Friday, October 18, 2024

ad

Homeരാജ്യങ്ങളിലൂടെമെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റ്‌

മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റ്‌

ആര്യ ജിനദേവൻ

മെക്‌സിക്കോയുടെ ചരിത്രത്തിലാദ്യമായിട്ടാണ്‌ ഒരു വനിത രാജ്യത്തിന്റെ പ്രസിഡന്റായി, അതും ഇടതുപക്ഷ പുരോഗമനപ്രസ്ഥാനത്തിന്റെ സ്ഥാനാർഥിയായി തിരഞ്ഞെടുപ്പിൽ മത്സരിച്ച്‌ ജയിച്ച്‌, അധികാരത്തിലേറുന്നത്‌. ഒക്ടോബർ ഒന്നിന്‌ രാജ്യത്തെ മുൻ പ്രസിഡന്റ്‌ ആന്ദ്രേ മാനുവൽ ലോപസ്‌ ഒബ്രദോറിന്റെ അനുയായിയായ ക്ലൗദിയ ഷെയ്‌ൻബാം അധികാരത്തിലേറി. ജൂൺ രണ്ടിന്‌ നടന്ന തിരഞ്ഞെടുപ്പിൽ അംലോയുടെ നാഷണൽ റീജനറേഷൻ മൂവ്‌മെന്റിന്റെ (മൊറേന) സ്ഥാനാർഥിയായി മത്സരിച്ച്‌ 60 ശതമാനം വോട്ടു നേടിയാണ്‌ ക്ലൗദിയ ഷെയ്‌ൻബാം പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ എത്തിയത്‌. പിആർഐ, പിഎഎൻ, പിആർഡി എന്നീ മൂന്ന്‌ മുഖ്യധാരാ പാർട്ടികൾ ഒരുമിച്ചുനിന്ന സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ഗാൽവേസ്‌ റൂയിസിന്‌ ലഭിച്ചത്‌ കേവലം 27.5 ശതമാനം വോട്ടാണ്‌. മൂന്നാമനായി ജോർജി അൽവാരെസ്‌ മയനെസിന്‌ ലഭിച്ചത്‌ 10.32 ശതമാനം വോട്ട്‌ മാത്രമാണ്‌.

ക്ലൗദിയയുടെ വിജയം മെകിസിക്കൻ ജനതയെ അത്ഭുതപ്പെടുത്തുന്നതായിരുന്നില്ല. രാജ്യത്തെ ഭൂരിപക്ഷ ജനതയുടെ ഉന്നമനത്തിനുവേണ്ടി ഒട്ടേറെ പരിഷ്‌കാരങ്ങൾ നടപ്പാക്കിയ അംലോയ്‌ക്കും അദ്ദേഹത്തിന്റെ ഗവൺമെന്റിനുമുള്ള ജനപിന്തുണ ക്ലൗദിയയുടെ വിജയം മുൻകൂട്ടി തന്നെ ഉറപ്പിച്ചിരുന്നു. അധികാരമൊഴിയുമ്പോൾ സാധാരണയായി മെക്‌സിക്കൻ പ്രസിഡന്റുമാർക്കില്ലാത്ത ജനകീയ അംഗീകാരം അംലോ ഗവൺമെന്റിനും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും ഉണ്ടായിരുന്നു. കൂടാതെ മെക്‌സിക്കൻ നഗരത്തിന്റെ മേയറായി മുമ്പ്‌ ചുമതല വഹിച്ചിട്ടുള്ള ക്ലൗദിയയുടെ ജനകീയതയും തിരഞ്ഞെടുപ്പിൽ അനുകൂല ഘടകമായി. രണ്ടാം സ്ഥാനക്കാരനായ ഗാൽവേസ്‌ റൂയിസിനു ലഭിച്ചതിനേക്കാൾ ഇരട്ടിയിലധികം വോട്ടും മൂന്നാം സ്ഥാനക്കാരനായ അൽവാരെസ്‌ മയനെസിനെക്കാൾ ആറിരട്ടിയും വോട്ടുകൾ നേടിയാണ്‌ ക്ലൗദിയ അധികാരത്തിലേറുന്നത്‌.

മെക്‌സിക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത അധികാരത്തിലേറുകയാണെന്നും 503 വർഷത്തെ രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ അനുഭവമാണിതെന്നും ഇത്‌ ചരിത്രപ്രധാനമാണെന്നും ക്ലൗദിയ തന്റെ ഉദ്‌ഘടന പ്രസംഗത്തിൽ പറഞ്ഞു. അംലോ നേരിട്ടതുപോലെ വലതുപക്ഷ ശക്തികളുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും നിരന്തരമായ കടന്നാക്രമണങ്ങൾക്ക്‌ ക്ലൗദിയയുടെ ഗവൺമെന്റും ഇരയാകുമെന്നതിൽ സംശയമില്ല. എന്നാൽ തദ്ദേശീയ ജനതയുടെ ഉന്നമനവും സാധാരണക്കാരായ മനുഷ്യരുടെ അഭിവൃദ്ധിയും ലക്ഷ്യമിട്ടുള്ളതായിരിക്കും തങ്ങളുടെ ഗവൺമെന്റിന്റെ സമീപനമെന്ന്‌ ക്ലൗദിയ ഷെയ്‌ൻബാം എടുത്തുപറഞ്ഞിട്ടുണ്ട്‌. സ്വകാര്യ മൂലധനത്തിന്റെ കാര്യത്തിൽ അംലോ കൈക്കൊണ്ട നിലപാടുതന്നെയായിരിക്കും താനും സ്വീകരിക്കുകയെന്നും പരോക്ഷമായി ക്ലൗദിയ വ്യക്തമാക്കുന്നുണ്ട്‌. അതേസമയംതന്നെ രാജ്യത്തെ വൻകിട സാമ്പത്തിക വിഭാഗങ്ങളുമായും വിദേശനിക്ഷേപകരുമായും ഒരു തുറന്ന ഏറ്റുമുട്ടലിന്‌ താൽപര്യപ്പെടുന്നില്ലെന്നും അവർ വ്യക്തമാക്കുന്നുണ്ട്‌. ഒരു പരിസ്ഥിതി ശാസ്‌ത്രജ്ഞ കൂടിയായ ക്ലൗദിയ ഷെയ്‌ൻബാം പുനരുപയോഗിക്കാവുന്ന ഊർജത്തിലധിഷ്‌ഠിതമായ പദ്ധതികൾ രാജ്യത്ത്‌ നടപ്പാക്കുമെന്നും ആവശ്യപ്പെടുന്നു.

മെക്‌സിക്കോയുടെ ചരിത്രത്തിൽ തദ്ദേശീയ ജനതയുടെ പ്രാധാന്യം വ്യക്തമാക്കിയ ക്ലൗദിയ അടിച്ചമർത്തലിന്റെയും ഏകാധിപത്യത്തിന്റെയും മാത്രമല്ല, ഭൂതകാലം ചെറുത്തുനിൽപ്പിന്റെയും പോരാട്ടത്തിന്റെയും കൂടിയാണെന്ന്‌ ആവർത്തിച്ച്‌ എടുത്തുപറഞ്ഞു. അമേരിക്കയിൽനിന്ന്‌ മെക്‌സിക്കോയെ തിരിച്ചു പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി നടന്ന ഏറ്റുമുട്ടലിന്റെ ഘട്ടത്തിൽ സ്‌പെയിൻ നടത്തിയ ഹീനപ്രവൃത്തികളെ അപലപിക്കാൻ തയ്യാറാകാത്ത സ്‌പെയിനിന്റെ രാജാവിനെ താൻ അധികാരത്തിലേറുന്ന ചടങ്ങിൽ ക്ഷണിച്ചില്ല എന്നതും ശ്രദ്ധേയമാണ്‌. 1968 ഒക്ടോബർ രണ്ടിന്‌ നടന്ന ത്‌ലാറ്റലോക്കോ കൂട്ടക്കൊലയിൽ ക്ഷമചോദിച്ച ക്ലൗദിയ ഷെയ്‌ൻബാം ഏതുകാലത്തായാലും ഭരണകൂടം ചെയ്‌ത തെറ്റുകൾ ഏറ്റുപറയാൻ തയ്യാറാവണമെന്ന സന്ദേശം സ്‌പെയിൻ രാജാവിനും നൽകുകയായിരുന്നു. ചരിത്രപരമായ പിഴവുകൾ ഏറ്റുപറയാൻ ഭരണാധികാരികൾക്ക്‌ ആർജവമുണ്ടാകണമെന്ന്‌ ക്ലൗദിയ പറയുകയുണ്ടായി. എന്തായാലും അംലോ തുടങ്ങിവെച്ച ഇടതുപക്ഷ മുന്നേറ്റവും പരിഷ്‌കാരങ്ങളും രാജ്യത്ത്‌ ശക്തമാക്കുവാനുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനൊപ്പം വലതുപക്ഷ‐സാമ്രാജ്യത്വ വെല്ലുവിളികളെ ഫലപ്രദമായി നേരിടുകയെന്ന ദൗത്യംകൂടി ഷെയ്‌ൻബാമിന്‌ നിർവഹിക്കേണ്ടതായി വരുമെന്നത്‌ തീർച്ചയാണ്‌. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 − 11 =

Most Popular