Thursday, November 21, 2024

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍പാലക്കാടിനെ ചുവപ്പിച്ച വിപ്ലവകാരികൾ

പാലക്കാടിനെ ചുവപ്പിച്ച വിപ്ലവകാരികൾ

കെ ബാലകൃഷ്‌ണൻ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 51

കേരളത്തിൽ കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ശക്തികേന്ദരമായി പാലക്കാട് മാറിയതിനു പിന്നിൽ എണ്ണമറ്റ വിപ്ലവകാരികളുടെ ത്യാഗോജ്ജ്വലമായ പ്രവർത്തനമുണ്ട്. പി.വി.കുഞ്ഞുണ്ണിനായരും ഇ.പി.ഗോപാലനും പി.ബാലചന്ദ്രമേനോനും എ.കെ.രാമൻകുട്ടിയും ആർ.കൃഷ്ണനും കൊങ്ങശ്ശേരി കൃഷ്ണനും എം.പി.കുഞ്ഞിരാമൻ മാസ്റ്റരുമടക്കം നിരവധി വിപ്ലവകാരികൾ.

കോഴിക്കോട്ട് കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് സെൽ പി.കൃഷ്ണപിള്ള സെക്രട്ടറിയായി രൂപംകണ്ട 1937ൽത്തന്നെ ഒറ്റപ്പാലം കേന്ദ്രീകരിച്ച് ഒരു കമ്യൂണിസ്റ്റ് ഗ്രൂപ്പ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിക്കകത്ത് പ്രവർത്തനമാരംഭിച്ചിരുന്നു. പി.വി.കുഞ്ഞുണ്ണിനായർ, എ.കെ.ശേഖരൻ, ഐ.സി.പി. നമ്പൂതിരി എന്നിവരായിരുന്നു അതിലുണ്ടായിരുന്നത്. അതിന്റെ തുടർച്ചയായി ഏതാനും മാസത്തിനകം ആലത്തൂർ കേന്ദ്രീകരിച്ച് ആർ.കൃഷ്ണൻ (ആലത്തൂർ), സി.വി.മാധവൻ, സി.എ. വാസുദേവൻ എന്നിവർ അംഗങ്ങളായി ഒരു കമ്യൂണിസ്റ്റ് ഗ്രൂപ്പ് രഹസ്യമായി പ്രവർത്തനം തുടങ്ങി. വള്ളുവനാട് താലൂക്കിൽ പി.വി.കുഞ്ഞുണ്ണിനായരെയും ഇ.പി.ഗോപാലനെയും കമ്യൂണിസ്റ്റ് കാഡർമാരായി വളരെ നേരത്തന്നെ കൃഷ്ണപിള്ള റിക്രൂട്ട്ചെയ്തിരുന്നതാണ്.

1930ലെ നിയമലംഘനപ്രസ്ഥാനകാലത്ത് ദേശീയപ്രസ്ഥാനത്തിന്റെ പ്രചാരകനായി മാറിയ കുഞ്ഞുണ്ണിനായർ 1932ൽ വള്ളുവനാട് താലൂക്ക് കോൺഗ്രസ് പ്രസിഡന്റായാണ് മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനാകുന്നത്. കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണകാലം വരെ ആ സ്ഥാനത്ത് തുടർന്നു. കമ്യൂണിസ്റ്റ് പാർട്ടിയിൽ രഹസ്യമായി പ്രവർത്തിക്കാൻ തുടങ്ങിയശേഷം അല്പകാലം കോൺഗ്രസ് താലൂക്ക് സെക്രട്ടറിയായി പുറമേക്ക് പ്രവർത്തിച്ചു. ആ ഘട്ടത്തിൽ ഇ.പി.ഗോപാലനായിരുന്നു പ്രസിഡന്റ്‌. 1937ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് വിഭാഗത്തിന്റെ മുൻകയ്യിൽ തിക്കോടി ശക്തിമന്ദിറിൽ നടന്ന വോളണ്ടിയർ പരിശീലനകേമ്പിൽ കുഞ്ഞുണ്ണിനായരും കൊങ്ങശ്ശേരി കൃഷ്ണനും ഇ.പി.ഗോപാലനും പങ്കെടുത്തിരുന്നു. മലപ്പുറം മങ്കടയിൽ നടന്ന പാർട്ടി സമ്മർസ്കൂളിലും പി.വി. പങ്കെടുത്തു.

വള്ളുവനാട് താലൂക്കിൽ കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് കുഞ്ഞുണ്ണിനായരും ഇ.പി.യും അഹോരാത്രം പ്രവർത്തിച്ചു. ഇവരുടെ നേതൃത്വത്തിൽ 1935‐ൽ പട്ടാമ്പിയിൽ സംഘടിപ്പിച്ച കർഷകസമ്മേളനത്തിലാണ് ഇ.എം.എസ്. പ്രസിഡന്റും സി.കെ.ഗോവിന്ദൻനായർ സെക്രട്ടരിയുമായി കേരളകർഷകസംഘം രൂപീകരിച്ചത്. പിന്നീട് മണ്ണേങ്കാട്ട് നികുതിദായകരുടെ ഒരു താലൂക്കുതല സമ്മേളനവും പി.വി.യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. 1937ലാണ് കർഷകസംഘത്തിന്റെ വള്ളുവനാട് താലൂക്ക് കമ്മിറ്റി നിലവിൽവന്നത്. താലൂക്കിലാകെ മെമ്പർഷിപ്പ് പ്രവർത്തനമെല്ലാം നടത്തി വലിയ റാലിയോടെയുള്ള സമ്മേളനം. കുഞ്ഞുണ്ണിനായർ പ്രസിഡന്റും ഇ.പി.സെക്രട്ടറിയുമായ കമ്മിറ്റിയിലെ മറ്റു നേതാക്കൾ എ.കെ.ശേഖരൻ, രാമചന്ദ്രൻ നെടുങ്ങാടി, കൊങ്ങശ്ശേരി കൃഷ്ണൻ, കെ.സി.ഗോപാലനുണ്ണി, പുളിങ്കോട് അപ്പുക്കുട്ടമേനോൻ എന്നിവരായിരുന്നു. ഷൊർണൂർ കേന്ദ്രീകരിച്ച് ഇ.എം.എസ് പത്രാധിപരും ഐ.സി.പി. പ്രിന്റർ ആൻഡ് പബ്ലിഷറുമായി നടത്തുന്ന പ്രഭാതം പത്രത്തിന്റെ പ്രധാന സഹായികളായിരുന്നു നെടുങ്ങാടിയും കുഞ്ഞുണ്ണിനായരും. നെടുങ്ങാടി അതിലെ എഴുത്തുകാരനുമായിരുന്നു. 1937‐ൽത്തന്നെ കമ്യൂണിസ്റ്റ് ഗ്രൂപ്പ് രഹസ്യമായി ഉണ്ടായിരുന്നെങ്കിലും കമ്യൂണിസ്റ്റ് അംഗത്വത്തോടെ സെൽപ്രവർത്തനം വള്ളുവനാട്ടിൽ ആരംഭിക്കുന്നത് 1940 ആദ്യമാണ്. ഐ.സി.പി. സെക്രട്ടറിയായ ആ സെല്ലിൽ ഇ.പി., കൊങ്ങശ്ശേരി കൃഷ്ണൻ, കുഞ്ഞുണ്ണിനായർ, പുളിയക്കോട്ട് അപ്പുക്കുട്ടൻ, എ.കെ.ശേഖരൻ, കുഞ്ഞുണ്ണി കർത്താവ് എന്നിവരായിരുന്നു അംഗങ്ങൾ. പട്ടാമ്പിയിലാണ് ആദ്യം താലൂക്ക് കമ്മിറ്റി ആസ്ഥാനമാക്കിയത്. പിന്നീടത് പെരിന്തൽമണ്ണയിലേക്ക് മാറ്റി.

1939 അവസാനം പിണറായി പാറപ്രത്ത് ചേർന്ന കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണസമ്മേളനത്തിൽ വള്ളുവനാട്ടിൽനിന്ന്, പാലക്കാട്ടുനിന്ന് മൂന്നുപേരാണ് പങ്കെടുത്തത്. കുഞ്ഞുണ്ണിനായരും ഇ.പി.ഗോപാലനും കൊങ്ങശ്ശേരി കൃഷ്ണനും. ഇ.എം.എസ്. അടക്കമുള്ള നേതാക്കളെ ഒളിവിൽ പാർപ്പിക്കുന്നതിന് വിവിധ കേന്ദ്രങ്ങളിലെത്തിക്കുന്നതിനുള്ള നേതൃത്വവും കുഞ്ഞുണ്ണിനായർക്കായിരുന്നു. പാർട്ടി നിരോധിക്കപ്പെട്ടതോടെ ഒളിവിൽ കഴിഞ്ഞുകൊണ്ടാണ് പ്രവർത്തനങ്ങൾ അദ്ദേഹം ഏകോപിപ്പിച്ചത്.

പലാക്കാടും പട്ടാമ്പിയും കേന്ദ്രീകരിച്ച് കർഷകസംഘവും പാർട്ടിയും പ്രവർത്തനമാരംഭിച്ചപ്പോഴേക്കുതന്നെ ആലത്തൂർമേഖലയിലും അങ്ങിങ്ങ് ഉണർവുണ്ടായിത്തുടങ്ങി. ആർ.രാഘവമേനോൻ പ്രസിഡന്റും എ.കെ.രാമൻകുട്ടി സെക്രട്ടറിയുമായി പാലക്കാട്ട് കോൺഗ്രസ് കമ്മിറ്റി മുപ്പതുകളുടെ മധ്യത്തോടെ പ്രവർത്തനമാരംഭിച്ചിരുന്നു. അന്ന് സ്കൂൾ വിദ്യാർഥിയായിരുന്ന ആർ.കൃഷ്ണനെ രാമൻകുട്ടി പ്രസ്ഥാനത്തിലേക്ക് ആകർഷിച്ചു. എം.പി.കുഞ്ഞിരാമൻ മാസ്റ്റർ അടക്കമുള്ള നേതാക്കൾ കൃഷ്ണനെ പ്രോത്സാഹിപ്പിച്ചു. കോൺഗ്രസ്സിൽത്തന്നെ രണ്ടു വിഭാഗങ്ങളുണ്ട്‐ ഇടതും വലതുമെന്ന് കുഞ്ഞിരാമൻ മാസ്റ്റർ വിശദീകരിച്ചുകൊടുത്തു. കൃഷ്‌ണൻ പ്രഭാതം പത്രം വായിക്കാനും തുടങ്ങി. ആയിടെയാണ് ആലത്തൂരിൽ ഒരു പൊതുവിദ്യാലയം വന്നത്. അവിടെ ഹരിജൻകുട്ടികളെയും പഠിപ്പിക്കാൻ ദേശീയപ്രസ്ഥാനം ശക്തിയായ സമ്മർദംചെലുത്തി. ഹരിജനവിഭാഗത്തിൽപ്പെട്ട കുട്ടികളെ ആർ.കൃഷ്ണനടക്കമുള്ള പ്രവർത്തകർ സ്കൂളിൽകൊണ്ടുചെന്നാക്കി. ക്ഷുഭിതരായ മറ്റുകുട്ടികൾ സ്കൂൾ ബഹിഷ്കരിച്ചു‐ ഹരിജൻകുട്ടികൾ സ്കൂളിൽവന്ന കാര്യം വീടുകളിൽ പറഞ്ഞപ്പോൾ സവർണർ അവരുടെ കുട്ടികളെ സ്കൂളിലേക്ക് വിടാതിരിക്കുയായിരുന്നു. എന്നാൽ ദേശീയപ്രസ്ഥാനം തോറ്റുമടങ്ങിയില്ല. ഒടുവിൽ സവർണ വിഭാഗത്തിൽപ്പെട്ടവർ കുട്ടികള സ്കൂളിലയക്കാൻ നിർബദ്ധരായി. ഈ സംഭവം നാട്ടിൽ വലിയ ചലനം സൃഷ്ടിച്ചു. അയിത്തത്തിനും ജാതിവിവേചനത്തിനുമെതിരായി ശക്തിയായി പ്രതികരിക്കാൻ ആർ.കൃഷ്ണൻ മുന്നോട്ടുവന്നു. ആ പ്രവർത്തനത്തിന്റെ തുടർച്ചയായാണ് നാട്ടിലെ കോൺഗ്രസ് പ്രസ്ഥാനവുമായി ബന്ധപ്പെടുന്നത്. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വായനശാലയുടെ പ്രവർത്തനത്തിൽ കൃഷ്ണൻ സജീവമായി. അവിടെവെച്ച് കോൺഗ്രസ്സിൽ അദ്ദേഹത്തിന്‌ അംഗത്വം ലഭിക്കുന്നു. അതിവേഗംതന്നെ കൃഷ്‌ണൻ കോൺഗ്രസ്സിലെ ഇടതുപക്ഷ ധാരയുടെ ഭാഗമാകുന്നു.

1938‐കാലത്ത് നാട്ടിൽ കർഷകസംഘത്തിന്റെ ഒരു പൊതുയോഗം നടന്നു. അതിൽ പ്രസംഗിച്ചത് എ.കെ.ജി.യാണ്. ആ പ്രസംഗം കേട്ടത് വലിയ പ്രചോദനവും ആവേശവുമായി. കുറച്ചുനാൾക്കുശേഷം ജന്മിത്തചൂഷണത്തിനെതിരെ കോഴിക്കോട്ടേക്ക് മലബാർ കളക്ടർക്ക് നിവേദനം നൽകാൻ ഒരു ജാഥ കഞ്ചിക്കോട്ടുനിന്ന് പുറപ്പെട്ടു. കർഷകസംഘത്തിന്റെ നേതൃത്വത്തിൽ കാസർകോട്ടുനിന്നും കഞ്ചിക്കോട്ടുനിന്നും ജാഥകൾ. ഇ.പി.ഗോപാലന്റെ നേതൃത്വത്തിൽ കഞ്ചിക്കോട്ടുനിന്നുള്ള ജാഥയിൽ അമ്പത് പേരാണ് സ്ഥിരാംഗങ്ങൾ. അതിൽ ആർ.കൃഷ്ണനും കൊങ്ങശ്ശേരി കൃഷ്ണനും സ്ഥിരാംഗങ്ങൾ. ആ ജാഥ മലബാറിൽ കർഷകപ്രസ്ഥാനത്തിന്റെ വളർച്ചയിൽ വലിയൊരു നാഴികക്കല്ലായി. ജാഥ കഴിഞ്ഞ് തിരിച്ചെത്തിയശേഷമാണ് ഒരു രഹസ്യവിവരം ലഭിക്കുന്നത്. ആലത്തൂർ ജയിനിമേട് തോട്ടിൻകരയിലെ മാവിൻചുവട്ടിൽ ഒരു ക്യാമ്പ് നടക്കുന്നു. അതിൽ പങ്കെടുക്കണം. നാല്പതു പേരുള്ള ക്യാമ്പ്. ഒരു മാസം നീണ്ടുനിൽക്കുന്നതാണ് ക്ലാസുകൾ. മിക്കപ്പോഴും രാത്രിയിലാണ് ക്ലാസ്. പ്രവർത്തകരെ പരിശീലിപ്പിക്കുന്നതിനുള്ള ഈ ക്ലാസ് കോൺഗ്രസ്സിലെ എല്ലാവർക്കുമായുള്ളതല്ലായിരുന്നു. ഇടതുപക്ഷക്കാർക്കുവേണ്ടിയുള്ളതാണ്. ഭാരതീയൻ, കേരളീയൻ, എ.കെ.രാമൻകുട്ടി, ബാലചന്ദ്രമേനോൻ, തിരുമുമ്പ്, പാണ്ടലാട്ട് നാരായണൻകുട്ടിമേനോൻ തുടങ്ങിയവരാണ് ക്ലാസെടുത്തത്. കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച് ചൂഷണത്തിനെതിരെയും ജന്മിത്തത്തിനെതിരെയും സമരം ചെയ്യലും സമത്വത്തിനുവേണ്ടിയുള്ള പ്രവർത്തനം നടത്തലുമാണ് പ്രധാനമെന്ന ബോധമുണ്ടാകുന്നത് ഈ ക്ലാസിൽവെച്ചാണ്. ഈ ക്യാമ്പിലെ ബോധവൽക്കരണമാണ് പാലക്കാട് ജില്ലയിൽ വർഗബഹുജനസംഘടനകൾ കെട്ടിപ്പടുക്കുന്നതിനുള്ള പ്രചോദനമായത്. ആലത്തൂരിലെയും സമീപപ്രദേശങ്ങളിലെയും ബീഡിത്തൊഴിലാളികളെ സംഘടിപ്പിച്ച് അവകാശസമരങ്ങൾ സംഘടിപ്പിക്കാൻ തുടങ്ങി. അത് മറ്റുവിഭാഗങ്ങളിലും വലിയ ചലനമുണ്ടാക്കി. പുതുനഗരം ബീഡി തൊഴിലാളി സമരത്തിന്റെ പേരിൽ ആർ.കൃഷ്ണനടക്കമുള്ള ഏഴുപേരെ ഒരു വർഷത്തെ തടവിന് ശിക്ഷിച്ചു.

1939 സെപ്തംബറിൽ രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ യുദ്ധവിരുദ്ധ പ്രചാരണത്തിൽ മുഴുകി. യുദ്ധവിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമായി കൊടുവായൂർ സ്കളിൽ ആന്റി ഫാസിസ്റ്റ് സമ്മേളനം നടത്തുന്നതിന് ആർ.കൃഷ്ണൻ നേതൃത്വംനൽകി. ആ സമ്മേളനത്തിൽ കരീം സായിവാണ് അധ്യക്ഷത വഹിച്ചത്. സ്വാഗതസംഘം അധ്യക്ഷനായ ആർ.കൃഷ്ണന് അന്ന് പ്രസംഗം വശമില്ല. സമ്മേളനത്തെ അഭിവാദ്യംചെയ്യാനെത്തിയ കവി കെ.പി.ജി.യാണ്‌ കൃഷ്ണന് പ്രസംഗം എഴുതിക്കൊടുത്തത്. പിൽക്കാലത്ത് കാൽനൂറ്റാണ്ടോളം നിയമസഭയിൽ മികച്ച പ്രസംഗങ്ങൾ നടത്തി ശ്രദ്ധേയനായിത്തീർന്ന ആർ. കൃഷ്ണൻ ആലത്തൂരിന്റെ ആദ്യപ്രസംഗം. 1940 സെപ്തംബർ 15ന് മർദനപ്രതിഷേധദിനാചാരണത്തിന്റെ ഭാഗമായി തലശ്ശേരി ജവാഹർഘട്ടിൽ നടത്തിയ റാലി പിരിച്ചുവിടാൻ പോലീസ് നടത്തിയ വെടിവെപ്പിൽ സഖാക്കൾ അബുവും ചാത്തുക്കുട്ടിയും രക്തസാക്ഷകളായ സംഭവം ജനങ്ങളെ അറിയിക്കാൻ, പ്രതിഷേധം രേഖപ്പെടുത്താൻ പരക്കെ ചുമരെഴുതാൻ തീരുമാനിച്ചു. ആർ.കൃഷ്ണന്റെ നേതൃത്വത്തിൽ കെ.സി.ബാലകൃഷ്ണൻ, ടി.സി.വേലപ്പൻ എന്നിവരടങ്ങിയ സംഘം അർധരാത്രി പാലക്കാട് കോട്ട മൈതാനത്തുനിന്ന് തുടങ്ങിയ ചുമരെഴുത്ത് പുലർച്ചെയാണ് തീർന്നത്. കോടതി ചുമര്, തഹസിൽദാർ ഓഫീസ് എന്നിവിടങ്ങളിലെല്ലാം ടാർ കൊണ്ട് എഴുതി. കലുങ്കുകളിലും പാലങ്ങളിലും എഴുതി. ആലത്തൂർ കോടതിയുടെ ചുമരിൽ എഴുതിക്കൊണ്ടാണ് നിർത്തിയത്. ഈ സംഭവം പ്രസ്ഥാനത്തിന് വലിയ ആവേശം പകരുകയും അധികാരികളെ വിറപ്പിക്കുകയുംചെയ്തു.

ബീഡിത്തൊഴിലാളികളെ സംഘടിപ്പിച്ച് അവകാശസമരങ്ങൾ നടത്തിയതിന്റെ തുടർച്ചയായി കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാൻ തുടങ്ങി. വണ്ടാഴിയിലെ കർഷകത്തൊഴിലാളികൾ 1940 ആദ്യം ഒരുമാസം നീണ്ട സമരം നടത്തി. ആ സമരത്തിന് നേതൃത്വംനൽകിയത് സി.എച്ച്‌.കണാരനായിരുന്നു. തലശ്ശേരിയിൽനിന്ന് പാലക്കാട്ട് പ്രസ്ഥാനം സംഘടിപ്പിക്കാനെത്തിയ എ.നാണു വണ്ടാഴിയിൽ താമസിച്ച് സമരപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ആർ.കൃഷ്ണനടക്കമുള്ള നേതാക്കളെ അറസ്റ്റ്‌ ചെയ്ത് പീഡിപ്പിച്ചു. 1948ൽ പാർട്ടി നിരോധിക്കപ്പെട്ടപ്പോൾ ഒളിവിൽപ്പോയ ആർ.കൃഷ്ണൻ മാസങ്ങൾക്കുശേഷം ഒരുദിവസം പതുങ്ങിപ്പതുങ്ങി വീട്ടിലെത്തി. വീട്ടിൽ അകത്ത് ഒളിച്ചിരിക്കെ വീട് പോലീസ് വളഞ്ഞു. അവർ കൃഷ്ണന്റെ പിതാവിനെ പിടിച്ച് ക്രൂരമായി തല്ലിച്ചതച്ചു. കൃഷ്ണന്റെ ജ്യേഷ്ഠനെ പിടിച്ച് തല്ലാൻ തുടങ്ങിയപ്പോൾ അകത്തെ മൂലയിൽനിന്ന് കൃഷ്ണൻ പുറത്തേക്ക് വന്നു, അവരെ വിടൂ, എന്നെ അറസ്റ്റ് ചെയ്തോളൂ എന്ന് പറഞ്ഞ് കീഴടങ്ങുകയായിരുന്നു. പിന്നീട് രണ്ടുകൊല്ലത്തോളം സേലം ജയിലിൽ.

പാലക്കാട്ട് കോൺഗ്രസ്സും സി.എസ്.പി.യും തുടർന്ന് കമ്യൂണിസ്റ്റ് പാർട്ടിയും കെട്ടിപ്പടുക്കാൻ ത്യാഗപൂർവം പ്രവർത്തിച്ച പി.ബാലചന്ദ്രമേനോൻ തമിഴ്നാട്ടിലെയും പ്രമുഖനേതാവായിരുന്നു. എസി.കുഞ്ചുണ്ണിരാജയുടെയും വടവന്നൂർ പാറക്കൽ ഗൗരിയമ്മയുടെയും മകനായ ബാലചന്ദ്രമേനോൻ വിദ്യാർഥിയായിരിക്കെത്തന്നെ രാഷ്ട്രീയത്തിൽ സജീവമായി. 1930‐ൽ നിയമലംഘനപ്രസ്ഥാനത്തിന്റെ ഭാഗമായി വിദേശവസ്ത്രബഹിഷ്കരണ സമരത്തിൽ നേതൃത്വപരമായ പങ്ക് വഹിച്ചു. പാലക്കാട് കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാൻ മുപ്പതുകളുടെ അവസാനം എത്തിയപ്പോൾ മുതൽ ട്രേഡ് യൂണിയൻ രംഗത്ത് ശ്രദ്ധയൂന്നി. അതിവേഗം മുഴുവൻ സമയപ്രവർത്തകനായി. 1939ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായ മേനോൻ രണ്ടാം ലോകയുദ്ധം തുടങ്ങി മാസങ്ങൾക്കകം അറസ്റ്റിലായി. രണ്ടുവർഷത്തോളം ജയിലിൽ. ജയിൽമോചിതനായി എത്തിയ ബാലചന്ദ്രമേനോനെ, കൃഷ്ണപിള്ള തമിഴ്നാട്ടിലേക്കയച്ചു. റെയിൽവേ, ടെകസ്റ്റൈൽ മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയ മേനോൻ മദ്രാസ് സംസ്ഥാന ട്രേഡ് യൂണിയൻ കോൺഗ്രസ് ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. 1946‐ൽ നാവികകലാപവുമായി ബന്ധപ്പെട്ട് മദ്രാസിൽനടന്ന സമരങ്ങളുടെ നേതൃനിരയിൽ ബാലചന്ദ്രമേനോനുണ്ടായിരുന്നു. 48‐ൽ പാർട്ടി നിരോധിക്കപ്പെട്ടതോടെ ഒളിവിൽപോയെങ്കിലും വൈകാതെ പിടിയിലായി. ജയിലിൽവെച്ച് രോഗം പിടിപെട്ട ബാലചന്ദ്രമേനോൻ ജയിൽചാടിയെങ്കിലും വീണ്ടും അറസ്റ്റിലായി.

പാലക്കാട്ട്‌ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെയും ട്രേഡ് യൂനിയനുകളുടെയും പ്രവർത്തനത്തിൽ പങ്കാളിയായശേഷം ആ പരിചയസമ്പത്തോടെ സിലോണിലേക്ക് നാടുവിട്ട വല്ലപ്പുഴയിലെ പി.ശങ്കരൻ അവിടെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാവായി. കോൺഗ്രസിന്റെ പ്രാദേശിക വോളണ്ടിയർ ക്യാപ്റ്റനായ ശങ്കരൻ കള്ളുഷാപ്പ് പിക്കറ്റിങ്ങിൽ പങ്കെടുത്ത് പോലീസിന്റെ പീഡനത്തിനിരയായിരുന്നു. 1936‐ന് ശേഷം സിലോണിലേക്കുപോയ ശങ്കരൻ 1943ൽ അവിടെ രൂപീകരിച്ച കമ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോവിൽ അംഗമായി. സിലോണിലെ മലയാളം പത്രമായിരുന്ന നവശക്തിയുടെ പത്രാധിപരുമായിരുന്നു. 1947ൽ സിലോണിന്റെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായ ശങ്കരൻ 1948 ഫെബ്രുവരി നാലിന് സിലോൺ സ്വതന്ത്രമായ ശേഷമാണ് ജയിൽ മോചിതനായത്. പിന്നീട് നാട്ടിൽ തിരിച്ചെത്തിയ ശങ്കരൻ പാലക്കാട് ജില്ലയിൽ കമ്യൂണിസ്റ്റ്‐തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഴുകി. സി.പി.ഐ.യുടെ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × 4 =

Most Popular