Friday, October 18, 2024

ad

Homeഇവർ നയിച്ചവർഹർകിഷൻ സിങ്‌ സുർജിത്‌: സ്വാതന്ത്ര്യസമരത്തിലെ കമ്യൂണിസ്റ്റ്‌ പോരാളി‐ 3

ഹർകിഷൻ സിങ്‌ സുർജിത്‌: സ്വാതന്ത്ര്യസമരത്തിലെ കമ്യൂണിസ്റ്റ്‌ പോരാളി‐ 3

ഗിരീഷ്‌ ചേനപ്പാടി

ൽക്കത്ത തീസിസിനെത്തുടർന്ന്‌ കമ്യൂണിസ്റ്റ്‌ പാർട്ടി 1948ൽ നിരോധിക്കപ്പെട്ടു. സുർജിത്ത്‌ ഉൾപ്പെടെയുള്ള നേതാക്കൾ ഒളിവിൽ പോയി. നാലുവർഷത്തെ ഒളിവുജീവിതത്തിനുശേഷം, കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ മേലുള്ള നിരോധനം സർക്കാർ പിൻവലിച്ചതിനുശേഷം സുർജിത്ത്‌ പരസ്യപ്രവർത്തനം ആരംഭിച്ചു.

1953ൽ മധുരയിൽ ചേർന്ന പാർട്ടി കോൺഗ്രസിൽ സുർജിത്ത്‌ കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ കേന്ദ്ര സെക്രട്ടറിയറ്റ്‌ അംഗമാകുന്നു
1958ൽ അമൃത്‌സറിൽ ചേർന്ന അഞ്ചാം പാർട്ടി കോൺഗ്രസിന്റെ നടത്തിപ്പിന്റെ മുഖ്യ ചുമലതക്കാരൻ സുർജിത്തായിരുന്നു. പാർട്ടി കോൺഗ്രസിന്റെ വിജയത്തിനുള്ള സംഘടനാപ്രവർത്തനങ്ങളിൽ സജീവമായി അദ്ദേഹം ഇടപെട്ടു. ദേശീയ കൗൺസിൽ, സെൻട്രൽ സെക്രട്ടറിയറ്റ്‌, പൊളിറ്റ്‌ ബ്യൂറോ എന്നിങ്ങനെയുള്ള ത്രിതല സംഘടനാസംവിധാനം നിലവിൽ വന്നത്‌ അമൃത്‌സർ കോൺഗ്രസ്‌ മുതലാണ്‌. ദേശീയ കൗൺസിലിലേക്കും സെൻട്രൽ സെക്രട്ടറിയറ്റിലേക്കും സുർജിത്ത്‌ തിരഞ്ഞെടുക്കപ്പെട്ടു.

1959ൽ പഞ്ചാബ്‌ സർക്കാർ ഭക്രാനംഗൽ ഡാമിൽനിന്ന്‌ ജലം ഉപയോഗിക്കുന്ന കർഷകർക്കുമേൽ നികുതി ഏർപ്പെടുത്തി. എന്നാൽ അത്‌ കർഷകർക്ക്‌ താങ്ങാനാവുന്നതായിരുന്നില്ല. കർഷകർ അതിശക്തമായി പോരാടിയാലേ ഇതിനു പരിഹാരമാകൂവെന്ന്‌ കമ്യൂണിസ്റ്റ്‌ പാർട്ടിക്കും കിസാൻസഭയ്‌ക്കും ബോധ്യപ്പെട്ടു. സുർജിത്തിന്റെ നേതൃത്വത്തിൽ അതിശക്തമായ പ്രക്ഷോഭം പഞ്ചാബിലൊട്ടാകെ അരങ്ങേറി. പൊലീസ്‌ കിരാതമായ അടിച്ചമർത്തൽ നടപടികളുമായി മുന്നോട്ടുവന്നു. പൊലീസ്‌ വെടിവെപ്പിൽ രണ്ട്‌ സ്‌ത്രീകൾ ഉൾപ്പെടെ ഏഴുപേർ രക്തസാക്ഷികളായി. നിരവധി ആളുകൾക്ക്‌ പരിക്കേറ്റു. അവസാനം കർഷകരുടെ സമരവീര്യത്തിനു മുന്നിൽ സർക്കാരിനു മുട്ടുമടക്കേണ്ടിവന്നു. 123 കോടി രൂപ കർഷകരിൽനിന്ന്‌ പിരിക്കാൻ ഉത്തരവിട്ട സർക്കാരിന്‌ കേവലം 23 കോടി രൂപ കർഷകരിൽനിന്ന്‌ പിരിച്ചാൽ മതിയെന്ന്‌ ഉത്തരവിടേണ്ടിവന്നു. സുർജിത്തിന്റെ നേതൃമികവിന്‌ അഖിലേന്ത്യാതലത്തിൽ അംഗീകാരം ലഭിച്ച ഉജ്വലസമരമായിരുന്നു അത്‌.

1964ൽ ദേശീയ കൗൺസിലിൽനിന്ന്‌ ഇറങ്ങിവന്ന 32 അംഗങ്ങളിലൊരാൾ സുർജിത്ത്‌ ആയിരുന്നു. സിപിഐ എം രൂപീകരിക്കപ്പെടുന്നതിനു മുന്നോടിയായി പുതിയ പാർട്ടി പരിപാടി തയ്യാറാക്കുന്നതിന്‌ മൂന്നംഗങ്ങളുള്ള കമ്മിറ്റി നിയോഗിക്കപ്പെട്ടു. പി രാമമൂർത്തി, എം ബസവപുന്നയ്യ, ഹർകിഷൻസിങ്‌ സുർജിത്ത്‌ എന്നിവരായിരുന്നു അവർ. 1964ൽ കൊൽക്കത്തയിൽ ചേർന്ന ഏഴാം പാർട്ടി കോൺഗ്രസിൽ പാർട്ടിയുടെ കേന്ദ്രകമ്മിറ്റയിലേക്കും ഒമ്പതംഗ പൊളിറ്റ്‌ ബ്യൂറോയിലേക്കും സുർജിത്ത്‌ തിരഞ്ഞെടുക്കപ്പെട്ടു.

കേന്ദ്രകമ്മിറ്റിയുടെ ആദ്യയോഗം തൃശൂരിൽ ചേരാൻ തീരുമാനിക്കപ്പെട്ടു. തൃശൂർ എത്തിയ സുർജിത്ത്‌ ഉൾപ്പെടെയുള്ള നേതാക്കളെ ചൈന ചാരന്മാർ എന്നു മുദ്രകുത്തി പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഡൽഹിയിലെ ജയിലിലേക്കാണ്‌ സുർജിത്തിനെ പാർപ്പിച്ചത്‌. 76 മാസത്തെ ജയിൽവാസത്തിനുശേഷമാണ്‌ അദ്ദേഹത്തെ മോചിപ്പിച്ചത്‌.

1967ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ്‌ പാർട്ടി‐അകാലിദൾ സഖ്യമാണ്‌ കോൺഗ്രസിനെ നേരിട്ടത്‌. ഈ സഖ്യം ഭൂരിപക്ഷം സീറ്റുകളും പിടിച്ചു. നൂർമഹൾ നിയമസഭാ മണ്ഡലത്തിൽനിന്ന്‌ സുർജിത്ത്‌ വിജയിച്ചു. സിപിഐ എം ഗ്രൂപ്പിന്റെ നേതാവായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അകാലിദൾ ഗവൺമെന്റിന്‌ സിപിഐ എം പുറത്തുനിന്ന്‌ പിന്തുണ നൽകി.

1980കളിൽ പഞ്ചാബിൽ ഖാലിസ്ഥാൻ വാദം ശക്തിപ്പെട്ടു. മറ്റൊരു രാജ്യം വേണമെന്നതായിരുന്നു വിഘടനവാദികളുടെ ആവശ്യം. അതിനുവേണ്ടി അവർ നിരവധി നിരപരാധികളെയാണ്‌ വെടിയുണ്ടയ്‌ക്കിരയാക്കിയത്‌. അന്ന്‌ വിഘടനവാദത്തിനെതിരെ അതിശക്തമായ നിലപാടാണ്‌ സുർജിത്ത്‌ എടുത്തത്‌. അവരെ ജനങ്ങളിൽനിന്ന്‌ ഒറ്റപ്പെടുത്താൻ നിരവധി കാമ്പയിനുകൾക്ക്‌ സുർജിത്ത്‌ നേതൃത്വം നൽകി.

1992ൽ ചേർന്ന പതിനാലാം പാർട്ടി കോൺഗ്രസിൽ സുർജിത്ത്‌ സിപിഐ എം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 2004 വരെ, ഒരു വ്യാഴവട്ടക്കാലം അദ്ദേഹം പാർട്ടിയെ നയിച്ചു.

ഇംഗ്ലീഷിലും ഹിന്ദിയിലും പഞ്ചാബിയിലുമായി നിരവധി ലേഖനങ്ങളും ലഘുലേഖകളും എഴുതിയ സുർജിത്ത്‌ ‘പീപ്പിൾസ്‌ ഡമോക്രസി’യുടെ ഉൾപ്പെടെ നിരവധി പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്‌. നിരവധി ശ്രദ്ധേയങ്ങളായ ഗ്രന്ഥങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്‌. `Happening in Punjab`, `Outline History of the Communist Party`, `The Future of Kashmir`, Land reforms in India എന്നിവയാണ്‌ അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്‌.

തനിക്ക്‌ പാരമ്പര്യമായി ലഭിച്ച സ്വത്തുക്കൾ ഭാഗംവെക്കുകയും അതിൽ ഒരു പങ്ക്‌ മക്കൾക്ക്‌ നൽകി. ബാക്കി 20 ലക്ഷം രൂപ സുർജിത്ത്‌ പാർട്ടിക്ക്‌ സംഭാവനയായി നൽകി. ജീവിതാവസാനംവരെ ലാളിത്യം കാത്തുസൂക്ഷിച്ച നേതാവായിരുന്നു സുർജിത്ത്‌.

2008 ആഗസ്‌ത്‌ ഒന്നിന്‌ അദ്ദേഹം അന്തരിച്ചു. l

കടപ്പാട്‌: ചിന്ത വാരിക പ്രസിദ്ധീകരിച്ച സുർജിത്ത്‌ ജന്മശതാബ്ദി പതിപ്പ്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 5 =

Most Popular