Wednesday, October 9, 2024

ad

Homeഇവർ നയിച്ചവർഹർകിഷൻ സിങ്‌ സുർജിത്‌: സ്വാതന്ത്ര്യസമരത്തിലെ കമ്യൂണിസ്റ്റ്‌ പോരാളി- 2

ഹർകിഷൻ സിങ്‌ സുർജിത്‌: സ്വാതന്ത്ര്യസമരത്തിലെ കമ്യൂണിസ്റ്റ്‌ പോരാളി- 2

ഗിരീഷ്‌ ചേനപ്പാടി

വീരപരിവേഷം ലഭിക്കുന്നു
ത്രിവർണപതാക പാറിക്കുന്നത്‌ കണ്ടയുടൻ പട്ടാളക്കാർ സുർജിത്തിനുനേരെ നിറയൊഴിച്ചു. സുർജിത്ത്‌ വളരെവേഗം ഒരു ഡയസിനു പിന്നിൽ ഒളിച്ചു. വെടിയൊച്ച കേട്ടയുടൻ ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. ത്രിവർണപതാക ഉയർത്തിയത്‌ ഒരു ബാലനാണെന്നറിഞ്ഞതോടെ, ആ കുട്ടിയെ വെടിക്കാൻ പാടില്ലെന്ന്‌ ഉന്നത ഉദ്യോഗസ്ഥർ ഉത്തരവ്‌ നൽകി.

സുർജിത്ത്‌ ആ സമയത്ത്‌ ബ്രിട്ടീഷ്‌ ഗവൺമെന്റിനെതിരെ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചു. നിരായുധനായിരുന്ന സുർജിത്തിനെ പട്ടാളക്കാർ അപ്പോൾതന്നെ പിടികൂടി ജയിലിലടച്ചു. പതിനെട്ട്‌ വയസ് തികയാത്തതിനാൽ സുർജിത്തിനെ ഡൽഹിയിലുള്ള കുട്ടികളുടെ ജയിലിലാണ്‌ അടച്ചത്‌.

ഇതിനകം വീരപരിവേഷം ലഭിച്ച സുർജിത്തിനെ നിരവധി കോൺഗ്രസ്‌ നേതാക്കൾ ജയിലിൽ സന്ദർശിച്ചു. പത്രങ്ങൾ വലിയ പ്രാധാന്യമാണ്‌ കോടതിവളപ്പിൽ ത്രിവർണപതാക ഉയർത്തിയ സംഭവത്തിന്‌ നൽകിയത്‌. പതിനാല്‌ വയസുകാരന്റെ ധീരതയെ പത്രങ്ങൾ വാനോളം പുകഴ്‌ത്തി.

ഇതിനകം സുർജിത്തിനെ ലാഹോറിലുള്ള കുട്ടികൾക്കായുള്ള ജയിലിലേക്ക്‌ മാറ്റി. ജയിലിനുള്ളിൽ കഠിനമായ പല ജോലികളും ചെയ്യാൻ അധികൃതർ അദ്ദേഹത്തെ നിർബന്ധിച്ചു. സുർജിത്താകട്ടെ ഒരു ജോലിയും ചെയ്യില്ലെന്ന്‌ തീർത്ത്‌ പറഞ്ഞു. അതോടെ ജയിൽ അധികൃതർ അദ്ദേഹത്തെ നിരന്തരം ചാട്ടവാർകൊണ്ട്‌ അടിച്ചു. ഒരിക്കൽ ഗോതന്പ്‌ പൊടിച്ച്‌ മാവുണ്ടാക്കാൻ ജയിൽ അധികൃതർ സുർജിത്തിനോടാവശ്യപ്പെട്ടു. അതും അദ്ദേഹം പാടേ നിരാകരിച്ചു. കലിപൂണ്ട ജയിൽ അധികൃതർ സുർജിത്തിന്റെ കാൽപാദങ്ങൾ ഇരുന്പു ദണ്ഡുകൾകൊണ്ട്‌ അടിച്ചുപൊട്ടിച്ചു. ഒരു സ്ഥലത്തുനിന്ന്‌ മറ്റൊരു സ്ഥലത്തേക്ക്‌ കൊണ്ടുപോകുമ്പോൾ അദ്ദേഹത്തിന്റെ പാദങ്ങൾ ഇരുന്പു ചങ്ങലകൾകൊണ്ട്‌ ബന്ധിക്കുമായിരുന്നു.

ലാഹോർ ജയിൽ സ്വാതന്ത്ര്യസമര സേനാനികളെക്കൊണ്ട്‌ നിറഞ്ഞു. നിസ്സഹകരണപ്രസ്ഥാനം ആവേശമായി അലതല്ലുന്ന നാളുകളായിരുന്നല്ലോ അത്‌. സുർജിത്തിന്‌ നിരവധി കോൺഗ്രസ്‌ നേതാക്കളെയും പ്രവർത്തകരെയും അടുത്തു പരിചയപ്പെടാനുള്ള അവസരമാണ്‌ അതൊരുക്കിയത്‌. സഹതടവുകാർക്കെല്ലാം അദ്ദേഹത്തോട്‌ വലിയ ബഹുമാനവും ആദരവുമായിരുന്നു.

അങ്ങനെയിരിക്കെ അച്ഛന്റെ കത്ത്‌ സുർജിത്തിന്‌ വന്നു. തിരഞ്ഞെടുത്ത പാതയിൽനിന്ന്‌ ഒരിക്കലും പിന്മാറരുതെന്നും ജയിൽമോചിതനായതിനുശേഷം പഠനം തുടരണമെന്നും എങ്കിൽ മാത്രമേ രാഷ്‌ട്രത്തെ കൂടുതൽ നന്നായി സേവിക്കാനാകൂ എന്നും അച്ഛൻ ഓർമിപ്പിച്ചു. അച്ഛൻ പകർന്നുനൽകിയ ആത്മവിശ്വാസവും ധൈര്യവും മുമ്പോട്ടുള്ള പ്രവർത്തനങ്ങളിൽ വലിയ ശക്തിയാണ്‌ സുർജിത്തിനേകിയത്‌. സുർജിത്തിനെ ജയിലിൽ സന്ദർശിച്ച അമ്മയും മകന്‌ നല്ല ധൈര്യം പകർന്നു. ഒന്നിലും തളരരുതെന്ന്‌ അവർ മകനോട്‌ ഉപദേശിച്ചു.

കോൺഗ്രസ്‌ ജലന്ധർ ജില്ലാ സെക്രട്ടറിയാകുന്നു
ഒരുവർഷത്തെ ജയിൽവാസത്തിനുശേഷം പുറത്തുവന്ന സുർജിത്തിന്‌ പൊതുജനങ്ങളിൽനിന്ന്‌ വലിയ ആദരവാണ്‌ ലഭിച്ചത്‌. കോൺഗ്രസിന്റെ മുഴുവൻസമയ പ്രവർത്തകനായി മാറിയ അദ്ദേഹം താമസിയാതെ ജലന്ധർ ജില്ലാ സെക്രട്ടറിയായി വളരെ വേഗം നിയോഗിക്കപ്പെട്ടു.

രാജേന്ദ്രപ്രസാദ്‌ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പ്രസിഡന്റായിരുന്ന വേളയിൽ അദ്ദേഹം പഞ്ചാബിലൊട്ടാകെ പര്യടനം നടത്തി. ജലന്ധർ ജില്ലയിൽ പര്യടനത്തിനെത്തിയപ്പോൾ സുർജിത്താണ്‌ അദ്ദേഹത്തെ അനുഗമിച്ചത്‌.

സുർജിത്ത്‌ കമ്യൂണിസ്റ്റുകാരുമായി ബന്ധപ്പെട്ടത്‌ ഏതാണ്ടീ സമയത്താണ്‌. അമേരിക്ക കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ചിരുന്ന ഗദർ പാർട്ടി, അതിന്റെ സമർഥരായ ചില കേഡർമാരെ മോസ്‌കോയിലെ ഈസ്‌റ്റേൺ വർക്കേഴ്‌സ്‌ യൂണിവേഴ്‌സിറ്റിയിൽ പരിശീലനത്തിന്‌ അയച്ചിരുന്നു. ലെനിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ്‌ ഗവൺമെന്റാണ്‌ ഈ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചത്‌. കോളനി ഭരണത്തിൻ കീഴിലുള്ള രാജ്യങ്ങളിലെ വിപ്ലവകാരികളെ മാർക്‌സിസം പഠിപ്പിക്കുകയായിരുന്നു ഈ യൂണിവേഴ്‌സിറ്റിയുടെ ലക്ഷ്യം. വ്യത്യസ്‌ത രാജ്യങ്ങളിലെ വിപ്ലവകാരികളെ ഈ യൂണിവേഴ്‌സിറ്റി പഠനത്തിനു ക്ഷണിച്ചിരുന്നു. ഗദർ പാർട്ടിയുമായി ബന്ധപ്പെട്ട്‌ പ്രവർത്തിച്ചിരുന്ന ഹർബൻസിങ്‌ ബാസി ഉൾപ്പെടെയുള്ള സുർജിത്തിന്റെ ചില ബന്ധുക്കളും ഈസ്‌റ്റേൺ വർക്കേഴ്‌സ്‌ യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ പരിശീലനം ലഭിച്ചിറങ്ങിയിരുന്നു.

ബാസിയും കൂട്ടരും ഇന്ത്യയിലെത്തിയപ്പോൾ സുർജിത്തുമായി ബന്ധപ്പെട്ടു. മാർക്‌സിസത്തെക്കുറിച്ച്‌ സവിസ്‌തരം തന്നെ ബാസി അദ്ദേഹത്തെ ധരിപ്പിച്ചു. കമ്യൂണിസ്റ്റ്‌ പാർട്ടി നിരോധിക്കപ്പെട്ട സമയമായിരുന്നു അത്‌. അതുകൊണ്ടുതന്നെ അതീവ രഹസ്യമായിട്ടാണ്‌ പാർട്ടി പ്രവർത്തിച്ചിരുന്നത്‌. ഒളിസങ്കേതത്തിൽ കഴിഞ്ഞിരുന്ന സോഹൻസിങ്‌ ജോഷ്‌ എന്ന വിപ്ലവകാരിയെ സുർജിത്തിന്‌ പരിചയപ്പെടുത്തിയതും ബാസി ആയിരുന്നു. സുർജിത്ത്‌ ഉൾപ്പെടെ 20 പേരെ ഉൾപ്പെടുത്തി കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഒരു ഘടകം താമസിയാതെ രൂപീകരിക്കാൻ സോഹൻസിങ്‌ ജോഷിനു കഴിഞ്ഞു. ഒളിസങ്കേതത്തിലിരുന്ന്‌ പ്രവർത്തിക്കുന്ന നേതാക്കൾക്ക്‌ ഒത്തുകൂടാൻ ഒരു പുസ്‌തകക്കട സുർജിത്ത്‌ ആരംഭിക്കണമെന്നും സോഹൻസിങ്‌ ജോഷ്‌ നിർദേശിച്ചു. ആ ആശയത്തോട്‌ എല്ലാവർക്കും യോജിപ്പാണ്‌. പക്ഷേ അതിനുള്ള പണംഎവിടെനിന്നു കിട്ടും? ആ സമയത്താണ്‌ സുർജിത്തിന്റെ പിതാവ്‌ അമേരിക്കയിൽനിന്ന്‌ അയച്ച 3000 രൂപ ലഭിക്കുന്നത്‌. അത്‌ അക്കാലത്ത്‌ വലിയ തുകയാണ്‌. അഞ്ചുവർഷക്കാലത്തെ അച്ഛന്റെ പരിമിതമായ വരുമാനത്തിൽനിന്ന്‌ മിച്ചംവെച്ച തുകയായിരുന്നു അത്‌. ഈ പണം ഉപയോഗിച്ച്‌ ജലന്ധർ റെയിൽവേ സ്‌റ്റേഷനു സമീപം സുർജിത്ത്‌ ഒരു പുസ്‌തകശാല ആരംഭിച്ചു. കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ട്‌ പുസ്‌തകശാല മുന്നോട്ടു കൊണ്ടുപോകാൻ അദ്ദേഹത്തിന്‌ കഴിഞ്ഞു.

ഭാര്യയെ മറന്നുപോയ സുർജിത്ത്‌
1935ൽ സുർജിത്ത്‌ രൂപോവാൾ ഗ്രാമത്തിന്‌ സമീപമുള്ള ഗ്രാമത്തിലെ പ്രീതം കൗറിനെ വിവാഹം കഴിച്ചു. വിവാഹച്ചടങ്ങുകൾക്കുശേഷം സുർജിത്തും ഭാര്യയും അമ്മയോടൊപ്പം സ്വന്തം ഗ്രാമത്തിലേക്ക്‌ മടങ്ങാൻ പുറപ്പെട്ടയുടൻ പൊലീസ്‌ തടഞ്ഞു. സുർജിത്തിനെ അറസ്റ്റ്‌ ചെയ്തതായി അവർ പ്രഖ്യാപിച്ചു. അമ്മയുടെ അപേക്ഷയനുസരിച്ച്‌ സുർജിത്തിന്റെ വീടുവരെ അനുഗമിക്കാൻ സുർജിത്തിനെ പൊലീസ്‌ അനുവദിച്ചു.

ആഴ്‌ചകൾക്കുശേഷം സുർജിത്തിന്റെ സഹോദരി അദ്ദേഹത്തെ ജയിലിൽ സന്ദർശിച്ചു. ഈ സമയത്ത്‌ കൗതുകകരമായ ഒരു സംഭവമുണ്ടായി. പ്രീതം കൗറും ജയിൽ സന്ദർശനവേളയിൽ സഹോദരിക്കൊപ്പമുണ്ടായിരുന്നു. ‘‘കൂട്ടത്തിൽ വന്ന ഈ സ്‌ത്രീ ആരാണ്‌?’’ സുർജിത്‌ സഹോദരിയോട്‌ തിരക്കി. ‘‘ഇത്‌ നിന്റെ ഭാര്യ’’‐ സഹോദരി പറഞ്ഞു.

മൂന്നുമാസത്തിനുശേഷം സുർജിത്ത്‌ ജയിൽമോചിതനായി. എഴുപത്തിരണ്ടുവർഷത്തെ ദാന്പത്യജീവിതം എന്ന അത്യപൂർവ അനുഭവമായിരുന്നു സീർജിത്‌‐പ്രീതം കൗർ ദന്പതികളുടേത്‌. അവർക്ക്‌ നാലു മക്കൾ ജനിച്ചു. രണ്ട്‌ ആണും രണ്ട്‌ പെണ്ണും. സുർജിത്തിന്റെ ജീവിതത്തിലുടനീളം സ്‌നേഹത്തണലേകി പ്രീതം കൗർ ഉണ്ടായിരുന്നു.

1936ൽ സുർജിത്ത്‌ കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയിൽ അംഗമായി. അധികം താമസിയാതെ അഖിലേന്ത്യാ കിസാൻസഭയുടെ ഘടകം പഞ്ചാബിൽ പ്രവർത്തനമാരംഭിച്ചു. കിസാൻസഭയെ ശക്തിപ്പെടുത്താൻ സുർജിത്ത്‌ രാപ്പകൽ ഭേദമില്ലാതെ അധ്വാനിച്ചു. കിസാൻസഭയുമായുള്ള ഇഴയടുപ്പം ആയുഷ്‌ക്കാലം മുഴുവൻ അദ്ദേഹം കാത്തുസൂക്ഷിച്ചു. കിസാൻസഭയുടെ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റുമാരിൽ ഒരാളായിരുന്നു അദ്ദേഹം മരിക്കുമ്പോൾ.

1939 സെപ്‌തംബറിലാണല്ലോ രണ്ടാം ലോകയുദ്ധം ആരംഭിച്ചത്‌. ഈ യുദ്ധം ഒരു സാമ്രാജ്യത്വ യുദ്ധമാണെന്നും കമ്യൂണിസ്റ്റുകാർ അതിനെ എതിർക്കുന്നുവെന്നും പാർട്ടി പ്രഖ്യാപിച്ചു. അതിന്റെ അടിസഥാനത്തിൽ യുദ്ധത്തിനെതിരെയുള്ള കാമ്പയിനുകൾ ആരംഭിച്ചു. പഞ്ചാബിൽ യുദ്ധവിരുദ്ധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ തന്നെ സുർജിത്ത്‌ ഉണ്ടായിരുന്നു. ബ്രിട്ടീഷ്‌ ഗവൺമെന്റ്‌ കമ്യൂണിസ്റ്റുകാരെ വ്യാപകമായി അറസ്റ്റുചെയ്‌തു. പഞ്ചാബ്‌ വിട്ടുപോകാൻ സുർജിത്തിനോട്‌ ഗവൺമെന്റ്‌ ആവശ്യപ്പെട്ടു.

ഐ കെ ഗുജ്‌റാളിനൊപ്പം പാർട്ടി ക്ലാസിലെ അധ്യാപകനാകുന്നു
അതേത്തുടർന്ന്‌ അദ്ദേഹം സഹാറൻപൂരിലേക്ക്‌ കടന്നു. അവിടെയും സുർജിത്ത്‌ വെറുതെയിരുന്നില്ല. ‘പിംഗാരി’ എന്ന പേരിൽ ഒരു പത്രം ആരംഭിച്ച്‌ ബ്രിട്ടീഷ്‌ വിരുദ്ധ പ്രചാരണം തുടർന്നു. പ്രകോപിതരായ അധികാരികൾ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്യാൻ തീരുമാനിച്ചു. അതറിഞ്ഞ സുർജിത്ത്‌ ഒളിവിൽ പോയി. ഒന്നരവർഷക്കാലം അദ്ദോഹത്തിന്‌ ഒളിവിലിരുന്നുകൊണ്ട്‌ പ്രവർത്തിക്കേണ്ടിവന്നു.

കർത്താപ്പൂരിൽ യുവജനങ്ങൾക്ക്‌ രാഷ്‌ട്രീയ ക്ലാസ്‌ കൊടുക്കാൻ സുർജിത്ത്‌ പ്രത്യേകം ശ്രദ്ധിച്ചു. അകാലി പ്രസ്ഥാനവുമായി ബന്ധപ്പെട്ട്‌ ജയിൽവാസം അനുഷ്‌ഠിച്ചവരായിരുന്നു ക്ലാസിൽ പങ്കെടുത്തവരിൽ അധികംപേരും. സുർജിത്തിനൊപ്പം ക്ലാസ്‌ എടുക്കാൻ അന്ന്‌ വിദ്യാർഥികളായിരുന്ന രണ്ടുപേർകൂടി ഉണ്ടായിരുന്നു. അതിലൊരാളായിരുന്നു പിൽക്കാലത്ത്‌ ഇന്ത്യൻ പ്രധാനമന്ത്രിയായിത്തീർന്ന ഐ കെ ഗുജ്‌റാൾ.

സുർജിത്ത്‌ ക്ലാസെടുക്കുന്ന കാര്യം പൊലീസ്‌ അറിഞ്ഞു. അതോടെ അദ്ദേഹത്തെ അറസറ്റ്‌ ചെയ്യാൻ കൂടുതൽ പൊലീസുകാരെ അയച്ചുതരാൻ ലോക്കൽ പൊലീസ്‌ ആവശ്യപ്പെട്ടു. ഈ വിവരം രഹസ്യമായി അറിഞ്ഞ സുർജിത്തും കൂട്ടരും അവിടെനിന്ന്‌ സ്ഥലംവിട്ടു. ഏകദേശം നാൽപത്‌ കിലോമീറ്ററിലേറെ ഗോതമ്പു പാടങ്ങളിലൂടെ നടന്നാണ്‌ രക്ഷപ്പെട്ടത്‌.

മോഹഗ്രാമത്തിൽനിന്ന്‌ രഹസ്യ പൊലീസ്‌ സുർജിത്തിനെ അറസറ്റ്‌ ചെയ്‌തു. എന്നാൽ സുർജിത്ത്‌ തന്ത്രപൂർവം പൊലീസിനെ വെട്ടിച്ച്‌ കടന്നുകളഞ്ഞു. പിന്നീട്‌ ഒന്നരവർഷത്തിനുശേഷം ലാഹോറിലേക്കുള്ള യാത്രയ്‌ക്കിടയിൽ അദ്ദേഹം പൊലീസിന്റെ പിടിയിലായി.

ഇരുട്ടറയിൽ അടയ്‌ക്കപ്പെടുന്നു
ഒരിക്കൽ അമൃത്‌സർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന്‌ പൊലീസിന്റെ പിടിയിലായ സുർജിത്തിനെ പീഡനങ്ങൾക്ക്‌ ഏറ്റവും കുപ്രസിദ്ധമായിരുന്ന ലാഹോർ റെഡ്‌ഫോർട്ട്‌ ജയിലിലാണടച്ചത്‌. കമ്യൂണിസ്റ്റ്‌ പാർട്ടിയെക്കുറിച്ചും നേതാക്കളെക്കുറിച്ചും പല വിവരങ്ങളും പൊലീസിന്‌ അറിയണമായിരുന്നു. സുർജിത്താകട്ടെ ‘കമാ’ എന്നൊരക്ഷരം പാർട്ടിയെക്കുറിച്ച്‌ പറയാൻ തയ്യാറായില്ല. പ്രകോപിതരായ പൊലീസ്‌ സുർജിത്തിനെ ജയിലിനുള്ളിലെ ഒരു ഇരുട്ടറയിലേക്ക്‌ ബലമായി തള്ളിയിട്ടു. വായുവോ പ്രകാശമോ ആ മുറിയിൽ പ്രവേശിച്ചിരുന്നില്ല. മൂത്രമോ മറ്റു വിസർജ്യങ്ങളോ വൃത്തിയാക്കുന്നതിനുള്ള ഒരു സംവിധാനവും അതിലില്ലായിരുന്നു. ജീവൻ നഷ്ടപ്പെടാതിരിക്കാൻ കുറച്ച്‌ ആഹാരം ഒരു ദ്വാരത്തിലൂടെ വലിച്ചെറിഞ്ഞുകൊടുക്കും. ഒരാഴ്‌ചത്തേക്ക്‌ ഒരു കപ്പ്‌ വെള്ളമാണ്‌ നൽകിയിരുന്നത്‌. അതുകൊണ്ട്‌ ഒരാഴ്‌ചത്തെ എല്ലാ ആവശ്യങ്ങളും നിറവേറ്റിക്കൊള്ളണം.

കൊടും യാതന സഹിച്ച്‌ സുർജിത്ത്‌ മൂന്നുമാസക്കാലം ആ ഇരുട്ടറയിൽ കിടന്നു. മൂന്നുമാസത്തിനുശേഷം ഒരു ഐറിഷ്‌ ഡോക്ടർ അദ്ദേഹത്തെ പരിശോധിച്ചു. അപ്പോഴേക്കും സുർജിത്തിന്റെ കണ്ണുകൾ മങ്ങിയിരുന്നു. ശരീരമാകെ കറുത്തു കരുവാളിച്ചിരുന്നു. മൃതപ്രായനായ ഈ തടവുകാരൻ ആരോഗ്യവാനാണെന്ന്‌ സാക്ഷ്യപ്പെടുത്താൻ ഡോക്ടർ വിസമ്മതിച്ചു. അതോടെ സുർജിത്തിനെ മറ്റൊരു ജയിലിലേക്കു മാറ്റി.

ജയിലിൽ കമ്യൂണിസ്റ്റ്‌ നേതാക്കൾക്കൊപ്പം
രണ്ടാം ലോകയുദ്ധക്കാലത്ത്‌ ആയിരക്കണക്കിന്‌ സ്വാതന്ത്ര്യസമരസേനാനികളെ അറസ്റ്റ്‌ ചെയ്‌ത്‌ പാർപ്പിക്കുന്നതിന്‌ നിരവധി തടങ്കൽപാളയങ്ങൾ ഗവൺമെന്റ്‌ ഒരുക്കി. അതിലൊന്നായിരുന്നു രാജസ്‌താനിലെ ഡിയോലി ജയിൽ. കുറച്ചുകാലം സുർജിത്തിനെ അവിടെയാണ്‌ പാർപ്പിച്ചത്‌. സുർജിത്ത്‌ ഈ ജയിലിലെത്തുമ്പോൾ അവിടെ അഞ്ഞൂറോളം രാഷ്‌ട്രീയ തടവുകാർ ഉണ്ടായിരുന്നു. ബി ടി രണദിവെ, എസ്‌ എ ഡാങ്കെ, എസ്‌ വി ഘാട്ടെ, അജയഘോഷ്‌ തുടങ്ങിയ പ്രമുഖ കമ്യൂണിസ്റ്റ്‌ നേതാക്കൾ അവിടെയുണ്ടായിരുന്നു. ഈ ജയിലിൽ രാഷ്‌ട്രീയ ക്ലാസുകൾ നിരന്തരം നടന്നു. പഞ്ചാബി മാത്രമറിയാമായിരുന്ന തടവുകാർക്ക്‌ ക്ലാസെടുക്കുന്നത്‌ സുർജിത്തായിരുന്നു.

യുദ്ധത്തിന്റെ സ്വഭാവം മാറിയതിനെത്തുടർന്ന്‌ 1942 ജൂലൈയിൽ യുദ്ധം ജനകീയയുദ്ധമാണെന്ന്‌ കമ്യൂണിസ്റ്റ്‌ പാർട്ടി പ്രഖ്യാപിച്ചു. അതേത്തുടർന്ന്‌ പാർട്ടിക്കുമേലുള്ള നിരോധനം ബ്രിട്ടീഷ്‌ ഗവൺമെന്റ്‌ പിൻവലിച്ചു. കമ്യൂണിസ്റ്റുകാർ കൂട്ടത്തോടെ ജയിൽമോചിതരായി. അപ്പോഴും സുർജിത്തിനെ മോചിപ്പിക്കാൻ അധികൃതർ തയ്യാറായില്ല. രണ്ടുവർഷകൂടി കഴിഞ്ഞ്‌ 1944ലാണ്‌ അവരദ്ദേഹത്തെ പുറത്തുവിട്ടത്‌.

ജയിൽമോചിതനായ സുർജിത്ത്‌ പഞ്ചാബിലെ കമ്യൂണിസ്റ്റ്‌ പാർട്ടിയെയും കിസാൻസഭയെയും ശക്തിപ്പെടുത്താൻ രാപ്പകൽ വ്യത്യാസമില്ലാതെ അധ്വാനിച്ചു.

ഇന്ത്യ വിഭജിക്കപ്പെട്ടതിനെത്തുടർന്ന്‌ ഉണ്ടായ വർഗീയ ലഹളകളിൽ നിരവധിപ്പേർക്ക്‌ ജീവൻ നഷ്ടപ്പെട്ട സംസ്ഥാനമാണ്‌ പഞ്ചാബ്‌. അന്ന്‌ സുർജിത്ത്‌ ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റുകാർ ജീവൻ പണയംവെച്ചാണ്‌ ഇരുവിഭാഗങ്ങളിലുമുള്ളവരെ രക്ഷിക്കാൻ കഠിനാധ്വാനം ചെയ്‌തത്‌.
(തുടരും)

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 4 =

Most Popular