വർത്തമാനകാലസമൂഹത്തിന്റെ ആവശ്യങ്ങളും അനന്തരതലമുറയുടെ ക്ഷേമവും തമ്മിലുള്ള സന്തുലിതാവസ്ഥ പരിപാലിക്കുകയും നിലനിർത്തുകയും ചെയ്യുകയെന്നതാണ് വികസനത്തിന്റെ സൈദ്ധാന്തിക വീക്ഷണം. ഭാവിതലമുറയുടെ ആവശ്യങ്ങൾകൂടി നിറവേറുവാൻ കഴിയുന്ന നിലയിലുള്ള ലോകത്തെ കെട്ടിപ്പടുക്കന്നതിൽ വർത്തമാന കാലഘട്ടത്തിൽ അധിവസിക്കുന്നവർക്കും ധാർമികമായ കടമയുണ്ട്. അവർക്കാവശ്യമായ വിഭവങ്ങൾ, ആവാസവ്യവസ്ഥ എന്നിവ സംരക്ഷിക്കേണ്ടതും ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. വർത്തമാനകാലസമൂഹത്തിൽ അധിവസിക്കുന്നവരുടെ സുസ്ഥിരവികസനത്തിൽ നീതി, ധാർമ്മികത എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചും ഏവരും ബോധവാന്മാരായിരിക്കണം. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അസമത്വം കുറയ്ക്കുകയും പാർശ്വവൽക്കരിക്കപ്പെട്ടവരും ദുർബലരുമായ എല്ലാവിഭാഗം ജനങ്ങൾക്കും പ്രയോജനപ്പെടുന്ന നിലയിലേക്ക് വികസനം ഉറപ്പാക്കുന്ന സമീപനമാണ് പ്രധാനമായും രൂപപ്പെടേണ്ടത്. പാരിസ്ഥിതികമായ നൈതികതയെ സംബന്ധിച്ച് വളരെ ആഴത്തിൽ പരിശോധിക്കുമ്പോൾ പ്രകൃതിയുടെ സംരക്ഷണത്തിന് ഊന്നൽ നൽകുകയും ജീവജാലങ്ങൾക്ക് ഉയർന്ന മൂല്യം നൽകുകയും മനുഷ്യന്റെ പ്രാധാന്യത്തെ ഊന്നിപ്പറയുകയും ചെയ്യുന്ന ബയോസെൻട്രിസവും ജീവനുള്ളതും ജീവനില്ലാത്തതുമായ എല്ലാ വസ്തുക്കളിലും ഉയർന്നതും അന്തർലീനവുമായ മൂല്യം കൽപ്പിക്കുന്ന ഇക്കോസെൻട്രിസവും ആത്യന്തികമായി പരിസ്ഥിതി സംരക്ഷണത്തിനാണ് പ്രാധാന്യം നൽകുന്നത്. വ്യക്തികൾക്കും സമൂഹത്തിനും ഭരണകർത്താക്കൾക്കും ഉൾപ്പെടെയുള്ള എല്ലാവർക്കും സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്ന നിലയിൽ പ്രവർത്തിക്കുവാനുള്ള ധാർമികമായ ഉത്തരവാദിത്തമുണ്ട്. പ്രകൃതിവിഭവങ്ങളുടെ കാര്യസ്ഥരായിരിക്കുക, സുസ്ഥിരമായരീതികൾ സ്വീകരിക്കുക, ഉപഭോഗം, ഉൽപാദനം, ഭരണനിർവഹണം എന്നിവയിൽ ധാർമികമായ സമീപനം സ്വീകരിക്കുക തുടങ്ങിയവയിതിൽ പ്രധാനമാണ്. മനുഷ്യന്റെ സാമ്പത്തികമായ വളർച്ചയ്ക്ക് സ്വാഭാവികമായ പരിധികൾ ഉണ്ടെന്ന ആശയമാണ് സുസ്ഥിര വികസനത്തിലൂടെ പ്രതിഫലിപ്പിക്കേണ്ടത്.
സമ്പത്തിന്റെ അനിയന്ത്രിതമായ വളർച്ചാവികാസമാണ് വികസനമെന്ന ധാരണ പലരിലുമുണ്ട്. ഇതിന്റെ ഭാഗമായി സംഭവിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്കോ മലിനീകരണത്തിനോ യാതൊരുവിധ ശ്രദ്ധയും പരിഗണനയും നൽകുന്നില്ല. അശാസ്ത്രീയമായ മാർഗങ്ങളും കമ്പോള, ധനമൂലധന താൽപര്യങ്ങൾകൂടി ഇത്തരമിടങ്ങളിൽ അടിച്ചേൽപ്പിക്കപ്പെടുന്നുവെന്നതാണ് ഏറ്റവും അപകടകരമായ സംഗതി. മാനവികമൂല്യങ്ങളുടെ പരിപാലനം, പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം തുടങ്ങിയവ ആഗോളവൽക്കരണത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുന്ന വികസനപ്രവർത്തനങ്ങളുടെ ഭാഗമായി യാതൊരു നിലയിലും പരിഗണിക്കുന്നില്ല. ലോകത്തുള്ള ആകെ സമ്പത്ത് പരിശോധിക്കുമ്പോൾ പകുതിയിലധികവും കൈവശം വച്ചിരിക്കുന്നത് കുത്തക കോർപ്പറേറ്റ് ഭീമന്മാരാണ്. അതിനാൽ ആഗോളതലത്തിൽ സമ്പത്ത് വർദ്ധിക്കും തോറും ദാരിദ്ര്യവും ക്രമേണ പെരുകുന്നു. പ്രകൃതിയെയും മാനവിതയെയും പൂർണമായും അവഗണിച്ചുകൊണ്ടുള്ള സമ്പത്തിന്റെ കേന്ദ്രീകരണം ലോകത്തിന്ന് വളരെയധികം കൂടിവരികയാണ്. ഇത് കാരണമാണ് ആഗോളവ്യാപകമായി എല്ലായിടത്തും പാരിസ്ഥിതികമായ പ്രശ്നങ്ങളും കാലാവസ്ഥാവ്യതിയാനവും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തികമായ വളർച്ചയും സാങ്കേതികവിദ്യയുടെ മുന്നേറ്റവും ജനങ്ങളുടെ സാമൂഹ്യപുരോഗതിയിൽ വിപ്ലവകരമായ പരിവർത്തനം ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിന് ആവശ്യമായ വിഭവങ്ങളുടെ പരിപാലനം ഏറെ പ്രധാനപ്പെട്ടതാണ്. സാമ്പത്തിക വികസനം പലപ്പോഴും പ്രകൃതിയുടെ ചൂഷണത്തിലേക്കും പാരിസ്ഥിതികമായ തകർച്ചയിലേക്കും നയിക്കുന്നു. വ്യാവസായിക വളർച്ച, നഗരവൽക്കരണം, സാങ്കേതികപുരോഗതി എന്നിവയിൽമാത്രം ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ പൊതുവായ ആവാസവ്യവസ്ഥ, ജൈവവൈവിധ്യം, പ്രകൃതിവിഭവങ്ങൾ എന്നിവയുടെ ശോഷണത്തെ പലപ്പോഴും കണക്കിലെടുക്കാത്തസ്ഥിതിയുണ്ട്. ഇത് വനശീകരണം മുതൽ വിവിധതരം മലിനീകരണപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾക്ക് ഇടയാക്കുകയും ക്രമേണ ജൈവവൈവിധ്യത്തിന്റെ ഉന്മൂലനാശത്തിന് കാരണമാകുകയും ചെയ്യുന്നു. പരിസ്ഥിതിസംരക്ഷണത്തിന് പ്രാധാന്യം നൽകാതെ ആസൂത്രണം ചെയ്യുന്ന വികസന പ്രവർത്തനങ്ങൾക്ക് വർത്തമാനകാല സമൂഹത്തിൽ നിന്നും ഉചിതമായ പിന്തുണ ലഭിക്കാത്ത അവസ്ഥയുണ്ടാകാറുണ്ട്.
ലോകത്ത് അനിയന്ത്രിതമായി കൂടിവരുന്ന വികസനത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങളെകുറിച്ച് ജനങ്ങൾക്ക് അവബോധം വന്നുതുടങ്ങിയത് ഇരുപതാംനൂറ്റാണ്ടിന്റെ അവസാനകാലത്തായിരുന്നു. പാരിസ്ഥിതിക സന്തുലനത്തിനും പ്രകൃതിസംരക്ഷണത്തിനും മുഖ്യപരിഗണന നൽകിക്കൊണ്ടുള്ള വികസനപ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുക എന്ന ആശയത്തെ മുൻനിർത്തി 1972ൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ സ്റ്റോക്ക്ഹോമിൽ നടന്ന പരിസ്ഥിതിസംരക്ഷണ കോൺഫറൻസിൽ മികച്ച ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു. തുടർന്നാണ് ‘സുസ്ഥിരവികസനം’ എന്ന ആശയം ഉയർന്നുവരികയും സാമ്പത്തിക വികസനവും പ്രകൃതി പരിപാലനവും തമ്മിലുള്ള പരസ്പരബന്ധത്തെ ക്രമേണ ഉയർത്തിക്കാട്ടുകയും ചെയ്തത്. വിഭവങ്ങളെ കാര്യക്ഷമമായി ഉപയോഗിക്കുകയും മാലിന്യങ്ങൾ കുറയ്ക്കുകയും പരിസ്ഥിതിവ്യവസ്ഥയെ സംരക്ഷിക്കുകയും ജൈവവൈവിധ്യത്തെ പരിപാലിക്കുകയും ചെയ്യേണ്ടത് ജീവന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. 2015 ൽ ഐക്യരാഷ്ട്രസഭയിൽ അംഗീകരിക്കപ്പെട്ട സുസ്ഥിര വികസന കാഴ്ചപ്പാട് 2030 ഓടുകൂടി ലോകമെമ്പാടും നടപ്പിലാക്കി ദാരിദ്ര്യം പൂർണ്ണമായും ഒഴിവാക്കി സമാധാനവും സമൃദ്ധിയും ഉറപ്പാക്കുവാൻ ലക്ഷ്യമിടുന്നു. സാമ്പത്തിക വികസനവും സാമൂഹ്യക്ഷേമവും മുന്നോട്ടുകൊണ്ടുപോകുമ്പോൾ സുസ്ഥിരവിഭവങ്ങളുടെ ഉപയോഗം, ഊർജ്ജ ഉപയോഗത്തിന്റെ കാര്യക്ഷമത, ജൈവവൈവിധ്യങ്ങളെ സംരക്ഷിക്കൽ, കാലാവസ്ഥാവ്യതിയാനം ലഘൂകരിക്കൽ എന്നിവയും സുസ്ഥിരവികസന ലക്ഷ്യങ്ങളുടെ ഭാഗമായി അതീവ പ്രാധാന്യം നൽകേണ്ടവയാണ്. പരിസ്ഥിതിവാദസിദ്ധാന്തപ്രകാരം പ്രകൃതിയെ നാശത്തിൽ നിന്നും സംരക്ഷിക്കുവാൻ കഴിയുന്ന നിലയിലുള്ള വിശാലമായ സാമൂഹ്യ, രാഷ്ട്രീയ ആശയപ്രചരണം ലോകമെമ്പാടും സംഘടിപ്പിക്കേണ്ടതുണ്ട്. സമ്പദ്വ്യവസ്ഥ പരിസ്ഥിതിക്കുള്ളിൽ ഉൾച്ചേർന്നിരിക്കുകയാണെന്നും സുസ്ഥിരമല്ലാത്ത സാമ്പത്തിക വളർച്ച പാരിസ്ഥിതിക തകർച്ചയിലേക്ക് നയിക്കുമെന്നതും ജനങ്ങൾക്ക് ബോധ്യപ്പെടേണ്ടതുണ്ട്. ദ്രുതഗതിയിലുള്ള വ്യവസായവൽക്കരണത്തിന്റെ അനന്തരഫലമായി പാരിസ്ഥിതിക ആഘാതങ്ങൾ നിരന്തരമുണ്ടാകുന്നു. എന്നാൽ ഇതിനെ പലപ്പോഴും അവഗണിക്കുന്ന സ്ഥിതിയാണ് നിലവിൽ ആഗോളവ്യാപകമായി കണ്ടുവരുന്നത്. പല വികസ്വരരാജ്യങ്ങളിലും സാമ്പത്തിക വളർച്ചാവികാസം അവരുടെ അടിയന്തര ആവശ്യമായിമാറുമ്പോൾ പരിസ്ഥിതി സംരക്ഷണനയങ്ങളെ ഭരണാധികാരികൾ പൂർണമായും നിരാകരിക്കാറുണ്ട്. സാമ്പത്തികമായ വളർച്ച മനുഷ്യക്ഷേമത്തിന് കരുത്ത് പകർന്നിട്ടുണ്ടെങ്കിലും പാരിസ്ഥിതിക തകർച്ചയുടെ ലേബലിലാണ് ഇത്തരം നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളതെന്ന ചിന്തയും ബോധ്യവും എല്ലാവരിലും ഉണ്ടാകണം. ക്ലീൻഎയർ ആക്ട്, പാരീസ് കാലാവസ്ഥ ഉടമ്പടി എന്നിവ പോലുള്ള ചരിത്രപ്രാധാന്യമുള്ള ഇടപെടലുകൾ ഇനിയും ഉണ്ടാകേണ്ടതുണ്ട്.
വ്യവസായവൽക്കരണവും പാരിസ്ഥിതികാഘാതവും
വ്യവസായവൽക്കരണം സാമ്പത്തികവളർച്ചയ്ക്ക് വളരെ നിർണായക സംഭാവനയാണെങ്കിലും പാരിസ്ഥിതിക സന്തുലനാവസ്ഥയ്ക്ക് പ്രതികൂല പ്രത്യാഘാതങ്ങൾ പലപ്പോഴായി സൃഷ്ടിക്കുന്നു. ലോകത്തെ വൻവ്യവസായ ശാലകൾ, ഫാക്ടറികൾ എന്നിവിടങ്ങളിൽ നിന്ന് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാർബൺഡയോക്സൈഡ്, സൾഫർഡയോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ എന്നിവ അതിഭീകരമായ അന്തരീക്ഷവായുമലിനീകരണം സൃഷ്ടിക്കുന്നു. ഇത് ആഗോളതാപനം, ആസിഡ്മഴ, ശ്വാസകോശരോഗങ്ങൾ, ഓസോൺപാളിയിലെ വിള്ളൽ തുടങ്ങിയവയ്ക്ക് കാരണമാകുന്നു. വ്യവസായികവളർച്ച ക്രമാതീതമായി വർദ്ധിക്കുംതോറും ജനങ്ങൾക്കിടയിൽ വൻതോതിലുള്ള ആരോഗ്യപ്രശ്നങ്ങൾ കൂടിവരുന്നുണ്ട്. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയിൽ ഉൾപ്പെടെ സമാനമായസ്ഥിതി ഇന്ന് നിലനിൽക്കുന്നു. ലോകത്താകമാനം വായുമലിനീകരണം ക്രമാതീതമായി വർദ്ധിക്കുന്നതുകാരണം സമീപഭാവിയിൽ തന്നെ പ്രാണവായുനിറച്ച സിലിണ്ടറുകൾ വാങ്ങേണ്ട ഗതികേടിലേക്ക് മനുഷ്യർ മാറുമെന്ന് ഉറപ്പാണ്. ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹി ലോകത്തിലെ ഏറ്റവും അന്തരീക്ഷ മലിനീകരണമുള്ള ഒരുനഗരമായാണ് അറിയപ്പെടുന്നത്. അവിടെയുള്ള അന്തരീക്ഷവായു പരിശോധിക്കുമ്പോൾ എയർക്വാളിറ്റി ഇൻഡക്സ് വളരെ അപകടകരമായ നിലയിലാണുള്ളത്. ചൈനയിലെ ബെയ്ജിംഗ്, അമേരിക്കയിലെ ലോസ് എയ്ഞ്ചൽസ് തുടങ്ങിയ നഗരങ്ങളിലും അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം വളരെ അനാരോഗ്യകരമായ നിലയിലാണുള്ളത്.
വ്യാവസായിക സംരംഭങ്ങൾ അനിയന്ത്രിതമായനിലയിൽ നിയമലംഘനം നടത്തി ജലസ്രോതസ്സുകളിലേക്ക് മാലിന്യം തള്ളിവിടുന്ന സ്ഥിതിയും സമീപകാലത്ത് വളരെയധികം കൂടിയിട്ടുണ്ട്. വ്യാവസായിക ഉപോൽപ്പന്നമായ അശുദ്ധജലം, വിവിധ രാസവസ്തുക്കൾ, ഘനലോഹങ്ങൾ എന്നിവയാണ് പ്രധാനമായും ജലസ്രോതസ്സുകളിൽ എത്തിച്ചേരുന്നത്. ഇത് ജലസ്രോതസ്സുകളിൽ നിലനിൽക്കുന്ന സ്വാഭാവിക ആവാസവ്യവസ്ഥയുടെ സന്തുലനാവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും നിരവധി ജീവജാലങ്ങളുടെ നാശത്തിന് കാരണമാവുകയും ചെയ്യുന്നു. കേരളത്തിലെ വിവിധ ശുദ്ധജലതടാകങ്ങളിൽ ഉണ്ടായിരുന്ന പല ജീവജാലങ്ങളുടെ സമ്പത്തും നാശത്തിന്റെ വക്കിലെന്നാണ് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട നദിയായ യമുനയിൽ ഉയർന്ന അളവിലുള്ള അമോണിയയും മറ്റു വിഷരാസവസ്തുക്കളും അമിതമായി അടിഞ്ഞുകൂടി കാർഷിക ഉപയോഗത്തിനുപോലും യോഗ്യമല്ലാതായിത്തീർന്നിട്ടുണ്ട്. നദിയുടെ പലഭാഗങ്ങളിലുമുള്ള ഉപരിതലത്തിൽ വിഷനുരകൾ രൂപപ്പെടുന്നത് ഇന്ന് സർവസാധാരണ കാഴ്ചയാണ്. അമേരിക്കയിലെ മിസിസിപ്പി നദി, കിഴക്കൻ ആഫ്രിക്കയിലെ വിക്ടോറിയ തടാകം, ചൈനയിലെ യാങ്സി നദി തുടങ്ങിയ പലയിടങ്ങളിലും വികസനത്തിന്റെ പേരിലുള്ള വ്യാവസായിക മാലിന്യങ്ങൾ കുമിഞ്ഞ് കൂടുന്നു. കേരളത്തിലെ ജലസ്രോതസ്സുകളുടെ സ്ഥിതി പരിശോധിക്കുമ്പോൾ എറണാകുളം മേഖലയിലെ വ്യാവസായിക സംരംഭങ്ങളുടെ പുറന്തള്ളൽ കേന്ദ്രമായിമാറുന്നത് പെരിയാർ നദിയാണ്. ടൂറിസത്താൽ പ്രസിദ്ധമായ ആലപ്പുഴ ജില്ലയിൽ ഹൗസ്ബോട്ടുകളിൽ നിന്നുള്ള മാലിന്യങ്ങളും കാർഷികമേഖലയിൽ അമിതമായി ഉപയോഗിക്കുന്ന രാസവളങ്ങളും കീടനാശിനികളും വേമ്പനാട് കായലിനെ മലിനമാക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നു. ഇവിടെ വ്യാപകമാകുന്ന പായലുകളുടെ അമിതമായവളർച്ച ഓക്സിജന്റെ അളവ് കുറയ്ക്കുകയും മത്സ്യസമ്പത്തിന്റെ ശോഷണത്തിന് കാരണമാവുകയും ചെയ്യുന്നുണ്ട്. ഹൗസ്ബോട്ടുകളിൽ യാത്ര ചെയ്യുന്നവർ വലിച്ചെറിയുന്ന അജൈവ, പ്ലാസ്റ്റിക് മാലിന്യങ്ങളും തടാകത്തിന്റെ നാശത്തിന് ഇടയാക്കുന്നുണ്ട്. കോഴിക്കോട് മാവൂരിലെ ഗ്വാളിയോർ റയോൺസ് ഫാക്ടറിയിൽ നിന്നുള്ള വ്യവസായികമലിനീകരണത്തിന്റെ ഭാഗമായ ചാലിയാർ നദിയും അവിടെ രൂപപ്പെട്ട മാലിന്യങ്ങളും നിലനിൽപ്പിന്റെ സമരവും മനുഷ്യ അതിജീവനചരിത്രത്തിലെ നിർണായക ഏടുകളാണ്.
പൊതുജനാരോഗ്യത്തെയും പാരിസ്ഥിതിക സുസ്ഥിരതയെയും പ്രതികൂലമായി ബാധിക്കുന്ന അതിതീവ്രഭീഷണിയായി മണ്ണുമലിനീകരണവും മാറിയിട്ടുണ്ട്. രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതമായ ഉപയോഗം മൂലം മണ്ണുമലിനീകരണം ലോകവ്യാപകവിപത്തായി മാറിയിട്ടുണ്ട്. ഇത് മണ്ണിന്റെ ഗുണനിലവാരത്തെ കുറയ്ക്കുകയും ഭൂഗർഭജലത്തെ മലിനമാക്കുകയും ചെയ്യുന്നു. കീടനാശിനികളുടെ അവശിഷ്ടങ്ങൾ മണ്ണിൽ ക്രമേണ അടിഞ്ഞുകൂടി ജൈവവൈവിധ്യത്തെ നശിപ്പിക്കുകയും വിളകളുടെ പൊതുവായ നിലനിൽപ്പിനെ ബാധിക്കുകയും ചെയ്യുന്നു. ലോകത്തിലെ ഇലക്ട്രോണിക് മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്ന ഏറ്റവും വലിയ സ്ഥലമായ ഘാനയിലെ അഗ്ബോക്ബ്ലോഷിയിൽ ലെഡ്, കാഡ്മിയം, മെർക്കുറി തുടങ്ങിയ ഘനലോഹങ്ങൾ മണ്ണുമലിനീകരണത്തിന്റെ തോത് വളരെയധികം വർദ്ധിപ്പിക്കുന്നു. മനുഷ്യന്റെ ഉപയോഗശേഷം അശ്രദ്ധമായി ഉപേക്ഷിക്കുന്ന കമ്പ്യൂട്ടറുകൾ, ഫോണുകൾ, മറ്റ് ഗാർഹിക ഇലക്ട്രോണിക് ഉപകരണങ്ങളുടെ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവയിൽ നിന്നുള്ള ലോഹഅവശിഷ്ടങ്ങളെ വേർതിരിക്കാതെ കത്തിക്കുകയും രാസവസ്തുക്കൾ മണ്ണിലേക്ക് തള്ളിവിടുകയും ചെയ്യുന്ന സ്ഥിതി നിലവിൽ കൂടിവരുന്നുണ്ട്. 1986 ൽ ഉക്രൈനിലെ ചെർണോബിലിൽ ഉണ്ടായ ആണവ ദുരന്തത്തിന്റെ പ്രത്യാഘാതമായി റേഡിയോ ആക്ടീവ് ഐസോടോപ്പുകളുടെ സാന്നിധ്യത്താൽ പ്രദേശത്തെ മണ്ണും ഭൂപ്രകൃതിയും പൂർണമായും മലിനീകരിക്കപ്പെട്ടിട്ടുണ്ട്. വിളകൾ സംരക്ഷിക്കുന്നതിന്റെ പേരിൽ കളനാശിനികളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത് മണ്ണിന്റെ സ്വാഭാവിക ജൈവവ്യവസ്ഥയെയും സൂക്ഷ്മജീവികളുടെ വളർച്ചയെയും പ്രതികൂലമായി ബാധിക്കുന്നു. മലിനമായ മണ്ണിൽ വളരുന്ന വിളകൾ കഴിക്കുന്ന ജനങ്ങളിൽ ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു. ആമസോൺ മഴക്കാടുകളുടെ ചിലപ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന സ്വർണ്ണഖനികളിൽ ഉപയോഗിക്കുന്ന മെർക്കുറി മണ്ണിലേക്കും ജലസ്രോതസ്സുകളിലേക്കും പ്രവേശിച്ച് ആവാസവ്യവസ്ഥ മലിനമാക്കുകയും തദ്ദേശീയ സമൂഹത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. കേരളത്തിൽ കാസർഗോഡ് ജില്ലയിൽ കശുമാവിൻ തോട്ടങ്ങളിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന എൻഡോസൾഫാന്റെ പ്രത്യാഘാതങ്ങൾ ഇന്നും മനുഷ്യരെ അലട്ടിക്കൊണ്ടിരിക്കുന്ന ഗുരുതര ആരോഗ്യപ്രശ്നമായി തുടരുന്നു.
പ്രകൃതി സൗഹൃദ വികസനമാതൃകകൾ രൂപപ്പെടണം
വ്യാവസായികവിപ്ലവത്തിന്റെയും ഹരിതവിപ്ലവത്തിന്റെയും ചുവടുപിടിച്ചുകൊണ്ട് ലോകം കമ്പോളവൽക്കരിക്കപ്പെട്ടപ്പോൾ പ്രകൃതി ചൂഷണങ്ങളുടെ തോതും അതിഭീകരമായി ഉയർന്നിരിക്കുന്നു. ഇതിനെതിരായി ജനങ്ങൾ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ വരുംതലമുറയ്ക്ക് കൈമാറുവാൻ യാതൊന്നും അവശേഷിക്കില്ല എന്നുള്ള ഉത്തമബോധ്യമുണ്ടാകേണ്ടതുണ്ട്. ലോകത്തിലെ ഏറ്റവും വലുതും ജനസമ്പത്തിനാൽ സമ്പന്നവുമായ ഇന്ത്യയിൽ പരിസ്ഥിതിസംരക്ഷണത്തിന് ഉചിതമായ രീതിയിലുള്ള പ്രാധാന്യം ലഭിക്കുന്നില്ല എന്നുള്ളത് വാസ്തവമാണ്. സാമൂഹിക വനവൽക്കരണത്തിന്റെഭാഗമായി ഓരോവർഷവും കോടിക്കണക്കിന് മരങ്ങൾ നടുമ്പോഴും അവയുടെയെല്ലാം സംരക്ഷണവും പരിപാലനവും എത്രമാത്രം നടക്കുന്നുവെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. കേവലം മരങ്ങൾ നടുന്ന പ്രക്രിയമാത്രം നടപ്പിലാക്കുന്നതിലൂടെ പ്രകൃതി സംരക്ഷണം പൂർണ്ണമാകില്ല. കുന്നുകളും മലകളും തടാകങ്ങളും ജലാശയങ്ങളും ചതുപ്പുനിലങ്ങളും അരുവികളും പുഴകളും കടലും വായുവും മറ്റു ജീവജാലങ്ങളുമെല്ലാംതന്നെ പ്രകൃതിയുടെ സന്തുലിതാവസ്ഥയുടെ ഏറ്റവും അത്യന്താപേക്ഷിതഘടകങ്ങളാണ്. അന്തരീക്ഷത്തിൽനിന്നും ആഗിരണം ചെയ്യപ്പെടുന്ന കാർബണിന്റെ അളവ് സന്തുലിതമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള കാർബൺ ന്യൂട്രാലിറ്റി നിലനിർത്തുന്നതിലും പരിപാലിക്കുന്നതിലും മികച്ച മാതൃകയായിരിക്കുകയാണ് ഇന്ത്യയുടെ അയൽരാജ്യമായ ഭൂട്ടാൻ. സമ്പൂർണ്ണ കാർബൺ നിക്ഷ്പക്ഷത കൈവരിക്കുന്നതിൽ കേരളത്തിൽ മീനങ്ങാടിയും പറളിയും പോലുള്ള പഞ്ചായത്തുകൾ സ്വീകരിക്കുന്ന മാതൃകാപരമായ സമീപനങ്ങൾ വികേന്ദ്രീകൃതരീതിയിൽ സംസ്ഥാനമൊട്ടാകെ നടപ്പിലാക്കേണ്ടതുണ്ട്. ആഗോളതാപനവും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളും കുറയ്ക്കുന്നതിനുള്ള ഒരു പ്രധാനനയമാണിത്. വൈവിധ്യമാർന്ന ഈ ഭൂമിയിൽ സൂക്ഷ്മജീവികൾ മുതൽ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലം വരെയുള്ള കോടിക്കണക്കിന് സസ്യ, ജന്തുജീവജാലങ്ങൾ അധിവസിക്കുന്നുണ്ട്. പ്രകൃതിയിൽ അസന്തുലിതാവസ്ഥ സംഭവിച്ചാൽ അതിന്റെ പ്രത്യാഘാതങ്ങൾ കൂടുതലായി അനുഭവിക്കേണ്ടിവരുന്നത് മനുഷ്യർ തന്നെയാണ്. ലോകത്തെ ആകെ വിറപ്പിച്ച സുനാമി, വിവിധ സ്ഥലങ്ങളിൽ ഉണ്ടായ ഭൂകമ്പങ്ങൾ, മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കം, അതിഭീതിദമായ ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള നിരവധി ഉദാഹരണങ്ങൾ പ്രകൃതിശോഷണത്തിന്റെ ആത്യന്തികമായ തെളിവുകളാണ്. പ്രകൃതിയെ ചൂഷണം ചെയ്യുന്നത് പൂർണ്ണമായും ഒഴിവാക്കി ‘സംരക്ഷിക്കുക’ എന്ന ബദൽ മാർഗം സ്വീകരിച്ചാൽ മാത്രമേ നിലനിൽപ്പ് സാധ്യമാകൂ. പ്ലാസ്റ്റിക് ഉപയോഗം പൂർണ്ണമായും ഒഴിവാക്കി ഹരിതചട്ടം പാലിച്ചുകൊണ്ടുള്ള പകരം സംവിധാനം നടപ്പിലാക്കണം, പൊതുഗതാഗതത്തിൽ പ്രകൃതിസൗഹൃദ ഇന്ധനങ്ങളുടെ ഉപയോഗം കൊണ്ടുവരണം. പ്രകൃതി ആവാസവ്യവസ്ഥയ്ക്ക് തടസ്സമാകുന്ന ഡാമുകൾക്ക് പകരം ക്രമീകരണം ഏർപ്പെടുത്തുകയും പരിസ്ഥിതിസൗഹൃദ ഊർജ്ജസ്രോതസ്സുകൾ മുഖ്യധാരയിൽ എത്തിക്കുകയും വേണം.
സുസ്ഥിരവികസനപദ്ധതികൾ ഉയർന്നുവരണം
ത്വരിതഗതിയിലുള്ള നഗരവൽക്കരണം, വ്യാവസായികവികാസം, കാലാവസ്ഥാ വ്യതിയാനം എന്നിവ ഉൾക്കൊള്ളുന്ന വർത്തമാനകാലത്ത് പരമ്പരാഗതമായി സ്വീകരിച്ചുപോരുന്ന വികസനസമീപനരീതിയെ പുനർചിന്തനം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ജലം, മണ്ണ്, വനം തുടങ്ങിയ പ്രകൃതിവിഭവങ്ങളെ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുവാൻ സാധിക്കണം. പ്രകൃതിവിഭവങ്ങളുടെ ശോഷണം കുറയ്ക്കുന്ന പുനരുപയോഗഊർജ്ജം, ജലസംരക്ഷണം, സുസ്ഥിരമായ കൃഷിരീതികൾ, തുടങ്ങിയവ സ്വീകരിക്കണം. ആവാസവ്യവസ്ഥയെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കുകയെന്നത് പ്രകൃതി സൗഹൃദവികസനത്തിന്റെ ഏറ്റവും പരമപ്രധാനമായ തത്വമാണ്. ആരോഗ്യകരമായ അന്തരീക്ഷം നിലനിർത്തുന്നതിന് കാർബൺബ ഹിർഗമനം കുറയ്ക്കുക, മാലിന്യങ്ങൾ ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കുക, വായു, ജലം, മണ്ണ് എന്നിവയുടെ മലിനീകരണം കുറയ്ക്കുക, പ്രകൃതി സൗഹൃദമാതൃകകൾ, ശുദ്ധമായ ഊർജ്ജ പുനരുപയോഗം, മാലിന്യസംസ്കരണസംവിധാനങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകുന്ന സ്ഥിതിയും രൂപപ്പെടണം. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിൽ പ്രാദേശികസമൂഹത്തിന്റെ അഭിപ്രായംകൂടി സ്വീകരിക്കുകയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ദുർബലരായ ജനവിഭാഗങ്ങളുടെയും ആവശ്യങ്ങൾക്ക് പ്രത്യേക ശ്രദ്ധനൽകിക്കൊണ്ട് വികസനത്തിന്റെ നേട്ടങ്ങൾ തുല്യമായി പങ്കിടുന്ന സ്ഥിതിയുണ്ടാകണം.
പരിസ്ഥിതി നഗരസങ്കല്പം
സ്വയം സുസ്ഥിരമായ പ്രകൃതിദത്ത ആവാസവ്യവസ്ഥയുടെ ഘടനയിലും പ്രവർത്തനത്തിലും മാതൃകയാക്കുന്ന ഒരു മനുഷ്യാവാസകേന്ദ്രമാണ് ഇക്കോസിറ്റി അഥവാ പരിസ്ഥിതിനഗരസങ്കല്പം. പാരിസ്ഥിതികമായി ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ കൂട്ടായ്മയാണ് പരിസ്ഥിതിനഗരം. പരിസ്ഥിതിയുടെ ഉപാധികൾക്കുള്ളിൽ ജീവിക്കുക എന്ന തത്വത്തിലാണ് ഇതിനെ ആസൂത്രണം ചെയ്തിരിക്കുന്നത്. സാമ്പത്തികവളർച്ചയെ ഉത്തേജിപ്പിക്കുക, ദാരിദ്ര്യംകുറയ്ക്കുക, ആരോഗ്യംമെച്ചപ്പെടുത്തുക, എന്നീ ലക്ഷ്യങ്ങളും ഈ ആശയത്തിലുണ്ട്. മനുഷ്യക്ഷേമം വർദ്ധിപ്പിക്കുന്നതിനിടയിൽ പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ള നഗരമാതൃകകൾ കൂടിയാണിത്. ഇവിടെ സുസ്ഥിരഗതാഗതം, പുനരുപയോഗ ഊർജ്ജം, ഹരിതഇടങ്ങൾ, കാര്യക്ഷമമായ വിഭവമാനേജ്മെൻറ് തുടങ്ങിയവയ്ക്ക് മുൻഗണന നൽകുന്നു. യു.എ.ഇയിലെ മസ്ദർ, ബ്രസീലിലെ കുരിറ്റിബ എന്നീ നഗരങ്ങൾ സുസ്ഥിരവികസന മാതൃകാരീതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതിന് ഉദാഹരണങ്ങളാണ്. ഈ നഗരങ്ങൾ പൂർണമായും സൗരോർജത്തെയും മറ്റു പുനരുപയോഗ ഊർജ്ജസ്രോതസ്സുകളെയും മാത്രമാണ് ആശ്രയിക്കുന്നത്. കൃത്യമായ മാലിന്യനയവും ഹരിത കെട്ടിടങ്ങളും ഇലക്ട്രിക് ഗതാഗതസംവിധാനങ്ങളും ഈ നഗരങ്ങളുടെ മാത്രം പ്രത്യേകതകളാണ്.
കാർഷിക വനവൽക്കരണം, ഹരിതകെട്ടിടങ്ങളുടെ നിർമ്മാണം എന്നിവ പ്രോത്സാഹിപ്പിക്കൽ
ഒരു സ്ഥലത്ത് ഒരേ സമയത്ത് ഒന്നിടവിട്ട് കാർഷികവിളകളും വിവിധോദ്ദേശ്യ കൃഷിവിളകളും ഒരുമിച്ച് കൃഷിചെയ്യുന്ന രീതിയാണിത്. കൃഷിയുടെയും വനവൽക്കരണത്തിന്റെയും സമ്മിശ്രരൂപമായ ഇതിൽ ദീർഘകാലഅടിസ്ഥാനത്തിലുള്ള ഉത്പാദനവർദ്ധന, മണ്ണ്, ജലം എന്നീ പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം, തടി, വിറക്, പച്ചിലവളം, കാലിത്തീറ്റ, വിവിധയിനം കാർഷികവിളകളുടെ ഉത്പാദനം എന്നിവയും ലക്ഷ്യമിടുന്നു. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം കാർഷിക ഉത്പാദനക്ഷമതയുടെ ആവശ്യകതയെക്കൂടി സന്തുലിതമാക്കുന്ന പ്രകൃതിസൗഹൃദ സമീപനം കൂടിയാണിത്. നാടൻമരങ്ങളെയും കുറ്റിച്ചെടികളെയും കൃഷിയിടങ്ങളിൽ സ്വാഭാവികമായി പുനരുജ്ജീവിപ്പിക്കുവാൻ അനുവദിപ്പിച്ച് മണ്ണിന്റെ ഫലഭൂയിഷ്ഠിത മെച്ചപ്പെടുത്തി മണ്ണൊലിപ്പ് കുറയ്ക്കുകയും ജൈവവൈവിധ്യത്തെ സംരക്ഷിക്കുവാൻ സഹായിക്കുകയും ചെയ്യുന്ന മാതൃകകൂടിയാണിത്.
ഊർജ്ജഉപഭോഗം കുറയ്ക്കുക, വിഭവങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക, ആരോഗ്യകരമായ വാസസംവിധാനം രൂപപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ഹരിതകെട്ടിടങ്ങൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. അമേരിക്കയിലെ സിയാറ്റിലിലുള്ള ബുള്ളിറ്റ് സെന്റർ ലോകത്തിലെ ഏറ്റവും വലിയ ഹരിതവാണിജ്യ കെട്ടിടങ്ങളിൽ ഒന്നാണ്. ഊർജ്ജലഭ്യതയ്ക്കായി സോളാർ പാനലുകളും കുടിവെള്ളത്തിനും ജലസേചനത്തിനുമായി മഴവെള്ളസംഭരണിയും മാലിന്യം കുറയ്ക്കുന്നതിന് പ്രകൃതി സൗഹൃദ ബയോടോയ്ലറ്റുകൾ ഉൾപ്പെടെയുള്ളവ ഇവിടത്തെ പ്രത്യേകതകളാണ്. ഹരിത കെട്ടിടവും സുസ്ഥിരവാസ്തുവിദ്യയും മനുഷ്യന്റെ ആരോഗ്യവും ക്ഷേമവും പരിപാലിക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നു. അസംസ്കൃത വസ്തുക്കൾ ശരിയായരീതിയിൽ തിരഞ്ഞെടുക്കുന്നതിലൂടെയും ഫലപ്രദമായ വെന്റിലേഷൻ സംവിധാനം അവലംബിക്കുന്നതിലൂടെയും അസ്ഥിരമായ ഓർഗാനിക്സംയുക്തങ്ങളുടെ ദോഷകരമായ മലിനീകരണ സാധ്യത കുറയ്ക്കുവാൻ സാധിക്കുന്നു. ശ്വാസകോശ സംബന്ധമായപ്രശ്നങ്ങൾ, അലർജികൾ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യതയും ഇതിലൂടെ കുറയുന്നു.
പുനരുപയോഗ ഊർജ്ജ വികസന സാധ്യതകൾ
പുനരുൽപാദിപ്പിക്കാവുന്ന ഊർജ്ജമാതൃകകൾ പ്രകൃതിസൗഹൃദവികസനത്തിന് വളരെ അത്യന്താപേക്ഷിതമാണ്. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും കാലാവസ്ഥാവ്യതിയാനം ലഘൂകരിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകണം. ലോകത്തെ മികച്ച മാതൃകകൾ പരിശോധിക്കുമ്പോൾ നിരവധി രാജ്യങ്ങൾ 2050 ആകുന്നതോടുകൂടി സമ്പൂർണ കാലാവസ്ഥാനിഷ്പക്ഷതയിൽ എത്തിച്ചേരുവാനുള്ള ദീർഘകാലതന്ത്രങ്ങളും പദ്ധതികളും നടപ്പിലാക്കിവരുന്നുണ്ട്. അവിടെ നിലനിൽക്കുന്ന ഊർജ്ജവ്യവസ്ഥയെ ഫോസിൽ ഇന്ധനങ്ങളിൽ നിന്നും ആണവോർജത്തിൽ നിന്നും പൂർണ്ണമായും ഒഴിവാക്കി പുനരുൽപാദിപ്പിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിലേക്ക് മാത്രമായി പരിവർത്തനം ചെയ്യുവാനുള്ള പദ്ധതികളാണ് പ്രധാനമായും ആസൂത്രണം ചെയ്തുനടപ്പിലാക്കുന്നത്. പൂർണ്ണമായും പുനരുപയോഗഊർജ്ജത്താൽ പ്രവർത്തിക്കുന്ന മികച്ച രാജ്യത്തിനുദാഹരണമാണ് കോസ്റ്റാറിക്ക. ജലവൈദ്യുതി, കാറ്റ്, ഭൗമതാപഊർജ്ജം എന്നിവയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ രൂപപ്പെടുത്തിയ ഊർജസുസ്ഥിരതയിൽ ആഗോള നിലവാരം പുലർത്തുന്ന കോസ്റ്റാറിക്ക മികച്ച പരിസ്ഥിതിസൗഹൃദ രാജ്യങ്ങളുടെ പട്ടികയിലും മുമ്പന്തിയിലാണ്.
സുസ്ഥിര സർക്കുലർ സമ്പദ് വ്യവസ്ഥയുടെ രൂപീകരണം
വസ്തുക്കളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ പാരിസ്ഥിതിക പ്രതിസന്ധി മറികടക്കുന്നതിനുള്ള ഒരു പ്രധാന രീതിശാസ്ത്രമാണ് സർക്കുലർ സമ്പദ്വ്യവസ്ഥ. പരിസ്ഥിതിയെ പ്രതികൂലമായിബാധിക്കുന്നവയുടെ ഉപയോഗത്തെ കുറയ്ക്കുകയും കാലഹരണപ്പെട്ട ഉൽപ്പന്നങ്ങളുടെ കാര്യക്ഷമമായ പുനരുപയോഗത്തെയും ഈ രീതി പിന്തുണയ്ക്കുന്നു. പ്രകൃതിവിഭവങ്ങൾ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും പ്ലാസ്റ്റിക്കുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉൾപ്പെടെയുള്ള പരിസ്ഥിതിക്ക് അപകടകരമായി നിലനിൽക്കുന്ന സാധനസാമഗ്രികളുടെ സേവന ആയുസ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മാലിന്യങ്ങൾ കുറയ്ക്കുന്ന ഒരു ക്ലോസ്ഡ് ലൂപ്പ് സിസ്റ്റം ഇതിലൂടെ രൂപീകരിക്കപ്പെടുന്നു. അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ പ്രവർത്തിച്ചു വരുന്ന ‘സീറോ വേസ്റ്റ്മൂവ്മെൻറ്’ ഈ പുരോഗമന സമീപനം പിന്തുടരുന്നതിൽ ഏറ്റവും ഉചിതമായ ഉദാഹരണങ്ങളിൽ ഒന്നാണ്. റീസൈക്ലിംഗ്, കമ്പോസ്റ്റിംഗ്, എന്നിവ മികച്ച രീതിയിൽ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാലിന്യത്തിന്റെ നൂറ് ശതമാനവും സംസ്കരിച്ച് ഫലപ്രദമായ ഇടങ്ങളിൽ ഉപയോഗിക്കുവാൻ കഴിയുന്ന സവിശേമായ രീതിയാണ് നടന്നുവരുന്നത്. ഈ മാതൃക സാമ്പത്തിക കാര്യക്ഷമത പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വിഭവസമാഹരണം, പാരിസ്ഥിതിക സന്തുലനാവസ്ഥ എന്നിവയുടെ മികവിനും ഏറെ ഗുണം ചെയ്യും.
സാമൂഹ്യാധിഷ്ഠിത ഇക്കോടൂറിസം മാതൃകകൾ
വന്യജീവി വിനോദസഞ്ചാരവും ഇക്കോടൂറിസവും പ്രാദേശിക സമൂഹത്തിന് അവരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കുന്നതോടൊപ്പം ജീവജാലങ്ങളുടെ സംരക്ഷണവും ഉറപ്പുവരുത്തുവാൻ നിർദ്ദേശിക്കുന്നു. ഇത് പ്രാദേശിക സമ്പത്ത് വ്യവസ്ഥയെ പിന്തുണയ്ക്കുകയും സാംസ്കാരികസംരക്ഷണം പ്രോത്സാഹിപ്പിക്കുകയും പ്രകൃതിസംരക്ഷണത്തിന് മുൻഗണ നൽകുകയും ചെയ്യുന്നു. ലഡാക്കിലെ കമ്മ്യൂണിറ്റി അധിഷ്ഠിത ഇക്കോടൂറിസം, നേപ്പാളിലെ സുനഖരി ബഫർസോൺ സമൂഹം തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടവയാണ്. കാലാവസ്ഥാവ്യതിയാനത്തിന്റെയും വിഭവങ്ങളുടെ ശോഷണത്തിന്റെയും ആഘാതങ്ങളുമായി ലോകം പിടിമുറുക്കുമ്പോൾ പ്രകൃതി സൗഹൃദമാതൃകകൾ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത് വരുംതലമുറകൾക്ക് സുസ്ഥിരമായ ഭാവി ഉറപ്പാക്കുന്നതിനുള്ള ചവിട്ടുപടിയായിമാറും.
കേരളവും ആഗോള സുസ്ഥിരവികസന ലക്ഷ്യങ്ങളും
മെച്ചപ്പെട്ടതും സുസ്ഥിരവുമായ ഭാവി എല്ലാവർക്കും വരുത്തുന്നതിനുള്ള മാതൃകയാണ് സുസ്ഥിരവികസന ലക്ഷ്യങ്ങളിലൂടെ ഉദ്ദേശിക്കുന്നത്. ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടുള്ള ആഗോളവികസന ലക്ഷ്യങ്ങളാണ് സഹസ്രാബ്ദവികസന ലക്ഷ്യങ്ങളും സുസ്ഥിരവികസന ലക്ഷ്യങ്ങളും. 1972ൽ സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ വച്ചുനടന്ന മാനവപരിസ്ഥിതിസമ്മേളനത്തിൽ നിന്നാണ് ഇതിന്റെയെല്ലാം തുടക്കം. ഭാവിതലമുറയുടെ വികസനാവശ്യങ്ങൾക്ക് ഭംഗംവരാതെ വർത്തമാനകാല തലമുറയുടെ വികസനാവശ്യങ്ങൾ പരിഗണിക്കുക എന്നതായിരിക്കണം സുസ്ഥിരവികസനത്തിന്റെ മുഖ്യ ഊന്നൽ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി സാക്ഷരതയിലും തുല്യതയിൽ ഊന്നിയ സാമൂഹ്യനവോത്ഥാനത്തിന്റെ സാന്നിധ്യവും കേരളത്തിന്റെ സാമൂഹ്യവികസനത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. വളരെ ജനസാന്ദ്രതയുള്ള സംസ്ഥാനമായ കേരളത്തിൽ പ്രകൃതി വിഭവപരിപാലനത്തിനും മാനവശേഷിയുടെ വികാസത്തിലും സുസ്ഥിരവികസനം എന്ന ആശയം വളരെ ഫലപ്രദമായി നടപ്പിലാക്കുവാൻ കഴിയുന്ന ഇടം കൂടിയാണ്. അധ്വാനിക്കുന്ന മനുഷ്യരുടെയും പ്രകൃതിയുടെയും മാനവികതയുടെയും ഉന്നമനത്തിനുവേണ്ടിയാണ് സുസ്ഥിരവികസന കാഴ്ചപ്പാട് രൂപപ്പെടേണ്ടത്. പരിസ്ഥിതിയെ പൂർണ്ണമായ നിലയിൽ പരിഗണിച്ചുകൊണ്ട് ഭാവിതലമുറകൾക്കും ഉൽപാദനം വർദ്ധിപ്പിക്കുവാനുള്ള സാധ്യത നിലനിർത്തുക എന്നതാണ് അടിസ്ഥാനലക്ഷ്യം. ഉൽപാദനത്തിലെ വർദ്ധനവ്, സാമ്പത്തികത്തിന്റെ നീതിപൂർവ്വകമായവിതരണം, പാരിസ്ഥിതികമായസന്തുലനം, സാമൂഹികമായ നിലനിൽപ്പ് എന്നിവ സുസ്ഥിരവികസനപാതയുടെ പ്രധാനപ്പെട്ട നാഴികക്കല്ലുകളാണ്. 2018 ൽ സംസ്ഥാനമന്ത്രിസഭ അംഗീകരിച്ച പരിസ്ഥിതിധവളപത്രം പരിശോധിക്കുമ്പോൾ കേരളത്തിന്റെ പരിസ്ഥിതി എത്രത്തോളം വെല്ലുവിളിനേരിടുന്നുണ്ട് എന്ന് മനസ്സിലാക്കുവാൻ സാധിക്കും. കേരളത്തിന്റെ ജൈവവൈവിധ്യവും നല്ലമണ്ണും ശുദ്ധവായും ശുദ്ധജലവും സംരക്ഷിക്കുന്നതിന് എത്രത്തോളം പ്രതിജ്ഞാബദ്ധമായ ഇടപെടലുകളാണുണ്ടാകേണ്ടതെന്നമുന്നറിയിപ്പാണ് ഈ ധവളപത്രം വ്യക്തമാക്കുന്നത്.
കേരളത്തിന്റെ കാലാവസ്ഥയിൽ നിലവിൽ ഉണ്ടായിരിക്കുന്ന വ്യതിയാനവും ആഗോളകാലാവസ്ഥമാറ്റം സൃഷ്ടിക്കുന്ന വിഭവദൗർലഭ്യവും വിവിധ പ്രകൃതിദുരന്തങ്ങളും സംസ്ഥാനത്തിന്റെ സാമ്പത്തിക സുരക്ഷയെ അസ്ഥിരപ്പെടുത്തുന്നനിലയിൽവരെ എത്തിച്ചിരിക്കുന്നു. കേരളത്തിന്റെ ഭൂപ്രകൃതിക്ക് ഇണങ്ങുന്ന നിലയിലുള്ള വികസനപദ്ധതികളും ഉപഭോഗസംസ്കാരവും നിലനിർത്തേണ്ട ആവശ്യകതയുണ്ട്. നിലവിലുള്ള ഏതാനും വികസനപദ്ധതികളുടെ ഭാഗമായി സംഭവിച്ച ആസൂത്രണത്തിലെ പിഴവും കൃത്യമായ ഭൂവിനിയോഗനയം നടപ്പിലാക്കുന്നതിലെ ദുർബലതയും ഇത്തരം വികസനപദ്ധതികളെ പരിസ്ഥിതിലോലപ്രദേശങ്ങളിൽ നടപ്പിലാക്കുന്ന സാഹചര്യം ഉണ്ടാക്കിയിട്ടുണ്ട്. പരിസ്ഥിതിനീതി, സാമൂഹ്യനീതി, പ്രകൃതിദത്തമൂലധനം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ കാര്യങ്ങൾ വിവിധമഹാമാരികളും പ്രകൃതിക്ഷോഭങ്ങളും നമ്മെ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ഭൂപ്രകൃതി സവിശേഷതകൾക്ക് അനുസൃതമായ നിലയിലുള്ള സമഗ്രമായ ഭൂവിനിയോഗ നയംനടപ്പിലാക്കുവാൻ സാധിക്കാത്തതുകൊണ്ടുതന്നെ കൃഷിഭൂമിയുടെ വ്യാപകമായ നാശവും പരിസ്ഥിതി പ്രദേശങ്ങളിലെ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളും പുന:പരിശോധിക്കേണ്ടതുണ്ട്. സുസ്ഥിരവികസനത്തിന്റെ ഭാഗമായി മനുഷ്യർ അധിവസിക്കുന്ന ഭൂമിയെ സംരക്ഷിക്കുക, എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ഉണ്ടാക്കുക തുടങ്ങിയ ബൃഹത്ലക്ഷ്യങ്ങൾ മുൻനിർത്തി 17 സുസ്ഥിരവികസനലക്ഷ്യങ്ങളാണ് നമുക്ക് പ്രധാനമായും നേടിയെടുക്കാനുള്ളത്. ലോകത്തിലെ ആകെ ജനസംഖ്യയുടെ 20 ശതമാനവും അധിവസിക്കുന്ന ഇന്ത്യക്ക് ഇക്കാര്യത്തിൽ വലിയ ഉത്തരവാദിത്തമാണ് നിർവഹിക്കുവാനുള്ളത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളം ഇക്കാര്യത്തിൽ കുറെയേറെമെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എല്ലാതരത്തിലും എല്ലായിടത്തുമുള്ള ദാരിദ്ര്യം ഇല്ലാതാക്കുക എന്നവിഷയത്തിൽ കേരളം മികച്ച നിലവാരമാണ് പുലർത്തുന്നത്. 100ശതമാനവും ദരിദ്രരില്ലാത്ത പ്രദേശത്തോടൊപ്പം അതിദാരിദ്ര്യം പൂർണമായും ഇല്ലാതാക്കുവാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ഓരോ പഞ്ചായത്തും വിശപ്പുരഹിത ഗ്രാമപഞ്ചായത്തായിമാറിയിട്ടുണ്ട്. സാമൂഹ്യവികസനത്തിൽ കേരളം മറ്റുസംസ്ഥാനങ്ങളെക്കാളും മുന്നോട്ടുപോയിട്ടുള്ളത് യാഥാർത്ഥ്യമാണെങ്കിലും വികസിത രാജ്യങ്ങളുടെ ശ്രേണിയിൽ ഉൾപ്പെടുന്ന അന്തർദേശീയനിലവാരത്തിലേക്ക് ഇനിയും ഉയരേണ്ടിയിരിക്കുന്നു. ഓരോ പ്രദേശത്തും സമാധാനവും നീതിയും ഉറപ്പാക്കിക്കൊണ്ടുമാത്രമേ പൊതുനിലവാരത്തിൽനിന്നും പിന്നാക്കം നിൽക്കുന്നവരെ ഉയർത്തിക്കൊണ്ടുവരാൻ കഴിയുകയുള്ളൂ. സമാധാനവും നീതിയും എല്ലാവർക്കും അനുഭവവേദ്യമാകണമെങ്കിൽ സാമൂഹ്യനീതി ഉറപ്പാക്കുന്ന സാമൂഹ്യസുരക്ഷിത ഭരണസംവിധാനം പ്രയോഗത്തിൽ എത്തേണ്ടതുണ്ട്. വികസിതകാഴ്ചപ്പാട് സാക്ഷാത്കരിക്കുവാൻ ആവശ്യമായ സമഗ്രമായ പരിവർത്തനത്തിന്റെ പാതയിലാണ് കേരളം മുന്നേറുന്നത്. ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യവികസനം എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. വിവിധതന്ത്രങ്ങളുടെ ഫലപ്രദമായ നടപ്പിലാക്കൽ, വിവേകപൂർണ്ണമായ ധനകാര്യമാനേജ്മെൻറ്, ഉൾച്ചേർക്കലിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള നിരന്തരമായ പ്രതിബദ്ധത എന്നിവയെ ആശ്രയിച്ചിരിക്കും കേരളത്തിന്റെ വികസനക്കുതിപ്പിന്റെ പ്രയാണം. നമ്മുടെ സംസ്ഥാനത്തെ വികസനപദ്ധതികൾ ആവിഷ്കരിക്കുമ്പോൾ ബന്ധപ്പെട്ട വികസനമേഖലയിലെ പോരായ്മകൾ കണ്ടെത്തി വിടവുകൾ പരിഹരിക്കുന്നതിനുള്ള പ്രത്യേകശ്രദ്ധനൽകണം. ഇവിടെ സ്വീകരിക്കുന്ന വികസനസൂചകങ്ങളെ സുസ്ഥിരവികസന സൂചകങ്ങളുമായി താരതമ്യപ്പെടുത്തുകയും അതിന്റെ അടിസ്ഥാനത്തിലുള്ള കർമ്മപദ്ധതികൾക്ക് രൂപം നൽകുകയും വേണം.
ഭൂമിയുടെ അവകാശികൾ
പ്രശസ്ത മലയാള സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഏറ്റവും പ്രധാനപ്പെട്ട കഥകളിലൊന്നാണ് ഭൂമിയുടെ അവകാശികൾ. ഭൂമിയിൽ എല്ലാ ജീവജാലങ്ങൾക്കും ഒരേ അവകാശമാണുള്ളത് എന്ന ആശയത്തെ ഈ കഥയിലൂടെ അദ്ദേഹം വളരെ സരസമായി അവതരിപ്പിച്ചിട്ടുണ്ട്. മനുഷ്യന് ഭൂമിയുടെമേൽ അധികാരമുണ്ടെന്ന മിഥ്യാധാരണയുടെ അടിസ്ഥാനത്തിൽ ചെയ്തുകൂട്ടുന്ന അത്യാചാരങ്ങളോടുള്ള കഥാകാരന്റെ അതൃപ്തിയും ഈ രചനയിൽ ദർശിക്കാവുന്നതാണ്. വൈവിധ്യമാർന്ന ഭൂമിയുടെ അവകാശം മനുഷ്യൻ ഉൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങൾക്കും തുല്യമായാണ് വിഭജിച്ച് നൽകേണ്ടത്. ഭൂമിയിലുള്ള എല്ലാ വിഭവങ്ങളും ഉപയോഗിക്കുവാനും എല്ലാത്തരം അനുഭവങ്ങൾ ആസ്വദിക്കുവാനും സകല ജീവജാലങ്ങൾക്കും കഴിയേണ്ടതുണ്ട്. പലപ്പോഴും മനുഷ്യരെ പ്രകൃതിയിൽ ശ്രേഷ്ഠരായി കണക്കാക്കുന്നു. ആധുനിക പാരിസ്ഥിതിക നൈതികത എല്ലാ ജീവജാലങ്ങളുടെയും പരസ്പര ബന്ധത്തിനാണ് പ്രധാനമായും ഊന്നൽ നൽകുന്നത്. മനുഷ്യർ ഭൂമിയെ കീഴടക്കുന്നവരല്ലെന്നും മണ്ണും വെള്ളവും സസ്യങ്ങളും മൃഗങ്ങളും ഉൾപ്പെടുന്ന ഒരു വലിയ സമൂഹത്തിലെ ഒരംഗം മാത്രമാണെന്ന് വാദിക്കുന്ന ആൽഡോ ലിയോപോൾഡിനെ പോലെയുള്ള തത്വചിന്തകരുടെ വാക്കുകളും ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. മുഴുവൻ ആവാസവ്യവസ്ഥയുടെയും പരിപാലനത്തെ പ്രോത്സാഹിപ്പിക്കുന്ന കാര്യസ്ഥൻമാരായി മനുഷ്യർ മാറണമെന്നാണ് ഇത്തരമാളുകൾ മുന്നോട്ടുവയ്ക്കുന്ന വിശാലമായ കാഴ്ചപ്പാട്. ഇത്തരം പുരോഗമന ചിന്തകളിൽനിന്നാണ് പിന്നീട് റൈറ്റ്സ് ഓഫ് നേച്ചർ പ്രസ്ഥാനം ഉൾപ്പെടെയുള്ളവ ഉയർന്നുവന്നിട്ടുള്ളത്.
2008ൽ ഇക്വഡോർ സർക്കാർ പ്രകൃതിയുടെ അവകാശങ്ങളെ ഭരണഘടനയുടെ ഭാഗമായിക്കൂടി അംഗീകരിക്കുന്നനിലയുണ്ടായി. ബൊളീവിയയും ന്യൂസിലൻഡും ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളും ഈ രീതി പിന്തുടർന്നു. മനുഷ്യർ മറ്റു ജീവജാലങ്ങളെക്കാൾ ശ്രേഷ്ഠരല്ലെന്നും ഒരു വലിയ പാരിസ്ഥിതിക വ്യവസ്ഥയുടെ ഭാഗമാണെന്നും പ്രശസ്ത തത്വചിന്തകനായ ആർനെനെസ് വികസിപ്പിച്ച ഡീപ് ഇക്കോളജിയിൽ വളരെ വിശദമായി പ്രതിപാദിക്കുന്നു. ഇതിൽ എല്ലാ ജീവജാലങ്ങളുടെയും അന്തർലീനമായ മൂല്യത്തെ ഊന്നിപ്പറയുകയും പരിസ്ഥിതിക്ക് ദോഷം ഉണ്ടാക്കാത്ത നിലയിൽ മനുഷ്യജീവിതരീതിയിലും നയങ്ങളിലും സാമ്പത്തിക പ്രവർത്തനങ്ങളിലും കാര്യമായ മാറ്റങ്ങൾ ആവശ്യപ്പെടുന്നു. പരിസ്ഥിതിയെ നശിപ്പിക്കുന്ന ഫോസിൽ ഇന്ധനങ്ങളെ വേർതിരിച്ചെടുക്കൽ, വനനശീകരണം എന്നിങ്ങനെയുള്ള മനുഷ്യനിർമ്മിത പ്രവർത്തനങ്ങളെക്കുറിച്ച് പുനർവിചിന്തനം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഗ്രേറ്റ തുൻബെർഗിനെ പോലുള്ള ആധുനികലോകത്തെ യുവ പരിസ്ഥിതി ആക്ടിവിസ്റ്റുകൾ ഉന്നയിക്കുന്ന നിരന്തരവാദങ്ങളും മുഖവിലയ്ക്കെടുക്കേണ്ടതുണ്ട്. നമ്മുടെ ഭൂമിയിലുള്ള വിഭവങ്ങളുടെ തുല്യമായ വിതരണത്തിനും ശുദ്ധവായു, ജലം, ഭൂമി തുടങ്ങിയവയുടെ അവകാശം എല്ലാ വ്യക്തികൾക്കും ജാതി, വർഗ്ഗം, വംശം, വർണം, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ എന്നിവയൊന്നും പരിഗണിക്കാതെതന്നെ ഉറപ്പുവരുത്തുന്ന നിലയുണ്ടാകണം. എല്ലാ ആളുകൾക്കും അവരുടെ സാമൂഹിക, സാമ്പത്തിക നില പരിഗണിക്കാതെ ആരോഗ്യകരമായ അന്തരീക്ഷത്തിൽ ജീവിക്കുവാനുള്ള അവകാശമുണ്ട്. പ്രകൃതിവിഭവങ്ങളിലേക്കുള്ള സ്വതന്ത്രമായ പ്രവേശനവും മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും പോലുള്ള പാരിസ്ഥിതികദോഷങ്ങളിൽ നിന്നുള്ള സംരക്ഷണവും കൂടിയാണ് ഇതിലൂടെ ഉറപ്പുവരുത്തേണ്ടത്. അമേരിക്കയിലെ കറുത്തവർഗ്ഗക്കാരുടെയും വെളുത്തവർഗ്ഗക്കാരുടെയും ഇടയിൽ ജലപ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംഭവിച്ച ഫ്ളിന്റ് വാട്ടർ ക്രൈസിസ് ലോകമാകെ ചർച്ച ചെയ്ത പാരിസ്ഥിതിക വിഷയമാണ്. 1948ലെ മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിലൂടെ എല്ലാ മനുഷ്യർക്കും ഭക്ഷണം, വെള്ളം, പാർപ്പിടം എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന അവകാശങ്ങൾക്ക് അർഹതയുണ്ടെന്നും ഉറപ്പുവരുത്തുന്നു. എന്നാൽ ഭൂമിയിൽ നിലവിലുള്ള വിഭവങ്ങളുടെ സുസ്ഥിരതയുമായി മനുഷ്യാവകാശങ്ങളെ സന്തുലിതമാക്കുമ്പോൾ ആഗോള ജനസംഖ്യയും ഉയർന്നുവരുന്ന ഉപഭോഗരീതികളും വെല്ലുവിളി ഉയർത്തുന്ന പ്രധാന സംഗതികളാണ്. ഭൂമിയിലുള്ള വിഭവങ്ങളുടെ ശരിയായ ഉപയോഗത്തിന് സന്തുലിതവും ധാർമികവും സുസ്ഥിരവുമായ സമീപനത്തിന്റെ ആവശ്യകത വളരെ വലുതാണെന്നബോധ്യം നമുക്ക് ഓരോരുത്തർക്കും ഉണ്ടാകേണ്ടതുണ്ട്. l