2023 ഒക്ടോബർ ഏഴിന് പലസ്തീനുനേരെ ഇസ്രായേൽ തുടങ്ങിവെച്ച ആക്രമണം ലെബനനിലേക്കും ഇപ്പോഴിതാ യമനിലേക്കും നീട്ടിയിരിക്കുകയാണ്. സെപ്റ്റംബർ 23 തിങ്കളാഴ്ച തെക്കൻ ലബനനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ എണ്ണമറ്റ വ്യോമാക്രമണങ്ങളിൽ 500 ഓളം പേർ കൊല്ലപ്പെടുകയും 1600 ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. പതിനായിരകണക്കിന് ജനങ്ങളാണ് ജീവനിൽ ഭയന്നു രാജ്യത്തിെന്റെ തെക്കൻ ഭാഗത്തുനിന്നും ലബനനിലെ മറ്റു വിഭാഗങ്ങളിലുള്ള അഭയാർത്ഥികേന്ദ്രങ്ങളിലേക്ക് പലായനം ചെയ്തു കൊണ്ടിരിക്കുന്നത്. പിന്നീട് തുടരെത്തുടരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ലബനനിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടിയും അവിടുത്തെ ഗവണ്മെന്റിനൊപ്പം നിൽക്കുന്ന സന്നദ്ധ സൈനിക വിഭാഗവും കൂടിയായ ഹിസ്ബുള്ളയുടെ തലവൻ സൈദ് ഹസ്സൻ നസ്രുള്ളയെ ഇസ്രായേൽ കൊലപ്പെടുത്തി. നസ്രുള്ളയെ കൊലപ്പെടുത്തുന്നതിന് വേണ്ടി ഇസ്രായേൽ നടത്തിയ സ്ഫോടനാത്മകമായ ആക്രമണങ്ങളിൽ എത്രപേർ കൊല്ലപ്പെട്ടു എന്നത് ഇപ്പോഴും കൃത്യമല്ല. ദശകങ്ങളായി ലബനനിലേക്കുള്ള ഇസ്രായേലിന്റെ കടന്നാക്രമണത്തെ ശക്തമായി ചേർക്കുവാൻ ലബനീസ് ഗവൺമെന്റിനോടൊപ്പം ഒരുപക്ഷേ അതിനേക്കാൾ മുന്നിൽ വലിയൊരു സൈനിക ശക്തിയായി നിലകൊണ്ട രാഷ്ട്രീയപാർട്ടിയായിരുന്നു. ഇസ്രയേലിന്റെ നിരന്തരമായ ആക്രമണത്തിൽ പൊറുതിമുട്ടിയ ലബനനിലെ ഗവൺമെൻറ് നടത്തിയ ചെറുത്തുനിൽപ്പിനോട് സഹകരിക്കുവാനും ആ ചെറുത്തുനിൽപ്പിനെ ശക്തിപ്പെടുത്തുവാനും വേണ്ടിയാണ് ഹിസ്ബുള്ള എന്ന സംഘടന രൂപംകൊള്ളുന്നത്. ചുരുക്കിപ്പറഞ്ഞാൽ കാലങ്ങളായി പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങൾക്കുമേൽ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹദ്ധ്യാപരമായ ആക്രമണങ്ങളാണ് ഹിസ്ബുള്ള എന്ന സംഘടനയെ ഒരു സൈനിക വിഭാഗം തന്നെയാക്കി മാറ്റുന്നതിലേക്ക് നയിച്ചത്. പലപ്പോഴും ഇസ്രായേലിന്റെ കടന്നാക്രമണങ്ങളെ ഫലപ്രദമായി ചെറുക്കുന്നതിൽ ഹസ്സൻ നാസ്രുള്ളയുടെ നേതൃത്വത്തിൽ ഹിസ്ബുള്ളയ്‌ക്ക് സാധിക്കുകയും ചെയ്തിരുന്നു. 2000ത്തിൽ ഇസ്രയേൽ കടന്നാക്രമനത്തിനെതിരെ ഹിസ്ബുള്ള നടത്തിയ ചെറുത്തുനിൽപ്പിന്റെ ഭാഗമായി ഇസ്രായേൽ പിൻവലിയുവാൻ നിർബന്ധിതമായി; പിന്നീട് 2006ൽ ഹിസ്ബുള്ള എന്ന സംഘടനയെ ഇല്ലാതാക്കുവാൻവേണ്ടി ഇസ്രയേൽ നടത്തിയ ആക്രമണത്തെയും ഫലപ്രദമായി ചേറുത്തുതോൽപ്പിക്കുവാൻ ഈ സംഘടനയ്ക്ക് കഴിഞ്ഞു. ഒടുവിൽ പലസ്തീനു നേരെ ഇസ്രയേൽ ഒന്നര വർഷത്തോളമായി നടത്തുന്ന രക്തരൂക്ഷിതവും വംശഹത്യാപരവുമായ ആക്രമണത്തെ എതിർക്കുന്നത്തിലും ഹിസ്ബുള്ള മുൻനിരയിലായിരുന്നു.
ഗാസ മുനമ്പിനെയാകെ ഛിന്നഭിന്നമാക്കി; ഗാസയിലും വെസ്റ്റ് ബാങ്കിലും നിരന്തരമായ വ്യോമാക്രമണങ്ങളും സൈനികാക്രമണങ്ങളും നടത്തി; ഒരു ജനതയെയാകെ കൂട്ടക്കൊല ചെയ്‌തും നിർബന്ധിത പലായനത്തിന് വിധേയരാക്കിയും ഒരു രാജ്യത്തിന്റെയാകെ നിലനിൽപ്പിനെതന്നെ ഇല്ലാതാക്കിയ ശേഷമാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇപ്പോൾ ലബാനനുനേരെ തിരിഞ്ഞിരിക്കുന്നത്. യഥാർത്ഥത്തിൽ 2023 ഒക്ടോബർ ഏഴിന് ഇസ്രയേൽ ഗാസയിലേക്ക് ആദ്യ ആക്രമണം അഴിച്ചുവിട്ടപ്പോൾ തന്നെ ലബനൻ പലസ്തീന് വേണ്ടി ശബ്ദമുയർത്തുകയും പലസ്തീനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. അപ്പോഴും പലസ്തീൻ കഴിഞ്ഞാൽ ഇസ്രായേലിന്റെ ബോംബ് ആക്രമണഭീഷണി സ്ഥിരമായി നേരിട്ടുകൊണ്ടിരുന്ന ഒരു രാജ്യമാണ് ലബനൻ. ഹമാസിനെ തുടരുത്തുടരെ ഇസ്രായേൽ ആക്രമിച്ചുകൊണ്ടിരുന്നപ്പോഴും ഇസ്രായേലി സൈന്യവുമായി ഇറാന്റെ പിന്തുണയോടെ ഹിസ്ബുള്ള സൈനികവിഭാഗവും പലസ്തീൻ അതിർത്തിപ്രദേശങ്ങളിൽ ഏറ്റുമുട്ടുന്നുണ്ടായിരുന്നു.
പലസ്തീനോടുള്ള വിട്ടുവീഴ്ചയില്ലാത്ത ഐക്യദാർഢ്യത്തിനും ഗാസയിൽ നടന്ന ചെറുത്തുനിൽപ്പിന് പിന്തുണ നൽകുകയും ലബാനന്റെ തെക്കൻ പ്രദേശങ്ങളിലും ബെക്ക മേഖലയിലും ഇസ്രായേൽ നടത്തിയ ആക്രമണത്തെ ചെറുക്കുകയും ചെയ്തതിന്റെ പേരിലാണ് ലബനനിലേക്ക് ഇസ്രയേൽ തങ്ങളുടെ വംശഹത്യാപരമായ കടന്നാക്രമണം ഇപ്പോൾ നീട്ടിയിരിക്കുന്നത്. ഈ കൊന്നൊടുക്കലുകൾ നടത്തുന്ന ഇസ്രയേലിന് സാമ്രാജ്യത്വത്തിന്റെ പ്രത്യേകിച്ചും അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വത്തിന്റെ പരിപൂർണ്ണ പിന്തുണ എല്ലാ അർത്ഥത്തിലും ലഭിക്കുന്നുമുണ്ട്. അത് ആയുധങ്ങളുടെ കാര്യത്തിലായാലും, യു എൻ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളെ നിശ്ശബ്ദമാക്കുന്നതിലായാലും ആഗോളതലത്തിൽ ഇസ്രായേലിനെതിരായ ചെറുത്തുനിൽപ്പ് ശക്തമാകാതിരിക്കുന്നതിനു വേണ്ടിയുള്ള സമ്മർദ്ദം ചെലുത്തിതിലായാലും അമേരിക്കൻ സാമ്രാജ്യത്വം ഇസ്രായേലിനെ എല്ലാവിധത്തിലും പിന്തുണയ്ക്കുന്നുണ്ട്. അമേരിക്കയുടെയും ഇസ്രയേലിന്റെയും ആത്യന്തികമായ ലക്ഷ്യം സാമ്പത്തികമാണ് എന്നുള്ളത് മറ്റൊരു യാഥാർത്ഥ്യമാണ്. പശ്ചിമേഷ്യൻ രാജ്യങ്ങളിലാകെ വ്യാപിച്ചുകിടക്കുന്ന എണ്ണഖനികൾ വരുതിയിലാക്കുകയാണ് സാമ്രാജ്യത്വത്തിന്റെ ലക്ഷ്യം. കൊലവെറിപൂണ്ടുനിൽക്കുന്ന ഇസ്രായേലി ഗവൺമെന്റിന് അമേരിക്ക നൽകുന്ന പിന്തുണയുടെ അടിസ്ഥാനവും ഈ സാമ്പത്തിക നേട്ടമാണ്. ഇപ്പോൾ യമനിലേക്കും ഇസ്രയേൽ ആക്രമണം നീട്ടിയിരിക്കുന്നു. l