Friday, November 8, 2024

ad

Homeലേഖനങ്ങൾപൊലീസിനെ വേട്ടയാടുമ്പോൾ

പൊലീസിനെ വേട്ടയാടുമ്പോൾ

റഷീദ്‌ ആനപ്പുറം

പി വി അൻവർ എംഎൽഎ ഉയർത്തിയ ചില വിഷയങ്ങളുമായി ബന്ധപ്പെട്ട്‌ കേരള പൊലീസിനെയൊന്നാകെ കുരിശേറ്റുകയാണ്‌ ചില മാധ്യമങ്ങളും പ്രതിപക്ഷം അടക്കമുള്ള രാഷ്‌ട്രീയ സംഘടനകളും. അൻവറിന്റെ പരാതിയിൽ വിശദമായ അന്വേഷണം നടക്കുകയാണ്‌. ഏതാനും പൊലീസ്‌ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട്‌ ഉയർന്ന പരാതിയുടെ മറവിൽ പൊലീസ്‌ സേനയെ ആകെ കല്ലെറിയുന്നു ചിലർ. ഇതിൽ പ്രധാനം സംഘി പൊലീസ്‌ എന്ന പട്ടമാണ്‌. സമൂഹത്തിൽ പൊതുവെ വളർന്നുവരുന്ന വർഗീയത എല്ലായിടത്തും എന്ന പോലെ പൊലീസിലെ ചില വ്യക്തികളെയും ബാധിച്ചിട്ടുണ്ടാകാം. എന്നാൽ രാജ്യത്തെ ഏറ്റവും മികച്ച മതനിരപേക്ഷ പൊലീസ്‌ സേനയാണ്‌ കേരളത്തിലേതെന്ന വസ്‌തുതയാണ്‌ ഇവിടെ മറയ്‌ക്കപ്പെടുന്നത്‌. ഇത്‌ പൊലീസിന്റെ ആത്മവീര്യം തകർക്കുന്നതാണ്‌. ഏറ്റവും അപകടരമായ ഒന്നാണ്‌ പൊലീസിന്‌ ചാർത്തിക്കൊടുക്കുന്ന വർഗീയ പട്ടം.

രാജ്യത്തെ മികച്ച സേനയാണ്‌ കേരള പൊലീസ്‌. കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും കൈവരിച്ച മികവ്‌, മാന്യമായ പെരുമാറ്റം, ജനനന്മ, പൊലീസ്‌ ഉദ്യോഗസ്ഥരുടെ ഉയർന്ന വിദ്യാഭ്യാസം, റിക്രൂട്ട്‌മെന്റിലെ സുതാര്യത, മാനുഷികമുഖമുള്ള പരിശീലനം തുടങ്ങിയവയാണ്‌ കേരള പൊലീസിനെ വേറിട്ടുനിർത്തുന്നത്‌. ദുരന്തനിവാരണം പോലുള്ള അടിയന്തര ഘട്ടങ്ങളിൽ പൊലീസിന്റെ സ്വജീവൻ മറന്നുള്ള പ്രവർത്തനങ്ങൾ ജനങ്ങൾ തൊട്ടറിഞ്ഞവയാണ്‌. കോവിഡ്, പ്രളയകാലങ്ങളിൽ പൊലീസ്‌ നടത്തിയ സേവനം ആരും മറക്കില്ല. പ്രമാദമായ കേസുകൾ തെളിയിക്കുന്നതിൽ സിബിഐയെപ്പോലും വെല്ലുന്നതാണ് കേരള പൊലീസ്‌. ഇതെല്ലാം വിസ്‌മരിച്ചാണ്‌ ഇപ്പോൾ പൊലീസ്‌ സേനയെ ചിലർ കുരിശിലേറ്റുന്നത്‌.

രാജ്യത്തെ ഏറ്റവും മികച്ച മതരനിരപേക്ഷ പൊലീസ്‌ കേരളത്തിലേതാണ്‌. മറ്റു പല സംസ്ഥാനങ്ങളിലെയും പൊലീസ്‌ വർഗീയ കലാപങ്ങളിലടക്കം പക്ഷംപിടിച്ച ചരിത്രമാണുള്ളത്‌. ഉത്തർപ്രദേശിലെ സായുധസേനാ വിഭാഗമായ പ്രൊവിൻഷ്യൽ ആംഡ്‌ പൊലീസ്‌ (പിഎസി) ഇക്കാര്യത്തിൽ കുപ്രസിദ്ധമാണ്‌. മിക്ക വർഗീയ കലാപങ്ങളിലും ഇവർക്കുള്ള പങ്ക്‌ അന്വേഷണ കമ്മീഷനുകൾ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. മുംബൈ കലാപത്തിൽ ഏതാനും ഉയർന്ന പൊലീസ്‌ ഉദ്യോഗസ്ഥർ പങ്കാളികളായിരുന്നുവെന്ന്‌ ജസ്റ്റിസ് ശ്രീകൃഷ്‌ണ കമ്മീഷൻ റിപ്പോർട്ടിൽ പ്രത്യേകം പറയുന്നുണ്ട്‌. ഗുജറാത്ത്‌ മുസ്ലിം വംശഹത്യയിൽ ചില ഐപിഎസ്‌ ഉദ്യോഗസ്ഥർതന്നെ കളത്തിലിറങ്ങി. ഉത്തരേന്ത്യയിൽ നടന്ന എല്ലാ വർഗീയ കലാപങ്ങളിലും പൊലീസിന്റെ പങ്ക്‌ വെളിപ്പെട്ടതാണ്‌. ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ട നിരവധി പേരെയാണ്‌ വ്യാജ ഏറ്റുമുട്ടലിലൂടെ പൊലീസ്‌ കൊലപ്പെടുത്തിയത്‌. എന്നാൽ, ഇത്തരം പ്രവൃത്തിയിൽ എവിടെയും കേരള പൊലീസ്‌ ഇല്ല. അഴിമതിയുടെയും കുറ്റകൃത്യങ്ങളുടെയും കാര്യത്തിലും ഇതര സംസ്ഥാന പൊലീസുമായി തട്ടിച്ചുനോക്കിയാൽ ഏറെ ഭേദമാണ്‌ കേരള പൊലീസ്‌. സേനയിലേക്ക്‌ പുതുതായി കടന്നുവരുന്നവരുടെ വിദ്യാഭ്യാസവും അവർക്ക്‌ ലഭിക്കുന്ന ഹൈടെക്‌ പരിശീലനവും എടുത്തുപറയേണ്ടതാണ്‌.

നിയമവാഴ്‌ച ഉറപ്പുവരുത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകലാണ്‌ പൊലീസിന്റെ പ്രഥമ കർത്തവ്യം. പൊലീസ്‌ എന്ന ലത്തീൻ പദത്തിന്റെ അർത്ഥം തന്നെ ‘ജനങ്ങളുടെ സംരക്ഷകൻ’ എന്നതാണ്‌. നിയമത്തിന്റെ ആയുധമണിഞ്ഞവൻ എന്ന്‌ രാമായണത്തിൽ വാല്മീകി മഹർഷി പൊലീസിനെ വിശേഷിപ്പിക്കുന്നു. ‘മൃദുഭാവേ ദൃഢകൃതേ’ എന്നതാണ്‌ പൊലീസിന്റെ ആപ്‌തവാക്യം. ഇവ യൂണിഫോമിന്റെ ഭാഗമായ തൊപ്പിയുടെ എംബ്ലത്തിൽ ആലേഖനം ചെയ്‌തിട്ടുമുണ്ട്‌. നിയമവാഴ്‌ച ഉറപ്പുവരുത്താൻ ജനങ്ങളോടൊത്ത്‌ പ്രവർത്തിക്കണമെന്ന്‌ പൊലീസിന്റെ ദൗത്യപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു. എന്നാൽ ഭരണകൂടത്തിന്റെ മർദ്ദനോപകരണമായാണ്‌ എക്കാലവും പൊലീസിനെ ജനങ്ങൾ കണ്ടിരുന്നത്‌. രാജഭരണത്തിലും കൊളോണിയൽ ഭരണത്തിലും അധികാരകേന്ദ്രത്തിന്റെ കൂലിപ്പട്ടാളമായി പ്രവർത്തിച്ച സേന ജനാധിപത്യ ഭരണസംവിധാനത്തിലും ഈ ചട്ടക്കൂടിൽതന്നെയാണ്‌ പ്രവർത്തിച്ചത്‌. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതിനേക്കാൾ ഭരണകൂട താൽപര്യമാണ്‌ ഇവർ സംരക്ഷിച്ചത്‌. അതോടെ പൊലീസ്‌ സംവിധാനത്തിന്റെ ഏറ്റവും വലിയ അപാകം അതിന്റെ ജനവിരുദ്ധതയായി. ഭരണകൂടത്തോട്‌ ഒട്ടിനിൽക്കാനാണ്‌ എന്നും പൊലീസ്‌ മിടുക്ക്‌ കാട്ടിയത്‌.
1975ലെ അടിയന്തരാവസ്ഥയിൽ അതിന്റെ ആഴം നമ്മൾ കണ്ടു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഡൽഹിയിലും മണിപ്പൂരിലും യുപി ഉൾപ്പെടെ മറ്റു പല സംസ്ഥാനങ്ങളിലും പൊലീസ്‌ എങ്ങനെയാണ്‌ ഭരണകൂടത്തിന്റെ കൂലിപ്പട്ടാളമായി പ്രവർത്തിച്ചതെന്നും നമ്മൾ കണ്ടു. കേരള പൊലീസ്‌ മാത്രമാണ്‌ അതിൽനിന്നു വേറിട്ടുനിന്നത്‌. സ്വാതന്ത്ര്യ സമരകാലത്തും ശേഷവും തൊഴിലാളി, കർഷകാദി ബഹുജന പ്രക്ഷോഭങ്ങളെ ഭരണകൂടം പൊലീസിനെ ഉപയോഗിച്ച്‌ അടിച്ചമർത്തിയ ചരിത്രം ഇഎംഎസ്‌ വിവരിക്കുന്നുണ്ട്‌. മണ്ണിന്റെ മക്കൾക്കുവേണ്ടി നടത്തിയ പോരാട്ടത്തിൽ ചരിത്രം കുറിച്ച അമരാവതി സത്യഗ്രഹത്തിലേക്ക്‌ നയിച്ച മലയോര കർഷകരുടെ കുടിയിറക്കിൽ പൊലീസ്‌ വഹിച്ച പങ്ക്‌ എകെജി ഹൃദയ വേദനയോടെ ഇങ്ങനെ വിവരിക്കുന്നു: ‘മെയ്‌ രണ്ടിന്‌ പൊലീസുകാർ കുടിലുകൾ പൊളിക്കാൻ തുടങ്ങി. കുടിലുകൾ വെറുതെ പൊളിച്ചുകളയുന്നതു കൊണ്ട്‌ ഫലമില്ലെന്നറിഞ്ഞ പൊലീസുകാർ അവ കത്തിച്ചുകളയുക എന്ന നയമാണ്‌ സ്വീകരിച്ചത്‌. ദിവസേന ശരാശരി 100 വീടുകൾ വീതം കത്തിച്ചുകളയുക എന്നതായിരുന്നു അവരുടെ പദ്ധതി…. വീടുകൾ കത്തിക്കുന്നതിനൊപ്പം വിളകളും പൊലീസ്‌ നശിപ്പിച്ചുകൊണ്ടിരുന്നു. മദം പൊട്ടിയ കാട്ടാനകൾ വിളകൾ നശിപ്പിക്കുന്നതുപോലെ പൊലീസ്‌ വിളകൾ നശിപ്പിക്കുകയാണ്‌ ചെയ്‌തത്‌. ലാത്തികൊണ്ടടിച്ചും കൈകൊണ്ട്‌ പിഴുതെറിഞ്ഞും തള്ളിമറിച്ചിട്ടും ചവിട്ടിയരച്ചും പൊലീസ്‌ മർദിക്കുകയായിരുന്നു. (മണ്ണിനുവേണ്ടി–-എകെജി, പേജ്‌ 60).

ഫ്യൂഡൽ കൊളോണിയൽ ചട്ടക്കൂടാണ്‌ പൊലീസിനെ അത്തരത്തിൽ മൃഗതുല്യരാക്കിയത്‌. സമൂഹത്തിൽ നടക്കുന്ന എല്ലാ പരിഷ്‌കാരങ്ങൾക്കും പൊലീസ്‌ എതിരാണ്‌. മാറ്റങ്ങൾക്കായി നടക്കുന്ന ഏത്‌ പ്രക്ഷോഭവും വർധിതവീര്യത്തോടെ അവർ അടിച്ചമർത്തും. ‘ Police is the shock absorber for social change and shall bear the maximum burnt of it’ –-പൊലീസിനെ കുറിച്ചുള്ള ബെയ്‌ലിയുടെ നിരീക്ഷണമാണിത്‌. ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പബ്ലിക്‌ ഒപ്പീനിയനുവേണ്ടി 1964ൽ പ്രഫ. എഡ്വാർഡ്‌ പെൽഡും സുഹൃത്തുക്കളും നടത്തിയ പഠനം പൊലീസ്‌ നിഷ്‌പക്ഷമല്ലെന്നും പണക്കാർക്കും ഭൂ ഉടമകൾക്കും രാഷ്‌ട്രീയക്കാർക്കും അനുകൂല നിലപാട്‌ സ്വീകരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. (പൊലീസ്‌ ജനങ്ങളുടെ പ്രതീക്ഷയും യാഥാർഥ്യവും–-ഡോ. അലക്‌സാണ്ടർ ജേക്കബ്‌). 1972ൽ ബനാറസ്‌ ഹിന്ദു യൂണിവേഴ്സിറ്റി ‘സെന്റർ ഫോർ സ്‌റ്റഡി ഓഫ്‌ സ്‌റ്റേറ്റ്‌ ഗവൺമെന്റ്‌സ്‌’ നടത്തിയ പഠനത്തിലും പൊലീസും ജനങ്ങളും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

1861ൽ ബ്രിട്ടീഷുകാർ രൂപപ്പെടുത്തിയ ഇന്ത്യൻ പൊലീസ്‌ ആക്ടാണ്‌ ഇത്തരമൊരു ദൂഷിത വലയം സൃഷ്‌ടിച്ചത്‌. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരമാണ്‌ പൊലീസിനെ നിയന്ത്രിക്കാൻ കാടൻ നിയമങ്ങൾ കൊണ്ടുവരാൻ ബ്രിട്ടീഷ്‌ ഭരണകൂടത്തെ പ്രേരിപ്പിച്ചത്‌. അന്നത്തെ പ്രക്ഷോഭത്തിൽ ഇന്ത്യക്കാരായ സൈന്യം വഹിച്ച പങ്ക്‌ വലുതായിരുന്നു. അതിനാലാണ്‌ ആ പ്രക്ഷോഭത്തെ വെള്ളക്കാർ ‘ശിപായി ലഹള’ എന്ന്‌ ആക്ഷേപിച്ചത്‌. ബ്രിട്ടീഷ്‌ ഭരണത്തിന്റെ മർദ്ദനോപകരണമായിരിക്കെത്തന്നെ ഇന്ത്യൻ പൊലീസ്‌ പ്രകടിപ്പിച്ച ഉന്നതമായ രാഷ്‌ട്രീയബോധവും രാജ്യസ്‌നേഹവും വെള്ളക്കാരനെ അലോസരപ്പെടുത്തിയിരുന്നു. 1857ലെ പ്രക്ഷോഭം അടിച്ചമർത്തി ഇന്ത്യൻ കൊളോണിയൽ ഭരണനേതൃത്വം ഏറ്റെടുത്ത വിക്‌ടോറിയ രാജ്ഞി ആദ്യം പൊലീസിൽതന്നെ കൈവെച്ചത്‌ അതിനാലാണ്‌. ഇന്ത്യൻ പൊലീസ്‌ എങ്ങനെയാകണമെന്ന്‌ പഠിക്കാൻ രാജ്ഞി മൂന്ന്‌ ഇംഗ്ലീഷുകാരും രണ്ട്‌ നാട്ടുരാജാക്കൻമാരും അടങ്ങുന്ന കമ്മീഷനെ ചുമതലപ്പെടുത്തി. 1861ൽ ഈ കമ്മീഷൻ നൽകിയ റിപ്പോർട്ടിന്റെ മറവിലാണ്‌ കുപ്രസിദ്ധമായ ഇന്ത്യൻ പൊലീസ്‌ ആക്ട്‌ രൂപപ്പെട്ടത്‌. കൊളോണിയൽ ഭരണം സംരക്ഷിക്കാനുള്ള കൂലിപ്പട്ടാളം എന്ന നിലയ്ക്കാണ്‌ ഈ നിയമം പൊലീസിന്റെ രൂപവും ഘടനയും രൂപപ്പെടുത്തിയത്‌. വിവേകവും വകതിരിവുമുള്ള ജോലി കോൺസ്‌റ്റബിൾമാരെ ഏൽപ്പിക്കുന്നത്‌ ഈ നിയമം വിലക്കുന്നു. ഈ പൊലീസിന്റെ പുതിയ രൂപത്തെയാണ്‌ സ്വാതന്ത്ര്യാനന്തരം നമ്മൾക്ക്‌ ലഭിച്ചത്‌. വർത്തമാനകാല പൊലീസ്‌ സംസ്‌കാരവും സംവിധാനവും ബ്രിട്ടീഷ്‌ സാമ്രാജ്യത്വ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ആ ഗവൺമെന്റിനെ നിലനിർത്തുന്നതിനും രൂപംകൊടുത്തതിന്റെ തുടർച്ച മാത്രമാണെന്ന്‌ 1977ലെ ‘ധർമവീര കമ്മീഷൻ’ റിപ്പോർട്ട്‌ പറയുന്നു. ‘അധികാരവർഗത്തിന്റെ ഏജന്റ്‌ എന്ന പദവി നേടിയ പൊലീസിന്റെ പ്രവർത്തനം മൃഗീയമാണ്‌. സ്വതന്ത്രവും നിഷ്‌പക്ഷവുമായ നിയമവാഴ്‌ച നടപ്പാക്കുന്ന ഒരു സേന എന്നതിനേക്കാൾ ഭരണകൂട താൽപര്യം നടപ്പാക്കുന്നവരായാണ്‌ പൊലീസിനെ സമൂഹം വലിയിരുത്തുന്നത്‌’–- എന്ന്‌ ധർമ്മ വീര കമ്മീഷൻ പറയുന്നു. ‘‘ഇന്ത്യയിലെ നിയമ വിരുദ്ധമായ ഒരു ക്രിമിനൽ സംഘം’’ എന്നാണ്‌ പൊലീസിനെ അലഹബാദ്‌ ഹൈക്കോടതി ജസ്‌റ്റീസായിരുന്ന മുള്ള വിശേഷിപ്പിച്ചത്‌.

ഈ ദൂഷിത വലയത്തിൽനിന്ന്‌ കേരളം പോലുള്ള ചില സംസ്ഥാനങ്ങളിൽ ക്രമേണ പൊലീസ്‌ മാറി. ബുദ്ധിശക്തികൊണ്ട്‌ ന്യായയുക്ത തീരുമാനങ്ങൾ എടുക്കുകയും പ്രേരണയും ആജ്ഞാശക്തിയും കൊണ്ട്‌ പൊതുജന സഹകരണം നേടിയെടുക്കുകയും ചെയ്യണമെന്നും ധർമ്മ വീര നിർദേശിച്ചിരുന്നു. 1902ലെ ഇന്ത്യൻ പൊലീസ്‌ കമ്മീഷൻ മുന്നോട്ടുവെച്ച പ്രധാന നിർദ്ദേശവും ഇതാണ്‌. എത്ര വലിയ വിലനൽകേണ്ടിവന്നാലും പൊലീസിൽ വിപ്ലവകരമായ മാറ്റം അനിവാര്യമാണെന്ന്‌ പൊലീസ്‌ കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ആ മാറ്റത്തിന്‌ തുടക്കമിട്ടതാകട്ടെ കേരളത്തിൽനിന്നാണ്‌.

കേരള പൊലീസിന്റെ പ്രവർത്തന രീതിയിലും ഭാവത്തിലും ഇന്ന്‌ കാണുന്ന മറ്റം യാദൃച്ഛികമായി ഉണ്ടായതല്ല. 1957ലെ ആദ്യ ഇഎംഎസ്‌ സർക്കാർ മുതൽ നിലവിലെ രണ്ടാം പിണറായി സർക്കാർ വരെ നടത്തിയ പരിഷ്‌കാരങ്ങളാണ്‌ പൊലീസിനെ ഭരണ കൂടത്തിന്റെ മർദനോപകരണം എന്നതിൽനിന്ന്‌ ജനസൗഹൃദ പൊലീസ്‌ എന്നതിലേക്ക്‌ മാറ്റിയെടുത്തത്‌. 1957ൽ ഇഎംഎസ്‌ സർക്കാർ നിയോഗിച്ച എൻ സി ചാറ്റർജി കമ്മീഷനും 1986ലെ എം കെ ജോസഫ്‌ കമ്മീഷനും 2005ലെ ജസ്റ്റീസ്‌ കെ ടി തോമസ്‌ കമ്മീഷനും ഇതിന്‌ തെളിവാണ്‌. പൊലീസും ജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന്‌ എല്ലാ കമ്മീഷനുകളും തുറന്ന്‌ പറഞ്ഞു. ‘‘പൊലീസുകാരുടെ ന്യായമായ അവകാശങ്ങൾ അനുവദിച്ചു കിട്ടണമെങ്കിൽ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ മുഴുവൻ പിന്തുണയും സഹകരണവും പൊലീസുകാർക്കുണ്ടാകണം. മറ്റ്‌ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക്‌ അവരുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കാൻ യൂണിഫോമിട്ട തൊഴിലാളികൾ എന്ന്‌ വിളിക്കാവുന്ന പൊലീസിന്റെ പിന്തുണയും സഹകരണവും വേണം’’– ഇഎംഎസിന്റെ വാക്കുകളാണിത്‌.

തുടർന്ന്‌ പൊലീസിനെ കൊളോണിയൽ–-ഫ്യൂഡൽ ചട്ടക്കൂടിൽനിന്ന്‌ മോചിപ്പിച്ച്‌ ജനകീയ മുഖം നൽകാൻ ഇന്ത്യയിൽ ആദ്യ ശ്രമം നടത്തിയതും 1957ലെ ഇഎംഎസ്‌ സർക്കാരാണ്‌. പിന്നീട്‌ ജനകീയ പൊലീസിങ്‌ ഒരു പദ്ധതി എന്ന നിലയ്ക്ക് നടപ്പാക്കാൻ 1996–-2001ൽ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാർ ശ്രമിച്ചു. വി എസ്‌ അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്‌ണൻ ജനമൈത്രി പൊലീസ്‌ സംവിധാനം ശക്തിപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കഴിഞ്ഞ സർക്കാരും നിലവിലെ സർക്കാരും എല്ലാ പൊലീസ് സ്‌റ്റേഷനുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിച്ചു. കേരള പൊലീസിനെ ജനങ്ങളുമായി അടുപ്പിച്ച ഏറ്റവും ശ്രദ്ധേയമായ പദ്ധതിയാണ്‌ ജനമൈത്രി പൊലീസ്‌.

ഇന്ന്‌ കേരളത്തിലുള്ളത്‌ ഹൈടെക്‌ പൊലീസ്‌ ആണ്‌. ഏത്‌ കേസ്‌ അന്വേഷിച്ച്‌ തെളിയിക്കാനും കേരള പൊലീസിന്‌ പ്രാപ്‌തിയുണ്ട്‌. കുട്ടികൾക്കും സ്‌ത്രീകൾക്കും എതിരായ ഓൺലൈൻ അതിക്രമം തടയാൻ നടത്തിയ ഇടപെടലിന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം കേരള പൊലീസ്‌ ഏറ്റു വാങ്ങിയത്‌ ഈ അടുത്ത കാലത്താണ്‌. മുമ്പും ഒട്ടേറെ അംഗീകാരങ്ങൾ കേരള പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌. സ്‌റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റ്‌, ബിഗ്‌ഡാഡി ഓപ്പറേഷൻ, ചിരി, ഹോപ് തുടങ്ങിയ ഒട്ടേറെ സാമൂഹ്യാധിഷ്‌ഠിത പദ്ധതികൾ കേരള പൊലീസ്‌ നടത്തുന്നു. സ്‌ത്രീകളുടെ സുരക്ഷയ്‌ക്കായി വനിതാ ബറ്റാലിയൻ ആരംഭിച്ചു. പിങ്ക്‌ പൊലീസും പിങ്ക്‌ ബീറ്റും സ്വയം പ്രതിരോധ പരിശീലനവും സ്‌ത്രീ സുരക്ഷയിൽ എടുത്തു പറയേണ്ടതാണ്‌. പ്രധാന പൊലീസ്‌ സ്‌റ്റേഷനുകൾ ബാലസൗഹൃദ സ്‌റ്റേഷനുകൾ ആയി. എല്ലാ പൊലീസ്‌ സ്‌റ്റേഷനുകളിലും സൈബർ വിങ്‌ ആരംഭിച്ചു. ഇങ്ങനെ മികച്ച നിലയിൽ കേരള പൊലീസ്‌ രാജ്യത്തിന്‌ അഭിമാന മാകുമ്പോഴാണ്‌ ഒറ്റപ്പെട്ട ചില പരാതികളുടെ മറവിൽ പൊലീസ്‌ സേനയെ മൊത്തം കുറ്റക്കാരായി വേട്ടയാടുന്നത്‌. കുറ്റക്കരായ പൊലീസുകാർക്കെതിരെ ശക്തമായ നടപടിയാണ്‌ സർക്കാർ സ്വകീരിക്കുന്നത്‌. തെറ്റു ചെയ്‌തവർ സേനയിൽ ഉണ്ടാകില്ല എന്ന മുഖ്യമന്ത്രിയുടെ വെറും വാക്കല്ല. അത്‌ പ്രവർത്തികമാക്കിയ മുഖ്യമന്ത്രിയാണ്‌ പിണറായി വിജയൻ. ഇതെല്ലാം മറച്ചുവെച്ച്‌ പൊലീസ്‌ സേനയ്‌ക്കെതിരെ നടക്കുന്ന വേട്ടയാടലിന്‌ പിന്നിലെ ലക്ഷ്യം എന്തായാലും അത്‌ കേരളത്തിന്‌ ഭൂഷണമല്ല. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × two =

Most Popular