Friday, October 18, 2024

ad

Homeചിത്രകലനിശബ്ദതയുടെ നിറച്ചാർത്തുകൾ

നിശബ്ദതയുടെ നിറച്ചാർത്തുകൾ

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

നുഭവങ്ങളുടെ കനപ്പെട്ട സ്വാധീനം ഒരിക്കലെങ്കിലും ജീവിതത്തിലേൽക്കാത്തവരല്ല നമ്മളാരും. അത്തരമൊരു തീക്ഷ്‌ണാനുഭവത്തിൽ നിന്നാണ്‌ കലാജീവിതം ആരംഭിക്കുന്നതെന്ന്‌ വിഖ്യാത ചിത്രകാരർ പറഞ്ഞിട്ടുണ്ട്‌. അങ്ങനെ സൃഷ്ടിക്കപ്പെടുന്ന കലാനിർമിതികളെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്‌. കലയുടെ ആന്തിരകശക്തിയെയോ ആനന്ദാനുഭവത്തെയോ കുറിച്ച്‌ ആത്മസമർപ്പണമാകുന്ന രചനകളിലൂടെയാണ്‌ അവർ ലോക (ചിത്ര‐ശിൽപ)കലയുടെ ഭാഗമായി നിലനിൽക്കുന്നത്‌. കലയിലൂടെ അടിസ്ഥാന ജീവിതത്തിലും സാമൂഹ്യ സാംസ്‌കാരിക മേഖലയിലും ഇടപെട്ടുകൊണ്ടാണ്‌ അത്തരം കലാസൃഷ്ടികൾ സമൂഹത്തിലേക്കെത്തിയിട്ടുള്ളത്‌. സമൂഹത്തിൽനിന്നാണ്‌ ചിത്ര‐ശിൽപകലയിലേക്ക്‌, കലാപഠനത്തിലേർപ്പെടുന്നവർക്കിടയിലേക്ക്‌ കലയെ അതിന്റെ സത്ത ഉൾക്കൊണ്ട്‌ എങ്ങനെ പരിപോഷിപ്പിച്ച്‌ കലാജീവിതം മുന്നോട്ടു കൊണ്ടുപോകണമെന്ന ധാരണയുണ്ടാകുന്നത്‌. അത്തരം കലാനുഭവങ്ങളിലൂടെയാണ്‌ നമ്മുടെ കലാവിദ്യാർഥികളുടെ കലാവഴികൾ വികസിതമാകുന്നതും. കലയുടെ ചരിത്രവും അതിന്റെ സാമൂഹ്യമണ്ഡലവും കലാസങ്കേതങ്ങളുമൊക്കെ ഇഴചേർക്കുന്ന സമകാലീന പരിസരങ്ങളിൽ നമ്മുടെ കലാവിദ്യാർഥികൾ സജീവമായി നിൽക്കുന്ന കാഴ്‌ചയും നമുക്കു മുന്നിലുണ്ട്‌. കലാവിദ്യാഭ്യാസവും പ്രവർത്തനങ്ങളും അടിസ്ഥാനപരമായി മുന്നോട്ടുവയ്‌ക്കുന്നത്‌ സാംസ്‌കാരികവും സാമൂഹികവുമായ മനുഷ്യജീവിതത്തെ അതിന്റെ ധൈഷണികമായ സാധ്യതകളിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌. ആശയപരമായ മുന്നേറ്റങ്ങളിലൂടെയാണ്‌ നമ്മുടെ നാട്ടിലെ കലാപഠനരംഗം വികാസം പ്രാപിച്ചിട്ടുള്ളത്‌. കലാപഠന സ്ഥാപനങ്ങളിലെ പഠനപ്രക്രിയയിൽ ഭൂഭാഗ/പ്രകൃതിപഠനങ്ങളും പ്രാദേശിക മനുഷ്യജീവിതവും സംസ്‌കാരവുമുൾപ്പെടുന്ന മുഹൂർത്തങ്ങളും മറ്റ്‌ വിഷയചിത്രങ്ങളും ദർശനപരമായി ആവിഷ്‌കരിക്കുകയാണ്‌ ചെയ്യുക. മരങ്ങളും പുഴയും മലയും ജീവജാലങ്ങളും മനുഷ്യരുമൊക്കെ ചേർന്ന ജീവന്റെ സൗന്ദര്യശാസ്‌ത്രമാകുന്ന ഒരു സഞ്ചാരവഴിപോലെ നവീനമായ ചിത്രമാതൃകകളാണ്‌ കലാവിദ്യാർഥികൾ നമുക്ക്‌ കാട്ടിത്തരുന്നത്‌. പരീക്ഷണങ്ങളും പഠനങ്ങളും അവർ നടത്തുന്ന കാഴ്‌ചയുടെ വിശാലമായ പരപ്പിലേക്ക്‌ വികസിക്കുന്ന രൂപമാതൃകകളാണ്‌ നമ്മുടെ മുന്പിൽ ക്രിയാത്മകമാവുന്നത്‌.

തിരുവനന്തപുരം നിഷിലെ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സ്‌പീച്ച്‌ ആന്റ്‌ ഹിയറിങ്ങ്‌) പെയിന്റിങ്ങ്‌ അപ്ലൈഡ്‌ ആർട്ട്‌ വിഭാഗത്തിലുള്ള വിദ്യാർഥികളുടെ പ്രദർശനമാണ്‌ ‘എക്കോയിങ് ഇലവൻ’ എന്ന പേരിൽ വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ ലളിതകലാ അക്കാദമി ഗ്യാലറിയിൽ സംഘടിപ്പിച്ചിട്ടുള്ളത്‌. പ്രദർശനത്തിലെ പെയിന്റിങ്‌ വിഭാഗം വിദ്യാർഥികളുടെ ചിത്രങ്ങളെല്ലാം മനുഷ്യരൂപങ്ങളുമായി ഇഴചേർന്നവയാണ്‌. രൂപനിർമിതിയിൽ വേറിട്ടതും സവിശേഷവുമായ സ്വഭാവം പ്രകടിപ്പിക്കുന്നവയാണിവ. രേഷ്‌മ രാജിന്റെ ചിത്രങ്ങൾ പ്രകൃതിയുടെ താളലയങ്ങളുമായി ചേർന്നുനിൽക്കുന്നവയാണ്‌. മനുഷ്യരൂപങ്ങളെ യഥാതഥമായ കാഴ്‌ചാനുഭവത്തിനപ്പുറം പുതിയൊരു കാഴ്‌ചയ്‌ക്ക്‌ പ്രേരിപ്പിക്കുന്ന നിറക്കടുപ്പമുള്ള രചനകളാണ്‌ ശ്രീലാൽ ടി ബിയുടേത്‌. തിൽജിയ മനോജ്‌ തയ്യാറാക്കിയ ചിത്രങ്ങൾ ഇരുണ്ട കാലത്തെ അടയാളപ്പെടുത്തുന്നതോടൊപ്പം വെളിച്ചത്തിന്റെ സാധ്യതകളെയും കാട്ടിത്തരുന്നു. യഥാതഥമായ രൂപബോധത്തിന്‌ പ്രാധാന്യം നൽകുന്നവയാണ്‌ ഈ ചിത്രങ്ങൾ. ബാല്യത്തിന്റെ നിഷ്‌കളങ്കമായ ഭാവമായിട്ടാണ്‌ അജിത്‌ മേനോന്റെ ചിത്രങ്ങൾ ആസ്വാദകരുമായി സംവദിക്കുന്നത്‌. ഒരു ചിത്രം സൃഷ്ടിക്കുക എന്നതും ആസ്വാദനതലത്തിലേക്ക്‌ അതിന്റെ സൗന്ദര്യാത്മക പശ്ചാത്തലമുൾപ്പെടെ എത്തപ്പെടുക എന്നതും പ്രധാനമാണെന്ന ബോധ്യത്തോടെയാണ്‌ ഇവർ ഈ പ്രദർശനത്തെ സമീപിച്ചിരിക്കുന്നത്‌. കല ജീവിതചര്യയുമായി ബന്ധപ്പെട്ടിരിക്കുന്നതിന്റെ സൂചകങ്ങൾ ഈ പെയിന്റിങ്ങുകളിൽ തെളിയുന്നു. അതൊരു മനുഷ്യസംസ്‌കാരത്തെയാണ്‌ പ്രതിനിധീകരിക്കുന്നതെന്ന്‌ തിരിച്ചറിയാനാവും. ഇവിടെ യാഥാർഥ്യത്തോടൊപ്പം സാങ്കൽപികമായ ജീവതലത്തിൽ വ്യാപൃതരാവുന്ന മനുഷ്യർ ബോധപൂർവമോ അബോധപൂർവമോ ആയ പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നു. ചില ചിത്രങ്ങളിൽ ഭാവിയിലേക്ക്‌ മിഴിതുറക്കുന്ന ദൃശ്യതലങ്ങളാണ്‌ വരച്ചിട്ടിരിക്കുന്നത്‌.

അമ്മു, ലിഷ, ഷാജി, റിത്‌വാൻ, സ്റ്റെബിൻ ജോയ്‌, സാലിഹ, സ്റ്റീവ്‌, സിമേതി, പ്രവീണ എന്നിവരുടെ അപ്ലൈഡ്‌ ആർട്ട്‌ വിഭാഗത്തിലുള്ള ചിത്രങ്ങളാണ്‌ ഡിഗ്രി ഷോയിലെ മറ്റൊരിനമായ പരസ്യ രൂപകൽപനകൾ. പരസ്യവസ്‌തുക്കളുടെ വിപണനവുമായി ബന്ധപ്പെട്ട്‌ കലാകാരന്റെ സർഗാത്മകതയിൽ പിറവികൊണ്ട്‌ സ്ഥലകാലങ്ങൾക്കതീതമായ രൂപസവിശേഷതകളാലാണ്‌ അവ വേറിട്ടുനിൽക്കുന്നത്‌. ഈ ഡിജിറ്റൽ സാങ്കേതികമികവിന്റെ കാലത്ത്‌ ഓരോ രചനയ്‌ക്ക്‌ പിന്നിലെ അധ്വാനവും സൃഷ്ടിയുടെ ഉദ്ദേശ്യവും സാധാരണക്കാരുടെ ഇടയിലേക്ക്‌ എത്തുമ്പോഴാണ്‌ അതിന്‌ പൂർണത ലഭിക്കുക. സാംസ്‌കാരിക കലാമേഖലയിലെ സ്വീകാര്യത, ആശയവിനിമയത്തിലുള്ള മികവ്‌, ആസ്വാദകരുമായ ഇഴചേരൽ ഇവയൊക്കെ വ്യാവസായിക കലയുടെ വിനിമയമൂല്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്‌. ഈ പ്രദർശന ചിത്രങ്ങളും ഈ വഴിക്ക്‌ സഞ്ചരിക്കുന്നവയാണ്‌. അവരുടെ നവീനമായ സമീപനങ്ങൾ സലകാലിക കലാപ്രവണതകളെക്കുറിച്ചുള്ള സൂക്ഷ്‌മമായ ധാരണയും മുന്നോട്ടുള്ള കാഴ്‌ചപ്പാടും പ്രകടമാക്കുന്നു. വ്യക്തിഗതമായ ആശയങ്ങളും ആശങ്കകളും ഒരു കൂട്ടായ്‌മയായി ഒത്തുചേരുന്നതാണ്‌ ‘എക്കോയിങ്‌ ഇലവൻ’ എന്ന പ്രദർശനം. കാലത്തിന്റെ യാത്രാവഴിയിൽ നഷ്ടമാകുന്ന പ്രകൃതിയുടെയും സംസ്‌കാരത്തിന്റെയും ഘടകങ്ങളെ തിരിച്ചുപിടിക്കുകയും നവീകരിക്കുകയും ചെയ്യുകയാണിവിടെ. ആസ്വാദകർക്ക്‌ ചുറ്റുമുള്ള ലോകത്തെ അതിന്റെ തനിമയോടെ കണ്ടെത്തുവാനും കലയുടെ ആഴവും വൈവിധ്യവും തിരിച്ചറിയുവാനും എക്കോയിങ്‌ ഇലവൻ സഹായകമാവുമെന്നതിൽ തർക്കമില്ല. അതിന്‌ ഊർജം പകരുന്നതിൽ അധ്യാപകരായ രാകേഷ്‌ പി എസ്‌, ഷിജു ആർ വി, സരൂപ്‌ എം വി, അനു ജെ രാജൻ എന്നിവരും ഒപ്പമുണ്ട്‌. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 + 7 =

Most Popular