക്കും. ഡിമാന്റിലെ ഈ ഇടിവ് മൊത്തം സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയിലേക്ക് നയിക്കും . ഇതിനകം തന്നെ മുരടിപ്പിൽ അകപ്പെട്ടിരിക്കുന്ന ഒരു രാജ്യത്തെ അത് നിലയില്ലാക്കയങ്ങളിലേക്കാഴ്ത്തും.

(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 − seventeen =

Most Popular