സെപ്തംബർ 29 ഞായറാഴ്ച അർദ്ധരാത്രിക്കു ശേഷം, ലെബനോണിന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ കോളാ പാലത്തിനു സമീപമുള്ള ഒരു ആറുനിലക്കെട്ടിടത്തിനു നേരെ ഇസ്രായേലി ഡ്രോണുകൾ നടത്തിയ മിസൈലാക്രമണത്തിൽ, പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പാലസ്തൈൻ (പി. എഫ്. എൽ പി) എന്ന പാലസ്‌തീൻ വിമോചനസംഘടനയുടെ ഒരു കമാണ്ടർ അടക്കം മൂന്നു പോരാളികൾ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നപ്പോഴാണ്, ഏറെക്കാലത്തിനു ശേഷം, പി എഫ് എൽ പി എന്ന മാർക്സിസ്റ്റ് – ലെനിനിസ്റ്റ് പാലസ്തീൻ വിമോചന സംഘടന വീണ്ടും വാർത്താ തലക്കെട്ടുകളിൽ ഇടംപിടിക്കുന്നത്.
പി എഫ് എൽ പിയുടെ പൊളിറ്റ് ബ്യൂറോ അംഗവും, മിലിട്ടറി സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിന്റെ കമാണ്ടറുമായ സ: മുഹമ്മദ് അബ്ദ് അൽ-ആൽ (അബു ഗാസി), പി എഫ് എൽ പിയുടെ സായുധവിഭാഗം അംഗവും, സംഘടനയുടെ ലബനോണിലെ മിലിട്ടറി കമാണ്ടറുമായ സ: ഇമാദ് ഔദ (അബു സിയാദ്), പി എഫ് എൽ പി അംഗമായ സ: അബ്ദ് അൽ-റഹ്മാൻ അബ്ദ് അൽ-ആൽ എന്നിവരാണ്, ബെയ് റൂട്ടിലെ നഗരഹൃദയം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന കോള ഓവർബ്രിഡ്ജിനടുത്തുള്ള ഫ്ലാറ്റ് സമുച്ചയത്തിലെ ഒരു നിലയെ പൂർണ്ണമായി തകർത്ത മിസൈലാക്രമണത്തിൽ കൊല്ലപ്പെട്ടത്.
ബെയ് റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശവും ഹിസ്‌ബൊള്ളയുടെ ശക്തികേന്ദ്രവുമായ ദാഹിയേയിൽ, ഹിസ്‌ബൊള്ളയുടെ സെക്രട്ടറി ജനറൽ ഹസ്സൻ നസറള്ളയുൾപ്പെടെയുള്ള നേതാക്കളെ കൂട്ടക്കൊല ചെയ്തതടക്കം തുടർച്ചയായ ബോംബാംക്രമണങ്ങൾ ഇസ്രയേൽ വ്യോമസേന നടത്തിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും, നഗരത്തിലെ കേന്ദ്രപ്രദേശങ്ങളിൽ നടക്കുന്ന ആദ്യത്തെ ആക്രമണമായിരുന്നു ഇത്.
വെസ്റ്റ്ബാങ്കിൽ, ഇസ്രയേൽ സേനയുടെ കടന്നുകയറ്റങ്ങളോടുള്ള ചെറുത്തുനിൽപ്പുകൾക്ക് നേതൃത്വം കൊടുത്തുപോന്ന വിപ്ലവകാരികളായിരുന്നു കൊല ചെയ്യപ്പെട്ട അബു ഗാസിയും അബു സിയാദും. അതുകൊണ്ടുതന്നെ സിയോണിസ്റ്റുകളുടെ പ്രധാന നോട്ടപ്പുള്ളികളുമായിരുന്നു അവർ.
പലസ്തീൻ പ്രശ്നമെന്നാൽ, മുസ്ലീങ്ങളും ജൂതരും തമ്മിലുള്ള എന്തോ മതപരമായ വിഷയം മാത്രമാണെന്നോ, ഹമാസെന്ന ഇസ്ലാമികഭീകരവാദികളും, ഇസ്രയേലെന്ന ജനാധിപത്യരാജ്യവും തമ്മിലുള്ള ഏറ്റുമുട്ടലാണെന്നോ ഒക്കെ ധരിച്ചുവെച്ചിട്ടുള്ളവർ ശ്രദ്ധയോടെ മനസ്സിലാക്കേണ്ട ചരിത്രമാണു പി എഫ് എൽ പി (PFLP) എന്ന ഇടതുപക്ഷ വിമോചനപ്പോരാളികളുടേത്.
1967-ലാണ്, ജോർജ് ഹബാഷ് എന്ന പലസ്തീൻ വിമോചനപ്പോരാളിയുടെ നേതൃത്വത്തിൽ പി എഫ് എൽ പി രൂപീകരിക്കപ്പെടുന്നത്. ഡോക്ടറായിരുന്ന ജോർജ്ജ് ഹബാഷ് ഓർത്തഡോക്സ് ഗ്രീക്ക് ക്രിസ്ത്യാനിയായിരുന്നു. ഇസ്രായേൽ അധിനിവേശത്തിലുള്ള പലസ്തീൻ മേഖലകളിലൊന്നായ ലിദ്ദ എന്ന ഗ്രാമത്തിലാണു ജോർജ്ജ് ഹബാഷ് ജനിച്ചത്. 1948-ലെ അറബ് – ഇസ്രയേൽ യുദ്ധത്തിന്റെ ഭാഗമായി നടന്ന ലിദ്ദ ഡെത്ത് മാർച്ചിൽ 50,000 – 70,000 പലസ്തീൻ കാർ, ലിദ്ദയിൽ നിന്നും, റാം ലയിൽ നിന്നും തുരത്തിയോടിക്കപ്പെട്ടു. ഇസ്രയേൽ സേനയുടെ കല്പനപ്രകാരം പലായനം ചെയ്ത പാലസ്തീൻകാരിൽ ഒരുപാടുപേർ ആ യാത്രയിൽ മരിച്ചുവീണു. ആഹാരവും വെള്ളവുമില്ലാതെ മൂന്നുദിവസം നടന്നതിനുശേഷമാണവർ അറബ് സൈന്യങ്ങൾക്കു സമീപമെത്തിയത്. ആ ദുരന്തത്തിന്റെ ഇരയായിരുന്നു ജോർജ് ഹബാഷിന്റെ കൊച്ചനിയത്തിയും. അന്ന് വൈദ്യശാസ്ത്രവിദ്യാർത്ഥിയായിരുന്ന ഹബാഷ് പിന്നീട് ബെയ് റൂട്ടിലെ അമേരിക്കൻ യൂണിവേഴ് സിറ്റി ഓഫ് ബെയ് റൂട്ടിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.
ഈ ലിദ്ദയിലായിരുന്നു അന്ന് പലസ്തീന്റെ വിമാനത്താവളം നിലനിന്നിരുന്നത്. ഇന്നത് ഇസ്രയേലിന്റെ ബെൻ ഗൂരിയൺ വിമാനത്താവളമായി മാറിയിരിക്കുന്നു.
1953-ൽ രൂപീകരിക്കപ്പെട്ട അറബ് നാഷണലിസ്റ്റ് മൂവ്മെന്റിന്റെ തുടർച്ചയായിട്ടാണു പി എഫ് എൽ പി രൂപംകൊള്ളുന്നത്. ചെ ഗുവേരയുടെ വിപ്ലവകാരിയായ മനുഷ്യനെന്ന ആശയത്താൽ പ്രചോദിതനായ ജോർജ്ജ് ഹബാഷ്, ശാസ്ത്രീയതയിൽ അടിയുറച്ച ഒരു അറബ് ദേശീയതയെയാണു വിഭാവനം ചെയ്തിരുന്നത്. ഒരു വർഷത്തിനകം, ഏകദേശം മൂവായിരത്തോളം ഗറില്ലകളെ പി എഫ് എൽ പി പരിശീലിപ്പിച്ചെടുത്തു. 1969-ൽ, പി എഫ് എൽ പി, തങ്ങൾ മാർക്സിസ്റ്റ് – ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ അടിയുറച്ചതും, അതേസമയം അറബ് ദേശീയതയെ ഉയർത്തിപ്പിടിക്കുന്നതുമായ സംഘടനയാണെന്ന് പ്രഖ്യാപിച്ചു. പലസ്തീൻ വിമോചനപ്പോരാട്ടത്തെ, പാശ്ചാത്യസാമ്രാജ്യത്വവിരുദ്ധപ്പോരാട്ടത്തിന്റെ ഒരവിഭാജ്യഘടകമായിട്ടാണ് പി എഫ് എൽ പി കാണുന്നത്.
ഹമാസും ഹിസ്ബൊള്ളയുമൊക്കെ ഉടലെടുക്കുന്നതിനെത്രയോ മുമ്പ്, അറുപതുകളിലും എഴുപതുകളിലും, പലസ്തീൻ വിമോചനത്തിനായി സൂയിസൈഡ് ബോംബ് ആക്രമണങ്ങളും, വിമാനറാഞ്ചലുകളുമൊക്കെ നടത്തിക്കൊണ്ടാണ് പി എഫ് എൽ പിയുടെ പോരാളികൾ ലോകശ്രദ്ധ പിടിച്ചുപറ്റിയത്. ആദ്യത്തെ വനിതാ വിമാനറാഞ്ചിയായ ലൈലാ ഖാലിദ് പി എഫ് എൽ പിയുടെ പോരാളിയായിരുന്നു. അധിനിവേശം ചെയ്യപ്പെട്ട പലസ്തീനിലെ ഹൈഫയിൽ ജനിച്ച ലൈലാ ഖാലിദ് ഇപ്പോൾ ജോർഡാനിലാണു ജീവിക്കുന്നത്. പി എഫ് എൽ പിയുടെ കേന്ദ്ര കമ്മറ്റി അംഗമാണു ലൈലാ ഖാലിദ് ഇപ്പോഴും.
1968-ൽ, യാസർ അരാഫത്തിന്റെ ഫത്തേഹ് പാർട്ടി അടക്കമുള്ള വിവിധ പാലസ്തീൻ വിമോചനസംഘടനകൾ കൈകോർത്ത്, പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പി എൽ ഒ) രൂപീകരിച്ചപ്പോൾ അതിലെ രണ്ടാമത്തെ വലിയ സംഘടനയായിരുന്നു പി എഫ് എൽ പി. പക്ഷേ, 1993-ൽ ഓസ്ലോ കരാർ ഒപ്പിട്ടതിലൂടെ പി എൽ ഒ സായുധപ്പോരാട്ടത്തിന്റെ പാത വെടിയാനും, ഇസ്രയേൽ പലസ്തീൻ അതോറിറ്റിയെ അംഗീകരിക്കാനും തത്വത്തിൽ തീരുമാനമെടുത്തെങ്കിലും, ഫലത്തിൽ പി എൽ ഒയുടെപോരാട്ടങ്ങൾ ദുർബ്ബലമായിപ്പോവുകയും, മറുവശത്ത് ഹമാസ് അടക്കമുള്ള രാഷ്ട്രീയ ഇസ്ലാമിക സംഘങ്ങൾ വളർന്നുവരികയും മാത്രമാണുണ്ടായതെന്നത് ചരിത്രത്തിന്റെ ഭാഗമായിരുന്നല്ലോ. തൊണ്ണൂറുകളുടെ ആദ്യവർഷങ്ങളിൽ, സോവിയറ്റ് യൂണിയന്റെ പതനവും, ഇസ്ലാമിസിസത്തിന്റെ വളർച്ചയും അടക്കമുണ്ടായ സംഭവവികാസങ്ങളും, ഖാസൻ കനാഫിനിയെപ്പോലുള്ള നേതാക്കളുടെ കൊലപാതകങ്ങളും, പിഎഫ്എൽപിയെ ദുർബ്ബലമാക്കുകയും, പി എൽ ഒയെ പലസ്‌തീൻ രാഷ്ട്രീയത്തിൽ ഏറെക്കുറെ അപ്രസക്തമാക്കുകയുമാണുണ്ടായത്. പലസ്തീൻ വിമോചനപ്പോരാട്ടത്തെ പ്രതിനിധീകരിക്കുന്നത് ഹമാസാണെന്നു വരുത്തിത്തീർക്കുന്നത്, പലസ്തീൻ വിഷയമെന്നാൽ ഇസ്ലാമിന്റെ മാത്രം പ്രശ്നമാണെന്ന ലേബലിലേക്കൊതുക്കാനുള്ള അമേരിക്കയുടെയും ഇസ്രയേലിന്റെയും തന്ത്രത്തിന്റെ തന്നെ ഭാഗമായിരുന്നു.
അഫ്‌ഗാനിസ്ഥാനിലെ സോവിയറ്റ് സാന്നിധ്യത്തെ ചെറുത്തു നിൽക്കാൻ ഉയർന്നുവന്ന അഫ്ഗാൻ വിമോചനപ്പോരാളിയായി ഒസാമ ബിൻ ലാദനെ വാഴ്‌ത്തിയ പാശ്ചാത്യമാധ്യമങ്ങളുടെയും ബുദ്ധികേന്ദ്രങ്ങളുടെയും അതേ തന്ത്രം തന്നെയായിരുന്നു, പലസ്തീൻ വിമോചനപ്പോരാട്ടത്തിന്റെ പ്രതിനിധികളായി പി എഫ് എൽ പിക്കും പി എൽ ഒക്കും പകരം ഹമാസിനെയും ഇസ്ലാമിക് ജിഹാദിനെയും പ്രതിഷ്ഠിക്കുകയെന്നത്. അറബ്–മുസ്ലിംതീവ്രവാദം, അറബ് മുസ്ലിം അപരത്വം (Otherness) എന്നീ കൗശലപദ്ധതികൾ ഉപയോഗിച്ച്, അറബ് – മുസ്ലിം ഐഡന്റിറ്റികളെത്തന്നെ ഒരുതരം ആഗോളതീവ്രവാദത്തിന്റെ (global terror) ഭാഗമാക്കി മാറ്റുകയെന്ന അമേരിക്കൻ നവസാമ്രാജ്യത്വ- സിയോണിസ്റ്റ് ശക്തികളുടെ ദീർഘകാലപദ്ധതിയാണല്ലോ ഇപ്പോൾ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതികളെപ്പറ്റി നിശ്ശബ്ദത പാലിക്കാൻ ലോകത്തെ പ്രേരിപ്പിക്കുന്നത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയുടെ പുലർവേളയിൽ, ബെയ് റൂട്ടിനു മുകളിൽ പറന്നുകൊണ്ടിരിക്കുന്ന ഇസ്രയേലീ ഡ്രോണുകൾ പി എഫ് എൽ പിയുടെ മൂന്നു പോരാളികളെ ലക്ഷ്യമാക്കി മിസൈൽ പായിച്ചപ്പോൾ സിയോണിസ്റ്റുകൾ സ്വയമറിയാതെ ചെയ്തിരിക്കുന്നത്, പി എഫ് എൽ പിയെന്ന മാർക്സിസ്റ്റ് – ലെനിനിസ്റ്റ് വിപ്ലവപ്രസ്ഥാനത്തിന്റെ ഇന്നും തുടരുന്ന സാന്നിധ്യത്തെ ലോകത്തോടു വിളിച്ചുപറയുക എന്നതാണ്. ഈ കൊലപാതകങ്ങൾക്കൊന്നും വിമോചനപ്പോരാട്ടത്തിന്റെ പാതയിൽനിന്ന് തങ്ങളെ പിന്തിരിപ്പിക്കാനാവില്ലെന്നും, സിയോണിസ്റ്റ് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരമായ കൊലപാതകങ്ങൾക്ക് അവർ കനത്ത വില കൊടുക്കേണ്ടി വരുമെന്നും പി എഫ് എൽ പി ഒരു പ്രസ്താവനയിൽ പ്രഖ്യാപിച്ചിട്ടുമുണ്ട്. l