Friday, October 18, 2024

ad

Homeസംസ്ഥാനങ്ങളിലൂടെആർജി കർ സംഭവം: പോരാട്ടം കനക്കുന്നു

ആർജി കർ സംഭവം: പോരാട്ടം കനക്കുന്നു

ഷുവജിത്ത്‌ സർക്കാർ

ആർജി കർ മെഡിക്കൽ കോളേജിൽ നടന്ന ബലാത്സംഗക്കൊല ബംഗാളിലെ ജനങ്ങളെയാകെ തെരുവിലിറങ്ങാൻ, പ്രക്ഷോഭസമരങ്ങൾക്ക്‌ മൂർച്ച കൂട്ടാൻ ഇടയാക്കിയിരിക്കുകയാണ്‌. സ്വേച്ഛാധിപത്യ തൃണമൂൽ ഗവൺമെന്റ്‌ ഈ ബഹുജനമുന്നേറ്റത്തെ എല്ലാ മാർഗങ്ങളുമുപയോഗിച്ച്‌ അടിച്ചമർത്താൻ ശ്രമിക്കുകയാണ്‌. എന്നാൽ ജനങ്ങളുടെ ഇച്ഛാശക്തി ഈ പ്രക്ഷോഭം സംസ്ഥാനത്തൊട്ടാകെ മുന്നോട്ടു കൊണ്ടുപോകുന്നത്‌ സാധ്യമാക്കി. സമരത്തിന്റെ തീവ്രത നാൾക്കുനാൾ വർധിക്കുകയാണ്‌. സെപ്‌തംബർ മൂന്നുമുതൽ എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും ജനാധിപത്യ മഹിളാ അസോസിയേഷനും തുടർച്ചയായ പ്രതിഷേധസമരത്തിലായിരുന്നു. സംസ്ഥാന ഗവൺമെന്റിനെതിരായി മാറിയ ഈ സംഭവത്തിൽനിന്ന്‌ ജനങ്ങളുടെ ശ്രദ്ധതിരിക്കാൻ സംസ്ഥാന ഗവൺമെന്റും ഭരിക്കുന്ന പാർട്ടിയായ തൃണമൂലും എല്ലാ മാർഗങ്ങളിലൂടെയും ശ്രമിക്കുമ്പോൾ അതേസമയം എസ്‌എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും ജനാധിപത്യ മഹിളാ അസോസിയേഷന്റെയും പ്രവർത്തകരും നേതൃത്വവും ഓരോ ഗ്രാമത്തിലും ബൂത്തുതലത്തിലും പ്രചാരണം നടത്തുകയും ആർജി കർ സംഭവത്തെക്കുറിച്ച്‌ ജനങ്ങളെ ബോധ്യപ്പെടുത്തുകയുമാണ്‌. പ്രാദേശികമായി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്ന സാധാരണക്കാരുൾപ്പെടെ, ഇടതു പ്രവർത്തകർക്കുനേരെ ആക്രമണം നടക്കുന്നു.

ഈ സംഭവത്തിൽ പ്രതിഷേധിച്ചും ദ്രുതഗതിയിൽ അന്വേഷണം നടത്തി കുറ്റവാളികളെ ജയിലഴിക്കുള്ളിലാക്കണമെന്നും ആവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും ജനാധിപത്യ മഹിളാ അസോസിയേഷനും സംയുക്തമായി കൊൽക്കത്ത എസ്‌പ്ലനേഡിൽ വമ്പിച്ച പൊതുയോഗവും റാലിയും നടത്തി.

പൊലീസിന്റെ അനുമതിയില്ലാതെയാണ്‌ പ്രതിഷേധ കൂട്ടായ്‌മയും റാലിയും സംഘടിപ്പിച്ചത്‌. സമ്മേളനവേദി ഉൾപ്പെടെ സംസ്ഥാനമൊട്ടുക്ക്‌ കനത്ത മഴയായിരുന്നെങ്കിലും ഒരു പേമാരിക്കും പ്രതിഷേധം സംഘടിപ്പിക്കുന്നതിൽനിന്ന്‌ ഇടതുസംഘടനകളെ തടയാനായില്ല. തടിച്ചുകൂടിയ ജനമൊന്നാകെ മഴയിൽ നനഞ്ഞെങ്കിലും റാലിയിൽ അവസാനത്തെയാളും പ്രസംഗിച്ചു കഴിയുംവരെ അവർ അവിടെത്തന്നെ നിലയുറപ്പിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി മീനാക്ഷി മുഖർജി തന്റെ പ്രസംഗത്തിൽ മമത സർക്കാരിനെതിരെ ആഞ്ഞടിച്ചു. ഈ ബഹുജനമുന്നേറ്റത്തെ അടിച്ചമർത്താനാണ്‌ പൊലീസ്‌ ശ്രമിക്കുന്നത്‌; എന്നാൽ ഇതു ബംഗാളിലെ ജനങ്ങളുടെയാകെ മുന്നേറ്റമായതിനാൽ അവരുടെ എല്ലാ ശ്രമങ്ങളും പാഴ്‌വേലയാകും. തന്റെ ക്യാമ്പസിനുള്ളിൽതന്നെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സഹവിദ്യാർഥിയായ ഡോക്ടർക്ക്‌ നീതി ലഭിക്കാനായി അവസാനശ്വാസംവരെ പോരാടുമെന്ന്‌ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ദേബാഞ്ജൻ ഡേ പറഞ്ഞു. ഒരു വനിത മുഖ്യമന്ത്രിയായിരുന്നിട്ടും സ്‌ത്രീകൾക്ക്‌ സുരക്ഷയില്ലെന്ന്‌ പറഞ്ഞ്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കനിനികഘോഷ്‌ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി മമത ബാനർജിയെയും വിമർശിച്ചു.

ഈ സംഭവത്തിൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കും പൊലീസിനും കുറ്റവാളികൾക്കും ശിക്ഷ ലഭിക്കുംവരെ സമരം തുടരാൻ തന്നെയാണ്‌ സമരത്തിൽ പങ്കെടുക്കുന്നവരുടെ ഉറച്ച തീരുമാനം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 − 3 =

Most Popular